Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 30

3174

1442 റബീഉല്‍ അവ്വല്‍ 13

ബെന്‍ഗൂറിയന്‍ പറഞ്ഞ ഇസ്രയേലീ കൊള്ളക്കാര്‍

പി.കെ നിയാസ്

ഫലസ്ത്വീനികളെ പിറന്ന മണ്ണില്‍നിന്ന് ആട്ടിപ്പുറത്താക്കി ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിച്ച സയണിസ്റ്റ് കുടിയേറ്റക്കാര്‍ അറബികളുടെ വീടുകളും സ്വത്തുക്കളും വ്യാപകമായി കൊള്ളയടിക്കുകയായിരുന്നു എന്ന വെളിപ്പെടുത്തലുമായി പുസ്തകം. ഇസ്രയേലി ചരിത്രകാരന്‍ ആഡം റാസിന്റെ Looting of Arab Property in the War of Independence  എന്ന കൃതിയിലാണ് വിവാദ വെളിപ്പെടുത്തല്‍. ജൂതന്മാരില്‍ ഏറെപ്പേരും കള്ളന്മാരാണെന്ന് ഇസ്രയേലി സ്ഥാപകനും പ്രഥമ പ്രധാനമന്ത്രിയുമായ ഡേവിഡ് ബെന്‍ഗൂറിയന്‍ തന്നെ പറഞ്ഞിരുന്നതായും പുസ്തകം ചൂണ്ടിക്കാട്ടുന്നു. 
ഇസ്രയേലിലെ കാര്‍മല്‍ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച പുസ്തകത്തെ വിലയിരുത്തി ഹാരെറ്റ്‌സ് ദിനപത്രത്തില്‍ ലേഖനമെഴുതിയ ഓഫര്‍ ആദരറ്റ്‌സും ഈ വെളിപ്പെടുത്തലിനെ ശരിവെക്കുന്നു. 1948-ല്‍ ജൂത സൈനികരും സിവിലിയന്മാരും ചേര്‍ന്ന് അറബികളെ വ്യാപകമായി കൊള്ളയടിക്കുകയായിരുന്നുവെന്നും എന്നാല്‍ സയണിസ്റ്റ് അധികാരികള്‍ അതിനു നേരെ കണ്ണടക്കുകയായിരുന്നുവെന്നും ആദരറ്റ്‌സ് ചൂണ്ടിക്കാട്ടുന്നു.
ഹാരെറ്റ്‌സിന്റെ മുതിര്‍ന്ന ലേഖകന്‍ ഗൈഡന്‍ ലെവിയുടെ അഭിപ്രായവും മറിച്ചല്ല. ജൂതന്മാരില്‍ അധികവും കൊള്ളക്കാരാണെന്ന് പറഞ്ഞത് ഏതെങ്കിലും സെമിറ്റിക് വിരുദ്ധ നേതാവോ ജൂത വിരുദ്ധനോ നിയോ നാസിയോ അല്ലെന്നും ഇസ്രയേല്‍ രാഷ്ട്രത്തിന്റെ സ്ഥാപകനാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. മാത്രമല്ല, ഈ വെളിപ്പെടുത്തല്‍ നടത്തിയതാവട്ടെ, 1948-ല്‍ ഇസ്രയേല്‍ നിലവില്‍ വന്ന് കേവലം രണ്ടു മാസം കഴിഞ്ഞപ്പോഴാണ്.
നാനൂറിലേറെ ഫലസ്ത്വീന്‍ ഗ്രാമങ്ങളാണ് സയണിസ്റ്റ് സൈന്യവും മിലീഷ്യകളും നാമാവശേഷമാക്കിയത്. അതിനു മുമ്പു തന്നെ അറബികളുടെ വീടുകളും സ്വത്തുക്കളും അവര്‍ കൊള്ളയടിച്ചിരുന്നതായി ലെവി ചൂണ്ടിക്കാട്ടുന്നു. വീടുകള്‍ ഉപേക്ഷിച്ചു പലായനത്തിന് നിര്‍ബന്ധിതരായവര്‍ക്ക് തിരിച്ചുവരവിന് അവസരം നിഷേധിക്കുന്ന തരത്തിലായിരുന്നു ഈ കൊള്ളയടി.
ഇസ്രയേലികള്‍ മിക്കവാറും എല്ലാവരും കൊള്ളടയടിക്കലില്‍ പങ്കാളികളായിരുന്നുവെന്ന് ഗൈഡന്‍ ലെവി പറയുന്നു. അധിനിവേശം നടത്തിയ നാട്ടിലെ ജനങ്ങളുടെ സ്വത്തുക്കള്‍ കൈയടക്കുകയെന്ന മാനുഷിക ദൗര്‍ബല്യത്തില്‍ ഒതുങ്ങുന്നതല്ല ഇത്. തദ്ദേശീയരില്‍നിന്ന് നാടിനെ 'ശുദ്ധീകരിച്ചെടുക്കുക' എന്ന വ്യക്തമായ ലക്ഷ്യവും ഇതിനു പിന്നിലുണ്ടായിരുന്നു.
തങ്ങള്‍ ആട്ടിയോടിക്കുകയും കൊള്ള നടത്തുകയും ചെയ്തവരുടെ പിന്‍ഗാമികളായ ഇന്നത്തെ ഇസ്രയേലിലെ അറബ് പൗരന്മാരുടെയും അഭയാര്‍ഥികളായി കഴിയുന്ന അധിനിവേശ ഫലസ്ത്വീനി പ്രദേശങ്ങളിലുള്ളവരുടെയും വികാരങ്ങള്‍ മനസ്സിലാക്കാന്‍ ഭരണ നേതൃത്വത്തോട് ആവശ്യപ്പെടുന്നുണ്ട് ഗൈഡന്‍ ലെവി. ഈ നികൃഷ്ടമായ കൊള്ളയടികളെക്കുറിച്ച് വായിക്കുമ്പോള്‍ ഇന്നത്തെ ഫലസ്ത്വീന്‍ തലമുറയുടെ മനസ്സിലുയരുന്ന ചിത്രമെന്തായിരിക്കുമെന്നെങ്കിലും ഓര്‍ക്കണമെന്നും അദ്ദേഹം പറയുന്നു.
ഗൈഡന്‍ ലെവി പറയുന്നതിനുമപ്പുറമാണ് ഫലസ്ത്വീനികളുടെ വികാരമെന്നതാണ് യാഥാര്‍ഥ്യം. ഇന്നും ലബനാനിലെ ഐനുല്‍ ഹില്‍വ, ശാത്തില, നഹര്‍ അല്‍ ബാരിദ് തുടങ്ങിയ ക്യാമ്പുകളില്‍ അഭയാര്‍ഥികളായി കഴിയുന്ന ഫലസ്ത്വീനികളില്‍ ചിലരുടെയെങ്കിലും പക്കല്‍ ഇസ്രയേല്‍ അധീനപ്പെടുത്തിയ തങ്ങളുടെ വീടുകളുടെ താക്കോലുകളുണ്ട്. ആ വീടുകളൊക്കെ ഇസ്രയേല്‍ കുടിയേറ്റക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയെങ്കിലും എന്നെങ്കിലും ജന്മനാട്ടില്‍ തിരിച്ചെത്താമെന്ന സ്വപ്‌നവുമായി കഴിയുകയാണവര്‍. തങ്ങള്‍ക്ക് അതിന് കഴിയില്ലെങ്കിലും പേരമക്കള്‍ക്ക് അതിന് ഭാഗ്യമുണ്ടാകുമെന്ന് ഈ വൃദ്ധന്മാര്‍ സ്വപ്‌നം കാണുന്നു. എന്നാല്‍, ഫലസ്ത്വീനികള്‍ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ പോലും തയാറാവാത്ത നെതന്യാഹു ഭരണകൂടം അഭയാര്‍ഥികളുടെ തിരിച്ചുവരവിനെക്കുറിച്ച ചര്‍ച്ചകളെ പുഛിക്കുകയാണ്. വെസ്റ്റ്ബാങ്കില്‍ പുനരധിനിവേശത്തിനാണ് അവര്‍ കോപ്പുകൂട്ടുന്നത്. അതിനായി ചില അറബ് രാജ്യങ്ങളെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി കുപ്പിയിലാക്കിയിട്ടുമുണ്ട്.
ഇസ്രയേല്‍ രാഷ്ട്രത്തിന്റെ സ്ഥാപക ജനതയെ കൊള്ളക്കാരെന്ന് പറയുന്ന ബെന്‍ഗൂറിയന്‍ തന്നെയാണ് എട്ടു ലക്ഷം അറബികളെ ജന്മനാട്ടില്‍നിന്ന് പുറത്താക്കാന്‍ നേതൃത്വം കൊടുത്തത് എന്നതാണ് ഏറെ കൗതുകകരം. പഴയകാല അറബ് കവി പറഞ്ഞതുപോലെ ഗൃഹനാഥന്‍ ചെണ്ട മുട്ടുമ്പോള്‍ നൃത്തം ചവിട്ടുന്നതിന് കുട്ടികളെ പഴി പറയുന്നതില്‍ അര്‍ഥമില്ലല്ലോ. ഒരു ജനതയെ പിറന്ന മണ്ണില്‍നിന്നു പുറന്തള്ളുന്നതിനേക്കാള്‍ വലുതാണോ കൊള്ളയടിയെന്ന ചോദ്യത്തിനും ഇവിടെ പ്രസക്തിയുണ്ട്.
1948-ലെ വംശശുദ്ധീകരണത്തിനു പിന്നാലെ അരങ്ങേറിയ ഭൂമി പിടിച്ചെടുക്കല്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതിയായിരുന്നു. 1950-ല്‍ ഇസ്രയേല്‍ നെസറ്റ് പാസ്സാക്കിയ ആബ്‌സന്റീസ് പ്രോപര്‍ട്ടി ലോ ഇതു സംബന്ധിച്ച് വ്യക്തമായ സൂചന നല്‍കുന്നു. അറബ്-ഇസ്രയേല്‍ യുദ്ധവേളയിലോ മുമ്പോ ശേഷമോ പ്രദേശത്ത് ഇല്ലാത്തവര്‍ രാജ്യത്തുനിന്ന് അപ്രത്യക്ഷരായവരായതിനാല്‍ അവരുടെ പേരിലുള്ള ഭൂമിയും സ്വത്തുവകകളും സ്വമേധയാ അവര്‍ കൈയൊഴിഞ്ഞതായി പരിഗണിച്ച് അവ കണ്ടുകെട്ടാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഈ നിയമം. 
ഇത്രയും അപരിഷ്‌കൃതവും മനുഷ്യത്വവിരുദ്ധവുമായ ഈ നിയമത്തിന്റെ മറപിടിച്ച് ഫലസ്ത്വീനികളുടെ ഭൂമി സയണിസ്റ്റ് ഭരണകൂടം കണ്ടുകെട്ടിയതിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. തന്റെ സഹപ്രവര്‍ത്തകരെ കൊള്ളക്കാരെന്ന് വിളിച്ച ബെന്‍ഗൂറിയന്‍ തന്നെയാണ് ഈ നിയമനിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത്. ഇവ്വിധം കൊടും ചതിയിലൂടെ പിടിച്ചെടുക്കുന്ന ഭൂസ്വത്തുക്കള്‍ക്ക് നിയമ പ്രാബല്യം നല്‍കാന്‍ 1953-ല്‍ ലാന്റ് റിക്വിസിഷന്‍ നിയമവും ബെന്‍ഗൂറിയന്റെ നേതൃത്വത്തില്‍ പാസ്സാക്കുകയുണ്ടായി.
1948-ലെ യുദ്ധവേളയില്‍ 20 ശതമാനം ഫലസ്ത്വീനികള്‍ ആഭ്യന്തരമായി ശിഥിലീകരിക്കപ്പെട്ടവരാണ്. അതായത്, അവര്‍ ഇസ്രയേലില്‍ തന്നെ ഉണ്ടായിരുന്നെങ്കിലും സ്വന്തം ഗ്രാമങ്ങളിലേക്കും വീടുകളിലേക്കും മടങ്ങുന്നതില്‍നിന്ന് സയണിസ്റ്റ് സൈന്യവും മിലീഷ്യകളും അവരെ തടയുകയായിരുന്നു. ഇവരെയാണ് 'ആബ്‌സന്റീ' എന്ന ലേബല്‍ പതിച്ച് പിറന്ന മണ്ണില്‍ അഭയാര്‍ഥികളായി പുറന്തള്ളി സ്വത്തുവകകള്‍ കൊള്ളയടിച്ചത്.
ഭീകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. ഇങ്ങനെ തിരിച്ചുവരാന്‍ ശ്രമിച്ചവരെ നുഴഞ്ഞുകയറ്റക്കാരെന്ന് മുദ്രകുത്തി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ യൂനിറ്റ് 101 വിഭാഗം വെടിവെച്ചു കൊല്ലുകയായിരുന്നു. പില്‍ക്കാലത്ത് ഇസ്രയേല്‍ പ്രധാനമന്ത്രിയായ ഏരിയല്‍ ഷാരോണിന്റെ  കീഴിലാണ് ഈ വിഭാഗം രൂപീകരിച്ചത്.
അറബികളില്‍നിന്ന് പിടിച്ചെടുത്ത ഭൂമി അതിന്റെ യഥാര്‍ഥ ഉടമസ്ഥര്‍ക്ക് മറിച്ചുവില്‍ക്കുന്നത് പോലും നിരോധിക്കണമെന്നും സ്ഥാവര സ്വത്തുക്കള്‍ മുഴുവന്‍ ജൂതന്മാരുടെ കൈകളില്‍ നിലനില്‍ക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും ആധുനിക സയണിസത്തിന്റെ പിതാവെന്നറിയപ്പെടുന്ന തിയോഡര്‍ ഹെര്‍സല്‍ അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളില്‍ വ്യക്തമാക്കുന്നുണ്ട്. 1901-ല്‍ ചേര്‍ന്ന അഞ്ചാം സയണിസ്റ്റ് കോണ്‍ഗ്രസ് സ്ഥാപിച്ചതാണ് ജ്യൂയിഷ് നാഷ്‌നല്‍ ഫണ്ട്. അറബികളില്‍നിന്ന് പിടിച്ചെടുത്ത ഭൂമി എല്ലാ നിലക്കും ജൂതന്മാര്‍ക്ക് മാത്രം അവകാശപ്പെട്ടതായിരിക്കുമെന്നും അവ ജൂതന്മാര്‍ അല്ലാത്തവര്‍ക്ക് വില്‍ക്കാനോ പാട്ടത്തിനു നല്‍കാനോ പാടില്ലെന്നും ഇതിന്റെ നിയമാവലിയില്‍ വ്യക്തമാക്കുന്നു (A History of the Zionist-Arab Conflict, 1881-1999.  New York,  Alfred A. Knopf, 1999, pp. 21-22).

1948-ലെ ഇസ്രയേല്‍ രാഷ്ട്ര സ്ഥാപന പ്രഖ്യാപനത്തില്‍ പറയുന്നു: '...ജൂതന്മാര്‍ക്ക് കുടിയേറ്റത്തിനായി ഇസ്രയേലിന്റെ വാതിലുകള്‍ തുറന്നുകിടക്കും. എന്നാല്‍, രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും മത, ജാതി, ലിംഗ വ്യത്യാസങ്ങളില്ലാതെ തുല്യനീതിയും സാമൂഹിക-രാഷ്ട്രീയ അവകാശങ്ങളും ഉറപ്പു നല്‍കുന്നതായിരിക്കും. എല്ലാവര്‍ക്കും അവരുടെ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തും. അവരുടെ ഭാഷ, സംസ്‌കാരം എന്നിവ ഒരു പോറലുമേല്‍ക്കാതെ സംരക്ഷിക്കും. എല്ലാ മതവിഭാഗങ്ങളുടെയും പുണ്യ കേന്ദ്രങ്ങള്‍ക്കും സംരക്ഷണമുണ്ടാകും. ഐക്യരാഷ്ട്ര സഭയുടെ ചാര്‍ട്ടറിലെ തത്ത്വങ്ങള്‍ രാഷ്ട്രം മുറുകെ പിടിക്കുന്നതാണ്...'
ഇസ്രയേല്‍ രാജ്യം നിലവില്‍ വന്നതു മുതല്‍ എല്ലാ അര്‍ഥത്തിലും മേല്‍ പ്രഖ്യാപനങ്ങള്‍ ഒന്നൊന്നായി കാറ്റില്‍ പറത്തുന്നതാണ് കണ്ടത്. എണ്‍പതു ലക്ഷത്തിലേറെ വരുന്ന ഇസ്രയേലി ജനസംഖ്യയില്‍ 18 ലക്ഷത്തിലേറെ (20 ശതമാനം) വരും അറബികള്‍. എന്നാല്‍, കാലങ്ങളായി അറബ് വംശജരെ രണ്ടാം തരക്കാരായാണ് സയണിസ്റ്റ് ഭരണകൂടങ്ങള്‍ പരിഗണിച്ചു പോരുന്നത്. ഇസ്രയേലി പൗരന്മാരായ ഫലസ്ത്വീനികളോടും അധിനിവേശ പ്രദേശങ്ങളിലെ ജനങ്ങളോടും വിവേചനം കാണിക്കുന്ന 65-ലേറെ നിയമങ്ങള്‍ കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടയില്‍ അവര്‍ ചുട്ടെടുത്തിട്ടുണ്ട് എന്നറിയുമ്പോഴാണ് സയണിസ്റ്റ് ഭരണത്തില്‍ ജൂതന്മാരല്ലാത്തവര്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനത്തിന്റെ വ്യാപ്തി ബോധ്യപ്പെടുക. മുസ്‌ലിംകളെ മാത്രമല്ല, ക്രിസ്ത്യാനികളെയും ദ്രൂസുകളെയും ബാധിക്കുന്നതാണ് പല നിയമങ്ങളും. മേല്‍പറഞ്ഞ നിയമങ്ങളില്‍ 57 എണ്ണവും ഇസ്രയേലിലെ ഫലസ്ത്വീന്‍ പൗരന്മാരെ ലക്ഷ്യമിടുന്നവയാണ്. നെസറ്റിലെ അറബ് എം.പിമാരെ നോക്കുകുത്തികളാക്കി കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ ഉണ്ടാക്കിയതാണ് അവയില്‍ മുപ്പത്തൊന്നും.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (16-27)
ടി.കെ ഉബൈദ്‌

ഹദീസ്‌

ജീവിതം കൊണ്ടെഴുതേണ്ട സ്‌നേഹഗാഥ
അബ്ദുര്‍റഹ്മാന്‍ ചെറുവാടി