കറുത്ത രാത്രികള്‍
ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വിധി പത്രങ്ങളില്‍ വായിച്ച രാത്രി അശ്ഫാഖ് അഹ്മദ് ഉറങ്ങിയിരുന്നില്ല. കുഞ്ഞി വാട്‌സ്ആപ്പില്‍ മെസേജ് ഇട്ടിരുന്നു. രാത്രി പന്ത്രണ്ടു മണിവരെ ഉറങ്ങരുതെന്ന്. 12.01-നാണ് അവളുടെ സ്റ്റാറ്റസ് കണ്ടത്. ഹാപ്പി ബര്‍ത്ത് ഡേ ഉപ്പച്ചി. മുകളിലുള്ള മുറിയിലെ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ ആകാശം കരിമ്പടം പുതച്ചുറങ്ങുന്നു. അശ്ഫാഖ് അഹ്മദിന്റെ മനസ്സ്, ആലോചനകളുടെ പൊള്ളലില്‍ വിങ്ങി.
ഡിസംബര്‍ 5-ന് രാത്രി ഫൈസാബാദിലെ, ഹോട്ടല്‍ കോഹിനൂര്‍ പാലസില്‍ റൂം അന്വേഷിച്ചു ചെന്നപ്പോള്‍ കാമറയിലേക്ക് നോക്കി റിസപ്ഷനിസ്റ്റ് പറഞ്ഞു:
കമരാ സബ് ഫുള്‍ ഹൈ സാബ്.
കാമറ ബാഗിനകത്ത് വെക്കാന്‍ നിര്‍ദേശിച്ചതു റിപ്പോര്‍ട്ടര്‍ പ്രകാശനാണ്. സദാ തോളില്‍ തൂങ്ങിക്കിടന്നിരുന്ന കാമറ ഒളിച്ചുകടത്തേണ്ടിവന്നത് അന്നാദ്യമായാണ്. ബാഗിലെ മുഷിഞ്ഞ വസ്ത്രങ്ങളില്‍ പൊതിഞ്ഞ് കാമറ വെച്ചപ്പോള്‍, കണ്ണില്‍ ഇരുട്ട് കയറി. നഗരം അപ്പോഴേക്കും തിരക്കിലമര്‍ന്നു കഴിഞ്ഞിരുന്നു. ട്രക്കുകളിലും ബസുകളിലും ചെറുവാഹനങ്ങളിലുമായി കടന്നല്‍ക്കൂട്ടങ്ങളെ പോലെ ആളുകള്‍ തെരുവിലിറങ്ങുകയാണ്. പ്രധാന പാതകളിലെല്ലാം ബാരിക്കേഡുകള്‍ വെച്ചിട്ടുണ്ട്. പത്തുവര്‍ഷം മുമ്പ് കണ്ട ഫൈസാബാദ് ഇപ്പോള്‍ കാണാനേയില്ല. ജയ്ശ്രീറാം വിളികളാല്‍ ബഹളമയമാണ് അന്തരീക്ഷം. പ്രകാശന്‍ ആരോടോ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഷാനേ അവധ് എന്ന ഹോട്ടല്‍ എവിടെയെങ്കിലും കാണുന്നുണ്ടോയെന്ന് പരതാനും പറയുന്നുണ്ട്. റിക്ഷകള്‍ തലങ്ങും വിലങ്ങും കൂട്ടിയിട്ട മൈതാനത്തിനപ്പുറം ഹോട്ടലിന്റെ ബോര്‍ഡ് കണ്ടു. ഭവ്യതയോടെ പാറാവുകാരന്‍ അകത്തേക്ക് ആനയിച്ചു. പ്രകാശന്റെ പരിചയത്തില്‍ പകുതി മലയാളിയായ ഫൈസാബാദ് റവന്യൂ ഡിവിഷണല്‍ ക്ലാര്‍ക്ക് വിളിച്ചുപറഞ്ഞിട്ടുണ്ടായിരുന്നു. ഗെയിറ്റ് കടന്നതും പ്രകാശന്‍ ചെവിയില്‍ പറഞ്ഞു: 'താങ്കളുടെ പേര് ഇനി കുറച്ചു ദിവസത്തേക്ക് അഭിഷേക് എന്നാണ്. റവന്യൂ ഡിവിഷണല്‍ ക്ലര്‍ക്കിന്റെ ഉത്തരവാണ്.'
അശ്ഫാഖിന് അതില്‍ പരാതിയോ പരിഭവമോ ഇല്ല. പഠനകാലത്തും പരിശീലനവേളയിലും പ്രഫഷണലിസം കാത്തുസൂക്ഷിക്കലാണ് ബുദ്ധി. മുറി തുറന്നുതന്ന് കുടിവെള്ളവും സോപ്പും മേശപ്പുറത്തു വെച്ച് താണു വണങ്ങി റൂം ബോയ് യാത്രയായി. മുകളിലായിരുന്നു മുറി. ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോള്‍ ആകാശത്തിന് കറുത്ത നിറമായിരുന്നു.
'അഭിഷേക് ഇനിയല്‍പ്പം വിശ്രമിക്കൂ. ഞാന്‍ ഭക്ഷണം വാങ്ങി വരാം.' പുറത്തിറങ്ങുന്നേരം പ്രകാശന്‍ വിളിച്ചുപറഞ്ഞു. അശ്ഫാഖിനെ രാത്രി പുറത്തിറക്കേണ്ടതില്ലായെന്ന് ക്ലര്‍ക്ക് ഉപദേശിച്ചുകാണും. നിരത്തിലൂടെ അപ്പോഴും വാഹനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു. അവക്കു ചുറ്റും പുഴുക്കളെപ്പോലെ മനുഷ്യരും. നിര്‍ത്തിയിട്ടിരിക്കുന്ന ലോറികളില്‍നിന്നും ഇരുമ്പ് ഉപകരണങ്ങള്‍ ഇറക്കുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. ഹോട്ടലിന്റെ മട്ടുപ്പാവില്‍ നിന്നു നോക്കിയാല്‍ വെളിച്ചത്തില്‍ കുളിച്ചു കിടക്കുന്ന നഗരം കാണാം.
ഫ്രഷ് ആവാമെന്ന് കരുതി ടോയ്‌ലറ്റില്‍ കയറിയപ്പോഴാണ് കോളിംഗ് ബെല്‍ ശബ്ദിക്കുന്നത്. തുടരെത്തുടരെ വാതിലില്‍ ആഞ്ഞുതട്ടുന്നുമുണ്ട്. വാതില്‍ തുറന്നതും കുറേ പേര്‍ അകത്തുകയറി.
അപ്പ് കേരളാവാലാ ഹൈ. അകേലേ ഹൈ. നാം ക്യാ ഹൈ.
അഷ്.... അഭിഷേക്.
പ്രകാശന്‍ പറഞ്ഞത് ഓര്‍ത്തെടുത്തു.
ടീക്ക് എന്നു പറഞ്ഞ് വാതില്‍ കൊട്ടിയടച്ച് അവര്‍ ഇറങ്ങിപ്പോയി. പുറത്തെ ബഹളങ്ങള്‍ ധൃതിയില്‍ നെഞ്ചിടിപ്പുകളായി. ആകെ വിയര്‍ത്തു തുടങ്ങിയെങ്കിലും പ്രകാശന്‍ പെട്ടെന്ന് തിരിച്ചെത്തിയത് ആശ്വാസമായി. പൊതി തുറന്ന് പൂരിയും ബാജിയും മേശപ്പുറത്തു വെച്ച്, പ്രകാശന്‍ പറഞ്ഞു:
'നാളെ രാവിലെ പുലര്‍ച്ചക്കു തന്നെ കര്‍സേവ ആരംഭിക്കും. നേതാക്കള്‍ എട്ടു മണിയോടെയേ അയോധ്യയിലെത്തൂ. ഇവിടെനിന്നും ആറു കിലോമീറ്റര്‍ ദൂരമുണ്ട്. മൂന്ന് മണിയോടെ നമുക്കിറങ്ങണം. നടന്നുവേണം അവിടെയെത്താന്‍. വേഗം ഉറങ്ങിക്കൊള്ളൂ.'
മനസ്സില്‍ മുറിവുകളുണ്ടാക്കിയ ഓര്‍മകള്‍ക്ക് ഇടവേള നല്‍കുന്നത് മെസ്സേജുകളുടെ ബീപ്പ് ശബ്ദമാണ്. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാര്യ മരണപ്പെട്ടതിനു ശേഷം മൊബൈലാണ് അശ്ഫാഖിന്റെ എല്ലാമെല്ലാം. കുഞ്ഞിയുടെ മെസ്സേജാണ് കൂടുതല്‍. മകള്‍ ഖൗലയുടെ കൂഞ്ഞാണ് അവള്‍. കലക്ടറേറ്റില്‍ സീനിയര്‍ സൂപ്രണ്ടാണ്. തിരക്കുള്ള ഉദ്യോഗം. ഫോണ്‍ വിളിച്ചാല്‍ പറയാനുള്ളതെല്ലാം ഭൂമി കൈയേറ്റങ്ങളും പതിച്ചുകൊടുക്കലുമൊക്കെയാണ്. ഇടക്ക് അയാളുടെ പേരില്‍ നഗരത്തിലുള്ള 30 സെന്റ് സ്ഥലം അവളുടെ പേരിലേക്ക് ധനനിശ്ചയാധാരം ചെയ്യുന്നതിനെ കുറിച്ചും സംസാരിക്കും. അവള്‍ക്കുള്ളത് ഭൂമിയുമായുള്ള ബന്ധങ്ങളാണ്.
പഴയ വാര്‍ത്തകളും എടുത്ത ഫോട്ടോകളുമടങ്ങുന്ന ഫയല്‍ മേശപ്പുറത്തു തന്നെയിരിപ്പുണ്ട്. അതില്‍നിന്ന് 28 വര്‍ഷം മുമ്പ് എഴുതിയ കത്ത് എടുത്ത് ഒരിക്കല്‍ കൂടി വായിച്ചു:
ബഹുമാനപ്പെട്ട പത്രാധിപര്‍ക്ക്,
ക്ഷേമം നേരുന്നു. 10-10-92 ലെ താങ്കളുടെ എഴുത്തിന്റെ അടിസ്ഥാനത്തില്‍, താങ്കളുടെ സ്ഥാപനത്തില്‍നിന്നും ഞാന്‍ ഇന്നേ ദിവസം രാജിവെച്ചതായി അറിയിക്കുന്നു. ഇതുവരെയുള്ള സ്‌നേഹത്തിനും സഹകരണത്തിനും നന്ദി. അംഗീകാരപത്രം സ്‌നേഹത്തോടെ തിരസ്‌കരിക്കുന്നു.
വിശ്വസ്തതയോടെ,
അശ്ഫാഖ് അഹ്മദ്,
ഫോട്ടോഗ്രാഫര്‍
12-12-92
കഴിഞ്ഞയാഴ്ചയാണ് ഒരു ചെറുപ്പക്കാരന്‍ ഇന്റര്‍വ്യൂ വേണമെന്നാവശ്യപ്പെട്ട് അശ്ഫാഖിനെ തേടിയെത്തിയത്. പ്രധാനമായും അയാള്‍ക്കു വേണ്ടിയിരുന്നത് ബാബരി മസ്ജിദ് തകര്‍ക്കുന്ന വേളയിലുള്ള ചിത്രങ്ങളായിരുന്നു. എല്ലാ ചിത്രങ്ങളും വീഡിയോയില്‍ പകര്‍ത്തുന്ന വേളയില്‍ അയാള്‍ ചോദിച്ചു:
'ജീവന്‍ പണയപ്പെടുത്തി താങ്കള്‍ എടുത്ത ഫോട്ടോകള്‍ എന്തുകൊണ്ട് താങ്കള്‍ ജോലി ചെയ്ത പത്രസ്ഥാപനം പ്രസിദ്ധീകരിച്ചില്ല?'
ഫയലുകളില്‍നിന്നും പത്രാധിപരുടെ കത്ത് അയാള്‍ ചികഞ്ഞെടുത്ത് പുറത്തുവെച്ചു.
പ്രിയപ്പെട്ട അശ്ഫാഖ്,
താങ്കളുടെ 9-12-92 ലെ കത്ത് ലഭിച്ചു. അതിസാഹസികമായി താങ്കള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്. പള്ളിയുടെ താഴികക്കുടങ്ങള്‍ തകര്‍ന്നുവീഴുന്ന രംഗങ്ങള്‍ ജീവന്‍ തുടിക്കുന്നതായിരുന്നു. അവ പ്രസിദ്ധീകരിച്ചാല്‍, രാജ്യത്തെ ക്രമസമാധാനനില താറുമാറാകുമോയെന്നാണ് മാനേജ്‌മെന്റിന്റെ ഉത്കണ്ഠ. താങ്കള്‍ക്ക് ഒരു അംഗീകാരപത്രം നല്‍കാന്‍ പത്രാധിപ സമിതി തീരുമാനമെടുത്തിട്ടുണ്ട്.
സഹകരണ പ്രതീക്ഷയോടെ,
പത്രാധിപര്‍
10-12-92.
ചിത്രമെടുക്കലില്‍നിന്നും അന്ന് പടിയിറങ്ങിയതാണ്. പലരും പലതവണ വിളിച്ചെങ്കിലും തിരിച്ചു കയറിയില്ല. അടുത്തുള്ള എ.ടി.എം കൗണ്ടറില്‍ സെക്യൂരിറ്റിയായി ജോലി നോക്കി. ആളുകള്‍ പണമെടുത്ത് പോക്കറ്റിലിട്ട് സന്തോഷിക്കുന്നതു കണ്ട് ജീവിതം കഴിച്ചുകൂട്ടി.
'എങ്ങനെയാണ് താങ്കള്‍ ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്?'
മസ്ജിദിന് തൊട്ടടുത്ത ഒരു ഉയര്‍ന്ന കെട്ടിടം, പ്രകാശന്‍ നേരത്തേ കണ്ടുവെച്ചിട്ടുണ്ടായിരുന്നു. അതിന്റെ മുകളില്‍ പുലര്‍ച്ചെ തന്നെ കയറി ഒളിച്ചിരുന്നു. അവിടെനിന്ന് നോക്കുമ്പോള്‍ കര്‍സേവകര്‍ കൂട്ടത്തോടെ ആര്‍ത്തലച്ചു വരുന്നതു കാണാം. അവര്‍ക്കാവേശം നല്‍കി നേതാക്കന്മാര്‍ തൊട്ടടുത്തു നില്‍ക്കുന്നുണ്ട്. താഴികക്കുടങ്ങളുടെ മുകളിലേക്ക് അത്യാവേശത്തോടെ ഇരച്ചുകയറുന്ന ഒരു ചെറുപ്പക്കാരനിലായിരുന്നു ഫോക്കസ്. ഖുബ്ബയെ പൊതിഞ്ഞുനില്‍ക്കുന്ന ആള്‍ക്കൂട്ടത്തിനിടയില്‍നിന്നും അയാളാണ് കൈയിലുള്ള ഹാമര്‍ ആദ്യമെടുത്തുയര്‍ത്തിയത്. തുടര്‍ന്ന് അയാളുടെ കൂട്ടുകാരും. പിന്നീട് പൊടിപടലങ്ങളാല്‍ കാഴ്ച മങ്ങി. മൂന്നു നാലു ചിത്രങ്ങളെടുക്കാനേ കഴിഞ്ഞുള്ളൂ. കെട്ടിടത്തില്‍നിന്നും താഴെയിറങ്ങാന്‍ ആയുധമേന്തിയ ജനക്കൂട്ടം ആവശ്യപ്പെടുന്നുണ്ടായിരുന്നു. താഴെയെത്തിയതും ആള്‍ക്കൂട്ടം കാമറ തട്ടിയെടുക്കുകയും ഹാമര്‍ കൊണ്ട് ലെന്‍സുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു.
'പക്ഷേ പിന്നെയെങ്ങനെ ചിത്രങ്ങള്‍ പുറംലോകം കണ്ടു?'
അത് ഫോട്ടോഗ്രാഫര്‍മാരുടെ അക്കാലത്തെ മിടുക്കായിരുന്നു. എടുത്ത ചിത്രങ്ങളുടെ ഫിലിം ഞൊടിയിടയില്‍ പോക്കറ്റിലാക്കിയിരുന്നു. ആള്‍ക്കൂട്ടാക്രമണങ്ങളില്‍നിന്നും രക്ഷപ്പെട്ട് വേഗം ഒരു കാറില്‍ ലഖ്‌നൗവിലെത്തി. ദില്ലിയിലേക്കുള്ള വിമാന ടിക്കറ്റ് പ്രകാശന്‍ നേരത്തേ തരപ്പെടുത്തിയിരുന്നു. അവിടെയെത്തിയുടന്‍ നാലു ചിത്രങ്ങള്‍ പ്രസിദ്ധീകരണത്തിനായി അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് പ്രകാശന്‍ വിളിച്ചപ്പോഴാണ് സംഭവങ്ങള്‍ അറിഞ്ഞത്. മസ്ജിദ് തകര്‍ക്കാന്‍ പാഞ്ഞെത്തിയ പാനിപ്പത്തുകാരന്‍ ബാല്‍ബര്‍ സിംഗിന്റെ ചിത്രമാണ് അശ്ഫാഖിന്റെ കാമറയില്‍ പതിഞ്ഞത്. അടുത്ത കെട്ടിടത്തില്‍നിന്നും ചിത്രമെടുത്തവനെ കൈയോടെ പിടിച്ചുകൊണ്ടുവരാന്‍ അയാള്‍ കല്‍പ്പിച്ചിരുന്നുവത്രെ.
ഞെട്ടലോടെയാണ് ഓര്‍മകളില്‍നിന്നുമുണര്‍ന്നത്. വലിയ അലര്‍ച്ചയോടെ കോളിംഗ് ബെല്‍ ശബ്ദിക്കുന്നു. വാതില്‍ തുറന്നതും കുഞ്ഞി കഴുത്തിലേക്ക് ചാടിക്കയറി. ഖൗലത്തും ഭര്‍ത്താവും ചിരിച്ചുകൊണ്ട് അകത്തേക്കും.
അബ്ബ ജനിച്ച ദിവസം അബ്ബയുടെ കൂടെ കൂടാന്‍ തീരുമാനിച്ചു.
കുഞ്ഞിയാ പറഞ്ഞത് അബ്ബയെ ഞെട്ടിക്കാന്‍ വെളുപ്പിനേ തന്നെയെത്തണമെന്ന്.
റോഡ് കാലിയായതിനാല്‍ പറന്നെത്താനും കഴിഞ്ഞു.
ബാഗില്‍നിന്നും ഖൗലത്ത് വലിയ ഒരു കവറെടുത്ത് മേശപ്പുറത്തു വെച്ചു. കുഞ്ഞി അത് വേഗത്തില്‍ തുറന്നു തുടങ്ങി. പുതിയ മോഡല്‍ കാനന്‍ ഇ.ഒ.എസ്. എം 200 കാമറ അവള്‍ പുറത്തെടുത്തു.
ഒന്നും മനസ്സിലാകാതെ അശ്ഫാഖ് തരിച്ചുനില്‍ക്കുമ്പോഴാണ് ഒരു കുറിപ്പെടുത്ത് കൈയില്‍ നല്‍കിയത്.
'അഭിഷേക്. ഇത് പ്രകാശനാണെടോ. എന്റെ വക തനിക്കുള്ള പിറന്നാള്‍ സമ്മാനം. ഓര്‍മകളില്‍ മുഴുകി ഉറക്കം വരാത്ത രാത്രികളുമായി കഴിയുന്ന തനിക്ക് ഇതല്ലാതെ മറ്റെന്തു തരാനാണ്? പള്ളി തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടതിന് ഞാന്‍ താങ്കളോട് മാപ്പു ചോദിക്കുകയാണ്. താങ്കളെനിക്ക് മാപ്പു നല്‍കുമോ.
പിന്നൊരു കാര്യം. നമ്മുടെ പാനിപ്പത്തുകാരന്‍ ബാല്‍ബര്‍ സിംഗിന്റെ ഇപ്പോഴത്തെ പേര് എന്താണെന്ന് തനിക്കറിയുമോ. മുഹമ്മദ് ആമിര്‍. ഇപ്പോഴയാള്‍ പള്ളികള്‍ പണിതു നടക്കുകയാണത്രെ.
കണ്ണുകള്‍ തുറന്നുപിടിക്കാനാണ് എന്റെയീ സമ്മാനം.
എന്നും തന്റെ സഹോദരനായ പ്രകാശന്‍.'
സമ്മാനപ്പൊതിക്കു താഴെ ഒപ്പിടാനുള്ള ധനനിശ്ചയാധാരവും ഖൗലത്ത് തയാറാക്കിവെച്ചിട്ടുണ്ട്.
Comments