Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 25

3169

1442 സഫര്‍ 07

കൊല്ലം അബ്ദുല്ല മൗലവി സമര്‍പ്പണവും സ്ഥിരോത്സാഹവും മേളിച്ച പണ്ഡിതന്‍

എം.ഐ അബ്ദുല്‍ അസീസ്

കൊല്ലം എ. അബ്ദുല്ല മൗലവിയും കഴിഞ്ഞ ദിവസം നമ്മോട് വിടപറഞ്ഞു, ഇന്നാ ലില്ലാഹ്.....
തെക്കന്‍ കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് വേരോട്ടം ലഭിക്കുന്നതില്‍ അനല്‍പമായ പങ്കു വഹിച്ച വ്യക്തിത്വമാണ് മര്‍ഹൂം അബ്ദുല്ല മൗലവി. മലപ്പുറം ജില്ലയിലെ വെളിയങ്കോടാണ് കുടുംബവേരുകളെങ്കിലും തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്താണ് അബ്ദുല്ല മൗലവി ജനിച്ചതും വളര്‍ന്നതും. പക്ഷേ, പിന്നീട് പ്രസ്ഥാനത്തിനകത്തും പുറത്തും അറിയപ്പെട്ടത് കൊല്ലം അബ്ദുല്ല മൗലവി എന്ന പേരിലും.  
നിരവധി എതിര്‍പ്പുകളും മര്‍ദനങ്ങളും അതിജീവിച്ചാണ് അബ്ദുല്ല മൗലവി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രചാരണ ദൗത്യമേറ്റെടുത്തത്. പ്രസ്ഥാനമാര്‍ഗത്തില്‍ അദ്ദേഹം അക്ഷീണം പ്രവര്‍ത്തിച്ചു; തികഞ്ഞ സമര്‍പ്പണത്തോടെ, പൂര്‍ണ സന്നദ്ധതയോടെ.
പരമ്പരാഗത മൗലവി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അബ്ദുല്ല മൗലവി അതേ വഴിയിലൂടെ തന്നെയാണ് തന്റെയും ജീവിതപ്രയാണം ആരംഭിച്ചത്. തൃശൂര്‍ ജില്ലയിലെ കുന്ദംകുളത്തിനടുത്ത കൊച്ചനൂരില്‍ അധ്യാപകനായി സര്‍ക്കാര്‍ ജോലി ലഭിച്ചത് മൗലവി പ്രസ്ഥാനത്തോടടുക്കാന്‍ നിമിത്തമാവുകയായിരുന്നു. ജമാഅത്ത് പ്രാദേശിക ഹല്‍ഖാ യോഗത്തിലേക്ക് ക്ഷണം ലഭിക്കുന്നത് അവിടെനിന്നാണ്. മുമ്പേതന്നെ പുരോഗമനാശയങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നതുകൊണ്ടും അത്തരം ആശയങ്ങള്‍ക്ക് നല്ല വേരോട്ടം ലഭിച്ച നാടായതിനാലും ക്ഷണം സ്വീകരിക്കുന്നതിനും ഹല്‍ഖയില്‍ സജീവമാകുന്നതിനും കാലതാമസമൊന്നുമുണ്ടായില്ല. പക്ഷേ, കേന്ദ്രത്തില്‍നിന്നെത്തുന്ന നേതാക്കളുമായുള്ള സമ്പര്‍ക്കം വഴിയും സ്ഥലത്തെ പ്രവര്‍ത്തകര്‍ നല്‍കിയ പഴയ പ്രബോധനം ലക്കങ്ങള്‍ വായിച്ചുമാണ് പ്രസ്ഥാന പ്രവര്‍ത്തകനായി മൗലവി പരുവപ്പെട്ടത്. മുസ്‌ലിയാര്‍ ചുറ്റുപാടില്‍ വളര്‍ന്ന ഒരാള്‍ ജമാഅത്തുകാരനായതിനാല്‍ പ്രദേശത്ത് പ്രസ്ഥാനത്തിനെതിരെ എതിര്‍പ്പുകള്‍ ശക്തമായി. ആ സമയത്തു തന്നെയാണ് കൊല്ലത്തേക്ക് സ്ഥലം മാറിപ്പോകുന്നതും.
കൊല്ലത്തെത്തിയതോടെയാണ് നാമറിയുന്ന അബ്ദുല്ല മൗലവിയായി മാറുന്നത്. കൊല്ലത്തേക്കുള്ള സ്ഥലംമാറ്റം ശ്രദ്ധിച്ചത് രണ്ടു കൂട്ടരായിരുന്നു; ഒന്ന്, ജമാഅത്തിന്റെ സംസ്ഥാന നേതൃത്വം, രണ്ട്, കൊല്ലത്തെ യാഥാസ്ഥിതിക പണ്ഡിതന്മാര്‍- പഴയ മൗലവിയല്ല, പരിഷ്‌കരണവാദിയായ മൗലവിയാണ് തിരിച്ചുവരുന്നതെന്നായിരുന്നു അവരുടെ അടക്കംപറച്ചില്‍. കൊല്ലത്തെത്തിയ ഉടനെ ജമാഅത്ത് സംസ്ഥാന നേതൃത്വം പ്രസ്ഥാന പ്രചാരണത്തിന്റെ ചുമതല അബ്ദുല്ല മൗലവിയെ ഏല്‍പിച്ചു. പ്രസ്ഥാന പ്രവര്‍ത്തകരാരുമില്ലാത്ത കൊല്ലത്ത് പുരോഗമനാശയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഏതാനും പേരെ കൂട്ടി ആരംഭിച്ച ഇസ്‌ലാമിക് സ്റ്റഡി സര്‍ക്ക്‌ളാണ് കൊല്ലത്തെ ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ ആദ്യമിടിപ്പുകള്‍. തുടക്കത്തില്‍ എതിര്‍പ്പുകള്‍ കാര്യമായിട്ട് നേരിട്ടില്ലെങ്കിലും അബ്ദുല്ല മൗലവിയിലേക്ക് ആളുകള്‍ ആകൃഷ്ടരാകുന്നു എന്ന് തിരിച്ചറിഞ്ഞതോടെ രൂക്ഷമായ എതിര്‍പ്പുകളായി. ഒരിക്കല്‍ പ്രബോധനം വിതരണത്തിനിടെ ഒരുകൂട്ടം ആളുകള്‍ ഓടിയെത്തി മൗലവിയെ മര്‍ദിച്ചു. നെറ്റിയില്‍നിന്ന് രക്തമൊഴുകി. മറ്റു പല സ്ഥലങ്ങളില്‍നിന്നും  യോഗങ്ങള്‍ മുടക്കിയതിന്റെയും സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതിന്റെയും അനുഭവങ്ങള്‍ മൗലവിക്കുണ്ടായിട്ടുണ്ട്. ഇത്തരം അനുഭവങ്ങള്‍ക്കു ശേഷമാണ് ജമാഅത്തില്‍ അംഗത്വമെടുക്കുന്നത്. 
അബ്ദുല്ല മൗലവി പ്രബോധനം വിതരണം ചെയ്തും സ്‌ക്വാഡ് നടത്തിയും ക്ലാസെടുത്തും നടന്ന പ്രദേശങ്ങളിലാണ് ഇന്നും പ്രസ്ഥാനം സജീവമായി നിലനില്‍ക്കുന്നത് എന്നത് പാകിയ വിത്തുകളുടെ ബലത്തെയും ഈടിനെയും സൂചിപ്പിക്കുന്നു. റോഡുവിള, കൊല്ലം, പുനലൂര്‍, അഴീക്കോട്, ഞാറയില്‍കോണം, മുരുക്കുംപുഴ, കിഴക്കനാലെ എന്നിവ ഉദാഹരണം. എസ്.ഐ.ഒവിലായിരിക്കെ കൊല്ലത്തും തിരുവനന്തപുരത്തും എത്തിയപ്പോഴാണ് മൗലവിയുമായി ഞാന്‍ അടുത്തിടപഴകുന്നത്. ധീരതയും ആവേശവും പകര്‍ന്നുനല്‍കുന്ന, സ്ഥിരോത്സാഹവും സ്ഥൈര്യവുമുള്ള അബ്ദുല്ല മൗലവിയെയാണ് എനിക്ക് പരിചയമുള്ളത്. 
പ്രസ്ഥാന പ്രവര്‍ത്തനത്തിനും വിപുലനത്തിനും കരുത്തേകിയ സ്ഥാപനങ്ങളുടെ തുടക്കക്കാരനും അബ്ദുല്ല മൗലവി കൂടിയായിരുന്നു. പുനലൂരില്‍ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് പിന്നീട് അഴീക്കോട്ട് വളര്‍ന്നത്. ഉമയനല്ലൂരിലെ സ്ഥാപനങ്ങളും കൊല്ലത്തെ സെന്ററുമെല്ലാം മൗലവിയുടെ സ്വപ്‌ന സാക്ഷാല്‍ക്കാരങ്ങളാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളുടെ നാസിമായും മേഖലാ നാസിമായും അബ്ദുല്ല മൗലവി സേവനം ചെയ്തിട്ടുണ്ട്. മക്കളും മരുമക്കളും പേരമക്കളുമെല്ലാം ഉള്‍പ്പെടുന്ന വിപുലമായ കുടുംബം പ്രസ്ഥാനമാര്‍ഗത്തില്‍ തന്നെയുണ്ട് എന്നത് അദ്ദേഹത്തിന്റെ നിലക്കാത്ത നന്മകളിലൊന്നായിരിക്കും.
തെക്കന്‍ കേരളമെന്ന് പറയുമ്പോള്‍ ഓര്‍മ വരാറുള്ള മര്‍ഹൂം മാള കെ. അബ്ദുസ്സലാം മൗലവി, കെ.ടി അബ്ദുര്‍റഹീം സാഹിബ്, പ്രഫ. പി.എ സഈദ് തുടങ്ങിയവര്‍ക്കു പിന്നാലെ അബ്ദുല്ലാ മൗലവിയും. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ, ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഇടം നല്‍കുമാറാകട്ടെ - ആമീന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (44-45)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വഹാബിമാരെ ആദരിക്കല്‍ ഈമാനിന്റെ ഭാഗം
അബ്ദുര്‍റഹ്മാന്‍ ചെറുവാടി