Prabodhanm Weekly

Pages

Search

2019 മെയ് 10

3101

1440 റമദാന്‍ 04

മറവിയുടെ കാലത്ത് ബില്‍കീസ് ബാനുവിന്റെ പോരാട്ടങ്ങള്‍

റാണാ അയ്യൂബ്

2002 മെയ് മാസം മുംബൈയില്‍നിന്നുള്ള കുറച്ച് വിദ്യാര്‍ഥികള്‍ക്കൊപ്പം ഞങ്ങള്‍ ഗുജറാത്തിലെ അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഞങ്ങള്‍ കൂടെ കരുതിയ ചില സഹായ കിറ്റുകള്‍ വിതരണം ചെയ്യലായിരുന്നു ലക്ഷ്യം. ടി.വിയിലൂടെയും മറ്റും ഗുജറാത്തിലെ വിവരങ്ങളറിഞ്ഞ ഞങ്ങള്‍ ജനങ്ങളില്‍നിന്ന് ശേഖരിച്ച ബ്ലാങ്കറ്റുകളും വസ്ത്രങ്ങളുമടങ്ങുന്ന കിറ്റുകളുമായി ബസിലാണ് പോകാന്‍ തീരുമാനിച്ചത്. എല്ലാ ക്യാമ്പുകളിലും വിലപിക്കുന്ന സ്ത്രീകളും കരയിപ്പിക്കുന്ന കാഴ്ചകളുമാണ് ഞങ്ങളെ വരവേറ്റത്. 

സ്ത്രീകള്‍ അവരനുഭവിച്ച ദുരന്തങ്ങളും ഭീകരതകളും വിവരിക്കുമ്പോള്‍ ചെറിയ കുട്ടികള്‍ തങ്ങളുടെ ഉമ്മമാരുടെ ശ്രദ്ധ കിട്ടാനായി കരഞ്ഞുകൊണ്ടിരിക്കുന്നു. ചെറിയ കുട്ടികള്‍ കലാപത്തിനിടയില്‍ പറ്റിയ മുറിവുകളില്‍നിന്ന് ചോരയും ചലവും തുടച്ചുകൊണ്ടിരിക്കുന്നു. 

ഇരുപതു പേരടങ്ങിയ ഞങ്ങളുടെ സംഘത്തില്‍ രണ്ടു പേര്‍ മുസ്ലിംകളായിരുന്നു. തിരിച്ചറിയപ്പെടാതിരിക്കാനായി പൊട്ടു തൊട്ട് ഹിന്ദുക്കളെ പോലെയായിരുന്നു അവര്‍ പോയിരുന്നത്. അതുകൊണ്ടുതന്നെ ഞങ്ങള്‍ സര്‍ക്കാറിന്റെയോ പോലീസിന്റെയോ ചാരന്മാരാണോ എന്ന ഭയത്താല്‍ സ്ത്രീകള്‍ ആദ്യം ഒന്നും ഞങ്ങളോട് തുറന്നു പറഞ്ഞില്ല. സ്ത്രീകളുടെ അവ്യക്തമായ സംസാരങ്ങളില്‍നിന്ന് ദാഹോറിലെ ഒരു സ്ത്രീയെകുറിച്ച് ഞങ്ങള്‍ക്ക് മനസ്സിലാക്കിയെടുക്കാന്‍ സാധിച്ചു. ആ സ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടു്. അവരുടെ കുടുംബം ആക്രമിക്കപ്പെട്ടു, മകള്‍ കൊല്ലപ്പെട്ടു. ഇത് പങ്കുവെക്കുമ്പോള്‍ അതു പറഞ്ഞ സ്ത്രീ വിതുമ്പുന്നുണ്ടായിരുന്നു. എന്നാല്‍ പീഡിതയായ ആ സ്ത്രീ എല്ലാ ഭയാനകതകളെയും അതിജീവിച്ച് പോലീസില്‍ പരാതി നല്‍കിയതായും അവര്‍ പറഞ്ഞു. ആ ധീരവനിതയായിരുന്നു ബില്‍കീസ് ബാനു. 

ഗുജറാത്തില്‍ നടന്ന ഒരു വാര്‍ത്താ സമ്മേളനത്തില്‍ വെച്ചാണ് ഞാന്‍ ആദ്യമായി ബില്‍കീസ് ബാനുവിനെ കാണുന്നത്. ചുറ്റും മനുഷ്യാവകാശ പ്രവര്‍ത്തകരുണ്ട്. അവരുടെ കൂടെ ഭര്‍ത്താവുമുണ്ട്. 20 വയസ്സ് മാത്രമുള്ള അവര്‍ താന്‍ ഒരു രാത്രി മുഴുനീളെ അനുഭവിച്ച കാര്യങ്ങള്‍ വിവരിക്കുകയാണ്. പത്രപ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും നിയമ വിദഗ്ധരും അടങ്ങിയ സദസ്സിന്റെ പിന്‍നിരയില്‍ ഞാനിരുന്നു. എന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ചോദ്യങ്ങള്‍ പുറത്തുവരാതെ സ്തബ്ധയായ ഘട്ടമായിരുന്നു, അവള്‍ അനുഭവങ്ങള്‍ വിവരിച്ച വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തതും പിന്നീട് അവളോട് അനൗദ്യോഗികമായി കൂടിക്കാഴ്ച നടത്തിയതും. ബില്‍കീസ് അവളുടെ അനുഭവങ്ങള്‍ വിവരിക്കുമ്പോഴെല്ലാം എനിക്ക് ഓര്‍മവരിക 1992-'93-ല്‍ മുംബൈയില്‍ നടന്ന കലാപത്തിനിടെ എന്നെയും എന്റെ സഹോദരിയെയും മറ്റൊരു കുടുംബം സംരക്ഷിച്ചതും ആ രാത്രി മുഴുവന്‍ ഭീതിയോടെ കഴിഞ്ഞതുമാണ്. 

ബില്‍കീസിന്റെ കഥ തന്നെയാണ് ഗുജറാത്തിന്റെ കഥ. രാജ്യത്തിന്റെ ധാര്‍മിക അസ്തിവാരത്തെ തന്നെ വേട്ടയാടിയ സംഭവമായിരുന്നു അത്. ഗോധ്രയില്‍ തീവിക്ക് തീപിടിച്ചതിന്റെ അഞ്ചാം ദിനം ഗുജറാത്തില്‍ വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറി. അതിനിടെ ബില്‍കീസ് ബാനുവും അവരുടെ 17 പേരടങ്ങുന്ന കുടുംബവും ഒരു ട്രക്കില്‍ കൂടുതല്‍ സുരക്ഷിതമായ സ്ഥലം തേടി യാത്രതിരിച്ചു. അഹ്മദാബാദില്‍നിന്ന് അധികം ദൂരത്തല്ലാത്ത ദാഹോറിനടുത്തുള്ള രന്തിക്പൂര്‍ ഗ്രാമത്തിലെത്തിയപ്പോള്‍ നാല്‍പതോളം വരുന്ന കലാപകാരികള്‍ ഈ ട്രക്ക് തടഞ്ഞു. 

ഒരു മണിക്കൂറിനുള്ളില്‍ വാളുകളും ആയുധങ്ങളും തലങ്ങും വിലങ്ങും പാഞ്ഞു. ബില്‍കീസിന്റെ കുടുംബത്തിലെ പല അംഗങ്ങളും നിലത്തു വീണു. ഗുരുതരമായി മുറിവേറ്റു. ചിലര്‍ കൊല്ലപ്പെട്ടു. ബില്‍കീസിന്റെ മുന്നില്‍ വെച്ച് അവരുടെ കൂടെയുണ്ടായിരുന്ന മൂന്നു വയസ്സുകാരിയായ മകള്‍ സ്വാലിഹയെ ഒരു അക്രമി കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു. ആ ആഘാതത്തില്‍ കണ്ണുകളടയുമ്പോള്‍ മറ്റൊരു സംഘം ആളുകള്‍ വന്ന് ബില്‍കീസിന്റെ ശരീരത്തിലെ വസ്ത്രങ്ങള്‍ കീറിയെറിഞ്ഞു. ബില്‍കീസ് താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് കരഞ്ഞുകൊണ്ട് അവരോട് പറഞ്ഞു. മുസ്ലിം സ്ത്രീകളെ കടന്നാക്രമിച്ച് ഹിന്ദു അഭിമാനം സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്ക് മുന്നില്‍ അതൊന്നും വിലപ്പോയില്ല. 

തുടര്‍ന്ന് ഓരോരുത്തരായി ഗര്‍ഭിണിയായ ബില്‍കീസിനെ ബലാത്സംഗം ചെയ്തു. ബോധം നഷ്ടപ്പെട്ടതുപോലും അവര്‍ക്കൊരു പ്രശ്നമായില്ല. അക്രമികളുടെ നഖങ്ങള്‍ ആഴ്ന്നിറങ്ങിയ മുറിവുകള്‍ അവളുടെ ശരീരമാസകലമുണ്ടായിരുന്നു. ശേഷം രണ്ട് ദിവസം മുമ്പ് പ്രസവം കഴിഞ്ഞ ബില്‍കീസിന്റെ അടുത്ത ബന്ധുവിനെ അക്രമികള്‍ ബലാത്സംഗം ചെയ്യുന്നു. അവളെ അവസാനം തലക്കടിച്ച് കൊല്ലുകയും ചെയ്തു. അതേസമയം ആ ബന്ധുവിന്റെ ഉമ്മയെ മറ്റൊരു അക്രമി കൈയേറ്റം ചെയ്യുകയായിരുന്നു. 

എല്ലാവരും കൊല്ലപ്പെട്ടെന്ന് കരുതി അക്രമികള്‍ അവരെ ഉപേക്ഷിച്ചു പോയി. എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം ബോധം വന്ന ബില്‍കീസ് എണീറ്റ് ഒരു പെറ്റിക്കോട്ടുകൊണ്ട് ശരീരം മറച്ച് സഹായത്തിനായി അടുത്തുള്ള ഗ്രാമത്തിലേക്ക് പോയി. അവിടെ ഒരു ആദിവാസി വനിതയോട് സഹായമഭ്യര്‍ഥിച്ചു. അവരാണ് ബില്‍കീസ് ഇപ്പോള്‍ ജീവിച്ചിരിക്കാന്‍ കാരണക്കാരിയായത്. 

സ്‌കൂളിലും മറ്റും പോവുകയോ സമൂഹത്തില്‍ ഇടപെടുകയോ ചെയ്യാതെ കുടുംബത്തില്‍ ഒതുങ്ങി ജീവിച്ച ഒരു സ്ത്രീയാണ് പിന്നീട് ഭരണകൂട ഭീകരതക്കെതിരെയുള്ള പോരാട്ടത്തിന്റെ പ്രതീകമായി മാറിയത്. ന്യൂനപക്ഷം അനുഭവിക്കുന്ന പ്രശ്നങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും ഒന്നും കാര്യമാക്കാതെ ആ സ്ത്രീ ധീരമായി മുന്നോട്ടു നടന്നു. അതിന്റെ വിജയമാണിപ്പോഴുണ്ടായത്. 

 

17 വര്‍ഷത്തെ പോരാട്ടം

ബില്‍കീസ് ലോക്കല്‍ പോലീസ് സ്റ്റേഷനിലാണ് ആദ്യമായി കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ മൊഴിയില്‍ വൈരുധ്യമുണ്ടെന്നു പറഞ്ഞ് പോലീസ് കേസ് തള്ളി. നിര്‍ണായകമായ പല തെളിവുകളുമുണ്ടെങ്കിലും വ്യക്തതയില്ലെന്നു പറഞ്ഞ് കേസുകള്‍ തള്ളുന്നത് ഗുജറാത്ത് പോലീസിന്റെ സ്ഥിരം പതിവാണ്. പ്രത്യേകിച്ച് കലാപവുമായി ബന്ധപ്പെട്ട കേസുകള്‍. 

2003-ല്‍ ബില്‍കീസ് ബാനു ദേശീയ മനുഷ്യാവകാശ കമീഷനെയും ഒപ്പം സുപ്രീം കോടതിയെയും സമീപിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ കേസില്‍ ഇടപെടുമെന്ന ബില്‍കീസ് ബാനുവിന്റെ വാദം അംഗീകരിച്ച് കേസ് മഹാരാഷ്ട്രയിലേക്ക് മാറ്റാന്‍ 2004-ല്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഈ സമയത്ത് ബില്‍കീസ് ബാനുവിന് കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് പോലീസില്‍നിന്നുണ്ടായ ദുരനുഭവങ്ങള്‍ വിവരിക്കുന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. ഗുജറാത്ത് പോലീസ് നടപടിയെടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരം സി.ബി.ഐ കേസില്‍ ആദ്യ അറസ്റ്റ് നടത്താനും ഭരണകൂടം നിര്‍ബന്ധിതമായി. 

2004-ല്‍ ബില്‍കീസ് ബാനു ഗുജറാത്ത് സര്‍ക്കാറിനെതിരെ തുറന്നടിച്ചു: 'ഞങ്ങളെ സംരക്ഷിക്കാനും ഞങ്ങള്‍ക്ക് സംഭവിച്ച നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാറിന് ബാധ്യതയില്ലേ? ഇപ്പോള്‍ സുപ്രീം കോടതി കാര്യം ഗൗരവമായി ഏറ്റെടുത്തിരിക്കുന്നു. നഷ്ടപരിഹാരം ലഭിക്കണമെന്നാണ് എനിക്കിപ്പോള്‍ ആവശ്യപ്പെടാനുള്ളത്. എന്റെ സമുദായത്തിലെ പല സ്ത്രീകള്‍ക്കുമെതിരെ ഗുജറാത്ത് കലാപ കാലത്തുണ്ടായ ലൈംഗികാതിക്രമങ്ങള്‍ എന്നെ ദുഃഖിപ്പിക്കുന്നുമുണ്ട്. ഞാനൊരിക്കലും ഇത്തരമനുഭവങ്ങളുണ്ടായ ഏക വ്യക്തിയല്ല.'

2004-ല്‍ തന്നെ സുപ്രീം കോടതി ബെസ്റ്റ് ബേക്കറി കേസും പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. 2002 മാര്‍ച്ച് ഒന്നിന് കലാപകാരികള്‍ ബേക്കറിക്ക് തീയിട്ട്  14 പേരെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. അഹ്മദാബാദ് കേന്ദ്രീകരിച്ച് ബില്‍കീസ് ബാനുവിനെ പോലെ ഈ കേസിലെ സാക്ഷിയായിരുന്ന സാഹിറ ശൈഖ് എന്ന സ്ത്രീ പോരാട്ടം നടത്തിക്കൊണ്ടിരുന്നു. അങ്ങനെ സുപ്രീം കോടതി ഒരു അസാധാരണ വിധിയിലൂടെ 21 കുറ്റക്കാരുടെയും അപ്പീല്‍ തള്ളി. ജസ്റ്റിസ് ദുരൈസ്വാമി രാജു, ജസ്റ്റിസ് അരിജിത് പസായത്ത് എന്നിവരടങ്ങിയ ബെഞ്ച് ഗുജറാത്ത് സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ വാക്കാല്‍ നടത്തുകയും ചെയ്തു. ബെസ്റ്റ് ബേക്കറിയിലും മറ്റും കുട്ടികളും സ്ത്രീകളും ആക്രമിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും തീവെക്കപ്പെടുകയും ചെയ്യുമ്പോള്‍ അഭിനവ നീറോയെ പോലെ നോക്കിനില്‍ക്കുകയാണ് സര്‍ക്കാറും അധികാരികളും ചെയ്തത്. മാത്രമല്ല ഇത്തരം കുറ്റവാളികളെ സംരക്ഷിക്കാനാണ് അവര്‍ ശ്രമിച്ചതെന്നും കോടതി വിമര്‍ശിച്ചു. 

ബില്‍കീസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്ത 11 പേരെ 2008-ല്‍ മുംബൈ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇപ്പോള്‍ സുപ്രീം കോടതി ബില്‍കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും നല്‍കാനും വിധിച്ചിരിക്കുന്നു. കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഒരു ഡസനിലധികം വീടുകള്‍ മാറിത്താമസിക്കേണ്ടിവന്ന ബില്‍കീസിന് വീട് നല്‍കാനും കോടതി ഉത്തരവിട്ടിരിക്കുന്നു. തീര്‍ച്ചയായും ബില്‍കീസിന് ഇത് കയ്‌പ്പേറിയൊരു മധുരം തന്നെയാണ്. 

 

മറവിയുടെ കാലത്ത്

ബില്‍കീസ് ഈ ദുരന്തങ്ങളെല്ലാം അനുഭവിക്കുമ്പോള്‍ ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്ന, ഇപ്പോള്‍ രാജ്യത്തിന്റെയും അവിടെയുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന 1.3 ബില്യന്‍ ജനങ്ങളുടെയും അഭിമാന സംരക്ഷകനാണെന്ന് വീമ്പു പറയുന്ന ചൗക്കീദാറില്‍നിന്ന് നീതി ലഭിക്കാന്‍ ആ ധീരവനിതക്ക് അവകാശമുണ്ട്. 2002-ലെ ഗുജറാത്ത് കലാപത്തില്‍ ബില്‍കീസിനെപ്പോലെ കൊടിയ ദുരന്തങ്ങള്‍ പേറി ഇപ്പോഴും അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന ആയിരങ്ങള്‍ക്കുകൂടി നീതി ലഭ്യമായാല്‍ മാത്രമേ ഈ വിജയം പൂര്‍ത്തിയാവുകയുള്ളൂ. ഗുജറാത്തിലെ മുസ്ലിം സ്ത്രീകളെ അപമാനിച്ചവരെയും അതിനവരെ ഇളക്കിവിടുന്ന തരത്തില്‍ പ്രഭാഷണങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിയവരെയും നിയമത്തിനു  മുന്നില്‍ കൊണ്ടുവരുമ്പോള്‍ മാത്രമേ ഈ വിജയം പൂര്‍ത്തിയാകൂ. 

ബില്‍കീസിന്റെയും അതുപോലുള്ള സ്ത്രീകളുടെയും അനുഭവങ്ങള്‍ക്ക് കാരണക്കാരായ ആളുകളിലേക്കും അന്വേഷണങ്ങള്‍ നീളേതു്. ഇതെഴുതുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത്, ഗര്‍ഭിണിയായ മുസ്ലിം സ്ത്രീയുടെ വയറ് കുത്തിക്കീറി ചാപ്പിള്ളയെ വാളില്‍ കോര്‍ത്തു എന്ന് കുറ്റസമ്മതം നടത്തിയ ബാബു ബജ്റങ്കിയെ കുറ്റവിമുക്തനാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഹാജരാക്കിയ അഫിഡവിറ്റിനെക്കുറിച്ചാണ്. അയാള്‍ക്ക് ജാമ്യത്തിലിറങ്ങാന്‍ സഹായകമായത് ഈ അഫിഡവിറ്റായിരുന്നു. ഇതിനെ ബില്‍കീസും ഗുജറാത്തിലെ സ്ത്രീകളും എങ്ങനെ കാണുമെന്നറിയാന്‍ എനിക്ക് കൗതുകമുണ്ട്. 

മുസ്ലിം സ്ത്രീകളെ സംരക്ഷിക്കാന്‍  പ്രധാനമന്ത്രി മുത്ത്വലാഖ് ബില്ല് കൊണ്ടുവരുമ്പോള്‍ തന്നെ, മറുവശത്ത് തങ്ങള്‍ ആക്രമിക്കപ്പെടുകയും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുകയും ചെയ്തതിനു ശേഷവും നീതി ലഭിക്കാന്‍ പതിറ്റാണ്ടുകള്‍ പോരാടേണ്ടിവരുന്ന അവസ്ഥയെക്കുറിച്ചും ഈ വിധിയെ മുന്‍നിര്‍ത്തി നാം ആലോചിക്കണം. ബില്‍കീസിന് അനുകൂലമായി സുപ്രീം കോടതിയില്‍നിന്നുണ്ടായത് ചെറിയൊരു ചുവടുവെപ്പ് മാത്രമാണ്. പ്രതീക്ഷയുടെ ഒരു ചെറുകിരണം. ഇതൊരിക്കലും അവസാനമാകരുത്. പത്രപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, നിയമ

പ്രവര്‍ത്തകര്‍, ചിന്തകര്‍ ഇവരെല്ലാം ഒന്നിച്ച് ഇനിയും മുന്നേറണം. മറവിയുടെ (അംനീഷ്യ) കാലത്ത് ഇത് അനിവാര്യമാണ്. 

വിവ: പി.പി ജന്ന


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (27-29)
എ.വൈ.ആര്‍

ഹദീസ്‌

പ്രാര്‍ഥന: വിശ്വാസിയുടെ അടയാളം, ആത്മാവിന്റെ പോഷണം
കെ.വി ഹിബ ഹമീദ് അല്‍ജാമിഅഃ ശാന്തപുരം