Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 05

3188

1442 ജമാദുല്‍ ആഖിര്‍ 23

വെളിച്ചവും ഇരുട്ടുകളും

വി.എസ് സലീം

ഇതര ജീവഗണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മനുഷ്യന്‍ ഏറെ സിദ്ധികളും ശേഷികളുമുള്ള ഒരു സൃഷ്ടിയാണെങ്കിലും അവന് അതിലേറെ പരിമിതികളുമുണ്ട്. പ്രകൃതിപരമായ കഴിവുകളുടെ കാര്യത്തില്‍ അവന്‍ പലപ്പോഴും പക്ഷിമൃഗാദികളുടെ ഏഴയലത്തുപോലുമെത്തില്ല എന്നതാണ് സത്യം.
ആറിഞ്ച് മാത്രം ഉയരമുള്ള ഒരു പൂച്ച അതിന്റെ എത്രയോ ഇരട്ടി ഉയരമുള്ള ഒരു മതിലിന്റെ മുകളില്‍, നിന്നിടത്തുനിന്ന് ഒറ്റക്കുതിപ്പില്‍ ചാടിക്കയറുന്നത് കണ്ടിട്ടില്ലേ? എത്ര പരിശീലിച്ചാലും മനുഷ്യരിലെ ഒരു കായികാഭ്യാസിക്ക് അതു സാധിക്കുമോ? ഒരാട്ടിന്‍കുട്ടിയെപ്പോലെ, പെറ്റുവീണ് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തട്ടിപ്പിടഞ്ഞെഴുന്നേറ്റോടാന്‍ ഒരു മനുഷ്യശിശുവിന് കഴിയുമോ?
ആയിരക്കണക്കിന് മൈലുകള്‍ താണ്ടിയ ശേഷം, ദിശയും ഗതിയും തെറ്റാതെ മാതൃദേശത്തേക്ക് തിരിച്ചു പറക്കുന്ന ഒരു ദേശാടനപ്പക്ഷിയുടെ സിദ്ധി ഏതെങ്കിലും മനുഷ്യനുണ്ടോ? കുളത്തിന്റെ വക്കിലുള്ള മരക്കൊമ്പിലിരുന്ന്, വെള്ളത്തിനടിയില്‍ ആഴത്തില്‍ നീന്തുന്ന ഒരു മത്സ്യത്തെ ലക്ഷ്യം വെച്ച്, ചാട്ടുളി പോലെ പറന്നൂളിയിട്ട്, കൊക്കിനുള്ളില്‍ മീനുമായി പൊന്തിവരുന്ന ഒരു നീലപ്പൊന്മാന്റെ കാഴ്ചശക്തി നമ്മില്‍ ആര്‍ക്കെങ്കിലുമുണ്ടോ?
ഇങ്ങനെ പ്രകൃതിയില്‍നിന്ന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ഏറെ കഴിവുകളുള്ള മനുഷ്യന് അത്ര തന്നെയോ, അതില്‍ കൂടുതലോ കഴിവുകേടുകളുമുണ്ടെന്നാണ് പറഞ്ഞതിന്റെ ചുരുക്കം.
ജ്ഞാനാര്‍ജനത്തിന് വെറും അഞ്ചിന്ദ്രിയങ്ങള്‍ മാത്രമേ മനുഷ്യന് നല്‍കപ്പെട്ടിട്ടുള്ളൂ. അവ തന്നെയും കഴിവുകളുടെ കാര്യത്തില്‍ പൂര്‍ണവുമല്ല. ഒരു പരിധിക്കപ്പുറത്തുള്ള വസ്തുക്കളെ തനതു രൂപത്തിലും വലുപ്പത്തിലും നമുക്ക് കാണാനാവില്ല. പതിനായിരം അടി ഉയരത്തില്‍ പറക്കുന്ന ഒരു ജംബോ ജെറ്റ് വിമാനം നമ്മുടെ കണ്ണുകള്‍ക്ക് ഒരു പരുന്തിനോളം മാത്രം വലിപ്പമേയുള്ളൂ. അതിനെ പൂര്‍ണരൂപത്തില്‍ കാണണമെങ്കില്‍ വിമാനത്താവളത്തില്‍ ചെന്ന് നോക്കേണ്ടി വരും. എന്നാല്‍ വളരെ അടുത്ത് ചെന്നാലോ? അതിന്റെ ഏതെങ്കിലും ഭാഗം മാത്രമേ കാണാന്‍ കഴിയൂ. ഇനി അതിന്റെ അകത്തു കയറിയാലോ, വിമാനത്തെ മുഴുവനായി കാണാനാവുമോ? അപ്പോള്‍, ആദ്യമേ തന്നെ വിമാനത്തില്‍ ജനിച്ചു വളര്‍ന്ന്, അതില്‍ തന്നെ ജീവിക്കുന്ന ഒരു കുട്ടിയോടാണ് നാം വിമാനത്തെക്കുറിച്ച് പറയുന്നതെങ്കിലോ?
നാം ജീവിക്കുന്ന ഈ ഭൂമിയേക്കാളും ലക്ഷക്കണക്കിനു മടങ്ങ് വലുപ്പമുള്ള ഒരു നക്ഷത്രം നമുക്ക് വെറുമൊരു മണ്‍ചിരാതു പോലെയാണ്.  വേണ്ട, നമുക്ക് ചുറ്റും ബാക്ടീരിയ പോലുള്ള എത്രയോ സൂക്ഷ്മജീവികളില്ലേ? ഒരു മൈക്രോസ്‌കോപിന്റെ സഹായമില്ലാതെ നമുക്കവയെ കാണാനാവുമോ? നമ്മുടെ വീടായ ഈ ഭൂമിയെ മുഴുവനായും ഒന്ന് കാണാന്‍ എവിടം വരെ പോകേണ്ടി വരും? ഇത്രയും കഴിവുകേടുകളുള്ള മനുഷ്യനാണ് പ്രപഞ്ചാതീത പ്രതിഭാസമായ ദൈവത്തെ സ്വന്തം കണ്ണുകൊണ്ട് കാണണമെന്ന് ശഠിക്കുന്നത്!
ചുരുക്കത്തില്‍, ആനപ്പുറത്തിരിക്കുന്ന ഒരു ഉറുമ്പിനോട് ആനയെക്കുറിച്ച് പറഞ്ഞതു പോലെയാണ് മനുഷ്യന്റെ അവസ്ഥ. ഒരു പാപ്പാന്‍ ആ ഉറുമ്പിനോട് പറയുന്നു: വലിയ ഒരാനയുടെ പുറത്താണ് നീയിരുന്ന് സുഖമായി യാത്ര ചെയ്യുന്നത്!
ഉറുമ്പ് ചോദിക്കുന്നു: എവിടെ ആ ആന? ഞാനതിനെ കാണുന്നില്ലല്ലോ.
പാപ്പാന്‍ പറയുന്നു: നിനക്കതിനെ കാണാനാവില്ല.
ഉറുമ്പ്: അതെന്താ കാണാന്‍ കഴിയാത്തത്?
പാപ്പാന്‍: നീ ഇപ്പോഴിരിക്കുന്ന സ്ഥലത്തിന്റെ കുഴപ്പമാണത്. 
ഉറുമ്പിന് അത് വിശ്വാസമാകുന്നില്ല. താനിരിക്കുന്ന വാഹനത്തെ കാണാന്‍ അത് താഴോട്ട് നോക്കുന്നു.
അത് ആനയെ കാണുന്നില്ല. കാണുന്നത് വെറും ഇരുട്ട് മാത്രം!
ദൈവം പ്രകാശം പോലെയാണെന്ന് മുമ്പൊരു പംക്തിയില്‍ പറഞ്ഞുവല്ലോ. പ്രകാശത്തെ അല്‍പമൊന്ന് വിശദീകരിക്കാന്‍ ശ്രമിക്കാം.  വാസ്തവത്തില്‍ എന്താണ് പ്രകാശം? അതൊരു പദാര്‍ഥമല്ലെന്ന് നമുക്കറിയാം. പദാര്‍ഥമാണെങ്കില്‍ അതിനെ സ്പര്‍ശിക്കാം.
വെളിച്ചത്തെ സ്പര്‍ശിക്കാനാവുമോ? പദാര്‍ഥത്തിന് സ്ഥിതി ചെയ്യാന്‍ സ്ഥലം വേണം; വെളിച്ചത്തിന് അതു വേണ്ടല്ലോ. പദാര്‍ഥത്തെ നമുക്ക് കണ്ണുകൊണ്ട് കാണാം. വെളിച്ചത്തെ കാണാനുമാവില്ല!
വെളിച്ചത്തെ നാം കാണുന്നുണ്ടല്ലോ എന്ന് നിങ്ങള്‍ക്ക് സംശയം തോന്നാം. വാസ്തവത്തില്‍ വെളിച്ചത്തെയാണോ കാണുന്നത്? ഒരിക്കലുമല്ല. വെളിച്ചം നമ്മെ ചിലത് കാണിച്ചുതരികയാണ് ചെയ്യുന്നത്. വെളിച്ചം ഒരു പ്രതലത്തില്‍ പതിക്കുമ്പോള്‍ നമുക്കാ പ്രതലം ദൃശ്യമാകുന്നു.
ഒരു വസ്തുവിന്റെ പുറത്ത് തട്ടുമ്പോള്‍ നാം ആ വസ്തുവിനെ കാണുന്നു; വെളിച്ചം പോയാല്‍ അതിനെ കാണാതാവുന്നു; വെളിച്ചം കുറഞ്ഞാല്‍ അത് അവ്യക്തമാകുന്നു. ഇതൊക്കെയല്ലേ സംഭവിക്കുന്നത്?
അതുപോലെ, വെളിച്ചത്തിന്റെ തീക്ഷ്ണതയും പ്രഭാവവും നമ്മുടെ കാഴ്ചയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. നൂറ് വാട്ടുള്ള ഒരു ബള്‍ബ് പ്രകാശിക്കുമ്പോള്‍ അതിലേക്ക് നോക്കും പോലെ, ആയിരമോ പതിനായിരമോ വാട്ടുള്ള ഒന്നിനെ നോക്കാനാവുമോ? അള്‍ട്രാ വയലറ്റ് പോലുള്ള ചിലയിനം രശ്മികള്‍ കണ്ണില്‍ പതിച്ചാല്‍ കാഴ്ച തന്നെ നഷ്ടപ്പെട്ടുപോവുമെന്ന് കേട്ടിട്ടില്ലേ? ഗ്രഹണസൂര്യനെ നഗ്നദൃഷ്ടി കൊണ്ട് നോക്കരുതെന്ന് പറയുന്നത് അതുകൊണ്ടാണ്.
ചുരുക്കിപ്പറഞ്ഞാല്‍, വെളിച്ചമെന്നത് പലതരം മാനങ്ങളുള്ള ഒരത്ഭുത പ്രതിഭാസമാണ്. അതുകൊണ്ടാവാം ഖുര്‍ആന്‍ ദൈവികസത്തയെ വിശേഷിപ്പിക്കാന്‍ ഈ പ്രതീകത്തെത്തന്നെ തെരഞ്ഞെടുത്തത്. 'വെളിച്ച'മെന്ന ഒരധ്യായം തന്നെ ഖുര്‍ആനില്‍ ഉള്‍പ്പെടുത്തിയതിന്റെ കാരണവും മറ്റൊന്നാകാനിടയില്ല.
വെളിച്ചത്തിന്റെ മറ്റൊരു ഘടകം അതുള്‍ക്കൊള്ളുന്ന താപമാണ്. ജീവന്റെ നിലനില്‍പിന് ഏറെ അനിവാര്യമായ ഒരു ഘടകമാണത്. ഒരുപക്ഷേ, ജീവന്റെ ഒരു ലക്ഷണം തന്നെയാണ് താപമെന്നും പറയാം. താപം ശരീരത്തില്‍നിന്ന് നഷ്ടപ്പെടുന്നതോടെ ജീവന്‍ തന്നെ ഇല്ലാതാവും; അല്ലെങ്കില്‍, ജീവന്‍ പോകുന്നതോടെ താപവും നഷ്ടപ്പെടും. ഏതാണ് ആദ്യം പോവുക എന്ന കാര്യത്തില്‍ മാത്രമേ സംശയമുള്ളൂ.
വെളിച്ചത്തിന്റെ ഏറ്റവും വലിയ പ്രഭവകേന്ദ്രമായ സൂര്യന്‍ ഉദിച്ചുയരുമ്പോഴാണ് ഭൂമിയില്‍ ജീവന്റെ തുടിപ്പുകള്‍ ആരംഭിക്കുന്നതെങ്കിലും, ജീവനെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരവസ്ഥ കൂടി താപത്തിനുണ്ട്. അമിതമാവുമ്പോള്‍ ജീവനു തന്നെ അത് ഭീഷണിയായിത്തീരും.
ഇനി വെളിച്ചത്തിന്റെ വിരുദ്ധവശമായ ഇരുട്ടിന്റെ കാര്യമെടുക്കാം. വെളിച്ചം ഏകമാണെങ്കില്‍ ഇരുട്ടുകള്‍ അനേകമാണ്. അങ്ങനെയാണ് ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത്. വെളിച്ചം ദൈവികമായ ഏകത്വത്തെയും, ഇരുട്ടുകള്‍ പൈശാചികമായ ബഹുത്വത്തെയും പ്രതിനിധീകരിക്കുന്നതുകൊണ്ടാണത്. ദൈവം ഒന്നേയുള്ളൂ;  പിശാചുക്കള്‍ ഒട്ടേറെയുണ്ട്.
 

Comments

Other Post

ഹദീസ്‌

ബിദ്അത്ത് സുന്നത്തിന്റെ നിഷേധമാണ്
നൗഷാദ് ചേനപ്പാടി

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (29-36)
ടി.കെ ഉബൈദ്‌