കര്‍ഷക പ്രക്ഷോഭവും മധ്യപ്രദേശിലെ മുസ്‌ലിംവിരുദ്ധ കലാപങ്ങളും
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പ്രഖ്യാപിത അടിയന്തരാവസ്ഥയും ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയും തമ്മിലുള്ള താരതമ്യം പ്രിന്റ്-വിഷ്വല്‍-സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമാണ്. എത്രമാത്രം ജനവിരുദ്ധമാണെങ്കിലും കോര്‍പറേറ്റുകള്‍ക്ക് വേണ്ടി തങ്ങള്‍ ചുട്ടെടുത്ത നിയമങ്ങളിലൊന്ന് പോലും പിന്‍വലിക്കില്ലെന്ന ധാര്‍ഷ്ട്യവും അഹങ്കാരവും അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഒരു ലക്ഷണമാണ്. അത്തരം കരിനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ ദേശദ്രോഹികളും തീവ്രവാദികളുമായി മുദ്രകുത്തി അവര്‍ക്കെതിരെ ബലപ്രയോഗം നടത്തുന്നു; കള്ളക്കേസുകള്‍ ചമയ്ക്കുകയും ഭീകര നിയമങ്ങള്‍ ചാര്‍ത്തുകയും ചെയ്യുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരെ കള്ളക്കേസുകളില്‍ കുടുക്കുക മാത്രമല്ല, അവര്‍ക്ക് നേരെ ഗുണ്ടകളെ അഴിച്ചുവിട്ട് ഇരകളാക്കപ്പെട്ടവരെ മാത്രം ഉള്‍പ്പെടുത്തി നീണ്ട പ്രതിപ്പട്ടിക ഉണ്ടാക്കിയതും നാം കണ്ടതാണ്. ഇതുപോലൊരു അഴിഞ്ഞാട്ടം, ദല്‍ഹിയില്‍ കരിനിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ നടക്കാത്തത്, അതിന്റെ ഭവിഷ്യത്ത് ദൂരവ്യാപകമായിരിക്കുമെന്ന് പേടിച്ചതുകൊണ്ട് മാത്രമാണ്. അതേസമയം സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയില്‍ അനൈക്യം സൃഷ്ടിച്ചും ചര്‍ച്ചക്കായി പലവട്ടം അവരെ വിളിച്ചുവരുത്തി ഉന്നയിച്ച ആവശ്യങ്ങളിലൊന്നും അംഗീകരിക്കാതെ അവരെയിട്ട് വട്ടം കറക്കിയും സകല ജനാധിപത്യമര്യാദകളെയും കാറ്റില്‍ പറത്തുന്നുമുണ്ട് കേന്ദ്ര ഭരണകൂടം. ഇതിനോടുള്ള രോഷവും അരിശവുമൊക്കെയാണ് റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹി തെരുവുകളില്‍ കണ്ടത്. രോഷപ്രകടനം അതിരു കവിഞ്ഞു എന്ന് സമര നേതാക്കള്‍ സമ്മതിക്കുമ്പോഴും, അത്തരമൊരു മാനസികാവസ്ഥയിലേക്ക് സമരം ചെയ്യുന്ന കര്‍ഷകരെ കൊണ്ടെത്തിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് തന്നെയാണ് ഒന്നാം പ്രതി എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല.
രാജ്യത്ത് നിലനില്‍ക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയില്‍ പ്രധാനമായും ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത് ദലിതുകളും മുസ്‌ലിംകളുമാണ്. വോട്ട് നേടാനും ജനശ്രദ്ധ മുഖ്യ പ്രശ്‌നങ്ങളില്‍ നിന്ന് തിരിച്ചുവിടാനും ഏറ്റവും എളുപ്പം മുസ്‌ലിംകള്‍ക്കെതിരെയുള്ള നീക്കങ്ങളാണെന്ന് ഫാഷിസ്റ്റ് ശക്തികളെ ആരും പഠിപ്പിക്കേണ്ടതില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്ക് അത്തരത്തിലുള്ള കലാപങ്ങള്‍ അവര്‍ കുത്തിപ്പൊക്കിയിരിക്കും. രാജ്യം ഉറ്റുനോക്കുന്ന അസം, പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജയിച്ചുകയറാന്‍ എന്തൊക്കെ കുതന്ത്രങ്ങള്‍ അവര്‍ പയറ്റുമെന്ന് കണ്ടു തന്നെ അറിയണം. മധ്യപ്രദേശിലെ ഉജ്ജയിന്‍, ഇന്ദോര്‍, മന്ദ്‌സോര്‍, ധര്‍, സെഹോര്‍ എന്നീ ജില്ലകളിലെ നിരവധി ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഈയിടെ മുസ്‌ലിംകള്‍ക്കെതിരെ ഉണ്ടായ ആസൂത്രിത ആക്രമണങ്ങള്‍ അത്തരത്തിലൊന്നാണ്. രാം മന്ദിര്‍ നിര്‍മാണ്‍ നിധി സന്‍ഗ്രഹ് അഭിയാന്‍ എന്ന ഒരു സംഘത്തിന്റെ പേരില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഫണ്ട് പിരിവാണ് ഒടുവില്‍ ആസൂത്രിത കലാപമായി മാറിയത്. കഴിഞ്ഞ ഡിസംബറില്‍ ആര്‍.എസ്.എസ്സിന്റെ ശക്തികേന്ദ്രമായ മല്‍വ-നിമാഡ് മേഖലയില്‍ അര ഡസനിലധികം വര്‍ഗീയാക്രമണങ്ങളാണ് ഉണ്ടായത്. സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനിറങ്ങിയവരും ഈ അതിക്രമങ്ങളില്‍ പ്രത്യേകം ടാര്‍ഗറ്റ് ചെയ്യപ്പെട്ടു. ചില മുസ്‌ലിം ഭവനങ്ങളിലും പള്ളികളിലും ചിലര്‍ കാവിക്കൊടി ഉയര്‍ത്തി. അതിക്രമങ്ങള്‍ അഴിഞ്ഞാടിയപ്പോള്‍ പോലീസ് പതിവ് പോലെ നിസ്സംഗത പാലിച്ചു. ഇന്ദോറിലെ ജില്ലാ ഭരണകൂടവും വെറുതെ നിന്നില്ല. മുസ്‌ലിംകള്‍ ധാരാളമായി തിങ്ങിത്താമസിക്കുന്ന ഒരു തെരുവില്‍ 'റോഡ് വീതി കൂട്ടാനെ'ന്ന പേരില്‍ എണ്‍പതിലധികം വീടുകള്‍ അവര്‍ തകര്‍ത്തു.
കലാപങ്ങളൊന്നും ഉണ്ടായിപ്പോകുന്നതല്ല; ഉണ്ടാക്കുന്നതാണ്. മധ്യപ്രദേശില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ജനാധിപത്യവിരുദ്ധമായ രീതിയില്‍ കോണ്‍ഗ്രസ് ഭരണത്തെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ബി.ജെ.പിക്ക് എടുത്തുകാട്ടാന്‍ നേട്ടങ്ങളൊന്നുമില്ല. ദല്‍ഹിയിലെ കര്‍ഷക സമരം അവരുടെ ഉറക്കം കെടുത്തുന്നുമുണ്ട്. ഒരു ജനവിഭാഗത്തിനെതിരെ കള്ളക്കേസുകളെടുത്തും അതിക്രമങ്ങള്‍ നടത്തിയും ഭരണ പരാജയങ്ങള്‍ മറച്ചുവെക്കാന്‍ ഫാഷിസ്റ്റ് ശക്തികള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും സെക്യുലരിസത്തിന്റെയും തളര്‍ച്ചയെയാണ് അത് അടയാളപ്പെടുത്തുന്നത്.
Comments