Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 30

3174

1442 റബീഉല്‍ അവ്വല്‍ 13

മലയാള മാധ്യമങ്ങളെപ്പറ്റി വീരേന്ദ്രകുമാര്‍ പറഞ്ഞത്

ഡോ. കെ.കെ മുഹമ്മദ് കൊണ്ടോട്ടി

ഡോ. യാസീന്‍ അശ്‌റഫ് എഴുതിയ 'ബാബരി കേസ് വിധി മാധ്യമങ്ങള്‍ കണ്ടത് (കാണാതിരുന്നതും)' (ഒക്‌ടോബര്‍ 16, വാള്യം 77, ലക്കം  20) എന്ന ലേഖനമാണ് ഈ കുറിപ്പിനാധാരം. 1992 ഡിസംബര്‍ ആറിന്  ബാബരി മസ്ജിദ്   പൊളിച്ചതിനെ തുടര്‍ന്ന് 'ഇന്ത്യന്‍ മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍' എന്ന തലക്കെട്ടില്‍ കൊണ്ടോട്ടിയില്‍ വിപുലമായ ഒരു സിമ്പോസിയം സംഘടിപ്പിച്ചിരുന്നു. പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത പ്രസ്തുത പരിപാടിയില്‍ പ്രഭാഷകന്‍, ഗ്രന്ഥകാരന്‍, ചിന്തകന്‍, സാംസ്‌കാരിക നായകന്‍, രാഷ്ട്രീയ നേതാവ്  എന്നീ നിലകളില്‍  പ്രശസ്തനായിരുന്ന എം.പി വീരേന്ദ്രകുമാറും ഉണ്ടായിരുന്നു. ഈ കുറിപ്പുകാരനായിരുന്നു കോഴിക്കോട്ടെ അദ്ദേഹത്തിന്റെ വീട്ടില്‍നിന്നും കൊണ്ടോട്ടിയില്‍ എത്തിക്കേണ്ട ചുമതല. യാത്രയിലുടനീളം അദ്ദേഹം പല കാര്യങ്ങള്‍, പ്രത്യേകിച്ച് പത്രധര്‍മത്തെയും നിലവിലെ മാധ്യമ  പ്രവര്‍ത്തനത്തെയും സംബന്ധിച്ച്  സംസാരിച്ചു. അതിലൊന്ന് 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതിനെതിരെ മലയാളത്തിലെ മുന്‍നിര പത്രങ്ങളായ 'മാതൃഭൂമി'യും 'മലയാള മനോരമ'യും സ്വീകരിച്ച നിലപാടുകള്‍ ആയിരുന്നു. ''രണ്ടു പത്രങ്ങളും സംഘ് പരിവാറിന്റെ നിയമലംഘനത്തെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിരുത്തരവാദിത്തത്തെയും എതിര്‍ത്ത് ഡിസംബര്‍ ഏഴിന്  എഡിറ്റോറിയല്‍ എഴുതിയില്ല. അതേസമയം, ഇംഗ്ലീഷ് പത്രം 'ദ ഹിന്ദു' ബാബരി മസ്ജിദ് തകര്‍ത്ത നടപടിയെ നിശിതമായി വിമര്‍ശിച്ച് ഡിസംബര്‍ ഏഴിന് കടുത്ത ഭാഷയില്‍ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചു. വിദേശത്തായിരുന്ന ഞാന്‍ മലയാള മനോരമ ദിനപ്പത്രത്തിന്റെ എഡിറ്ററെ വിളിച്ച് അവരുടെ നിസ്സംഗ നിലപാടിനെ  കുറിച്ച്  സംസാരിക്കുകയും എന്റെ പത്രത്തില്‍ വിളിച്ച്  ഡിസംബര്‍ എട്ടിലെ പത്രത്തിലെ ആദ്യ പേജില്‍ തന്നെ   ബാബരി മസ്ജിദ് പൊളിച്ചതിനെതിരെ  കടുത്ത ഭാഷയില്‍ എഡിറ്റോറില്‍ എഴുതണം എന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഫാക്‌സിലൂടെ നാലു തവണ  ഞാന്‍  തിരുത്തിയ ശേഷമാണ് എഡിറ്റോറിയല്‍ പ്രത്യക്ഷപ്പെട്ടത്'' അദ്ദേഹം പറഞ്ഞു.  ഭൂരിഭാഗം പത്രസ്ഥാപനങ്ങളും പത്രധര്‍മം മാറ്റിവെച്ച്  സര്‍ക്കാര്‍ സേവ നടത്തി കച്ചവട താല്‍പര്യം മാത്രം ഉറപ്പാക്കുേന്നടത്തോളം അധഃപതിച്ചിരിക്കുന്നു ഇക്കാലത്തെ പത്രപ്രവര്‍ത്തനം എന്ന് മനസ്സിലാക്കാം. 

 

 

ബിറ്റ്‌കോയിനും നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗും

ബിറ്റ്‌കോയിനിനെ കുറിച്ച്  യാസര്‍ ഖുത്വുബ് എഴുതിയ ലേഖനം ഉപകാരപ്രദവും കാലികവുമാണ്.  ക്രിപ്‌റ്റോ കറന്‍സികള്‍ യുവാക്കളെയും വിദ്യാര്‍ഥികളെയും കൂടിയ തോതില്‍ ആകര്‍ഷിച്ചു വരുന്നു. ഇതിന്റെ മറവില്‍ ഇപ്പോള്‍ വളരെയധികം കബളിപ്പിക്കലുകള്‍ നടക്കുന്നുണ്ട്. പഴയ മണി  ചെയ്‌നിന്റെയും പരമ്പരാഗത നെറ്റ്വര്‍ക്ക് മാര്‍ക്കറ്റുകളുടെയും പുതിയ രീതികളാണിവ.  ഇത്തരം തട്ടിപ്പ് കോയിന്‍ ഉടമകളെ പോലീസ് ചോദ്യം ചെയ്ത വാര്‍ത്ത മാധ്യമങ്ങളില്‍ ഉണ്ടായിരുന്നു. 
എന്താണ് യഥാര്‍ഥ ബിറ്റ്‌കോയിന്‍ എന്ന് മനസ്സിലാക്കാനും ഇതിന്റെ പേരില്‍ മുമ്പ് ലോകത്ത് റുജ എന്ന സ്ത്രീയുടെ നേതൃത്വത്തില്‍ അരങ്ങേറിയ വണ്‍ കോയിന്‍ തട്ടിപ്പിനെ കുറിച്ചു പുതിയ വിവരം ലഭിക്കാനും ലേഖനം സഹായിച്ചു. നെറ്റ്വര്‍ക്ക് മാര്‍ക്കറ്റുകളെ കുറിച്ച് അതിനു മുമ്പത്തെ ലക്കത്തിലെ ലേഖനങ്ങളും നന്നായി. കൊറോണക്കാലത്ത് ഇത്തരം  നെറ്റ്വര്‍ക്ക് ഏജന്റുമാര്‍ ആളെ പിടിക്കാന്‍ വ്യാപകമായി ഇറങ്ങിയിട്ടുണ്ട്. അധികം ബന്ധമില്ലാത്ത പഴയ കൂട്ടുകാര്‍ വരെ ഇപ്പോള്‍ രണ്ട് കാര്യത്തിനാണ് മെസ്സേജ് അയക്കുന്നത്; ഒന്ന് പുതിയ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യിക്കാനും നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗിനെക്കുറിച്ച് പരിചയപ്പെടുത്താനും. 

മുഹമ്മദ് ഇര്‍ഫാന്‍, കോഴിക്കോട്

 

 

കമാല്‍ പാഷയുടെ ദഅ്‌വാ ജീവിതം മാതൃകാപരം

ഡോ. കമാല്‍ പാഷയുടെ ദഅ്‌വാ അനുഭവങ്ങള്‍ പ്രബോധന പ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് പ്രചോദനവും വഴികാട്ടിയുമാണ്. സര്‍ക്കാര്‍ തലത്തില്‍ ഉന്നത ശ്രേണികളിലുള്ള പ്രമുഖര്‍ക്കടക്കം ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന കത്തുകളയക്കുന്നത് മുതല്‍ പുസ്തകങ്ങള്‍ അയച്ചുകൊടുക്കുന്ന കേരള ഇസ്‌ലാമിക് മിഷന്റെ (കിം) ബീജാവാപം വരെ അദ്ദേഹത്തിന്റെ ദഅ്‌വാ പ്രവര്‍ത്തനം ക്രമാനുഗതമായി പുരോഗമിക്കുകയായിരുന്നു. പാഷ മുഖ്യ സാരഥിയായി അവരോധിക്കപ്പെട്ട 'കിം' ഇന്ന് വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ശ്രദ്ധേയമായ ദഅ്‌വാ വിംഗാണല്ലോ.
ദൈവാനുഗ്രഹത്താല്‍ ഒട്ടുവളരെ പേര്‍ ഇസ്‌ലാമിന്റെ തൂവെളിച്ചത്തിലേക്ക് കടന്നുവരാന്‍ അദ്ദേഹം നിമിത്തമായത് സന്തോഷകരമാണ്. ജാതിയില്‍ അധിഷ്ഠിതമായ സാമൂഹിക ഘടന നിലനില്‍ക്കുന്ന ഇന്ത്യയില്‍ ദഅ്‌വ ഒരു വിമോചന പ്രവര്‍ത്തനമാണെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം അക്ഷരാര്‍ഥത്തില്‍ ശരിയാണ്. നിശ്ചിത സമയത്ത് മാത്രം നിര്‍വഹിക്കേണ്ട പ്രത്യേക പണിയല്ല ദഅ്‌വയെന്നും അത് ജീവിതം തന്നെയാണെന്നുമുള്ള കമാല്‍ പാഷയുടെ  ദൃഢബോധ്യം, സ്വജീവിതം കൊണ്ട് സാര്‍ഥകമാക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. 

റഹ്മാന്‍ മധുരക്കുഴി

 

 

'കിമ്മി'ന്റെ കഥ, കമാല്‍ പാഷയുടെയും

ഡോ. കമാല്‍ പാഷയുടെ 'എന്റെ ദഅ്‌വാ അനുഭവങ്ങള്‍' എന്ന ലളിത സുന്ദരമായ ജീവിതാനുഭവം ആവേശകരവും അനുകരണീയവുമാണ്. ദഅ്‌വത്ത് എന്ന നിര്‍ബന്ധ ബാധ്യതാ നിര്‍വഹണം ഒന്നര നൂറ്റാണ്ടായി മലയാളികള്‍ മറന്നുപോയ ഒന്നായിരുന്നു. സ്വന്തം ജീവിതത്തിലൂടെ അത് ഓര്‍മിപ്പിച്ച അപൂര്‍വം വ്യക്തികളിലൊരാളാണ് കമാല്‍ പാഷ. പ്രബോധന പ്രവര്‍ത്തന ചിന്തയില്‍ നിന്നും  രൂപീകൃതമായ കേരള ഇസ്ലാമിക് മിഷന്‍ കോഴിക്കോട്ടേക്ക് മാറുകയും തുടര്‍ന്ന് വയോജനങ്ങള്‍ക്ക് ഇസ്‌ലാമിനെ പഠിക്കാന്‍ പരമ്പരാഗത സ്ഥാപനങ്ങളല്ലാത്ത സംവിധാനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തതിനെപ്പറ്റി ലേഖനത്തിലെ അദ്ദേഹത്തിന്റെ സൂചന വിശദീകരണം അര്‍ഹിക്കുന്നതും ഓര്‍മപ്പിശകിനാല്‍ വന്ന സ്ഖലിതങ്ങള്‍  തിരുത്തേണ്ടതുമാണ്. ലക്കം 3170-ല്‍ വന്ന, ധര്‍മഗിരി എന്ന സ്ഥലവും സ്ഥാപനവുമായി ബന്ധപ്പെട്ട  ചില പരാമര്‍ശങ്ങളാണ് ഈ കുറിപ്പിന്് പ്രേരകമായത്. 
ദഅ്‌വാ  പ്രവര്‍ത്തനത്തിന് പ്രഥമ സ്ഥാനം നല്‍കുന്ന പോളിസി നിലവില്‍ വന്നതോടെ 'കിമ്മി'ന്റെ (കേരള ഇസ്ലാമിക് മിഷന്‍) പ്രവര്‍ത്തനം ജമാഅത്തിന്റെ  പൂര്‍ണമായ  മേല്‍നോട്ടത്തിലാക്കാന്‍, ഈ രംഗത്ത് തല്‍പരരായ വ്യക്തികളുടെ ഒരു സ്വതന്ത്ര ഗ്രൂപ്പിന്  രൂപം നല്‍കുകയായിരുന്നു.   
ഹിജ്റ  1400-ല്‍  കോഴിക്കോട് ഒയാസിസ് കോമ്പൗണ്ടില്‍ ഉണ്ടായിരുന്ന ജമാഅത്തിന്റെ  കെട്ടിടം പുതുക്കി പണിയുകയുണ്ടായി.  ഇസ്ലാമിക്  പബ്ലിഷിംഗ് ഹൗസ് (ഐ.പി.എച്ച്) മൊയ്തീന്‍ പള്ളി ബില്‍ഡിംഗില്‍ നിന്ന് അങ്ങോട്ട് മാറ്റുകയും ചെയ്തു. അപ്പോള്‍ ഒഴിവായ റൂം, കിമ്മിന്റെ  ഓഫീസും പോസ്റ്റല്‍ ലൈബ്രറിയും ആയി മാറി. കിമ്മിന്റെ  പ്രഥമ പ്രസിഡന്റ് കമാല്‍  പാഷാ സാഹിബും പിന്നീട് കെ.എം രിയാലു  സാഹിബുമായിരുന്നു.
ഇസ്‌ലാമിക സന്ദേശം ഉള്‍ക്കൊണ്ടവര്‍ക്ക് പൊന്നാനി മഊനത്തില്‍ നിന്നും കോഴിക്കോട് തര്‍ബിയത്തില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ അല്‍പ്പം കൂടി പഠിക്കാനും,  അവരുടെ പുനരധിവാസത്തിനും  സൗകര്യമുണ്ടാക്കേണ്ട അനിവാര്യത കിമ്മിന് ബോധ്യപ്പെട്ടു.  തുടര്‍ന്നുണ്ടായ അന്വേഷണത്തിനൊടുവിലാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത ചെറേക്കാട് എന്ന സ്ഥലം ആകസ്മികമായി കണ്ടെത്തിയത്. കുടിയേറ്റ സ്ഥലമായ അവിടെ പുരോഗമന മനസ്‌കരായ അരീക്കാട്ട് അയമുഹാജി, പുള്ളാട്ട് മിതുട്ടി, ടി. പി. മൊയ്തീന്‍കുട്ടി ഹാജി എന്നിവര്‍ ഒരു പള്ളി സ്ഥാപിക്കുകയും മലയാളത്തിലുള്ള ഖുത്വ്ബ ആരംഭിക്കുകയും ചെയ്തിരുന്നു.  
ഈ ചുറ്റുപാടിലാണ് എല്‍.വി മൊയ്തീന്‍കുട്ടി മൗലവി, ഇ.കെ ഈസ എന്നിവരോടൊപ്പം ഞാനും ചേര്‍ന്ന് അരീക്കാട്ട് അഹ്മദ് ഹാജിയുടെ ബംഗ്ലാവില്‍ ഒരു കല്യാണ അന്വേഷണത്തിനായി പോവുന്നത്. ഹാജിയാരുമായുള്ള സംസാരമധ്യേ   ഇസ്‌ലാം സ്വീകരിക്കുന്നവര്‍ക്കായി  ഒരു സ്ഥാപനമുണ്ടാക്കാനുള്ള ശ്രമം നടക്കുന്നതായി ഞങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. ഇങ്ങനെ ഒരു  സ്ഥാപനത്തിന്റെ ആവശ്യകത  ബോധ്യമായ അഹ്മദ് ഹാജി,  അപ്പോള്‍ തന്നെ  നിങ്ങള്‍ നമ്മുടെ ഈ പള്ളിയും അതിന്റെ  സ്ഥലവും ഏറ്റടുത്തോളൂ എന്ന് പറയുകയായിരുന്നു.  
ഇക്കാര്യം ജമാഅത്ത് നേതൃത്വത്തെയും കിം നേതൃത്വത്തെയും  അറിയിച്ചു. ഞാനും, ഇ.കെ ഈസയും എല്‍.വി  മൊയ്തീന്‍കുട്ടി മൗലവിയും കൂടി കമാല്‍ പാഷ സാറിനെ കൂട്ടി ഹാജിയുടെ അടുത്ത് വീണ്ടും പോയി കാര്യങ്ങള്‍ സംസാരിച്ചു. ടി.പി മൊയ്തീന്‍കുട്ടി ഹാജിയും കൂടെ  ഉണ്ടായിരുന്നു. പിന്നീട്  ഇ.കെ അബ്ദുല്‍ ഖാദര്‍ ഹാജിയെ കൂട്ടി  സ്ഥലത്തിന്റെ ആധാരം കിം ചെയര്‍മാന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.  പള്ളി നില്‍ക്കുന്ന ഒരു ഏക്കര്‍  സ്ഥലവും അഹ്മദ് ഹാജി നല്‍കിയ ഒരു ഏക്കര്‍ സ്ഥലവും ചേര്‍ത്ത് രണ്ട് ഏക്കര്‍ സ്ഥലമാണ് ആദ്യഘട്ടത്തില്‍  സ്ഥാപനത്തിനു വേണ്ടി ലഭിച്ചത്.
പിന്നീട് അല്‍ ഹുദാ  ട്രസ്റ്റ് രൂപീകരിക്കുകയും ദാറുല്‍ഹുദാ എന്ന പേരില്‍ ഒരു സ്ഥാപനത്തിനു പദ്ധതിയിടുകയും രൂപം നല്‍കുകയും, പ്രസ്തുത  സ്ഥലത്തിന്റെ പേര് ധര്‍മഗിരി എന്ന് നാമകരണം ചെയ്യുകയായിരുന്നു. സ്ഥാപനം പിന്നീട്  കെ. അബ്ദുസ്സലാം മൗലവിയുടെ നേതൃത്വത്തില്‍ നല്ല നിലയില്‍ കുറേ കാലം നടന്നെങ്കിലും മുന്നോട്ട്  കൊണ്ട് പോകുന്നതിനു പല  പ്രതിബന്ധങ്ങളുമുണ്ടായി.
പ്രാദേശികമായ ഇടപെടലുകള്‍ക്ക്  സാധ്യതയുള്ള ഗ്രാമപ്രദേശങ്ങള്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് അനുയോജ്യമല്ല എന്നതാണ് അവിടെ നിന്ന് മനസ്സിലായ പ്രധാന കാര്യം. നവ മുസ്‌ലിംകള്‍ ഒരിടത്ത് കേന്ദ്രീകരിക്കുന്നത് അവരുടെ സാംസ്‌കാരിക ഉന്നമനത്തിനും  ഉദ്ഗ്രഥനത്തിനും ഉചിതമാവില്ല എന്നതും  അനുഭവ പാഠമായിരുന്നു. പ്രസ്തുത സ്ഥലം പിന്നീട് പ്രദേശവാസികളെയും നവമുസ്ലിംകളെയും സൗജന്യമായി പഠിപ്പിക്കാമെന്ന ഉപാധിയില്‍ വേങ്ങര ഇസ്ലാമിക് ട്രസ്റ്റിനു കൈമാറുകയായിരുന്നു. അവിടെയാണ് ഇപ്പോള്‍  ഐഡിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്ന  സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത് 

ടി.ടി അഹമ്മദ് കുട്ടി

 


ഹാഥറസ് നല്‍കുന്ന സന്ദേശം

ഭാരത ചരിത്രത്തില്‍ എന്നും ദലിതര്‍ പടിക്ക് പുറത്താണ്. രാഷ്ട്രീയാധികാരം മാത്രമല്ല സിവില്‍ സൈനിക പോലീസ് പ്രാധിനിധ്യം ഇല്ലാത്ത ദലിതര്‍ മര്‍ദിതര്‍ തന്നെ. ചരിത്രത്തില്‍ മുഗള്‍ നൈസാം, മറാട്ട, രജ്പുട്ട്, ചേര, ചോള, പാണ്ഡ്യ, തിരു കൊച്ചി, ബ്രിട്ടീഷ് - പറങ്കി വരെ, സിവില്‍ സര്‍വീസ് സവര്‍ണാധിപത്യത്തിനു കീഴില്‍ ദലിതര്‍ പുറത്തായിരുന്നു. ഇവിടെയാണ് റാം മനോഹര്‍ ലോഹ്യ - ബി.ആര്‍ അംബേദ്കര്‍ വിഭാവനം ചെയ്ത സിവില്‍ സര്‍വീസിലെ പിന്നാക്ക സംവരണം പ്രസക്തമാകുന്നത്. 
1977/78 ലോക് നായക് ജയപ്രകാശ്, സോഷ്യലിസ്റ്റ്  സഖ്യം വിഭാവനം ചെയ്ത മണ്ഡല്‍ കമീഷന്‍ ശിപാര്‍ശ അതായിരുന്നു. സാമൂഹിക സുരക്ഷാ ഉന്നമനത്തിനു വിഭാവനം ചെയ്ത സിവില്‍ സര്‍വീസ്  സംവരണം സാമ്പത്തിക സംവരണമായി വിശദീകരിച്ച് ആട്ടിനെ പട്ടിയാക്കുന്ന ഇടത് മാനിഫെസ്റ്റോ തിരിച്ചറിയണം. പിന്നെ കോണ്‍ഗ്രസ് അടക്കം രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടല്‍. പ്രതികളുടെ ബന്ധുമിത്രാദികള്‍ ഈ പാര്‍ട്ടികളില്‍ ആരെങ്കിലും ബാക്കി ഉണ്ടെങ്കില്‍, അവര്‍  പാര്‍ട്ടി വിടുമെന്ന് ഭീഷണി മുഴക്കിയാലത്തെ പാര്‍ട്ടി നയം. ഹാഥ്‌റസില്‍ സിവില്‍ പോലീസ് സംവിധാനത്തില്‍ മതിയായ പിന്നാക്ക സംവരണം ഉണ്ടായിരുന്നെങ്കില്‍ കുറഞ്ഞത് ആ ഭൗതിക ശരീരമെങ്കിലും  നിഷ്ഠുരമായി കത്തിച്ച് ചാമ്പലാക്കി തെളിവ് നശിപ്പിക്കാന്‍ ഭരണകൂടം ശ്രമിക്കുമോ? മണ്ഡല്‍ കമീഷന്‍ ശിപാര്‍ശ  നടപ്പാക്കാന്‍ ശ്രമിച്ചതിലൂടെ വി.പി സിംഗ് ശ്രമിച്ചതും ദലിത് സര്‍വ സുരക്ഷയാണ്. അടിച്ചമര്‍ത്തപ്പെട്ടവന്റെ മിശിഹയാവാന്‍ രാജാ സാഹേബ് വി.പി സിംഗിന് ഒരു വര്‍ഷം പോലും പ്രധാന മന്ത്രി സ്ഥാനം വേണ്ടായിരുന്നു. 11 മാസം മാത്രം മതിയായിരുന്നു. അത് ഭാവി ഇന്ത്യാ ചരിത്രത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. തീര്‍ച്ച. 

സി.എച്ച് അബൂബക്കര്‍

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (16-27)
ടി.കെ ഉബൈദ്‌

ഹദീസ്‌

ജീവിതം കൊണ്ടെഴുതേണ്ട സ്‌നേഹഗാഥ
അബ്ദുര്‍റഹ്മാന്‍ ചെറുവാടി