പ്രകോപനങ്ങളെ വിവേകം കൊണ്ട് അതിജയിക്കണം
ജീവിക്കുന്ന സമൂഹത്തിന്റെ പൊതുബോധത്തെയും അവരെ ഭരിക്കുന്ന ചിന്താധാരയെയും അപഗ്രഥിച്ചും പഠിച്ചുമാണ് പ്രബോധകന്‍ ശൈലിയും രീതിയും രൂപപ്പെടുത്തേണ്ടത്. ജനമനസ്സുകളെ തന്നില്‍നിന്ന് അകറ്റിയേക്കാവുന്ന വിഷയങ്ങള്‍ എടുത്തിട്ടും വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചും ഒരു പ്രബോധകന് തന്റെ ദൗത്യനിര്‍വഹണവുമായി മുന്നോട്ടുപോകാനോ വിജയിക്കാനോ സാധ്യമല്ല. യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും വാദകോലാഹലങ്ങളാല്‍ അന്തരീക്ഷം കലുഷമാക്കാനും വികാരങ്ങള്‍ വ്രണപ്പെടുത്തിയേക്കാവുന്ന വിഷയങ്ങള്‍ എടുത്തിട്ട് പ്രകോപനം സൃഷ്ടിക്കാനും പ്രതിയോഗികള്‍ ശ്രമിച്ചുകൊണ്ടിരിക്കും. ആ 'കെണി'കള്‍ തിരിച്ചറിഞ്ഞ് നയജ്ഞതയോടെയുള്ള സമീപനം സ്വീകരിക്കാനും ചതിക്കുഴിയില്‍ വീഴാതിരിക്കാനുമുള്ള മെയ്‌വഴക്കമാണ് വേണ്ടത്. ആ മെയ്‌വഴക്കം 'ഹിക്മത്ത്' ആണ്. യുക്തിഭദ്രമായ സത്യസമര്‍പ്പണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വന്ന ഫിര്‍ഔന്‍ പിന്നെ മൂസാ(അ)യെ ചോദ്യശരങ്ങള്‍ എയ്ത് വീഴ്ത്തി ജനത്തെ അദ്ദേഹത്തിനെതിരില്‍ ഇളക്കിവിടാനുള്ള തന്ത്രം പയറ്റിയത് ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്: ''ഫറവോന്‍ പറഞ്ഞു: 'അപ്പോള്‍ നിങ്ങള്‍ രണ്ട് പേരുടെയും റബ്ബ് ആരാണ്, അല്ലയോ മൂസാ?' മൂസാ മറുപടി കൊടുത്തു: 'സകല വസ്തുക്കള്‍ക്കും അതിന്റേതായ സൃഷ്ടി (പ്രകൃതി) കൊടുക്കുകയും പിന്നെയതിന് വഴികാണിക്കുകയും ചെയ്തവനാരോ അവനാകുന്നു ഞങ്ങളുടെ റബ്ബ്.' ഫറവോന്‍ ചോദിച്ചു: 'അപ്പോള്‍ കഴിഞ്ഞുപോയ തലമുറകളുടെ അവസ്ഥയെന്താണ്?' മൂസാ പറഞ്ഞു: അവരുടെ വിവരങ്ങള്‍ എന്റെ റബ്ബിങ്കല്‍ ഒരു ഗ്രന്ഥത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. എന്റെ നാഥന്‍ പിഴക്കുകയില്ല, മറക്കുകയുമില്ല'' (ത്വാഹാ 49-52). 'ദൈവം ഒരേയൊരുവനേയുള്ളൂ എന്നതാണ് വസ്തുതയെങ്കില്‍ നൂറ്റാണ്ടുകളായി അനേകം ദൈവങ്ങളെ ആരാധിച്ചുപോന്ന നമ്മുടെ പൂര്‍വ തലമുറകളുണ്ടല്ലോ. നിങ്ങളുടെ വീക്ഷണത്തില്‍ അവരുടെ അവസ്ഥയെന്താണ്? അവരെല്ലാം ശിക്ഷാര്‍ഹരാണോ? അവര്‍ മുഴുവന്‍ ബുദ്ധിശൂന്യരായിരുന്നുവോ?' ശ്രോതാക്കളുടെയും അവര്‍ മുഖേന മുഴുവന്‍ ജനതയുടെയും ഹൃദയങ്ങളില്‍ പക്ഷപാതിത്വത്തിന്റെ അഗ്നി ജ്വലിപ്പിക്കുകയായിരുന്നു ഫറവോന്‍ ഈ ചോദ്യത്തിലൂടെ ഉദ്ദേശിച്ചത്. മൂസായുടെ മറുപടി അതിന്റെ വിഷപ്പല്ലുകളെല്ലാം പൊഴിച്ചുകളഞ്ഞു. അദ്ദേഹം പറഞ്ഞത് ഇതായിരുന്നു: ''ആ ജനങ്ങള്‍ തങ്ങളുടെ കര്‍മങ്ങളുമായി തങ്ങളുടെ റബ്ബിന്റെ സമക്ഷത്തിലേക്ക് പോയിക്കഴിഞ്ഞു. അവരുടെ ഓരോ ചലനങ്ങളും അവയുടെ പ്രേരകങ്ങളും ദൈവത്തിനറിവുണ്ട്. അവരോട് അവന്‍ സ്വീകരിക്കുന്ന സമീപനം എന്തായിരിക്കും എന്ന് അവന് മാത്രമേ അറിയാവൂ.''
സത്യത്തിന്റെ ശത്രുക്കള്‍ എല്ലാ കാലത്തും പയറ്റിപ്പോന്ന തന്ത്രമാണിത്. തങ്ങള്‍ക്ക് നില്‍ക്കക്കള്ളിയില്ലാതാകുമ്പോള്‍ ജനത്തെ പ്രബോധകനെതിരില്‍ തിരിച്ചുവിടാനുള്ള ഹീന ശ്രമമായിരിക്കും അവര്‍ പുറത്തെടുക്കുക. മതരംഗത്തും രാഷ്ട്രീയ രംഗത്തും സര്‍വസാധാരണമാണ് ഈ കുതന്ത്രം. തന്റെ മുന്‍ഗണനാക്രമങ്ങള്‍ അട്ടിമറിക്കുന്നതോ അജണ്ടകള്‍ മാറ്റിനിശ്ചയിക്കുന്നതോ ആയ പ്രശ്‌നങ്ങളില്‍ ചെന്നു ചാടാതിരിക്കാനുള്ള വിവേകം പ്രബോധകന് വേണം. ഇതിന് മികച്ച ഉദാഹരണമാണ് കഅ്ബയുടെ വാതില്‍ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ നബി (സ) സ്വീകരിച്ച നയവും നിലപാടും. പ്രബോധന രീതിശാസ്ത്രത്തിന്റെ നിരവധി പാഠങ്ങള്‍ നല്‍കുന്ന സംഭവം വിശദമായി അറിയേണ്ടതുണ്ട്. ഫിഖ്ഹി പാഠങ്ങളും നയ-നിലപാട് രൂപവത്കരണ മാനദണ്ഡങ്ങളും പ്രബോധനത്തിന്റെ രീതിശാസ്ത്രവും ഗവേഷണം ചെയ്‌തെടുക്കാവുന്ന പ്രസ്തുത സംഭവത്തെക്കുറിച്ച് പ്രാമാണിക ഗ്രന്ഥങ്ങളില്‍ സവിസ്തര ചര്‍ച്ചകള്‍ കാണാം. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച സംഭവം ഇങ്ങനെ: 'കഅ്ബയുടെ പുറം ചുമരുകള്‍ പരിശുദ്ധ ഗേഹത്തില്‍ പെട്ടതാണോ റസൂലേ?' ആഇശ (റ) നബി(സ)യോട് ചോദിച്ചു. നബി(സ)യുടെ മറുപടി: 'അതേ.' ഞാന്‍ ചോദ്യം തുടര്‍ന്നു: 'അവരാരും അത് കഅ്ബാ ഗേഹത്തില്‍ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടാണ്?' നബി (സ): 'നിന്റെ ജനത്തിന് ചെലവഴിക്കാന്‍ പണമില്ലാത്തതു കൊണ്ടാവാം.' ഞാന്‍ ചോദിച്ചു: 'എന്തുകൊണ്ടാണ് കഅ്ബയുടെ കവാടം ഉയരത്തില്‍ ഇങ്ങനെ?' നബി (സ): 'അത് നിന്റെ ജനത ഒപ്പിച്ച പണി. അവര്‍ക്ക് ഇഷ്ടമുള്ളവരെ പ്രവേശിപ്പിക്കാനും ഇഷ്ടമില്ലാത്തവര്‍ക്ക് പ്രവേശനം നിഷേധിക്കാനും കഴിയുമല്ലോ. നിന്റെ ജനം ജാഹിലിയ്യത്ത് ഉപേക്ഷിച്ച് ഇസ്‌ലാമിലേക്ക് കടന്നുവന്നിട്ട് അധിക നാളുകള്‍ ആയിട്ടില്ലാത്തതിനാല്‍ അവര്‍ക്ക് മനോവിഷമം ഉണ്ടാകുമെന്ന ഭയം എനിക്കില്ലായിരുന്നുവെങ്കില്‍ പുറം ചുമരുകള്‍ വിശുദ്ധ കഅ്ബയില്‍ ഉള്‍പ്പെടുത്താനും അതിന്റെ വാതിലുകള്‍ ഭൂമിയുടെ നിരപ്പിലേക്ക് താഴ്ത്തി പുനര്‍ നിര്‍മിക്കാനും ഞാന്‍ മുന്നിട്ടിറങ്ങുമായിരുന്നു' (ബുഖാരി, മുസ്‌ലിം).
യസീദുബ്‌നു മുആവിയയുടെ ഭരണകാലത്ത് കഅ്ബ അഗ്നിക്കിരയായപ്പോള്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍ ജനങ്ങളെ വിളിച്ചുകൂട്ടി പുനര്‍ നിര്‍മാണത്തെക്കുറിച്ച് ആലോചിച്ചു. ''ജനങ്ങളേ, പറയൂ, എന്തു വേണം? കഅ്ബ പൊളിച്ചു പുനര്‍നിര്‍മിക്കുകയാണോ വേണ്ടത്? കേടായത് നന്നാക്കുകയോ?'' ഇബ്‌നു അബ്ബാസ്: ''കേട് വന്നത് നന്നാക്കിയാല്‍ മതിയെന്നാണ് എന്റെ അഭിപ്രായം. കഅ്ബയെ ജനങ്ങള്‍ കണ്ട് പഴകിയും പരിചയിച്ചും ശീലിച്ച രീതിയിലും നബി(സ)യുടെ പ്രവാചകത്വ നിയോഗ സ്മരണകള്‍ ഉറങ്ങുന്ന ഇടമായി കരുതിയും അങ്ങനെത്തന്നെ നിലനിര്‍ത്തി കേടു വന്നത് നന്നാക്കാം.'' അബ്ദുല്ലാഹിബ്‌നു സുബൈര്‍: ''നിങ്ങളുടെ വീട് അഗ്നിക്കിരയായാല്‍ നിങ്ങള്‍ അത് പുതുക്കി പണിയില്ലേ? പിന്നെയെന്താണ് അല്ലാഹുവിന്റെ ഭവനത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായം? മൂന്ന് നാള്‍ ഞാന്‍ ഇസ്തിഖാറത്ത് നടത്തും. എന്നിട്ട് ഒരു തീരുമാനത്തിലെത്തും.'' മൂന്ന് ദിവസം കഴിഞ്ഞ് അവരെല്ലാം ഏകകണ്ഠമായി തീരുമാനിച്ചത് കഅ്ബ പൊളിച്ച് പുതുക്കി പണിയാനാണ്. ഇബ്‌നു സുബൈര്‍ തുടര്‍ന്നു പറഞ്ഞു: ''നബി(സ)യെ ഉദ്ധരിച്ച് ആഇശ (റ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ജനങ്ങള്‍ കുഫ്ര്‍ കൈയൊഴിച്ച് ഇസ്‌ലാമിലേക്ക് വന്നിട്ട് അധിക കാലമായിട്ടില്ല. കൂടാതെ കഅ്ബ പണിയാനുള്ള സാമ്പത്തിക ശേഷിയും എനിക്കില്ല. ഈ സാഹചര്യങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഹിജ്‌റ് ഇസ്മാഈലില്‍നിന്ന് അഞ്ച് മുഴം കഅ്ബയുടെ ഉള്‍ഭാഗത്തേക്ക് ചേര്‍ക്കുകയും ജനങ്ങള്‍ക്ക് പ്രവേശിക്കാന്‍ ഒരു വാതിലും പുറത്ത് കടക്കാന്‍ മറ്റൊരു വാതിലും പണിയുകയും ചെയ്‌തേനെ.''
ഇബ്‌നു സുബൈര്‍ വധിക്കപ്പെട്ടപ്പോള്‍ ഹജ്ജാജുബ്‌നു യൂസുഫ് അബ്ദുല്‍ മലികുബ്‌നു മര്‍വാന് എഴുതി: ''ഇബ്‌നു സുബൈര്‍ മക്കയിലെ കാര്യബോധവും നീതിനിഷ്ഠയുമുള്ള മാന്യ വ്യക്തികളുടെ അഭിപ്രായം പരിഗണിച്ചാണ് കഅ്ബയുടെ നിര്‍മാണമാരംഭിച്ചത്.'' അബ്ദുല്‍ മലികിന്റെ മറുപടി: ''ഇബ്‌നു സുബൈറിന്റെ കീര്‍ത്തിധാവള്യത്തിന് മങ്ങലേല്‍പിക്കാന്‍ നമുക്കാഗ്രഹമില്ല. അദ്ദേഹം നീട്ടിയെടുത്തത് അങ്ങനെത്തന്നെ നില്‍ക്കട്ടെ. ഹിജ്‌റില്‍നിന്ന് അധികമെടുത്തത് പൂര്‍വ സ്ഥിതിയില്‍ ആക്കിയേക്കുക. അദ്ദേഹം തുറന്ന വാതില്‍ അടക്കുക. അങ്ങനെ പൊളിച്ച് പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കി'' (മുസ്‌ലിം).
റസൂലിന്റെ പിന്മാറ്റം പറയുന്നത്
കഅ്ബയുടെ പുനര്‍നിര്‍മാണം ഇബ്‌റാഹീം നബി (അ) ഇട്ട അസ്തിവാരത്തില്‍ തന്നെ വേണമെന്ന് നബി(സ)ക്ക് തികഞ്ഞ ബോധ്യമുണ്ടായിട്ടും, മക്കയിലെ ജനവികാരം വ്രണപ്പെടാതിരിക്കാനാണ് നബി (സ) അതിന് മുതിരാതിരുന്നത്. കഅ്ബക്ക് മക്കക്കാരുടെ മനസ്സിലുള്ള മഹനീയ സ്ഥാനം കണ്ടറിഞ്ഞ റസൂല്‍, കഅ്ബ പൊളിച്ചു പണിയുന്നത് ഇസ്‌ലാമിനോട് അവരുടെ ഹൃദയത്തില്‍ വെറുപ്പും അനാഭിമുഖ്യവും വളര്‍ത്താനേ ഉതകൂ എന്ന് മനസ്സിലാക്കി ആ സംരംഭം വേണ്ടെന്നു വെക്കുകയായിരുന്നു. തന്റെ നീക്കം ഉണ്ടാക്കിയേക്കാവുന്ന ദുഷ്പരിണതിയും അത് സമൂഹമനസ്സില്‍ സൃഷ്ടിക്കുന്ന വിപരീത വിചാരങ്ങളും ദീര്‍ഘദൃഷ്ടിയോടെ നബി (സ) വിലയിരുത്തി. തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേട്ടങ്ങളേക്കാള്‍ ഏറെ നഷ്ടങ്ങളാണ് അതുണ്ടാക്കുകയെന്ന് കണ്ടറിഞ്ഞ റസൂല്‍ ബോധപൂര്‍വം പിന്മാറുകയായിരുന്നു. ന്യായമെന്ന് തികഞ്ഞ ബോധ്യമുണ്ടായിട്ടും അങ്ങനെയൊരു നീക്കം വേണ്ടെന്നു വെച്ചത് നബി(സ)യെ ഒരിക്കലും പിന്നീട് അലോസരപ്പെടുത്തിയതുമില്ല.
'ശറഹുല്‍ മുവത്വ'യില്‍ ബാജി രേഖപ്പെടുത്തുന്നു: ''ജാഹിലിയ്യത്തില്‍നിന്ന് വിട്ട് വന്നിട്ടു അധിക കാലമായിട്ടില്ലാത്തതിനാല്‍, 'കഅ്ബ'ക്ക് പരിക്കേല്‍ക്കുന്നത് അവരുടെ മനസ്സിന് ഉള്‍ക്കൊള്ളാന്‍ പറ്റിയേക്കില്ല. അനുചിതമായ ദുഷ്ചിന്തകള്‍ അവരുടെ മനസ്സില്‍ ഇട്ടു കൊടുത്ത് ദീനിനെ കുറിച്ച് ദുര്‍ബോധനവും 'വസ്‌വാസു'മുണ്ടാക്കാന്‍ അത് പിശാചിന് ഇടനല്‍കിയേക്കും. അവരുടെ മനസ്സിണക്കി ഇസ്‌ലാമിന്റെയും ദീനിന്റെയും പാതയില്‍ അവരെ അടിയുറപ്പിച്ചു നിര്‍ത്തുക എന്നതായിരുന്നു നബിയുടെ മുഖ്യ ലക്ഷ്യം. 'കഅ്ബ കെട്ടിട'ത്തില്‍ കൈവെക്കുന്നത് ദീനിനോട് അവരുടെ ഹൃദയത്തില്‍ വൈമുഖ്യം വളര്‍ത്തുമെന്ന് നബി(സ) ഭയപ്പെട്ടു'' ('അല്‍ മുന്‍തഖാ', ശറഹുല്‍ മുവത്വഅ്: 2/282).
നയവും നിലപാടും സ്വീകരിക്കുന്നത് ജനമനസ്സുകളെ അറിഞ്ഞുവേണം. ജനങ്ങളില്‍ ധാരണാപിശകും ആശയക്കുഴപ്പവും സൃഷ്ടിച്ചേക്കാവുന്ന രീതികള്‍ ഒഴിവാക്കണം. കഅ്ബ നിര്‍മാണവുമായി ബന്ധപ്പെട്ട നബിപത്‌നി ആഇശ(റ)യുടെ ഹദീസിന് ഇമാം ബുഖാരി നല്‍കിയ തലക്കെട്ട് ശ്രദ്ധേയമാണ്. 'അധ്യായത്തിന് നല്‍കുന്ന പേരിലാണ് ബുഖാരിയുടെ ഇജ്തിഹാദ്' (ഇജ്തിഹാദു ബുഖാരി ഫീ തബ്‌വീബിഹി വ ഇജ്തിഹാദു മുസ്‌ലിം ഫീ തര്‍തീബിഹി) എന്ന് പണ്ഡിതന്മാരുടെ ഒരു നിരീക്ഷണമുണ്ട്. 'ജനങ്ങള്‍ ഗ്രഹിക്കുന്നതില്‍ വീഴ്ച സംഭവിച്ചേക്കുമെന്നും അവര്‍ അതിനേക്കാള്‍ കടുത്ത തെറ്റുകളില്‍ അകപ്പെട്ടേക്കുമെന്നും ഉള്ള ഭയം മുന്‍നിര്‍ത്തി ചില തീരുമാനങ്ങള്‍ ഉപേക്ഷിക്കുന്നത് സംബന്ധിച്ച അധ്യായം' എന്നാണ് ബുഖാരിയുടെ ശീര്‍ഷകം (ബുഖാരി). ഇബ്‌നുല്‍ ജൗസി: ''ജനങ്ങളുടെ മാനസികാവസ്ഥയും കീഴ്‌വഴക്കങ്ങളും പരിഗണിക്കണമെന്ന സൂചനയാണ് ഇത് നല്‍കുന്നത്'' (കശ്ഫുല്‍ മുശ്കിലി മിന്‍ ഹദീസിസ്സ്വഹീഹൈനി 4/263).
റാഫിഈ: ''ഏറ്റവും ശ്രേഷ്ഠവും മികച്ചതുമെന്ന് കരുതുന്ന കാര്യം പോലും, ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും അവര്‍ അതിനേക്കാള്‍ വലിയ വിപത്തുകളില്‍ ചെന്നു പെട്ടേക്കുമെന്നും ആശങ്കയുണ്ടെങ്കില്‍ ഉപേക്ഷിക്കുകയാണ് കരണീയം'' (ശറഹു മുസ്‌നദുശ്ശാഫിഈ ലിര്‍റാഫിഈ 2/348).
കഅ്ബയുടെ പുനര്‍നിര്‍മിതിയുമായി ബന്ധപ്പെട്ട ആഇശ(റ)യില്‍നിന്ന് ഉദ്ധരിക്കുന്ന ഹദീസ് ഉസ്വൂലുല്‍ ഫിഖ്ഹിലെ സുപ്രധാനമായ പല സിദ്ധാന്തങ്ങള്‍ക്കും അടിസ്ഥാനമായി. ഒരു പ്രശ്‌നത്തിന് നിര്‍ദേശിക്കപ്പെടുന്ന പരിഹാരം വിലയിരുത്തുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡമെന്താണ്? 1. നേട്ടവും നഷ്ടവും ഗുണവും ദോഷവും നിര്‍ണയിക്കുമ്പോള്‍, അതു മൂലമുണ്ടാകുന്ന ഗുണത്തേക്കാള്‍ പരിഗണിക്കേണ്ടത് വരാവുന്ന ദോഷങ്ങള്‍ ഒഴിവാക്കുന്നതിനാവണം. 2. ഗുണവും ദോഷവും താരതമ്യം ചെയ്യേണ്ടി വരികയോ അവ വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുകയോ ചെയ്യുമ്പോള്‍ ഏറ്റവും ലഘുവും നിരുപദ്രവവുമായ പരിഹാരമാണ് തെരഞ്ഞെടുക്കേണ്ടത്. ഇവിടെ സ്വാഭാവികമായും ഉയരുന്ന ചോദ്യം: 'മസ്വ്‌ലഹത്തി'നേക്കാള്‍ മുന്‍ഗണന നല്‍കേണ്ട 'മഫ്‌സദത്തി'ന്റെ തോതും പരിമാണവും എന്താണ്? ഗുണങ്ങളില്‍ ഏറ്റവും പരിഗണാനര്‍ഹമോ ദോഷങ്ങളില്‍ ഏറ്റവും കുറഞ്ഞതോ തെരഞ്ഞെടുക്കേണ്ടിവരുമ്പോള്‍ ചിന്തയെ മഥിക്കുന്ന മറ്റൊരു വിഷയമുണ്ട്. കഅ്ബാ പുനര്‍നിര്‍മിതിയുമായി ബന്ധപ്പെട്ട ആഇശ(റ)യുടെ ഹദീസ് തന്നെ എടുക്കുക. പൊതുബോധം കണക്കിലെടുത്തും ജനമനസ്സില്‍ ഉണ്ടാക്കിയേക്കാവുന്ന നീരസവും അസന്തുഷ്ടിയും പരിഗണിച്ചുമാണല്ലോ നബി (സ) കഅ്ബ താന്‍ കാണുന്ന രീതിയില്‍ മാറ്റിപ്പണിയാന്‍ മുതിരാതിരുന്നത്. ഇതേ പ്രമാണം വെച്ച്, ജനങ്ങള്‍ക്ക് വെറുപ്പുണ്ടാകുമെന്ന് അനുമാനിച്ച് ശര്‍ഇല്‍ വാജിബായ കാര്യങ്ങള്‍ ഉപേക്ഷിക്കാന്‍ പറ്റുമോ? ഇസ്‌ലാമിക ശിക്ഷാവിധികള്‍ നടപ്പില്‍ വരുത്തുന്നതും ഹറാമായ കാര്യങ്ങള്‍ തടയുന്നതും ചിലര്‍ക്ക് വിമ്മിട്ടവും അസന്തുഷ്ടിയും ഉണ്ടാക്കിയേക്കുമെന്ന് ഭയന്നു നിര്‍ത്തിവെക്കാന്‍ പറ്റുമോ?
ജമനമനസ്സറിഞ്ഞ പെരുമാറ്റം
ഈ സിദ്ധാന്തം പ്രാവര്‍ത്തികമാക്കുമ്പോള്‍ സൂക്ഷ്മതയും അഗാധ പഠനവും ആവശ്യമാണ്. ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അല്ലല്ലോ ദൈവിക നിയമത്തിന്റെ ഗുണ-ദോഷ മാനദണ്ഡം. ഈ സിദ്ധാന്തത്തിന്റെ പ്രയോഗവത്കരണം ശരീഅത്തിന്റെ സമുന്നത ലക്ഷ്യത്തില്‍നിന്നും ചൈതന്യത്തില്‍നിന്നും വേര്‍പ്പെടുത്തിക്കാണാനാവില്ല. പ്രബോധകന്‍ പൊതുബോധവും ജനമനസ്സും അറിഞ്ഞ് പെരുമാറേണ്ടത്, ചുമരുണ്ടെങ്കിലേ ചിത്രം വരക്കാന്‍ കഴിയൂ എന്ന വിശ്വാസത്തോടും ധാരണയോടുമാവണം. ജനത്തിന് അസന്തുഷ്ടി ഉണ്ടെന്നറിഞ്ഞിട്ടും ജനങ്ങളുടെ ഭിന്നസ്വരം ഉയര്‍ന്നുപൊങ്ങിയിട്ടും ചില തീരുമാനങ്ങളുമായി നബി (സ) മുന്നോട്ടുപോയ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാനാവും.
* ഹുദൈബിയ സന്ധി: സന്ധിസംഭാഷണവേളയിലും ഒപ്പിടുന്ന സന്ദര്‍ഭത്തിലും സ്വഹാബിമാരില്‍ പരക്കെ ദൃശ്യമായ അസന്തുഷ്ടി സഹ്‌ലുബ്‌നു ഹനീഫ് ഓര്‍ക്കുന്നു: ''അന്ന് ഞങ്ങള്‍ ഒരു യുദ്ധത്തിന് ഒരുക്കമായിരുന്നു. ഉമര്‍ (റ) നബി(സ)യോട്: 'നാം സത്യത്തിലും അവര്‍ അസത്യത്തിലും അല്ലേ റസൂലേ? നമ്മുടെ കൂട്ടത്തില്‍ കൊല്ലപ്പെടുന്നവര്‍ സ്വര്‍ഗത്തിലും ശത്രുപക്ഷത്ത് കൊല്ലപ്പെടുന്നവര്‍ നരകത്തിലും അല്ലേ റസൂലേ?' നബി (സ): 'തീര്‍ച്ചയായും.' 'പിന്നെ എന്തിനാണ് ദീനിന്റെ കാര്യത്തില്‍ നാം ഇങ്ങനെ താഴ്ന്ന് കീഴടങ്ങി കൊടുക്കുന്നത്? നമ്മുടെ തീരുമാനം അല്ലാഹുവിന് വിട്ടാല്‍ പോരേ?' റസൂല്‍ പ്രതിവചിച്ചു: ഇബ്‌നുല്‍ ഖത്ത്വാബ്, അല്ലാഹുവിന്റെ ദൂതനാണ് ഞാന്‍. അല്ലാഹു ഒരിക്കലും എന്നെ കൈയൊഴിക്കില്ല'' (ബുഖാരി, മു്‌സ്‌ലിം).
* ഹുനൈനിലെ ഗനീമത്ത് മുതല്‍ വീതിക്കുന്ന വിഷയത്തില്‍ നബി(സ) സ്വീകരിച്ച നിലപാട് അന്‍സ്വാരികളെ ഒഴിവാക്കി, 'മുഅല്ലഫത്തുല്‍ ഖുലൂബ്' (ഹൃദയം ഇണക്കപ്പെടേണ്ട) വിഭാഗത്തിന് ഗനീമത്ത് മുതല്‍ നല്‍കിയത് അന്‍സ്വാരി സമൂഹത്തില്‍ മുറുമുറുപ്പിന് കാരണമായി. മുനാഫിഖുകള്‍ ആവോളം മുതലെടുപ്പ് നടത്തി (ബുഖാരി).
* ബനൂ നുളൈര്‍ യുദ്ധത്തില്‍ ജൂതരോട് ഈത്തപ്പനകള്‍ വെട്ടാനും കരിച്ചുകളയാനും നബി (സ) നല്‍കിയ കല്‍പന ജൂതസമൂഹത്തിന്റെ വെറുപ്പിനിടവരുത്തി. 'ചില ഈത്തപ്പനകള്‍ നിങ്ങള്‍ മുറിച്ചുകളഞ്ഞതും ചിലതിനെ അതീഖയുടെ വേരുകള്‍ നില്‍ക്കുന്ന വിധം ഉപേക്ഷിച്ചതും എല്ലാം അല്ലാഹുവിന്റെ അനുമതിയോടു കൂടിയായിരുന്നു' (അല്‍ ഹശ്ര്‍ 5). ബനുന്നളീറിന്റെ വാസസ്ഥലത്തിന്റെ അതിരുകളില്‍ ഉണ്ടായിരുന്ന ഈത്തപ്പനത്തോട്ടത്തിലെ ധാരാളം വൃക്ഷങ്ങള്‍ മുസ്‌ലിംകള്‍ അവര്‍ക്കെതിരില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ഭാഗമായി മുറിച്ചു നീക്കിയത് കപടവിശ്വാസികളെയും ജൂതന്മാരെയും പ്രകോപിതരാക്കിയിരുന്നു (ജാമിഉല്‍ ബയാന്‍ 23/271).
* കഅ്ബുബ്‌നുല്‍ അശ്‌റഫിനെ വധിക്കാന്‍ മുഹമ്മദുബ്‌നു മസ്‌ലമയോട് നബി (സ) ആജ്ഞാപിച്ച സംഭവം. അല്ലാഹുവിനും റസൂലിനും എതിരെ നിലയുറപ്പിച്ച കഅ്ബിനെതിരില്‍ കൈക്കൊണ്ട നടപടിയെച്ചൊല്ലി ചില വിമര്‍ശനങ്ങള്‍ ഉയരാതിരുന്നില്ല (ശറഹ് മുശ്കിലുല്‍ ആസാര്‍: ദലാഇലുന്നുബുവ്വ: ബൈഹഖി).
ഇസ്‌ലാമിക സ്റ്റേറ്റിന്റെ പൊതു താല്‍പര്യം (മസ്വ്‌ലഹത്ത്) പരിഗണിച്ച് നബി (സ) കൈക്കൊണ്ട ഇത്തരം നടപടികള്‍ക്ക് സ്വഹാബിമാരുടെയും പൊതുസമൂഹത്തിന്റെയും അസന്തുഷ്ടിയോ വെറുപ്പോ തടസ്സമായില്ലെന്നോര്‍ക്കണം.
ജാഹിലിയ്യാ കാലത്ത് നിലനിന്ന പല ആചാരങ്ങളും നബി (സ) നിര്‍ത്തലാക്കിയിട്ടുണ്ട്. അവ അലംഘനീയ നിയമമെന്നോണം കൊണ്ടുനടന്ന സമൂഹമായിരുന്നു മുശ്‌രിക്കുകളുടേത്. അമുസ്‌ലിം ഹൃദയങ്ങളില്‍ ഇസ്‌ലാമിനോട് വൈമുഖ്യം വളര്‍ത്തുമെന്നറിഞ്ഞിട്ടും നബി (സ) പിന്മാറിയില്ലെന്നോര്‍ക്കണം.
* ഹജ്ജിലെ ആരാധനാ രീതികള്‍ നബി (സ) പൊളിച്ചെഴുതി. ഖുറൈശികളും സമാനമനസ്‌കരും മുസ്ദലിഫയിലായിരുന്നു പകല്‍ സമയം കഴിച്ചുകൂട്ടിയത്. മറ്റു അറബി ഗോത്രങ്ങള്‍ അറഫയിലായിരുന്നു. ഇസ്‌ലാമിന്റെ ആഗമനത്തോടെ നബി (സ) അറഫയിലാണ് നില്‍ക്കേണ്ടതെന്ന് കല്‍പിച്ചു. 'വുഖൂഫു ബി അറഫ'ക്ക് നിയമസാധുത കൈവന്നു. ഹജ്ജ് മാസങ്ങളില്‍ ഇഹ്‌റാം കെട്ടാന്‍ കല്‍പിച്ചു. ജാഹിലിയ്യാ കാലത്ത് ഇത് പൊറുക്കപ്പെടാത്ത അപരാധമായാണ് കണ്ടിരുന്നത് (ബുഖാരി, മുസ്‌ലിം).
* ഖിബ്‌ലമാറ്റം: മസ്ജിദുല്‍ അഖ്‌സ്വായില്‍നിന്നും മസ്ജിദുല്‍ ഹറാമിലേക്കുള്ള ഖിബ്‌ലമാറ്റം നിരവധി പേരുടെ മതപരിത്യാഗത്തിന് വഴിവെച്ചു. മുനാഫിഖുകള്‍ക്ക് അവരുടെ കാപട്യവും മുശ്‌രിക്കുകള്‍ക്ക് അവരുടെ ശത്രുതയും പുറത്തെടുക്കാനുള്ള സന്ദര്‍ഭമാണ് അതൊരുക്കിക്കൊടുത്തത്. അത്തരം ഒരു സന്ദര്‍ഭസൃഷ്ടി അല്ലാഹുവിന്റെ ഉദ്ദേശ്യവുമായിരുന്നു.
* പാവങ്ങളായ സത്യവിശ്വാസികളെ തങ്ങളുടെ സദസ്സുകളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന അവിശ്വാസി സമൂഹത്തിന്റെ ആവശ്യം ചെവിക്കൊള്ളരുതെന്ന് അല്ലാഹു നബി(സ)യെ ഉണര്‍ത്തി. അവിശ്വാസികള്‍ക്ക് അരോചകമാണെന്നറിവുണ്ടായിട്ടും നബി (സ) പാവങ്ങളെ തന്നോടൊപ്പം ചേര്‍ത്തു പിടിച്ചു.
മുസ്‌ലിം-മുസ്‌ലിമേതര സമൂഹത്തില്‍ വെറുപ്പിന്റെ വികാരം ഉയര്‍ത്തിവിട്ടേക്കാമായിരുന്നിട്ടും തീരുമാനങ്ങളുമായി മുന്നോട്ടുപോയ നബി(സ)യുടെ മാതൃക പഠിപ്പിക്കുന്നത് എല്ലാ വെറുപ്പും അലോസരങ്ങളും ശര്‍ഇല്‍ പരിഗണനാര്‍ഹമല്ല എന്നാണ്. സമീപന രേഖക്ക് ശര്‍ഈ പരിധി നിശ്ചയിക്കപ്പെടേണ്ടതുണ്ടെന്ന് സാരം.
മുന്‍ഗണനാ ക്രമങ്ങളെക്കുറിച്ച ഫിഖ്ഹ് (ഫിഖ്ഹുല്‍ ഔലവിയ്യാത്ത്), താരതമ്യ ഫിഖ്ഹ് (ഫിഖ്ഹുല്‍ മുവാസനാത്ത്), പരിണതികളും ഭവിഷ്യത്തുകളും വിലയിരുത്തുന്ന ഫിഖ്ഹ് (ഫിഖ്ഹു മുറാആത്തില്‍ അവാഖിബി വഹിസാബില്‍ മആലാത്ത്), പൊതു നന്മയും തിന്മയും താരതമ്യം ചെയ്യുന്ന ഫിഖ്ഹ് (ഫിഖ്ഹുല്‍ മസ്വാലിഹി വല്‍ മഫാസിദ്) ഇങ്ങനെ ഫിഖ്ഹിലെ വിവിധ നിദാനശാസ്ത്രങ്ങളുടെ മാനദണ്ഡം ഉപയോഗിച്ചാണ് ഇവ നിര്‍ണയിക്കേണ്ടത്. ഇമാം ശാത്വിബി അഭിപ്രായപ്പെടുന്നു: ''ജനങ്ങള്‍ ചെയ്യുന്നതോ ചെയ്യാത്തതോ ആയ കര്‍മങ്ങളെ കുറിച്ച് ഒരു മുജ്തഹിദ് തീര്‍പ്പു കല്‍പിക്കുക, ആ കര്‍മം മൂലം സംജാതമാകുന്ന പരിണതി പരിഗണിച്ചും പരിശോധിച്ചുമാണ്. ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍ (മഖാസ്വിദുശ്ശരീഅ) മുന്നില്‍ വെച്ചാണ് അത് വിലയിരുത്തേണ്ടത്. അത് മുജ്തഹിദിന്റെ കര്‍മമണ്ഡലമാണ്.''
മുന്‍കരുതലും ജാഗ്രതയും
തന്റെ നിലപാടുകള്‍ തെറ്റായി അവതരിപ്പിക്കപ്പെടാനും ജനമനസ്സില്‍ തന്നെക്കുറിച്ച തെറ്റായ ധാരണകള്‍ രൂപപ്പെടാനുമുള്ള സാധ്യതകള്‍ കണ്ടറിയാന്‍ പ്രബോധകന് കഴിയണം. അതിനര്‍ഥം നിലപാടില്‍ കാപട്യം കൈക്കൊള്ളണമെന്നല്ല. സമൂഹത്തിന്റെ മനസ്സ് ലോലവും വൈകാരിക പ്രതികരണത്തിന് അവസരം കാത്തു കഴിയുന്നതുമാണ്. രസകരമായ ഒരു സംഭവം 'അല്‍ ബിദായത്തു വന്നിഹായ'യില്‍ ഇബ്‌നു കസീര്‍ ഉദ്ധരിക്കുന്നുണ്ട്. അബ്ബാസി ഭരണാധികാരി മഹ്ദിയുടെ കൊട്ടാര സദസ്സില്‍ ഒരാള്‍ കയറിവന്നു. കൈയില്‍ ചെരിപ്പു തൂക്കി പിടിച്ചാണ് അയാളുടെ വരവ്. അയാള്‍ ഖലീഫയോട്: ''ഇത് നബി(സ)യുടെ ചെരിപ്പാണ്, ഞാന്‍ അങ്ങക്ക് സമ്മാനമായി കൊണ്ടു വന്നതാണ്.'' ഖലീഫ മഹ്ദി: ''ഇങ്ങോട്ട് തരൂ.'' വളരെ ഭവ്യതയോടെ ആ ചെരിപ്പ് സ്വീകരിച്ച് അതിന്മേല്‍ മുത്തമിടുകയും ആദരമെന്നോണം രണ്ട് കണ്ണുകളിലും ചേര്‍ത്തു വെക്കുകയും ചെയ്തു. തുടര്‍ന്ന് അയാള്‍ക്ക് പാരിതോഷികമായി പതിനായിരം ദിര്‍ഹം നല്‍കാന്‍ ഖജനാവ് സൂക്ഷിപ്പുകാരന് ഖലീഫ മഹ്ദി കല്‍പന കൊടുത്തു. തുകയും വാങ്ങി അയാള്‍ ദൃഷ്ടിയില്‍നിന്ന് മറഞ്ഞപ്പോള്‍ മഹ്ദി: ''എനിക്കറിയാം, അല്ലാഹുവിന്റെ റസൂല്‍ ഈ ചെരിപ്പ് കണ്ടിട്ടുപോലുമുണ്ടാവില്ല. എന്നിട്ടല്ലേ അവ ധരിക്കുന്നത്! അയാള്‍ തന്ന ചെരിപ്പ് വാങ്ങാതെ ഞാന്‍ അയാളെ തിരിച്ചയച്ചിരുന്നുവെങ്കില്‍ അയാള്‍ ചെന്ന് ജനങ്ങളോട് പറയും: ഞാന്‍ ഖലീഫ മഹ്ദിക്ക് നബി(സ)യുടെ ചെരിപ്പ് സമ്മാനമായി നല്‍കിയെങ്കിലും അദ്ദേഹം അത് സ്വീകരിക്കാതെ എന്നെ തിരിച്ചയച്ചു. റസൂലിനോട് സ്‌നേഹമില്ലാത്തവന്‍, ധിക്കാരി. ജനങ്ങള്‍ അത് വിശ്വസിക്കുകയും അത് അണ്ണാക്ക് തൊടാതെ വിഴുങ്ങുകയും ചെയ്യും. കാരണം ബഹുജന മനസ്സ് ഇയാളെ പോലുള്ളവരിലേക്ക് വളരെ വേഗം ചായുന്നതാണ്. അവരുടെ രീതി എന്തെന്നു വെച്ചാല്‍ ശക്തനെതിരില്‍ ദുര്‍ബലനെ അവര്‍ പിന്തുണക്കും; അയാള്‍ അക്രമിയാണെന്നിരുന്നാലും. പതിനായിരം ദിര്‍ഹം നല്‍കി നാം അയാളുടെ നാവ് വിലയ്ക്കു വാങ്ങി. ഏറ്റവും യുക്തമായ സമീപനം അതാണെന്ന് നമുക്ക് തോന്നി'' (അല്‍ ബിദായത്തുവന്നിഹായ: ഇബ്‌നുകസീര്‍ 10/163).
ഇത് ഒരു സമീപനരീതിയാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ വിസ്മയാവഹമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിയ കുവൈത്തിലെ ഡോ. അബ്ദുര്‍റഹ്മാന്‍ അസ്സുമൈത്ത് രസകരമായ പല അനുഭവങ്ങളും പങ്കിടവെ ഒരു സംഭവം അനുസ്മരിച്ചു. ''ഗ്രാമങ്ങളും നഗരങ്ങളും ഇസ്‌ലാമിലേക്ക് വന്നുകൊണ്ടിരിക്കുന്ന സുവര്‍ണ കാലം. മധുരാനുഭവങ്ങളുടെ പൂക്കാലം. പക്ഷേ അവിടെയും ഉണ്ടായിരുന്നു ഈ പ്രവര്‍ത്തനങ്ങളെ തുരങ്കം വെക്കാനും അജണ്ടകള്‍ അട്ടിമറിക്കാനും കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന ഒരു ഉപജാപക വൃന്ദം. എനിക്ക് നന്നായറിയാം അവരെയെല്ലാം. ഒരു ദിവസം ഗ്രാമത്തില്‍ ചെന്ന എന്നോട് ഒരു കൂട്ടം ആളുകള്‍ ഒരു സംശയം ഉന്നയിച്ചു: 'നാം ദുആ ഇരക്കുമ്പോള്‍ കൈ രണ്ടും താഴ്ത്തിയാണോ പിടിക്കേണ്ടത്? ഇരു കൈകളും ഉയര്‍ത്തിയാണോ പിടിക്കേണ്ടത്? 'അവര്‍ക്കിടയില്‍ അതൊരു തര്‍ക്കവിഷയമായിരിക്കുന്നു. അവരെ രണ്ട് കക്ഷികളാക്കി ഭിന്നിപ്പിച്ചു നിര്‍ത്തുന്നതില്‍ തല്‍പര കക്ഷികള്‍ വിജയിച്ചിരിക്കുന്നു. ഏത് മറുപടി പറഞ്ഞാലും ഓരോ വിഭാഗവും മറു വിഭാഗത്തിനെതിരെ ആയുധമാക്കി ഉപയോഗിക്കും. മറുപടി ഇരുവിഭാഗത്തെയും തൃപ്തിപ്പെടുത്തുന്നതാവണം. ഞാന്‍ പറഞ്ഞു: 'അല്ലാഹുവിനോട് കുറഞ്ഞ കാര്യങ്ങള്‍ മാത്രം ചോദിക്കേണ്ടവര്‍ കൈ അല്‍പം ഉയര്‍ത്തിയാല്‍ മതി. ധാരാളം കാര്യങ്ങള്‍ ചോദിച്ചു വാങ്ങാനുള്ളവര്‍ ഇരു കൈകളും കൂടുതല്‍ ഉയര്‍ത്തി ദുആ ഇരക്കുക. രണ്ടും ശരിയാണ്.' ഇരു വിഭാഗവും നിറഞ്ഞ സന്തോഷത്തോടെ പിരിഞ്ഞുപോയി.''
ശാഠ്യങ്ങളില്ലാത്ത വിശാല മനസ്സ്
പ്രബോധകന് സംബോധന ചെയ്യാനുള്ളത് ജനഹൃദയങ്ങളെയാണ്. അഭിപ്രായാന്തരമുള്ള കര്‍മശാസ്ത്ര വിധികളിലെ കടുംപിടിത്തം ഏറെയുള്ള പ്രദേശമാണ് നിര്‍ഭാഗ്യവശാല്‍ കേരളം. ഓരോരുത്തരും തങ്ങളുടെ ശരികളില്‍ ശാഠ്യമുള്ളവരാണ്. മദ്ഹബിന്റെ ഇമാമുമാര്‍ പക്ഷേ, വിശാലമനസ്‌കരായിരുന്നു. ഇമാം ശാഫിഈയുടെ വിശ്രുത വചനമുണ്ട്: 'എന്റെ അഭിപ്രായം ശരിയാണ്, പക്ഷേ തെറ്റാവാനുള്ള സാധ്യതയുണ്ട്. അപരന്റെ അഭിപ്രായം തെറ്റാണ്, എന്നാല്‍ അത് ശരിയാവാനുള്ള സാധ്യതയുമുണ്ട്.' സ്വുബ്ഹ് നമസ്‌കാരത്തില്‍ ഖുനൂത്ത് നിര്‍ബന്ധണാണെന്നും അത് മറന്നാല്‍ മറവിയുടെ സുജൂദ് വേണമെന്നും അഭിപ്രായമുള്ള ഇമാം ശാഫിഈ ഇറാഖിലെ ഇമാം അബൂഹനീഫയുടെ പള്ളി സന്ദര്‍ശിച്ചപ്പോള്‍ ഖുനൂത്ത് ഒഴിവാക്കുകയുണ്ടായി. കാരണം തിരക്കിയപ്പോള്‍ ഇമാം ശാഫിഈ കൊടുത്ത മറുപടി: 'സ്വുബ്ഹിലെ ഖുനൂത്ത് അനഭിലഷണീയമായി കരുതിയിരുന്ന ഇമാം അബൂഹനീഫയോടുള്ള ആദര സൂചകമായാണ് ഞാന്‍ ഖുനൂത്ത് ഉപേക്ഷിച്ചത്.' മഹാന്മാരായ ഇമാമുമാര്‍ക്കിടയില്‍ നിലനിന്ന പരസ്പര ബഹുമാനമാണ് ഇത് അടയാളപ്പെടുത്തുന്നത്. മദ്ഹബ് പക്ഷപാതിത്വങ്ങളും സംഘടനാ ശാഠ്യങ്ങളും ഒഴിയാബാധയായ നമ്മുടെ സാമൂഹിക പരിസരവും നവോത്ഥാന പ്രസ്ഥാനങ്ങളിലേക്ക് ചുവടുമാറിയപ്പോള്‍ സംഭവിച്ച വിപ്ലവാത്മക മാറ്റങ്ങളുടെ ഹാങ് ഓവറും ഇന്നും നമ്മുടെ ജീവിത സാഹചര്യങ്ങളെ നിഷേധാത്മകമായി സ്വാധീനിക്കുന്നു എന്ന് നിരീക്ഷിക്കുന്നവരുണ്ട്. അതില്‍ ശരിയുണ്ട്. കര്‍മശാസ്ത്ര വിഷയങ്ങളില്‍ തങ്ങളുടെ നിലപാടിലെ കാര്‍ക്കശ്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബദ്ധപ്പെടുന്ന ചിലരുണ്ട്. തറാവീഹ് നമസ്‌കാരത്തില്‍ എട്ട് റക്അത്ത് മാത്രമേ പാടുള്ളൂ എന്ന് നിര്‍ബന്ധമുള്ളവര്‍, കൂടുതല്‍ റക്അത്തുകള്‍ നമസ്‌കരിക്കുന്ന ഇടങ്ങളില്‍നിന്ന് പ്രതിഷേധസൂചകമായോ എട്ടില്‍ കൂടുതല്‍ നമസ്‌കരിക്കുന്നത് പൊറുക്കാന്‍ പറ്റാത്ത അപരാധമാണെന്ന് കരുതിയോ എഴുന്നേറ്റു പോകുന്നവര്‍, മറ്റുള്ളവര്‍ തങ്ങളുടെ ഈ പ്രവൃത്തി എങ്ങനെ വീക്ഷിക്കുമെന്നത് അവര്‍ക്ക് പ്രശ്‌നമാകാറില്ല. പള്ളി മുഴുവന്‍ നമസ്‌കാരശേഷം കൂട്ടുപ്രാര്‍ഥനയില്‍ മുഴുകിയിരിക്കുമ്പോള്‍ ശരിയെന്ന തന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധസൂചകമെന്നോണം എഴുന്നേറ്റുനിന്ന് സുന്നത്ത് നമസ്‌കരിക്കുന്നത് നിഷ്പക്ഷരായ ജനങ്ങള്‍ എങ്ങനെ നോക്കിക്കാണും എന്നതും അത്തരക്കാരെ അലട്ടുന്ന ചിന്തയല്ല. ബഹുജനഹൃദയങ്ങളില്‍ വേരോട്ടം നഷ്ടപ്പെടുന്നതും ആശയവിനിയമത്തിന്റെയും സൗമനസ്യത്തിന്റെയും പാലം തകര്‍ക്കപ്പെടുന്നതും ഈ വിധമാണ്. കര്‍മശാസ്ത്ര വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസം രൂപപ്പെടുന്ന പദവിന്യാസം, ആശയം ഗ്രഹിക്കുന്നതിലെ വ്യത്യാസം തുടങ്ങിയ കാരണങ്ങളെക്കുറിച്ച് അജ്ഞരായവര്‍ക്കു മാത്രമേ കര്‍ക്കശ സമീപനം കൈക്കൊള്ളാനാവൂ. അറിവിന്റെ മേഖല വികസിക്കും തോറും അപരന്റെ അഭിപ്രായത്തിനും ഇടം നല്‍കാന്‍ നിര്‍ബന്ധിതരാവും. 'നീ ജനഹൃദയങ്ങളില്‍ അവരോട് അനുഭാവം ഉണ്ടാക്കേണമേ!' -വജ്അല്‍ അഫ്ഇദത്തന്‍ മിനന്നാസി തഹ്‌വീഇലൈഹിം (ഇബ്‌റാഹീം 37) എന്ന ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥനക്ക് വിശാലമായ അര്‍ഥതലങ്ങളുണ്ട്. ജനങ്ങള്‍ തന്നെ വെറുപ്പോടെ വീക്ഷിക്കുകയും താന്‍ പ്രതിനിധാനം ചെയ്യുന്ന ദൈവിക ദീനിന്റെ പ്രബോധനത്തില്‍നിന്ന് തന്റെ നയവൈകല്യത്താല്‍ ജനം മുഖം തിരിച്ചുകളയുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായിക്കൂടെന്ന നിര്‍ബന്ധ ബുദ്ധിയാണ് നബി (സ) പ്രദര്‍ശിപ്പിച്ചത് എന്നതാണ് കഅ്ബാ പുനര്‍നിര്‍മാണ വിഷയത്തില്‍ റസൂല്‍ കൈക്കൊണ്ട നിലപാടില്‍നിന്ന് പഠിക്കാനുള്ള പ്രധാന പാഠം. ചുമരുണ്ടെങ്കില്‍ മാത്രമേ ചിത്രം വരയ്ക്കാന്‍ സാധിക്കുകയുള്ളൂ എന്ന സത്യം മനസ്സിലാക്കി നയം ആവിഷ്‌കരിച്ച പ്രബോധകനായിരുന്നു മുഹമ്മദ് നബി (സ). ഈ വിവേകമാണ് ഇന്ന് വിനഷ്ടമായത്. അതാണ് ജനഹൃദയങ്ങള്‍ വെള്ളം കടക്കാത്ത അറകളായി അടച്ചുപൂട്ടപ്പെടാനും അവര്‍ അകന്നുനില്‍ക്കാനും അകറ്റിനിര്‍ത്തപ്പെടാനും കാരണമായിത്തീരുന്നതും.
റഫറന്‍സ്:
* റുഅ്‌യാ ലില്‍ ബുഹൂസി വദ്ദിറാസാത്ത് ബൈനല്‍ അഖീദതി വല്‍ ഖിയാദ: മഹ്മൂദ് ശീത്ത്
* സമാഹത്തുല്‍ ഇസ്‌ലാമി ഫിദ്ദഅ്‌വതി ഇലല്ലാഹ്: അബ്ദുല്‍ അളം
* അല്‍ വഹ്ദത്തുന്‍ ഇസ്‌ലാമിയ്യ: അഹ്മദുല്‍ ഗാമിദി.
Comments