Prabodhanm Weekly

Pages

Search

2019 മെയ് 10

3101

1440 റമദാന്‍ 04

വിശ്വാസ സ്വാതന്ത്ര്യം പരമപ്രധാനം

റാശിദ് ഗന്നൂശി

ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയാണല്ലോ മനുഷ്യന്‍. ആ പ്രാതിനിധ്യ ചുമതല അവന്‍ നിര്‍വഹിക്കാന്‍ തുനിയുമ്പോള്‍ അഥവാ ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കാന്‍ തയാറാവുമ്പോള്‍, ചില ബാധ്യതകളും ഉത്തരവാദിത്തങ്ങളും സ്വാഭാവികമായി വന്നുചേരും. വ്യക്തിയുടെ അവകാശങ്ങളും സമൂഹ താല്‍പര്യങ്ങളും പരസ്പരം ഇടയാതെ അവയെ ഒരുമിപ്പിച്ചുകൊണ്ടുപോകാനാവും ശ്രമം. വ്യക്തിക്ക് ലഭിക്കുന്ന അവകാശം സമൂഹത്തിന്റെ അവകാശമായിത്തന്നെയാണ് മനസ്സിലാക്കുക. ഇനി വ്യക്തി-സമൂഹ അവകാശങ്ങള്‍ തമ്മില്‍ ഉരസലുണ്ടാകുമ്പോള്‍ ആദ്യ പരിഗണന സമൂഹത്തിനു തന്നെയായിരിക്കും. ദൈവദാസന്മാരുടെ പരലോക-ഇഹലോക താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ശരീഅത്തിന്റെ ലക്ഷ്യം. ജീവിതത്തിന്റെ അനിവാര്യതാല്‍പര്യങ്ങളില്‍നിന്ന് തുടങ്ങി അതിന്റെ അലങ്കാര പൂര്‍ണതയില്‍ ക്രമപ്രവൃദ്ധമായി എത്തിക്കുകയെന്ന പ്രക്രിയയാണത്. ഏതായാലും ഒരു പൊതുതാല്‍പര്യ മണ്ഡലത്തിന്റെ പരിധിക്കകത്താവും വ്യക്തിപരമായ വ്യവഹാരങ്ങളും അവകാശങ്ങളും കൈകാര്യം ചെയ്യപ്പെടുക. ശരീഅത്തിന്റെ ഈ സമുന്നത ലക്ഷ്യങ്ങള്‍ വളരെ മനോഹരമായി ചിട്ടപ്പെടുത്തി പറഞ്ഞത് മൊറോക്കന്‍ മഹാ പണ്ഡിതനായ അബൂ ഇസ്ഹാഖ് ശാത്വിബിയാണ്, തന്റെ 'അല്‍ മുവാഫഖാത്ത്' എന്ന കൃതിയില്‍. ഇസ്‌ലാമിക വീക്ഷണത്തില്‍ വ്യക്തി-സമൂഹ താല്‍പര്യങ്ങളെ സ്ഥാനപ്പെടുത്തുന്നതിലും നിര്‍ണയിക്കുന്നതിലും സമകാലിക ഇസ്‌ലാമിക ചിന്തകരെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട് ഇമാം ശാത്വിബിയുടെ ആശയങ്ങള്‍.

അദ്ദേഹം പൊതുതാല്‍പര്യങ്ങളെ മൂന്ന് തലങ്ങളിലാണ് കാണുന്നത്. ഒന്നാമത്തേതാണ് പരമപ്രധാനം. അനിവാര്യ താല്‍പര്യങ്ങള്‍ (ളറൂറിയ്യാത്ത്). അവക്ക് ക്ഷതമേറ്റാല്‍ പൊതുജീവിതം താളം തെറ്റും. ഈ അനിവാര്യ താല്‍പര്യങ്ങള്‍ അഞ്ചാണ്. ആദര്‍ശം/ മതം, ജീവന്‍, ബുദ്ധി, ധനം, കുലം എന്നിവയുടെ സംരക്ഷണം. ഇവ സംരക്ഷിക്കാനും ഇവക്കേല്‍ക്കുന്ന ക്ഷതങ്ങള്‍ തടുക്കാനും ഇസ്‌ലാമിക ശരീഅത്തില്‍ സംവിധാനങ്ങളുണ്ടാകും. രണ്ടാമത്തെ തലത്തില്‍ വരുന്നത് ആവശ്യങ്ങളുടെ (ഹാജിയ്യാത്ത്) നിര്‍വഹണമാണ്. ജനജീവിതത്തെ തടസ്സപ്പെടുത്തുന്ന ദുര്‍ഘടങ്ങള്‍ നീക്കുകയാണ് ഇതിന്റെ ഒരു പ്രധാന കര്‍മമണ്ഡലം. മൂന്നാമത്തേതാണ് 'അലങ്കാരങ്ങള്‍' (തഹ്‌സീനാത്ത്). സ്വഭാവം, വസ്ത്രം ഇതുപോലുള്ളതൊക്കെയും മനോഹരമാക്കി, ആകര്‍ഷകമാക്കി വെക്കുകയാണ് ഉദ്ദേശ്യം. ഈ മൂന്ന് തലങ്ങളിലെ താല്‍പര്യങ്ങള്‍ തമ്മില്‍ ഇടയുമ്പോള്‍ ഏറ്റവും അനിവാര്യമായതിനായിരിക്കും മുന്‍ഗണന. വസ്ത്രം ധരിക്കുക എന്നത് അലങ്കാരത്തിലാണ് പെടുക. ജീവന്‍ രക്ഷിക്കാന്‍ ഓപ്പറേഷന്‍ നടത്തേണ്ടിവരുമ്പോള്‍ വസ്ത്രധാരണമോ 'ഔറത്ത്' മറയലോ അവിടെ വിഷയമാകില്ല. ജീവന്‍ രക്ഷിക്കലാണ് പരമപ്രധാനം. അതിനുവേണ്ടി ചിലപ്പോള്‍ ധനം ത്യജിക്കേണ്ടിവന്നേക്കാം. ഇങ്ങനെ മനുഷ്യന് തന്റെ സ്വഭാവരീതികളെ അളന്ന് തിട്ടപ്പെടുത്താനുതകുന്ന ഒരു മാനദണ്ഡം നിശ്ചയിച്ചു നല്‍കുകയാണ് ശരീഅത്ത്. അവകാശബാധ്യതകളൊക്കെ വ്യക്തമായി നിര്‍ണയിച്ചിട്ടുണ്ടാകും. ഈയൊരു ചട്ടക്കൂടിനുള്ളില്‍ വരുന്ന വ്യക്തിസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല. അത് പൊതുതാല്‍പര്യവുമായി ഏറ്റുമുട്ടുമ്പോള്‍ മാത്രമാണ് നിയന്ത്രണങ്ങള്‍ ആവശ്യമായി വരിക.2

ഇസ്‌ലാമിലെ വ്യക്തി-പൊതു സ്വാതന്ത്ര്യങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കേണ്ടതുണ്ട്, 'ലോക മനുഷ്യാവകാശ പ്രഖ്യാപന'വുമായി അവയെ താരതമ്യം ചെയ്തുകൊണ്ട്.

 

വിശ്വാസ സ്വാതന്ത്ര്യം

ഏതൊരു വ്യക്തിക്കും ഏതു മതവും ആദര്‍ശവും സ്വീകരിക്കാം. സമ്മര്‍ദമോ നിര്‍ബന്ധിതാവസ്ഥയോ ഉണ്ടാകരുത്. ഉത്തരവാദിത്ത നിര്‍വഹണത്തിന് പ്രതിഫലമെന്നോണമാണ് ഈ സ്വാതന്ത്ര്യം നല്‍കുന്നത്. അതേസമയം സത്യദര്‍ശനം ഏതെന്ന് ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുകയും അതിന്റെ സംരക്ഷണവും പ്രതിരോധവും ഏറ്റെടുക്കുകയും വേണം. അത്തരമൊരു വിശ്വാസിസമൂഹത്തെ സംരക്ഷിക്കാനും ശത്രുക്കളുടെ കുതന്ത്രങ്ങളെ തകര്‍ക്കാനും ബലം പ്രയോഗിക്കേണ്ടിവരികയും ചെയ്‌തേക്കാം.

ഫിഖ്ഹ്-തഫ്‌സീര്‍ ഗ്രന്ഥങ്ങളില്‍ ഊന്നിപ്പറയുന്ന ഒരു കാര്യം, 'മതത്തില്‍ നിര്‍ബന്ധമില്ല' (2:256) എന്നത് ഇസ്‌ലാമിക ദര്‍ശനത്തിന്റെ മഹാ തത്ത്വങ്ങളിലൊന്നാണ് എന്നതാണ്. മത സഹിഷ്ണുതയുടെ പ്രമാണവാക്യം. മതത്തിലേക്ക് വരാനോ അതില്‍നിന്ന് പുറത്തു പോകാനോ യാതൊരു വിധ നിര്‍ബന്ധവും സമ്മര്‍ദവും ചെലുത്തരുത്. ഈ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നവരെ തടയാനും നിലക്കു നിര്‍ത്താനുമാണ് ശക്തി സംഭരിക്കണമെന്ന് ഇസ്‌ലാം വിശ്വാസികളോട് ആവശ്യപ്പെടുന്നത്. പ്രതിയോഗികളോടുള്ള ഇസ്‌ലാമിന്റെ പ്രബോധനമാകട്ടെ ഏതു ഘട്ടത്തിലും സദുപദേശവും യുക്തിദീക്ഷയും നിറഞ്ഞതായിരിക്കും.3

വിശ്വാസകാര്യങ്ങള്‍ ഒരു നിര്‍ബന്ധിതാവസ്ഥയും ഉണ്ടാകാത്ത രീതിയിലാണ് അല്ലാഹു അവതരിപ്പിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് അതിന്റെ അടിത്തറ. ജീവിതമൊരു പരീക്ഷയും പരീക്ഷണവുമാണ് എന്നു പറയണമെങ്കില്‍ നിര്‍ബന്ധമോ സമ്മര്‍ദമോ ഒന്നും ഉണ്ടാകാന്‍ പാടില്ലല്ലോ. 'ഇഷ്ടമുള്ളവന്‍ വിശ്വസിക്കട്ടെ, ഇഷ്ടമുള്ളവന്‍ അവിശ്വസിക്കട്ടെ' (18:29) എന്ന ഖുര്‍ആനിക സൂക്തത്തെ വിശദീകരിക്കുമ്പോള്‍ ഇമാം റാസിയും ഈ അഭിപ്രായം പങ്കുവെക്കുന്നുണ്ട്. വിശ്വാസം ഉണ്ടാകേണ്ടത് ഹൃദയത്തിലാണ്. ഒരാള്‍ക്ക് മേല്‍ നിര്‍ബന്ധം ചെലുത്തി വിശ്വാസമുണ്ടാക്കാന്‍ പറ്റുമോ? നിര്‍ബന്ധം ചെലുത്തുക എന്നത് വിശ്വാസത്തിന്റെ അടിസ്ഥാന യുക്തിക്ക് നിരക്കാത്തതാണ്. ബാധ്യത (തക്‌ലീഫ്) ഏറ്റെടുക്കുക, അമാനത്ത് കൈയേല്‍ക്കുക പോലുള്ളവയൊക്കെ സ്വയം ബോധ്യത്താലല്ലേ ചെയ്യാനാവൂ. മനുഷ്യന്റെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഊന്നിപ്പറയുകയും അവന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുകയും ചെയ്യുന്ന പ്രമാണപാഠങ്ങള്‍ ധാരാളമുണ്ട്. ഒന്നാലോചിച്ചുനോക്കൂ, ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഒരാള്‍ക്കില്ലെങ്കില്‍ അയാള്‍ക്ക് പ്രതിഫലമോ ശിക്ഷയോ നല്‍കുന്നതില്‍ എന്തര്‍ഥം! ദീനില്‍ നിര്‍ബന്ധമില്ല എന്ന സൂക്തവും അതുപോലുള്ള മറ്റു സൂക്തങ്ങളും 'യുദ്ധപ്രഖ്യാപന സൂക്തം' വന്നതോടെ ദുര്‍ബലപ്പെട്ടു എന്ന വാദത്തെ ആധുനിക ഇസ്‌ലാമിക ചിന്തകര്‍ നിശിതമായി ചോദ്യം ചെയ്യുന്നുണ്ട്. നേരെ തിരിച്ചാണ് സംഭവം എന്നുവരെ അവരില്‍ ചിലര്‍ പറഞ്ഞുവെക്കുന്നു. അതായത് ദീനില്‍ ബലപ്രയോഗമില്ല എന്ന സൂക്തം, യുദ്ധ പ്രഖ്യാപന സൂക്തത്തെയാണ് റദ്ദ് ചെയ്യുന്നത് എന്ന്!4 ആത്യന്തിക നിലപാടുകളിലേക്ക് പോകാതെ ജിഹാദിനെയും സ്വാതന്ത്ര്യത്തെയും ഇണക്കിച്ചേര്‍ത്ത് അവതരിപ്പിക്കുക എന്നതാണ് അഭികാമ്യമായിട്ടുള്ളത്. 'കുഴപ്പം ഇല്ലാതാകുന്നതു വരെയും അവരോട് യുദ്ധം ചെയ്യുക' (2:193) എന്ന സൂക്തത്തെ വിശദീകരിക്കവെ, ദുര്‍ബലന്റെ വിശ്വാസ സംരക്ഷണമാണ് അവിടെ ഉദ്ദേശ്യമെന്ന് 'അല്‍മനാറി'ന്റെ കര്‍ത്താവ് എഴുതുന്നുണ്ട്. അതായത് ശത്രുക്കളുടെ ഭീതിപ്പെടുത്തലുകളില്ലാതെ ഒരു വിശ്വാസിക്ക് തന്റെ വിശ്വാസമനുസരിച്ച് ജീവിക്കാന്‍ കഴിയണം. അതിക്രമികളെ തടത്തുനിര്‍ത്തിയെങ്കില്‍ മാത്രമേ ഇത്തരമൊരു വിശ്വാസ സംരക്ഷണം സാധ്യമാവൂ. ദുര്‍ബലരാക്കപ്പെട്ട് കഴിഞ്ഞ ഇന്നത്തെ മുസ്‌ലിം സമൂഹങ്ങള്‍ അവരുടെ വിശ്വാസ പ്രമാണങ്ങളുടെ പേരിലാണല്ലോ കടന്നാക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. വിശ്വാസം കൈയൊഴിക്കാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെടുന്നു. പ്രബോധന സ്വാതന്ത്ര്യം അവര്‍ക്ക് നിഷേധിക്കപ്പെടുന്നു.5 'അല്‍ മീസാന്‍' എന്ന ഖുര്‍ആന്‍ വ്യാഖ്യാന കൃതിയുടെ കര്‍ത്താവ് (ഇദ്ദേഹമൊരു ശീഈ വിശ്വാസക്കാരനാണ്), ദീനില്‍ നിര്‍ബന്ധമോ ബലപ്രയോഗമോ ഇല്ല എന്ന ഖുര്‍ആന്‍ സൂക്തത്തെ പറ്റി പറയുന്നത് കാണുക: ഇസ്‌ലാം വാളുകൊണ്ടോ ചോര ചിന്തിയോ അല്ല പ്രചാരം നേടിയത് എന്നതിന് തെളിവായ പ്രധാന ആയത്തുകൡലാന്നാണിത്. മുസ്‌ലിംകളല്ലാത്തവര്‍ മാത്രമല്ല, ചില മുസ്‌ലിംകള്‍ പോലും ഇസ്‌ലാം വാളിന്റെ മതമാണെന്ന് എഴുതിവെച്ചിട്ടുണ്ട്.6

സയ്യിദ് ഖുത്വ്ബ്, 'ദീനില്‍ നിര്‍ബന്ധമില്ല' എന്ന ഖുര്‍ആന്‍ സൂക്തത്തെ എത്ര കൃത്യമായാണ് വ്യാഖ്യാനിച്ചിരിക്കുന്നതെന്ന് നോക്കൂ: ''മക്കയിലെ ആദ്യകാല വിശ്വാസിസമൂഹത്തെക്കുറിച്ച് ചിന്തിക്കുക. തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന വിശ്വാസം മുറുകെ പിടിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് അവര്‍ പോരാടിയത്. അതിന്റെ പേരില്‍ ദുര്‍ബലരായ ആ വിശ്വാസിസംഘത്തിന് എന്തെല്ലാം പീഡന പര്‍വങ്ങള്‍ താണ്ടേണ്ടിവന്നു! പിതാക്കളുടെയും പ്രപിതാക്കളുടെയും മതത്തെ കൈവെടിയുന്നു എന്ന് ആക്ഷേപിച്ചായിരുന്നല്ലോ വിശ്വാസിസമൂഹത്തെ ബഹുദൈവാരാധക ശക്തികള്‍ പീഡിപ്പിച്ചത്. വിശ്വാസ സ്വാതന്ത്ര്യത്തിന് വേണ്ടി ഇത്രയേറെ പീഡനങ്ങളേറ്റുവാങ്ങിയ ഒരു സമൂഹത്തിന്റെ പിന്മുറക്കാര്‍ക്ക് എങ്ങനെയാണ്, അവര്‍ക്ക് അധികാരം കിട്ടുമ്പോള്‍, ഇതര മതവിശ്വാസികള്‍ക്കുമേല്‍ വിശ്വാസത്തിന്റെ പേരില്‍ ബലപ്രയോഗം നടത്തുന്ന ആരാച്ചാര്‍മാരും രക്തദാഹികളുമാകാന്‍ കഴിയുക? ഇതെങ്ങനെ യുക്തിസഹമാകും? പ്രമാണപാഠങ്ങള്‍ മാത്രമല്ല ഇസ്‌ലാമിക ചരിത്രവും പരിശോധിച്ചുനോക്കൂ. അതിക്രമത്തിന്റെ ത്വാഗൂത്തിയന്‍ ശക്തികളെ തകര്‍ത്ത് ജനസമൂഹങ്ങളെ അവരുടെ മാന്ത്രിക വലയങ്ങളില്‍നിന്ന് രക്ഷപ്പെടുത്തി, അവര്‍ക്ക് ഇഷ്ടമുള്ളത് സ്വീകരിക്കാനുള്ള സ്ഥിതി സംജാതമാക്കുകയായിരുന്നു യഥാര്‍ഥത്തില്‍ ഇസ്‌ലാമിലെ ജിഹാദ്... ഇസ്‌ലാമിക നാടുകള്‍ മതസ്വാതന്ത്ര്യത്തിന്റെ നാടുകളായിത്തീര്‍ന്നത് അതുകൊണ്ടാണ്. പീഡിപ്പിക്കപ്പെടുന്ന മതവിഭാഗങ്ങള്‍ അവരുടെ നാട്ടില്‍നിന്ന് അഭയം തേടിയെത്തിയത് മുസ്‌ലിം നാടുകളിലേക്കായിരുന്നു. ഇങ്ങനെ ഇസ്‌ലാമിന്റെ തണലില്‍ സുരക്ഷിതത്വം കണ്ടെത്തിയ നിരവധി  ജൂത-ക്രൈസ്തവ വിഭാഗങ്ങളുണ്ട്. ഇത്തരം അപൂര്‍വ സെക്ടുകള്‍ ഇപ്പോള്‍ മുസ്‌ലിം ലോകത്ത് മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്നതാണ് സത്യം. മറ്റിടങ്ങളിലൊക്കെ അധികാരശക്തിയുള്ള വലിയ ചര്‍ച്ചുകള്‍ അത്തരം സെക്ടുകളെ നാമാവശേഷമാക്കിക്കളഞ്ഞു.''7

അതിനാല്‍ വിശ്വാസസ്വാതന്ത്ര്യത്തെ പൗരസ്വാതന്ത്ര്യത്തിന്റെ അടിത്തറയായി എണ്ണിയ ഇസ്‌ലാമിക ചിന്തകരു്.8 മറ്റൊരു ചിന്തകന്‍ അതിനെ 'ഒന്നാമത്തെ മനുഷ്യാവകാശം' ആയി കാണുന്നു.9

 

കുറിപ്പുകള്‍

1. ഇമാം ശാത്വിബിയുടെ മഖാസ്വിദീ ചിന്തകളെ കേന്ദ്രീകരിച്ച് പുതിയ കാലത്ത് പൗരസ്വാതന്ത്ര്യത്തെക്കുറിച്ച് മൂന്ന് പ്രധാന കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഒന്ന്, അല്ലാമാ ഫാസിയുടെ 'മഖാസ്വിദുശ്ശരീഅ അല്‍ ഇസ്‌ലാമിയ്യ വ മകാരിമുഹാ', രണ്ട്: അബ്ദുല്‍ കരീം ഹസന്‍ അല്‍ അയ്‌ലിയുടെ 'അല്‍ ഹുര്‍രിയാത്തുല്‍ ആമ്മ'. മൂന്ന്: മുഹമ്മദ് ഫത്ഹി ഉസ്മാന്റെ 'ഉസ്വൂലുല്‍ ഫിക്‌രില്‍ ഇസ്‌ലാമി.'

2. നദീമുല്‍ ഹസന്‍- ഫല്‍സഫതുല്‍ ഹുര്‍രിയ്യ ഫില്‍ ഇസ്‌ലാം, പേജ് 313

3. തഫ്‌സീറുല്‍ മനാര്‍, മുഹമ്മദ് ത്വാഹിര്‍ ഇബ്‌നു ആശൂറിന്റെ 'അത്തഹ്‌രീര്‍ വത്തന്‍വീര്‍' എന്ന കൃതികളില്‍ വന്നിട്ടുള്ള ഈ ഖുര്‍ആന്‍ സൂക്തത്തിന്റെ വ്യാഖ്യാനം കാണുക.

4. ഇബ്‌നു ആശൂര്‍: അത്തഹ്‌രീറു വത്തന്‍വീര്‍ 3/26

5. ലോകത്ത് ജന്മഭൂമിയില്‍നിന്ന് പിഴുതുമാറ്റപ്പെട്ടവരില്‍ പകുതിയും മുസ്‌ലിംകളാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ (പഴയ) കണക്ക്. അവരാണെങ്കില്‍ മൊത്തം ലോക ജനസംഖ്യയുടെ അഞ്ചിലൊന്നുമാത്രവും. ഫലസ്ത്വീന്‍, ബോസ്‌നിയ ദുരന്തങ്ങള്‍ക്ക് സമാനമായത് ചരിത്രത്തില്‍നിന്ന് കണ്ടെടുക്കാനാവുമോ?

6. മുഹമ്മദ് ഹുസൈന്‍ ത്വബ്ത്വബാഇ: അല്‍ ്മീസാനു ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍

7. സയ്യിദ് ഖുത്വ്ബ്- ഫീ ളിലാലില്‍ ഖുര്‍ആന്‍

8. മുഹ്‌സിന്‍ അല്‍ മീലി- അല്‍ അല്‍മാനിയ്യത്തു ഔ ഫല്‍സഫതു മൗതില്‍ ഇന്‍സാന്‍, പേജ് 38

9. സയ്യിദ് ഖുത്വ്ബ് (നേരത്തേ പറഞ്ഞ കൃതി.)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (27-29)
എ.വൈ.ആര്‍

ഹദീസ്‌

പ്രാര്‍ഥന: വിശ്വാസിയുടെ അടയാളം, ആത്മാവിന്റെ പോഷണം
കെ.വി ഹിബ ഹമീദ് അല്‍ജാമിഅഃ ശാന്തപുരം