ഇറാനെതിരെ ഉപരോധം കടുപ്പിച്ച് ട്രംപ്
ഇറാനെ കൂടുതല്‍ സാമ്പത്തിക സമ്മര്‍ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഡൊണാള്‍ഡ് ട്രംപ് ആ രാഷ്ട്രത്തിനെതിരെയുള്ള ഉപരോധം ഒന്നുകൂടി കടുപ്പിച്ചു. എണ്ണ ആശ്രിത സാമ്പത്തിക വ്യവസ്ഥ തകര്‍ക്കുക, ഇറാന്റെ ആണവ മോഹങ്ങള്‍ക്കും ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ക്കും വിലങ്ങിടുക, സിറിയയിലെയും ലബനാനിലെയും യമനിലെയും ഇടപെടലുകള്‍ അവസാനിപ്പിക്കുക എന്നിവയാണ് പുതിയ ഉപരോധത്തിലൂടെ അമേരിക്ക ലക്ഷ്യം വെക്കുന്നത്. ഇറാനുമായുള്ള എണ്ണ വ്യാപാരത്തില്‍നിന്ന് എല്ലാ രാജ്യങ്ങളെയും തടയാനാണ് അമേരിക്കന്‍ നീക്കം. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തുര്‍ക്കിയെ അമേരിക്കയുടെ ഇറാന്‍ ഉപരോധം സാരമായി ബാധിക്കുമെന്നതിനാല്‍ യു.എസ് നിലപാടിനോട് അനുകൂലമല്ല തുര്‍ക്കി. ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ വക്താവ് ഇബ്‌റാഹീം കാലിന്‍ പ്രസ്താവിച്ചിരുന്നു. അമേരിക്കയുമായി ധാരാളം പ്രാദേശിക വിഷയങ്ങളില്‍ ഭിന്നത നിലനില്‍ക്കുന്ന തുര്‍കിക്ക് ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതിയും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
ഇരുപതിലധികം രാജ്യങ്ങള്‍ ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഉപേക്ഷിച്ചതിലൂടെ മെയ് മുതല്‍ 2.5 ബില്യന്‍ ഡോളര്‍ എണ്ണ നികുതിയില്‍ നഷ്ടം വന്നിട്ടുണ്ടെന്നാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറയുന്നത്. 2020 മുതല്‍ ഇറാഖില്‍ നിന്നും സുഊദി അറേബ്യ - കുവൈത്ത് അതിര്‍ത്തിയിലെ വിവാദപരമായ ന്യൂട്രല്‍ സോണിലെ എണ്ണ ശേഖരത്തില്‍ നിന്നും ഇറക്കുമതി ചെയ്യാനാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ന്യൂട്രല്‍ സോണ്‍ എന്നറിയപ്പെടുന്ന എണ്ണസമൃദ്ധമായ ഈ പ്രദേശത്തെ അമേരിക്ക തങ്ങളുടെ 'പെട്രോ- ഡോളര്‍ ഇക്കോണമി'യുടെ പ്രധാന സ്രോതസ്സുകളിലൊന്നാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സുഊദി അറേബ്യ അമേരിക്കയുടെ പുതിയ നിലപാടിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ഇറാന്റെ നികുതി വ്യവസ്ഥയുടെ മൂന്നിലൊന്നു ശതമാനം വരുന്ന ക്രൂഡ് ഓയില്‍ വാണിജ്യം തടഞ്ഞ് ഗള്‍ഫ് രാഷ്ട്രങ്ങളെയും അന്താരാഷ്ട്ര സമൂഹത്തെയും ഉപയോഗിച്ച് ഇറാനെ സാമ്പത്തികമായി തളര്‍ത്താനാണ് ട്രംപ് ഉദ്ദേശിക്കുന്നത്. ഇറാനെ ഏതു വിധേനയും തകര്‍ത്തുകളയുമെന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ പറഞ്ഞതിന്റെ അര്‍ഥമിതാണ്. അമേരിക്കയുടെ 'സാമ്പത്തിക യുദ്ധ'ത്തെ അതിജീവിച്ച് എണ്ണ വ്യാപാരം തുടരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രഖ്യാപിച്ചിട്ടു്. ഈ മുഠാളത്തം അമേരിക്കയെത്തന്നെ ഒറ്റപ്പെടുത്താന്‍ കാരണമാകുമെന്നാണ് വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് സരിഫ് പറഞ്ഞത്. ഇക്കാരണത്താല്‍ അമേരിക്കയുമായുള്ള ന്യൂക്ലിയര്‍ കരാര്‍ റദ്ദാക്കാന്‍ ഇറാന്‍ ആലോചിക്കുന്നുവെന്ന് ജാവേദ് സരിഫ് പറഞ്ഞു. ഏപ്രില്‍ യു.എസ് ഭരണകൂടം ഇറാനിന്റെ റവല്യൂഷണറി ഗാര്‍ഡിനെ വിദേശ ഭീകര സംഘടന എന്ന് മുദ്രകുത്തിയിരുന്നു. ഇതിനു ബദലായി യു.എസ് സൈന്യത്തെ 'ഭീകരവാദി' എന്ന് വിളിക്കണം എന്ന പ്രമേയം ഇറാന്‍ പാര്‍ലമെന്റും പാസ്സാക്കി.
വര്‍ഷങ്ങളായുള്ള അമേരിക്കന്‍ ഉപരോധം വഴി ഇറാന്‍ സാമ്പത്തിക വ്യവസ്ഥ ദുര്‍ബലമായിട്ടു്. മാര്‍ച്ച് 19 മുതല്‍ ശക്തമായ മഴകാരണം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 2.6 ബില്യണ്‍ ഡോളറിലധികം നാശനഷ്ടമുണ്ടായിരുന്നു. അമേരിക്കന്‍ സാമ്പത്തിക ഉപരോധം റിലീഫ് പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. ഈ സാഹചര്യത്തില്‍ എണ്ണ വ്യാപാരത്തിനുമേലുള്ള പുതിയ ഉപരോധം ഇറാന്റെ സാമ്പത്തികക്രമത്തില്‍ ആഴത്തില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കും.
ശൈഖ് അബ്ബാസീ മദനി (1931-2019)
ശൈഖ് അബ്ബാസീ മദനി അന്തരിച്ചു. അള്‍ജീരിയന്‍ ഇസ്‌ലാമിക ചലനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലൊന്നായ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ടി (എകട) ന്റെ സ്ഥാപക നേതാക്കളിലൊരാളാണ്. 1931-ല്‍ അള്‍ജീരിയയില്‍ സയ്യിദീ അഖ്ബയില്‍ ജനിച്ചു. 1954-ലെ അള്‍ജീരിയന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു. അള്‍ജീരിയക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ ജയില്‍വാസം അനുഭവിച്ചു. 1978-ല്‍ യൂനിവേഴ്‌സിറ്റി ഓഫ് ലണ്ടനില്‍നിന്നും എജുക്കേഷനല്‍ സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടുകയും യൂനിവേഴ്‌സിറ്റി ഓഫ് അള്‍ജിയേഴ്‌സില്‍ എജുക്കേഷണല്‍ സയന്‍സിലെ പ്രഫസറായി നിയമിതനാവുകയും ചെയ്തു. സോഷ്യലിസ്റ്റായ പ്രസിഡന്റ് ശാദുലി ബിന്‍ ജദീദിന്റെ (1978-1992) പ്രധാന വിമര്‍ശകരില്‍ ഒരാളായിരുന്നു അബ്ബാസീ മദനി. എണ്ണസമ്പന്ന രാഷ്ട്രമായ അള്‍ജീരിയയെ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിച്ചത് നാഷ്‌നല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ ഏകാധിപത്യ ഭരണമാണ്. 1989-ല്‍ ശാദുലി ബിന്‍ ജദീദിന്റെ നാഷ്‌നല്‍ സാല്‍വേഷന്‍ ഫ്രണ്ടിനെതിരെ പ്രതിഷേധം ശക്തമായതോടെ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കുകയും വിവിധ പാര്‍ട്ടികള്‍ രൂപീകരിക്കപ്പെടുകയും ചെയ്തു. പ്രമുഖ പണ്ഡിതന്‍ ശൈഖ് അലി ബെല്‍ഹാജിനെയും മറ്റു സമാന ചിന്താഗതിയുള്ള പണ്ഡിതരെയും ചേര്‍ത്ത് അബ്ബാസ് മദനി ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ട് രൂപീകരിച്ചു. 1991-ല്‍ ബിന്‍ജദീദ് ഭരണകൂടത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു.
1991 ഡിസംബര്‍ 26-ലെ തെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ടില്‍ 231 സീറ്റുകളില്‍ 188 സീറ്റും സാല്‍വേഷന്‍ ഫ്ര് സ്വന്തമാക്കിയിരുന്നു. ഒരു മാസത്തിന് ശേഷം നടത്താനിരുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഇത് കാരണം നിര്‍ത്തലാക്കി. ഇസ്‌ലാമിക പ്രസ്ഥാന നേതാക്കളെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടു. നാഷ്‌നല്‍ ലിബറേഷന്‍ ഫ്രണ്ടിനെ പോലെ ഫ്രാന്‍സ്, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ തല്‍പരകക്ഷികളും ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ടിന്റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ അതൃപ്തരായിരുന്നു. 1992 ജനുവരി അഞ്ചാം തീയതി ലണ്ടനിലെ ദി സണ്‍ഡേ ടൈംസ് സദ്ദാം ഹുസൈന്‍, ഇസ്‌ലാമിക പ്രസ്ഥാനത്തിന് ന്യൂക്ലിയര്‍ ബോംബുണ്ടാക്കാനുള്ള വിവരം കൈമാറി എന്ന കള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഫ്രഞ്ച് ഭരണകൂടവും അള്‍ജീരിയന്‍ മിലിട്ടറിക്കൊപ്പമായിരുന്നു. പ്രതിരോധ മന്ത്രിയായിരുന്ന ജനറല്‍ ഖാലിദ് നാസര്‍ പട്ടാള അട്ടിമറി നടത്തി പട്ടാളനിയമം പ്രഖ്യാപിച്ചു. അള്‍ജീരിയന്‍ ഗ്രാമപ്രദേശങ്ങളിലും പട്ടാള ഭരണകൂടം അതിക്രൂരമായ നരഹത്യയാണ് നടത്തിയത്. മൂന്നു ലക്ഷത്തിലധികം പേര്‍ ഈ ആഭ്യന്തര കലഹത്തില്‍ കൊലചെയ്യപ്പെട്ടു; പതിനായിരത്തിലധികം ദേശവാസികള്‍ ഭവനരഹിതരായി. 1992-ലെ തെരഞ്ഞെടുപ്പു ഫലം മിലിട്ടറി തള്ളിക്കളഞ്ഞത് രാഷ്ട്രത്തെ പത്തു വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചു. ഇക്കാലമത്രയും അബ്ബാസീ മദനി കാരാഗൃഹത്തിലായിരുന്നു. ഭരണകൂടവുമായുള്ള ഒത്തുതീര്‍പ്പിന് അദ്ദേഹം തയാറില്ല. 1997-ല്‍ അബ്ബാസീ മദനി ജയില്‍മോചിതനായെങ്കിലും അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കുകയും സജീവ രാഷ്ട്രീയത്തില്‍നിന്ന് വിലക്കുകയും ചെയ്തു. 2003-ല്‍ ചികിത്സക്കായി ഖത്തറിലെത്തിയ ശൈഖ് അബ്ബാസീ മദനി മരണം വരെ (ഏപ്രില്‍ 24) അവിടെ അഭയാര്‍ഥിയായി ജീവിച്ചു.
Comments