മുഹമ്മദുന്‍ റസൂലുല്ലാഹ് ജീവിതം തന്നെ സാക്ഷി
മുഹമ്മദ് നബി(സ)ക്ക് അല്ലാഹു ഖുര്‍ആനില്‍ ഒരുപാട് വിശേഷണങ്ങള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ശ്രദ്ധേയമായ ഒന്നാണ് ശാഹിദ് (അല്‍ അഹ്സാബ് 45), ശഹീദ് (അല്‍ ബഖറ 143) എന്നിവ. സാക്ഷി എന്നാണ് ഈ രണ്ട് പദങ്ങളുടെയും അര്‍ഥം. വിശാലമായ അര്‍ഥതലങ്ങളുള്ള വിശേഷണമാണ് ഇവ രണ്ടും. ഇസ്ലാം മുന്നോട്ടുവെക്കുന്ന എല്ലാ നന്മകളുടെയും മൂല്യങ്ങളുടെയും സമ്പൂര്‍ണമായ മാതൃകയും തെളിവും ആണ് പ്രവാചകന്‍ എന്നതാണ് ഈ രണ്ട് വിശേഷണങ്ങളുടെയും താല്‍പര്യം. വാക്കിനെ ബലപ്പെടുത്തുന്ന കര്‍മവും ആദര്‍ശത്തെ പ്രയോഗവത്കരിച്ച ജീവിതവുമായിരുന്നു പ്രവാചകന്റേത്.
പ്രവാചകന്‍ സാക്ഷിയായിരുന്നു എന്നതിന് മൂന്നു തലങ്ങള്‍ ഉണ്ട്: ഒന്ന്, വചനസാക്ഷ്യം. രണ്ട്, കര്‍മസാക്ഷ്യം. മൂന്ന്, പാരത്രികമായ സാക്ഷ്യം. പ്രവാചകനെ ജീവിതം കൊണ്ട് പകര്‍ത്താന്‍ ഇവ ഓരോന്നും വ്യക്തതയോടെ മനസ്സിലാക്കേണ്ടതുണ്ട്. തന്നെ അല്ലാഹു ചുമതലപ്പെടുത്തിയ ദീനിനെ കുറിച്ച് മുഴുവന്‍ ജനത്തോടും സംസാരിക്കുന്നതില്‍ നബി ഒരു വീഴ്ചയും വരുത്തിയിരുന്നില്ല. ലോകം മുഴുവന്‍ തന്നെ എതിര്‍ത്താലും ഈ സത്യദര്‍ശനം പ്രബോധനം ചെയ്യും എന്ന നിശ്ചയത്തില്‍നിന്ന് അണുകിട അദ്ദേഹം പിന്നോട്ടു പോയില്ല. ഈ വിഷയത്തില്‍ ആക്ഷേപകന്റെ ആക്ഷേപമോ എതിരാളിയുടെ പരിഹാസമോ അദ്ദേഹത്തെ ഒട്ടും ബാധിച്ചില്ല. ജീവന്‍ നഷ്ടപ്പെടുമെന്ന് വന്ന ഘട്ടത്തിലും ഈ നിലപാടില്‍ തന്നെ നിലകൊണ്ടു. പൊന്നും പണവും പെണ്ണും അധികാരവും നല്‍കാം എന്ന് മക്കക്കാര്‍ നബിയെ പ്രലോഭിപ്പിച്ചു. അതിനെയും പ്രവാചകന്‍ അതിജീവിച്ചു.
ചുറ്റുമുള്ളവര്‍ എങ്ങനെ പ്രതികരിക്കും, എന്ത് വിചാരിക്കും എന്നതൊന്നും ആശയ പ്രചാരണത്തിന്റെ ഒരു ഘട്ടത്തിലും പ്രവാചകനെ അല്‍പം പോലും അലോസരപ്പെടുത്തിയില്ല. മക്കയില്‍ പുതുതായി ആര് വന്നാലും അവരോട് നബി സംസാരിച്ചിരിക്കും. വിയോഗത്തിന്റെ വര്‍ഷത്തില്‍ വിടവാങ്ങല്‍ പ്രഭാഷണത്തില്‍ 'ഞാന്‍ ഈ സന്ദേശം നിങ്ങള്‍ക്ക് പകര്‍ന്നു തന്നില്ലേ' എന്ന് അനുയായികളോട് പ്രവാചകന്‍ ചോദിക്കുകയും 'താങ്കള്‍ എത്തിച്ചു തന്നു' എന്ന് ദൈവത്തെ സാക്ഷി നിര്‍ത്തി അനുയായികള്‍ വിളിച്ചു പറയുകയും ചെയ്തു.
കര്‍മസാക്ഷ്യം എന്നാല്‍, പ്രവാചകന്‍ തന്റെ ജീവിതം മുഴുവന്‍, താന്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ച ആശയാദര്‍ശങ്ങളുടെ പ്രായോഗിക മാതൃകയായി നിലകൊണ്ടു എന്നതാണ്. താന്‍ ചീത്തയാണെന്നു പറഞ്ഞ കാര്യങ്ങളില്‍ നിന്നൊക്കെ അദ്ദേഹം വിട്ടുനിന്നു. താന്‍ നന്നെന്നു പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടാവും. താന്‍ ദൈവിക നിയമങ്ങളെന്നു പറഞ്ഞ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹം ഒരു വീഴ്ചയും വരുത്തിയില്ല. അദ്ദേഹത്തിന്റെ സ്വഭാവവും പെരുമാറ്റവും പ്രബോധനത്തില്‍ താന്‍ എന്തുമാത്രം സത്യസന്ധനും ആത്മാര്‍ഥതയുള്ളവനുമാണെന്നതിന്റെ സാക്ഷ്യമായിരുന്നു. താന്‍ ലോകത്തെ ക്ഷണിച്ചുകൊണ്ടിരിക്കുന്നതെന്തിലേക്കാണെന്നും ഏതു തരത്തിലുള്ള മനുഷ്യരെ വാര്‍ത്തെടുക്കാനാണതാഗ്രഹിക്കുന്നതെന്നും ജനങ്ങള്‍ക്ക് അനായാസം ഗ്രഹിക്കാനായി. ഈ ദീന്‍ ഏതുതരം സ്വഭാവചര്യകളാണ് മനുഷ്യരിലുണ്ടാവണമെന്നാഗ്രഹിക്കുന്നതെന്നും ഏതൊരു ജീവിതവ്യവസ്ഥ സംജാതമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ ഒരു പ്രയാസവുമുണ്ടായിരുന്നില്ല.
പരലോകത്ത് അല്ലാഹുവിന്റെ കോടതിയില്‍ പ്രവാചകന്‍ താന്‍ പ്രബോധനം ചെയ്യാനേല്‍പിക്കപ്പെട്ട സന്ദേശങ്ങള്‍ യഥാവിധി ജനങ്ങളില്‍ പ്രബോധനം ചെയ്തിട്ടുണ്ടെന്ന് മൊഴി നല്‍കും. ഇതാണ് പാരത്രിക സാക്ഷ്യം. അതനുസരിച്ച് വിശ്വാസികള്‍ക്ക് പ്രതിഫലവും നിഷേധികള്‍ക്ക് ശിക്ഷയും അല്ലാഹു നല്‍കും. ദൗത്യനിര്‍വഹണത്തില്‍ പ്രവാചകന്‍ ഒരു വീഴ്ചയും വരുത്തിട്ടില്ലെന്ന് ആ കോടതിയില്‍ സ്ഥാപിക്കപ്പെടും. പ്രവാചകനെ പിന്തുടരുന്നവര്‍ ഈ മൂന്നു തരം സാക്ഷ്യങ്ങളും നിര്‍വഹിക്കേണ്ടത് അനിവാര്യമാണ്. മുസ്ലിം സമുദായം ഈ കാര്യത്തില്‍ വലിയ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. അതാണ് മുസ്ലിംകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ മൗലിക കാരണം. ഇത് തിരുത്താതെ ഈ അവസ്ഥ മാറുകയില്ല.
പ്രവാചകന്‍ സത്യത്തിന്റെയും നീതിയുടെയും സാക്ഷിയായിരുന്നു എന്നതും ഇതിന്റെ താല്‍പര്യമാണ്. ഖുര്‍ആനിക ആശയങ്ങളുടെ പ്രഥമ പ്രയോക്താവായിരുന്നു അദ്ദേഹം. പ്രവാചകന്റെ സ്വഭാവം ഖുര്‍ആന്‍ ആയിരുന്നു എന്ന് ആഇശ (റ) പ്രസ്താവിക്കുന്നുണ്ട്. ഖുര്‍ആനിന്റെ അക്ഷരങ്ങള്‍ക്ക് ജീവിതം കൊണ്ട് വിശദീകരണം നല്‍കിയ പ്രവാചകന്‍ അത് അനുയായികള്‍ക്ക് പകര്‍ന്നു നല്‍കി. ''നിരക്ഷരന്മാര്‍ക്കിടയില്‍ അവരില്‍നിന്നുതന്നെ ഒരു ദൈവദൂതനെ നിയോഗിച്ചത് അവനാകുന്നു. അദ്ദേഹം അവന്റെ സൂക്തങ്ങള്‍ ഓതിക്കൊടുക്കുന്നു, അവരുടെ ജീവിതത്തെ സംസ്‌കരിക്കുന്നു. വേദവും തത്ത്വജ്ഞാനവും പഠിപ്പിച്ചുകൊടുക്കുന്നു. അവര്‍, ഇതിനു മുമ്പ് തികഞ്ഞ ദുര്‍മാര്‍ഗത്തിലായിരുന്നുവല്ലോ.''
ദൈവിക സൂക്തങ്ങള്‍ വായിച്ചു കൊടുക്കുക, മനുഷ്യജീവിതത്തെ സംസ്‌കരിക്കുക, നിയമവും അതിന്റെ പ്രയോഗവും പഠിപ്പിക്കുക എന്നിവയാണ് പ്രവാചകന്റെ മുഖ്യ ദൗത്യങ്ങള്‍. ദൈവവചനങ്ങള്‍ വായിക്കുകയോ വായിച്ചു കേള്‍പ്പിക്കുകയോ മാത്രമല്ല പ്രവാചകന്‍ ചെയ്തത്. തദനുസൃതമായി മനുഷ്യസമൂഹത്തെ സംസ്‌കരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്തു. ഈ സംസ്‌കരണത്തിന് രണ്ട് തലമുണ്ട്: ഒന്ന്, ആന്തരികം. രണ്ട്, ബാഹ്യം. ദൈവനിഷേധപരവും മനുഷ്യവിരുദ്ധവുമായ എല്ലാ തരം തിന്മകളുടെ ആശയങ്ങളെയും ഉള്ളില്‍നിന്ന് പുറം തള്ളി ദൈവബോധവും ധര്‍മവിചാരവും മനസ്സിലും മസ്തിഷ്‌കത്തിലും നിറക്കുക വഴിയാണ് ആന്തരികമായ ശുദ്ധീകരണവും സംസ്‌കരണവും സിദ്ധിക്കുന്നത്. ശരീരത്തിന്റെ ആഗ്രഹങ്ങളും കാമനകളും നിയന്ത്രിച്ച് എല്ലാ രംഗത്തും ജീവിത വിശുദ്ധി കൈവരിക്കലാണ് ബാഹ്യമായ സംസ്‌കരണം. തസ്‌കിയത്ത് എന്ന സാങ്കേതികപദം ശുദ്ധീകരണത്തിന്റെ പൂര്‍ണതയെയാണ് പ്രതിഫലിപ്പിക്കുന്നത്. നബി സാധ്യമാക്കിയ സാമൂഹിക പരിവര്‍ത്തനത്തോളം വിശാലവും സമഗ്രവുമാണ് തസ്‌കിയത്ത്. വിപ്ലവം മനസ്സിലാണ് രൂപപ്പെടുന്നത് എന്നതിനാല്‍ തസ്‌കിയത്ത് ആത്മ സംസ്‌കരണം എന്ന നിലയില്‍ മനസ്സിലാക്കപ്പെടുന്നതാണ്. മനം മാറ്റമാണ് സാമൂഹിക മാറ്റത്തിന്റെ അടിത്തറ.
മാറിയ വ്യക്തിക്കും സമൂഹത്തിനും മാറ്റത്തെ നിലനിര്‍ത്താന്‍ നിയമങ്ങള്‍ വേണം. പ്രവാചകനിലൂടെ അല്ലാഹു അതും നല്‍കി. പ്രവാചകന്‍ കിതാബും ഹിക്മയും പഠിപ്പിച്ചു എന്നതിന്റെ അര്‍ഥം ഇതാണ്. നീതിയുടെ സാക്ഷിയാകാന്‍ നിയമം കൂടിയേ തീരൂ. ഒരു ഭരണാധികാരി കൂടിയായ നേതാവ് എന്ന നിലയില്‍ തന്റെ അനുയായികളെ നിയമത്തോട് ആദരവും പ്രതിബദ്ധതയും ഉള്ള സമൂഹമായി പ്രവാചകന്‍ വളര്‍ത്തി.
അതു കൊണ്ട് പ്രവാചകന്റെ ജീവിതത്തെ കേവല സന്ദേശവാഹകനെന്നതിലുപരി ജീവിതത്തിന്റെ മാര്‍ഗദര്‍ശിയും മാതൃകയും ആയിട്ടാണ് അവര്‍ കണ്ടത്. പ്രവാചകനെ എല്ലാ നിലക്കും പിന്തുടരുന്നതില്‍ ഒരു വീഴ്ചയും അവര്‍ വരുത്തിയില്ല. പ്രവാചകന്റെ ചര്യക്ക് അഥവാ സുന്നത്തിന് ഇസ്‌ലാമിന്റെ ദ്വിതീയ പ്രമാണമെന്ന പദവി ഖുര്‍ആന്‍ നല്‍കിയതും അത് കൊണ്ട് തന്നെ. പ്രവാചകനെ അനുസരിക്കുക, പ്രവാചകനെ പിന്തുടരുക, പ്രവാചകന്‍ കൊണ്ടുവന്നതിനെ മുറുകെ പിടിക്കുക, പ്രവാചകന്‍ വിലക്കിയതിനെ വെടിയുക തുടങ്ങിയ ഖുര്‍ആനിക പ്രയോഗങ്ങളുടെ ഉദ്ദേശ്യം സുന്നത്തിന്റെ പ്രാമാണികതയെ ബലപ്പെടുത്തുന്നു. ഖുര്‍ആന്‍ കല്‍പ്പനകള്‍ക്കും നിയമങ്ങള്‍ക്കും പ്രവാചകന്‍ നല്‍കിയ കര്‍മപരവും വാചികവുമായ വ്യാഖ്യാനത്തെ നിശ്ശേഷം തള്ളിക്കളയുന്നതോടെ പ്രയോഗക്ഷമതയോ മാതൃകയോ ഇല്ലാത്ത കേവല ഗ്രന്ഥമായി ഖുര്‍ആന്‍ മാറും. നിയമ നിരപേക്ഷമായ സംഹിത എന്ന നിലയിലേക്ക് ഖുര്‍ആനെ അത് മാറ്റും. ഓരോരുത്തരും തങ്ങള്‍ക്ക് തോന്നിയ മാതിരി അതിനെ വ്യാഖ്യാനിക്കും. പൂര്‍വ സമൂഹങ്ങളുടെ ജീവിതത്തിലുണ്ടായ ആഘാതങ്ങള്‍ ഇസ്‌ലാമിനും സംഭവിക്കും. ഒരു സെക്യുലര്‍ മതമായി ഇസ്‌ലാമും മാറും. സുന്നത്ത് നിഷേധത്തിന്റെ രാഷ്ട്രീയം ഇതാണ്.
പ്രവാചകനും പ്രവാചകമാതൃകയും
പുണ്യപുരുഷന്മാരെ കുറിച്ച സാമ്പ്രദായിക മത ധാരണകളെ പൊളിച്ചെഴുതുന്നതായിരുന്നു നബിയുടെ ജീവിതം. ആത്മീയതയെ കുറിച്ച വിചാരങ്ങള്‍ എന്നും പരിത്യാഗത്തിന്റേതും വിരക്തിയുടേതുമാണ്. പട്ടുമെത്തയില്‍ കിടന്നും പരവതാനിയിലൂടെ നടന്നും പര്‍ണകുടീരങ്ങളില്‍ താമസിച്ചും അനുയായികള്‍ക്ക് ആത്മീയ ഉപദേശം നല്‍കിയ മത നേതാവായിരുന്നില്ല നബി. ജനങ്ങള്‍ക്കിടയില്‍ അവരോടൊപ്പം ജീവിച്ച വിമോചകനായിരുന്നു. ശത്രുക്കള്‍ നബിക്കെതിരില്‍ ഉന്നയിച്ച ആക്ഷേപം തന്നെ ഇതായിരുന്നു. അവര്‍ പറയുന്നു: ''ഇതെന്ത് ദൈവദൂതന്‍! ഇയാള്‍ അന്നം തിന്നുന്നു. അങ്ങാടിയിലൂടെ നടക്കുന്നു. ഇയാളോടൊപ്പം മുന്നറിയിപ്പുകാരനായി ഒരു മലക്കിനെ ഇറക്കിക്കൊടുക്കാത്തതെന്ത്?'' (അല്‍ഫുര്‍ഖാന്‍ 7). മനുഷ്യര്‍ക്ക് മാതൃകയാകേണ്ടവര്‍ മനുഷ്യരായി ജീവിക്കണം എന്നായിരുന്നു ദൈവനിശ്ചയം.
ചരിത്രത്തിലെ എല്ലാ പ്രവാചകന്മാരെയും പോലെ കഠിനതരമായ പരീക്ഷണങ്ങള്‍ മുഹമ്മദ് നബിയും നേരിട്ടിരുന്നു. അനുയായികളാല്‍ സ്‌നേഹിക്കപ്പെടുക മാത്രമായിരുന്നില്ല അവിടുന്ന്. ശത്രുക്കളാല്‍ എതിര്‍ക്കപ്പെടുക കൂടി ചെയ്തു. ശത്രുക്കളും എതിരാളികളും അദ്ദേഹത്തെ എന്തിനായിരുന്നു എതിര്‍ത്തത്? ഇതിന് മറുപടി കണ്ടെത്താന്‍ ആ ശത്രുക്കള്‍ ആരായിരുന്നു എന്ന് മനസ്സിലാക്കണം. മതത്തിലും സമ്പത്തിലും അധികാരത്തിലും ആധിപത്യം ഉറപ്പിച്ച അധീശ ശക്തികളായിരുന്നു അവരെല്ലാം. അവരുടെ നുകം പേറി തളര്‍ന്ന സമൂഹത്തിന്റെ മുതുകുകളിലെ ഭാരം ഇറക്കി വെക്കാന്‍ നബി രംഗത്ത് വന്നു. അടിമകളുടെ കാലുകള്‍ വരിഞ്ഞുമുറുക്കിയ ചങ്ങലകള്‍ അദ്ദേഹം പൊട്ടിച്ചെറിഞ്ഞു. അടിമകളെയും സ്ത്രീകളെയും ദുര്‍ബലരെയും മോചിപ്പിച്ചു. മര്‍ദക വ്യവസ്ഥയെ താങ്ങി നിര്‍ത്തിയ എല്ലാത്തരം ഉച്ചനീചത്വങ്ങളും ഇല്ലായ്മ ചെയ്തു. വര്‍ണവെറിയുടെയും വംശവെറിയുടെയും കടക്കല്‍ കത്തിവെച്ചു. ഇസ്‌ലാമിക സമൂഹത്തില്‍ ഇനിയത് തല പൊക്കരുതെന്ന് നിഷ്‌കര്‍ഷിച്ചു. അനുയായികളെ സ്‌നേഹിച്ച പ്രവാചകന്‍ അവരെ ശാസിച്ച സന്ദര്‍ഭങ്ങള്‍ പരിശോധിക്കുക. ഇസ്ലാം വിലക്കിയ തിന്മകള്‍ തല ഉയര്‍ത്തിയ ഘട്ടങ്ങളിലായിരുന്നു അവയെല്ലാം. അടിമകള്‍ക്കും സ്ത്രീകള്‍ക്കം ദരിദ്രര്‍ക്കും കറുത്തവര്‍ക്കും വേണ്ടിയായിരുന്നു നബിയുടെ ശബ്ദം കനത്തത്; മുഖം വിവര്‍ണമായത്. 'കറുത്തവളുടെ പുത്രാ' എന്ന് ബിലാലിനെ വിളിച്ച അബൂദര്‍റിനോട്, കുറുകിയവള്‍ എന്ന് സ്വഫിയ്യയെ പറ്റി പറഞ്ഞ ആഇശയോട്, പൊതുസേവകര്‍ സാമ്പത്തിക തെറ്റുകള്‍ ചെയ്തപ്പോള്‍ അവരോട് നബി കയര്‍ത്തു. ശാസിക്കാന്‍ കഴിയുക അധികാരമുള്ളവര്‍ക്കാണ്. നബി അധികാരമുള്ള നേതാവായിരുന്നു.
''തങ്ങളുടെ വശമുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിയതായി അവര്‍ കാണുന്ന നിരക്ഷരനായ പ്രവാചകനുണ്ടല്ലോ, അവര്‍ ആ ദൈവദൂതനെ പിന്‍പറ്റുന്നവരാണ്. അവരോട് അദ്ദേഹം നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നു. ഉത്തമ വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുന്നു. അവരെ കുരുക്കിയിട്ട വിലങ്ങുകള്‍ അഴിച്ചുമാറ്റുന്നു. അതിനാല്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തിന് അവതീര്‍ണമായ പ്രകാശത്തെ പിന്തുടരുകയും ചെയ്യുന്നവരാരോ, അവരാണ് വിജയം വരിച്ചവര്‍'' (അല്‍അഅ്‌റാഫ് 157).
ഈ ദൗത്യം സാധ്യമാക്കാനായിരുന്നു നബി രാഷ്ട്രമുണ്ടാക്കിയത്. രിസാലത്തിന്റെ സുപ്രധാന ലക്ഷ്യങ്ങളായി ഖുര്‍ആന്‍ പ്രസ്താവിച്ച നിര്‍ഭയത്വവും സമാധാനവും (അല്‍ബഖറ 38) ഭൂമിയില്‍ സ്ഥാപിക്കാന്‍ അധികാരം അവശ്യമാണ്. കേവല ആത്മീയ പ്രവര്‍ത്തനത്തിലൂടെ അത് പൂര്‍ണമായും സാധിക്കുകയില്ല. മനുഷ്യന്‍ അഭിമുഖീകരിക്കുന്ന ദൗതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുക കൂടി ചെയ്യുമ്പോഴാണ് നിര്‍ഭയവും സമാധാനപൂര്‍ണവുമായ സാമൂഹിക ക്രമം ഉണ്ടാവുക. ദേവാലയം ആത്മീയ പരിഹാരങ്ങള്‍ നല്‍കുമ്പോള്‍, പാര്‍ലമെന്റാണ് സമൂഹത്തിന്റെ രാഷ്ട്രീയ മോചനം സാധ്യമാക്കുന്നത്. മദീനയില്‍ പള്ളിയുണ്ടാക്കിയ പ്രവാചകന്‍ പാര്‍ലമെന്റും കോടതിയും സ്ഥാപിച്ചു. നിയമ നിര്‍മാണം നടത്തിയ ദൈവദൂതന്‍ അതിന് നിര്‍വഹണ സംവിധാനവും ഒരുക്കി.
പതിമൂന്ന് വര്‍ഷം മക്കയില്‍ ദഅ്‌വത്ത് (പ്രബോധനം) നിര്‍വഹിച്ച നബിയുടെ ദൗത്യം പൂര്‍ണമാകുന്നത് മദീനയിലെ പത്ത് വര്‍ഷത്തെ ഭരണവും കൂടി ചേരുമ്പോഴാണ്. ദഅ്‌വത്തിലൂടെ മാത്രം വിമോചനം സാധ്യമാകില്ല, ഭരണത്തിലൂടെയും ജിഹാദിലൂടെയുമാണ് അത് സാധ്യമാവുകയുള്ളൂ എന്ന മഹിത സന്ദേശമാണ് നബിയുടെ ജീവിതം. ദുഷിച്ച ഭരണത്തിനു കീഴില്‍ ദേവാലയം എത്ര ഭംഗിയുള്ളതായിട്ടും കാര്യമില്ല. പ്രവാചക ജീവിതത്തിന്റെ ഓരോ അംശവും താന്‍ നിയോഗിതമായ ദൗത്യത്തിന്റെ സാക്ഷ്യമായിട്ടാണ് ലോകത്ത് വിരചിതമായിട്ടുള്ളത്. ഇസ്‌ലാമിനെ കുറിച്ച ഏറ്റവും മനോഹരമായ കൃതി ഏത് എന്ന ചോദ്യത്തിന്, നമുക്ക് നല്‍കാന്‍ ഉത്തരം ഒന്ന് മാത്രമേയുള്ളൂ. അത് മുഹമ്മദ് റസൂലുല്ല(സ)യുടെ ജീവിതം മാത്രമാണ്. മുഹമ്മദുന്‍ റസൂലുല്ലാ... ജീവിതം തന്നെ സാക്ഷി.
Comments