പുതിയ ദേശീയ വിദ്യാഭ്യാസ നയം ഒളിഞ്ഞിരിക്കുന്നത് ഹിന്ദുത്വയുടെ ചതിക്കുഴികള്‍
34 വര്‍ഷങ്ങള്‍ക്കു ശേഷം രാജ്യത്ത് പുതിയ ദേശീയ വിദ്യാഭ്യാസ നയം പുറത്തുവന്നിരിക്കുന്നു. നിലവിലുള്ള വിദ്യാഭ്യാസ മേഖലയെ അടിമുടി പൊളിച്ചടുക്കി ഉടച്ചുവാര്‍ക്കുന്ന നയരേഖക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരവും നല്‍കി. ഒരു രാജ്യത്തിന്റെ വര്‍ത്തമാനത്തെയും ഭാവിയെയും വലിയ അളവില്‍ സ്വാധീനിക്കുന്ന മേഖലയാണ് വിദ്യാഭ്യാസം. ആ നിര്‍ണായക മേഖലയില്‍ നയംമാറ്റം കൊണ്ടുവന്നിട്ടുള്ളത് പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വെക്കാതെയാണ് എന്നത് എത്ര ജനാധിപത്യവിരുദ്ധം! പുതുമയുള്ളതും വിദ്യാഭ്യാസരംഗത്തെ മുന്നോട്ടുപോക്കിന് ഗുണം ചെയ്യുന്നതുമാണ് പുതിയ വിദ്യാഭ്യാസ നയം എന്ന് ഒറ്റനോട്ടത്തില്‍ ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. പക്ഷേ, അതില്‍ പതിയിരിക്കുന്നത് ഹിന്ദുത്വയുടെ ചതിക്കുഴികളാണ്. വരികള്‍ക്കിടയില്‍ വായിക്കുകയും സൂക്ഷ്മപരിശോധന നടത്തുകയും ചെയ്താല്‍ അക്കാര്യം ബോധ്യപ്പെടും. പുതിയ വിദ്യാഭ്യാസ നയം നിര്‍ദേശിക്കുന്ന ഘടനാമാറ്റങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. മറിച്ച്, ഈ നയരേഖ മുന്നോട്ടുവെക്കുന്ന അടിസ്ഥാന കാഴ്ചപ്പാടുകളെയും നയരേഖയില്‍ ഉള്ളടങ്ങിയിട്ടുള്ള രാഷ്ട്രീയ-സാംസ്‌കാരിക ഭീഷണികളെയുമാണ് ഇവിടെ വിശകലനവിധേയമാക്കുന്നത്.
ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള 11 അംഗ കമ്മിറ്റി 2019 മെയ് 31-നാണ് 484 പേജുകളുള്ള ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടുരേഖ സമര്‍പ്പിച്ചത്. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞുകൊണ്ട് ഇറക്കിയ കരടു രേഖയിന്മേല്‍ രണ്ടു ലക്ഷത്തിലധികം പ്രതികരണങ്ങള്‍ വ്യത്യസ്ത കോണുകളില്‍നിന്ന് വരികയുണ്ടായി. ഒടുവില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ച നയരേഖ കഴിഞ്ഞ ജൂലൈ 29-ന് പുറത്തുവന്നപ്പോള്‍ വ്യക്തമായത്, സംഘ് പരിവാര്‍ അജണ്ട പേറുന്നവരുടെ അഭിപ്രായങ്ങള്‍ മാത്രമാണ് വിദ്യാഭ്യാസ നയത്തിന്റെ കാതലായി പരിഗണിക്കപ്പെട്ടിട്ടുള്ളത് എന്നാണ്. 484 പേജുകളുള്ള കരടു രേഖ കേവലം 65 പേജുകളിലാണ് രാജ്യത്തിന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടത്.
രാജ്യത്തെ അക്കാദമിക താല്‍പര്യങ്ങളല്ല, മറിച്ച് ഹിന്ദുത്വ രാഷ്ട്രീയ താല്‍പര്യങ്ങളാണ് നയരേഖയുടെ അന്തര്‍ധാര. പുതിയ വിദ്യാഭ്യാസ നയം മുന്നോട്ടു വെക്കുന്ന അടിസ്ഥാന ലക്ഷ്യം എന്താണ്? നയരേഖയുടെ പകര്‍പ്പ് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. പകര്‍പ്പെടുത്ത് അതിന്റെ ആമുഖം വായിച്ചുനോക്കിയാല്‍ ഉത്തരം കിട്ടും. ഭാരതീയ വിജ്ഞാന പാരമ്പര്യത്തെ പുനഃസ്ഥാപിക്കുക എന്നതാണ് നയരേഖയുടെ കാതല്‍. പ്രാചീന ഇന്ത്യയില്‍ ഉണ്ടായിരുന്ന വിജ്ഞാന പാരമ്പര്യത്തെയും വിദ്യാഭ്യാസ വ്യവസ്ഥയെയും പുനര്‍നിര്‍മിക്കുക എന്നതാണ് അടിസ്ഥാന ലക്ഷ്യം. അക്കാലത്തെ സര്‍വകലാശാലകളായ നളന്ദ, തക്ഷശില, വിക്രമശില, വല്ലഭി എന്നിവ പിന്തുടര്‍ന്നിരുന്ന സമ്പ്രദായങ്ങളെയാണ് നയരേഖ മാതൃകയായി എടുത്തുകാണിക്കുന്നത്.
പ്രാചീന ഇന്ത്യയിലെ വിദ്യാഭ്യാസ വ്യവസ്ഥ വേദിക് വിദ്യാഭ്യാസമായിരുന്നു. ഗുരുകുല സംവിധാനമായിരുന്നു അന്നുണ്ടായിരുന്നത്. വിദ്യാഭ്യാസത്തില്‍ ബ്രാഹ്മണര്‍ ഒഴികെയുള്ള ജനവിഭാഗങ്ങള്‍ക്ക് വിജ്ഞാനം നേടാന്‍ അവസരമുണ്ടായിരുന്നില്ല. താഴ്ന്ന ജാതിക്കാര്‍ പാഠഭാഗം കേട്ടാല്‍ കാതില്‍ ഈയ്യം ഉരുക്കി ഒഴിക്കുന്ന വ്യവസ്ഥയായിരുന്നല്ലോ അത്. ബ്രാഹ്മണരല്ലാത്ത ജനസമൂഹങ്ങളെ വിദ്യാഭ്യാസക്രമത്തിന്റെ പടിക്കു പുറത്ത് ഏറെക്കാലം നിര്‍ത്തിയിരുന്ന, എല്ലാവര്‍ക്കും വിദ്യാഭ്യാസം പ്രാപ്യമല്ലാത്ത പൗരാണിക വിദ്യാഭ്യാസ സമ്പ്രദായത്തെ പുനരാവിഷ്‌കരിക്കാനാണ് ഹിന്ദുത്വ ഭരണകൂടം ഈ നയരേഖയിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഊന്നിയ വിദ്യാഭ്യാസം എന്നതാണ് മറ്റൊരു കാഴ്ചപ്പാട്. അങ്ങനെ ഏകശിലാത്മകമായ ഒരു സംസ്‌കാരം നമ്മുടെ രാജ്യത്ത് ഇല്ലല്ലോ. വ്യത്യസ്ത സംസ്‌കാരങ്ങളുടെ സംഗമ ഭൂമിയാണ് ഇന്ത്യ. പിന്നെങ്ങനെയാണ് 'ഇന്ത്യയുടെ സംസ്‌കാരം' എന്നതിനെ നിര്‍വചിക്കുക? ഒരു ഇന്ത്യ, ഒരു സംസ്‌കാരം എന്ന അജണ്ടയുടെ ഭാഗമാണിത് എന്നത് പകല്‍ വെളിച്ചം പോലെ വ്യക്തം.
രാജ്യത്തെ എല്ലാ മേഖലയും കേന്ദ്രീകരണത്തിലേക്ക് നീങ്ങുകയാണ്; ഒടുവില്‍ വിദ്യാഭ്യാസരംഗവും. വിദ്യാഭ്യാസം ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലാണുള്ളത്. അഥവാ കേന്ദ്ര ഗവണ്‍മെന്റിനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും സവിശേഷമായ അധികാരങ്ങള്‍ വിദ്യാഭ്യാസ മേഖലയിലുണ്ട്. എന്നാല്‍ ഇനിമുതല്‍ വിദ്യാഭ്യാസ രംഗം സമ്പൂര്‍ണമായും കേന്ദ്രത്തിന്റെ കീഴിലായിരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍നിന്ന് യു.ജി.സി, എ.ഐ.സി.ടി.ഇ തുടങ്ങിയവ ഇല്ലാതാകും. ഇന്ത്യയില്‍ എണ്ണൂറിലധികം സര്‍വകലാശാലകളും അമ്പതിനായിരത്തിലധികം കോളേജുകളുമുണ്ട്. എന്നാല്‍ ഈ സര്‍വകലാശാലകള്‍ക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കോ വിദ്യാഭ്യാസ മേഖലയിലെ തീരുമാനങ്ങളിലോ സിലബസുകളിലോ ഒരു പങ്കും ഇനി ഉണ്ടാവില്ല. ഒരു ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മാത്രമാണ് ഉണ്ടാവുക. എല്ലാ തീരുമാനങ്ങളും ഈ കൗണ്‍സിലില്‍നിന്നാണ് വരുക. ഒരു രാജ്യം, ഒരു മതം, ഒരു സംസ്‌കാരം എന്ന അജണ്ടയുടെ തുടര്‍ച്ചയായി മറ്റൊന്നുകൂടി വരുന്നു; ഒരു ഇന്ത്യ, ഒരു സിലബസ്, ഒരു പരീക്ഷ. അഥവാ ഹിന്ദുത്വ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസൃതമായി സിലബസുകള്‍ ഉടച്ചുവാര്‍ക്കപ്പെടും. ദേശീയ വീക്ഷണമുള്ള സിലബസുകള്‍ രൂപപ്പെടുത്തും എന്ന് നയരേഖയില്‍ പറഞ്ഞതിന്റെ ഉദ്ദേശ്യം അതാണ്.
രാജ്യത്തെ സര്‍വകലാശാലകളില്‍ നടക്കുന്ന അക്കാദമിക വ്യവഹാരങ്ങള്‍ക്കും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും പൂട്ടിടുന്ന നയമാണിത്. ഭരണകൂടം ജനാധിപത്യവിരുദ്ധ നിലപാടുകള്‍ എടുക്കുമ്പോള്‍ അതിനെതിരെ ശക്തമായ പ്രതിഷേധവും പ്രക്ഷോഭവും കേന്ദ്ര സര്‍വകലാശാലകളില്‍നിന്ന് പൊട്ടിപ്പുറപ്പെടാറുണ്ട്. ഭാവിയില്‍ അങ്ങനെ സംഭവിക്കരുതെന്ന് ഭരണകൂടം ആഗ്രഹിക്കുന്നു. സ്വതന്ത്രമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട് വൈജ്ഞാനികമായ അടിമത്തവും ബൗദ്ധികമായ കീഴ്വണക്കവും പുതിയ നയരേഖ ലക്ഷ്യമിടുന്നുണ്ട്. അതുകൊണ്ടാണ് നാഷ്‌നല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (എന്‍.ആര്‍.എഫ്) സ്ഥാപിക്കാന്‍ നയരേഖ നിര്‍ദേശിക്കുന്നത്. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നത് എന്‍.ആര്‍.എഫ് ആയിരിക്കും. ഗവേഷണങ്ങളുടെ വിഷയങ്ങള്‍ക്കും തലക്കെട്ടുകള്‍ക്കും അന്തിമ അനുമതി കൊടുക്കുന്നത് ഈ ബോഡിയായിരിക്കും. ഏതര്‍ഥത്തിലുള്ള ഗവേഷണങ്ങള്‍ക്കാണ് ഫണ്ട് കൊടുക്കേണ്ടത് എന്ന് തീരുമാനിക്കുന്നതും ഈ ഏജന്‍സി തന്നെ. ദേശീയ സുരക്ഷക്ക് ഭീഷണിയില്ലാത്തതും രാജ്യനന്മക്ക് ഉതകുന്നതുമായ വിഷയങ്ങള്‍ക്കാണ് എന്‍.ആര്‍.എഫ് പ്രാമുഖ്യം നല്‍കേണ്ടത് എന്ന് നിര്‍ദേശിക്കുന്നുണ്ട്. സംഘ് പരിവാര്‍ ഉദ്ദേശിക്കുന്ന ദേശീയതയും ദേശീയ സുരക്ഷയും എന്താണെന്നത് വ്യക്തമാണല്ലോ. എം.ഫില്‍ നിര്‍ത്തലാക്കുകയാണ്. ഗവേഷണ വിദ്യാഭ്യാസത്തിലേക്കുള്ള ചവിട്ടുപടിയാണ് എം.ഫില്‍. ഭരണകൂടത്തിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരില്‍ നല്ലൊരു ശതമാനം എം.ഫില്‍ വിദ്യാര്‍ഥികളും ഗവേഷണ വിദ്യാര്‍ഥികളുമാണ്. എം.ഫില്‍ എടുത്തുകളയുകയും പി.എച്ച്.ഡി വിഷയങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുക വഴി ഗവേഷണ മേഖലയിലേക്ക് കടന്നുവരുന്നവരുടെ എണ്ണം കുറക്കാന്‍ കഴിയുമെന്നും ഭരണകൂടം പ്രതീക്ഷിക്കുന്നു. ഇങ്ങനെ സ്വതന്ത്രമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ പുതിയ നയരേഖ ഉദ്ദേശിക്കുന്നു. അഥവാ, വിമര്‍ശനാത്മകമായ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ശേഷിയും തലച്ചോറും വൈജ്ഞാനിക അടിത്തറയുമുള്ള ഒരു സമൂഹം വളര്‍ന്നുവരരുതെന്ന് ഈ വിദ്യാഭ്യാസ നയത്തിലൂടെ ഭരണകൂടം ആഗ്രഹിക്കുന്നു.
നാഷ്‌നല്‍ എജുക്കേഷന്‍ പോളിസി എന്നതിനുപകരം ന്യൂ എക്‌സ്‌ക്ലൂഷനറി പോളിസി എന്ന് വിളിക്കുന്നതാവും ഉചിതം. കാരണം ബോധപൂര്‍വം പലതിനെയും പുറംതള്ളുന്ന പോളിസിയാണിത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ വിദ്യാഭ്യാസ മേഖലയില്‍ ഉള്‍ക്കൊള്ളലിനു പകരം പുറംതള്ളലുകളാണ് സംഭവിച്ചിട്ടുള്ളത്. യൂനിവേഴ്‌സിറ്റികളില്‍ നിന്ന് ജന്റര്‍ സ്റ്റഡീസ് എടുത്തുകളഞ്ഞു. മൈനോറിറ്റി സ്റ്റഡീസ് നിര്‍ത്തലാക്കി. പുതിയ വിദ്യാഭ്യാസ നയവും അങ്ങനെത്തന്നെ. ദലിത്, ന്യൂനപക്ഷ, പിന്നാക്ക സമൂഹങ്ങളെ വിദ്യാഭ്യാസ ക്രമത്തിന്റെ പുറമ്പോക്കിലേക്ക് തള്ളുന്ന നയമാണിത്. പിന്നാക്ക സമൂഹങ്ങളുടെ സംവരണത്തെ കുറിച്ച് നയരേഖയില്‍ പരാമര്‍ശം പോലുമില്ല. "Sociaty and Economically Disadvantaged' എന്ന ഒരു വിഭാഗത്തെ കുറിച്ച് പറയുന്നുണ്ട്. അവര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കണമെന്നും നിര്‍ദേശിക്കുന്നു. എന്നാല്‍ ആ വിഭാഗം ഏതാണെന്ന് കൃത്യമായി നിര്‍വചിച്ചിട്ടില്ല.
വിദ്യാദ്യാസ രംഗത്തെ നീതിയെക്കുറിച്ചും ഉള്‍ക്കൊള്ളലിനെക്കുറിച്ചും (Equity and Inclusion) വാചാലമാവുന്ന എന്‍.ഇ.പിയില്‍ പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ക്ക് ഉറപ്പു വരുത്തേണ്ട സംവരണമടക്കമുള്ള അവകാശങ്ങളെക്കുറിച്ചോ വിദ്യാഭ്യാസ രംഗത്തെ ഇത്തരം വിഭാഗങ്ങളുടെ തുല്യ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള പ്രായോഗിക നടപടികളെക്കുറിച്ചോ വ്യക്തമായ യാതൊരു നിര്‍ദേശവും മുന്നോട്ടു വെക്കപ്പെടുന്നില്ല. ഐ.ഐ.ടി, ഐ.ഐ.എം, കേന്ദ്ര സര്‍വകലാശാലകള്‍ തുടങ്ങിയ സുപ്രധാന സ്ഥാപനങ്ങളടക്കമുള്ള ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ സ്ഥാപനങ്ങളിലേക്കും സംവരണ മാനദണ്ഡങ്ങള്‍ വ്യാപിപ്പിക്കണമെന്ന കാലങ്ങളായുള്ള ആവശ്യത്തെയും തീര്‍ത്തും അവഗണിച്ചിരിക്കുകയാണ് പുതിയ വിദ്യാഭ്യാസ നയം. നിലനില്‍ക്കുന്ന സംവരണ വ്യവസ്ഥ തന്നെ മുന്നാക്ക സാമ്പത്തിക സംവരണം പോലുള്ള നയങ്ങളിലൂടെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് പിന്നാക്ക സമൂഹത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നത് ഒരു വിദ്യാഭ്യാസ വ്യവസ്ഥയുടെ പ്രധാന അടിസ്ഥാനങ്ങളില്‍ ഒന്നാണ്. ആ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ സഹായിക്കുന്ന സംവരണത്തെ കുറിച്ച് ബോധപൂര്‍വം മൗനം പാലിക്കുകയാണ് പുതിയ വിദ്യാഭ്യാസ നയം. വിദ്യാഭ്യാസ മേഖലയില്‍ ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇപ്പോള്‍ തന്നെ കുറവാണ്; പ്രത്യേകിച്ചും മുസ്ലിം സമൂഹത്തിന്റെ. മുസ്‌ലിംകളുടെ പ്രാതിനിധ്യം തുലോം കുറവാണെന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. പിന്നാക്ക സമൂഹങ്ങളുടെ വിമോചനം സാധ്യമാക്കുന്ന ഒരു പ്രധാന ഘടകം വിദ്യാഭ്യാസമാണ്. എന്നാല്‍ പിന്നാക്ക സമൂഹങ്ങള്‍ക്ക് വിദ്യാഭ്യാസം അപ്രാപ്യമാക്കുന്ന പ്രാചീന കാലത്തെ വേദിക് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പുനരാവിഷ്‌കാരമാണ് പുതിയ നയം നടപ്പിലാക്കുന്നതിലൂടെ സംഭവിക്കുക.
വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാകേണ്ട ഘടനാമാറ്റങ്ങള്‍ നയരേഖ മുന്നോട്ടുവെക്കുന്നുണ്ട്. ഘടനാമാറ്റത്തിന്റെ ഗുണ-ദോഷ വശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഈ ലേഖനം ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ഘടനാമാറ്റത്തിലും ഈ പുറംതള്ളല്‍ അജണ്ട ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് സൂക്ഷ്മ വിശകലനത്തില്‍ മനസ്സിലാക്കാം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസമെന്ന പേരില്‍ കൈത്തൊഴില്‍, നൈപുണ്യ പരിശീലനം എന്നിവ സ്‌കൂള്‍ തലത്തില്‍ തന്നെ ആരംഭിക്കണമെന്ന് നിര്‍ദേശിക്കുന്നു. ആറാം ക്ലാസ് മുതല്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആരംഭിക്കും. പുതിയ നയത്തിലുടനീളം നൈപുണികള്‍ക്കും(Skill) ശേഷികള്‍ക്കുമാണ്(Competence) ഊന്നല്‍ നല്‍കിയിരിക്കുന്നത്. എന്തിനാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആറാം ക്ലാസില്‍ നല്‍കുന്നത്? ഒരു കുട്ടിക്ക് വിദ്യാഭ്യാസത്തിന്റെ അടിത്തറ ഉണ്ടാക്കിക്കെകാടുക്കേണ്ട സമയമാണത്. നൈപുണി വിദ്യാഭ്യാസവും ഈ ഘട്ടത്തില്‍ നല്‍കിയാല്‍ എന്താണ് സംഭവിക്കുക? ഇന്ത്യ എന്ന വലിയ കാന്‍വാസിനെ കുറിച്ച് ചിന്തിച്ചുനോക്കൂ. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത രണ്ടു കോടിയിലധികം കുട്ടികളുണ്ട് രാജ്യത്ത്. അക്കാര്യം ഈ നയരേഖ തന്നെ പറയുന്നുണ്ട്. രണ്ടു കോടിയിലധികം കുട്ടികള്‍ പേന പിടിക്കേണ്ടതിനുപകരം പണിയായുധങ്ങളുമേന്തി തൊഴിലിടങ്ങളിലേക്ക് പോവുകയാണ്. ഇങ്ങനെയൊരു സമൂഹത്തിന് ആറാം ക്ലാസില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കിയാല്‍, പരിശീലനം ലഭിച്ച് രണ്ടു വര്‍ഷം കഴിഞ്ഞാല്‍ പഠനം അവസാനിപ്പിക്കും. ജീവിത പ്രാരാബ്ധം തന്നെ കാരണം. ശേഷം ഒരു നേരത്തെ അര വയറിനു വേണ്ടി സ്‌കൂളില്‍നിന്ന് പഠിച്ച തൊഴിലുമായി തൊഴിലിടങ്ങളില്‍ അഭയം തേടും. അങ്ങനെ സെക്കന്ററി വിദ്യാഭ്യാസത്തിലേക്ക് കടക്കുന്നതിനു മുമ്പു തന്നെ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളിലെ കുട്ടികള്‍ വിദ്യാഭ്യാസരംഗത്തു നിന്ന് പുറത്താകും.
ത്രിഭാഷാ പദ്ധതി തുടരാന്‍ തീരുമാനമായിട്ടുണ്ട്. പക്ഷേ, അഞ്ചാം ക്ലാസ് വരെ നിര്‍ബന്ധമായും, സാധ്യമെങ്കില്‍ എട്ടാം ക്ലാസ് വരെയും അധ്യയനം മാതൃഭാഷയില്‍ തന്നെയാവണം എന്ന നിബന്ധന വെക്കുന്നു. ഇംഗ്ലീഷ് പോലെയുള്ള ലോകഭാഷ പിന്നാക്ക സമൂഹങ്ങള്‍ക്ക് പലവിധ അവസരങ്ങളിലേക്കും സാധ്യതകളിലേക്കുമുള്ള വാതില്‍ തുറക്കുന്നുണ്ട്. അവരെ സംബന്ധിച്ചേടത്തോളം സ്‌കൂള്‍ അല്ലാതെ ഇംഗ്ലീഷ് പഠിക്കാന്‍ മറ്റു അവസരങ്ങള്‍ കുറവാണ്. കേവലം മാതൃഭാഷയില്‍ മാത്രം അധ്യയനം ആയാല്‍ അത് ഇത്തരം വിദ്യാര്‍ഥികള്‍ക്ക് ഭാവിയില്‍ ഉണ്ടാക്കുന്ന അവസരനഷ്ടം വലുതാണ്. വരേണ്യ ജീവിത സാഹചര്യങ്ങളില്‍നിന്നും വരുന്നവര്‍ക്ക് ഇംഗ്ലീഷ് പഠിക്കാന്‍ മറ്റ് അവസരങ്ങളുണ്ടാകും. ഇന്ത്യയില്‍ അന്തര്‍സംസ്ഥാന കുടിയേറ്റങ്ങള്‍ ധാരാളം നടക്കാറുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ പോയി ജോലിയെടുത്ത് ജീവിക്കുന്നവര്‍ ധാരാളമാണ്. മാത്രമല്ല പലരും പല സന്ദര്‍ഭങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് മാറിമാറി പോകുന്നു. കുടിയേറുന്ന ഇടങ്ങളിലെ പ്രാദേശിക ഭാഷകളില്‍ പഠിക്കേണ്ടിവരുന്നുവെന്നത് കുട്ടികള്‍ക്ക് വലിയ ഭാരം തന്നെ. പലപ്പോഴും അത് അപ്രായോഗികവുമായിരിക്കും. ഈ സന്ദര്‍ഭങ്ങളിലും ഇംഗ്ലീഷ് എന്നത് തടസ്സമില്ലാതെ പഠനം തുടരാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നു. കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഏറ്റവും കൂടതുല്‍ പഠിക്കുന്നത് ഉദ്യോഗസ്ഥ വൃന്ദത്തിന്റെ മക്കളായിരിക്കും. അവരുടെ കുട്ടികളെ ഇതൊന്നും ബാധിക്കില്ല. സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവര്‍ക്കു മാത്രം ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കുന്ന അവസ്ഥയുണ്ടാകും. ഹിന്ദിക്കും സംസ്‌കൃതത്തിനും നല്‍കുന്ന അമിത പ്രാധാന്യം സംഘ് പരിവാര്‍ വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന കാവിവത്കരണത്തിന്റെ സൂചനകളാണ്.
ഇന്ത്യയിലെ പ്രധാന ഭാഷകളെ നയരേഖ പേരെടുത്ത് പരാമര്‍ശിക്കുന്നുണ്ട് ("Multilingualism and The Power of Language' ഖണ്ഡിക 4.18).
എന്നാല്‍ ഇന്ത്യയിലെ ഏറ്റവും പ്രബല ന്യൂനപക്ഷമായ മുസ്ലിം സമൂഹം ഇന്ത്യയിലുടനീളം സംസാരിച്ചുകൊണ്ടിരിക്കുന്ന ഉര്‍ദു ഭാഷയെ പരാമര്‍ശിക്കാതെ അവഗണിച്ചതിനു പിന്നിലെ നയവും താല്‍പര്യവും വ്യക്തമാണ്. ഉര്‍ദു ഭാഷയെ ദേശീയ വിദ്യാഭ്യാസ നയത്തില്‍നിന്നും ബോധപൂര്‍വം ഒഴിവാക്കിയതില്‍ മോദി സര്‍ക്കാറിനെ അഭിനന്ദിച്ചുകൊണ്ട് ബി.ജെ.പി മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്യുകയുണ്ടായി. അതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഔദ്യോഗിക പ്രതികരണം ഇറക്കുകയുണ്ടായി. ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ പരാമര്‍ശിച്ചിട്ടുള്ള എല്ലാ ഭാഷകളുടെയും പ്രാതിനിധ്യം ഉണ്ടാകണമെന്ന് നയരേഖ നിര്‍ദേശിക്കുന്നുണ്ടെന്നും സ്വാഭാവികമായും അതില്‍ ഉര്‍ദുവും പെടുമെന്നുമാണ് പ്രതികരണത്തില്‍ പറഞ്ഞത്. എന്നാല്‍ ഇന്ത്യയിലെ മറ്റു ഭാഷകളെ പേരെടുത്ത് പറഞ്ഞപ്പോള്‍ രാജ്യത്തെ ഒരു പ്രബല ഭാഷയെ നയരേഖ പരാമര്‍ശിക്കുക പോലും ചെയ്യാതിരുന്നതിനു പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്ന് മനസ്സിലാക്കാം. അതുപോലെ ആഗോള ഭാഷകളുടെ പഠനത്തെ പ്രോത്സാഹിപ്പിക്കുന്ന പല പരാമര്‍ശങ്ങളും നയരേഖയിലുണ്ട്. യു.എന്‍ അംഗീകരിച്ച ഭാഷകളില്‍ നയരേഖയില്‍ പേരെടുത്ത് പരാമര്‍ശിക്കപ്പെടാതെ പോയത് രണ്ടു ഭാഷകളാണ്; അറബിയും ചൈനീസും. ചൈനീസ് ഭാഷ കരടുരേഖയില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. അതിലും അറബി ഉണ്ടായിരുന്നില്ല. ചൈനയുമായി നയതന്ത്ര പ്രശ്‌നം നിലനില്‍ക്കുന്നതു കാരണം പുതിയ നയരേഖയില്‍ ചൈനീസ് ഭാഷ ഒഴിവാക്കപ്പെടുകയാണുണ്ടായത്. ഇരുപത്തിരണ്ട് രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയായ അറബി എന്തുകൊണ്ട് അവഗണിക്കപ്പെട്ടു? മുസ്ലിം പൈതൃകത്തോടും സംസ്‌കാരത്തോടും ചേര്‍ന്നുനില്‍ക്കുന്ന ഭാഷകളെ അവഗണിക്കുന്നതിലെ സംഘ് പരിവാറിന്റെ ഉദ്ദേശ്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇനി ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യമെടുക്കാം. ഒരു വര്‍ഷം പഠിച്ചാല്‍ വൊക്കേഷ്‌നല്‍ സര്‍ട്ടിഫിക്കറ്റ്, രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഡിപ്ലോമ, മൂന്ന് വര്‍ഷം പഠിച്ചാല്‍ ഡിഗ്രി, നാലു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ബിരുദം - ഇങ്ങനെയാണ് നയരേഖ നിര്‍ദേശിക്കുന്നത്. ഇപ്പോള്‍തന്നെ വിദ്യാര്‍ഥികളില്‍ 26 ശതമാനം മാത്രമാണ് ഉന്നത വിദ്യാഭ്യാസത്തിലേക്ക് കടന്നുവരുന്നത്. മുകളില്‍ പറഞ്ഞ ഘടന കാരണമായി ജീവിത പ്രാരാബ്ധമുള്ളവര്‍ ഇടക്കു വെച്ച് പഠനം ഉപേക്ഷിക്കുന്നു. പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചാലും സര്‍ട്ടിഫിക്കറ്റ് കിട്ടുന്നുണ്ടല്ലോ എന്നായിരിക്കും വിദ്യാര്‍ഥികള്‍ ചിന്തിക്കുക. ഇനിമുതല്‍ രാജ്യത്ത് മൂന്ന് തരത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഉണ്ടാവുക. റിസര്‍ച്ച് യൂനിവേഴ്‌സിറ്റി, ടീച്ചിംഗ് യൂനിവേഴ്‌സിറ്റി, സാധാരണ കോളേജുകള്‍. സ്വകാര്യ സര്‍വകലാശാലകള്‍ക്കും സ്വയംഭരണ കോളേജുകള്‍ക്കും വെര്‍ച്വല്‍ യൂനിവേഴ്‌സിറ്റികള്‍ക്കും പ്രോത്സാഹനം നല്‍കും.
വിദ്യാഭ്യാസമേഖലയെ കൂടുതല്‍ സ്വകാര്യവത്കരണത്തിലേക്ക് തള്ളിവിടാന്‍ സഹായിക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ പുതിയ നയത്തില്‍ കാണാം. നയരേഖ പ്രത്യക്ഷത്തില്‍ സ്വകാര്യവത്കരണത്തിനെതിരെ സംസാരിക്കുന്നുണ്ട്. എന്നാല്‍ സ്വകാര്യ സര്‍വകലാശാല എന്ന പദത്തിനു പകരം Philanthropic Private Sector എന്ന വര്‍ണക്കടലാസില്‍ പൊതിഞ്ഞ വാക്ക് ഉപയോഗിച്ച് സ്വകാര്യവത്കരണത്തിന് വാതില്‍ തുറന്നിടുകയാണ് ചെയ്യുന്നത്. അഥവാ, ചാരിറ്റി ഉദ്ദേശിച്ച് പണം മുടക്കുന്ന സാമൂഹിക സ്ഥാപനങ്ങള്‍ മുന്നോട്ടുവന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങണം എന്നാണ് നയത്തിലുള്ളത്. വളരെ ആകര്‍ഷണീയമായ നിര്‍ദേശം തന്നെ. എന്നാല്‍ അതിന്റെ ഉദ്ദേശ്യമെന്താണ്? ലളിതമായി പറഞ്ഞാല്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ മുന്നോട്ടുവന്ന് വിദ്യാഭ്യാസ മേഖലയെ ഏറ്റെടുക്കണം എന്ന് സാരം. ഇന്ത്യയിലെ ആദ്യത്തെ വെര്‍ച്വല്‍ യൂനിവേഴ്‌സിറ്റി ആരംഭിക്കാന്‍ അംബാനിയുടെ ജിയോക്ക് ഇപ്പോള്‍തന്നെ അനുമതി നല്‍കിക്കഴിഞ്ഞിരിക്കുന്നു. പുതിയ വിദ്യാഭ്യാസ നയം ഇന്ത്യന്‍ പൗരന്മാരെ ആഗോള പൗരന്മാരാക്കുമെന്ന് മോദി തന്റെ സ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍ പറയുകയുണ്ടായി. ആഗോള യൂനിവേഴ്‌സിറ്റി എന്ന് കേള്‍ക്കുമ്പോള്‍ ഇന്റര്‍നാഷ്‌നല്‍ യൂനിവേഴ്‌സിറ്റികള്‍ എന്ന് നമ്മള്‍ തെറ്റിദ്ധരിച്ചുപോകും. ആഗോള യൂനിവേഴ്‌സിറ്റികള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കോര്‍പ്പറേറ്റുകളുടെ യൂനിവേഴ്‌സിറ്റികളാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍നിന്ന് സര്‍ക്കാര്‍ പതിയെ പതിയെ പിന്‍വാങ്ങും. കോര്‍പ്പറേറ്റുകളുടെ വിഹാരകേന്ദ്രമായി അത് പരിണമിക്കും.
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍ കൈവരിക്കാത്ത സാധാരണ കോളേജുകള്‍ക്ക് പൂട്ട് വീഴും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാമ്പത്തിക സ്വയംഭരണം കൈവരിക്കണം എന്ന് നയരേഖ നിര്‍ദേശിക്കുന്നുണ്ട്. സ്വാഭാവികമായും വന്‍കിട കോര്‍പ്പറേറ്റ് മുതലാളിമാരുടെ പ്രധാന ബിസിനസ് സംരംഭമായി ഉന്നത വിദ്യാഭ്യാസ മേഖല മാറും. സര്‍വകലാശാലാ, കോളേജ് മേഖലയില്‍ അവരുടെ മേധാവിത്വം ശക്തിപ്പെടും. ഗ്രാമീണ, പിന്നാക്ക പ്രദേശങ്ങളിലെ കോളേജുകള്‍ നിലവാരമില്ലാത്തതായി മുദ്രകുത്തി അവയുടെ അംഗീകാരം റദ്ദുചെയ്യും. സാധാരണക്കാരും ദരിദ്രരും ഉന്നത വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്ന നിരവധി കോളേജുകള്‍ ഇല്ലാതാവും. വന്‍കിട മുതലാളിമാരുടെ യൂനിവേഴ്‌സിറ്റികളിലും കോളേജുകളിലും വലിയ ഫീസ് കൊടുത്തു പഠിക്കാന്‍ അവര്‍ക്ക് സാധിക്കില്ലല്ലോ. സംവരണം അട്ടിമറിക്കപ്പെടും. സമ്പന്നര്‍ക്കും വരേണ്യര്‍ക്കും മാത്രം ഉന്നത വിദ്യാഭ്യാസം പ്രാപ്യമാകുന്ന അവസ്ഥ സംജാതമാകും. ഇങ്ങനെ ദലിത്, ന്യൂനപക്ഷ, പിന്നാക്ക സമൂഹങ്ങളെ പുറംതള്ളാന്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയം തന്ത്രം മെനഞ്ഞിരിക്കുന്നു. സമ്പന്നരും സവര്‍ണരും മാത്രം വിദ്യ നേടിയാല്‍ മതിയെന്ന പ്രാചീനകാലത്തെ വേദിക് വിദ്യാഭ്യാസത്തിന്റെ മറ്റൊരു രൂപം. അഥവാ ആധുനികരീതിയിലുള്ള ജാതിവ്യവസ്ഥയും ചാതുര്‍വര്‍ണ്യവും നിയോ ബ്രാഹ്മണിസവും പുനഃസ്ഥാപിക്കപ്പെടും.
(എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
Comments