Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 08

3088

1440 ജമാദുല്‍ ആഖിര്‍ 02

മലപ്പുറം അബു സാഹിബ്

പി.എ.എം അബ്ദുല്‍ഖാദര്‍, തിരൂര്‍ക്കാട്

1967-ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചതു മുതല്‍ അരനൂറ്റാണ്ട് നീണ്ടുനിന്ന ബന്ധമാണ് അബു സാഹിബുമായുള്ളത്. 2019 ജനുവരി 18-ന് വെള്ളിയാഴ്ച രാവിലെ മലപ്പുറം ഹാജിയാര്‍ പള്ളിയിലെ വസതിയിലാണ് ദീര്‍ഘനാളത്തെ രോഗാവസ്ഥക്കുശേഷം അബു സാഹിബ് എന്ന പേരിലറിയപ്പെടുന്ന എ.എം അബൂബക്കര്‍ നിര്യാതനായത്.

ജമാഅത്തെ ഇസ്‌ലാമി എന്ന ഇസ്‌ലാമിക പ്രസ്ഥാനത്തെ അക്ഷരത്തിലും അര്‍ഥത്തിലും നെഞ്ചിലേറ്റിയ ഉന്നത വ്യക്തിത്വമായിരുന്നു അബു സാഹിബ്. ജീവിതത്തിലുടനീളം പ്രസ്ഥാന ചൈതന്യം ഒട്ടും കൈവിടാതെ നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. മത-സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ രംഗങ്ങളില്‍ അനുകരണീയമായ മാതൃകാ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കഴിഞ്ഞതിലുള്ള ആത്മസായൂജ്യം അദ്ദേഹത്തിന്റെ ആത്മാവിന് എന്നെന്നും കൂട്ടായിത്തീരും എന്ന കാര്യത്തില്‍ സംശയമില്ല. സ്ഥാനമാനങ്ങള്‍ നേടാന്‍ ഒരിക്കലും തുനിഞ്ഞിറങ്ങാത്ത അദ്ദേഹത്തെ സ്ഥാനമാനങ്ങള്‍ തേടിയെത്തുകയായിരുന്നു. ശാന്തപുരം ഇസ്‌ലാമിയാ കോളേജിന്റെ ഭരണസമിതി അംഗമെന്ന നിലയിലും പിന്നീട് ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റിന്റെ ബോര്‍ഡ് അംഗമെന്ന നിലയിലും ബന്ധപ്പെട്ട യോഗങ്ങള്‍ക്ക് വരുമ്പോള്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍ സ്ഥാപനത്തിലെ അധ്യാപകരുമായും സീനിയര്‍ വിദ്യാര്‍ഥികളുമായും ആശയ വിനിമയം നടത്തുന്ന പതിവുണ്ടായിരുന്നു. മലപ്പുറം ഫലാഹിയാ കോളേജിന്റെയും മറ്റു പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ദൈനംദിന നടത്തിപ്പില്‍ വലിയ സേവനങ്ങളാണ് അദ്ദേഹം ചെയ്തുകൊിരുന്നത്. സ്ഥാപനങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ സാമ്പത്തികരംഗം പ്രതിസന്ധി നേരിടുമ്പോഴൊക്കെ പരിഹാരത്തിനായി പലരും അബു സാഹിബിനെ സമീപിക്കുമായിരുന്നു. കഴിവും കനിവുമുള്ളവരെ സമീപിച്ച് സ്ഥാപനങ്ങള്‍ക്കു വേണ്ടി സഹായം തേടുന്നതില്‍ ഒരിക്കലും അലംഭാവം കാണിച്ചിരുന്നില്ല. മലപ്പുറം സൗഹാര്‍ദ സംഘത്തിലും മലപ്പുറം മുസ്‌ലിം പരിപാലന സംഘത്തിലുമുള്ള അദ്ദേഹത്തിന്റെ സേവനങ്ങള്‍ ബഹുസ്വര സമൂഹത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന്റെ മാതൃക പകര്‍ന്നുനല്‍കുന്നതായിരുന്നു.

യുവാക്കളെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യാപൃതരാക്കുന്നതിന് സക്രിയമായ നീക്കം പ്രസ്ഥാനത്തിന്റെ ഭാഗത്തു നിന്നുണ്ടാവേണ്ടതുെന്ന് മലപ്പുറത്ത് ഒരു ആലോചനാ യോഗത്തില്‍ ശക്തമായ ആവശ്യമുയര്‍ന്നു. വിഷയത്തിന്റെ പൊരുള്‍ യഥോചിതം ഉള്‍ക്കൊണ്ട അബു സാഹിബ് ജമാഅത്തിന്റെ ജില്ലാ സമിതിയോഗത്തില്‍ കാര്യങ്ങളവതരിപ്പിക്കുകയും പ്രായോഗിക രൂപരേഖ ഉണ്ടാക്കുകയും ചെയ്തു. അതിന്റെ അനന്തര ഫലമായിട്ടായിരുന്നു മലപ്പുറം ജില്ലയില്‍ രൂപംകൊണ്ട 'ഫിസ്‌കോ' എന്ന സംഘടന. അക്കാലത്ത് വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇസ്‌ലാമിക് സ്റ്റഡി സര്‍ക്ക്‌ളുകളുടെയും സമാന സംഘടനകളുടെയും പൊതുവേദിയായിട്ടാണ് ഫിസ്‌കോ അഥവാ 'ഫെഡറേഷന്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡി സര്‍ക്ക്ള്‍സ് ആന്റ് ഓര്‍ഗനൈസേഷന്‍സ്' നിലവില്‍വന്നത്. ദേവതിയാല്‍ പൂക്കോയ തങ്ങളായിരുന്നു ഫിസ്‌കോ പ്രസിഡന്റ്. കൂടിയാലോചനാ യോഗങ്ങളില്‍ മുഖ്യപങ്കാളിത്തം അബു സാഹിബിനുണ്ടായിരുന്നു. മെഡിക്കല്‍ ക്യാമ്പുകള്‍, കലാസാഹിത്യ കൂട്ടായ്മകള്‍, ചര്‍ച്ചാ വേദികള്‍ തുടങ്ങി നിരവധി സംരംഭങ്ങള്‍ ഫിസ്‌കോയുടെ നേതൃത്വത്തില്‍ നടന്നു. വടക്കേമണ്ണയിലെ പരേതനായ സി.എച്ച് ഹംസ മാസ്റ്ററും ഇന്ന് ജീവിച്ചിരിക്കുന്ന പല പ്രമുഖ വ്യക്തികളും ഫിസ്‌കോയുടെ നേതൃനിരയില്‍ ഉണ്ടായിരുന്നു. ഒട്ടനവധി യുവജന പ്രതിനിധികളെ പങ്കെടുപ്പിച്ച് മലപ്പുറത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

പ്രസ്ഥാനം ഏല്‍പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാനും അതിനുവേണ്ടി ത്യാഗങ്ങള്‍ അനുഭവിക്കാനും അബു സാഹിബിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. അടിയന്തരാവസ്ഥാകാലത്തെ ചില അനുഭവങ്ങള്‍ ഇതിന് സാക്ഷ്യമാണ്. ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെടുകയും നേതാക്കളില്‍ നല്ലൊരു ഭാഗം ജയിലറകളില്‍ അടക്കപ്പെടുകയും ചെയ്ത സംഭീതമായ ദിനങ്ങളായിരുന്നു അത്. ഇസ്‌ലാമിക പ്രവര്‍ത്തനം അഭംഗുരം തുടരുക, ജയിലില്‍ കഴിയുന്നവരുടെ കുടുംബങ്ങള്‍ക്കു വേണ്ട സംരക്ഷണം നല്‍കുക, അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുക എന്നീ കാര്യങ്ങള്‍ക്കായി പുറത്തുള്ള നേതാക്കള്‍ ചില പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇതിനുവേണ്ടിയുള്ള സുപ്രധാന കൂടിയാലോചനാ യോഗം പൊന്നാനിയിലാണ് നടന്നത്. ഇതിനായി ജില്ലയിലുടനീളം ഒറ്റയാനായി യാത്രചെയ്ത് പ്രസ്ഥാനത്തിന്റെ അനുഭാവികളെയും സഹയാത്രികരെയും ക്ഷണിക്കാനും യോഗത്തില്‍ പങ്കെടുപ്പിക്കാനും അബു സാഹിബ് നടത്തിയ യാതനകള്‍ വാക്കുകള്‍ക്കതീതമാണ്. ജമാഅത്തുമായി ബന്ധപ്പെട്ട കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആശ്വാസവും ആത്മവിശ്വാസവും പകരാന്‍ ഇത് വളരെയധികം പ്രയോജനപ്പെട്ടു. ഇതേ ലക്ഷ്യത്തോടെ വനിതകളുടെ ഒരു കൂട്ടായ്മ തിരൂര്‍ക്കാട്ടെ ഒരു വീട്ടില്‍ സംഘടിപ്പിക്കാനുള്ള പരിശ്രമങ്ങളിലും അബു സാഹിബിന്റെ പങ്ക് ശ്രദ്ധേയമായിരുന്നു.

മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയുടെ നിര്യാണത്തിനു ശേഷമുള്ള ആദ്യത്തെ വെള്ളിയാഴ്ച കോട്ടപ്പടി ജുമാ മസ്ജിദില്‍ അബൂബക്കര്‍ സാഹിബായിരുന്നു ജുമുഅഃ ഖുത്വ്ബ നിര്‍വഹിച്ചത്. ഇസ്‌ലാമിക നവോത്ഥാനത്തിനും സംസ്‌കരണത്തിനും വൈജ്ഞാനിക-ചിന്താ വളര്‍ച്ചക്കും മൗദൂദി സാഹിബ് നല്‍കിയ സംഭാവനകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ആ ഖുത്വ്ബ.

മലപ്പുറം ദഅ്‌വത്ത് നഗര്‍, കൂരിയാട് എന്നിവിടങ്ങളില്‍ നടന്ന ജമാഅത്തിന്റെ സംസ്ഥാന സമ്മേളനങ്ങളുടെയും തിരൂരില്‍ നടന്ന മേഖലാ സമ്മേളനത്തിന്റെയും വിജയകരമായ നടത്തിപ്പില്‍ അനിതര സാധാരണമായ നേതൃപാടവമാണ്  അബു സാഹിബ് പ്രകടിപ്പിച്ചത്. ഏല്‍പിക്കപ്പെടുന്ന വകുപ്പിന്റെ പ്രവര്‍ത്തനം കുറ്റമറ്റതാക്കുന്നതില്‍ വളരെ ജാഗ്രത പുലര്‍ത്തി. ശാന്തപുരത്ത് നടക്കാറുള്ള ജമാഅത്ത് അംഗങ്ങളുടെ സംസ്ഥാനതല യോഗങ്ങളില്‍ സംഘാടനത്തില്‍ മുഖ്യസ്ഥാനം പലപ്പോഴും അബു സാഹിബാണ് ഏല്‍ക്കുക.

ജമാഅത്തിന്റെ ഏരിയാതല പ്രവര്‍ത്തക സംഗമങ്ങളില്‍ അബു സാഹിബിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. നേതൃത്വത്തില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അവയുടെ ചൈതന്യം ഒട്ടും ചോര്‍ന്നുപോകാതെ അണികളിലെത്തിക്കും. വിനയം സാമൂഹിക ഇടപാടുകളുടെ മുഖമുദ്രയായി അദ്ദേഹം കാത്തുസൂക്ഷിച്ചു. സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവരുമായി ഇണങ്ങിച്ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിച്ചു. അതുകൊണ്ടുതന്നെ മലപ്പുറത്തെ പല പൊതു ചടങ്ങുകളിലും അദ്ദേഹം ക്ഷണിതാവായിരുന്നു.

മലപ്പുറം കോട്ടപ്പടിയിലായിരുന്നു അദ്ദേഹത്തിന്റെ കച്ചവടകേന്ദ്രം. അത് ജമാഅത്തിന്റെ പ്രവര്‍ത്തനകേന്ദ്രമാണെന്ന പ്രതീതിയാണ് സന്ദര്‍ശകര്‍ക്ക് ഉാവുക. വലിയൊരു കുടുംബത്തിന്റെ ഉത്തരവാദിത്തമായിരുന്നു അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചത്. ഭാര്യമാര്‍: ജമീല, പരേതയായ ആമിന. മക്കള്‍: യൂസുഫ് അലി, അബുല്ലൈസ് ഖത്തര്‍, മുജീബുര്‍റഹ്മാന്‍ കുവൈത്ത്, അഫ്‌സല്‍ ഹുസൈന്‍, അഫ്താബ് മന്‍സൂര്‍, ഇര്‍ഫാന്‍ നൗഫല്‍, അംജദ് അലി, സല്‍ഫത്ത്, ഹഫ്‌സത്ത്, റസിയ, ഷഹര്‍ബാനു, സുമയ്യ റുക്‌സാന, മലീഹ, പരേതരായ സാബിര്‍ അന്‍സാരി, ആഇശ.

 

 

 

ബിലാവിനകത്ത് ഫാത്തിമത്ത് സുഹ്‌റ 

പഴയങ്ങാടി വനിതാ ഹല്‍ഖയിലെ പ്രവര്‍ത്തക ഫാത്തിമത്ത് സുഹ്‌റ എന്ന വമ്പത്തി അല്ലാഹുവിങ്കലേക്ക് യാത്രയായി. തന്റെ കുടുബം സമ്പൂര്‍ണ പ്രസ്ഥാനകുടുംബമായി വാര്‍ത്തെടുക്കാന്‍ പരേതനായ എസ്.വി.പി അബ്ദുല്ല-വമ്പത്തി ദമ്പതികള്‍ക്ക് സാധിച്ചിട്ടുണ്ട്. മാടായിയില്‍ അല്ല കണ്ണൂര്‍ ജില്ലയില്‍ പ്രസ്ഥാനത്തിന് കവാടം തുറന്നുകൊടുത്തത് ഫാത്തിമത്ത് സുഹ്‌റയുടെ പിതാവായിരുന്നു. ഹാജി സാഹിബിന്റെ സഹപ്രവര്‍ത്തകന്‍ എം.എം അബ്ദുര്‍റഹ്മാന്‍ ഹാജി സാഹിബാണ് അവരുടെ പിതാവ് എന്നതുകൊണ്ടു തന്നെ പ്രസ്ഥാനകുടുംബമായി വളരാന്‍ അവസരമായി. മാടായിയില്‍ പ്രസ്ഥാനസന്ദേശവുമായി എത്തിയ പണ്ഡിതശ്രേഷ്ഠര്‍ വി.കെ.എം ഇസ്സുദ്ദീന്‍ മൗലവി, ടി. ഇസ്ഹാഖ് മൗലവി, എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി, കെ. മൊയ്തു മൗലവി എന്നിവരുടെ അഭയകേന്ദ്രവും പ്രസ്ഥാന ആസ്ഥാനവും പഴയങ്ങാടി പാള്ളിക്കരയിലുള്ള എം.എമ്മിന്റെ വീടായിരുന്നു. ചെറുപ്രായത്തിലേ പ്രസ്ഥാന നേതാക്കളുടെ സഹവാസവും ചേന്ദമംഗല്ലൂര്‍ ബോര്‍ഡിംഗിലെ താമസവും പ്രസ്ഥാന പ്രവര്‍ത്തകയാകുന്നതിന് അവര്‍ക്ക് പ്രചോദനമായിട്ടുണ്ടാകാം.

എം.എം അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ പെണ്‍മക്കളെല്ലാം നല്ല ഗായികമാരായിരുന്നു. ഹാജി സാഹിബ് വീട്ടില്‍ വന്നാല്‍ ഇവരെ കൊണ്ട് പാട്ട് പാടിക്കുമായിരുന്നു. ഫാത്തിമത്ത് സുഹ്‌റ തന്റെ സൗകര്യത്തേക്കാള്‍ മറ്റുള്ളവരുടെ സന്തോഷത്തിനും സൗകര്യത്തിനും പ്രാമുഖ്യം നല്‍കി. എപ്പോഴും പുഞ്ചിരി മാത്രം മുഖത്തുള്ള അവര്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവരായി, തന്റെ കുടുംബത്തിനും സമൂഹത്തിനും താങ്ങും തണലുമായി. മകളെ പ്രസ്ഥാനപരിപാടിയിലേക്ക് പറഞ്ഞയച്ച് മകളുടെ മക്കളുടെ പരിചരണം സ്വയം എറ്റെടുക്കും. ഒരു പരിപാടി മുടക്കാതിരിക്കാന്‍ ശ്രദ്ധിക്കും. 

ഭര്‍ത്താവ് വാദിഹുദ സ്ഥാപനങ്ങളിലെ മുഴുസമയ സേവകനും ട്രസ്റ്റ് സെക്രട്ടറിയും  ജമാഅത്ത് അംഗവും മാടായി ഏരിയാ കണ്‍വീനറുമായിരുന്ന പരേതന എസ്.വി.പി അബ്ദുല്ല സാഹിബായിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ സജീവ പ്രസ്ഥാന പ്രവര്‍ത്തകരാണ് മക്കളെല്ലാം. ഖൗല, ബി. മുഹമ്മദ് സാദിഖ് (ദുബൈ), ഖുര്‍ശിദ് അഹ്മദ് (റിയാദ്), ഖലീലുര്‍റഹ്മാന്‍ (ആലിയ കോളേജ് കാസര്‍കോട്), പഴയങ്ങാടി വനിതാ ഹല്‍ഖാ നാസിമത്ത്  ഖന്‍സ ബിലാവിനകത്ത് എന്നിവര്‍ മക്കളും വെല്‍ഫെയര്‍ പാര്‍ട്ടി കല്യാശ്ശേരി മണ്ഡലം സെക്രട്ടറി എസ്.വി.പി അബ്ദുല്‍ ജലീല്‍, ടി.പി.എം അബ്ദുര്‍റഹ്മാന്‍ (തൃക്കരിപ്പൂര്‍) ജാമാതാക്കളുമാണ്.

അബൂസഅ്ദ്  മാടായി

 

 

 

സുഹ്‌റ അബ്ദുല്‍ കരീം

ഇസ്‌ലാമിക പ്രസ്ഥാനത്തെ ഹൃദയത്തോട് ചേര്‍ത്തുവെച്ച ഈരാറ്റുപേട്ടയിലെ സഹോദരിമാരില്‍ മുന്‍നിരയിലായിരുന്നു സുഹ്‌റ അബ്ദുല്‍ കരീം. മാസങ്ങള്‍ക്ക് മുമ്പ് അസുഖബാധിതയാകുന്നതുവരെ ഐ.ആര്‍.ഡബ്ല്യുവിന് കീഴിലുള്ള കരുണ പാലിയേറ്റീവ് കെയറില്‍ സജീവ വളന്റിയറായിരുന്നു. സേവനസന്നദ്ധയായി സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഏതു വീട്ടിലും സാന്ത്വനവുമായി കടന്നുചെല്ലുമായിരുന്നു.

ഈരാറ്റുപേട്ടയിലെ പൗരപ്രമുഖനായിരുന്ന പിതാവ് പി.എഫ് ഫരീദ് സാഹിബ് പകര്‍ന്നുനല്‍കിയ അര്‍പ്പണ മനസ്സ്, മാതുലപുത്രന്‍ പാറനാനീ കരീം സാഹിബുമായുള്ള വിവാഹത്തോടെ പൂര്‍ണമായി. വീട്ടിലെത്തുന്ന പ്രസ്ഥാന നേതാക്കന്മാര്‍ക്ക് ആതിഥ്യമരുളുന്നതിലും പ്രസ്ഥാന പരിപാടികളില്‍ ഓടിയെത്തുന്നതിലും അവര്‍ മുമ്പിലായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളാല്‍ ഈ വര്‍ഷമൊഴികെ എല്ലാ റമദാനുകളിലും ഇഅ്ത്തികാഫിരിക്കാന്‍ എത്തിയിരുന്നു.

മക്കളും മരുമക്കളുമെല്ലാം പ്രസ്ഥാന പ്രവര്‍ത്തകരും അനുഭാവികളുമാണ്.

പി.എസ് അഷ്‌റഫ്, ഈരാറ്റുപേട്ട

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (43-51)
എ.വൈ.ആര്‍