നാഥന്റെ തണലിലേക്കൊരുങ്ങാം
അന്ന് പറഞ്ഞിരുന്നുവല്ലോ, നിങ്ങളറിയാത്തത് ഞാന്‍ അറിയുന്നുവെന്ന്. അവിടെ ഭൂമിയിലേക്ക് നോക്കൂ, ദാഹിച്ചു വലയുമ്പോഴും വിശന്ന് പൊരിയുമ്പോഴും ആരും കാണില്ലെന്നുറപ്പുണ്ടായിട്ടും കൈയെത്തും ദൂരത്തുള്ള ഭക്ഷണം വേണ്ടെന്നു വെക്കുന്ന മനുഷ്യനെ. പരസ്പരം രക്തം ചിന്താനും കുഴപ്പമുണ്ടാക്കാനും മാത്രമറിയുന്നവരെന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ അങ്ങനെയല്ലാത്തൊരു കൂട്ടരും അവരിലുണ്ടാകുമെന്നതിനാല്‍ തന്നെയാണ് നിങ്ങളറിയാത്തത് എനിക്കറിയാമെന്ന് മറുപടി പറഞ്ഞത്- നോമ്പുകാലത്ത് വിശ്വാസികളെ നോക്കി ചിലപ്പോള്‍ അല്ലാഹു മലക്കുകളോടിങ്ങനെ പറയുന്നുണ്ടാകും.
'ഏത് സ്വദഖയാണ് റസൂലേ ഏറ്റവും ശ്രേഷ്ഠകരമായത്?' സ്വഹാബിയുടെ ചോദ്യത്തിനുത്തരമായി റസൂല്‍ (സ) ഇങ്ങനെ പറഞ്ഞു: 'നീ ആരോഗ്യവാനും പിശുക്കനും ദാരിദ്ര്യത്തെ ഭയക്കുന്നവനും സമ്പത്ത് ആഗ്രഹിക്കുന്നവ
നും ആയിരിക്കെ നീ കൊടുക്കുന്ന ദാനം.' വലിയൊരു പാഠമാണ് ഈ അധ്യാപനത്തിലൂടെ പറഞ്ഞുവെച്ചത്. തികച്ചും പ്രതികൂലമായ സാഹചര്യത്തില്‍ മനസ്സിനെ പിറകോട്ട് വലിക്കുന്നവയെ എല്ലാം തട്ടിമാറ്റി നന്മയുടെ വഴിയില്‍ മുന്നോട്ടു പോകുന്നത് അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നു.
യുവത്വം, ജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ കാലം. മനുഷ്യവികാരങ്ങള്‍ അതിന്റെ ഏറ്റവും തീവ്രതയില്‍ നിലനില്‍ക്കുകയും പൂര്‍ത്തീകരണമാഗ്രഹിക്കുകയും ചെയ്യുന്ന പ്രായം. ഭൗതികാലങ്കാരങ്ങളിലേക്കും ആസ്വാദനങ്ങളിലേക്കും മനസ്സ് കൊതിക്കുകയും വ്യാപൃതമാവുകയും ചെയ്യുന്ന സമയം. ജീവിതത്തെക്കുറിച്ച് കണ്ട സ്വപ്‌നങ്ങള്‍ പൂവണിയിക്കാനും കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാനും മനസ്സും ശരീരവും ഓടിക്കൊണ്ടിരിക്കും. അത്തരമൊരു സാഹചര്യത്തില്‍ അല്ലാഹുവിന്റെ വഴിയില്‍ നടന്നു ശീലിക്കാനും ആ മാര്‍ഗത്തില്‍ ശരീരവും സമ്പത്തും സമയവും കൊടുക്കാനും സന്നദ്ധമാവുകയെന്നത് അല്ലാഹുവിന് ഏറെ പ്രിയപ്പെട്ടതായി മാറും. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നന്മ ചെയ്യുന്നത് ഏറ്റവും ശ്രേഷ്ഠകരമായി മാറുന്നു. അതുകൊണ്ടാണല്ലോ അവന്റെ തണലല്ലാതെ മറ്റൊന്നിനും ആശ്വാസമേകാനാവാത്ത നാളില്‍ ദൈവിക തണലിന്റെ ശീതളിമയില്‍ ഇടം കിട്ടുന്നവരെക്കുറിച്ച് പറഞ്ഞപ്പോള്‍ 'ശാബ്ബുന്‍ നശഅ ഫി ഇബാദത്തില്ലാഹ്' - അല്ലാഹുവിന്റെ വഴിയില്‍ നടന്ന യുവാവ് എന്ന് പ്രത്യേകം പരാമര്‍ശിച്ചത്.
ആ തണലിലേക്കൊരുങ്ങാന്‍ ഏറ്റവും മികച്ച അവസരമാണ് റമദാന്‍. അവന്റെ വഴിയില്‍ നടന്നു ശീലിക്കാന്‍ ഇതിലും നല്ല കാലമില്ല. നന്മകളുടെ സുഗന്ധവും അനുഭൂതിയും ഭൗതികാലങ്കാരങ്ങളുടെ പൊലിമ കുറച്ചുകളയും. അല്ലാഹുവോടുള്ള സ്‌നേഹത്തിന്റെയും പ്രതീക്ഷയുടെയും നനവ് ഉള്ളനുഭവിക്കും. കരുണയുടെയും വിട്ടുവീഴ്ചയുടെയും തുറന്നിട്ട വാതിലുകള്‍ കടന്ന് അവനോട് ചേര്‍ന്നിരിക്കും. പ്രലോഭനങ്ങളും പ്രകോപനങ്ങളും തട്ടിമാറ്റി അവനിലേക്കോടിയടുക്കാന്‍ തിടുക്കം കാണിക്കും. നന്മകളെല്ലാം അതെത്ര ചെറുതാണെങ്കിലും പെറുക്കിയെടുത്ത് കൂട്ടിവെക്കും. ഒരു നെന്‍മണിയില്‍നിന്ന് അനേകം കതിര്‍കുലകള്‍ പെരുകുന്ന പോല്‍ അനേകമിരട്ടിയായി തിരിച്ചുകിട്ടുമെന്ന വാഗ്ദാനം മതി, ആവശ്യങ്ങളേറെയുണ്ടാവുമ്പോഴും മറ്റുള്ളവര്‍ക്കായി പുഞ്ചിരിയോടെ ചെലവഴിക്കാന്‍. ഒരു പകലിന്റെ ത്യാഗം അസ്തമയത്തിലെത്തുമ്പോള്‍ നാഥന്റെ ഇഷ്ടത്തിനായി ജീവിച്ച ഒരു ദിനത്തിന്റെ നിര്‍വൃതി മനസ്സിലനുഭവിച്ച് നോമ്പ് തുറക്കും. വരണ്ടുണങ്ങിയ ഞരമ്പുകളെ നനയിച്ച നാഥനെ സ്തുതിക്കും. അവന്റെ കാരുണ്യത്തിന്റെ ചിറകില്‍ സ്വീകാര്യമായ നന്മയാകാന്‍ ദുആ ചെയ്യും. പ്രിയപ്പെട്ടവരെയും അര്‍ഹതപ്പെട്ടവരെയും വിളിച്ച് ഇഫ്ത്വാറൂട്ടി ആ സുകൃതങ്ങള്‍ കൂടി തന്നിലേക്ക് ചേര്‍ത്തുവെക്കും.
ജീവിതത്തിന്റെ തിരക്കുകളില്‍നിന്ന് മാറി ഇടക്കൊന്ന് അവന്റെ ഭവനത്തില്‍ ചെന്നിരിക്കും. ദിക്‌റും ശുക്‌റുമായി നാവും മനസ്സും അവനോടുള്ള പ്രണയം പങ്കുവെക്കും. ഈ മാസത്തിന്റെ മുഴുവന്‍ പുണ്യത്തിനും കാരണമായ വിശുദ്ധ വചനങ്ങളോടൊപ്പം ഇടക്കിടക്ക് കൂട്ടുകൂടും. എന്നോട് എന്റെ നാഥന്‍ സംസാരിക്കുകയാണെന്ന ബോധ്യത്തോടെ ആ വരികളിലൂടെ കടന്നുപോകും. ചിലതൊക്കെ അര്‍ഥവും ആശയവുമറിഞ്ഞ് വെക്കും. ഇബ്‌നു മസ്ഊദി(റ)ന്റെ ഖുര്‍ആന്‍ പാരായണം കേട്ടുകൊണ്ടിരിക്കുന്ന റസൂല്‍ 'ഓരോ സമുദായത്തില്‍നിന്നും ഓരോ സാക്ഷിയെ നാം കൊണ്ടുവരും. ഇക്കൂട്ടര്‍ക്കെതിരെ സാക്ഷിയായി നിന്നെ കൊണ്ടുവരുമ്പോള്‍ എന്തായിരിക്കുമപ്പോഴത്തെ അവസ്ഥ' (സൂറ അന്നിസാഅ് 41) എന്ന ആയത്ത് കേള്‍ക്കുമ്പോള്‍ പാരായണം നിര്‍ത്താന്‍ പറഞ്ഞ് കണ്ണുനീരൊഴുക്കുന്ന കാഴ്ച ഓര്‍മയില്‍ വന്നു നില്‍ക്കും. ഞാന്‍ അഭിമുഖീകരിക്കേണ്ട യാഥാര്‍ഥ്യങ്ങളെ കുറിച്ച എത്രയെത്ര സൂക്തങ്ങളിലൂടെ കടന്നുപോയിട്ടും പിടക്കാത്ത മനസ്സും പൊഴിക്കാത്ത മിഴികളുമോര്‍ത്ത് നെടുവീര്‍പ്പിടും. അവനും ഞാനും മാത്രമാകുന്ന വേളകള്‍ അധികരിക്കും. രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഒറ്റക്ക് മാറിനിന്ന് നമസ്‌കരിക്കും. സുജൂദുകള്‍ക്ക് ദൈര്‍ഘ്യം കൂടും. അവനു മുന്നില്‍ വിനയാന്വിതനായി മനസ്സ് തുറക്കും. ചെയ്തുപോയ അപരാധങ്ങളോര്‍ത്ത് മനസ്സ് വേദനിക്കും. ഒടുവില്‍ പറയാനുള്ളതെല്ലാം പറഞ്ഞു തീര്‍ത്ത് മുഴുമിപ്പിക്കുമ്പോള്‍ ഒരിറ്റ് കണ്ണീരെങ്കിലും കവിള്‍തടങ്ങള്‍ നനയിച്ചിരിക്കണം. ഒറ്റക്കിരുന്ന് നാഥനെ ഓര്‍ത്ത് കണ്ണീരൊഴുക്കിയവന്‍ നാളെ ആ തണലിലുണ്ടാകുമെന്ന റസൂലിന്റെ വാഗ്ദാനം മനസ്സ് തണുപ്പിക്കും.
അല്ലാഹുവിന്റെ ഇഷ്ടങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും ജീവിതത്തില്‍ മുന്‍ഗണന നല്‍കാനാകും എന്നതിന്റെ പ്രായോഗിക സാക്ഷ്യമാണ് നോമ്പുകാലത്ത് വിശ്വാസി നടത്തുന്നത്. പുലരും മുമ്പേ എഴുന്നേറ്റ് ഭക്ഷണം കഴിക്കാന്‍ ഒട്ടും താല്‍പര്യമില്ല. പക്ഷേ അത്താഴം കഴിക്കുന്നതില്‍ നിങ്ങള്‍ക്ക് ബറകത്തുണ്ടെന്ന് എന്റെ ഹബീബ് പറയുമ്പോള്‍ ഞാന്‍ എങ്ങനെ അത് വേണ്ടെന്നുവെക്കും? അല്ലാഹുവിന് പ്രിയപ്പെട്ടതല്ലേ എന്റെ റസൂല്‍ എനിക്ക് പഠിപ്പിച്ചതെല്ലാം! പകലില്‍ ദാഹവും വിശപ്പും കഠിനമാകുമ്പോഴും ആരും കാണില്ലെന്നുറപ്പുണ്ടായിട്ടും മുന്നിലുള്ള ഭക്ഷണം വേണ്ടെന്നു വെക്കുന്നത് എന്റെ ഇഷ്ടങ്ങളേക്കാള്‍ അല്ലാഹുവിന്റെ ഇഷ്ടങ്ങളാണ് വലുതെന്ന ചിന്ത തന്നെയാണ്. അല്ലാഹുവിന്റെ ഇഷ്ടവും താല്‍പര്യവും തന്റെ ഇഷ്ടവും താല്‍പര്യവുമാക്കി മാറ്റിയെടുത്ത് ജീവിച്ചു കാണിക്കുന്ന സുന്ദരമായ കാലമായതിനാല്‍ തന്നെയാകും 'നോമ്പ്, അതെനിക്കുള്ളതാണ്, ഞാനാണതിന് പ്രതിഫലം നല്‍കുന്നത്' എന്ന് അല്ലാഹു പ്രത്യേകം പറഞ്ഞുവെച്ചത്. അല്ലാഹുവാണ് വലുതെന്ന പ്രഖ്യാപനത്തിന് ജീവിതം കൊണ്ട് സാക്ഷ്യം വഹിക്കാന്‍ തനിക്കാകുമെന്ന് നോമ്പുകാരന്‍ തെളിയിച്ചിരിക്കുകയാണ്. ആ വഴിയില്‍ തുടരാതിരിക്കാന്‍ ഒരു ന്യായവും പിന്നീട് അവശേഷിക്കുന്നില്ല എന്ന ബോധ്യവും നമുക്കുണ്ടാവണം.
നോമ്പുകാലത്ത് തളിര്‍ക്കുന്ന ചില പ്രത്യേക നന്മമരങ്ങളുണ്ട്, ഓരോ നാട്ടിലും രൂപപ്പെടുന്ന നന്മകളുടെ കൂട്ടായ്മകളാണത്. നമസ്‌കാരത്തിനായി പള്ളിയില്‍ പതിവിലേറെ ആളുകളെത്തുന്നു. നമസ്‌കാരം കഴിഞ്ഞ് ആരും പിരിഞ്ഞുപോകാതെ ബാക്കിയാകുന്ന ചെറു സംഘങ്ങളെ കാണാമവിടെ. ഖുര്‍ആന്‍ പാരായണവും മറ്റു ചര്‍ച്ചകളുമായി സജീവമാകുമവര്‍. റമദാന്‍ കിറ്റുകളൊരുക്കാനും ഇഫ്ത്വാര്‍ സൗഹൃദങ്ങളൊരുക്കാനും അവര്‍ മുന്നിലുണ്ടാകും. സകാത്ത് ശേഖരണത്തിനും വിതരണത്തിനും കൃത്യമായ പദ്ധതികളൊരുക്കും. ഖുര്‍ആന്‍ പഠനത്തിന്റെയും ദീനീവിജ്ഞാനത്തിന്റെയും സദസ്സുകളൊരുക്കാന്‍ ഓടി നടക്കും. ഒടുവില്‍ ഫിത്വ്ര്‍ സകാത്തിന്റെ വിതരണവും കഴിഞ്ഞ് ഈദ്ഗാഹ് ഒരുക്കാന്‍ വ്യാപൃതരാകുന്ന കൂട്ടം. ഈ കൂട്ടായ്മയുടെ ഊര്‍ജം ഈമാനാണ്. അത് നോമ്പ് കഴിഞ്ഞാലും നിലനില്‍ക്കണം. തളിര്‍ത്ത മരത്തില്‍ പൂക്കളും കായ്കനികളും ഉണ്ടാകണം. തണലും തണുപ്പുമായി ആ നന്മമരങ്ങള്‍ നാട്ടില്‍ പടര്‍ന്നു പന്തലിക്കണം. ഒടുവില്‍ ഈ ലോകത്തെ ജീവിതമവസാനിപ്പിച്ച് മഹ്ശറില്‍ ഒരുമിച്ചുകൂടുന്ന സമയം കോടിക്കണക്കിന് വരുന്ന മനുഷ്യരെ സാക്ഷിനിര്‍ത്തി അല്ലാഹു വിളിച്ചു ചോദിക്കും: 'അയ്‌നല്‍ മുതഹാബ്ബൂന ബി ജലാലി'- എനിക്കു വേണ്ടി പരസ്പരം സ്‌നേഹിച്ചവരെവിടെ? അന്നേരം അഭിമാനത്തോടെ തലയുയര്‍ത്തി അവന്റെ തണലിലേക്ക് നടന്നടുക്കണം. അര്‍ശിന്റെ ചാരത്ത് പ്രകാശിക്കുന്ന ഗോപുരങ്ങളില്‍ തിളങ്ങുന്ന മുഖങ്ങളോടെ ഒരുമിച്ചു കൂടണം. അവിടെ നില്‍ക്കുമ്പോള്‍ ചില കാഴ്ചകള്‍ കാണാം.
ഒരാളങ്ങനെ വിലപിക്കുകയാണ്; ഞാനാ കൂട്ടുകെട്ടില്‍ അകപ്പെട്ടിരുന്നില്ലെങ്കില്‍ എത്ര നന്നായിരുന്നു! റസൂലിന്റെ വഴിയില്‍ നടക്കാന്‍ എനിക്ക് തോന്നിയില്ലല്ലോ! അന്നേരം 'നാഥാ, ഇക്കൂട്ടര്‍ ഖുര്‍ആനിനെ ജീവിതത്തില്‍നിന്ന് വലിച്ചെറിഞ്ഞവരാണ്, അവരെ പരിഗണിക്കേണ്ടതില്ല' എന്നു പറഞ്ഞ് റസൂലും കൈയൊഴിയുന്ന സമയം. തണലില്‍ ഇടം കിട്ടിയവര്‍ ആശ്വാസത്തോടെ ഓര്‍ക്കും. നാട്ടില്‍ നടന്ന ഖുര്‍ആന്‍ പഠന വേദികളില്‍ പങ്കെടുത്തതിനെക്കുറിച്ച്, ഖുര്‍ആന്‍ പഠനവും അതിന്റെ പ്രകാശത്തില്‍ വഴിനടന്ന ഒരു കൂട്ടത്തില്‍ ഉള്‍പ്പെട്ടതിനെക്കുറിച്ച്. നന്മ ചെയ്യാന്‍ പ്രചോദനമേകിയ, തിന്മ വിട്ട് മാറിനില്‍ക്കാന്‍ കരുത്തേകിയ ചെറു സംഘങ്ങളെക്കുറിച്ച്. പിന്നീട് നാഥന്റെ മുന്നിലേക്ക് അവരെത്തുകയാണ്. നോമ്പുകാരന്‍ ബാക്കിവെച്ച സന്തോഷസന്ദര്‍ഭം. തന്റെ നാഥനെ കണ്ടുമുട്ടുന്നു. ചെയ്തുവെച്ച സുകൃതങ്ങളുടെ പുണ്യങ്ങളേറ്റുവാങ്ങി ഒടുവില്‍ സ്വര്‍ഗത്തിലേക്ക് നടന്നടുക്കും. അവിടെ ഒരു വാതിലിനടുത്ത് കസ്തൂരിയുടെ സുഗന്ധം പരക്കുന്നുണ്ട്. നോമ്പുകാരന്റെ വായക്ക് കസ്തൂരിയുടെ സുഗന്ധമായിരിക്കുമല്ലോ. അതേ, റയ്യാന്‍ കാത്തിരിക്കുന്നുണ്ട്. അവസാനത്തെ നോമ്പുകാരനും കയറിപ്പോകുമ്പോള്‍ ആ വാതിലടക്കപ്പെടുന്നു. റമദാനിലെ പുലര്‍കാല യാമങ്ങളിലെ പ്രാര്‍ഥനകളില്‍ നമുക്കൊരു കാര്യം പ്രത്യേകമായി ചോദിക്കാനുണ്ടാകണം; അല്ലാഹുവേ, റയ്യാന്‍ കവാടത്തിന്റെ ഒരു പാളിയെങ്കിലും നീ എനിക്കായി തുറന്നുവെച്ചേക്കണേ...
Comments