ജീവിത സാഫല്യം ഖുര്‍ആനിന്റെ നിറവില്‍
മനഃപാഠമാക്കാനും ഹൃദിസ്ഥമാക്കാനും പാകത്തില്‍ ലളിതമായ ഗ്രന്ഥമാണ് ഖുര്‍ആന്‍. ചിന്തിക്കാനും ഗ്രഹിക്കാനും എളുപ്പമുള്ള ഗ്രന്ഥമാണ് എന്നതും ഖുര്‍ആനിന്റെ സവിശേഷതയാണ്. ''തീര്‍ച്ചയായും ചിന്തിച്ചു ഗ്രഹിക്കാന്‍ ഖുര്‍ആന്‍ നാം ലളിതമാക്കിയിരിക്കുന്നു. എന്നാല്‍ ചിന്തിച്ചു ഗ്രഹിക്കുന്നവരായി ആരെങ്കിലുമുണ്ടോ?'' (അല്‍ഖമര്‍: 17).
ഖുര്‍ആനിന്റെ പദങ്ങളും വാക്യങ്ങളും സൂക്തങ്ങളും ലളിതവും സരളവും സ്വഛസുന്ദരവുമാണ്. നെഞ്ചകത്ത് ഖുര്‍ആനെ കുടിയിരുത്താനും മനഃപാഠമാക്കാനും ഹൃദയം ഖുര്‍ആനിന്റെ വിലാസവേദിയാക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് എളുപ്പം വഴങ്ങുന്നതാണ് വിശുദ്ധ ഗ്രന്ഥം. അതിനാലാണ് മുസ്‌ലിംകളിലെ ആയിരങ്ങളും പതിനായിരങ്ങളും വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയതായി നാം കാണുന്നത്. അവരില്‍ അധികവും പ്രായപൂര്‍ത്തിയാവാത്ത കൊച്ചുകുട്ടികളാണ്. ഒരു ഗ്രന്ഥത്തെക്കുറിച്ച് വിശുദ്ധമെന്നോ അവിശുദ്ധമെന്നോ വിലയിരുത്താനുള്ള തിരിച്ചറിവില്ലാത്ത കൊച്ചുകുഞ്ഞുങ്ങളാണ് ഖുര്‍ആന്‍ മനഃപാഠമാക്കുന്നത്.
ക്രിസ്ത്യാനികള്‍ തങ്ങളുടെ വിശുദ്ധ വേദഗ്രന്ഥം, വിശ്വാസികളായിട്ടുപോലും മുഴുവനായോ പകുതിയോ നാലില്‍ ഒന്നോ ഹൃദിസ്ഥമാക്കിയതായി തോന്നുന്നില്ല. എന്തിന് പറയുന്നു, അവരിലെ പണ്ഡിതന്മാരും പരീശന്മാരും ബിഷപ്പുമാരും കര്‍ദിനാള്‍മാരും വേദഗ്രന്ഥം മനഃപാഠമാക്കിയവരല്ല. ഖുര്‍ആന്‍ മനോഹരമായി മനഃപാഠമാക്കുന്നവര്‍ അനറബികളാണ്. ഏഷ്യയിലും ആഫ്രിക്കയിലുമായി വ്യാപിച്ചുകിടക്കുന്ന ഇന്ത്യക്കാരും പാകിസ്താന്‍കാരും ബംഗ്ലാദേശികളും അഫ്ഗാനികളും തുര്‍ക്കികളും സെനഗല്‍കാരുമൊക്കെ ഖുര്‍ആന്‍ മനഃപാഠമാക്കിയവരില്‍പെടും. ഒരു ഭാഷ എന്ന നിലയില്‍ അറബി അറിയുന്നവരല്ല അവര്‍ ആരും. ഖത്തറില്‍ നടന്ന ഖുര്‍ആന്‍ മനഃപാഠ മത്സരത്തില്‍ ഇവരില്‍ ചിലരെ പരീക്ഷിച്ചറിയാന്‍ എനിക്ക് സന്ദര്‍ഭം ലഭിക്കുകയുണ്ടായി. അതില്‍ ഒരാള്‍ ഖുര്‍ആനിന്റെ ഓഡിയോ കാസറ്റായാണ് എനിക്ക് തോന്നിയത്. ഒരക്ഷരമോ വാക്കോ വിട്ടുപോവാതെ ഖുര്‍ആന്‍ മനോഹരമായി പാരായണം ചെയ്യുകയാണ് അയാള്‍. അറബിയില്‍ ഞാന്‍ അയാളോട്: ''നിങ്ങളുടെ പേരെന്താണ്?'' അയാള്‍ക്ക് മറുപടി പറയാനാവുന്നില്ല. അറബി പദങ്ങളുടെ അര്‍ഥം അയാള്‍ക്കറിയില്ല എന്നതു തന്നെ കാരണം. 'തീര്‍ച്ചയായും നാം ആകുന്നു ആ ഉദ്‌ബോധനം (ഖുര്‍ആന്‍) അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്ത് പരിരക്ഷിക്കുന്നതുമാകുന്നു' (അല്‍ഹിജ്ര്‍: 9) എന്ന ദൈവിക വചനത്തിന്റെ പുലര്‍ച്ചയല്ലേ ഇതെല്ലാം! വിശുദ്ധ ഖുര്‍ആനിന്റെ സംരക്ഷണച്ചുമതല അല്ലാഹു ഏറ്റെടുത്തിരിക്കുന്നു എന്ന ഉറപ്പാണ് പദവിന്യാസത്തിലെ 'തീര്‍ച്ചയായും' എന്ന് സൂചിപ്പിക്കുന്ന അക്ഷരത്തില്‍ അടങ്ങിയിരിക്കുന്നത്. തലമുറകള്‍ തലമുറകളായി ഖുര്‍ആന്‍ മനഃപാഠമാക്കുകയും ഹൃദിസ്ഥമാക്കുകയും ചെയ്യുന്നവരെ സജ്ജരാക്കിനിര്‍ത്തി എന്നത് തന്നെയാണ് പരിരക്ഷണത്തിന്റെ ഒരു രീതി.
ഖുര്‍ആന്‍ തജ്‌വീദോടെ മനഃപാഠമാക്കുമ്പോള്‍ എനിക്ക് പത്തു വയസ്സില്‍ കുറവാണ് പ്രായം. അതിനേക്കാള്‍ കുറഞ്ഞ പ്രായത്തിലും മനഃപാഠമാക്കാന്‍ എനിക്ക് സാധിക്കുമായിരുന്നു. ഏഴു വയസ്സിലും ഖുര്‍ആന്‍ മനഃപാഠമാക്കുന്നവരെ ഈജിപ്തില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ചെറുപ്രായത്തില്‍ ഖുര്‍ആന്‍ മനഃപാഠമാക്കുന്നത് വിമര്‍ശിക്കുന്ന ചില വിദ്യാഭ്യാസ വിദഗ്ധരുണ്ട്. അര്‍ഥം ഗ്രഹിക്കാതെ എന്ത് മനഃപാഠമാണെന്നാണ് അവരുടെ ചോദ്യം. തനിക്ക് മനസ്സിലാകാത്തത് മനഃപാഠമാക്കേണ്ടതില്ലെന്നാണ് അവര്‍ കരുതുന്നത്. ഈ ന്യായം ഖുര്‍ആനിന് ബാധകമാക്കേണ്ടതില്ല. കൊച്ചുകുഞ്ഞുങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കിക്കൊള്ളട്ടെ. വലുതാകുമ്പോള്‍ അവര്‍ അര്‍ഥം ഗ്രഹിക്കുമല്ലോ. കുരുന്നുപ്രായത്തില്‍ മനഃപാഠമാക്കുന്നത് കല്ലില്‍ കൊത്തിവെക്കുന്നതുപോലെയാണ്. ചെറുപ്പന്നേ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ഞങ്ങളൊക്കെ മുതിര്‍ന്നപ്പോള്‍ അതിന്റെ പ്രയോജനം അനുഭവിച്ചവരാണ്. ചെറുപ്രായത്തില്‍ ഖുര്‍ആന്‍ നിയമങ്ങളും ചട്ടങ്ങളും പാലിച്ച് മനഃപാഠമാക്കുന്നതിന് നിരവധി ഗുണങ്ങളുണ്ട്. അക്ഷരശുദ്ധിയോടും സ്ഫുടതയോടും ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ വ്യക്തിയെ പ്രാപ്തനാക്കുന്നത് ചെറുപ്രായത്തില്‍ ആര്‍ജിച്ച പാഠങ്ങളും ശീലങ്ങളുമാണെന്ന സത്യം മറക്കരുത്.
ഖുര്‍ആന്‍ മനഃപാഠം പ്രോത്സാഹിപ്പിക്കുന്ന നബിവചനങ്ങള്‍ ധാരാളമുണ്ട്. വിശ്വാസിയുടെ ഉള്ളിന്റെയുള്ളില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഇരമ്പണം. ഖുര്‍ആന്‍ മര്‍മരങ്ങള്‍ക്ക് കാതോര്‍ക്കുന്ന വിശ്വാസിയുടെ ദൈവവുമായുള്ള ആത്മബന്ധം ജീവിതത്തിന് സാരവത്തായ സാഫല്യമേകുന്നു എന്നാണ് പ്രവാചകന്‍ സൂചിപ്പിച്ചത്. ''ഖുര്‍ആനില്ലാത്ത മനസ്സിന്റെ ഉള്ളറകള്‍ ആള്‍പ്പാര്‍പ്പില്ലാത്ത വീടു പോലെയാകുന്നു.'' (തിര്‍മിദി).
ഖുര്‍ആന്‍ പഠിച്ച തന്റെ അനുചരന്മാരെ നബി പ്രത്യേകം ആദരിക്കുമായിരുന്നു. സ്ഥാനങ്ങളും പദവികളും നല്‍കി അവരെ ആദരിച്ചു നബി(സ).
വിശുദ്ധ ഗ്രന്ഥത്തിന്റെ സൗരഭ്യം
അബൂഹുറയ്‌റ ഉദ്ധരിച്ച ഒരു സംഭവം: നബി(സ) ഒരു യാത്രാ സംഘത്തെ അയച്ചു. കുറേ പേരുണ്ട്. അവരില്‍ ഓരോരുത്തരെയും നബി(സ) ഖുര്‍ആന്‍ ഓതിച്ചു. കൂട്ടത്തില്‍ ഇളമുറക്കാരനായ യുവാവിനോട് നബി(സ): ''മകനേ, ഖുര്‍ആനില്‍ നിനക്ക് ഏതൊക്കെ അധ്യായങ്ങള്‍ അറിയാം?''
യുവാവ്: ''ഇന്നയിന്ന അധ്യായങ്ങള്‍. പിന്നെ സൂറത്തുല്‍ ബഖറയും.''
നബി(സ): ''നിനക്ക് സൂറത്തുല്‍ ബഖറ അറിയുമെന്നോ?''
യുവാവ്: ''അതേ.''
നബി(സ): ''പോകൂ, നീയാണ് അവരുടെ അമീര്‍.''
സദസ്സിലുണ്ടായിരുന്ന ഒരു പ്രമുഖ വ്യക്തി: ''സൂറത്തുല്‍ ബഖറയോട് നീതിപുലര്‍ത്തി ജീവിക്കാന്‍ ആവില്ലെന്ന ആശങ്കയിലാണ് ഞാന്‍ ആ അധ്യായം പഠിക്കാതിരുന്നത്.''
നബി(സ): ''നിങ്ങള്‍ ഖുര്‍ആന്‍ പഠിക്കുകയും അത് പാരായണം ചെയ്യുകയും വേണം. ഖുര്‍ആന്‍ പഠിക്കുകയും പാരായണം നടത്തുകയും ചെയ്യുന്നവന്റെ ഉപമ കസ്തൂരി നിറച്ച തുറന്നുവെച്ച പാത്രം പോലയാണ്. അതിന്റെ സൗരഭ്യം നാനാ ദിക്കിലും പരക്കും. പഠിച്ചിട്ട് ഉറങ്ങുന്നവന്റെ ഉപമ അടച്ചുവെച്ച കസ്തൂരി പാത്രം പോലെയാണ്'' (തിര്‍മിദി).
ജീവിതകാലത്ത് ഇതാണ് സമീപനമെങ്കില്‍ മരണാനന്തരവും ഇതേ ആദരവ് ഖുര്‍ആന്‍ വാഹകരോട് നബി കാണിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു. ഖുര്‍ആന്‍ നന്നായി അറിയുന്നവര്‍ക്കായിരുന്നു ഖബ്‌റില്‍ വെക്കുമ്പോള്‍ മുന്‍ഗണന. ഉഹുദിലെ രക്തസാക്ഷികളെ മറമാടിയത് ഉദാഹരണം. വിവിധ ഗോത്രവംശജര്‍ക്ക് ഇസ്‌ലാമിന്റെ നിയമങ്ങളും നിര്‍ദേശങ്ങളും പഠിപ്പിക്കാന്‍ ഖുര്‍ആന്‍ അറിയുന്നവരെയാണ് നബി(സ) നിയോഗിച്ചയച്ചത്. ഖുര്‍ആന്‍ വാഹകര്‍ക്ക് ദൗത്യം ഭംഗിയായി നിറവേറ്റാന്‍ ആകുമെന്ന് നബി(സ)ക്ക് അറിയാമായിരുന്നു. 'ബിഅ്ര്‍ മഊന' സംഭവത്തില്‍ ശഹീദായ എഴുപതോളം സ്വഹാബിമാരെ മുശ്‌രിക്കുകള്‍ ചതിച്ചു കൊല്ലുകയായിരുന്നു.
അബൂഹുറയ്‌റ(റ) റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസ്: നബി(സ) പറഞ്ഞു: അന്ത്യനാളില്‍ ഖുര്‍ആന്റെ തോഴന്‍ കടന്നുവരുമ്പോള്‍ ഖുര്‍ആന്‍ പറയും: 'രക്ഷിതാവേ, അയാളെ പൊന്നാട അണിയിക്കൂ.' അപ്പോള്‍ അയാളെ ആദരവിന്റെ കിരീടമണിയിക്കും. പിന്നെയും ഖുര്‍ആന്‍: 'രക്ഷിതാവേ, പോരാ, കൂട്ടിക്കൊടുക്കൂ.' ആദരപൊന്നാട വീണ്ടും അണിയിക്കും. വീണ്ടും ഖുര്‍ആന്‍: 'രക്ഷിതാവേ, അയാളില്‍ നീ തൃപ്തിയടയൂ.' അല്ലാഹു അയാളില്‍ സംപ്രീതനാകും. തുടര്‍ന്ന് അല്ലാഹു: 'ഓതുക, സോപാനങ്ങളില്‍ ഏറുക. ഓരോ സൂക്തത്തിനും ഓരോ നന്മയെന്ന വിധത്തില്‍ അയാള്‍ ഉയരങ്ങളിലേക്ക് കയറിക്കയറിപ്പോകും' (തിര്‍മിദി).
പരലോകത്തിലെ പ്രതിഫലം ഖുആന്‍ വാഹകരില്‍ മാത്രം ഒതുങ്ങുന്നില്ല. മാതാപിതാക്കളിലേക്കും എത്തും അതിന്റെ വെളിച്ചം. ബുറൈദ (റ) റിപ്പോര്‍ട്ട് ചെയ്ത നബിവചനം: നബി(സ) പറഞ്ഞു: ഖുര്‍ആന്‍ പഠിക്കുകയും പാരായണം നടത്തുകയും ഖുര്‍ആന്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിക്ക് അന്ത്യനാളില്‍ വെളിച്ചത്തിന്റെ കിരീടം അണിയിക്കപ്പെടും. സൂര്യപ്രകാശത്തിന് സമാനമായിരിക്കും അത്. അയാളുടെ മാതാപിതാക്കള്‍ക്കും അണിയിക്കപ്പെടും പൊന്നാടകള്‍. അവര്‍ ഇരുവരും ചോദിക്കും. 'എന്തിനാണ് ഞങ്ങളെ ഇതണിയിച്ചത്?' മറുപടി: 'നിങ്ങളുടെ മകന്റെ ഖുര്‍ആനുമായുള്ള ബന്ധം മുന്‍നിര്‍ത്തിയുള്ള ആദരമാണിത്' (ഹാകിം).
ദൈവികാദരത്തിന് മാതാപിതാക്കളെ അര്‍ഹരാക്കിയത് സന്തതികളെ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ കാണിച്ച ഔത്സുക്യമാണ്. ചെറുപ്പന്നേ മക്കളെ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണം എന്ന സൂചന കൂടി ഈ നബിവചനത്തില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. ഖുര്‍ആന്‍ പാരായണം നടത്തുകയും മനഃപാഠമാക്കുകയും ചെയ്യുന്നവര്‍ക്കുള്ള മഹത്വം വ്യക്തമാക്കുന്ന നിരവധി നബിവചനങ്ങളുണ്ട്. ബുഖാരി ഉദ്ധരിച്ച ഹദീസ് പ്രകാരം ഖുര്‍ആന്‍ മനഃപാഠമാക്കിയ സ്വഹാബിമാര്‍ മുആദുബ്‌നു ജബല്‍, ഉബയ്യുബ്‌നു കഅ്ബ്, സൈദുബ്‌നു സാബിത്, അബൂസൈദ്. മറ്റൊരു റിപ്പോര്‍ട്ടില്‍ അബുദ്ദര്‍ദാഅ് കൂടി ഈ ഗണത്തില്‍പെടും.
നമ്മുടെ കാലഘട്ടത്തില്‍ ഉള്ളതുപോലെ സ്വഹാബിമാരില്‍ ഖാരിഉകളുടെ പെരുപ്പം കാണില്ല. പഠനവും കര്‍മവും ഒപ്പത്തിനൊപ്പം കൊണ്ടുപോയവരായിരുന്നു അവര്‍. അതാണ് ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) പറഞ്ഞത്: ''ഞങ്ങളുടെ കൂട്ടത്തില്‍ സൂറത്തുല്‍ ബഖറയും ആലുഇംറാനും പഠിച്ചവന്‍ മഹാനായി ഗണിക്കപ്പെട്ടു.'' സൂറത്തുല്‍ ബഖറ മനഃപാഠമാക്കിയ വേളയില്‍ ഒട്ടകത്തെ അറുത്ത് ദാനം ചെയ്താണ് ഉമര്‍(റ) ആഘോഷിച്ചത്. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ): ''ഈ ഖുര്‍ആന്‍ അല്ലാഹുവിന്റെ വിരുന്നാണ്. അത് പഠിക്കാന്‍ കഴിയുന്നവര്‍ പഠിക്കട്ടെ. ഖുര്‍ആനില്ലാത്ത ഭവനങ്ങളാണ് ഫലശൂന്യ വസതികള്‍. ഒരു നന്മയും അവിടെയുണ്ടാവില്ല. ഖുര്‍ആനില്ലാത്ത വീടുകള്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഭവനങ്ങളാണ്. സൂറത്തുല്‍ ബഖറ കേള്‍ക്കുന്ന ഭവനങ്ങളില്‍നിന്ന് പിശാച് കുടിയിറങ്ങിപ്പോകും'' (ത്വബറാനി).
വിവ: പി.കെ ജമാല്‍
(ഐ.പി.എച്ച് പ്രസിദ്ധീകരിക്കുന്ന 'കൈഫ നതആമലു മഅല്‍ ഖുര്‍ആനില്‍ അളീം' എന്ന ഗ്രന്ഥത്തില്‍നിന്ന്)
Comments