ഇസ്‌ലാം-നാസ്തിക സംവാദത്തിന്റെ (അ)സാധ്യതകള്‍
ഇസ്‌ലാമിക പ്രബോധകന്‍ എം.എം അക്ബറും കേരളത്തിലെ തലമുതിര്‍ന്ന നാസ്തികന്‍ ഇ.എ ജബ്ബാറും തമ്മില്‍ ഈയിടെ നടന്ന സംവാദത്തെ അധികരിച്ച് കഴിഞ്ഞ ലക്കം (ജനുവരി 29) പ്രബോധനത്തില്‍ കെ. മുഹമ്മദ് നജീബ് എഴുതിയ ശ്രദ്ധേയമായ ലേഖനത്തിന് അനുബന്ധമായി ചില കാര്യങ്ങള്‍ കുറിക്കുകയാണ്. ലേഖകന്‍ സൂചിപ്പിക്കുന്നതു പോലെ കുറച്ചുകാലമായി സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് നാസ്തികരും മുസ്‌ലിംകളും തമ്മില്‍ നടന്നുവരുന്ന സംഘര്‍ഷഭരിതമായ ആശയവിനിമയങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ആ സംവാദം നടന്നത്. ജബ്ബാറിന്റെ അഹന്ത നിറഞ്ഞ ഒരു വെല്ലുവിളിയില്‍നിന്നാണല്ലോ സംവാദത്തിന്റെ തുടക്കം. മുഹമ്മദ് നബി ജീവിച്ച കാലത്തെ അറബികള്‍ക്കറിയാത്തതും ശാസ്ത്രം പിന്നീട് തെളിയിച്ചതുമായ എന്തെങ്കിലും സത്യങ്ങള്‍ ഖുര്‍ആനില്‍ ഉണ്ടെന്ന് തെളിയിക്കാനായിരുന്നു ജബ്ബാറിന്റെ വെല്ലുവിളി. ഖുര്‍ആന്‍ ദൈവപ്രോക്തമല്ല എന്ന് സമര്‍ഥിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ജബ്ബാര്‍ ഈ വെല്ലുവിളി നടത്തിയത്. നാല് പതിറ്റാണ്ടിലേറെയായി ഇസ്‌ലാമിനെയും പ്രവാചകനെയും ഖുര്‍ആനിനെയും വിമര്‍ശിക്കാനും അപഹസിക്കാനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ജബ്ബാര്‍ ഖുര്‍ആനിലെ ശാസ്ത്രീയ വിവരണങ്ങള്‍ ചര്‍ച്ചാവിഷയമായ നേര്‍ക്കുനേര്‍ സംവാദത്തില്‍ എം.എം അക്ബറിന്റെ ആധികാരികമായ മറുപടികള്‍ക്കു മുന്നില്‍ അടിപതറിയതിന്റെ നേര്‍ചിത്രം ലേഖനത്തില്‍ വരച്ചിടുകയുണ്ടായി. ജബ്ബാര്‍ തന്നെയും പരാജയം സമ്മതിക്കാന്‍ പിന്നീട് നിര്‍ബന്ധിതനായി.
സംവാദമോ സംവാദത്തിന് ആസ്പദമായ വിഷയമോ ചര്‍ച്ച ചെയ്യലല്ല ഇവിടെ ഉദ്ദേശ്യം. ഖുര്‍ആനിലെ ശാസ്ത്ര സൂചനകളോടും ശാസ്ത്രീയ പഠനങ്ങള്‍ക്ക് സാധ്യത നല്‍കുന്ന വിവരണങ്ങളോടും എന്തു നിലപാട് സ്വീകരിക്കണം എന്നത് മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള വിഷയമാണ്. മാറിക്കൊണ്ടിരിക്കുന്ന ശാസ്ത്ര വിവരങ്ങള്‍ക്കനുസരിച്ച് ഖുര്‍ആന്‍ സൂക്തങ്ങളെ വിശദീകരിക്കാനുള്ള ചില മുസ്‌ലിം പണ്ഡിതന്മാരുടെയും ഗവേഷകരുടെയും അത്യാവേശം പലപ്പോഴും അബദ്ധങ്ങളില്‍ ചെന്നു ചാടിയിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഇത് ഖുര്‍ആന്റെ കുഴപ്പമല്ല, ഖുര്‍ആനെ മനസ്സിലാക്കുന്നതിലും വിശദീകരിക്കുന്നതിലും മനുഷ്യബുദ്ധിക്ക് സംഭവിക്കുന്ന പിഴവുകളാണ്. ഖുര്‍ആനിലെ ശാസ്ത്രസംബന്ധിയായ അറിവുകള്‍ മാത്രമല്ല, മറ്റു വിഷയങ്ങള്‍ മനസ്സിലാക്കുന്നേടത്തും ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കാം. അതുകൊണ്ടാണ് ഒരു തഫ്‌സീറും ഇസ്‌ലാമില്‍ ആധികാരിക പ്രമാണമായി പരിഗണിക്കപ്പെടാത്തത്. ഖുര്‍ആനിലെ വാക്കുകളും ആശയങ്ങളും വിശദീകരിക്കുന്നേടത്ത് ആധുനികരും പൂര്‍വികരുമായ പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ ഏകോപിച്ചു വരുമ്പോള്‍ അത് സത്യത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നു എന്ന് മനസ്സിലാക്കാമെന്നു മാത്രം.
അഗാധമായ ഉള്‍ക്കാഴ്ചയുള്ള പണ്ഡിതന്മാരുടെ ഒറ്റപ്പെട്ട ചില അഭിപ്രായങ്ങള്‍ ചിലപ്പോള്‍ കൂടുതല്‍ യാഥാര്‍ഥ്യനിഷ്ഠമായി എന്നും വരാം. മനുഷ്യന് മാര്‍ഗദര്‍ശനം നല്‍കുന്ന ഖുര്‍ആന്റെ അടിസ്ഥാനാശയങ്ങളും മൂല്യങ്ങളും നിയമങ്ങളും തത്ത്വങ്ങളും മനസ്സിലാക്കുന്നേടത്ത് പണ്ഡിതന്മാര്‍ക്കിടയില്‍ വലിയ തോതില്‍ അഭിപ്രായൈക്യമുണ്ടെന്നു കാണാം. സൂക്ഷ്മമായ ചില വിവരണങ്ങളിലും വിശദാംശങ്ങളിലുമുള്ള അഭിപ്രായ ഭിന്നതകള്‍ ഖുര്‍ആന്റെ അധ്യാപനങ്ങളെ ജീവിതത്തില്‍ പകര്‍ത്തുന്നതിന് മുസ്‌ലിംകള്‍ക്ക് ഒരിക്കലും തടസ്സമായി മാറിയിട്ടില്ല. ഖുര്‍ആന്റെ ആശയങ്ങളുടെ വികാസക്ഷമതയെയും വ്യാഖ്യാനക്ഷമതയെയും കാലാതിവര്‍ത്തിത്വത്തെയുമാണ് അത് അടയാളപ്പെടുത്തുന്നത്.
നേര്‍ക്കു നേരെയുള്ള ഒരു സംവാദത്തില്‍ ഇസ്‌ലാം വിമര്‍ശനത്തില്‍ ആണ്ടുമുങ്ങിയ നാസ്തികര്‍ക്കു പോലും എന്തുകൊണ്ട് അടിതെറ്റുന്നു എന്നത് ചിന്തനീയമായ കാര്യമാണ്. ഇസ്‌ലാം വിമര്‍ശനം എന്ന പേരില്‍ അവര്‍ നിരന്തരം എഴുന്നള്ളിച്ചുകൊണ്ടിരിക്കുന്നത് വ്യാജങ്ങളും ദുര്‍വ്യാഖ്യാനങ്ങളും മാത്രമാണ് എന്നതിന്റെ നേര്‍സാക്ഷ്യമാണ് ഇത്. പേരെടുത്ത ഇസ്‌ലാം വിമര്‍ശകരായ നാസ്തികര്‍ക്കു പോലും ഖുര്‍ആനിലും അറബി ഭാഷയിലും ആധികാരികമായ വിവരമില്ല എന്ന് എം.എം അക്ബര്‍ - ഇ.എ ജബ്ബാര്‍ സംവാദം തെളിയിച്ചു. മുഹമ്മദ് നജീബ് തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ ശാസ്ത്രത്തിന്റെ മൊത്തക്കുത്തക ഏറ്റെടുത്ത യുക്തിവാദികള്‍ക്ക് ശാസ്ത്രം പോലും നേരാംവണ്ണം അറിയില്ല എന്ന് തന്റെ ദയനീയമായ പ്രകടനത്തിലൂടെ ജബ്ബാര്‍ കാണിച്ചുകൊടുത്തു. വിവരമുണ്ടെന്ന് കരുതപ്പെടുന്ന സി. രവിചന്ദ്രനെ പോലുള്ള നവനാസ്തികരുടെ ശാസ്ത്രവിഷയങ്ങളിലുള്ള അജ്ഞത സംവാദാനന്തര ചര്‍ച്ചകള്‍ അനാവരണം ചെയ്തു. ആഴക്കടലിലെ ഇരുട്ടിനെക്കുറിച്ച രവിചന്ദ്രന്റെ വൈരുധ്യങ്ങള്‍ നിറഞ്ഞ ഒരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പരിഹാസപാത്രമായതിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നത് ഉദാഹരണം.
ഏതെങ്കിലും വിഷയത്തിലെ അറിവില്ലായ്മ സ്വയം ഒരു കുറ്റമല്ല. വിവരമില്ലാത്തവര്‍ വിവരമുണ്ടെന്ന് അവകാശപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ വിധിയെഴുത്ത് നടത്തുകയും ചെയ്യുന്നതാണ് കുറ്റം. ഇസ്‌ലാം - നാസ്തിക സംവാദം ഫലത്തില്‍ അസാധ്യമോ നിഷ്പ്രയോജനമോ ആയിത്തീരുന്നത് ആശയ വിമര്‍ശനത്തിന്റെ പ്രാഥമിക മര്യാദകള്‍ പോലും പാലിക്കാന്‍ നാസ്തികര്‍ക്ക് കഴിയാതെ പോകുന്നതുകൊണ്ടാണ്. ഖുര്‍ആനെ ആധികാരികമായി ഒരാള്‍ക്ക് വിമര്‍ശിക്കണമെങ്കില്‍ അറബി ഭാഷയിലും ഖുര്‍ആന്‍ പഠന ശാസ്ത്രത്തിലും സാമാന്യമായ അറിവെങ്കിലും വേണം. ഒരു വാക്കിനെ, അല്ലെങ്കില്‍ സൂക്തത്തെ മനസ്സിലാക്കാനും വിശദീകരിക്കാനും ആവശ്യമായ ഉപാദാനങ്ങളെക്കുറിച്ചും അവതരണ പശ്ചാത്തലത്തെക്കുറിച്ചും ധാരണയുണ്ടായിരിക്കണം. ഇതൊന്നും പരിഗണിക്കാതെ സന്ദര്‍ഭനിരപേക്ഷമായി ഖുര്‍ആന്‍ സൂക്തങ്ങളെ തോന്നിയപോലെ വായിക്കുകയും വിശദീകരിക്കുകയുമാണ് നാസ്തികരുടെ രീതി. അറിവില്ലായ്മ കൊണ്ട് മാത്രമല്ല, അറിഞ്ഞു കൊണ്ടു തന്നെ സൂക്തങ്ങളെ വെട്ടിമുറിക്കുകയും വളച്ചൊടിക്കുകയും ചെയ്യും. നേര്‍ക്കുനേരെയുള്ള ആശയസംവാദത്തില്‍ ഇത്തരം തട്ടിപ്പുകള്‍ വിലപ്പോവാത്തതുകൊണ്ടാണ് നാസ്തികര്‍ക്ക് പരാജയം സമ്മതിക്കേണ്ടി വരുന്നത്. 'പര്‍വതങ്ങളെ ആണികളാക്കി' എന്ന ഖുര്‍ആന്റെ പ്രയോഗത്തെ എം.എം അക്ബര്‍ ശാസ്ത്രീയമായി വിശദീകരിച്ചപ്പോള്‍ ജബ്ബാര്‍ അതിനെ നേരിട്ടത് നൂന്‍ എന്ന അറബി അക്ഷരവുമായി ബന്ധപ്പെട്ട ദുര്‍ബലമായ ഒരു ഹദീസ് പൊക്കിപ്പിടിച്ചുകൊണ്ടാണ്. ആ ഹദീസ് സ്വീകാര്യയോഗ്യമാണെന്ന് തെളിയിക്കാന്‍ സംവാദത്തിനു ശേഷം മുസ്‌ലിം പക്ഷത്തു നിന്ന് പലരും ജബ്ബാറിനെ വെല്ലുവിളിച്ചുവെങ്കിലും മറുപടി കണ്ടില്ല. ഒരു ഹദീസ് തള്ളാനും കൊള്ളാനും ഉപയോഗിക്കുന്ന അംഗീകൃത മാനദണ്ഡങ്ങള്‍ അറിയുകയോ അംഗീകരിക്കുകയോ ചെയ്യാത്ത ഒരാളോട് എങ്ങനെയാണ് ഹദീസുമായി ബന്ധപ്പെട്ട് സംവാദം നടത്തുക? ഖുര്‍ആന്റെ ആശയ ചക്രവാളത്തിന്റെ നിരവധി സൂക്ഷ്മതലങ്ങളെക്കുറിച്ച് ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ വൈജ്ഞാനിക സംവാദങ്ങള്‍ ധാരാളമായി നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുണ്ട്. പക്ഷേ, അത്തരം സൂക്ഷ്മ വശങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള അറിവോ സന്നദ്ധതയോ നാസ്തികരായ ഖുര്‍ആന്‍ വിമര്‍ശകര്‍ക്കില്ല. ഉപരിപ്ലവമായ അര്‍ഥ കല്‍പനകളിലും ദുര്‍വ്യാഖ്യാനങ്ങളിലും അഭിരമിക്കുന്നവരാണ് അവര്‍. ഉദാഹരണത്തിന്, 'നിങ്ങള്‍ അവരെ (കാഫിറുകളെ) കാണുന്നേടത്തു വെച്ച് കൊന്നുകളയുക' എന്ന സൂക്തഭാഗം അടര്‍ത്തിയെടുത്തുകൊണ്ട് അവിശ്വാസികളെ മുഴുവന്‍ കൊന്നുകളയാനാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത് എന്ന് ദുഷ്പ്രചാരണം നടത്തും. സമുദായങ്ങള്‍ക്കിടയില്‍ അകല്‍ച്ചയും വിദ്വേഷവും സൃഷ്ടിക്കാന്‍ മാത്രം ഗുരുതരമാണ് ഈ പ്രചാരണം എന്ന് അറിഞ്ഞുകൊണ്ടും അത് ഉദ്ദേശിച്ചുകൊണ്ടും തന്നെയാണ് അവരിത് ചെയ്യുന്നത്. മുസ്‌ലിംകളുമായി യുദ്ധത്തിലേര്‍പ്പെട്ട സത്യനിഷേധികളെക്കുറിച്ചാണ് ഖുര്‍ആന്റെ പരാമര്‍ശം എന്ന് നേരത്തേ ഉദ്ധരിച്ച സൂക്തഭാഗത്തിന് മുമ്പും ശേഷവുമുള്ള സൂക്തങ്ങള്‍ വായിക്കുന്ന ഒരാള്‍ക്ക് ഒരു വിശദീകരണവും കൂടാതെ തന്നെ ബോധ്യമാവും. ഇത് മറച്ചുപിടിച്ചുകൊണ്ടാണ് നാസ്തികരുടെ സാമൂഹികവിരുദ്ധമായ പ്രചാരവേല. തൊട്ടുമുമ്പുള്ള സൂക്തത്തിന്റെ അര്‍ഥം ഇങ്ങനെയാണ്: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ യുദ്ധം ചെയ്യുക. നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട്. പക്ഷേ, നിങ്ങള്‍ പരിധി ലംഘിക്കരുത്. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല'' (അല്‍ബഖറ: 190). ദുരുപദിഷ്ടമായ നുണകള്‍ പ്രചരിപ്പിക്കുകയും വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുകയും ചെയ്യുന്ന നാസ്തികരുമായി എങ്ങനെയാണ് ഇസ്‌ലാമിക പക്ഷത്ത് നിന്നു കൊണ്ട് ക്രിയാത്മകമായ ആശയസംവാദം സാധ്യമാവുക?
ഇതിനേക്കാള്‍ കഷ്ടമാണ് അവരുടെ പ്രവാചക വിമര്‍ശനങ്ങള്‍. മുഹമ്മദ് നബിയെ ദൈവത്തിന്റെ പ്രവാചകനായും ഖുര്‍ആനെ ദൈവിക വെളിപാടായും അംഗീകരിക്കാത്ത ഭൗതികവാദികളായ ധാരാളം എഴുത്തുകാരും ചിന്തകന്മാരും ചരിത്രകാരന്മാരും പ്രവാചക ജീവിതത്തെ വായിക്കുകയും ചരിത്രത്തിനും സംസ്‌കാരത്തിനും മനുഷ്യനാഗരികതക്കും ഇസ്‌ലാമും പ്രവാചകനും നല്‍കിയ സംഭാവനകളെക്കുറിച്ച് എഴുതുകയും ചെയ്തിട്ടുണ്ട്. പ്രവാചകന്റെ അധ്യാപനങ്ങളോട് പല നിലക്കും വിയോജിപ്പ് പുലര്‍ത്തിക്കൊണ്ടു തന്നെ ചരിത്രത്തെ ചരിത്രമായി കാണാനുള്ള ബുദ്ധിപരമായ സത്യസന്ധത അവര്‍ക്കുണ്ടായിരുന്നു. ഈ ഗുണം തൊട്ടു തീണ്ടിയിട്ടില്ലാത്തവരാണ് നമ്മുടെ നാട്ടിലെ സൈബര്‍ നാസ്തികര്‍ ഏതാണ്ടെല്ലാവരും. ത്യാഗവും കഷ്ടപ്പാടുകളും മര്‍ദനങ്ങളും പരീക്ഷണങ്ങളും പലായനവും രാഷ്ട്ര സ്ഥാപനവും യുദ്ധവും സന്ധിയും വിജയവും വിട്ടുവീഴ്ചയും സ്‌നേഹവും കാരുണ്യവും എല്ലാം ഉള്‍ച്ചേര്‍ന്ന പ്രവാചകന്റെ വൈവിധ്യമാര്‍ന്ന ജീവിതത്തില്‍നിന്നും വ്യക്തിത്വത്തില്‍നിന്നും അവര്‍ക്ക് കണ്ടെടുക്കാന്‍ കഴിയുക കുറേ വിവാഹങ്ങളുടെയും സൈനികാക്രമണങ്ങളുടെയും കുറിപ്പടി മാത്രം. മക്കയിലെ ബഹുദൈവാരാധകര്‍ പ്രവാചകനേക്കാള്‍ സഹിഷ്ണുതയുള്ളവരായിരുന്നുവെന്നും ഏകപക്ഷീയമായ യുദ്ധങ്ങളിലൂടെയും കടന്നാക്രമണങ്ങളിലൂടെയും പ്രവാചകന്‍ അവരെ കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നും നട്ടാല്‍ മുളയ്ക്കാത്ത നുണ പറയുന്നവരോട് ഏതു തരത്തിലുള്ള സംവാദമാണ് സാധ്യമാവുക? അന്നത്തെ അറബികള്‍ക്ക് അറിയാവുന്ന അന്ധവിശ്വാസങ്ങളും കെട്ടുകഥകളും മാത്രമേ ഖുര്‍ആനില്‍ ഉള്ളൂ എന്ന സാമാന്യബുദ്ധിക്ക് നിരക്കാത്ത വങ്കത്തം പറയുന്നവരോട് എങ്ങനെയാണ് ബുദ്ധിപരമായി സംവദിക്കുക?
വിവാഹത്തെ ലൈംഗികതയിലേക്ക് ചുരുക്കുന്നവര്‍ പ്രവാചകന്റെ വിവാഹങ്ങളെയും അതേ രീതിയില്‍ കാണുന്നതില്‍ അത്ഭുതമില്ല. പ്രവാചകന്റെയും ആഇശ ബീവിയുടെയും പ്രായം മാത്രമേ അവരുടെ സങ്കല്‍പത്തില്‍ വരികയുള്ളൂ. അവരുടെ ദാമ്പത്യ ജീവിതത്തിന്റെ മഹത്വവും മസൃണതയും മനസ്സിലാവണമെങ്കില്‍ ആണ്ടുറഞ്ഞുപോയ പ്രവാചകവിരോധത്തില്‍നിന്ന് മനസ്സിനെ തെല്ലെങ്കിലും മുക്തമാക്കണം. പ്രവാചകനുമൊത്തുള്ള ദാമ്പത്യ ജീവിതത്തിലൂടെ മുസ്‌ലിം സമൂഹത്തിന് മാതൃകയായ പണ്ഡിത ശ്രേഷ്ഠയായി ആഇശ വളര്‍ന്നതെങ്ങനെ എന്ന് മനസ്സിലാവാന്‍ പീഡോഫീലിയയെക്കുറിച്ച വിക്കിവിവരങ്ങള്‍ മാത്രം പോരാ. പ്രവാചകന്റെ ഓരോ വിവാഹങ്ങളുടെയും ചരിത്രവും പശ്ചാത്തലവും ഉദ്ദേശ്യലക്ഷ്യങ്ങളും വിവരിക്കുന്ന എത്രയോ വീഡിയോകളും ലേഖനങ്ങളും മലയാളത്തില്‍ തന്നെ ലഭ്യമാണ്. നബിയുടെ വിവാഹങ്ങളെക്കുറിച്ച് നിരന്തരം വിമര്‍ശനമുന്നയിക്കുന്ന ഒരു നാസ്തികനും ഇന്നേ വരെ അതിനൊന്നും വസ്തുനിഷ്ഠമായി മറുപടി നല്‍കിയിട്ടില്ല. ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന പ്രവാചകനെയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും നീചമായ ഭാഷയില്‍ താറടിക്കാന്‍ ശ്രമിക്കുന്നവരുമായി എങ്ങനെയാണ് ക്രിയാത്മകമായ ആശയസംവാദം സാധ്യമാവുക? സംഘ് പരിവാറിന്റെ ഭാഷ കടമെടുത്ത് മുസ്‌ലിംകളെ മുഴുവന്‍ ഭീകരവാദികളും വര്‍ഗീയവാദികളുമായി ചിത്രീകരിക്കുകയും ഭരണകൂടത്തിന്റെ മുസ്‌ലിംവിരുദ്ധ അജണ്ടകള്‍ക്ക് നവനാസ്തിക ന്യായീകരണങ്ങള്‍ ചമയ്ക്കുകയും ചെയ്യുന്ന ഇസ്‌ലാമോഫോബുകളോട് ഏതു തരത്തിലുള്ള സംവാദമാണ് സാധ്യമാവുക?
ഇത്തരം ഒരു പരിസരത്ത് ഇസ്‌ലാം - നാസ്തിക സംവാദം അസാധ്യവും അര്‍ഥശൂന്യവുമാണെന്ന് അറിഞ്ഞിട്ടും മുസ്‌ലിം പണ്ഡിതന്മാര്‍ എന്തിനാണ് നാസ്തികരുടെ വിലകുറഞ്ഞ ഇസ്‌ലാം വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സമയം മെനക്കെടുത്തുന്നത്? സത്യാനന്തര കാലം എന്ന് തെറ്റായോ ശരിയായോ വിളിക്കപ്പെടുന്ന ഈ സോഷ്യല്‍ മീഡിയാ കാലത്ത് നുണകള്‍ക്ക് വന്‍ വിപണന സാധ്യതയും സ്‌ഫോടനാത്മകതയും ഉണ്ട് എന്നതാണ് അതിന് കാരണം. സത്യം ചെരിപ്പു ധരിക്കുമ്പോഴേക്കും അസത്യം കാതങ്ങള്‍ സഞ്ചരിച്ചുകഴിഞ്ഞിരിക്കും എന്ന് പറയാറുണ്ടല്ലോ. അതുകൊണ്ട് സമൂഹത്തിന്റെ ഭദ്രമായ നിലനില്‍പിനു വേണ്ടി നാസ്തികരുടെ സാമൂഹികവിരുദ്ധ പ്രചാരണങ്ങള്‍ക്ക് തടയിടേണ്ടത് അനിവാര്യമായിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ നാസ്തികര്‍ നടത്തിക്കൊണ്ടിരുന്ന ഇസ്‌ലാം വിരുദ്ധ പ്രചാരവേലകളെ കുറേ കാലം മുസ്‌ലിംകള്‍ അവഗണിക്കുകയായിരുന്നു. അപ്പോഴൊക്കെ തങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് ഇസ്‌ലാമിക പക്ഷത്തിന് മറുപടിയില്ല എന്ന് അവകാശപ്പെട്ടുകൊണ്ട് ഒഴിഞ്ഞ ഗോള്‍ പോസ്റ്റിലേക്ക് തുരുതുരാ പന്ത് അടിച്ചുകയറ്റുകയായിരുന്നു വിമര്‍ശകര്‍. സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്ന മുസ്‌ലിം ചെറുപ്പക്കാരും പണ്ഡിതന്മാരും പ്രതികരിക്കാന്‍ തുടങ്ങിയതോടെ മുസ്‌ലിംകള്‍ പരിഭ്രാന്തരായി മറുപടി പറയുന്നു എന്നായി പരിദേവനം!
പടിഞ്ഞാറന്‍ നവനാസ്തികരുടെ ഇസ്‌ലാമോഫോബിക് നിലപാടുകള്‍ക്കും അതിനെതിരെ നാസ്തികര്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്തു നിന്നുള്ള വിമര്‍ശനങ്ങള്‍ക്കുമിടയില്‍, ഗൗരവമുള്ള ഇസ്‌ലാം - നാസ്തിക സംവാദങ്ങള്‍ പടിഞ്ഞാറന്‍ ലോകത്ത് ഇപ്പോഴും നടക്കുന്നുണ്ട്. മതം, ദൈവം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ നടക്കുന്ന ധൈഷണിക സംവാദങ്ങളാണ് അവ. കേരളത്തില്‍ യുക്തിവാദം എന്ന പേരില്‍ നാസ്തിക ചിന്താഗതികള്‍ പ്രചാരത്തില്‍ വന്ന ആദ്യ കാലങ്ങളില്‍ ഇത്തരം സംവാദങ്ങള്‍ നടന്നിരുന്നു. പക്ഷേ, ഇന്ന് കഥ മാറി. ആഗോളാടിസ്ഥാനത്തില്‍ ആസൂത്രിതമായി നടത്തപ്പെടുന്ന ഇസ്‌ലാം / മുസ്‌ലിം വിരുദ്ധ കാമ്പയിന്റെ ഭാഗമായി കേരളത്തിലും മുസ്‌ലിം വിരുദ്ധ പൊതുബോധം ശക്തിപ്പെടുത്താന്‍ അഹോരാത്രം പണിയെടുക്കുന്നവരാണ് യുക്തിവാദികള്‍ എന്ന പേരില്‍ ഇപ്പോഴും അറിയപ്പെടുന്ന ഇവിടത്തെ നാസ്തികര്‍. പല കാരണങ്ങളാല്‍ ഇസ്‌ലാം വിട്ട് കടുത്ത ഇസ്‌ലാം വിരുദ്ധരായി മാറിയ കുറച്ച് ആളുകളെ മുന്നില്‍ നിര്‍ത്തിയുള്ള ഈ കാമ്പയിന്റെ പിന്നില്‍ ഒട്ടും രഹസ്യമല്ലാത്ത മുസ്‌ലിംവിരുദ്ധ അജണ്ടകളുണ്ട്. രവിചന്ദ്രനെപ്പോലുള്ള കേരളത്തിലെ നവനാസ്തികര്‍ക്ക് സംഘ് പരിവാറിനോടുള്ള ആഭിമുഖ്യം അവരുടെ തന്നെ വാക്കുകളിലൂടെയും നിലപാടുകളിലൂടെയും തെളിയിക്കപ്പെട്ടുകഴിഞ്ഞതാണ്. ഈയൊരു പശ്ചാത്തലത്തിലാണ് കേരളീയ നാസ്തികതയുടെ ഇസ്‌ലാം വിരുദ്ധതയും സാമൂഹിക വിരുദ്ധതയും കൂടുതല്‍ ഗര്‍ഹണീയമായി മാറുന്നത്.
മുഹമ്മദ് നജീബ് ചൂണ്ടിക്കാണിച്ചതു പോലെ, നാസ്തികത തീര്‍ത്തും നിഷേധാത്മകമായ ഒരു ദര്‍ശനമാണ്. ദൈവവിശ്വാസത്തെയും മതവിശ്വാസത്തെയും മതങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെയും എതിര്‍ക്കുക എന്നതിലുപരി മതത്തിന് ബദലായ ഒരു ചിന്താപദ്ധതിയോ ജീവിതരീതിയോ ഒരു കാലത്തും അത് മുന്നോട്ടു വെച്ചിട്ടില്ല. സമൂഹത്തില്‍ അതിന്റെ സ്വാധീനവും നിഷേധാത്മകമാണ്. അതുകൊണ്ടാണ് മതത്തില്‍നിന്നും നാസ്തികതയില്‍ എത്തിപ്പെടുന്ന പലരും ജീവിതത്തില്‍ ലക്ഷ്യബോധമില്ലാത്തവരായി മാറുന്നത്. സ്വന്തം ദര്‍ശനദാരിദ്ര്യം കാരണം ഇസ്‌ലാമിന് മുന്നില്‍ ബുദ്ധിപരമായ ഒരു വെല്ലുവിളിയും ഉയര്‍ത്താന്‍ കഴിയാത്തതുകൊണ്ടാണ് ഇസ്‌ലാമിനെ വിമര്‍ശിക്കുമ്പോള്‍ നുണകളിലും പരിഹാസങ്ങളിലും അധിക്ഷേപങ്ങളിലും നാസ്തികര്‍ക്ക് അഭയം തേടേണ്ടി വരുന്നത്.
നാസ്തികരുടെ ഇസ്‌ലാം വിമര്‍ശനങ്ങള്‍ക്ക് ചില ഗുണവശങ്ങളും ഉണ്ടെന്ന കാര്യം കാണാതെ പോകരുത്. പരിഹാസങ്ങള്‍ കൊണ്ടും അധിക്ഷേപങ്ങള്‍ കൊണ്ടും ഒരു ആശയത്തെയും തകര്‍ക്കാന്‍ കഴിയില്ല എന്ന് എല്ലാവര്‍ക്കും അറിയാം. നേരെമറിച്ച് ഇത്രമേല്‍ വിമര്‍ശിക്കപ്പെടുകയും അപഹസിക്കപ്പെടുകയും ചെയ്യുന്ന ഒരു മതത്തെയും അതിന്റെ പ്രവാചകനെയും കുറിച്ച് പഠിക്കാന്‍ നിഷ്പക്ഷമതികളായ കുറേ പേരെങ്കിലും തയാറാവാതിരിക്കുകയില്ല. സോഷ്യല്‍ മീഡിയയില്‍ ഇസ്‌ലാമിനെക്കുറിച്ച് നടക്കുന്ന ഇഴകീറിയ ചര്‍ച്ചകള്‍ ദുഷ്പ്രചാരണങ്ങള്‍ക്ക് അപ്പുറത്ത് ഇസ്‌ലാമിന്റെ യഥാര്‍ഥ മുഖം സത്യാന്വേഷികളെ ബോധ്യപ്പെടുത്താന്‍ സഹായകാവും. പക്ഷേ, ഇത് സാധിക്കണമെങ്കില്‍ നാസ്തികരുടെ തരംതാണ വിമര്‍ശനങ്ങള്‍ക്ക് അതേ ഭാഷയിലും ശൈലിയിലും മറുപടി പറയുന്നതിനു പകരം ഇസ്‌ലാമിക ദര്‍ശനത്തെയും ജീവിത മൂല്യങ്ങളെയും സമഗ്രമായും ആധികാരികമായും ആകര്‍ഷകമായും അവതരിപ്പിക്കാന്‍ മുസ്‌ലിംകള്‍ക്ക് കഴിയണം. മുസ്‌ലിം പക്ഷത്തു നിന്നുള്ള ഇസ്‌ലാമിന്റെ തെറ്റായ പ്രതിനിധാനങ്ങളും അബദ്ധജടിലവും ഔചിത്യബോധമില്ലാത്തതുമായ പ്രസ്താവനകളും പ്രഭാഷണങ്ങളുമാണ് നാസ്തികര്‍ക്ക് പലപ്പോഴും വളം വെച്ചു കൊടുക്കുന്നത് എന്ന യാഥാര്‍ഥ്യം നിഷേധിച്ചിട്ടു കാര്യമില്ല. മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനെ കൂടുതല്‍ ആഴത്തിലും പരപ്പിലും പഠിക്കാനും സ്വന്തം വിശ്വാസാദര്‍ശങ്ങളെക്കുറിച്ച് ശക്തമായ ബോധ്യങ്ങള്‍ രൂപപ്പെടുത്താനും അതിലൂടെ സമൂഹത്തിന്റെ മുമ്പില്‍ ഇസ്‌ലാമിനെ കൂടുതല്‍ നന്നായി അവതരിപ്പിക്കാനും അവസരമൊരുക്കുന്നു എന്നതാണ് ഇസ്‌ലാം വിമര്‍ശനത്തിലൂടെ നാസ്തികര്‍ ഇസ്‌ലാമിന് ചെയ്യുന്ന ഏറ്റവും വലിയ സേവനം.
Comments