Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 30

3174

1442 റബീഉല്‍ അവ്വല്‍ 13

ദലിത് ദുരതങ്ങളുടെ ഇന്ത്യന്‍ കാഴ്ചകള്‍

പി. സഫ

2006 സെപ്റ്റംബര്‍     29-ന് മഹാരാഷ്ട്രയിലെ  ഖിര്‍ലാഞ്ചി ഗ്രാമത്തില്‍ ഒരു ഭൂമി തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ മറാത്തകുമ്പികളുടെ നേതൃത്വത്തില്‍ ഭോട്മാംഗേ കുടുംബത്തിലെ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും അവരെ നഗ്നരാക്കി ഗ്രാമത്തില്‍ പരേഡ് നടത്തുകയും ആ കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തത് മുഖ്യധാരാ വാര്‍ത്താമാധ്യമങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യുകയോ പൊതുജനം അറിയുകയോ ചെയ്തിരുന്നില്ല. നാഗ്പൂരില്‍ ദലിത് വിഭാഗക്കാര്‍ പിന്നീട് നടത്തിയ പ്രതിഷേധമാണ് ഈ സംഭവത്തെ പുറംലോകത്തും അതുമായി ബന്ധപ്പെട്ട  കേസ് കോടതിയിലുമെത്തിച്ചത്. ആ കുടുംബത്തില്‍ നടന്ന കൂട്ടക്കൊലക്ക് ശേഷം ആകെ അവശേഷിച്ച ബൈയാലാല്‍ എന്നയാള്‍  2017-ല്‍ കടുത്ത നീതിനിഷേധത്തിന് ഇരയായി മരണപ്പെടുമ്പോഴും സുപ്രീം കോടതി ഈ സംഭവം ജാതീയ ഹിംസയായി പരിഗണിച്ചിരുന്നില്ല. ഇതു പഴയകഥയല്ല. സ്വതന്ത്ര ഇന്ത്യയില്‍ ഈദിനം വരെയും തുടര്‍ന്നുകൊണ്ടിരിക്കുന്ന, ഇനിയങ്ങോട്ടും തുടരാനിരിക്കുന്ന ജാതിവെറിയുടെ ചെറിയ സാക്ഷ്യം മാത്രമാണ്. പേരുകളും ആളുകളും ഇടങ്ങളും മാറുമെന്നേയുള്ളൂ, സംഭവങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. 
ഇക്കഴിഞ്ഞ മാസം യു.പിയിലെ ഹാഥറസില്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാവുകയും പല വിധത്തിലുള്ള ശാരീരിക പീഡനങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങുകയും ഭരണകൂടത്തിനാല്‍ കത്തിച്ചുകളയപ്പെടുകയും ചെയ്ത മനീഷയെന്ന പത്തൊമ്പത് വയസ്സുകാരിയായ ദലിത് പെണ്‍കുട്ടിയെക്കുറിച്ച് ഞെട്ടലോടെ വായിച്ചവര്‍ ചുരുക്കമായിരിക്കും. ദലിത് പീഡനങ്ങള്‍ അത്ര കണ്ട് അതിസാധാരണത്വം കൈവരിച്ച രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തിലൂടെയാണ് 'സ്വതന്ത്ര ജനാധിപത്യ' ഇന്ത്യ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.  തന്റെ മകളുടെ മൃതദേഹം വിട്ടുതരണമെന്ന് പൊട്ടിക്കരഞ്ഞു യാചിച്ച മാതാവടക്കമുള്ള കുടുംബാംഗങ്ങളെ മുഴുവന്‍ വീട്ടില്‍ പൂട്ടിയിട്ട് പുലര്‍ച്ചെ ഒരു മണിയോടടുത്തു മൃതദേഹം കത്തിച്ചുകളഞ്ഞതോടെയും രാജ്യത്തെ അതിപ്രധാന 'കൃത്യനിര്‍വഹണ' വിഭാഗമായ പോലീസ് ജോലിയവസാനിപ്പിച്ചില്ല.  പെണ്‍കുട്ടിയുടെ മരണമൊഴി പോലും കണക്കിലെടുക്കാതെ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ബീജത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നും ബലാത്സംഗം നടന്നതിനു തെളിവുകളില്ലെന്നുമുള്ള തീര്‍പ്പിലേക്കെത്തിയ പോലീസ് പത്തുദിവസങ്ങള്‍ക്കു ശേഷവും താക്കൂര്‍ വിഭാഗത്തില്‍പെട്ട പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചില്ലെന്നു മാത്രമല്ല, യോഗി സര്‍ക്കാരിന്റെ സഹായത്തോടെ അവരെ സംരക്ഷിക്കാന്‍ എല്ലാവിധ ഒത്താശകളും ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. കുടുംബത്തിന് നീതി ലഭ്യമാക്കാന്‍  ശ്രമിക്കുന്നതിന് പകരം മൃതദേഹത്തിന് 25 ലക്ഷവും വീടും സര്‍ക്കാര്‍ ജോലിയും വിലയിടുകയാണ് സര്‍ക്കാര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ നീതിക്ക് വേണ്ടി സമരം ചെയ്യുന്ന ദലിത് വിഭാഗങ്ങളെയും സഹകാരികളെയും ക്രൂരമായി അടിച്ചൊതുക്കുകയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ യു.എ.പി.എയും മറ്റു  രാജ്യദ്രോഹക്കുറ്റങ്ങളും ചുമത്തി ജയിലിലടക്കുകയും, യാതൊരു ബാഹ്യബന്ധങ്ങള്‍ക്കും അനുവദിക്കാതെ പെണ്‍കുട്ടിയുടെ കുടുംബത്തെ വീട്ടുതടങ്കലിലാക്കുകയും ചെയ്ത പോലീസും ഭരണകൂടവും പക്ഷേ,  കോവിഡ് പ്രോട്ടോക്കോള്‍ പോലും ലംഘിച്ച് പ്രതികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗ്രാമത്തില്‍ ഒരുമിച്ച് കൂടിയ താക്കൂറുകള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയാണ് ചെയ്തത്.  
മാധ്യമപ്രവര്‍ത്തകരുടെ ജാതിനോക്കി പല വിധത്തിലാണ് പോലീസിന്റെ കൃത്യനിര്‍വഹണം. എ.ബി.പി ന്യൂസ് റിപ്പോര്‍ട്ടര്‍ പ്രതിമ മിഷ്രക്ക് ഭേദപ്പെട്ട അനുഭവമുണ്ടായപ്പോള്‍ മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്‍, ഗവേഷണ വിദ്യാര്‍ഥികളായ  അതീഖുര്‍റഹ്മാന്‍, മസൂദ് അഹ്മദ്,  അവരുടെ ഡ്രൈവര്‍ ആലം തുടങ്ങിയവരെ രാജ്യദ്രോഹമടക്കമുള്ള ഗുരുതരമായ കേസുകളില്‍ പെടുത്തി വായടപ്പിച്ചിരിക്കുന്നു.  പ്രതിഷേധക്കാരെ അമര്‍ച്ച ചെയ്യാന്‍ യു.പി സര്‍ക്കാര്‍ കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ ശ്രമിച്ചതിനും, പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയവരെ വന്‍ സന്നാഹങ്ങളും കായികബലവും ഉപയോഗിച്ച് നേരിട്ടതിനുമൊടുവില്‍  പോലീസിനു നേരെ വലിയ ആരോപണങ്ങള്‍ ഉയര്‍ന്നതിനുശേഷമാണ് കേസ് സി.ബി.ഐക്ക് കൈമാറാന്‍ യോഗി സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.   ഇതേ മാസം തന്നെ രാജ്യത്ത് ബലാത്സംഗം ചെയ്യപ്പെട്ട അഞ്ചു സ്ത്രീകളില്‍ മൂന്നും ദലിതരാണ് എന്നു മാത്രമല്ല,  മൊഴിയെടുക്കാന്‍ കാലതാമസമുണ്ടാവുകയും കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍.
ഹാഥറസ് സംഭവം മാധ്യമങ്ങളിലിടം പിടിച്ച അതേസമയത്ത് തന്നെയാണ്- ഒക്‌ടോബര്‍ ആദ്യവാരം- ദല്‍ഹിയില്‍ ഗുര്‍മണ്ടിയില്‍ പതിനേഴുകാരിയായ ദലിത് പെണ്‍കുട്ടി വീട്ടുജോലി ചെയ്യുന്നയിടത്ത് ഹാഥറസ് മോഡല്‍ ബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയായി കത്തിക്കപ്പെട്ടത്. എന്നാല്‍ ദല്‍ഹി പോലീസ് ഈ സംഭവത്തെ  ആത്മഹത്യയായി വ്യാഖ്യാനിക്കുകയും മരണത്തില്‍ ദുരൂഹമായി ഒന്നുമില്ലെന്ന് വിധിയെഴുതുകയുമായിരുന്നു. 
പോലീസും ഭരണകൂടവും നടത്തുന്ന നീതിനിഷേധത്തിനെതിരെയുള്ള പ്രതിഷേധ സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കാരവന്‍ മാഗസിന്‍ റിപ്പോര്‍ട്ടര്‍ അഹാന്‍ പെന്‍കാര്‍ കൈയേറ്റം ചെയ്യപ്പെടുകയും നാല് മണിക്കൂര്‍ തടവിലാക്കപ്പെടുകയും ചെയ്തുവെന്നത് ഇക്കഴിഞ്ഞ ഒക്‌ടോബര്‍ പതിനെട്ടാം തീയതി വന്ന വാര്‍ത്തയാണ്.  ഇതേസമയം തന്നെ ബല്‍റാംപുരിയില്‍ ഒരു ദലിത് പെണ്‍കുട്ടി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടിട്ടും, തുടരെത്തുടരെ ഹിംസകള്‍ ആവര്‍ത്തിച്ചിട്ടും പ്രധാനമന്ത്രിയോ കാബിനറ്റ് മന്ത്രിമാരോ കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി പോലുമോ സംഭവങ്ങളെക്കുറിച്ച് കാര്യമായൊന്നും പ്രതികരിക്കുകയുണ്ടായില്ല. സവര്‍ണ മാധ്യമങ്ങളൊന്നും ഈ സംഭവങ്ങളിലെ ജാതീയത കാണുന്നുമില്ല. നീതിക്കായി തെരുവിലിറങ്ങുന്ന പ്രതിഷേധക്കാരെയും ദലിത് നേതാക്കളെയും സമാധാനം തകര്‍ക്കുന്നവരായി അവ മുദ്രകുത്തുകയും ചെയ്യുന്നു.
കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് ഗുജറാത്തില്‍ വിവാഹാഘോഷത്തിന്റെ ഭാഗമായി കുതിരയെ ഓടിച്ച ആകാശ്കുമാര്‍ കൊയ്ടിയയെ സവര്‍ണ - താക്കൂര്‍ വിഭാഗക്കാര്‍ കൂട്ടമായി കല്ലെറിയുകയും ആക്രമിക്കുകയും ചെയ്ത കേസില്‍ പോലീസ് പതിനൊന്നു പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും ആരെയും അറസ്റ്റ് ചെയ്യുകയുണ്ടായില്ല. സമാനമായി 2019 മെയ് മാസത്തില്‍ രാജസ്ഥാനിലെ ഭീകാനിര്‍ ജില്ലയില്‍ കുതിരയെ ഓടിച്ചുവെന്ന കാരണത്താല്‍ ദലിത് യുവാവിനെ രജപുത് ജാതിക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയുണ്ടായി. അതേ മാസം തന്നെ ദലിത് വരന്‍ കുതിരയോടിച്ചെന്ന കാരണം പറഞ്ഞ് തന്നെ ആ കുടുംബത്തിന് മുഴുവന്‍ ഭ്രഷ്ട്  കല്‍പിച്ചു. ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല, ഇതുപോലുള്ളവ ഒന്നിന് പുറകെ മറ്റൊന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പോലീസിന്റെയും മറ്റു ഭരണസംവിധാനങ്ങളുടെയും നിരുത്തവാദിത്തം കാരണം റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോവുന്ന സംഭവങ്ങള്‍ ഇതിനേക്കാളും എത്രയോ മടങ്ങ് കൂടുതലാണ്. കേസുമായി മുന്നോട്ട് പോവാന്‍ തക്ക സാമ്പത്തിക ഭദ്രതയോ വിദ്യാഭ്യാസമോ ഇല്ലാത്തവരാണ് വലിയൊരു ശതമാനം ദലിതരും. അതേ മാസം പതിനഞ്ചിന് കാണ്‍പൂരില്‍ മുപ്പതോളം ദലിതരെ ഇതേ താക്കൂര്‍വിഭാഗത്തില്‍പെട്ടവര്‍ ആക്രമിച്ചു പരിക്കേല്‍പിച്ച വാര്‍ത്തക്ക് മുഖ്യധാരാ മാധ്യമങ്ങളൊന്നും തന്നെ പ്രാധാന്യം നല്‍കിയില്ല. കുറ്റാരോപിതരും ശിക്ഷ വിധിക്കുന്നവരും നിയമം നടപ്പില്‍ വരുത്തുന്നവരും ഭരണചക്രം തിരിക്കുന്നവരും ഒരേ സവര്‍ണബോധം പേറുന്നവരായതിനാല്‍ ദലിത് വിഭാഗത്തിന് നീതി എപ്പോഴും കെട്ടുകഥയാവുന്നു. 
നാഷ്‌നല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം, ഹിംസ, ബലാത്സംഗം,  കൊലപാതകം, ഭൂമിയുമായി ബന്ധപ്പെട്ട അന്യായങ്ങള്‍ തുടങ്ങിയ ദലിതര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഏറ്റവുമധികം നടക്കുന്നത് ഉത്തര്‍പ്രദേശിലും പിന്നെ മോദിയുടെ ഗുജറാത്തിലുമാണ്. 2014 - 2018 കാലയളവില്‍ ദലിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ യു.പിയില്‍ 47-ഉം ഗുജറാത്തില്‍ 26-ഉം ഹരിയാനയില്‍ 15-ഉം മധ്യപ്രദേശില്‍  14-ഉം മഹാരാഷ്ട്രയില്‍ പതിനൊന്നും ശതമാനം വര്‍ധനവാണ് ഉണ്ടായതെന്ന് ഇതേ റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ ഏതാനും  വര്‍ഷങ്ങളായി ഇത്തരം അതിക്രമങ്ങളില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും കുറ്റാരോപിതരായ സവര്‍ണര്‍ ശിക്ഷിക്കപ്പെടുന്നതിന്റെ നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുന്നു.  2015-ല്‍ 38, 670 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഒറ്റ വര്‍ഷം കൊണ്ട് അത് 40, 801 ആയി വര്‍ധിച്ചു. 2016-ലെ യു.പിയിലെ മൊത്തം കേസുകളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അതില്‍ 26 ശതമാനവും ദലിതര്‍ക്കെതിരെയുള്ളതാണ്. ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യുന്ന ദലിത് വിരുദ്ധകേസുകളില്‍ 25.6 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് യു.പിയിലാണ്. രണ്ടാമതായി ബിഹാറും (14 ശതമാനം) മൂന്നാമതായി രാജസ്ഥാനും (12.6 ശതമാനം) സ്ഥാനം പിടിച്ചിരിക്കുന്നു. ഇന്ത്യയിലെ കുഗ്രാമങ്ങള്‍ മാത്രമല്ല, വ്യാവസായിക പ്രാധാന്യമുള്ള പട്ടണങ്ങള്‍ പോലും ഇത്തരം അതിക്രമങ്ങളുടെ കേന്ദ്രങ്ങളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2017-ല്‍ ലഖ്‌നൗവില്‍ 262, പറ്റ്‌നയില്‍ 241, ജയ്പൂരില്‍ 219, ബാംഗ്ലൂരില്‍ 207, ഹൈദരാബാദില്‍ 139, അഹ്മദാബാദില്‍ 96, ഗാസിയാബാദില്‍ 64, ദല്‍ഹിയില്‍ 46 എന്നിങ്ങനെയാണ് കണക്കുകള്‍. ബി.ജെ.പിക്കും ആര്‍.എസ്.എസിനും ഭരണവും സ്വാധീനവുമുള്ള സംസ്ഥാനങ്ങളിലാണ് ഇത്തരം അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് എന്നത്, ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറുകളും ദേശീയ ഭരണസംവിധാനങ്ങളും വഹിക്കുന്ന പങ്കിനെ വെളിച്ചത്തുകൊണ്ടുവരുന്നു. മോദിസര്‍ക്കാര്‍ ഭരണത്തിലേറിയ തൊട്ടുടനെയാണ് ബദായൂനില്‍ രണ്ട് ദലിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിക്കൊന്നതും സര്‍ക്കാര്‍ ഇടപെട്ട് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതും. കത്രകേസിലും ബി.ജെ.പി നേതാവ് ഉള്‍പ്പെട്ട ഉന്നാവോ കേസിലുമെല്ലാം ഇതേപോലെ പ്രതികളെ- ഉന്നാവോയില്‍ ഇരയായ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും സാക്ഷിയെ വാഹനമിടിച്ചു കൊലപ്പെടുത്തുകയും ചെയ്തിട്ട് പോലും- സംരക്ഷിക്കുകയായിരുന്നു സര്‍ക്കാരും പോലീസും.
2018-2019 കാലയളവില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ 71 ശതമാനം വര്‍ധിച്ചുവെന്നും അതില്‍ വലിയൊരു ശതമാനം (32, 033 ല്‍ 3524 അഥവാ 11 ശതമാനം) ഇരകളും ദലിതരാണെന്നും നാഷ്‌നല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷം കൊണ്ട് ദലിത് സ്ത്രീകള്‍ക്കെതിരായുള്ള പീഡനക്കേസുകള്‍ 7.3 ശതമാനം  വര്‍ധിച്ചു. യു.പിയില്‍നിന്ന് മാത്രം ഇത്തരത്തില്‍ 5470 പരാതികളാണ് ദേശീയ വനിതാ കമീഷനു ലഭിച്ചത്. പ്രതിദിനം പത്തു ദലിത് സ്ത്രീകള്‍ ബലാത്സംഗത്തിനിരയാവുന്നുവെന്നാണ് എന്‍.സി.ആര്‍.ബിയുടെ കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സ്ത്രീകള്‍ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാവാനുള്ള സാധ്യത 44 ശതമാനം വര്‍ധിച്ചിരിക്കുന്നു. എസ്.സി വിഭാഗത്തിന് നേരിടേണ്ടിവന്ന അതിക്രമങ്ങളുടെ മൊത്തം കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അതില്‍ ലൈംഗിക പീഡനം, മാനഭംഗം, ബലാത്സംഗം തുടങ്ങിയ സ്ത്രീകള്‍ക്കെതിരായുള്ള കേസുകളുടെ നിരക്കാണ് കൂടുതല്‍. 2016-ല്‍ അത് 15 ശതമാനമായിരുന്നു. നിര്‍ഭയ ആക്ട് പോലുള്ള സ്ത്രീ സുരക്ഷാനിയമങ്ങള്‍ നടപ്പിലായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിക്രമങ്ങള്‍ കുറഞ്ഞില്ലെന്ന് മാത്രമല്ല, സവര്‍ണ ലൈംഗികാതിക്രമങ്ങള്‍ മുമ്പത്തേതിനേക്കാളും കൂടുതലായി നിര്‍ബാധം തുടരുകയും ചെയ്യുന്നു. സവര്‍ണ സ്ത്രീകള്‍ക്ക് നേരെയുണ്ടാവുന്ന ലൈംഗികാതിക്രമങ്ങള്‍ പുറത്തുവരുന്ന പോലെ ദലിത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് മാത്രമല്ല, സവര്‍ണ സ്ത്രീകളുടെ കാര്യത്തില്‍ സവര്‍ണ- ഗോദി മാധ്യമങ്ങള്‍ കാണിക്കുന്ന ആവേശം ദലിത് സ്ത്രീകളുടെ കാര്യത്തില്‍ ഉണ്ടാവാറില്ല. ഇരകളെയും കുടുംബങ്ങളെയും ഭീഷണിപ്പെടുത്തിയും സൈബര്‍ ഇടങ്ങളില്‍ നാണം കെടുത്തിയുമാണ് സവര്‍ണ ഭീകരരും പോലീസും ദലിതരെ കൈകാര്യം ചെയ്യുന്നത്. യു.പിയിലെ അറോഹയില്‍ 19 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത അയല്‍വാസിയോട് പെണ്‍കുട്ടിയെ വിവാഹം ചെയ്ത് കേസ് ഒതുക്കിത്തീര്‍ക്കാനാണ് പോലീസ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പ്രതിയുടെ അമ്മാവനും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ബസ്‌സ്റ്റോപ്പില്‍ ഉപേക്ഷിക്കുകയും ചെയ്ത കേസില്‍ വര്‍ഷങ്ങള്‍ക്കു ശേഷം കോടതി ഇടപെട്ടതിനു ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തതുതന്നെ.  ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഖൊരക്പൂരില്‍ 20 വയസ്സുകാരിയെ ബലാത്സംഗം ചെയ്തത് രണ്ട് പോലീസുകാരാണ്. കഴിഞ്ഞ മാസം ഖൊരക്പൂരില്‍തന്നെ ഒരു ഏഴാം ക്ലാസുകാരിയും പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടിയും ബലാത്സംഗത്തിനിരയായി. 
ദലിതര്‍ക്കെതിരായ അക്രമങ്ങള്‍ ജാതിസമൂഹത്തെ നിലനിര്‍ത്താനും  ആ ജാതി സമൂഹത്തിന് രാഷ്ട്രീയ ആധിപത്യം നേടിക്കൊടുക്കാനുമാണ് സഹായകമായത്. ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം ഇത്തരം അതിക്രമങ്ങള്‍ വര്‍ധിച്ചു. ഉത്തരേന്ത്യയില്‍, വിശേഷിച്ച് യു.പിയില്‍ രാഷ്ട്രീയത്തിലും സാമൂഹിക-സാമ്പത്തിക ക്രമങ്ങളിലും താക്കൂര്‍-രാജപുത് ആധിപത്യം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇക്കോണമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി (EPW) 2016-ല്‍ നടത്തിയ സര്‍വേ, യു.പിയില്‍ താക്കൂര്‍മാര്‍ ജനസംഖ്യാനുപാതികമല്ലാതെ - 8 ശതമാനം താക്കൂര്‍മാര്‍ക്ക്  ഭൂമിയുടെ 65 ശതമാനവും- വലിയ തോതില്‍ ഭൂമി കൈവശം വെച്ചിരിക്കുന്നു എന്ന് കണ്ടെത്തുകയുണ്ടായി. ദലിതര്‍ക്ക് ഉപജീവനത്തിനായി താക്കൂര്‍ ഭൂമിയെ ആശ്രയിക്കുകയല്ലാതെ നിവൃത്തിയില്ല. 1990-കളില്‍ രൂപപ്പെട്ട ബി.എസ്.പി, എസ്.പി പാര്‍ട്ടികള്‍ ദലിത് ഐക്യമെന്ന ലക്ഷ്യം മുന്നോട്ടുവെച്ചിരുന്നെങ്കിലും അത് ദലിത് വിദ്വേഷത്തിലൂന്നിയ ബ്രാഹ്മണ-സവര്‍ണ രാഷ്ട്രീയചേരിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ഹിന്ദുത്വ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തി ഭരണം തിരിച്ചുപിടിക്കുന്നതിലേക്ക് കൊണ്ടെത്തിക്കുകയുമാണ് ചെയ്തത്. മാത്രമല്ല, ഈ ബഹുജന്‍ രാഷ്ട്രീയ കക്ഷികള്‍ കാന്‍ഷിറാമിനെപ്പോലുള്ള സ്ഥാപകര്‍ മുന്നോട്ടുവെച്ച സാമൂഹിക വിപ്ലവത്തില്‍ വെള്ളം ചേര്‍ക്കുകയും സവര്‍ണരെ കൂട്ടുപിടിച്ച് അധികാര കിടമത്സരങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു.
താങ്ങുവില എടുത്തുകളഞ്ഞ പുതിയ കര്‍ഷക ബില്ല് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് രാജ്യത്തെ ദലിതരുടെ ഉപജീവന മാര്‍ഗത്തെയായിരിക്കും എന്നതില്‍ യാതൊരു സംശയവുമില്ല. വളരെ അടിസ്ഥാനപരമായ ജോലികള്‍ ചെയ്തു ജീവിതം പുലര്‍ത്തുന്നവരാണ് ഇന്ത്യയില്‍ ദലിത് വിഭാഗം. 2016-ലെ കണക്കു പ്രകാരം ഗുജറാത്തില്‍ മാത്രം 64,000 ദലിതര്‍ തോട്ടിപ്പണി ചെയ്തുകൊണ്ടിരിക്കുന്നു.  മാന്‍ഹോളുകളില്‍ ശ്വാസംമുട്ടി മരിക്കുന്ന എത്ര വാര്‍ത്തകളാണ് പുറത്തുവരാറുള്ളത്.  ജാതിശ്രേണിയില്‍ തൊട്ടു മുകളിലുള്ളവര്‍ക്ക് പോലും എന്ത് അതിക്രമവും ദലിതനോട് കാണിക്കാമെന്നതാണ് ബി.ജെ.പി ഇന്ത്യയിലെ സ്ഥിതി. ദലിതന് മുടിമുറിക്കുന്നത് വിലക്കുന്ന ബാര്‍ബര്‍ ഷോപ്പുകളും ഉയര്‍ന്ന ജാതിക്കാര്‍ ഊരുവിലക്കിയ ദലിത് കോളനികളും  ഇന്നും ഗുജറാത്തിലും മറ്റുപല സംസ്ഥാനങ്ങളിലുമുണ്ട്. ഗുജറാത്തിലെ നോര്‍ത്തോള്‍ വില്ലേജില്‍ മകളെ ഉപദ്രവിച്ചതിന് ഉയര്‍ന്ന ജാതിക്കാര്‍ക്കെതിരെ കേസ് കൊടുത്തതിന് പഞ്ചായത്ത് പ്രസിഡന്റ് ചന്ദുഭായിയെ അവിശ്വാസപ്രമേയത്തിലൂടെ മറ്റു  സവര്‍ണ പഞ്ചായത്ത് അംഗങ്ങള്‍ പുറത്താക്കിയതും, ഗുജറാത്തില്‍തന്നെ രസ്‌ക ഗ്രാമത്തില്‍ ദലിത് പഞ്ചായത്ത് പ്രസിഡന്റ് വിനുഭായി മകവാനയെ സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്താന്‍ അനുവദിക്കാതിരുന്നതും, സര്‍ക്കാര്‍ ഓഫീസില്‍ എന്തോ ആവശ്യത്തിനു വന്ന ദലിതനെ ചെകിട്ടത്തടിച്ച പട്ടേല്‍ സമുദായത്തിലെ ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയതിനു സവര്‍ണന്‍ പരാതിക്കാരനെയും കുടുംബത്തെയും ഊരുവിലക്കിയതും, തമിഴ്‌നാട്ടില്‍  ആദി ദ്രാവിഡ വിഭാഗത്തില്‍പെട്ട വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ മീറ്റിംഗില്‍ തറയിലിരുത്തിയതുമെല്ലാം മാസങ്ങള്‍ക്ക് മുമ്പ് ആധുനിക ഇന്ത്യയില്‍ നടന്ന സംഭവങ്ങള്‍ തന്നെയാണ്.
ദലിത് വിഷയങ്ങളില്‍ ഇടപെടുന്ന നേതാക്കളെയും സാമൂഹിക പ്രവര്‍ത്തകരെയും  വിദ്യാര്‍ഥികളെ പോലും രാജ്യദ്രോഹമടക്കമുള്ള കേസുകളില്‍ പെടുത്തി നാക്കരിയാനാണ് ഹിന്ദുത്വ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏറ്റവും അവസാനമായി ഭീമ-കൊറേഗാവ്  വിഷയത്തില്‍, ആദിവാസി-ദലിത് പ്രശ്‌നങ്ങളില്‍ എന്നും ധീരമായ നിലപാടുകളെടുത്ത എണ്‍പത്തിമൂന്നുകാരനായ ഫാദര്‍ സ്റ്റാന്‍ സ്വാമി അറസ്റ്റ് ചെയ്യപ്പെട്ടത് ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥ അടിവേരോടെ പിഴുതുമാറ്റപ്പെട്ടിരിക്കുന്നു എന്നതിന്റെ നേര്‍സാക്ഷ്യമാണ്. വരവരറാവു, സുധഭരദ്വാജ്, ആനന്ദ് തേല്‍തുംബ്‌ടെ എന്നിവരടക്കമുള്ള പതിമൂന്ന് പേരെ ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് മുന്നേ ഇതേ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ദലിത് മുന്നേറ്റങ്ങളുടെ നേതൃത്വത്തെ തന്നെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 
പ്രത്യക്ഷത്തില്‍ രാഷ്ട്രീയ ബന്ധം കണ്ടെത്താന്‍ കഴിയാത്ത ഒട്ടേറെ സംഘടനകളിലൂടെയും സാംസ്‌കാരിക കേന്ദ്രങ്ങളിലൂടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയുമെല്ലാമാണ് വര്‍ഗീയതയും ദലിത് വിദ്വേഷവും ഒരു സമൂഹത്തിന്റെ ബോധ്യമായി വളര്‍ത്തിക്കൊണ്ട് വരുന്നത്. അത്തരം സംഘങ്ങളെ  ഗവേണിംഗ് ഏജന്‍സികളിലേക്ക് തിരുകിക്കയറ്റുകയും ചെയ്യുന്നു. ആര്‍.എസ്.എസ് അനുഭാവമുള്ള 'സ്വതന്ത്ര' സ്ഥാപനമായ സങ്കല്‍പ്പ് ഒരുദാഹരണം മാത്രം.  ഈ വര്‍ഷം യു.പി.എസ്.സി പരീക്ഷയെഴുതിയ 759 പേരില്‍ 466 പേരും ഈ സ്ഥാപനത്തില്‍നിന്ന് പരിശീലനം നേടിയവരാണ്. 2017-ല്‍ 1099 വിജയികളില്‍ 689-ഉം, 2016-ല്‍ 1078 വിജയികളില്‍ 648-ഉം, 2015-ല്‍ 1236 വിജയികളില്‍ 670 പേരും സങ്കല്‍പ്പിന്റെ ഉല്‍പ്പന്നങ്ങളാണ്. സിവില്‍ സര്‍വീസ് മേഖലയില്‍ മാത്രമല്ല, മറ്റെല്ലാ മേഖലകളിലും ഇത്തരം ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു. ഇങ്ങനെ മറ്റു ചിന്താധാരകളില്‍ നിന്നുള്ളവര്‍ ബ്യൂറോക്രസിയില്‍ വരുന്നത് തടയുകയും ദേശീയതാല്‍പര്യത്തിന്റെ മറവില്‍ വര്‍ഗീയ അജണ്ടകള്‍ ഒളിച്ചുകടത്തുകയും ചെയ്യുന്നതാണ് ദലിത്- ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിന് മുഖ്യ കാരണം. അംബേദ്കറെയും ജ്യോതിറാവുഫുലെയെയും പോലുള്ള സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ മുന്നോട്ടുവെച്ച വിദ്യാഭ്യാസമെന്ന പകരം വെക്കാനില്ലാത്ത ടൂളിലൂടെ മാത്രമേ ദലിത് സമുദായത്തിന്റെ ഭാഗധേയം പ്രശോഭിതമാക്കാനാവൂ.  ജനാധിപത്യവും സാമൂഹിക നീതിയും പുലരുന്ന ഇന്ത്യയെ പുനഃസംഘടിപ്പിക്കാനായി രൂപപ്പെടുത്തുന്ന ആദിവാസി-ദലിത്-മുസ്‌ലിം-ബഹുജന്‍ സഖ്യത്തില്‍ മാത്രമേ പ്രതീക്ഷ വെക്കാനാവൂ.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (16-27)
ടി.കെ ഉബൈദ്‌

ഹദീസ്‌

ജീവിതം കൊണ്ടെഴുതേണ്ട സ്‌നേഹഗാഥ
അബ്ദുര്‍റഹ്മാന്‍ ചെറുവാടി