Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 30

3174

1442 റബീഉല്‍ അവ്വല്‍ 13

പ്രവാചക സ്‌നേഹം

ഹൈദറലി ശാന്തപുരം

സത്യവിശ്വാസത്തിന്റെ സുപ്രധാന ഘടകമാണ് പ്രവാചക സ്‌നേഹം. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം ഐഹിക ജീവിതത്തിലുള്ള സകലതിനേക്കാളും തനിക്ക് പ്രിയങ്കരമായത് പ്രവാചകനായിരിക്കണം. അനസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ നബി (സ) പ്രസ്താവിച്ചു: ''ഒരാളും ഞാന്‍ അവന് അവന്റെ കുടുംബത്തേക്കാളും ധനത്തേക്കാളും സര്‍വ ജനങ്ങളേക്കാളും പ്രിയങ്കരനാകുന്നതു വരെ സത്യവിശ്വാസിയാവുകയില്ല'' (മുസ്‌ലിം). അബൂഹുറയ്‌റ (റ) നിവേദനം ചെയ്ത മറ്റൊരു ഹദീസ്: ''എന്റെ ആത്മാവ് ഏതൊരുവന്റെ കൈയിലാണോ അവനാണ് സത്യം, നിങ്ങളിലൊരാളും ഞാനവന് തന്റെ മാതാപിതാക്കളേക്കാളും സന്താനങ്ങളേക്കാളും പ്രിയങ്കരനാകുന്നതു വരെ സത്യവിശ്വാസിയാവുകയില്ല'' (ബുഖാരി).
അബ്ദുല്ലാഹിബ്‌നു ഹിശാം (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ''ഞങ്ങള്‍ നബി(സ)യുടെ കൂടെയായിരുന്നു. നബി (സ) ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ കൈ പിടിച്ചിരിക്കുന്നു. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, അങ്ങുന്നാണ് എന്നെക്കഴിച്ചാല്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍.' അത് കേട്ട നബി തിരുമേനി പറഞ്ഞു: 'ഇല്ല, എന്റെ ആത്മാവ് ഏതൊരുവന്റെ കൈയിലാണോ അവനാണ് സത്യം, താങ്കളുടെ ശരീരത്തേക്കാളും താങ്കള്‍ക്ക് ഞാന്‍ പ്രിയങ്കരനാകുന്നതു വരെ.' ഉമര്‍ (റ) പറഞ്ഞു: 'എന്നാല്‍ ഇപ്പോള്‍ അല്ലാഹുവാണ, അങ്ങുന്ന് എനിക്ക് എന്റെ ശരീരത്തേക്കാളും പ്രിയങ്കരനാണ്.' അപ്പോള്‍ നബി (സ) പറഞ്ഞു: ഉമറേ, ഇപ്പോള്‍ താങ്കളുടെ വിശ്വാസം പൂര്‍ത്തിയായി'' (ബുഖാരി).
വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ''(നബിയേ) പറയുക: നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സന്താനങ്ങളും നിങ്ങളുടെ സഹോദരങ്ങളും നിങ്ങളുടെ ഇണകളും നിങ്ങളുടെ ബന്ധുക്കളും നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും മാന്ദ്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവേക്കാളും അവന്റെ ദൂതനേക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തേക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്റെ കല്‍പന കൊണ്ടുവരുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുക'' (അത്തൗബ 24).
ഐഹിക ജീവിതത്തില്‍ മനുഷ്യര്‍ ഏറെ സ്‌നേഹിക്കുന്ന സകല വസ്തുക്കളേക്കാളും സത്യവിശ്വാസികള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രിയങ്കരം അല്ലാഹുവും അവന്റെ ദൂതനും ദൈവമാര്‍ഗത്തിലുള്ള പുണ്യസമരവുമായിരിക്കണമെന്ന് ഈ ഖുര്‍ആന്‍ സൂക്തം സമര്‍ഥിക്കുന്നു.

പ്രവാചക സ്‌നേഹത്തിന്റെ പ്രേരകങ്ങള്‍

മനുഷ്യഹൃദയത്തില്‍ ആരോടെങ്കിലും സവിശേഷ സ്‌നേഹം ഉടലെടുക്കാന്‍ ചില പ്രേരകങ്ങളും കാരണങ്ങളുമുണ്ടായിരിക്കും. ആ നിലയില്‍ നാം പ്രവാചകനെ സ്‌നേഹിക്കുന്നതിന് പ്രേരകങ്ങളായ ചില കാരണങ്ങളുണ്ട്.
അതിലൊന്ന്, ഒരു മുസ്‌ലിമിന് പ്രവാചകനോടുള്ള സ്‌നേഹം അല്ലാഹുവോടുള്ള സ്‌നേഹത്തിന്റെ തുടര്‍ച്ചയാണ് എന്നതാണ്. അല്ലാഹുവോടുള്ള സ്‌നേഹമാണ് അടിസ്ഥാന സ്‌നേഹം. അല്ലാഹുവോടുള്ള സ്‌നേഹം അവന്‍ സ്‌നേഹിക്കുന്നതിനെ സ്‌നേഹിക്കലും അനിവാര്യമാക്കുന്നു. ഇമാം ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ''ഇബാദത്തിന്റെ അടിസ്ഥാനം അല്ലാഹുവോടുള്ള സ്‌നേഹമാകുന്നു. തദടിസ്ഥാനത്തില്‍ ആര്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവോ അവന്‍ അല്ലാഹുവിന്റെ റസൂലിനെയും സ്‌നേഹിക്കുന്നു. അല്ലാഹുവിന്റെ റസൂലിനെ സ്‌നേഹിക്കുന്നത് അല്ലാഹുവിനു വേണ്ടിയാണ്. റസൂലിനെ അനുസരിക്കുന്നതും അല്ലാഹുവിനു വേണ്ടിയാകുന്നു. അല്ലാഹു പറഞ്ഞിരിക്കുന്നു: (നബീ) പറയുക. നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ എന്നെ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്'' (ആലുഇംറാന്‍ 31).
മറ്റൊരു കാര്യം, അല്ലാഹു നബി(സ)യെ സൃഷ്ടികളില്‍നിന്ന് പ്രവാചകത്വത്തിന് പ്രത്യേകം തെരഞ്ഞെടുക്കുകയും അദ്ദേഹത്തെ അന്ത്യപ്രവാചകനും സൃഷ്ടികളില്‍ ശ്രേഷ്ഠനുമാക്കുകയും ചെയ്തു എന്നതാണ്. വാഖിലത്തുബ്‌നല്‍ അസ്ഖഅ് (റ) പറയുന്നു: നബി (സ) പറയുന്നതായി ഞാന്‍ കേട്ടു. 'അല്ലാഹു ഇസ്മാഈല്‍ നബിയുടെ സന്താനങ്ങളില്‍നിന്ന് കിനാനയെ തെരഞ്ഞെടുത്തു. കിനാനയില്‍നിന്ന് ഖുറൈശിനെ തെരഞ്ഞെടുത്തു. ഖുറൈശില്‍നിന്ന് ബനൂഹാശിമിനെ തെരഞ്ഞെടുത്തു. ബനൂ ഹാശിമില്‍നിന്ന് എന്നെയും തെരഞ്ഞെടുത്തു' (മുസ്‌ലിം).
റസൂലുല്ലാഹി (സ) പ്രസ്താവിച്ചതായി അബൂഹുറയ്‌റ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ''എന്റെയും എനിക്കു മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരുടെയും ഉദാഹരണം ഒരു കെട്ടിടം നിര്‍മിച്ച ഒരാളുടെ ഉദാഹരണം പോലെയാണ്. അയാള്‍ അത് നന്നായും ഭംഗിയായും പണിതു. അതിന്റെ മൂലകളിലെ ഒരു മൂലയില്‍ ഒരു ഇഷ്ടികയുടെ സ്ഥലം ഒഴിവാക്കിയിട്ടു. ആളുകള്‍ ആ കെട്ടിടം ചുറ്റിക്കാണുകയും അത് കണ്ട് അത്ഭുതം കൂറുകയും ചെയ്തു. കൂടെ അവര്‍ പറഞ്ഞു: ഈ ഇഷ്ടിക കൂടി വെച്ചിരുന്നുവെങ്കില്‍! തിരുമേനി പറഞ്ഞു: ഞാനാണ് ഈ ഇഷ്ടിക. ഞാന്‍ അന്ത്യപ്രവാചകനുമാകുന്നു'' (ബുഖാരി).
പ്രവാചകത്വ പരമ്പരയാകുന്ന കെട്ടിടത്തിലെ അവസാനത്തെ ഇഷ്ടികയാണ് താനെന്നും അതിനാല്‍ പുതുതായി പ്രവാചകത്വവാദവുമായി രംഗപ്രവേശം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നുമാണ് ഈ നബിവചനം വ്യക്തമാക്കുന്നത്.
പ്രപഞ്ചനാഥനായ അല്ലാഹുവും അവന്റെ മലക്കുകളും പ്രവാചകനോട് കാരുണ്യം കാണിച്ചുകൊണ്ടിരിക്കുന്നുവെന്നും അതിനാല്‍ പ്രവാചകന്റെ രക്ഷക്കും ശാന്തിക്കും വേണ്ടി പ്രാര്‍ഥിക്കല്‍ സത്യവിശ്വാസികളുടെ ബാധ്യതയാണെന്നും അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ഥിക്കുക'' (അല്‍ അഹ്‌സാബ് 56).
സ്‌നേഹത്തില്‍ ഏറ്റവും ഉന്നതമായത് അല്ലാഹുവിന്റെ ആത്മമിത്രമാവുക എന്നതാണ്. പ്രവാചകന്മാരില്‍ രണ്ടു പേര്‍ക്കു മാത്രമേ ആ സ്ഥാനം ലഭിച്ചിട്ടുള്ളൂ. ഇബ്‌റാഹീം നബി(അ)ക്കും മുഹമ്മദ് നബി(സ)ക്കും.
ജുന്‍ദുഖ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ''തന്റെ വിയോഗത്തിന്റെ അഞ്ചു ദിവസം മുമ്പ് തിരുമേനി (സ) പറയുന്നത് ഞാന്‍ കേട്ടു; നിങ്ങളില്‍ ആരെങ്കിലും എന്റെ ആത്മമിത്രമാകുന്നതില്‍നിന്ന് ഞാന്‍ അല്ലാഹുവിങ്കല്‍ വിമുക്തി തേടുന്നു. കാരണം അല്ലാഹു എന്നെ ആത്മമിത്രമാക്കിയിരിക്കുന്നു. അവന്‍ ഇബ്‌റാഹീ(അ)മിനെ തന്റെ ആത്മമിത്രമായി സ്വീകരിച്ചതുപോലെ. ഞാന്‍ എന്റെ സമുദായത്തില്‍ ആരെയെങ്കിലും മിത്രമാക്കുമായിരുന്നുവെങ്കില്‍ അബൂബക്‌റിനെ ആത്മമിത്രമാക്കുമായിരുന്നു'' (മുസ്‌ലിം).
പ്രവാചകനെ സ്‌നേഹിക്കുന്നതിന് നിദാനമായ മറ്റു ചില കാര്യങ്ങള്‍ കൂടി ഹദീസുകളില്‍ വന്നിട്ടുണ്ട്. ജാബിറുബ്‌നു അബ്ദില്ല(റ)യില്‍നിന്ന്: നബി (സ) പറഞ്ഞു: ''എനിക്കു മുമ്പ് ആര്‍ക്കും നല്‍കപ്പെടാത്ത അഞ്ചു കാര്യങ്ങള്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു. ഒരു മാസത്തെ യാത്രാ ദൈര്‍ഘ്യമുള്ള സ്ഥലത്തുള്ളവര്‍ പോലും എന്നെ ഭയപ്പെടുന്നു എന്നത് എനിക്ക് സഹായമായി നല്‍കപ്പെട്ടിരിക്കുന്നു. ഭൂമി എനിക്ക് പള്ളിയും ശുചീകരണ സ്ഥലവുമാക്കിയിരിക്കുന്നു. അതിനാല്‍ എന്റെ സമുദായത്തില്‍പെട്ട ഒരാള്‍ എവിടെ വെച്ച് നമസ്‌കാര സമയമായാലും അവന്‍ അവിടെ വെച്ച് നമസ്‌കരിച്ചുകൊള്ളട്ടെ. സമരാര്‍ജിത സ്വത്തുക്കള്‍ എനിക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. എനിക്കു മുമ്പ് ഒരാള്‍ക്കും അത് അനുവദിക്കപ്പെട്ടിരുന്നില്ല. എനിക്ക് ശിപാര്‍ശയുടെ അവകാശം നല്‍കപ്പെട്ടിരിക്കുന്നു. മുമ്പ് ഒരു പ്രവാചകന്‍ നിയോഗിക്കപ്പെട്ടിരുന്നത് ഒരു പ്രത്യേക ജനതയിലേക്കായിരുന്നുവെങ്കില്‍ ഞാന്‍ നിയോഗിക്കപ്പെട്ടത് മനുഷ്യസമൂഹത്തിലേക്ക് മുഴുവനുമായാണ്'' (ബുഖാരി).
പ്രവാചക സ്‌നേഹത്തിന്റെ സുപ്രധാന പ്രേരകങ്ങളിലൊന്ന് ജനങ്ങള്‍ സത്യമാര്‍ഗം സ്വീകരിക്കാതിരിക്കുമ്പോള്‍ പ്രവാചകന്‍ അനുഭവിക്കുന്ന ദുഃഖവും മനോവേദനയുമാകുന്നു. അതേപോലെ സത്യവിശ്വാസികളോടുള്ള പ്രവാചകന്റെ കാരുണ്യവും സ്‌നേഹവാത്സല്യവും പ്രവാചക സ്‌നേഹത്തിന്റെ മറ്റൊരു പ്രചോദകമാണ്.
പ്രവാചകനോടുള്ള സ്‌നേഹം വര്‍ധിപ്പിക്കാനുള്ള ചില മാര്‍ഗങ്ങളുണ്ട്. തിരുമേനിയെയും തിരുമേനിയുടെ ജീവിതചര്യയെയും കുറിച്ചുള്ള അനുസ്മരണം, പ്രവാചകചര്യ ഗ്രഹിക്കാനുള്ള ശ്രമം, പ്രവാചകനു വേണ്ടി ധാരാളമായി സ്വലാത്ത് ചൊല്ലല്‍ എന്നിവ അതില്‍പെട്ടതാണ്.

പ്രവാചക സ്‌നേഹത്തിന്റെ സദ്ഫലങ്ങള്‍

പ്രവാചക സ്‌നേഹത്തിന് പല സദ്ഫലങ്ങളുമുണ്ട്. പ്രവാചകനെ അനുധാവനം ചെയ്യുകയും അതുവഴി അല്ലാഹുവിന്റെ സ്‌നേഹമാര്‍ജിക്കുകയും ചെയ്യുക എന്നതാണ് അവയിലൊന്ന്. അല്ലാഹു പറയുന്നു: ''(നബീ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്'' (ആലുഇംറാന്‍ 37).
ഈമാനിന്റെ മാധുര്യം ആസ്വദിക്കാന്‍ സാധിക്കുമെന്നതാണ് രണ്ടാമത്തേത്. നബി (സ) പ്രസ്താവിച്ചതായി അനസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ''മൂന്ന് കാര്യങ്ങള്‍ ഒരാളിലുണ്ടായാല്‍ അവന് ഈമാനിന്റെ മാധുര്യം ആസ്വദിക്കാന്‍ സാധിക്കും. അല്ലാഹുവും അവന്റെ ദൂതനും മറ്റെല്ലാവരേക്കാളും അവന് പ്രിയങ്കരരായിരിക്കുക, അല്ലാഹുവിന്റെ പേരില്‍ മാത്രം അവന്‍ ഒരാളെ സ്‌നേഹിക്കുക, അവന്‍ സത്യനിഷേധത്തിലേക്ക് തിരിച്ചുപോകുന്നത് അവന്‍ അഗ്നിയില്‍ എറിയപ്പെടുന്നതുപോലെ വെറുക്കുക എന്നിവയാണ് ആ മൂന്ന് കാര്യങ്ങള്‍'' (ബുഖാരി, മുസ്‌ലിം).
പ്രവാചക സ്‌നേഹത്തിന്റെ മൂന്നാമത്തെ സദ്ഫലം പാരത്രിക ലോകത്ത് പ്രവാചകന്റെ സഹവാസം ലഭിക്കുക എന്നതാണ്. അനസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരാള്‍ റസൂലിന്റെ അരികില്‍ വന്ന് ചോദിച്ചു: 'തിരുദൂതരേ, എപ്പോഴാണ് അന്ത്യനാള്‍?' തിരുമേനിയുടെ മറുചോദ്യം: 'താങ്കള്‍ അന്ത്യനാളിനു വേണ്ടി സജ്ജീകരിച്ചിട്ടുള്ളത് എന്താണ്?' ആഗതന്‍ പറഞ്ഞു: 'അല്ലാഹുവോടും അവന്റെ ദൂതനോടുമുള്ള സ്‌നേഹം.' തിരുമേനി പറഞ്ഞു: 'താങ്കള്‍ താങ്കള്‍ സ്‌നേഹിച്ചവരുടെ കൂടെയായിരിക്കും.' അനസ് (റ) പറയുന്നു: 'ഞങ്ങള്‍ ഇസ്‌ലാം സ്വീകരിച്ച ശേഷം, 'താങ്കള്‍ താങ്കള്‍ സ്‌നേഹിച്ചവരുടെ കൂടെയായിരിക്കും' എന്ന നബി(സ)യുടെ വാക്കിനേക്കാള്‍ കൂടുതലായി മറ്റൊന്ന് ഞങ്ങളെ ഇത്രയേറെ സന്തോഷിപ്പിച്ചിട്ടില്ല.'' അനസ് (റ) തുടര്‍ന്നു പറഞ്ഞു: ''ഞാന്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അബൂബക്‌റിനെയും ഉമറിനെയും സ്‌നേഹിക്കുന്നു. എനിക്ക് ഇവരുടെ കര്‍മങ്ങള്‍ അനുസരിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും എനിക്ക് ഇവരുടെ കൂടെയാകാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു'' (മുസ്‌ലിം).
അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരാള്‍ റസൂലിന്റെ അടുത്തു വന്ന് ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഒരാള്‍ ഒരു ജനതയെ സ്‌നേഹിക്കുന്നു, പക്ഷേ, അവന് അവരുടെ കൂടെ ചേരാന്‍ സാധിച്ചിട്ടില്ല. അങ്ങനെയുള്ള ഒരാളെക്കുറിച്ച് അങ്ങുന്ന് എന്തു പറയുന്നു?' അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: 'മനുഷ്യന്‍ അവന്‍ സ്‌നേഹിച്ചവന്റെ കൂടെയായിരിക്കും' (ബുഖാരി, മുസ്‌ലിം).

പ്രവാചക സ്‌നേഹത്തിന്റെ ലക്ഷണങ്ങള്‍

പ്രവാചക സ്‌നേഹത്തിന് പല ലക്ഷണങ്ങളുമുണ്ട്. അതിലൊന്ന് പ്രവാചകനെ കാണാനും സഹവസിക്കാനുമുള്ള അതിയായ ആഗ്രഹമാണ്. നബി തിരുമേനിയുടെ ജീവിത കാലത്തുതന്നെയുണ്ടായ ചില സംഭവങ്ങള്‍ അതിന് തെളിവാണ്: 
1. ഹിജ്‌റ വേളയില്‍ പ്രവാചകന്റെ സഹവാസം ലഭിക്കുമെന്നറിഞ്ഞപ്പോള്‍ അബൂബക്ര്‍ സിദ്ദീഖ് (റ) പ്രകടിപ്പിച്ച സന്തോഷം. പ്രവാചക പത്‌നി ആഇശ (റ) പറയുന്നു: 'ഞങ്ങള്‍ ഒരു ദിവസം പിതാവ് അബൂബക്ര്‍ സിദ്ദീഖി(റ)ന്റെ വീട്ടില്‍ ഇരിക്കുന്നതിനിടയില്‍ ഏകദേശം ഉച്ച സമയത്ത് ഒരാള്‍ വന്ന് അദ്ദേഹത്തോട് പറഞ്ഞു: 'പ്രവാചകന്‍ ഇതാ തല വസ്ത്രം കൊണ്ട് മൂടിക്കൊണ്ട് പതിവില്ലാത്ത സമയത്ത് വരുന്നു.' അപ്പോള്‍ അബൂബക്ര്‍ (റ) പറഞ്ഞു: 'അല്ലാഹുവാണ, അദ്ദേഹമിപ്പോള്‍ ഈ സമയത്ത് വരുന്നത് എന്തോ പ്രധാന കാര്യമുള്ളതുകൊണ്ടായിരിക്കും.' ആഇശ (റ) തുടരുന്നു: റസൂല്‍ വന്ന് പ്രവേശനാനുവാദം ചോദിച്ചു. അബൂബക്ര്‍ (റ) അനുവാദം നല്‍കി. തിരുമേനി വീട്ടില്‍ കടന്നു. എന്നിട്ട് അബൂബക്‌റി(റ)നോട് പറഞ്ഞു: 'താങ്കളുടെ അടുത്തുള്ളവരോട് പുറത്തു പോകാന്‍ പറയുക.' അപ്പോള്‍ അബൂബക്ര്‍ (റ) പറഞ്ഞു: 'പ്രവാചകരേ, അവര്‍ താങ്കളുടെ കുടുംബമാണ്.' അതുകേട്ട നബി (സ) പറഞ്ഞു: 'എനിക്ക് പലായനത്തിനുള്ള അനുവാദം ലഭിച്ചിരിക്കുന്നു.' അപ്പോള്‍ അബൂബക്ര്‍ (റ): 'ഞാനും കൂടെ വരട്ടെയോ?' തിരുമേനി: 'അതേ' (ബുഖാരി).
ആഇശ (റ) പറയുന്നു: 'എന്റെ പിതാവ് അബൂബക്ര്‍ (റ) കരയുന്നതായി ഞാന്‍ കണ്ടു. ഒരാള്‍ സന്തോഷം കൊണ്ട് കരയുമെന്ന് ഞാനതുവരെ കരുതിയിരുന്നില്ല.' ഈ യാത്രയില്‍ ഉണ്ടായേക്കാവുന്ന ആപത്തുകളെക്കുറിച്ച് ശരിക്കും മനസ്സിലാക്കിക്കൊണ്ടു തന്നെയായിരുന്നു പ്രവാചകന്റെ കൂടെയുള്ള യാത്രക്ക് അനുവാദം ലഭിച്ചതില്‍ അബൂബക്ര്‍ (റ) ഇത്രയധികം സന്തോഷിച്ചത്.
2. പ്രവാചകന്റെ ആഗമനവേളയില്‍ മദീനാ നിവാസികള്‍ നല്‍കിയ ആവേശോജ്ജ്വലമായ സ്വീകരണം
ഉര്‍വത്തുബ്‌നു സുബൈര്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ''റസൂല്‍ (സ) മക്കയില്‍നിന്ന് പുറപ്പെട്ടുവെന്ന വിവരം മദീനയിലെ മുസ്‌ലിംകള്‍ക്ക് ലഭിച്ചു. അതോടെ ഓരോ ദിവസവും അവര്‍ മദീനയുടെ അതിര്‍ത്തിയിലുള്ള ഹര്‍റ(കല്ലിന്‍ കുന്ന്)യിലേക്ക് പുറപ്പെട്ട് ഉച്ചക്ക് ഉഷ്ണം കഠിനമാകുന്നതുവരെ പ്രവാചകന്റെ ആഗമനം പ്രതീക്ഷിച്ചിരിക്കും. അങ്ങനെ ഒരു ദിവസം ദീര്‍ഘസമയത്തെ കാത്തിരിപ്പിനു ശേഷം അവര്‍ വീടുകളിലേക്ക് തിരിച്ചുപോയി. അപ്പോള്‍ യഹൂദികളുടെ ഒരു കോട്ടക്ക് മുകളിലുണ്ടായിരുന്ന ഒരു ജൂതന്‍ വെള്ളവസ്ത്രം ധരിച്ച പ്രവാചകനെയും സഹയാത്രികരെയും കാണുകയും അത്യുച്ചത്തില്‍ വിളിച്ചു പറയുകയും ചെയ്തു. 'അറബി സമൂഹമേ, ഇതാ നിങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ആള്‍ ആഗതനായിരിക്കുന്നു.' അങ്ങനെ മുസ്‌ലിംകള്‍ അതിവേഗം ആയുധങ്ങളെടുത്ത് 'ഹര്‍റ'യുടെ പുറത്ത് വെച്ച് സ്വീകരിച്ചു. തിരുമേനി അവരെയും കൊണ്ട് വലതു ഭാഗത്തേക്ക് സഞ്ചരിച്ച് ബനൂ അംറുബ്‌നു ഔഫ് ഗോത്രക്കാരുടെ താമസസ്ഥലത്ത് ഇറങ്ങി.''
3. സ്വര്‍ഗത്തില്‍ പ്രവാചക ദര്‍ശനം അസാധ്യമായിരിക്കുമെന്ന് ആശങ്കപ്പെടുന്ന പ്രവാചക ശിഷ്യന്‍. ആഇശ (റ) പറഞ്ഞതായി ഇമാം ത്വബരി ഉദ്ധരിക്കുന്നു: ''ഒരാള്‍ നബി(സ)യുടെ അടുത്ത് വന്ന് ബോധിപ്പിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, അങ്ങുന്ന് എനിക്ക് സ്വശരീരത്തേക്കാളും പ്രിയങ്കരനാണ്. എനിക്ക് എന്റെ സന്താനങ്ങളേക്കാളും പ്രിയങ്കരനാണ്. ഞാന്‍ വീട്ടിലാകുമ്പോള്‍ അങ്ങയെ ഓര്‍ക്കും. അപ്പോള്‍ അങ്ങയെ വന്ന് എന്റെ കണ്ണുകള്‍ കൊണ്ട് അങ്ങയെ കാണുന്നതുവരെ എനിക്ക് ക്ഷമ വരികയില്ല. ഞാനും അങ്ങയും മരിക്കുന്നത് ഓര്‍ക്കുമ്പോള്‍ എനിക്ക് എന്താണ് സംഭവിക്കുക എന്ന് എനിക്കറിയാം. അങ്ങുന്ന് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ മറ്റു പ്രവാചകന്മാരുടെ കൂടെ ഉന്നത സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും. ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയാണെങ്കില്‍ എനിക്ക് അങ്ങയെ കാണാന്‍ സാധിക്കുകയില്ല എന്ന് ഞാന്‍ ആശങ്കിക്കുന്നു.' അപ്പോള്‍ നബി (സ) അതിന് ഉടനെ മറുപടി നല്‍കിയില്ല. ഉടനെ ജിബ്‌രീല്‍ (അ), 'ആര് അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍  അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാര്‍, സത്യസന്ധന്മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍' (അന്നിസാഅ് 69) എന്ന ഖുര്‍ആന്‍ സൂക്തവുമായി ഇറങ്ങി.''
4. അന്‍സ്വാരികള്‍ യുദ്ധമുതലുകളേക്കാള്‍ നബി(സ)ക്ക് മുന്‍ഗണന നല്‍കിയത്.
മുസ്‌ലിംകള്‍ക്ക് ധാരാളം സമരാര്‍ജിത സമ്പത്തുകള്‍ ലഭിച്ചിരുന്നു ഹുനൈന്‍ യുദ്ധത്തില്‍. യുദ്ധാനന്തരം നബി (സ) സമ്പത്ത് മുഴുവന്‍ നവ മുസ്‌ലിംകള്‍ക്കിടയില്‍ വിതരണം ചെയ്തു. മദീനക്കാരായ മുസ്‌ലിംകള്‍ക്ക് അതില്‍നിന്ന് ഒന്നും നല്‍കിയില്ല. അത് അന്‍സ്വാരികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായപ്പോള്‍ നബി (സ) അവരെ ഒരുമിച്ചുകൂട്ടി ഹൃദയാവര്‍ജകമായ ഒരു പ്രസംഗം ചെയ്യുകയും അത് അന്‍സ്വാരികളെ പ്രവാചകന്റെ തീരുമാനത്തില്‍ സംതൃപ്തരാക്കാന്‍ കാരണമാവുകയും ചെയ്തു. അബ്ദുല്ലാഹിബ്‌നു സൈദിബ്‌നില്‍ ആസ്വിം (റ) പറയുന്നു: ഹുനൈന്‍ ദിനത്തില്‍ അല്ലാഹു തന്റെ റസൂലിന് സമരാര്‍ജിത സമ്പത്തുക്കള്‍ നല്‍കിയപ്പോള്‍ അത് ജനങ്ങളിലെ 'ഹൃദയങ്ങള്‍ ഇണക്കപ്പെടേണ്ടവര്‍'ക്കിടയില്‍ വിതരണം ചെയ്തു. അന്‍സ്വാരികള്‍ക്ക് ഒന്നും നല്‍കിയില്ല. മറ്റുള്ളവര്‍ക്ക് നല്‍കിയതുപോലെ ഒന്നും തങ്ങള്‍ക്ക് നല്‍കാതിരുന്നപ്പോള്‍ അവര്‍ക്കതില്‍ പ്രതിഷേധമുണ്ടായി. അത് മനസ്സിലാക്കിയ നബി തിരുമേനി അവരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു: ''അന്‍സ്വാരീ സമൂഹമേ, നിങ്ങളെ ഞാന്‍ വഴിയറിയാത്തവരായി കണ്ടപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക് ഞാന്‍ മുഖേന വഴികാണിച്ചുതന്നില്ലേ? നിങ്ങള്‍ അനൈക്യത്തിലായിരുന്നപ്പോള്‍ അല്ലാഹു ഞാന്‍ മുഖേന നിങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാക്കിയില്ലേ? നിങ്ങള്‍ ദരിദ്രരായിരുന്നപ്പോള്‍ അല്ലാഹു ഞാന്‍ വഴിയായി നിങ്ങളെ ഐശ്വര്യവാന്മാരാക്കിയില്ലേ?'' നബി തിരുമേനി ഓരോന്ന് പറയുമ്പോഴും അവര്‍ പറഞ്ഞു: ''അല്ലാഹുവും അവന്റെ ദൂതനുമാണ് ഏറ്റവും കൂടുതല്‍ അനുഗ്രഹം നല്‍കിയവര്‍.'' തിരുമേനി പറഞ്ഞു: ''നിങ്ങള്‍ക്ക് വേണമെങ്കില്‍ പറയാന്‍ സാധിക്കും: താങ്കള്‍ ഞങ്ങളുടെ അരികില്‍ വരുമ്പോള്‍ ഇന്നയിന്ന അവസ്ഥയിലായിരുന്നല്ലോ? ആളുകള്‍ ആടുകളെയും ഒട്ടകങ്ങളെയും കൊണ്ടുപോകുമ്പോള്‍ നിങ്ങള്‍ നബിയെയും കൊണ്ട് നിങ്ങളുടെ വീടുകളിലേക്ക് പോകുന്നതില്‍ നിങ്ങള്‍ സംതൃപ്തരല്ലേ? ഹിജ്‌റയില്ലായിരുന്നുവെങ്കില്‍ ഞാന്‍ അന്‍സ്വാരികളില്‍പെട്ട ഒരാളാകുമായിരുന്നു. ജനങ്ങള്‍ ഒരു താഴ്‌വരയിലൂടെയും മലഞ്ചെരിവിലൂടെയും സഞ്ചരിക്കുകയും അന്‍സ്വാരികള്‍ മറ്റൊരു താഴ്‌വരയിലൂടെയും മലഞ്ചെരുവിലൂടെയും സഞ്ചരിക്കുകയുമാണെങ്കില്‍ ഞാന്‍ അന്‍സ്വാരികളുടെ താഴ്‌വരയിലൂടെയും മലഞ്ചെരുവിലൂടെയുമാണ് സഞ്ചരിക്കുക. അന്‍സ്വാരികള്‍ അടിവസ്ത്രവും ഇതര ജനങ്ങള്‍ മേല്‍വസ്ത്രവുമാണ്. എനിക്കു ശേഷം നിങ്ങള്‍ക്ക് പക്ഷഭേദം കാണാന്‍ സാധിക്കും. അപ്പോള്‍ നിങ്ങള്‍ സഹനം കൈക്കൊള്ളുക. എന്നെ പരലോകത്തെ 'ഹൗദി'നരികെ കണ്ടുമുട്ടുന്നതുവരെ'' (ബുഖാരി).
അബൂസഈദി(റ)ന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ കൂടിയുണ്ട്: ''അല്ലാഹുവേ, നീ അന്‍സ്വാരികളോടും അന്‍സ്വാരികളുടെ സന്താനങ്ങളോടും സന്താനങ്ങളുടെ സന്താനങ്ങളോടും കരുണ കാണിക്കേണമേ!'' അതു കേട്ട് അന്‍സ്വാരികള്‍ അവരുടെ താടികള്‍ നനയുന്നതുവരെ കരഞ്ഞു. അവര്‍ പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതന്റെ വിതരണത്തിലും ഓഹരിവെക്കലിലും ഞങ്ങള്‍ സംതൃപ്തരായിരിക്കുന്നു'' (ഫത്ഹുല്‍ ബാരി 8/52).

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (16-27)
ടി.കെ ഉബൈദ്‌

ഹദീസ്‌

ജീവിതം കൊണ്ടെഴുതേണ്ട സ്‌നേഹഗാഥ
അബ്ദുര്‍റഹ്മാന്‍ ചെറുവാടി