നെഹ്‌റുവും ആസാദും മതേതര നിലപാടുകളും
'കോണ്‍ഗ്രസിനെ വിമര്‍ശിക്കുമ്പോള്‍ ചരിത്രം ഓര്‍മിക്കണം' എന്ന തലക്കെട്ടില്‍ അബൂറശാദ് പുറക്കാട് എഴുതിയ പ്രതികരണം (2020 സെപ്റ്റംബര്‍ 4) വായിച്ചു. അദ്ദേഹം പറയാതെ പറയുന്നത്, ജവഹര്‍ലാല്‍ നെഹ്‌റു, മൗലാനാ അബുല്‍ കലാം ആസാദ്, രാജീവ് ഗാന്ധി എന്നീ കോണ്‍ഗ്രസ് നേതാക്കളൊക്കെ കപട മതേതരവാദികള്‍ തന്നെ എന്നാണ്! അതുകൊണ്ടാണോ ആര്‍.എസ്.എസിനെ പോലുള്ള ഈ സംഘടനകളെ മേല്‍പറഞ്ഞവരുടെ പാര്‍ട്ടി നയിച്ച ഗവണ്‍മെന്റ് നിരോധിച്ചത്? ഏതായാലും സ്വാതന്ത്ര്യ സമരപ്രസ്ഥാനം നയിച്ച കോണ്‍ഗ്രസ്സുകാരനായിരുന്ന മഹാത്മാ ഗാന്ധിയെ വെറുതെ വിടാന്‍ ലേഖകന്‍ ഉദാരമനസ്‌കത കാട്ടി!
ജവഹര്‍ലാല്‍ നെഹ്‌റു സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ തന്റെ ആദ്യ മന്ത്രിസഭയില്‍, സ്വാതന്ത്ര്യ സമരക്കാലത്ത് തന്റെ സഹപ്രവര്‍ത്തകനും അഗാധ പണ്ഡിതനും ഉറച്ച മതവിശ്വാസിയുമായ മൗലാനാ അബുല്‍ കലാം ആസാദ് തന്നെ വിദ്യാഭ്യാസ മന്ത്രിയായിരിക്കണമെന്ന് ശഠിച്ചു. 1947-'48 കാലഘട്ടത്തിലും അതിനു മുമ്പും ന്യൂനപക്ഷ വിഭാഗങ്ങള്‍ വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും ഏറെ പിന്നിലായിരുന്നു. അവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അബുല്‍കലാം ആസാദിനെപ്പോലുള്ള മഹാരഥന്മാര്‍ തന്റെ മന്ത്രിസഭയിലുണ്ടാകണമെന്ന ദൂരക്കാഴ്ചയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മേല്‍ശാഠ്യത്തിന് നിദാനമെന്ന് വായിച്ചതോര്‍ക്കുന്നു. ലേഖകന്റെ അഭിപ്രായത്തില്‍ നെഹ്‌റുവിന്റെ ഈ നിലപാടും കപട മതേതരത്വമാണോ? ഭരണഘടനാ ദൗത്യം ഏല്‍പ്പിക്കപ്പെട്ടതിനുശേഷം നെഹ്‌റു അംബേദ്കറുടെ വസതി സന്ദര്‍ശിച്ചു. സംസാര വേളയില്‍ നെഹ്‌റു പറഞ്ഞു: ''ഇന്ത്യയില്‍ ലോകത്തെമ്പാടുമുള്ള മതവിഭാഗങ്ങളുണ്ട്, വിശ്വാസികളുണ്ട്. ലോകത്തിലൊരിടത്തും കാണാത്ത ഗോത്രങ്ങളും ജാതികളും ഉപജാതികളും വര്‍ഗങ്ങളുമുണ്ട്. ആ വൈവിധ്യമാണ് ഇന്ത്യയുടെ പ്രത്യേകതയും സൗന്ദര്യവും. ഓരോരുത്തരും തങ്ങള്‍ക്കിഷ്ടപ്പെട്ട മതവിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുകയോ വിശ്വാസപ്രമാണങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്തുകൊള്ളട്ടെ. മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കരുതെന്ന് മാത്രം.'' ജവഹര്‍ലാലിന്റെ മേല്‍ വാക്കുകള്‍ ഭരണഘടനാ രചനയില്‍ വിശ്വാസങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന സെക്ഷനിലും ആര്‍ട്ടിക്ക്‌ളിലും പ്രതിഫലിക്കപ്പെട്ടുവെന്നത് ചരിത്രം. യുക്തിവാദിയായ ജവഹര്‍ലാല്‍ നെഹ്‌റു മതങ്ങളെക്കുറിച്ചുള്ള തന്റെ അഭിപ്രായം അംബേദ്ക്കറുടെ മേല്‍ അടിച്ചേല്‍പിച്ചില്ലെന്നോര്‍ക്കുക.
മദന്‍മോഹന്‍ മാളവ്യ കോണ്‍ഗ്രസ്സില്‍നിന്ന് രാജിവെച്ച് മറ്റൊരു പാര്‍ട്ടിയുടെ പ്രസിഡന്റായതിനെ പുഛിക്കുന്ന, മതേതരവാദിയായ ലേഖകന്, സംസ്ഥാന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന സാക്ഷാല്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് പിന്നീട് രാജിവെച്ച് സി.പി.ഐ.എമ്മിന്റെ അഖിലേന്ത്യാ സെക്രട്ടറിയായിത്തീര്‍ന്ന പരിണാമത്തെക്കുറിച്ച് അത്ഭുതപ്പെടാന്‍ കഴിയുന്നില്ല!
രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കുവേണ്ടി മതജാതിവിഭാഗീതയതകള്‍ക്കപ്പുറത്ത് ജനങ്ങളെ സംഘടിപ്പിച്ച് വൈദേശിക ആധിപത്യത്തിനെതിരെ പൊരുതി, പല ഘട്ടങ്ങളിലായി 14 സംവത്സരങ്ങളോളം ജയില്‍വാസം അനുഭവിച്ച് പിന്നീട് പ്രധാനമന്ത്രിയായി രാജ്യത്തെ ഏകീകരിക്കാന്‍ ശ്രമിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മതേതര കാഴ്ചപ്പാട് കാപട്യമായിരുന്നുവെന്ന് ലേഖകന്‍ സമര്‍ഥിക്കുമ്പോള്‍ ദുഃഖം തോന്നുന്നു.
വെള്ളപൂശാന്‍ വരട്ടെ!
ഹഫീസ് നദ്‌വി എഴുതിയ 'കര്‍ബലയും പ്രേം ചന്ദും' എന്ന പുസ്തകപരിചയമാണ് (2020 ആഗസ്റ്റ് 28 ലക്കം 13) ഈ കുറിപ്പിനാധാരം. പ്രേം ചന്ദിന്റെ 'കര്‍ബല' എന്ന നാടകം അക്കാലത്തുതന്നെ വിമര്‍ശനവിധേയമായിട്ടു്. ഹഫീസ് നദ്‌വി തന്നെ അത് പറയുന്നുണ്ട്: 'സ്‌പെഷ്യല്‍ സീരീസായി കര്‍ബല പ്രസിദ്ധീകരിക്കണമെന്ന് പ്രേം ചന്ദ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ പ്രസ്തുത ഗ്രന്ഥം മുസ്‌ലിം പൊതുബോധത്തെ മുറിവേല്‍പ്പിക്കുന്നതാണെന്ന ആരോപണമുയര്‍ന്നപ്പോള്‍ പ്രസാധനം ചെയ്തതില്‍ അദ്ദേഹം മുസ്‌ലിം സമൂഹത്തോട് ക്ഷമ ചോദിക്കുകയും പിന്നീട് നാടകം പിന്‍വലിക്കുകയും ചെയ്തു. കര്‍ബലയുടെ അത്തരമൊരു നാടകീയ രൂപവും ചിത്രീകരണവും ഇന്ത്യന്‍ ഉപഭൂഖണ്ടണ്ഡത്തിലെ ശീഈ ഇമാമുകള്‍ക്ക് ഇഷ്ടപ്പെട്ടേക്കില്ലെന്ന സൂചന കിട്ടിയപ്പോഴായിരിന്നു പിന്‍വലിക്കല്‍.'
ഗ്രന്ഥം മുസ്‌ലിം പൊതുബോധത്തെ മുറിവേല്‍പ്പിക്കുന്നതാണെന്ന ആരോപണമുയര്‍ന്നു എന്നതായിരുന്നു നാടകം പിന്‍വലിക്കാന്‍ കാരണം. യസീദും സിയാദും ഉബൈദുല്ലയും ഒക്കെ എതിരാളികളെ അടിച്ചമര്‍ത്തുന്നതില്‍ വഴിവിട്ട രീതി സ്വീകരിച്ചിരുന്നു എന്നതില്‍ അഭിപ്രായവ്യത്യാസമില്ല. പക്ഷേ, വളരെ തരംതാണ രീതിയില്‍ ആരെയും അക്രമിക്കാവതല്ല. പ്രേം ചന്ദ് യസീദിനെ വരച്ചിടുന്നത് മദ്യപാനിയും സ്ത്രീലമ്പടനും തരംകിട്ടുമ്പോഴൊക്കെ ഇസ്‌ലാമിനെ പുഛിക്കുന്നവനുമായാണ്. അങ്കം ഒന്നില്‍ രംഗം ഒന്നില്‍ പ്രേം ചന്ദ് എഴുതുന്നു: രാജസദസ്സാണ് രംഗം. യസീദും സഹാകും തമ്മിലാണ് സംഭാഷണം. അവിടെ മദ്യം നിറച്ച പാനപാത്രങ്ങള്‍ നിരത്തിവെച്ചിരിക്കുന്നു. യസീദിന് ബൈഅത്ത് ചെയ്യാനുള്ള വിളംബരവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. ആനന്ദസൂചകമായി യസീദ് മദ്യചഷകം എടുത്തുയര്‍ത്തുന്നു. എന്നിട്ട് യസീദ് പറയുന്നു:
'ഈ ജീവിതാമൃതത്തോട് പ്രവാചകന്‍ മുഹമ്മദ് എന്ത് അനീതിയാണ് ചെയ്തത്! മദ്യത്തില്‍ മുങ്ങിക്കുളിക്കുന്ന പൊതുജനത്തോട് അത് പാടില്ലെന്ന് പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ അധികാരക്കസേരയിലിരിക്കുന്നവര്‍ക്ക് ഇത് നിഷേധിച്ചത് ശരിയായില്ല. കള്ളും പെണ്ണുമില്ലാതെ നാടു ഭരിക്കുന്നതിനേക്കാള്‍ നല്ലത് സന്യാസമല്ലേ!'
ഹിന്ദയോട് യസീദ്: 'ഹിന്ദാ, ഈ മതകാര്യങ്ങള്‍ ഭൂമിയിലേക്കുള്ളതല്ല. പരലോകത്തേക്കുള്ളതാണ്. എന്റെ മുത്തഛന്‍ അബൂസുഫ്‌യാന്‍ ഇസ്‌ലാം ആശ്ലേഷിച്ചത് പാരത്രിക മോക്ഷം ഉദ്ദേശിച്ചുകൊണ്ടായിരുന്നില്ല. ഭൗതികനേട്ടം കൊണ്ടായിരുന്നു. ഇന്ന് ഞാനും അതെ.'
അറബികളുടെ അഭിമാനബോധത്തെപ്പറ്റി അറിയുന്ന ആരും ഇങ്ങനെയൊന്നും എഴുതില്ല. ഹിജ്‌റ 31-ല്‍ മരിച്ച അബൂസുഫ്‌യാന്‍ കാര്യമായി എന്തുനേടി എന്നതും ചിന്തിക്കേണ്ടതല്ലേ? പ്രതിഭാധനനും എന്തും നേരിടാന്‍ മനക്കരുത്തും ധീരതയുമുള്ളഹുസൈനെ എത്ര പാവം മനുഷ്യനായാണ് നാടകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.
ഹുസൈനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ശീഈകള്‍ പോലും അംഗീകരിച്ചു തരുമെന്ന് തോന്നുന്നില്ല. അതുകൊണ്ടാവുമല്ലോ കര്‍ബലയുടെ അത്തരമൊരു നാടകരൂപവും ചിത്രീകരണവും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ശീഈ ഇമാമുകള്‍ക്ക് ഇഷ്ടമാവാതെ പോയതും പ്രേം ചന്ദ് മാപ്പുപറഞ്ഞ് പുസ്തകം പിന്‍വലിച്ചതും. അത്തരമൊരു പുസ്തകം ഇന്ത്യയിലെ നാനാജാതിമതസ്ഥരും വായിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല. കര്‍ബല സംഭവത്തെ മറ്റൊരു കോണിലൂടെ വേണം നോക്കിക്കാണാന്‍. ഇബ്‌നു സിയാദിന്റെ നിലപാട് കാടത്തവും പൈശാചികവുമായിരുന്നു എന്നു പറയാം. എന്നാല്‍ ഹുസൈന്‍ അവിടെ വന്നു പെട്ടതും അത്രക്ക് ന്യായീകരണമര്‍ഹിക്കുന്ന കാര്യമാണോ? സ്വന്തം പിതാവിനെയും സഹോദരനെയും വഞ്ചിക്കുകയും പണത്തിനു വേണ്ടി ആരെയും ഒറ്റുകൊടുക്കുകയും ചെയ്യുന്ന ഒരു കൂട്ടരുടെ വാക്കും എഴുത്തും വിശ്വസിച്ചു നീങ്ങി എന്നതാണ് അദ്ദേഹത്തിനു പിണഞ്ഞ രാഷ്ട്രീയ അബദ്ധം. വേണ്ടപ്പെട്ടവരൊക്കെ അദ്ദേഹത്തോട് കേണപേക്ഷിച്ചതാണ്, കൂഫയിലേക്ക് പോകരുത് എന്ന്. അദ്ദേഹത്തിനു തന്നെയും ആ നാട്ടുകാരെ വിശ്വാസമില്ലായിരുന്നു. അതുകൊണ്ടാണല്ലോ സ്ഥിതിഗതികള്‍ അറിയാന്‍ അദ്ദേഹത്തിന് മുസ്‌ലിമുബ്‌നു ഉഖൈലിനെ അങ്ങോട്ട് അയക്കേണ്ടി വന്നത്. യഥാര്‍ഥത്തില്‍ അദ്ദേഹം ഒരു വിപ്ലവത്തിന് ഇറങ്ങിപ്പുറപ്പെട്ടതായിരുന്നുവോ? ആയിരുന്നെങ്കില്‍ അദ്ദേഹത്തിനു നല്ലത് മക്കയില്‍ തന്നെ കഴിയുന്നതായിരുന്നു. ഒരു നല്ല അനുയായിക്കുട്ടം മക്കയില്‍ അദ്ദേഹത്തിനുണ്ടായിരുന്നു. കര്‍ബലയിലെ അദ്ദേഹത്തിന്റെ പോരാട്ടം നിവൃത്തികേടില്‍നിന്നുണ്ടായതാണ്. ആത്മരക്ഷാര്‍ഥം ആയുധമെടുക്കാം, അതില്‍ കൊല്ലപ്പെടുന്നത് രക്തസാക്ഷിത്വം തന്നെ. ആ നിലക്ക് അദ്ദേഹം രക്തസാക്ഷിയാണ്. അതല്ല പ്രശ്‌നം. അദ്ദേഹം ചെയ്തത് ഒരു രാഷ്ട്രീയ അബദ്ധമായിരുന്നു എന്നതാണ്.
പ്രേം ചന്ദിന്റെ പുസ്തകം വായിച്ചാല്‍ സാമാന്യബോധമുള്ളവര്‍ക്ക് തോന്നുക മുസ്‌ലിം സമൂഹം ഉശിരും മാന്യതയുമില്ലാത്ത ഒരു ആള്‍ക്കൂട്ടമാണെന്നായിരിക്കും. പ്രേം ചന്ദ് അത്രത്തോളം ഉദ്ദേശിച്ചില്ലായിരിക്കാം. എന്നാലും അതങ്ങനെയേ തോന്നൂ! അതിനാല്‍ ആ പുസ്തകത്തെ അത്രക്കങ്ങ് വെള്ളപൂശാന്‍ വരട്ടെ!
ഇ.എന്‍ ഇബ്‌റാഹീം
സേവനനിരതനായ പി.കെ ഇബ്‌റാഹീം മൗലവി
ഹൈദറലി ശാന്തപുരത്തിന്റെ 'ഗതകാല സ്മരണകളി'ല്‍ പരാമര്‍ശിച്ച, 1963-ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ പ്രഥമ ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയ മര്‍ഹൂം പി.കെ ഇബ്‌റാഹീം (മേലാറ്റൂര്‍) മൗലവി, എന്റെ ജ്യേഷ്ഠസഹോദരീഭര്‍ത്താവാണ്. അദ്ദേഹവും എന്റെ ജ്യേഷ്ഠസഹോദരന്‍ വി.കെ അബ്ദുര്‍റശീദും ഇതേ ബാച്ചില്‍തന്നെയായിരുന്നു. ഒരുപക്ഷേ ആ ബാച്ചില്‍ പുറത്തിറങ്ങിയവരില്‍നിന്ന് അല്ലാഹുവിലേക്ക് ആദ്യം യാത്രയായതും അദ്ദേഹമായിരിക്കാം. 26 വര്‍ഷങ്ങള്‍ക്കു മുമ്പ് 1994 ജൂലൈ 4-ന്, തന്റെ 57-ാമത്തെ വയസ്സില്‍ പിഞ്ചുമക്കളടക്കം 9 മക്കളെ അനാഥമാക്കിക്കൊണ്ടാണ് അദ്ദേഹം യാത്രയായത്.
ശാന്തപുരത്തെ പഠനം പൂര്‍ത്തിയാക്കിയ ശേഷം കേരളത്തിലെ ചില കോളേജുകളില്‍ അധ്യാപകനായിരിക്കെ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി അന്നത്തെ കേരള അമീര്‍ മര്‍ഹൂം കെ.സി അബ്ദുല്ല മൗലവി ആന്തമാനിലേക്ക് അയക്കുകയായിരുന്നു. അവിടെ ഒരു മര്‍കസ് സ്ഥാപിച്ച് പ്രസ്ഥാനം പടുത്തുയര്‍ത്താനും വളര്‍ത്തിയെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ആ മര്‍കസ് ഇന്നും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.
1975 ജൂണ്‍ 25-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം ആന്തമാനിലായിരുന്നു. ആര്‍.എസ്.എസിന്റെ കൂടെ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെയും നിരോധിച്ച സന്ദര്‍ഭം. പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. ഓഫീസുകളും സ്ഥാപനങ്ങളും പൂട്ടി സീല്‍വെച്ചു. നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ആന്തമാനില്‍നിന്ന് ഇബ്‌റാഹീം മൗലവിയെയും അറസ്റ്റ് ചെയ്തു. എന്നിട്ട് കുപ്രസിദ്ധമായ സെല്ലുലാര്‍ ജയിലിലടച്ചു. കേരളത്തില്‍നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കളെയും പ്രവര്‍ത്തകരെയും അധികം താമസിയാതെ വിട്ടയച്ചുവെങ്കിലും ആന്തമാനില്‍നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരെ 1977 മാര്‍ച്ച് 21-ന് അടിയന്തരാവസ്ഥ പിന്‍വലിച്ച ശേഷമാണ് വിട്ടയച്ചത്. 21 മാസങ്ങള്‍ക്കു ശേഷം! ആന്തമാനില്‍നിന്ന് മടങ്ങിവന്ന ശേഷം ഇബ്‌റാഹീം മൗലവി ശാന്തപുരം കോളേജില്‍ അധ്യാപകനായി. ആയിടക്ക് വണ്ടൂരില്‍ വനിതാ ഇസ്‌ലാമിയാ കോളേജ് സ്ഥാപിതമായി. അതിന്റെ പ്രഥമ പ്രിന്‍സിപ്പലായി നിയോഗിച്ചതും ഇബ്‌റാഹീം മൗലവിയെയായിരുന്നു. വനിതാ കോളേജിന്റെ ഉയര്‍ച്ചക്കും വളര്‍ച്ചക്കും വേണ്ടി അഹോരാത്രം പരിശ്രമിക്കുകയുണ്ടായി അദ്ദേഹം. പിന്നീട് ശാന്തപുരത്തേക്ക് തന്നെ തിരിച്ചുവരികയും ആയിടെ മരണപ്പെടുകയുമാണുണ്ടായത്. പ്രാസ്ഥാനിക വഴിയില്‍ ചുരുങ്ങിയ കാലത്തിനകം വളരെയേറെ സേവനങ്ങളര്‍പ്പിച്ച വ്യക്തിത്വമാണ് മര്‍ഹൂം ഇബ്‌റാഹീം മൗലവിയുടേത്.
വി.കെ ഫാഖിറ, കരുവമ്പൊയില്‍
Comments