Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 25

3169

1442 സഫര്‍ 07

കൊല്ലം അബ്ദുല്ല മൗലവി ഖുര്‍ആനെ പ്രണയിച്ച ധീര കര്‍മയോഗി

ടി.ഇ.എം റാഫി വടുതല

ദക്ഷിണ കേരളത്തിന്റെ കടലോരങ്ങളിലും മലയോരങ്ങളിലും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വ്യാപനത്തിനു വേണ്ടി ഒരു പോരാളിയെ പോലെ ജീവിതം സമര്‍പ്പിച്ച കര്‍മയോഗിയായിരുന്നു കൊല്ലം അബ്ദുല്ല മൗലവി. താന്‍ ഹൃദയത്തില്‍ സൂക്ഷിച്ച ആദര്‍ശം ജനമധ്യത്തിലെത്തിക്കാന്‍ കൃത്യമായ ആസൂത്രണത്തോടെയും കര്‍മപദ്ധതികളോടെയും അദ്ദേഹം പ്രസ്ഥാനത്തെ നയിച്ചു. ആദ്യകാലത്ത് ഒറ്റയാനെ പോലെ മുന്നില്‍ നിന്ന് കാടുവെട്ടി, വഴിയൊരുക്കിയതിന്റെ സ്മരണകള്‍ പ്രവര്‍ത്തകരിലും, വിയര്‍പ്പുതുള്ളികള്‍ നെറ്റിത്തടത്തിലും അവശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്.
1937-ല്‍ തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്ത് അബൂബക്കര്‍ മുസ്‌ലിയാര്‍-ആസിയ ദമ്പതികളുടെ പുത്രനായി ദീനീ പണ്ഡിത കുടുംബത്തില്‍ ജനനം. ജന്മംകൊണ്ട് തിരുവനന്തപുരം കണിയാപുരത്തുകാരനും പേരു കൊണ്ട് കൊല്ലത്തുകാരനുമാണെങ്കിലും പൊന്നാനി താലൂക്കിലെ വെളിയങ്കോടാണ് മൗലവിയുടെ കുടുംബ വേരുകള്‍. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മലബാറില്‍നിന്ന് തിരുവിതാംകൂറിലേക്കു പലായനം ചെയ്തുവന്ന പണ്ഡിത കുടുംബത്തില്‍ പെട്ടവരായിരുന്നു പിതാവ് അബൂബക്കര്‍ മുസ്‌ലിയാരും പിതൃസഹോദരന്മാരായ മുഹമ്മദ് മുസ്‌ലിയാരും മൊയ്തുണ്ണി മുസ്‌ലിയാരും. മൗലവിയുടെ പ്രഥമ ഗുരുവര്യന്‍ പിതാവ് തന്നെയായിരുന്നു. കണിയാപുരത്തെ മദ്‌റസയിലും ഹൈസ്‌കൂളിലുമായി പ്രാഥമിക പഠനം. പിന്നീട് കണ്ണനല്ലൂരില്‍ പിതാവിന്റെ പരിചയക്കാരനായ കൊച്ചുവിള ഉസ്താദിന്റെ കീഴില്‍ രണ്ടു വര്‍ഷക്കാലം പഠിച്ചു. ശേഷം രണ്ടാംകുറ്റി പള്ളിയിലെ മുദര്‍രിസായിരുന്ന ആലി മൗലവിയുടെ ശിഷ്യത്വം സ്വീകരിക്കുകയും അവിടെനിന്ന് കായംകുളം ഹസനിയ്യയിലേക്ക് മാറി ഫത്ഹുല്‍ മുഈനും അല്‍ഫിയയും പഠിക്കുകയും ചെയ്തു. ദക്ഷിണ കേരളത്തിലെ തന്നെ പ്രമുഖമായ കാഞ്ഞിരപ്പള്ളി ദര്‍സില്‍ തുടര്‍പഠനം നടത്തുകയും എസ്.എസ്.എല്‍.സിയും അഫ്ദലുല്‍ ഉലമയും പ്രൈവറ്റായി എഴുതി വിജയിക്കുകയും ചെയ്തു. കൊല്ലം അയത്തിലുള്ള പള്ളിയിലും മദ്‌റസയിലും തലപ്പാവ് ധരിച്ച മുസ്‌ലിയാരായി ദീനീ സേവനത്തിന് തുടക്കം കുറിച്ചു.
പള്ളി ദര്‍സിലൂടെ ദീനീവിജ്ഞാനമാര്‍ജിച്ച മൗലവിയുടെ പ്രസ്ഥാനപ്രവേശം ചരിത്രനിയോഗമായിരുന്നു. തൃശൂര്‍ കുന്നംകുളത്തിനടുത്ത് കൊച്ചന്നൂരില്‍ എല്‍.പി സ്‌കൂള്‍ അധ്യാപകനായി അദ്ദേഹം ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചു. ജ്ഞാനതപസ്യയിലൂടെ ആര്‍ജിച്ച ദീനീ വിജ്ഞാനത്തിന് ചിന്താപരമായ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ അവസരം ലഭിച്ചു. കൊല്ലത്തുനിന്നും കൊച്ചനൂരിലേക്കുള്ള ആ യാത്ര നവോത്ഥാന പാതയിലേക്കുള്ള സഞ്ചാരം കൂടിയായിരുന്നു. മുജാഹിദ്, ജമാഅത്ത് സംഘടനകള്‍ വിഭാഗീയതകള്‍ക്കതീതമായി സ്‌നേഹത്തിന്റെ സ്വര്‍ണ നൂലിഴകളില്‍ സൗഹൃദം പൂത്തു നിന്ന കാലഘട്ടം. ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന അലി മൗലവിയുമായുള്ള ബന്ധം പരിഷ്‌കരണാശയങ്ങള്‍ അബ്ദുല്ല മൗലവിയിലും സ്വാധീനം ചെലുത്താന്‍ കാരണമായി. കൊച്ചന്നൂര്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശമായിരുന്നതിനാല്‍ പ്രസ്ഥാനവുമായുള്ള ബന്ധം മദ്‌റസാധ്യാപനത്തിലൂടെയും ഖുത്വ്ബയിലൂടെയും നാമ്പെടുത്തു. പ്രബോധനത്തിന്റെ വായനക്കാരായി. പഴയ ലക്കങ്ങള്‍ തേടിയുള്ള പരന്ന വായന ചിന്തയുടെ ചക്രവാളങ്ങളെ വീണ്ടും ജ്വലിപ്പിച്ചു. ഹൃദയം കൊതിച്ച വായനാനുഭവം പ്രസ്ഥാനത്തോടുള്ള അനുഭാവം വര്‍ധിപ്പിച്ചു. ആദ്യം അനുഭാവി. പിന്നെ സഹകാരി. ശേഷം പ്രവര്‍ത്തകനും സംഘാടകനും, അവസാനം മുന്നില്‍ നിന്ന് നയിക്കുന്ന സാരഥി. മൂന്ന് വര്‍ഷക്കാലം കൊച്ചന്നൂരില്‍ സേവനം ചെയ്ത് കൊല്ലം കന്റോണ്‍മെന്റ് സ്‌കൂളിലേക്ക് സ്ഥലം മാറി പോകുമ്പോള്‍ ഒരു എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ എന്നതിലുപരി ദക്ഷിണ കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ മുന്നില്‍ നില്‍ക്കുന്ന പോരാളി മൗലവിയില്‍ ജന്മം കൊണ്ടിരുന്നു. അബ്ദുല്ല മൗലവി കൊച്ചന്നൂരു നിന്നും കൊല്ലത്തേക്ക് മടങ്ങിയ വിവരം അന്നത്തെ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ കെ.സി അബ്ദുല്ല മൗലവി അറിഞ്ഞു. ദക്ഷിണ കേരളത്തില്‍ പ്രസ്ഥാന പ്രവര്‍ത്തനത്തിനു ഗതിവേഗം വര്‍ധിപ്പിക്കുന്നതിനുള്ള ആലോചനകള്‍ക്കും ആസൂത്രണങ്ങള്‍ക്കുമായി അമീര്‍ അബ്ദുസ്സലാം മൗലവിയെയും നീര്‍ക്കുന്നം ഹസന്‍ ബാവ സാഹിബിനെയും ചുമതലപ്പെടുത്തി.
1960-65 കാലഘട്ടം. പരിഷ്‌കരണ ചിന്തകളോട് വിദ്യാസമ്പന്നരും സാധാരണക്കാരും പുറംതിരിഞ്ഞു നില്‍ക്കുന്ന സന്ദര്‍ഭം. നവീന ഇസ്‌ലാമിക ചിന്തകളെ പുരോഹിതന്മാര്‍ മതപരിത്യാഗമായി പഠിപ്പിക്കുകയും പാമരജനം കണ്ണുംപൂട്ടി വിശ്വസിക്കുകയും ചെയ്യുന്ന കാലം. മൗലവി നിശ്ചയദാര്‍ഢ്യമുള്ള പോരാളിയായിരുന്നു. കൊല്ലത്ത് തലശ്ശേരിക്കാര്‍ നടത്തിയിരുന്ന മെട്രോ ഹോട്ടലില്‍ പരിഷ്‌കരണാശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധ്യതയുള്ള കുറച്ചാളുകളുടെ യോഗം വിളിച്ചു. ഏതാനും സുമനസ്സുകള്‍ അതില്‍ സംബന്ധിച്ചു. ആ യോഗവും ഒരു നിയോഗമായി. കൊല്ലത്തിന്റെ ഹൃദയഭാഗമായ ചിന്നക്കട പള്ളിക്കു മുന്നിലുള്ള കെട്ടിടത്തിന്റെ മുകള്‍ഭാഗം വാടകക്കെടുത്തു. അവിടെ ഖുര്‍ആന്‍ സ്റ്റഡി സര്‍ക്ക്‌ളിനും പ്രാരംഭം കുറിച്ചു. ദക്ഷിണ കേരളത്തിലെ മുക്കുമൂലകളില്‍ പ്രസ്ഥാനത്തിന്റെ പ്രഭപരത്തിയ അരുണകിരണങ്ങളുടെ ഉദയസ്ഥാനമായി മാറാനുള്ള ചരിത്ര നിയോഗം ആ വാടകക്കെട്ടിടത്തിനുണ്ടായി. പിന്നീട് ആ കെട്ടിടം ജമാഅത്തിന്റെയും ഉദാരമതികളുടെയും സഹായത്താല്‍ സ്വന്തമാക്കാന്‍ മൗലവിയും സഹപ്രവര്‍ത്തകരും പരിശ്രമിക്കുകയും അത് സഫലമാവുകയും ചെയ്തു.
കെ.ടി അബ്ദുര്‍റഹീം സാഹിബുമായുള്ള മൗലവിയുടെ ബന്ധം പ്രസ്ഥാന പ്രവര്‍ത്തനത്തിന് കൂടുതല്‍ ഊര്‍ജം പകര്‍ന്നു. ചിന്നക്കടയിലെ മൗലവിയുടെ ഖുര്‍ആന്‍ സ്റ്റഡി സര്‍ക്ക്ള്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ വിവിധ പ്രദേശങ്ങളിലേക്ക് പരന്നൊഴുകി. പുനലൂര്‍, റോഡുവിള, കരുനാഗപ്പള്ളി, കിഴക്കനേല, കുളത്തൂപ്പുഴ പോലെയുള്ള പ്രദേശങ്ങളില്‍ ഖുര്‍ആന്‍ ക്ലാസുകള്‍ ആരംഭിച്ച് അനുഭാവികളെയും പ്രസ്ഥാന പ്രവര്‍ത്തകരെയും വാര്‍ത്തെടുത്തു. അത് പിന്നീട് ഹല്‍ഖകളും പ്രാദേശിക ജമാഅത്തും ഏരിയകളുമായി വികസിച്ചു. യാഥാസ്ഥിതിക പക്ഷത്തിന്റെ വിലക്കുകള്‍ അവഗണിച്ച് പല സ്ഥലങ്ങളിലും വനിതാ ക്ലാസ്സുകളും സംഘടിപ്പിച്ചു. അത് സ്ത്രീശാക്തീകരണത്തിനും വനിതാ മുന്നേറ്റത്തിനും കാരണമായി. ഖുര്‍ആന്‍ പഠിതാക്കള്‍ തന്നെ പിന്നീട് ഖുര്‍ആന്‍ സ്റ്റഡി സര്‍ക്ക്‌ളുകളുടെ അധ്യാപകരായി മാറാനുള്ള പ്രചോദനവും പരിശീലനവുമായിരുന്നു മൗലവി ക്ലാസുകളിലൂടെ നല്‍കിയിരുന്നത്.
അബ്ദുല്ല മൗലവിയുടെ സഹോദരീപുത്രന്‍ കൂടിയായ മര്‍ഹൂം പ്രഫ. പി.എ സഈദ് സാഹിബും അദ്ദേഹത്തോടൊപ്പം ചേര്‍ന്നപ്പോള്‍ തിരുവനന്തപുരം ജില്ലയിലേക്കും പ്രവര്‍ത്തനം വ്യാപിച്ചു. നീര്‍ക്കുന്നം ബാവ സാഹിബുമായുള്ള ബന്ധം വഴി ആലപ്പുഴ ജില്ലയുടെ വിവിധ മേഖലകളിലെയും ആദര്‍ശവ്യാപനത്തിന് വിശ്രമമില്ലാതെ സഞ്ചരിക്കേണ്ടതായിവന്നു. അധ്യാപനത്തിനും രാപ്പകല്‍ഭേദമില്ലാതെ നടത്തുന്ന വിശ്രമരഹിതമായ പ്രസ്ഥാന പ്രവര്‍ത്തനത്തിനുമിടയിലും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍പെട്ട ഞാറയില്‍കോണം, മുരുക്കുംപുഴ, അഴീക്കോട്, റോഡുവിള, കരുനാഗപ്പള്ളി, കുളത്തൂപ്പുഴ പള്ളികളില്‍ പല സന്ദര്‍ഭങ്ങളിലായി ഖത്വീബായും സേവനം ചെയ്തു. മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങള്‍ക്കിടയില്‍ വിഭജനത്തിന്റെ വരമ്പുകള്‍ സൃഷ്ടിക്കപ്പെടാതിരുന്ന ആ കാലത്ത് ഓടയം മുജാഹിദ് പള്ളിയിലും ഖുത്വ്ബ നിര്‍വഹിച്ചിരുന്നു. 
ഖുര്‍ആനിന് വേണ്ടി സമര്‍പ്പിതമായിരുന്നു മൗലവിയുടെ ജീവിതം. യാഥാസ്ഥിതിക പക്ഷത്തിന്റെ ഇരുമ്പുമറകളെ ഭേദിക്കാന്‍ അദ്ദേഹം ഊര്‍ജം നേടിയതും ഖുര്‍ആനില്‍നിന്നുതന്നെ. ഖുര്‍ആന്‍ സ്റ്റഡി സര്‍ക്ക്‌ളുകളിലൂടെയാണ് അദ്ദേഹം പ്രസ്ഥാന വികസനത്തിനുള്ള പാത വെട്ടിത്തെളിച്ചത്. പ്രഭാഷണങ്ങളിലും സ്റ്റഡി ക്ലാസുകളിലും സഹോദര സമുദായങ്ങള്‍ക്കുള്ള പ്രബോധന സന്ദേശത്തിലുമെല്ലാം ഖുര്‍ആന്‍ സൂക്തങ്ങള്‍ സന്ദര്‍ഭോചിതം ഒഴുകിയെത്തും. വശ്യമനോഹര ശൈലിയും ഭാഷാ ശുദ്ധിയും ആകര്‍ഷകമായ ശബ്ദവും ശ്രോതാക്കളുടെ ഹൃദയങ്ങളെ പിടിച്ചിരുത്താന്‍ കെല്‍പുള്ളതായിരുന്നു. പ്രാസ്ഥാനിക കാഴ്ചപ്പാടുകള്‍ ഉള്‍ച്ചേര്‍ത്തതുമായിരുന്നു ആ ക്ലാസുകള്‍. കൊല്ലം പോളയത്തോട് മൗലവി നടത്തിയിരുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്ററിന് നീണ്ട വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ടായിരുന്നു. സമൂഹത്തിലെ വിവിധ തുറകളിലുള്ള പൗരപ്രമുഖര്‍ അവിടെ പഠിതാക്കളായി ഉണ്ടായിരുന്നു.
ശരീഅത്ത് വിവാദകാലത്ത് ദക്ഷിണ കേരളത്തിലെ പ്രഭാഷണ വേദികളിലെ നിറസാന്നിധ്യമായിരുന്നു അബ് ദുല്ല മൗലവി. ശരീഅത്ത് വിവാദമൊക്കെ ശരിതന്നെ, പക്ഷേ, ജമാഅത്തുകാരന്‍ പ്രസംഗിക്കേണ്ട എന്നു പറഞ്ഞ് ചില പ്രദേശങ്ങളില്‍ യാഥാസ്ഥിതിക വിഭാഗം മൗലവിയെ തടഞ്ഞു. 'ശരീഅത്ത് വിഷയമല്ലേ, അദ്ദേഹം പ്രസംഗിക്കട്ടെ, നമുക്ക് കേട്ടുനോക്കാം' എന്ന് മറുഭാഗവും വാദിക്കുകയും മൗലവി പ്രസംഗിക്കുകയും ചെയ്തു. രണ്ടു രണ്ടര മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ശരീഅത്തിനെ സംബന്ധിച്ച പ്രൗഢവും പ്രാമാണികവുമായ പ്രസംഗം കേട്ടുകഴിയുമ്പോള്‍ വിമര്‍ശനമുന്നയിച്ചവര്‍ പോലും അവരറിയാതെ കരഘോഷം മുഴക്കുന്നുണ്ടായിരുന്നു.
പണ്ഡിതനും പ്രബോധകനും അറബി ഭാഷാ പ്രചാരകനും വാഗ്മിയും സംഘാടനകനുമൊക്കെയായി നിറഞ്ഞുനിന്ന ജീവിതം. പ്രസ്ഥാനത്തിനു വേണ്ടിയുള്ള അശ്രാന്ത പരിശ്രമത്തിനിടയില്‍ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളുടെ നാസിമായി അദ്ദേഹം വിവിധ സന്ദര്‍ഭങ്ങളില്‍ ചുമതലയേറ്റിട്ടുണ്ട്. ദക്ഷിണ കേരളത്തിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഗതാഗത സൗകര്യം ആദ്യഘട്ടത്തില്‍ വളരെ വിരളവും ദുര്‍ഘടവുമായിരുന്നു. മോട്ടോര്‍ സൈക്കിളിലും ബുള്ളറ്റിലുമായിരുന്നു മൗലവിയുടെ യാത്ര. മോട്ടോര്‍ സൈക്കിളില്‍ സൗണ്ട് ബോക്‌സ് കെട്ടിയുള്ള ആ പ്രയാണത്തില്‍ വിവിധ പ്രദേശങ്ങളില്‍ പ്രഭാഷണം നടത്തും. അതിനാല്‍ ജനങ്ങള്‍ അദ്ദേഹത്തെ 'മോട്ടോര്‍ സൈക്കിള്‍ മൗലവി' എന്നും വിശേഷിപ്പിച്ചിരുന്നു.
പ്രബോധനത്തെ അദ്ദേഹം ജീവനുതുല്യം സ്‌നേഹിച്ചിരുന്നു. ഖുര്‍ആന്റെ പ്രചാരണം പോലെ പ്രബോധനത്തിന്റെ പ്രചാരണവും അദ്ദേഹം ആദ്യഘട്ടത്തില്‍ ഒറ്റയാന്‍ പോരാളിയെപോലെ സ്വയം ഏറ്റെടുത്തു. കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് പ്രബോധനത്തിന്റെ  ചെറിയ കെട്ട് തേടിപ്പിടിച്ച്, വിദൂര ദിക്കുകളില്‍ സൈക്കിളിലും മോട്ടോര്‍ സൈക്കിളിലുമായി സഞ്ചരിച്ച് വായനക്കാര്‍ക്ക് എത്തിക്കും.
കൊല്ലം പട്ടണത്തോട് ചേര്‍ന്നു കിടക്കുന്ന കൊല്ലൂര്‍വിളയിലെ പ്രബോധന വിതരണം സംഭവബഹുലമായിരുന്നു. മൗലവിയും ഏതാനും ചെറുപ്പക്കാരും കടകളിലും വീടുകളിലുമൊക്കെയായി പ്രബോധനം വിതരണം ചെയ്തു. യാഥാസ്ഥിതിക പക്ഷം തടഞ്ഞു. ഈ ചെറുപ്പക്കാരനാണ് യുവാക്കളെ വഴിപിഴപ്പിക്കുന്നത് എന്ന ആക്രോശത്തോടെ മൗലവിയെ ക്രൂരമായി മര്‍ദിച്ചു. നെറ്റിപൊട്ടി രക്തം വാര്‍ന്നൊഴുകി. കൂടെയുള്ള യുവാക്കള്‍ മൗലവിക്ക് പ്രതിരോധം തീര്‍ത്തു. അവര്‍ക്കും മര്‍ദനമേറ്റു. സംഭവമറിഞ്ഞ് ഇസ്സുദ്ദീന്‍ മൗലവിയും സമീപ ജില്ലകളിലെ നേതാക്കളും പ്രവര്‍ത്തകരും മൗലവിയെ ആശ്വസിപ്പിക്കാനെത്തി. കെ.പി.കെ അഹ്മദ് മൗലവി, മൊയ്തു മൗലവി, അബ്ദുസ്സലാം മൗലവി തുടങ്ങിയവരെയൊക്കെ പ്രഭാഷകരായി കൊണ്ടു വന്ന് ഖുര്‍ആന്‍ പഠിതാക്കളെയും പ്രബോധനം വായനക്കാരെയും പ്രസ്ഥാന പ്രവര്‍ത്തകരെയും സൃഷ്ടിച്ചു. മമ്മുണ്ണി മൗലവിയെ മോട്ടോര്‍ സൈക്കിളിന്റെ പിന്നിലിരുത്തി കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ മുക്കുമൂലകളില്‍ കൊണ്ടുപോയി ക്ലാസ്സെടുപ്പിച്ചതും ദക്ഷിണ കേരളത്തിന്റെ മുസ്‌ലിം പിന്നാക്കാവസ്ഥ നേരില്‍ കാണിച്ചുകൊടുത്തതും അബ്ദുല്ല മൗലവിയായിരുന്നു. താന്‍ പോകുന്നിടത്തെല്ലാം പ്രബോധനവും കൂടെയുണ്ടാകും.
മലബാറിലേതു പോലെ ദക്ഷിണ കേരളത്തിലും ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. പുനലൂര്‍ കേന്ദ്രീകരിച്ച് ഒരു സ്ഥാപനം സ്വപ്‌നം കണ്ടെങ്കിലും അത് പൂര്‍ണാര്‍ഥത്തില്‍ സഫലമാകാതെ പോയി. എന്നാലും ആ പ്രയത്‌നത്തില്‍നിന്ന് പിന്നോട്ടുപോകാന്‍ മൗലവി കൂട്ടാക്കിയില്ല. സാമ്പത്തിക പരാധീനതകള്‍ നിറഞ്ഞ പ്രാരംഭ ഘട്ടത്തില്‍ ദേശീയ പാതയോടടുത്ത് ഉമയനല്ലൂരില്‍ ഒരേക്കറോളം വരുന്ന സ്ഥലം വാങ്ങാന്‍ മൗലവിയുടെ നേതൃത്വത്തില്‍ മുന്നിട്ടിറങ്ങി. അതിനു വേണ്ടിയുള്ള യാത്രകള്‍ പരീക്ഷണം നിറഞ്ഞതായിരുന്നു. ഒന്നാമത്തെ ഘട്ടമെന്ന നിലയില്‍ കൊല്ലം എജുക്കേഷ്‌നല്‍ കോംപ്ലക്‌സിനും ഉമയനല്ലൂര്‍ യതീംഖാനക്കും തുടക്കം കുറിച്ചു. അന്നത്തെ ജമാഅത്ത് അമീര്‍ സിദ്ദീഖ് ഹസന്‍ സാഹിബിന്റെയും മമ്മുണ്ണി മൗലവിയുടെയും അകമഴിഞ്ഞ സഹായ സഹകരണത്തോടെയും വാടാനപ്പള്ളി ഓര്‍ഫനേജ് കമ്മിറ്റിയുടെ പിന്തുണയോടെയും പില്‍ക്കാലത്ത് ഇസ്‌ലാമിക സ്ഥാപന സമുച്ചയം തന്നെ അവിടെ പിറവിയെടുത്തു. ദക്ഷിണ കേരളത്തിന്റെ ഇസ്‌ലാമിക വൈജ്ഞാനിക കലാലയമായി വളര്‍ന്നുവരുന്ന കൊല്ലം ഇസ്‌ലാമിയാ കോളേജിന്റെയും ഓര്‍ഫനേജിന്റെയും മദ്‌റസയുടെയും ഗ്രെയ്‌സ് ഇന്റര്‍നാഷ്‌നല്‍ സ്‌കൂളിന്റെയും രൂപീകരണത്തിനു പിന്നില്‍ കൊല്ലം അബ്ദുല്ല മൗലവിയുടെ ഒളിമങ്ങാത്ത സ്വപ്‌നങ്ങളും കഠിനാധ്വാനത്തിന്റെ വിയര്‍പ്പുതുള്ളികളുമുണ്ട്.
അടിയന്തരാവസ്ഥാ കാലത്ത് ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെട്ടപ്പോള്‍ മൗലവി അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടക്കപ്പെടുകയുമുണ്ടായി. പ്രയാസകരമായ ആ പരീക്ഷണ ജീവിതം പലപ്പോഴും പങ്കുവെക്കാറുണ്ടായിരുന്നു. സകാത്തും ഫിത്വ്ര്‍ സകാത്തും ഉദ്ഹിയ്യത്തും സംഘടിതമായി തുടങ്ങാന്‍ നേതൃത്വം നല്‍കിയതും മൗലവി തന്നെ. കൊല്ലം ഈദ്ഗാഹിന്റെ പിന്നിലെ പ്രഥമ പ്രചോദനവും മൗലവി തന്നെയായിരുന്നു.
മൗലവി മുന്നില്‍നിന്ന് നയിച്ച പ്രസ്ഥാനത്തിനും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങും തണലുമായി നിന്ന ധാരാളം വ്യക്തിത്വങ്ങളുണ്ട്. അതില്‍ പ്രധാനി പ്രഫ. പി.എ സഈദ് സാഹിബ് തന്നെ. അച്ചുമഠം അബ്ദുല്‍ ഹമീദ് സാഹിബ്, ടി.എന്‍ അലിയാര്‍ സാഹിബ്, അമാനുല്ല ചിന്നക്കട, അബ് ദുര്‍റഹ്മാന്‍ സേട്ട്, റശീദ് കരിക്കോട് ബുഖാരി സാഹിബ്, അബ്ദുല്‍ഖാദര്‍ മാവള്ളി, പോര്‍ട്ടര്‍ ഹനീഫ സാഹിബ്, ഇഖ്ബാല്‍ സേട്ട്, കായിക്കര ഹുസൈന്‍ സാഹിബ്, അബ്ദുല്‍ ഹകീം സാഹിബ്... തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്. അടിയന്തരാവസ്ഥാ കാലത്ത് മൗലവിയോടൊപ്പം ജയിലിലടക്കപ്പെട്ട വ്യക്തിയാണ് ഇപ്പോഴും ജീവിച്ചിരിക്കുന്ന പട്ടത്താനം അബ്ദുല്‍ അസീസ് സാഹിബ്.
വിദ്യാസമ്പന്നരും പൗരപ്രമുഖരും ബിസിനസുകാരുമൊക്കെ ഉള്‍ക്കൊള്ളുന്ന കൊല്ലം ജില്ലയിലെ മുസ്‌ലിം അസോസിയേഷന്റെ രൂപീകരണത്തില്‍ നേതൃപരമായ പങ്കുവഹിച്ചു. മുസ്‌ലിം അസോസിയേഷനു കീഴിലുള്ള കരിക്കോട് അറബിക് അക്കാദമിയുടെ സ്ഥാപക പ്രിന്‍സിപ്പല്‍ കൂടിയായിരുന്നു മൗലവി. അറബി ഭാഷയുടെ പ്രചാരണവും ജീവിത ദൗത്യമായി ഏറ്റെടുത്ത മൗലവി കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും സംഘടനാ സെക്രട്ടറിയും കൊല്ലം ജില്ലാ ഭാരവാഹിയുമൊക്കെയായിരുന്നു. 'മെക്ക'യുടെ നേതൃപദവികളിലും മൗലവി വിവിധ സന്ദര്‍ഭങ്ങളില്‍ ഉത്തരവാദിത്തമേറ്റിട്ടുണ്ട്. മൗലവിയുടെ നിര്യാണത്തെ തുടര്‍ന്ന് മുസ്‌ലിം അസോസിയേഷന്‍ പ്രസിഡന്റും കൊല്ലം മെഡിസിറ്റി ചെയര്‍മാനുമായ വെഞ്ഞാറമൂട് എ. അബ്ദുസ്സലാം ഹാജിയുടെ അധ്യക്ഷതയില്‍ അനുശോചന യോഗവും നടന്നു. കെ.എ.എം.എയുടെയും 'മെക്ക'യുടെയും സംസ്ഥാന ഭാരവാഹികളും അനുശോചനം രേഖപ്പെടുത്തി. കൊല്ലം ജില്ലയില്‍ മുസ്‌ലിം സമൂഹത്തിന്റെ പൊതുസംരംഭങ്ങളുമായി പ്രസ്ഥാനത്തെ വിളക്കിച്ചേര്‍ക്കുന്നതില്‍ മൗലവി മുഖ്യ പങ്കുവഹിച്ചു. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന എ.എ റഹീമും മൗലവിയും തമ്മില്‍ ഹൃദ്യമായ ആത്മബന്ധമുണ്ടായിരുന്നു.
മൗലവിക്ക് അദ്ദേഹത്തിന്റെ കുടുംബം നല്‍കിയ പിന്തുണയും സ്മരണീയമാണ്. രാപ്പകലില്ലാതെ മൗലവി നടത്തിക്കൊണ്ടിരുന്ന സഞ്ചാരങ്ങള്‍ക്കിടയില്‍ കുടുംബത്തിന്റെ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ച പരേതയായ ഭാര്യ റൈഹാനത്ത്, പ്രമുഖ പണ്ഡിതന്‍ അഹ്മദ് കോയ മൗലവിയുടെ പുത്രിയായിരുന്നു. മക്കളെയും മരുമക്കളെയും പ്രസ്ഥാനത്തോട് ചേര്‍ത്തുനിര്‍ത്തുന്നതിലും ഉമയനല്ലൂര്‍ സ്ഥാപനത്തിനടുത്ത് അവരെ താമസിപ്പിക്കുന്നതിലും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. ശറഫുദ്ദീന്‍, നസീം, ഫൈസല്‍, നൗഫല്‍, മുനീറ, ലൈല എന്നിവരാണ് മക്കള്‍. കെ.എം ത്വാഹ, എ. ഖാലിദ്, സ്വാലിഹ, ഫാത്വിമ, സാജിദ, ലൈജു സലാം എന്നിവരാണ് മരുമക്കള്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (44-45)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വഹാബിമാരെ ആദരിക്കല്‍ ഈമാനിന്റെ ഭാഗം
അബ്ദുര്‍റഹ്മാന്‍ ചെറുവാടി