'സംവാദത്തിന്റെ മേശയില്‍ എല്ലാവരോടും സഹകരിക്കും'
2020 ജനുവരിയിലാണ് 'മുസ്‌ലിം അസോസിയേഷന്‍ ഓഫ് ബ്രിട്ടന്‍' (MAB) പ്രസിഡന്റായി റഗദ് അല്‍തിക്‌രീതി ചുമതലയേല്‍ക്കുന്നത്. ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിെന്റ തലപ്പത്തെത്തുന്ന പ്രഥമ വനിത. 1997-ല്‍ സ്ഥാപിതമായ സംഘടന ബ്രിട്ടനിലെ മുന്‍നിര സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൊന്നാണ്. 2003-ല്‍ ഇറാഖ് അധിനിവേശ കാലത്ത് രാജ്യം സാക്ഷിയായ ഏറ്റവും വലിയ യുദ്ധവിരുദ്ധ റാലികളിലൊന്നിെന്റ സംഘാടകര്‍. ബ്രിട്ടീഷ് രാഷ്ട്രീയത്തിലും രാജ്യാന്തര മുസ്‌ലിം വിഷയങ്ങളിലും, വിശിഷ്യാ ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ ശക്തമായി ഇടപെടുന്നവര്‍. ഡോ. കമാല്‍ ഹല്‍ബാവി, ഡോ. അസ്സാം തമീമി, ഡോ. അനസ് അല്‍തിക്‌രീതി തുടങ്ങിയ ഇസ്‌ലാമിക പ്രസ്ഥാന നേതാക്കളുമായി സംഘടനക്ക് മികച്ച ബന്ധമാണുള്ളത്. ഇറാഖി വംശജയാണ് റഗദ്. പിതാവ് ഡോ. ഉസാമ തൗഫീഖ് അല്‍തിക്‌രീതി നേരത്തേ ഇറാഖി ഇസ്‌ലാമിക് പാര്‍ട്ടി (െഎ.െഎ.പി) നേതാവായിരുന്നു. റഗദ് ആകെട്ട, മുസ്‌ലിം അസോസിയേഷന്‍ ഓഫ് ബ്രിട്ടന്റെ വൈസ് പ്രസിഡന്റായും മാധ്യമ വിഭാഗം മേധാവിയായും കഴിവു തെളിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍നിന്നുള്ള ഇസ്‌ലാമിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'സ്‌ട്രൈവ് യു.കെ' കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ വനിത കോണ്‍ഫറന്‍സില്‍ റഗദും പ്രഭാഷകയായിരുന്നു. 'സ്‌ട്രൈവ് യു.കെ'യുടെ പ്രവര്‍ത്തകരായ സല്‍മ ഇബ്‌റാഹീമും ശാദിയ അസീമുമാണ് അഭിമുഖം നടത്തിയത്. യു.കെയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ സല്‍മ തൃശൂര്‍ കാളത്തോട് സ്വദേശിനിയാണ്. എഞ്ചിനീയറിംഗില്‍ പി.എച്ച്.ഡി ചെയ്യുന്ന ശാദിയ കോഴിക്കോട് മൂഴിക്കല്‍ സ്വദേശിനിയും).
എം.എ.ബി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് നന്ദി. 1997 മുതല്‍ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരുന്ന ഒരാളെന്ന നിലക്ക് അനുഭവ സമ്പത്തും കര്‍മരംഗത്ത് അടങ്ങാത്ത അഭിനിവേശവുമാണ് നിങ്ങളുടെ കരുത്ത്. വനിതകളുടെ കാര്യത്തില്‍ കാണിക്കുന്ന ഈ കരുതല്‍ അംഗീകരിച്ചാലും ഒരു വനിത ഇതുപോലുള്ള ഒരു സംഘടനയുടെ തലപ്പത്തെത്തുന്നത് ഇപ്പോഴും നമുക്ക് അത്ഭുതമാണ്. നിങ്ങള്‍ക്ക് എന്തു തോന്നുന്നു?
അതേ, പലരും ചോദിക്കുന്നുണ്ട് സമാന ചോദ്യങ്ങള്‍. ചരിത്രനിമിഷമാണിതെന്ന് അവര്‍ പറയുന്നു. തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ് മാത്രമായിരുന്നെങ്കില്‍ എന്ന് ഞാനും ആശിച്ചുപോവുകയാണ്. നാം ജീവിക്കുന്നത് ഒരു പ്രത്യേക സംസ്‌കാരത്തിന് കോയ്മയുള്ള സമൂഹത്തിലാണ്. വിശ്വാസത്തിനും മേലെയാണ് ആ സംസ്‌കാരത്തിെന്റ ഇടം. എല്ലാ ഗുണങ്ങളും മേളിക്കുകയും തെരഞ്ഞെടുപ്പില്‍ സഹോദരന്മാരുടെയും സഹോദരിമാരുടെയും വിശ്വാസം ആര്‍ജിക്കുകയും ചെയ്താലും ഒരു മുസ്‌ലിം വനിത സംഘടനാ തലപ്പത്ത് എത്തുക പലപ്പോഴും അസാധ്യം. വിഷയം ഇങ്ങനെയൊക്കെയെങ്കിലും ഈ ചോദ്യങ്ങള്‍ ഉയരണം. അപ്പോഴേ നമുക്ക് മുന്നോട്ടുള്ള പ്രയാണം സാധ്യമാകൂ. ഇപ്പോള്‍ ഇത് ചോദിക്കുന്നവരുണ്ടാകാം. പക്ഷേ, ഒരു ദശാബ്ദം കഴിഞ്ഞാല്‍ സമാന ചോദ്യം ആരും ചോദിച്ചേക്കില്ല. മുമ്പ് പൊതുസമൂഹത്തിനു മുമ്പില്‍ എഴുന്നേറ്റു നിന്ന് ചിലത് സംസാരിച്ചുതുടങ്ങിയപ്പോഴും എന്നോട് ഇതേ ചോദ്യം ഉയര്‍ന്നിരുന്നു. പുരുഷന്മാര്‍ ചോദിച്ചത്, 'എന്താണിത്, ഇത് സാധ്യമാണോ' എന്നായിരുന്നു. സ്ത്രീ അവതാരകയാകുന്നതിലായിരുന്നു അന്ന് പ്രശ്‌നം. ഇന്നിപ്പോള്‍ അതൊരു വിഷയമല്ല. നാം സ്വയം സൃഷ്ടിച്ച അത്തരം വാര്‍പ്പുമാതൃകകളെയാണ് ഞാന്‍ തകര്‍ക്കുന്നത്. ഇത്തരം ചോദ്യങ്ങളും പ്രതികരണങ്ങളും സമൂഹത്തെ ഉണര്‍ത്തുന്ന പക്ഷം, ഭാവിയില്‍ നേതൃപദവിയില്‍ സ്ത്രീയോ പുരുഷനോ ആര്‍ വന്നുവെന്നത് അലോസരം സൃഷ്ടിക്കില്ല. അന്ന് ലിംഗമാകില്ല പരിഗണന; പകരം ശേഷിയും ക്ഷമതയുമാകും. അതെല്ലാം സംഭവിക്കും, ഇന്‍ശാ അല്ലാഹ്.
രാഷ്ട്രീയമാകെട്ട, മറ്റിടങ്ങളാകെട്ട പൊതുവേദികളില്‍ വരാന്‍ മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന പ്രതിബന്ധങ്ങള്‍ എന്തൊക്കെ? ഒരു സമുദായമെന്ന നിലക്ക് എങ്ങനെ ഇവയെ അഭിമുഖീകരിക്കാനാകും?
അമേരിക്കയുടെ സ്ത്രീശാക്തീകരണത്തിന് ഉദാഹരണങ്ങളാണ് ഇല്‍ഹാന്‍ ഉമറും റാശിദ ത്വാലിബും. യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇരുവര്‍ക്കും പക്ഷേ, രാഷ്ട്രീയക്കാരെന്ന നിലക്കോ നേതാക്കളെന്ന നിലക്കോ ആയിരുന്നില്ല വിഷം പുരട്ടിയ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നത്, മുസ്‌ലിം നേതാക്കളെന്ന നിലക്കായിരുന്നു. ചില വിഷയങ്ങളില്‍ നിര്‍ബന്ധമായും അവര്‍ ഉത്തരം പറയേണ്ടവരായിരുന്നു. ഒരു ചോദ്യത്തിന് ഇല്‍ഹാന്‍ ഉമര്‍ മറുപടി നല്‍കാന്‍ വിസമ്മതിക്കുന്ന വീഡിയോ ക്ലിപ് നിങ്ങള്‍ കണ്ടിരിക്കും. 'പെണ്‍ ജനനേന്ദ്രിയ ഛേദനം (എഫ്.ജി.എം) പോലുള്ള വിഷയങ്ങളില്‍ എന്തുകൊണ്ട് മറ്റുള്ളവരെ മാറ്റിനിര്‍ത്തി ഞാന്‍ മാത്രം ഉത്തരം പറയേണ്ടിവരുന്നു' എന്നതായിരുന്നു അതിന് ഇല്‍ഹാം പറഞ്ഞ ന്യായം. 'എെന്റ വോട്ട്, നയങ്ങള്‍ എന്നിവ സംബന്ധിച്ച് എന്തും ചോദിക്കാം. പക്ഷേ, നിങ്ങള്‍ ആ വിഷയത്തില്‍ മാത്രം എന്നെ തളച്ചിടുകയാണ്' എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നാം തുറന്നു സംസാരിക്കുന്നവരോ പ്രശസ്തരോ ആകുന്നതോടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് ഇരകളാകുന്നു. മുസ്‌ലിം സ്ത്രീയും പുരുഷനും, ഹിജാബ് ധരിക്കുന്നതിനാല്‍ വിശിഷ്യാ സ്ത്രീകള്‍ ഇത്തരം വിഷയങ്ങള്‍ക്ക് മറുപടി പറയേണ്ടവരായി മുദ്ര കുത്തപ്പെടുന്നു. അത് ഇനിയും തുടരും. അതില്‍ കുഴപ്പമില്ലെന്നാണ് എനിക്കു പറയാനുള്ളത്. നിങ്ങള്‍ കര്‍മരംഗത്ത് സജീവമാകുന്നതോടെ ആക്രോശങ്ങള്‍ നിലക്കും. നിങ്ങള്‍ വിജയം വരിക്കുകയും നിങ്ങളുടെ സ്വാധീനം അനുഭവപ്പെടുത്തുകയുമാണെങ്കില്‍ എതിര്‍പ്പുകള്‍ കെട്ടടങ്ങും.
ബ്രിട്ടനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച്, വിശിഷ്യാ മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് എന്താണ് അഭിപ്രായം? പലരും കരുതുന്നത്, ബോറിസ് ജോണ്‍സണ്‍ ഭരണകൂടത്തെ ഇസ്‌ലാംഭീതി ആവേശിച്ചിട്ടുണ്ടെന്നാണ്. കരുതലോടെയിരിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രാദേശിക തലങ്ങളിലെങ്കിലും നയങ്ങളെയും തീരുമാനങ്ങളെയും സ്വാധീനിക്കാന്‍ നാം എന്താണ് ചെയ്യേണ്ടത്?
എം.എ.ബി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടയുടന്‍ ഞാന്‍ ഒരു പ്രഭാഷണം നടത്തിയിരുന്നു. പൊതുജനത്തെയെന്ന പോലെ ബോറിസ് ജോണ്‍സണെയും അന്ന് അഭിമുഖീകരിച്ചു. അന്ന് ഞാന്‍ പറഞ്ഞത്, എന്നുമുതല്‍ അവര്‍ക്ക് നമ്മെ വേണ്ടാതാകുന്നോ അന്നു മുതല്‍ അവര്‍ നമ്മെ കുറ്റപ്പെടുത്താന്‍ തുടങ്ങും. തീവ്രവാദ സംഘടനകളായി നമ്മുടെ കൂട്ടായ്മകളെ മുദ്രകുത്തും, അവയുമായി ബന്ധപ്പെടുത്തും. അകന്നുനില്‍ക്കാന്‍ ആവശ്യമുയരും. ബ്രിട്ടീഷ് സമൂഹത്തിനും, വിശാലാര്‍ഥത്തില്‍ ലോകത്തിനും ഇത് ആപത്കരമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആരുമായും കൈകോര്‍ക്കാനും സഹകരിക്കാനും തയാറാണ്. നമ്മുടെ മാര്‍ഗങ്ങള്‍ അവര്‍ക്കായി തുറന്നുവെക്കുകയും ചെയ്യുന്നു. അവര്‍ നമുക്കു മുമ്പില്‍ വെക്കുന്ന അജണ്ടകളാകില്ല നമ്മുടെ മുന്നോട്ടുള്ള വഴി നിശ്ചയിക്കുന്നത്. പകരം നാം നമ്മുടേത് അവതരിപ്പിക്കും. മറ്റു സംഘടനകള്‍ക്കു കുടി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ അവസരം സൃഷ്ടിക്കും. സംഭാഷണത്തിനും സംവാദത്തിനും കൂടിച്ചേരലിനും എവിടെ അവസരമുണ്ടോ അവയിലെല്ലാം സഹകരിക്കും. നമുക്കു മുമ്പില്‍ വാതില്‍ കൊട്ടിയടച്ച് ഒരിടത്തേക്ക് ആട്ടിത്തെളിച്ച് നാമും അവരും മുഖാമുഖമെന്ന അവസ്ഥ സൃഷ്ടിക്കാന്‍ അനുവദിക്കില്ല. അത്തരം ഇടങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ നമുക്കാകില്ല. നമ്മുടെ സമുദായത്തെ നാം പ്രതിനിധാനം ചെയ്യുേമ്പാള്‍ അത് ശരിയായ പ്രതിനിധാനം തന്നെയാവണം. മറ്റൊരാളുടെ അജണ്ടയുടെ പുറത്താകരുത് അതൊന്നും. നമുക്ക് പറയാനുള്ളത്, അത്തരം ഇടങ്ങള്‍ നമുക്ക് അവര്‍ നല്‍കണം. അവരുടെ നയങ്ങള്‍ മൂലം അവ അടച്ചുകെട്ടിയാല്‍ പൊതു സമൂഹത്തിനു തന്നെയാണ് പ്രതിലോമകരമാവുക. അത് പരിഹരിക്കേണ്ടത് അവര്‍ തന്നെയാണ്. പക്ഷേ, ഇപ്പോഴും തീവ്ര വലതുപക്ഷം വിരിച്ച വലയിലാണ് അവര്‍. പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും പൊതു സംവാദത്തിെന്റ മേശയിലേക്ക് അവര്‍ എത്തുമെന്നും തന്നെയാണ് ഇപ്പോഴും എെന്റ വിശ്വാസം.
എം.എ.ബി സംഘടിപ്പിച്ച കോണ്‍ഫറന്‍സിലെ ഒരു വിഷയം 'പാരന്റിംഗും ഭാവി തലമുറയെ വളര്‍ത്തലും' ആയതിനാല്‍ നിങ്ങളുടെ കുട്ടിക്കാലവും ചെറുതായി അന്വേഷിക്കാമെന്നു തോന്നുന്നു. കുട്ടിക്കാലത്തെ കുറിച്ച് പറയാമോ? കരിയറിലേക്ക് മാതാപിതാക്കള്‍ എങ്ങനെയാണ് വഴി തുറന്നുനല്‍കിയത്? കുഞ്ഞായിരിക്കെ അവര്‍ എങ്ങനെയാണ് പ്രചോദനമായത്?
അന്ന് പരിപാടിയില്‍ ഒരു പ്രഭാഷക പറഞ്ഞത്, നമ്മെ വീണ്ടെടുക്കാന്‍ ഒരിക്കല്‍ കാണാതാകണമെന്നാണ്. ചില കുട്ടികളെ കണ്ടാലറിയാം അവര്‍ ആരൊക്കെയോ ആകാന്‍ പോകുന്നെന്ന്. പക്ഷേ, മറ്റുചിലര്‍ നിങ്ങളെ കുതൂഹലപ്പെടുത്തും. ഒന്നിനുപിറകെ ഒന്നായി പ്രയാസങ്ങളില്‍നിന്ന് പ്രതിസന്ധികളിലേക്ക് എടുത്തെറിയപ്പെട്ടവര്‍. അതിനിടെ, എപ്പോഴോ അവര്‍ സമൂഹത്തിലെ മറ്റുള്ളവര്‍ക്കായി സമര്‍പ്പിക്കാനുള്ള ഊര്‍ജവും കരുത്തും ആര്‍ജിക്കുന്നു. അതിനാല്‍, മക്കളുടെ, അഥവാ ഭാവി തലമുറകളുടെ കാര്യത്തില്‍ ക്ഷമയോടെ കാത്തിരിക്കണം. അലസരും എന്തുചെയ്യണമെന്ന് അറിയാത്തവരുമായി നാം അവരെ മുദ്ര കുത്തരുത്. ജീവിതത്തിെന്റ പ്രതീക്ഷിക്കാത്ത ഒരു പടി ചവിട്ടുേമ്പാള്‍ അവര്‍ പരിവര്‍ത്തനത്തിന് വിധേയരായേക്കും. നിങ്ങള്‍ ഇത്ര കാലം തെരഞ്ഞ ഊര്‍ജം അന്നു മുതല്‍ അവരില്‍ നിങ്ങള്‍ക്കു കാണാനാകും. അതിനാല്‍, ക്ഷമയോടെയിരിക്കുക, പ്രോത്സാഹനം നല്‍കുക. അവര്‍ കടന്നുപോകുന്ന ജീവിത ഘട്ടങ്ങള്‍ മനസ്സിലാക്കുക. കാരണം, നാം കടന്നുപോയ ഘട്ടമല്ല നമ്മുടെ കുഞ്ഞുങ്ങളുടേത്. എനിക്ക് തോന്നുന്നത്, എെന്റ പിതാവ് കാണിച്ച വിവേകമാണ് എന്നെ ഞാനാക്കിയത്. ക്ഷമയായിരുന്നു അദ്ദേഹത്തിെന്റ ശീലം. മാതാവിന് കരുതലായിരുന്നു കൂടുതല്‍. തെറ്റുകണ്ടാല്‍ കോപിക്കും. രണ്ടിെന്റയും മിശ്രണമാണ് ഞങ്ങളുടെ സ്വഭാവം. ജീവിതത്തില്‍ എന്തു വേണമെന്ന് ഞങ്ങള്‍ എന്നും മനസ്സിലാക്കി. അല്ലാഹുവിന് തൃപ്തിയുള്ളത് തിരിച്ചറിഞ്ഞു.
തെറ്റുകള്‍ ചെയ്തില്ലെന്നല്ല, പക്ഷേ, അത് തിരുത്താനുള്ള സംവിധാനം കൂടി ജീവിതത്തില്‍ ഒരുക്കപ്പെട്ടിരുന്നു. ചെറുപ്പം മുതല്‍ ഈ ശീലം നിങ്ങളില്‍ ഉണ്ടാക്കാനാകണം. അഖീദ അഥവാ, എന്തു വിശ്വസിക്കണമെന്നും എന്തുകൊണ്ട് വിശ്വസിക്കണമെന്നുമുള്ള ബോധ്യം സന്ദേഹങ്ങളുടെ ഈ കെട്ട കാലത്ത് ചെറുപ്പത്തില്‍ കുട്ടികളില്‍ ഉറപ്പിക്കണം. ഹറാമും ഹലാലും പറഞ്ഞാകരുത് തുടങ്ങേണ്ടത്. ശിക്ഷകളെ കുറിച്ച് കുഞ്ഞുപ്രായത്തില്‍ സംസാരിക്കരുത്. ശാക്തീകരണം, അല്ലാഹുവുമായി ഉറ്റ ബന്ധം എന്നിവയെ കുറിച്ചാകണം സംസാരം. അപ്പോഴാകും ചെയ്യുന്നതിലെല്ലാം അല്ലാഹുവിനെ കാണാനാവുക. ഭാഗ്യം ചെയ്ത മാതാപിതാക്കളുടെ ഭാഗ്യം ചെയ്ത മകളാണ് ഞാന്‍. പലരും അങ്ങനെയാകണമെന്നില്ല. എന്നിട്ടും അവര്‍ എത്തിയേടത്തൊക്കെ എത്തി. ചിലര്‍ പിന്നീട് ഇസ്‌ലാം ആേശ്ലഷിച്ചു. അവര്‍ക്ക് നല്ല ജഞാനമുണ്ടായിരുന്നു. അത്ഭുതകരമായ യാത്രകളുടെ ഉടമകള്‍. നിങ്ങളുടെ ഉദ്ദേശ്യം നന്നാകണമെന്നാണ് അല്ലാഹു ആഗ്രഹിക്കുന്നത്.
എം.എ.ബിയെ കുറിച്ച് പറയാം. ചെറുപ്പം മുതലേ നിങ്ങള്‍ ഈ സംഘടനയിലുണ്ട്. 'സ്‌ട്രൈവ് യു.കെ' ഇവിടെ പുതിയ സംഘടനയാണ്. നിങ്ങളുമായും നിങ്ങളുടെ സംഘടനയുമായും ചേര്‍ന്നു പോകണമെന്ന് താല്‍പര്യമുണ്ട്.
എക്‌സിക്യൂട്ടീവ് ബോര്‍ഡ് കേന്ദ്രീകരിച്ചാണ് ഞങ്ങളുടെ പ്രവര്‍ത്തനം. ഓഫീസുകളുമുണ്ട്. ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത് യുവാക്കളുടെ ഓഫീസുകളാണ്. 30 വയസ്സിനു താഴെയുള്ളവര്‍ക്ക് അവരുടെ ഓഫീസുകള്‍ സ്വന്തമായി നടത്തിക്കൊണ്ടു പോകാനാവണം. 50-കളിലെത്തിയ ചിലര്‍ വന്ന് 'ഇതാണ് യുവാക്കള്‍ക്കു വേണ്ടത്' എന്ന് പറയുകയല്ല. യുവാക്കളെ ലക്ഷ്യമിട്ട് 'ഓപണ്‍ ഡേ', 'ഫണ്‍ ഡേ' തുടങ്ങിയ നിരവധി പരിപാടികള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്. അവര്‍ ഒത്തുകൂടിയപ്പോള്‍ സ്വന്തം താല്‍പര്യങ്ങളും മുന്‍ഗണനകളും ആശയങ്ങളും വിശദീകരിക്കാന്‍ അവരോട് ആവശ്യപ്പെടുകയുണ്ടായി. അവരെ ഞങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നറിഞ്ഞപ്പോഴാണ് അവരുടെ ആത്മാര്‍ഥതയും പ്രതിബദ്ധതയും തൊട്ടറിയാനായത്. പൊതുജനക്ഷേമത്തിന് തങ്ങള്‍ക്ക് പലതും ചെയ്യാനാകുമെന്ന് യുവാക്കള്‍ക്ക് സ്വയം തോന്നണം.
Comments