വേണം ഒരു കേരള മുസ്‌ലിം ഗവേഷണ പഠനകേന്ദ്രം
കേരള മുസ്‌ലിം ജീവിതം ഏറെ ഗവേഷണസാധ്യതയുള്ള വിഷയമാണ്. പാരമ്പര്യത്തിന്റെ ഇന്നലെകളില്‍ നിന്ന് ആധുനികതയുടെയും ഉത്തരാധുനികതയുടെയും ഇന്നിലേക്ക് കടന്ന കേരള മുസ്‌ലിം ജീവിതം ഗവേഷകരുടെ മുന്നില്‍ തുറന്നിടുന്ന സാധ്യതകള്‍ വലുതാണ്. ലോകത്തെ ഒട്ടുമിക്ക പാരമ്പര്യ സമൂഹങ്ങളുടെയും വികസന അജണ്ട തീരുമാനിക്കുന്നതില്‍ സ്വാധീനം ചെലുത്തിയ വ്യവഹാരം എന്ന നിലയില്‍ ആധുനികതയെ മുസ്‌ലിംകള്‍ എങ്ങനെ അഭിമുഖീകരിക്കുന്നു എന്ന അന്വേഷണം കൗതുകമുണര്‍ത്തും. മുസ്‌ലിം ജീവിതത്തെ മുച്ചൂടും ചൂഴ്ന്നുനില്‍ക്കുന്ന മതം നല്‍കിയ ഈടുവെപ്പുകളും ആധുനികത ചെലുത്തിയ മാറ്റങ്ങളും സാമൂഹിക ശാസ്ത്ര സങ്കേതങ്ങള്‍ ഉപയോഗിച്ച് പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്. ഭാവിയെ രൂപപ്പെടുത്താന്‍ ഈ അറിവുകള്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് അന്വേഷിക്കേണ്ടതുണ്ട്. സാമൂഹിക മൂലധന നിക്ഷേപത്തിന്റെ ഫലപ്രദമായ ഉപയോഗം സാധ്യമാക്കുന്നതിന് നിരന്തരമായ പഠനഗവേഷണങ്ങള്‍ ആവശ്യമാണ്. മുസ്‌ലിംകളുടെ സാമൂഹിക-സാംസ്‌കാരിക ജീവിതം ഓരോ ജില്ലയിലും വ്യത്യസ്തമാണ്. ഈ വ്യത്യസ്തതകള്‍ പഠനവിധേയമാക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ കേരള മുസ്‌ലിംകളുടെ സവിശേഷ ജീവിതാനുഭവങ്ങള്‍ രേഖപ്പെടുത്താനും ശേഖരിച്ചുവെക്കാനും പഠിക്കാനും പഠിപ്പിക്കാനുമായി ഒരു ഗവേഷണ പഠനകേന്ദ്രം സ്ഥാപിക്കേതു്.
കേരള മുസ്‌ലിം ജീവിതവുമായി ബന്ധപ്പെട്ട് പല പഠനഗവേഷണങ്ങളും നടന്നിട്ടുണ്ട്. രാജ്യത്തും വിദേശത്തുമുള്ള യൂനിവേഴ്‌സിറ്റികളില്‍ കേരള മുസ്‌ലിം ജീവിതത്തിന്റെ വിവിധ വശങ്ങളെപ്പറ്റി പ്രബന്ധങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ഗവേഷണങ്ങള്‍ നടന്നുവരുന്നുണ്ട്. കേരളത്തിലെ ചില യൂനിവേഴ്‌സിറ്റികളിലും കോളേജുകളിലും കേരള മുസ്‌ലിം ജീവിത പഠനത്തിനുള്ള സൗകര്യങ്ങള്‍ ഉണ്ട്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പുറത്ത് ഒരു സമ്പൂര്‍ണ ഗവേഷണ പഠനകേന്ദ്രം ആരംഭിക്കാനുള്ള ശ്രമങ്ങള്‍ പാതി വഴിയിലാണ്.
കേരള മുസ്‌ലിം പഠന കാര്യങ്ങളില്‍ തല്‍പരരായ അക്കാദമീഷ്യന്മാരും സാമൂഹിക നേതാക്കളും അടങ്ങുന്ന ഒരു ഗവേണിംഗ് ബോഡി ഇതിന്റെ നേതൃത്വം വഹിക്കണം. സ്ഥിരമായി പ്രവര്‍ത്തിക്കുന്ന ഒരു ഗവേഷണ വിഭാഗം ഈ കേന്ദ്രത്തില്‍ ഉണ്ടായിരിക്കണം. റിസര്‍ച്ച് ഗൈഡുകളും റിസര്‍ച്ച് അസോസിയേറ്റുകളും വേണം. വിവിധ പ്രോജക്ടുകള്‍ സ്വന്തമായി ഉള്ളതിനു പുറമെ സര്‍ക്കാറിന്റെയും മറ്റ് സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പ്രോജക്ടുകള്‍ ഏറ്റെടുത്ത് ഗവേഷണം നടത്തണം. ലോകത്തെ അറിയപ്പെടുന്ന യൂനിവേഴ്‌സിറ്റികളുമായും രാജ്യത്തെ യൂനിവേഴ്‌സിറ്റികളുമായും മറ്റ് ഗവേഷണ കേന്ദ്രങ്ങളുമായും അക്കാദമിക് സഹകരണം തേടണം. കേരള മുസ്‌ലിംകളെ പറ്റി നിലവിലുള്ള സ്ഥിതിവിവരക്കണക്കുകളുടെ ശേഖരം ഈ ഗവേഷണ വിഭാഗം സൂക്ഷിക്കണം.
കേരള മുസ്‌ലിംകളുമായി ബന്ധപ്പെട്ട് പുറത്തു വന്നിട്ടുള്ള എല്ലാ പുസ്തകങ്ങളും പഠനങ്ങളും മറ്റ് പ്രസിദ്ധീകരണങ്ങളും ശേഖരിച്ചിട്ടുള്ള വിപുലമായ ലൈബ്രറി ഈ ഗവേഷണ കേന്ദ്രത്തിന്റെ പ്രത്യേകതയായിരിക്കണം. റിസോഴ്‌സ് ഷെയറിംഗിനു വേണ്ടി 'ഇന്റര്‍ ലൈബ്രറി ലോണ്‍' സംവിധാനം ഒരുക്കണം. വിവിധ വിഷയങ്ങളിലെ വിദഗ്ധരുടെ ബയോഗ്രഫി ശേഖരിച്ച് വായനക്കാര്‍ക്ക് ലഭ്യമാക്കുന്ന 'ഇന്‍വിസിബിള്‍ കോളേജ്' എന്ന സംവിധാനം ഒരുക്കണം. മറ്റു ഭാഷകളിലെ പുസ്തകങ്ങള്‍ ലഭ്യമാക്കാനായി 'ട്രാന്‍സ്‌ലേഷന്‍ സര്‍വീസ്' ഈ ലൈബ്രറിയില്‍ ഉണ്ടാകണം.
ആധികാരിക ഗവേഷണ കേന്ദ്രമെന്ന സ്വപ്‌നം പൂവണിയുന്നതിന് നിരവധി തലങ്ങളില്‍ പ്രവര്‍ത്തനം ആവശ്യമാണ്. ആശയ രൂപീകരണത്തിനും പ്രോജക്റ്റ് തയാറാക്കാനും വിദഗ്ധര്‍ വേണം. സംഘടനാ പക്ഷപാതിത്വങ്ങള്‍ക്കതീതമായി ഈ ദൗത്യം ഏറ്റെടുക്കാന്‍ ഒരു സംഘം രംഗത്തു വരണം. കേരള മുസ്‌ലിം ചരിത്രത്തിലെ എക്കാലത്തെയും കനപ്പെട്ട ഈടുവെപ്പായി, ഒരു ധൈഷണിക മുന്നേറ്റത്തിന് നേതൃത്വം കൊടുക്കാന്‍ കഴിയുന്ന സ്ഥാപനമായി അതിന് മാറാന്‍ കഴിയണം.
പ്രഫ. എ.എം റശീദ്, ഈരാറ്റുപേട്ട
(നെടുങ്കണ്ടം എം.ഇ.എസ് കോളേജ് പ്രിന്‍സിപ്പല്‍)
വ്യക്തിയുടെ മുടക്കുമുതലിന് ഗ്യാരന്റി വേണ്ടതില്ലേ?
'പ്രശ്‌നവും വീക്ഷണവും' പംക്തിയില്‍ (ലക്കം 32) 'കൂട്ടുസംരംഭങ്ങളിലെ ഉപാധികള്‍' എന്ന തലക്കെട്ടില്‍ ചോദ്യകര്‍ത്താവിന് നല്‍കിയ വിശദീകരണങ്ങള്‍ വ്യക്തമായിരുന്നെങ്കിലും അതിന്റെ ഒടുവില്‍ നാലാമത്തെ തത്ത്വമായി പറഞ്ഞ കാര്യം ചോദ്യകര്‍ത്താവിനെ മാത്രം ഉദ്ദേശിച്ചതാണെങ്കില്‍ യോജിക്കാമെങ്കിലും അതിനെ കൂട്ടുസംരംഭങ്ങള്‍ എന്ന പേരില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന എല്ലാറ്റിലേക്കും മൊത്തമായി ബാധകമാക്കുമ്പോള്‍ ചില പ്രശ്‌നങ്ങളുണ്ട്.
ഒരു സംരംഭകന്‍ തന്റെ ബിസിനസ് വിപുലപ്പെടുത്താനായി വായ്പയോ ഷെയറോ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായേക്കാം. പരമ്പരാഗത ബാങ്കുകളില്‍നിന്ന് വായ്പ സ്വീകരിക്കുകയാണെങ്കില്‍, അത് ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നത്തിന് വിലനിശ്ചയിക്കുമ്പോള്‍ ഉല്‍പ്പന്നത്തിന്റെ വിലയുടെ മേല്‍ ലാഭവും വായ്പയുടെയും പലിശയുടെയും ശതമാനവും ചേര്‍ക്കേണ്ടി വരും. അപ്പോള്‍ ഉല്‍പ്പന്നത്തിന് ഉയര്‍ന്ന വിലയിടേണ്ടി വരും. ആ ബിസിനസ് തുടര്‍ന്ന് കൊണ്ടുപോകാന്‍ കഴിയാതെ വരുമ്പോള്‍ അത് കൂപ്പുകുത്തുകയോ അടച്ചുപൂട്ടുകയോ ചെയ്യുകയാണെങ്കില്‍ മുടക്കുമുതലായ വായ്പയും അതിന്റെ പലിശയും കൂടാതെ അടവു തെറ്റിയതിനാല്‍ കൂട്ടുപലിശയും തിരിച്ചടക്കേണ്ടി വരും. ഇത്തരത്തിലുള്ള കഴുത്തറപ്പന്‍ നിയമങ്ങളില്‍ അധിഷ്ഠിതമായിട്ടാണ് പരമ്പരാഗത ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഇതില്‍നിന്ന് വ്യത്യസ്തമായി, അല്‍പ്പം ആശ്വാസം നല്‍കുന്ന രീതിയിലാണ് പലിശരഹിത സംരംഭങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതില്‍നിന്ന് വായ്പ എടുക്കുമ്പോള്‍ അതിനെ ഷെയറായിട്ടാണ് പരിഗണിക്കുന്നത്. അതിനാല്‍ തന്നെ സംരംഭകനും ഇസ്‌ലാമിക ബാങ്കും ഒന്നിച്ചാണ് സ്ഥാപനം നടത്തുന്നത്. അതിന്റെ പ്രധാന ഉപാധി ലാഭത്തിലും നഷ്ടത്തിലും പങ്കാളിത്തം എന്നതാണ്. സ്ഥാപനം നല്ല നിലക്ക് നടക്കുമ്പോഴുണ്ടാകുന്ന ലാഭത്തില്‍ ഇരുകൂട്ടരും നിശ്ചിത ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ പങ്കാളിത്തം വഹിക്കുന്നു. ഇനി കോവിഡ് പോലുള്ള മഹമാരിയോ പ്രളയമോ മാന്ദ്യമോ വരികയാണെങ്കില്‍ സ്ഥാപനം പൊതുവെ നഷ്ടത്തിലായിരിക്കും. ഇതിനെയാണ് ലാഭത്തിലും നഷ്ടത്തിലും പങ്കാളിത്തമായി കാണേണ്ടത്. ഇനി സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ അടച്ചുപൂട്ടേണ്ടിവന്നാല്‍ എത്രയാണോ ഇസ്‌ലാമിക ബാങ്കില്‍നിന്നും മുടക്കുമുതലായി വാങ്ങിയത് അത് മാത്രമേ തിരിച്ചടക്കേണ്ടതുള്ളൂ. പലിശയോ കൂട്ടുപലിശയോ തിരിച്ചടക്കേണ്ടതില്ല. ഇത് സംരംഭകനെ സംബന്ധിച്ചേടത്തോളം വലിയ ആശ്വാസമാണ്. അബു ശാകിറിന്റെ 'പലിശയും പലിശരഹിത ബാങ്കിംഗും' എന്ന ചെറുകൃതിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്‌ലാമിക ബാങ്കുകളില്ലാത്ത രാജ്യത്ത് സംരംഭങ്ങള്‍ നടത്താനും വിപുലമാക്കാനുമായി വായ്പക്കായി ഇതര ബാങ്കുകളെ സമീപിക്കുന്നതിനു പകരം വ്യക്തികളില്‍നിന്ന് ഷെയര്‍ സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകളും ഇതു തന്നെയാണ്. സ്ഥാപനം നല്ല നിലക്ക് നടക്കുമ്പോള്‍ ഇരുകൂട്ടര്‍ക്കും ലാഭം നിശ്ചിത ശതമാനമനുസരിച്ച് പങ്കുവെക്കാം. എന്നാല്‍ സ്ഥാപനം നഷ്ടത്തിലാണെങ്കില്‍ അതിലും പങ്കാളിത്തം വഹിക്കേണ്ടതാണ്. ചിലപ്പോള്‍ മാസങ്ങളോ വര്‍ഷമോ നഷ്ടത്തിലായേക്കാം. ഇവിടെ മുതല്‍ മുടക്കിയ പങ്കാളികളും നഷ്ടത്തിലും പങ്കാളിത്തം വഹിക്കേണ്ടി വരും. ഇതാണ് ലാഭത്തിലും നഷ്ടത്തിലും പങ്കാളിത്തം എന്ന ഉപാധി.
എന്നാല്‍ സ്ഥാപനം നഷ്ടത്തില്‍നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തി അടച്ചുപൂട്ടേണ്ടി വന്നാല്‍ എത്രയാണോ ആ സ്ഥാപനത്തിലേക്ക് പങ്കാളിത്ത മുതല്‍ എന്ന പേരില്‍ മുതല്‍ മുടക്കിയത് അത് മാത്രമേ തിരിച്ചടക്കേണ്ടതുള്ളൂ. വ്യക്തികളില്‍നിന്നും ലഭിച്ച ഷെയറായതിനാല്‍, ആ നിശ്ചിത തുക മാത്രമേ തിരിച്ചടക്കേണ്ടതുള്ളൂ. പലിശയോ കൂട്ടുപലിശയോ തിരിച്ചടക്കേണ്ടതില്ല. താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും:
1. അന്യരുടെ കാശ് കടം വാങ്ങുന്നത് സംബന്ധിച്ച് റസൂല്‍ (സ) പറഞ്ഞിരിക്കുന്നത്, 'കടം വളരെ അത്യാവശ്യമായി മാത്രമേ വാങ്ങാന്‍ പാടുള്ളൂ' എന്നാണ്.
2. ലാഭം തരാം എന്ന് മറ്റുള്ളവരെ പ്രലോഭിപ്പിച്ചിട്ട്, അന്യരില്‍നിന്നും യഥേഷ്ടം മുടക്കുമുതല്‍ എന്ന പേരില്‍ വാങ്ങാതിരിക്കുക. തനിക്ക് തിരിച്ചടക്കാനുള്ള ആസ്തിയും ശേഷിയും എത്രയെന്ന് തിരിച്ചറിഞ്ഞ് അതിന് തുല്യമായ ഷെയര്‍ മാത്രമേ പുറത്തു നിന്ന് സ്വീകരിക്കാന്‍ പാടുള്ളൂ.
3. ലാഭത്തിലും നഷ്ടത്തിലും പങ്കാളിത്തം എന്ന ഉപാധി കര്‍ശനമായി പാലിക്കണം. എന്ത് നഷ്ടമുണ്ടെങ്കിലും മുതല്‍ മുടക്കിയവര്‍ക്ക് മാസം കൃത്യമായി ലാഭമെന്ന പേരിലുള്ള വിഹിതം ലഭിച്ചിരിക്കണം എന്ന നിലപാട് അംഗീകരിക്കില്ലെന്നും മറിച്ച് ദീര്‍ഘകാലം സ്ഥാപനം നഷ്ടമാണെങ്കില്‍ പോലും അതും സഹിക്കാന്‍ തയാറാവണമെന്നും മുതല്‍ മുടക്കുന്നവരെ ബോധ്യപ്പെടുത്തണം. അതുപോലെ ഓഡിറ്റ് ഇരുകൂട്ടര്‍ക്കുമിടയില്‍ സുതാര്യമായിരിക്കണം.
4. കടമായാലും ഷെയറായാലും സംരംഭകനെ സംബന്ധിച്ച് അത് അന്യരുടെ കാശാണ്. അത് എഴുതിത്തള്ളാന്‍ സംരംഭകന് അവകാശമില്ല. ഇസ്‌ലാമികദൃഷ്ട്യാ അത് ചെയ്യാന്‍ കാശ് നല്‍കിയവനു മാത്രമേ അവകാശമുള്ളൂ.
5. സംരംഭകന്‍ സ്ഥാപനം നല്ല നിലയില്‍ നടത്തുമ്പോഴും ഒരു നിശ്ചിത ശതമാനം ലാഭം മാത്രമേ സ്ലീപ്പിംഗ് പാര്‍ട്ട്ണര്‍ക്ക് ലഭിക്കുകയുള്ളൂ. എന്നാല്‍ ലാഭത്തില്‍ ഏറ്റവും കൂടുതല്‍ വിഹിതം എടുക്കുന്നത് സംരംഭകനായിരിക്കും. കാരണം അതിലെ റിസ്‌ക് മുഴുവനും വഹിക്കുന്നത് നടത്തിപ്പുകാരനാണ്. എന്നാല്‍ നഷ്ടമുള്ള സമയത്ത് നടത്തിപ്പുകാരനും മുതല്‍ മുടക്കുന്നവനും തുല്യമായ ശതമാനമാണ് വഹിക്കേണ്ടത്.
ഇവിടെ ഇത് വിശദീകരിക്കുന്നത്, നിലവില്‍ ലാഭത്തിലും നഷ്ടത്തിലും പങ്കാളിത്തം എന്ന ലേബലോടെ വ്യക്തികളില്‍നിന്നും മുടക്കുമുതല്‍ വലിയ തോതില്‍ സ്വീകരിക്കുകയും എന്നാല്‍ മുടക്കുമുതല്‍ അന്യരുടേതാണെന്ന യാതൊരു ഉത്തരവാദിത്വബോധവും ഇല്ലാതെ, സ്ഥാപനത്തിന് ഒരു ചെറിയ നഷ്ടം സംഭവിക്കുമ്പോള്‍, അതിനെ എങ്ങനെ നല്ല നിലക്ക് നടത്താം എന്ന നിലക്കുള്ള കൂട്ടായ ശ്രമങ്ങള്‍ക്കൊന്നും മുതിരാതെ, ലാഭത്തിലും നഷ്ടത്തിലും പങ്കാളിത്തം എന്ന പേരില്‍ മുടക്കുമുതല്‍ തിരിച്ചു നല്‍കാതിരിക്കുകയും ചെയ്യുന്ന പ്രവണതയാണുള്ളത് എന്നതിനാലാണ്. ചിലരുടെ ഫത് വകളാണ് അതിന് പിന്‍ബലം. പലര്‍ക്കും ഇങ്ങനെ സമ്പത്ത് നഷ്ടപ്പെടുന്നു.
ഈയിടെയായി ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ചില മലയാളികള്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ സ്വന്തമായി കാശില്ലെങ്കില്‍, നിലവിലുള്ള ബാങ്കുകളെയോ അല്ലെങ്കില്‍ ഇസ്‌ലാമിക ബാങ്കുകളെയോ സമീപിക്കാതെ, അത്തരം ബാങ്കുകളുടെ ഫോര്‍മാലിറ്റീസ് ഒന്നും നേരിടാന്‍ മിനക്കെടാതെ, ചുളുവില്‍ വ്യക്തികളില്‍നിന്ന് പ്രലോഭനങ്ങളിലൂടെ ഷെയറെന്ന പേരില്‍ പണം സ്വീകരിക്കുന്നുണ്ട്. പരമ്പരാഗത ബാങ്കുകളിലേക്ക് പലിശയും കൂട്ടുപലിശയും ഇസ്‌ലാമിക ബാങ്കുകളിലേക്ക് മുടക്കുമുതലും തിരിച്ചടക്കേണ്ടി വരുമല്ലോ. വ്യക്തികളില്‍നിന്നാണ് പണമെങ്കില്‍ ഇത്തരം ശറഈ വ്യാഖ്യാനങ്ങളുടെ മറവില്‍ മുടക്കുമുതല്‍ പോലും തിരിച്ചടക്കാതെ മുങ്ങുന്ന ചിത്രമാണ് ഈ മേഖലകളില്‍ ഒന്ന് പരതിയാല്‍ കാണാന്‍ കഴിയുക. ഇത് ഏതു വിധേനയും തടയേണ്ടതാണ്. ഇക്കാര്യത്തില്‍ പണ്ഡിതന്മാരുടെ ശ്രദ്ധ പതിയേണ്ടതുണ്ട്.
അബൂബക്കര്‍ സിദ്ദീഖ് പറവണ്ണ
Comments