സുബൈദ റഹ്മാന്‍
സാമൂഹിക-രാഷ്ട്രീയ-ജനസേവന- ജീവകാരുണ്യ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന സുബൈദ റഹ്മാന്‍ സാഹിബ ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം എറണാകുളം ജില്ലാ മുന്‍ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സമിതി അംഗം എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. 2019 മാര്‍ച്ച് 13-നാണ് അവര്‍ മരണപ്പെട്ടത്.
തന്റെ ബന്ധുക്കളെയും ചുറ്റുപാടുള്ളവരെയും സ്വയം സഹായിച്ചും മറ്റുള്ളവരെ സഹായത്തിന് പ്രേരിപ്പിച്ചും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചു. അല്ലാഹുവിന്റെ മാര്‍ഗത്തിലെ തന്റെ പ്രയത്‌നങ്ങള്‍ക്ക് സ്വതഃസിദ്ധമായ ഒരു ശൈലി സൃഷ്ടിച്ചെടുത്തിരുന്നു സുബൈദ സാഹിബ.
മരണവിവരമറിഞ്ഞ് കരഞ്ഞുകൊണ്ട് നാട്ടുകാരിയായ ഒരു സ്ത്രീ പറഞ്ഞത് ഹൃദയത്തില്‍ തൊടുന്ന വാക്കുകളായിരുന്നു. ലോണെടുത്ത് പണയത്തിലായിപ്പോയ അവരുടെ പുരയിടം രക്ഷപ്പെടുത്തിയെടുക്കാന്‍ അടിയന്തര പരിഹാരം കണ്ടെത്തിയ സുബൈദ ഇത്തയെ അവര്‍ക്കെങ്ങനെ മറക്കാനാവും? ഓരോ ദിവസവും കൃത്യമായ പ്ലാനുകളുണ്ടാകും അവര്‍ക്ക്. തന്റെ ഗ്രാമമുള്‍ക്കൊള്ളുന്ന വാഴക്കുളം പഞ്ചായത്തില്‍ സുബൈദ സാഹിബ നടന്നുതീര്‍ക്കാത്ത വഴികളില്ല എന്ന് പറയാനാവുംവിധമായിരുന്നു അവരുടെ ദൈനംദിന ആസൂത്രണം. ഈ പ്രദേശത്ത് അവര്‍ക്ക് പരിചയമില്ലാത്ത വീടുകളും വ്യക്തികളും കുറവ്.
മാധ്യമം ദിനപത്രത്തിന്റെ തുടക്കകാലത്ത് കുടുംബ കോളത്തില്‍ അവര്‍ എഴുതിയ ലേഖനങ്ങള്‍ക്ക് ഒരുപാട് നല്ല പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. പെരുമ്പാവൂര്‍ മക്കാ സ്‌കൂളിന്റെ ക്ലാസ് മുറികള്‍ ഒഴിവുദിനങ്ങളില്‍ മദ്‌റസക്ക് പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ആദ്യം സൂചിപ്പിച്ചത് സുബൈദ സാഹിബ ആയിരുന്നു. ഇപ്പോള്‍ സംസ്ഥാനത്തെതന്നെ മികച്ച മദ്‌റസകളില്‍ ഒന്നായി അത് വളര്‍ന്നിരിക്കുന്നു.
മരണവിവരമറിഞ്ഞ് എത്തിച്ചേര്‍ന്ന ഇതര സമുദായാംഗങ്ങളായ സഹോദരിമാര്‍ സുബൈദ സാഹിബ കാത്തുസൂക്ഷിച്ച സുഹൃദ്ബന്ധങ്ങളുടെ വ്യാപ്തി മനസ്സിലാക്കിത്തരുന്നതായിരുന്നു.
പ്രസ്ഥാനമാര്‍ഗത്തില്‍ തന്റെ ഏതു വിഭവും ഭാര്യാ സന്താനങ്ങള്‍ വ്യയം ചെയ്യുന്നതില്‍ ആവേശവും ആത്മാര്‍ഥതയും കാണിച്ച ഭര്‍ത്താവ് എം.എം അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ പ്രോത്സാഹനവും ദിശാനിര്‍ണയവും ഏറെ പ്രയോജനപ്പെടുത്തിയതിന്റെ പ്രതിഫലനം കൂടിയായിരുന്നു സുബൈദ സാഹിബയുടെ മാതൃകാ ജീവിതം. ദീനീനിഷ്ഠയും ആദര്‍ശബോധവുമുള്ള കുടുബത്തെ രൂപപ്പെടുത്തിയാണ് സുബൈദ സാഹിബയുടെ തന്റെ നാഥനിലേക്കുള്ള മടക്കം. ഖത്തറിലുള്ള മസൂദ് റഹ്മാന്‍, സഊദ് റഹ്മാന്‍, ഡോ. സാദിയ എന്നീ മൂന്നു മക്കളും പ്രസ്ഥാനമാര്‍ഗത്തില്‍ വിവിധ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നവരാണ്.
സി.ടി ഉമ്മര്‍
പരപ്പന്‍പൊയില്‍ പ്രാദേശിക ജമാഅത്ത് അംഗം ആവിലോറ സി.ടി ഉമ്മര്‍ സാഹിബ് (76) 2019 ഏപ്രില്‍ 2-ന് അല്ലാഹുവിങ്കലേക്ക് യാത്രയായി. നര്‍മ ഭാഷണത്തിലൂടെ ഏതൊരാളുടെയും ഹൃദയം കവരുന്ന ഉമ്മര്‍സാഹിബ് പ്രസ്ഥാനത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു. ബത്തേരിയില്‍ ജോലി ചെയ്യുമ്പോള്‍ ടി.കെ അബ്ദുല്ല സാഹിബിന്റെ ഒരു പ്രഭാഷണം കേള്‍ക്കാനിടയായതാണ് പ്രസ്ഥാനത്തിലേക്ക് കടന്നുവരാന്‍ നിമിത്തമായത്. വില്‍പന നികുതി വകുപ്പില്‍ ജീവനക്കാരനായി ഔദ്യോഗിക ജീവിതം തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ കറപുരളാത്ത സാമ്പത്തിക നിലപാട് കൂടെയുള്ള ജീവനക്കാരും ഓഫീസര്‍മാരും വളരെ മതിപ്പോടെ കണ്ടിരുന്നു.
പ്രാദേശിക ജമാഅത്തിന്റെ പരിപാടികള്‍, റിലീഫ് പ്രവര്‍ത്തനങ്ങള്‍, ഇസ് ലാമിക ഗ്രന്ഥങ്ങളുടെ പ്രചാരണം, വാരാന്തയോഗത്തിലെ കൃത്യനിഷ്ഠ എന്നിവ ജീവിതത്തിന്റെ ഭാഗമാക്കി. എത്ര തിരക്കിലായാലും ആഴ്ചയിലൊരിക്കല്‍ പള്ളി ശുചീകരണത്തിന് സമയം കണ്ടെത്തുമായിരുന്നു.
സര്‍വീസില്‍നിന്ന് വിരമിച്ച ശേഷം മാധ്യമം പത്രത്തിന്റെ പ്രചാരകനായി. കൊടുവള്ളി, താമരശ്ശേരി ഏരിയകളിലെ വീടുകളില്‍ പത്രത്തിന്റെ സന്ദേശമെത്തിക്കാന്‍ കഠിനാധ്വാനം ചെയ്തു. നൂറുകണക്കിന് രോഗികള്‍ക്ക് മാധ്യമം ഹെല്‍ത്ത് കെയറിലൂടെ സഹായം ലഭ്യമാക്കി. ഏറ്റവും നല്ല പ്രചാരകനുള്ള 'മാധ്യമം പാരിതോഷികം' അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഭാര്യ മറിയംബി. മക്കള്‍: അബ്ദുല്‍ അസീസ്, അന്‍സാര്‍, റംല, നഫീസ, ജുവൈരിയ.
കെ. അബ്ദുര്‍റഹ്മാന്‍, പരപ്പന്‍പൊയില്‍
Comments