മുറിവേറ്റവര്‍
കനലു പെരുക്കും അടുപ്പില്‍
ചുട്ടുപഴുക്കും ഇരുമ്പുകല്ലില്‍
എണ്ണതിളക്കും വറചട്ടിയില്‍
ചപ്പാത്തി പൂരി പത്തിരി
ബഹുസ്വരതകള്‍ വേവുന്നു
രണ്ടായോ നാലായോ
തുണ്ടംതുണ്ടമായി കീറിയിടണം
അണപ്പല്ലുകൊണ്ട് ഞെരിക്കാന്‍
അന്നനാളത്തില്‍ കിടന്നു കുതിരാന്‍...
വിഭജിക്കുമ്പോഴാണ് തകര്‍ക്കാനാവുക
ചപ്പാത്തിയെയും പൂരിയെയും,
ജനതയെയും
ബഹുസ്വരതയെയും
അങ്ങനെയാണ്
നാമൊക്കെയും മുറിവേറ്റ
ചപ്പാത്തിയും പൂരിയുമായിത്തീര്‍ന്നത്,
നിരന്തരം കടിയേല്‍ക്കുന്നത്.
'ചലോ ദില്ലി'
മുത്താറിയും ചോളവും
അരിയും ഗോതമ്പും
ഇന്നലെ മുതല്‍
സംസാരിക്കുന്ന ഭാഷ
എനിക്കൊട്ടുമേ മനസ്സിലാവുന്നില്ല.
ചെമ്പുപാത്രത്തില്‍ ഭദ്രമായി
അടച്ചുപൂട്ടിയിട്ടും അകറ്റിനിര്‍ത്തിയിട്ടും
ഒരാഴ്ചയിലേറെയായി
സംസാരം തുടരുന്നുണ്ടവര്‍.
അടുക്കളയും അടുപ്പുകല്ലും
അരകല്ലും ചോറ്റുപാത്രവും
പഞ്ചാബിയിലും ഹിന്ദിയിലും
മലയാളത്തിലൊഴികെ
മറ്റനേകം ഭാഷകളിലും
ആര്‍ക്കോ വേണ്ടി
മുദ്രാവാക്യം മുഴക്കുന്നു.
നേരം പുലര്‍ന്നു
അടുപ്പുകല്ല് കത്തിക്കുമ്പോള്‍
കണ്ടു; ഒഴിഞ്ഞ ചെമ്പുപാത്രങ്ങള്‍.
തൂവിപ്പോയ മുത്താറിയുടെ
കാലടികള്‍ പിന്തുടര്‍ന്നപ്പോള്‍
കണ്ടു; ദില്ലിയിലേക്കൊഴുക്ക്.
കര്‍ഷകര്‍ക്കു വേണ്ടി തിളക്കുന്നു
ഇന്നലെ വരെ എന്റെ
അടുക്കളയില്‍ വേവാനിരുന്ന
ധാന്യമണികള്‍....
Comments