Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 25

3169

1442 സഫര്‍ 07

ഖുദ്‌സിന്റെ മോചനവും സ്വതന്ത്ര ഫലസ്ത്വീനും സ്വപ്നം മാത്രമോ?

പി.കെ നിയാസ്

അന്താരാഷ്ട്ര വേദികളില്‍ ഇസ്രയേലിനോളം അപലപിക്കപ്പെടാറുള്ള രാജ്യം ഭൂമുഖത്തില്ല. അധിനിവേശം, ഭീകരത, ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍, വംശീയത തുടങ്ങി നിഘണ്ടുവിലെ എല്ലാ മോശപ്പെട്ട പദങ്ങളുടെയും പര്യായമായ ഭരണകൂടമാണ് സയണിസ്റ്റ് ഇസ്രയേല്‍. സയണിസത്തെ വംശീയതയോട് തുലനം ചെയ്ത് 1975-ല്‍ യു.എന്‍ ജനറല്‍ അസംബ്ലി പ്രമേയം തന്നെ പാസ്സാക്കിയിരുന്നു. അന്താരാഷ്ട്ര നിയമങ്ങളെ നിരന്തരം വെല്ലുവിളിക്കുന്ന ഇസ്രയേലിനെ യു.എന്നില്‍നിന്ന് പുറത്താക്കാന്‍ എഴുപതുകളിലും എണ്‍പതുകളിലും നീക്കങ്ങള്‍ നടക്കുകയും ചെയ്തു. എന്നാല്‍ ശക്തമായ ലോബിയിംഗിലൂടെ പടിഞ്ഞാറന്‍ രാജ്യങ്ങളെ വരുതിയിലാക്കിയ ഇസ്രയേല്‍, സയണിസത്തെയും വംശീയതയെയും തുലനം ചെയ്യുന്ന യു.എന്‍ പ്രമേയം റദ്ദാക്കുന്നതില്‍ വിജയിച്ചു.
ഐക്യരാഷ്ട്ര സഭ രക്ഷാസമിതി 1948 മുതല്‍ ഇന്നുവരെ ഇസ്രയേലിനെതിരെ പാസ്സാക്കിയ പ്രമേയങ്ങള്‍ എണ്‍പതിലേറെ വരും. അതില്‍ ബഹുഭൂരിഭാഗവും ഫലസ്ത്വീനുമായി ബന്ധപ്പെട്ടതാണ്. ബാക്കിയുള്ളവ ലബനാന്‍, സിറിയ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ സയണിസ്റ്റ് ഭരണകൂടം നടത്തിയ അധിനിവേശവുമായും സൈനിക നടപടികളുമായും ബന്ധപ്പെട്ടതും. 1988-ല്‍ ഫത്ഹ് നേതാവ് അബൂ ജിഹാദ് എന്നറിയപ്പെടുന്ന ഖലീല്‍ അല്‍ വസീറിനെ മൊസാദിന്റെ നേതൃത്വത്തില്‍ ഇസ്രയേലീ കമാന്റോകള്‍ വധിച്ച സംഭവത്തില്‍ തുനീഷ്യയുടെ പരാതിയില്‍ യു.എന്‍ രക്ഷാസമിതി സയണിസ്റ്റ് ഭരണകൂടത്തെ അപലപിക്കുന്ന പ്രമേയം പാസ്സാക്കുകയുണ്ടായി. അതായത്, അയല്‍രാജ്യങ്ങളില്‍ മാത്രമല്ല, ഇസ്രയേലിന്റെ കടന്നുകയറ്റം ഉണ്ടായത്. ഹമാസ് നേതാവ് ഖാലിദ് മിശ്അലിനെ വധിക്കാന്‍ മൊസാദ് ചാരന്മാര്‍ ജോര്‍ദാന്‍ മണ്ണ് ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചതും ഹുസൈന്‍ രാജാവിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ആന്റിഡോട്ട് നല്‍കി നെതന്യാഹു മുട്ടുമടക്കിയതും മറ്റൊരു സംഭവം.
യു.എന്‍ രക്ഷാസമിതി പാസ്സാക്കിയ പ്രമേയങ്ങളെപ്പറ്റിയാണ് മുകളില്‍ പറഞ്ഞത്. അമേരിക്കയുടെ വീറ്റോയെത്തുടര്‍ന്ന് എത്രയോ പ്രമേയങ്ങള്‍ പാസ്സാക്കപ്പെടാതെ പോയതും ഇതോട് ചേര്‍ത്തുവായിക്കണം. ഇതിനു പുറമെയാണ് യു.എന്‍ പൊതുസഭയും യു.എന്നിന്റെ തന്നെ കീഴിലുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ കമീഷന്‍ (UNHRC) ഉള്‍പ്പെടെയുള്ള വേദികളും ഇസ്രയേല്‍ എന്ന ഭീകര രാഷ്ട്രത്തിനെതിരെ പാസ്സാക്കിയ ഡസന്‍ കണക്കിന് പ്രമേയങ്ങള്‍. 2006-ല്‍ മനുഷ്യാവകാശ കമീഷന്‍ നിലവില്‍ വന്ന ശേഷം ഇസ്രയേലിന്റെ അതിക്രമങ്ങളെ അപലപിച്ച് പാസ്സാക്കിയ പ്രമേയങ്ങളുടെ അടുത്തുപോലും വരില്ല, ലോകത്തെ മറ്റു രാജ്യങ്ങള്‍ക്കെതിരെയുള്ള മൊത്തം പ്രമേയങ്ങള്‍. യു.എന്‍.എച്ച്.ആര്‍.സി ഇസ്രയേല്‍ വിരുദ്ധമാണെന്ന് ആരോപിച്ച് അമേരിക്ക സംഘടനയുടെ അംഗത്വം ഒഴിഞ്ഞ ശേഷം ഇസ്രയേലിന്റെ പങ്കാളിത്തവും നാമമാത്രമാണ്. യുനെസ്‌കോയില്‍നിന്ന് ഇസ്രയേല്‍ നേരത്തേ പിന്‍വാങ്ങിയിരുന്നു.
1948 മേയ് 14-ന് ഫലസ്ത്വീന്‍ പ്രദേശങ്ങളുടെ മേലുള്ള ബ്രിട്ടന്റെ മേധാവിത്വം അവസാനിച്ചതിനെ തുടര്‍ന്നാണ് അറബികളും സയണിസ്റ്റുകളും തമ്മില്‍ യുദ്ധമുണ്ടാകുന്നത്. സയണിസ്റ്റ് സേനയും ഭീകര മിലീഷ്യകളും ചേര്‍ന്ന്  ഇന്നത്തെ ഫലസ്ത്വീന്റെ 78 ശതമാനവും കൈയടക്കി പുതിയ രാജ്യത്തോട് ചേര്‍ക്കുകയും ശേഷിച്ച 22 ശതമാനം ഭൂമി വെസ്റ്റ്ബാങ്കിനും ഗസ്സക്കും നല്‍കുകയും ചെയ്തു. ഏഴര ലക്ഷത്തോളം ഫലസ്ത്വീനികളെയാണ് ജന്മനാട്ടില്‍നിന്ന് സയണിസ്റ്റുകള്‍ ആട്ടിപ്പായിച്ചത്. ബ്രിട്ടീഷ് രേഖകള്‍ അനുസരിച്ച് 1920-നും 1946-നുമിടയില്‍ 376,415 ജൂതന്മാരാണ് വിദേശത്തുനിന്ന്, വിശിഷ്യാ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ഫലസ്ത്വീന്‍ ഭൂമിയില്‍ എത്തിയത്.
1947-ലെ യു.എന്‍ വിഭജന പദ്ധതിയനുസരിച്ച് അറബികള്‍ക്ക് 45 ശതമാനവും ജൂതന്മാര്‍ക്ക് 55 ശതമാനവും പ്രദേശമാണ് നല്‍കിയത്. ജറൂസലം അന്താരാഷ്ട്ര നിയന്ത്രണത്തിലും. നീതിനിഷേധത്തിന്റെ അങ്ങേയറ്റം വരെ പോയ ഈ പദ്ധതി യു.എന്നില്‍ 33 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ അറബ്, മുസ്‌ലിം രാജ്യങ്ങളും ഇന്ത്യ, ക്യൂബ, ഗ്രീസ് എന്നിവയും ഉള്‍പ്പെടെ 13 രാഷ്ട്രങ്ങള്‍ എതിര്‍ത്തു. തങ്ങള്‍ക്ക് അവകാശപ്പെട്ട പ്രദേശങ്ങള്‍ ഇസ്രയേലിന് നല്‍കിയത് അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന അറബ് രാജ്യങ്ങളും കിട്ടിയതിനേക്കാള്‍ കൂടുതല്‍ ഭൂമി പിടിച്ചടക്കുകയെന്ന ലക്ഷ്യത്തോടെ സയണിസ്റ്റുകളും പോരാട്ടം തുടര്‍ന്നു. 1949 വരെ തുടര്‍ന്ന ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ ഈജിപ്ത്, ലബനാന്‍, ജോര്‍ദാന്‍, സിറിയ എന്നീ രാജ്യങ്ങളുമായി ഇസ്രയേല്‍ കരാറിലെത്തുകയും വെസ്റ്റ് ബാങ്കിനും ഗസ്സക്കും അതിരുകള്‍ നിശ്ചയിക്കുകയും ചെയ്തു. കിഴക്കന്‍ ജറൂസലം ഉള്‍പ്പെടുന്ന വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണം ജോര്‍ദാനും ഗസ്സയുടെ നിയന്ത്രണം ഈജിപ്തിനും ലഭിച്ചു. 
എന്നാല്‍ 1967-ലെ ആറുദിന യുദ്ധത്തില്‍ ഇരു പ്രദേശങ്ങളും ഈജിപ്തിന്റെ ഭാഗമായിരുന്ന സീനായ് ഉപദ്വീപും സിറിയയുടെ ഭാഗമായിരുന്ന ജൂലാന്‍ കുന്നുകളും ഇസ്രയേല്‍ പിടിച്ചടക്കി. മൂന്നു ലക്ഷത്തിലേറെ ഫലസ്ത്വീനികളാണ് സ്വന്തം വീടുകളില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട് അഭയാര്‍ഥികളായത്. 1978-ല്‍ തെക്കന്‍ ലബനാനില്‍ അധിനിവേശം നടത്തിയ ഇസ്രയേല്‍, സിറിയയുടെയും ലബനാനിന്‍െയും അതിര്‍ത്തിയിലുള്ള ശേബാ ഫാമും കൈയടക്കി. ചുരുക്കത്തില്‍, യു.എന്‍ അംഗീകരിച്ചവക്കു പുറമെ 1967 മുതല്‍ ഇസ്രയേല്‍ ബലപ്രയോഗത്തിലൂടെ കൈയടക്കിയ പ്രദേശങ്ങള്‍ അരനൂറ്റാണ്ട് പിന്നിട്ടിട്ടും സയണിസ്റ്റ് രാഷ്ട്രത്തിന്റെ നിയന്ത്രണത്തില്‍ തുടരുകയാണ്. അപവാദം സീനായ് മാത്രം. പതിനഞ്ച് വര്‍ഷം സീനായ് കൈയടക്കിവെച്ച ശേഷം 1979-ലെ ക്യാമ്പ് ഡേവിഡ് ഉടമ്പടി പ്രകാരമാണ് '82-ല്‍ പ്രദേശം ഈജിപ്തിനു തിരികെ നല്‍കിയത്. അധിനിവേശ പ്രദേശങ്ങള്‍ അറബികള്‍ക്ക് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര രക്ഷാസമിതി പാസ്സാക്കിയ അസംഖ്യം പ്രമേയങ്ങള്‍ നഗ്നമായി ലംഘിക്കുകയാണ് ഇക്കാലമത്രയും ഇസ്രയേല്‍ ചെയ്തത്.
കിഴക്കന്‍ ജറൂസലം ഉള്‍പ്പെടുന്ന വെസ്റ്റ് ബാങ്കും ഗസ്സയും ചേര്‍ന്നതാണ് ഫലസ്ത്വീന്‍ എന്ന രാജ്യമില്ലാത്ത പ്രദേശം. ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറേ കരയില്‍ നീണ്ടുകിടക്കുന്ന പ്രദേശമായതിനാലാണ് വെസ്റ്റ് ബാങ്കെന്ന പേര് പ്രദേശത്തിന് ലഭിച്ചത്. വെസ്റ്റ്ബാങ്കില്‍നിന്ന് പൂര്‍ണമായും വേര്‍പ്പെട്ടാണ് ഗസ്സയുടെ കിടപ്പ്. ഫലസ്ത്വീന്‍ അതോറിറ്റിയിലെ മൊത്തം 16 ഗവര്‍ണറേറ്റുകളില്‍ പതിനൊന്നും വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറൂസലമും ഉള്‍പ്പെട്ട പ്രദേശങ്ങളിലാണ്. എന്നാല്‍ 50 ലക്ഷം വരുന്ന ഫലസ്ത്വീന്‍ ജനതയില്‍ 20 ലക്ഷവും അധിവസിക്കുന്നത് അഞ്ച് ഗവര്‍ണറേറ്റുകള്‍ മാത്രമുള്ള ഗസ്സയിലും. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിന്റെ വലിപ്പമേയുള്ളൂ മൊത്തം 365 ചതുരശ്ര കിേേലാമീറ്റര്‍ വിസ്തൃതിയുള്ള ഗസ്സക്ക്. 5,600 ച.കിലോമീറ്റര്‍ വിസ്തൃതിയുള്ള വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറൂസലമും ഇസ്രയേലിന്റെ നാലിലൊന്ന് വരും.

സമാധാനക്കരാറുകള്‍ എന്ന തട്ടിപ്പ്

ഈജിപ്തിനെയും ഇസ്രയേലിനെയും ഒരു മേശക്കു ചുറ്റുമിരുത്തി ഒപ്പുവെച്ച സമാധാനക്കരാറിനെ(ക്യാമ്പ് ഡേവിഡ്)യാണ് അറബ്-ഇസ്രയേല്‍ സമാധാന പ്രക്രിയയുടെ പ്രാരംഭ നടപടിയായി അമേരിക്ക വിലയിരുത്തുന്നത്. ഈജിപ്തിന് നഷ്ടപ്പെട്ട ഭൂമി തിരികെക്കിട്ടിയതിനു പുറമെ അമേരിക്കയുടെ ഭാഗത്തുനിന്ന് വന്‍ സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാനം ചെയ്യപ്പെട്ടു. ഇതിലും വലിയ സഹായങ്ങള്‍ ഇസ്രയേലിന് അമേരിക്ക നല്‍കിയിട്ടുമുണ്ട്. അത് ഇന്നും തുടരുന്നു. 
പ്രസ്തുത സമാധാന നീക്കത്തിനു ശേഷം ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ അടുത്ത നടപടി ഉണ്ടാകുന്നത് 1991 ഒക്‌ടോബര്‍ 30-നും നവംബര്‍ ഒന്നിനും സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍ അമേരിക്കയും അന്നത്തെ സോവിയറ്റ് യൂനിയനും സ്‌പോണ്‍സര്‍ ചെയ്ത സമാധാന സമ്മേളനത്തിലാണ്. ഇസ്രയേലും ഫലസ്ത്വീനും തമ്മിലുള്ള സമാധാന പ്രക്രിയ പുനരാരംഭിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെട്ടത്. ഇസ്രയേല്‍ അതിന്റെ അധിനിവേശ നയങ്ങള്‍ ഉപേക്ഷിക്കണമെന്ന് അതിന് രണ്ടു വര്‍ഷം മുമ്പ് അമേരിക്ക പരസ്യമായി ആവശ്യപ്പെടുകയുണ്ടായി. ജോര്‍ജ് ഡബ്ലിയു. ബുഷിന്റെ കീഴില്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന ജെയിംസ് ബെക്കര്‍ 1989 മെയ് 22-ന് അമേരിക്കന്‍ ജൂതന്മാരുടെ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫലസ്ത്വീന്‍ ചെറുത്തുനില്‍പ്പു പ്രസ്ഥാനങ്ങള്‍ ഇസ്രയേലിനെതിരായ സമരങ്ങള്‍ ശക്തമാക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു യു.എസിന്റെ ഈ ചുവടുമാറ്റം. 
ഇസ്രയേല്‍ അധിനിവേശത്തിനെതിരെ 1987 ഡിസംബറില്‍ ഗസ്സയിലും വെസ്റ്റ് ബാങ്കിലും പൊട്ടിപ്പുറപ്പെട്ട ഒന്നാം ഇന്‍തിഫാദ (ഉയിര്‍ത്തെഴുന്നേല്‍പ്പു സമരം) അമേരിക്കയുടെ ചുവടുമാറ്റത്തിന് പ്രേരകമായ ഘടകമാണ്. അതിനകം വിദേശങ്ങളില്‍ സുഖനിദ്രയിലാണ്ട പി.എല്‍.ഒയെ അമ്പരപ്പിച്ച ഈ സമരത്തിന്റെ യഥാര്‍ഥ ക്രെഡിറ്റ് ഇസ്‌ലാമിക ചെറുത്തുനില്‍പ്പു പ്രസ്ഥാനങ്ങളായ ഹമാസ്, ഇസ്‌ലാമിക് ജിഹാദ്, മറ്റു പ്രാദേശിക സംഘടനകള്‍ എന്നിവക്കായിരുന്നു. പി.എല്‍.ഒ ഇതിന്റെ പിതൃത്വം അവകാശപ്പെടാറുണ്ടെന്നത് മറ്റൊരു കാര്യം. യഥാര്‍ഥത്തില്‍, 1993-ലെ ഓസ്‌ലോ കരാറില്‍ ഒപ്പിടുക വഴി ഇന്‍തിഫാദയെ തകര്‍ക്കുകയാണ് പി.എല്‍.ഒയും അതിന്റെ നേതാവ് യാസര്‍ അറഫാത്തും ചെയ്തത്. 
1993-ല്‍ നോര്‍വേയിലെ ഓസ്‌ലോയിലാണ് ഇസ്രയേലും ഫലസ്ത്വീനും തമ്മിലുള്ള പ്രഥമ സമാധാനക്കരാര്‍ ഒപ്പിട്ടത്. അങ്ങനെയാണ് ഫലസ്ത്വീന്‍ അതോറിറ്റി നിലവില്‍ വരുന്നത്. ഇസ്രയേലിനെയും അമേരിക്കയെയും വിശ്വസിച്ച് യാസര്‍ അറഫാത്തിന്റെ നേതൃത്വത്തിലുള്ള പി.എല്‍.ഒ ഒപ്പിട്ട കരാര്‍ വെസ്റ്റ് ബാങ്കില്‍ ഫലസ്ത്വീനികള്‍ക്ക് സ്വയംഭരണം നല്‍കുന്ന ചരിത്രപ്രധാന കരാറായാണ് വാഴ്ത്തപ്പെട്ടതെങ്കിലും അത് വലിയൊരു ചതിക്കുഴിയാണെന്ന് ബോധ്യപ്പെടാന്‍ അധികം വൈകേണ്ടിവന്നില്ല.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിനെ എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട് കരാര്‍ പ്രകാരം. എ വിഭാഗത്തില്‍പെടുന്ന മൂന്നു ശതമാനം മാത്രം വരുന്ന പ്രദേശങ്ങളില്‍ മിക്കവാറും നിയന്ത്രണം ഫലസ്ത്വീന്‍ അതോറിറ്റിക്കായിരിക്കും. 1999 ആകുമ്പോഴേക്ക് ഈ മൂന്നു ശതമാനം 18 ശതമാനമായി വര്‍ധിപ്പിക്കണം. വെസ്റ്റ് ബാങ്കിന്റെ 22 ശതമാനം പ്രദേശങ്ങളാണ് ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. എ, ബി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം എന്നിവയില്‍ ഫലസ്ത്വീന്‍ അതോറിറ്റിക്ക് നിയന്ത്രണം ഉണ്ടാകും. എന്നാല്‍ സുരക്ഷാ വിഭാഗം പൂര്‍ണമായും ഇസ്രയേലിന്റെ അധീനതയില്‍ ആയിരിക്കും. അതിനര്‍ഥം ഇസ്രയേലിന് ഏതു സമയത്തും അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ കടന്നുകയറാം. സി വിഭാഗത്തില്‍ പെടുന്ന അറുപത് ശതമാനത്തോളം പ്രദേശങ്ങള്‍ ഓസ്‌ലോ കരാര്‍ അനുസരിച്ച് ഫലസ്ത്വീന്‍ അതോറിറ്റിക്ക് കൈമാറേണ്ടതായിരുന്നു. എന്നാല്‍ ഇവിടെ സുരക്ഷ, ആസൂത്രണം, നിര്‍മാണം തുടങ്ങിയ എല്ലാ മേഖലകളുടെയും നിയന്ത്രണം ഇസ്രയേല്‍ നിലനിര്‍ത്തുകയാണ് ചെയ്തത്. ഇന്നുവരെ അത് ഫലസ്ത്വീന്‍ അതോറിറ്റിക്ക് നല്‍കിയിട്ടില്ല. അതിനിടയിലാണ് വെസ്റ്റ് ബാങ്കില്‍ പുനരധിനിവേശത്തിന് സയണിസ്റ്റ് ഭരണകൂടം നീക്കങ്ങള്‍ തുടങ്ങിയതും. 
ഇസ്രയേലിനെ സമ്പൂര്‍ണ ജൂത രാഷ്ട്രമായി പ്രഖ്യാപിക്കുന്ന 'നാഷന്‍ സ്റ്റേറ്റ് ബില്‍' 2018 ജൂലൈയില്‍ നിയമനിര്‍മാണ സഭ പാസ്സാക്കിയത് ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇസ്രയേല്‍ ചരിത്രപരമായി ജൂതന്മാരുടെ ജന്മഭൂമിയാണെന്നും സ്വയംനിര്‍ണയാവകാശം ജൂതന്മാര്‍ക്ക് മാത്രം പരിമിതപ്പെടുമെന്നുമാണ് പുതിയ നിയമം പറയുന്നത്. നിലവില്‍ ഔദ്യോഗിക ഭാഷകളില്‍ ഇടമുണ്ടായിരുന്ന അറബിയെ ഒഴിവാക്കി ഹീബ്രുവിനെ മാത്രം ഔദ്യോഗിക ഭാഷയാക്കി. വന്‍ പ്രതിഷേധം ഭയന്ന് അറബി ഭാഷക്ക് 'പ്രത്യേക പദവി' നല്‍കിയിട്ടുണ്ട്. ജൂതമതവുമായി ബന്ധപ്പെട്ടവ ഇസ്രയേലിന്റെ ദേശീയ ചിഹ്നങ്ങളാക്കി. 
എണ്‍പതു ലക്ഷത്തിലേറെ വരുന്ന ഇസ്രയേലീ ജനസംഖ്യയില്‍ 18 ലക്ഷത്തിലേറെ (20 ശതമാനം) വരും അറബികള്‍. എന്നാല്‍, കാലങ്ങളായി അറബ് വംശജരെ രണ്ടാം തരക്കാരായാണ് സയണിസ്റ്റ് ഭരണകൂടങ്ങള്‍ പരിഗണിച്ചുപോന്നിരുന്നത്. ഇസ്രയേലീ പൗരന്മാരായ ഫലസ്ത്വീനികളോടും അധിനിവേശ പ്രദേശങ്ങളിലെ ജനങ്ങളോടും വിവേചനം കാണിക്കുന്ന എഴുപതോളം നിയമങ്ങള്‍ കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടയില്‍ അവര്‍ ചുട്ടെടുത്തിട്ടുണ്ട്.
ഇത്തരം യാഥാര്‍ഥ്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് പതിനേഴ് മാസങ്ങള്‍ക്കു മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2019 ഫെബ്രുവരി 14-ന് പോളണ്ടിന്റെ തലസ്ഥാനമായ വാഴ്‌സയില്‍ അമേരിക്കയുടെ കാര്‍മികത്വത്തില്‍ നടന്ന 'മിഡിലീസ്റ്റ് സുരക്ഷാ സമ്മേളനം' ചില രാജ്യങ്ങള്‍ക്ക് ഇസ്രയേല്‍ എന്ന അധിനിവേശ ഭീകര രാജ്യത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആ രാജ്യവുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുമുള്ള കര്‍ട്ടന്റെയ്‌സര്‍ ആയി മാറിയത്. വാഴ്‌സ സമ്മേളനത്തിന്റെ തലക്കെട്ടില്‍ 'മിഡിലീസ്റ്റ്' ഉണ്ടായിരുന്നെങ്കിലും ഫലസ്ത്വീനല്ല, മേഖലയില്‍ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. 
ഫലസ്ത്വീന്‍ അതോറിറ്റി ബഹിഷ്‌കരിച്ച ഈ സമ്മേളനത്തിന്റെ തുടര്‍ച്ചയായി 2019 ജൂണ്‍ 17-ന് വാഷിംഗ്ടണിലും ഇസ്രയേലിലും ചില അറബ് തലസ്ഥാനങ്ങളിലും അരങ്ങേറിയ തുടര്‍യോഗങ്ങള്‍ ഇറാനും തുര്‍ക്കിയുമാണ് മേഖലയിലെ വലിയ ഭീഷണികളെന്നും അവയെ  നേരിടാന്‍ ഇസ്രയേല്‍ ഉള്‍പ്പെടുന്ന കൂട്ടായ്മ യാഥാര്‍ഥ്യമാകണമെന്നും  ഊന്നിപ്പറഞ്ഞു. നാല് അറബ് രാജ്യങ്ങള്‍ - ഇറാഖ്, സിറിയ, ലബനാന്‍, യമന്‍ - നിയന്ത്രിക്കുന്നത് അനറബികളായ ഇറാനാണെന്നും ഉസ്മാനിയാ ഖിലാഫത്തിന്റെ പുനരുജ്ജീവനത്തിലൂടെ അറബ് ലോകത്ത് കടന്നുകയറ്റം നടത്താന്‍ തുര്‍ക്കി ശ്രമിക്കുകയാണെന്നുമുള്ള ഭീതി പടര്‍ത്തലും ഈ നീക്കങ്ങള്‍ക്ക് കരുത്തു പകര്‍ന്ന ഘടകങ്ങളാണ്. മേല്‍ സമ്മേളനങ്ങളുടെ അനന്തരഫലമായിരുന്നു ഫലസ്ത്വീനികളുമായി കൂടിക്കാഴ്ച നടത്താതെ ജനുവരി അവസാനം വാഷിംഗ്ടണ്‍ പ്രഖ്യാപിച്ച ട്രംപിന്റെ 'നൂറ്റാണ്ടിന്റെ കരാര്‍' എന്ന വലിയ തട്ടിപ്പ്.

അറബ്, മുസ്‌ലിം കൂട്ടായ്മകള്‍ എവിടെ?

മുസ്‌ലിം രാജ്യങ്ങളുടെ ആഗോളവേദിയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോപ്പറേഷന്‍ അഥവാ ഒ.ഐ.സിയുടെയും (നേരത്തേ ഓര്‍ഗനൈസേഷന്‍ ഓഫ് ദി ഇസ്‌ലാമിക് കോണ്‍ഫറന്‍സ്) മിഡിലീസ്റ്റിലെയും ആഫ്രിക്കയിലെയും അറബ്-മുസ്‌ലിം രാജ്യങ്ങളുടെ വേദിയായ അറബ് ലീഗിന്റെയും രൂപീകരണ പശ്ചാത്തലങ്ങള്‍ക്ക് ഫലസ്ത്വീനുമായി അഭേദ്യ ബന്ധമുണ്ട്. 1967-ല്‍ കിഴക്കന്‍ ജറൂസലമില്‍ അധിനിവേശം നടത്തിയതു മുതല്‍ മസ്ജിദുല്‍ അഖ്‌സ്വാ തകര്‍ക്കാനോ കേടുപാടുകള്‍ വരുത്താനോ സയണിസ്റ്റുകള്‍ ശ്രമം തുടങ്ങിയിരുന്നു. 1969-ല്‍ ഒരു സയണിസ്റ്റ് തീവ്രവാദി പള്ളിക്ക് തീക്കൊളുത്തി സ്വലാഹുദ്ദീന്‍ അയ്യൂബി സ്ഥാപിച്ച പ്രസംഗപീഠം ഉള്‍പ്പെടെയുള്ള പ്രധാന ഭാഗങ്ങള്‍ നശിപ്പിച്ചു. അഖ്‌സ്വായുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചേര്‍ന്ന മുസ്‌ലിം രാജ്യങ്ങളുടെ ഉച്ചകോടിയാണ് ഒ.ഐ.സിയുടെ പിറവിക്ക് കാരണമായത്.
പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഗൂഢാലോചനയുടെ ഫലമായി ഫലസ്ത്വീന്‍ മണ്ണില്‍ സയണിസ്റ്റ് രാഷ്ട്രം പിറവിയെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് 1945 മാര്‍ച്ചില്‍ ആറു രാജ്യങ്ങള്‍ കൈറോയില്‍ ചേര്‍ന്ന് അറബ് ലീഗിന് രൂപം നല്‍കുന്നത്. തുടക്കം മുതല്‍ ഫലസ്ത്വീന്‍ വിഷയത്തില്‍ സജീവമായിരുന്ന അറബ് ലീഗ് ഇസ്രയേലുമായി അറബ്-മുസ്‌ലിം രാജ്യങ്ങള്‍ ഒരു നിലക്കും ബന്ധം സ്ഥാപിക്കില്ലെന്ന കടുത്ത നിലപാടാണ് കൈക്കൊണ്ടത്. എന്നാല്‍, ഇതിനു വിരുദ്ധമായി, ഇസ്രയേലുമായി സമാധാനക്കരാര്‍ ഒപ്പിടുകയും നയതന്ത്ര ബന്ധം സ്ഥാപിക്കുകയും ചെയ്ത് സ്ഥാപകാംഗമായ ഈജിപ്താണ് സയണിസവുമായി ആദ്യമായി സന്ധി ചെയ്തത്. 
1977-ല്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ സാദാത്ത് ജറൂസലം സന്ദര്‍ശിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി മെനഹം ബെഗിനുമായി ചര്‍ച്ച നടത്തി. '67-ലെ യുദ്ധത്തില്‍ നഷ്ടപ്പെട്ട സീനായ് പ്രദേശം വിട്ടുകിട്ടുന്നതിനാണ് അമേരിക്കയുടെ കാര്‍മികത്വത്തില്‍ മുസ്‌ലിം ലോകത്തെ ഒറ്റുകൊടുക്കുന്ന ഈ നടപടിക്ക് ഈജിപ്ത് മുതിര്‍ന്നത്. 1979-ല്‍ അമേരിക്കയിലെ ക്യാമ്പ് ഡേവിഡില്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ കാര്‍മികത്വത്തില്‍ ഈജിപ്തും ഇസ്രയേലും സമാധാനക്കരാര്‍ ഒപ്പിട്ടു. ഇതേത്തുടര്‍ന്ന് ഈജിപ്തിനെ അറബ് ലീഗില്‍നിന്ന് പുറത്താക്കിയെങ്കിലും പത്തു വര്‍ഷത്തിനു ശേഷം 1989-ല്‍ അംഗത്വം തിരിച്ചുനല്‍കി. ഈജിപ്ത് നിലപാട് മാറ്റിയതുകൊണ്ടല്ല, ഇസ്രയേലുമായി ബന്ധമാവാമെന്ന ചില അറബ് രാജ്യങ്ങളുടെ പുതിയ കാഴ്ചപ്പാടാണ് ഈ തിരിച്ചെടുക്കലിനു പിന്നില്‍. 
ഈജിപ്തിന്റെ പരീക്ഷണം വിജയകരമാണെന്ന് മനസ്സിലാക്കിയ ഹുസൈന്‍ രാജാവ് ജോര്‍ദാനെയും അതേ പാതയില്‍ തെളിച്ചു. 1994 ഒക്‌ടോബറില്‍ വാദി അറേബ്യ എന്ന പേരില്‍ ഇസ്രയേലുമായി സമാധാനക്കരാര്‍ ഒപ്പിട്ടതോടെ സയണിസ്റ്റ് ഭരണകൂടവുമായുള്ള 46 വര്‍ഷത്തെ പിണക്കം അവസാനിച്ചതായി രാജാവ് പ്രഖ്യാപിച്ചു. ജോര്‍ദാനെതിരെ അറബ് ലീഗില്‍ ഒരു പ്രതിഷേധസ്വരം പോലും ഉയര്‍ന്നില്ല.
സുഊദി അറേബ്യയിലെ അബ്ദുല്ല രാജാവ് 2002-ലെ അറബ് ലീഗ് ഉച്ചകോടിയില്‍ മുന്നോട്ടുവെച്ച നിര്‍ദേശമാണ് ഇസ്രയേല്‍ വിഷയത്തില്‍ അറബ് രാജ്യങ്ങളുടെ പ്രഖ്യാപിത നിലപാട്. 1967-ലെ യുദ്ധത്തില്‍ ഇസ്രയേല്‍ കൈയടക്കിയ അറബ് പ്രദേശങ്ങള്‍ പൂര്‍ണമായും വിട്ടുനല്‍കുക, കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രം സ്ഥാപിക്കുക, അമ്പതു ലക്ഷം ഫലസ്ത്വീന്‍ അഭയാര്‍ഥികളുടെ കാര്യത്തില്‍ നീതിയുക്തമായ തീരുമാനം കൈക്കൊളളുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. ഇവ അംഗീകരിച്ചാല്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാമെന്നും അന്ന് പാസ്സാക്കിയ പ്രമേയത്തില്‍ പറയുന്നു. 2017-ല്‍ അറബ് ലീഗ് ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രഖ്യാപിച്ചു. എന്നാല്‍, മാറിയ സാഹചര്യത്തില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 9-ന് ചേര്‍ന്ന ലീഗ് യോഗം നിലപാട് വ്യക്തമാക്കാതെയാണ് പിരിഞ്ഞത്. 
അറബ് ലീഗിന്റെ 2002 മുതല്‍ നിലനില്‍ക്കുന്ന നിര്‍ദേശങ്ങളില്‍ ഒന്നുപോലും അംഗീകരിക്കാന്‍ ഇസ്രയേല്‍ തയാറായില്ല എന്നു മാത്രമല്ല, ജറൂസലം വിഭജിക്കുന്ന പ്രശ്‌നമേയില്ലെന്നും അത് ഇസ്രയേലിന്റെ എക്കാലത്തെയും തലസ്ഥാനമാണെന്നും അസന്ദിഗ്ധമായി വ്യക്തമാക്കുകയാണ് ചെയ്ത്. മാത്രമല്ല, ജോര്‍ദാന്‍ താഴ്‌വര ഉള്‍പ്പെടെയുള്ള വെസ്റ്റ് ബാങ്കിനെ പൂര്‍ണമായും വിഴുങ്ങുമെന്ന പ്രഖ്യാപനവും നടത്തി. ജൂലൈ ഒന്നിന് നടക്കേണ്ടിയിരുന്ന ഈ പുനരധിനിവേശം താല്‍ക്കാലികമായി നിര്‍ത്തിവെക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. 

അമേരിക്കന്‍ വഞ്ചന തുടര്‍ക്കഥ

ഇസ്രയേലിന്റെ എല്ലാ അന്യായങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന അമേരിക്കയാണ് ഫലസ്ത്വീന്‍ വിഷയത്തില്‍ മുസ്‌ലിം ലോകത്തെ ശരിക്കും വഞ്ചിച്ചത്. അറബ് ലീഗ് പ്രമേയത്തെ ചവറ്റുകൊട്ടയില്‍ എറിഞ്ഞാണ് 'നൂറ്റാണ്ടിന്റെ കരാര്‍' എന്ന പേരില്‍ ജനുവരി അവസാനം ഡൊണാള്‍ഡ് ട്രംപ് പുതിയ മിഡിലീസ്റ്റ് പദ്ധതി പ്രഖ്യാപിച്ചത്. ഫലസ്ത്വീനികള്‍ക്ക് നിലവിലുള്ള ഭൂമി പോലും നഷ്ടപ്പെടുത്തുന്നതും സയണിസ്റ്റ് താല്‍പര്യങ്ങള്‍ മാത്രം ഉന്നംവെച്ചുള്ളതുമായ വഞ്ചനയുടെ ഡീലായിരുന്നു അത്. 
അമേരിക്കന്‍ പ്രസിഡന്റുമാര്‍ ആരും ധൈര്യപ്പെടാത്ത നടപടികളാണ് ഫലസ്ത്വീന്റെ കാര്യത്തില്‍ ട്രംപ് ഇതഃപര്യന്തം കൈക്കൊണ്ടത്. 2017 ഡിസംബറില്‍ ജറൂസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച് യു.എസ് എംബസി തെല്‍ അവീവില്‍നിന്ന് അവിടേക്ക് മാറ്റി. നാല്‍പത്തിമൂന്നു വര്‍ഷമായി തുടരുന്ന കിഴക്കന്‍ ജറൂസലമിലെ അധിനിവേശം മുസ്‌ലിം രാജ്യങ്ങള്‍ മാത്രമല്ല, അന്താരാഷ്ട്ര സമൂഹവും അംഗീകരിച്ചിട്ടില്ല. അധിനിവേശ ജറൂസലമില്‍നിന്ന് പിന്മാറാന്‍ 1967-ല്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി പാസ്സാക്കിയ 242-ാം നമ്പര്‍ പ്രമേയം നിലനില്‍ക്കുന്നുണ്ട്. മുസ്‌ലിം ലോകത്തിന്റെ പ്രതിഷേധങ്ങള്‍ വകവെക്കാതെ ജറൂസലം തലസ്ഥാനമായി പ്രഖ്യാപിച്ച് 1980-ല്‍ നിയമം പാസ്സാക്കുകയാണ് ചെയ്തത്.  പ്രസ്തുത നടപടി 478-ാം നമ്പര്‍ പ്രമേയത്തിലൂടെ നിയമവിരുദ്ധമാണെന്ന്  യു.എന്‍ പ്രഖ്യാപിച്ചെങ്കിലും സയണിസ്റ്റ് ഭരണകൂടം വഴങ്ങിയില്ല. 
ജറൂസലമിലേക്ക് എംബസി മാറ്റി ഒരു വര്‍ഷം തികയും മുമ്പ് ഫലസ്ത്വീന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന യു.എന്‍ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ലിയു.എക്കുള്ള സഹായധനം അമേരിക്ക നിര്‍ത്തലാക്കി. ഇതേവര്‍ഷം തന്നെ വെസ്റ്റ് ബാങ്ക്, ഗസ്സ, കിഴക്കന്‍ ജറൂസലം എന്നിവയെ അധിനിവേശ പ്രദേശങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയ അമേരിക്ക, സിറിയയുടെ ഭാഗമായ ജൂലാന്‍ കുന്നുകള്‍ അധിനിവേശ ഭൂമിയല്ലെന്നും അവ ഇസ്രയേലിന്റെ അവിഭാജ്യ ഭാഗമാണെന്നും 2019 മാര്‍ച്ചില്‍ പ്രഖ്യാപിച്ചത് സയണിസ്റ്റ് കൈയൂക്കിനും നിയമലംഘനങ്ങള്‍ക്കും ലഭിച്ച മറ്റൊരു അംഗീകാരം കൂടിയായിരുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ തങ്ങള്‍ക്ക് പുല്ലാണെന്ന വെല്ലുവിളി കൂടിയായിരുന്നു വാഷിംഗ്ടണിന്റേത്.
അനധികൃത ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന അധിനിവേശ വെസ്റ്റ് ബാങ്കിനെ ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കുന്നതിനെ അനുകൂലിക്കുന്ന ട്രംപിന്റെ ഡീല്‍ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. സൈനിക നടപടികളിലൂടെ ഭൂപ്രദേശങ്ങള്‍ വികസിപ്പിക്കുന്നതിനെ യു.എന്‍ ചാര്‍ട്ടറും യു.എന്‍ രക്ഷാസമിതിയുടെ 242, 338 പ്രമേയങ്ങളും കര്‍ശനമായി വിലക്കുന്നു. മാത്രമല്ല, വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങള്‍ നിയമവിരുദ്ധമാണെന്ന് 2334-ാം നമ്പര്‍ പ്രമേയത്തിലൂടെ യു.എന്‍ രക്ഷാസമിതി നേരത്തേ പ്രഖ്യാപിച്ചതുമാണ്. ഇതൊക്കെയായിട്ടും ചില അറബ് രാജ്യങ്ങള്‍ കണ്ണുമടച്ച് ട്രംപിന്റെ പദ്ധതി സ്വാഗതം ചെയ്യുകയായിരുന്നു.
എഴുപത്തിരണ്ടു വര്‍ഷമായി രാജ്യമില്ലാതെ അലഞ്ഞുതിരിയുന്ന ഫലസ്ത്വീനികള്‍ക്ക് അവരുടെ ജന്മഭൂമി വീണ്ടെടുക്കാന്‍ മനസ്സു കാട്ടാത്ത അമേരിക്കയും കൂട്ടാളികളും ക്രിസ്ത്യന്‍ താല്‍പര്യം മാത്രം മുന്‍നിര്‍ത്തി ഏഷ്യയിലും ആഫ്രിക്കയിലും രണ്ടു മുസ്‌ലിം രാജ്യങ്ങള്‍ വിഭജിച്ചിട്ടുണ്ട്. വെറും പതിറ്റാണ്ടുകള്‍ മാത്രം നീണ്ട സമരങ്ങള്‍ക്കൊടുവിലാണ് സുഡാനില്‍നിന്ന് തെക്കന്‍ സുഡാനും ഇന്തോനേഷ്യയില്‍നിന്ന് കിഴക്കന്‍ തൈമൂറും സ്വതന്ത്ര ക്രൈസ്തവ രാജ്യങ്ങളായി രൂപം കൊണ്ടത്. ഫലസ്ത്വനീകള്‍ക്ക് സ്വതന്ത്ര രാഷ്ട്രം വാങ്ങിക്കൊടുക്കാന്‍ മുസ്‌ലിം രാഷ്ട്ര നേതൃത്വങ്ങളുടെ കഴിവുകേടിന്റെയും അമേരിക്ക പറയുന്നിടത്ത് കൈയൊപ്പു ചാര്‍ത്തുന്ന നാണക്കേടിന്റെയും ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളാണ് ഇതിലൂടെ മറനീക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (44-45)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വഹാബിമാരെ ആദരിക്കല്‍ ഈമാനിന്റെ ഭാഗം
അബ്ദുര്‍റഹ്മാന്‍ ചെറുവാടി