ഇസ്‌ലാമാശ്ലേഷം ഒപ്പമുള്ളവര്‍ക്കും വെളിച്ചമാകുന്നു
അല്ലാഹുവിങ്കല്‍ (അവന്റെ നാമം എന്നെന്നും സ്തുതിക്കപ്പെടട്ടെ) നിന്നുള്ള ഈ വിശിഷ്ട സമ്മാനം/എന്റെ ഇസ്‌ലാമാശ്ലേഷം വളരെ ശക്തമായ ഒരു വികാരം മനസ്സിലുണര്‍ത്തി. സര്‍വലോക രക്ഷിതാവിന്റെ ഈ അന്തിമ സന്ദേശം അതിനെക്കുറിച്ച് കേട്ടിട്ടില്ലാത്തവരിലേക്കും എത്തിക്കണം. ഈ ശ്രമത്തില്‍ തുടക്കത്തില്‍ എനിക്ക് കാര്യമായ വിജയമൊന്നും നേടാന്‍ കഴിഞ്ഞില്ല. ചിലര്‍ അത് തമാശയായെടുത്തു. 'ഞങ്ങള്‍ പഴയ ആളുകളല്ലേ, മൂടുറച്ചുപോയി, പറഞ്ഞാല്‍ ഏല്‍ക്കില്ല, കുട്ടികള്‍ പുതിയവരാണല്ലോ, അവരോട് പറഞ്ഞുനോക്കൂ' എന്ന് കളിയാക്കിയവരുമുണ്ട്. ഏറെക്കാലം എന്റെ ഏക പിന്‍ബലം ഭാര്യ മാത്രമായിരുന്നു. എന്റെ ഇസ്‌ലാമിക വിശ്വാസം പങ്കുവെക്കുന്നത് അവര്‍ മാത്രമാണല്ലോ.
1990-ല്‍ ടെക്‌സസിലെ അ&ങ യൂനിവേഴ്‌സിറ്റിയില്‍ സേഫ്റ്റി എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദ പഠനത്തിനായി ഞാന്‍ അമേരിക്കയിലേക്ക് തിരിച്ചുപോയി. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ഞാന്‍ തീരുമാനമെടുക്കുന്നത് ഈ യാത്രയിലാണ്. ഇതിനൊരു സ്വയം പരിശീലന പരിപാടി ഞാന്‍ തന്നെ കണ്ടെത്തി. ബ്രയന്‍ കോളേജ് സ്റ്റേഷന്‍ ഇസ്‌ലാമിക് ലൈബ്രറിയില്‍നിന്ന് അതിനുവേണ്ട സാമഗ്രികളും സംഘടിപ്പിച്ചു. ഞാന്‍ പഠിക്കുന്ന ഇസ്‌ലാമിക വിഷയങ്ങളെക്കുറിച്ചൊക്കെ വെനിസ്വേലയിലെ എന്റെ കുടുംബത്തിലേക്ക് ഞാന്‍ കത്തെഴുതിക്കൊണ്ടിരുന്നു. 1992-ല്‍ വെനസ്വേലയിലേക്ക് ഞാന്‍ തിരിച്ചെത്തിയപ്പോള്‍, സന്തോഷകരമെന്നു പറയട്ടെ, എന്റെ മാതാപിതാക്കളും ജ്യേഷ്ഠസഹോദരന്മാരില്‍ ഒരാളും ഇസ്‌ലാം സ്വീകരിച്ചു. കുറച്ചു കഴിഞ്ഞ് എന്റെ രണ്ട് സഹോദരിമാരും മറ്റൊരു സഹോദരനും ഒരു സഹോദര പുത്രനും സത്യപാതയിലെത്തി.
വെനിസ്വേലയുടെ തലസ്ഥാനമായ കരകസ് നഗരത്തിലേത് ലാറ്റിനമേരിക്കയിലെ തന്നെ ഏറ്റവും വലിയ മസ്ജിദാണ്. അതിന്റെ ഡയറക്ടറുമായി കൂടിയാലോചിച്ച് അവിടെ ഒരു ഞായറാഴ്ച പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനമായി. മുസ്‌ലിംകളല്ലാത്തവരെയാണ് അതിലേക്ക് ക്ഷണിക്കുക. പള്ളി ഇമാമിനോടൊപ്പം ഞാനും പരിപാടിയുടെ സംഘാടനത്തിന് മുന്നിട്ടിറങ്ങി. ഞങ്ങളുടെ ഈ ആദ്യശ്രമം പൂര്‍ണ വിജയമായി. 250-ഓളം പേരാണ് എത്തി
ച്ചേര്‍ന്നത്. വെനിസ്വേലക്കാരോട് ഇസ്‌ലാമിനെക്കുറിച്ച് ഞാന്‍ നടത്തിയ ആദ്യ പൊതുപ്രഭാഷണമായിരുന്നു ഇത്. ഒരുപക്ഷേ, വെനിസ്വേലയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ജൂതന്മാരും ക്രിസ്ത്യാനികളും നിരീശ്വരവാദികളുമെല്ലാം അടങ്ങുന്ന ഒരു സംഘം ഇസ്‌ലാമിനെ കേള്‍ക്കാനായി ഇങ്ങനെ ഒത്തുകൂടുന്നത്. പരിപാടി വലിയ വിജയമായിരുന്നു എന്നു പറയാന്‍ കാരണം, നിരവധി വെനിസ്വേലക്കാരുടെ ഇസ്‌ലാമാശ്ലേഷത്തിന് അത് കാരണമായി എന്നതുകൊണ്ടാണ്. അല്ലാഹുവിന് സ്തുതി! ഇത്തരം ഞായറാഴ്ച പ്രോഗ്രാമുകള്‍ ഇപ്പോഴുമുണ്ട്.
പലര്‍ക്കും ഇസ്‌ലാമില്‍ താല്‍പര്യമുണ്ടെന്ന് പലയിടങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയപ്പോള്‍ എനിക്ക് മനസ്സിലായി. കുറേയാളുകള്‍ അത് സ്വീകരിച്ചുകഴിഞ്ഞു. പലരും പുസ്തകങ്ങളും മറ്റും വായിച്ച് ക്രമത്തില്‍ അതിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. മുപ്പതു വര്‍ഷം മുമ്പ് ഞാന്‍ എങ്ങനെയായിരുന്നോ ഏതാണ്ട് അതുപോലെത്തന്നെ. മറ്റു ചിലര്‍ വരാന്‍ മടിച്ച് അങ്ങനെ നില്‍ക്കുകയാണ്. അവര്‍ പറയുന്നത്, ഞങ്ങള്‍ ഒരുപാട് തിന്മകളില്‍ മുങ്ങിനില്‍ക്കുകയാണ്, അതില്‍നിന്ന് പെട്ടെന്നൊന്നും കരകയറാന്‍ പറ്റില്ല എന്നാണ്. ഞാന്‍ വായനക്കാരോട് ഒരു കാര്യം പറഞ്ഞോട്ടെ. ഒരാള്‍ ഇസ്‌ലാം സ്വീകരിക്കുമ്പോഴേക്ക് അയാളുടെ ജീവിതം പെട്ടെന്ന് വളരെ നാടകീയമായി ആകെ മാറിമറിയുമെന്ന് ആരും കരുതരുത്. ചിലപ്പോള്‍ അങ്ങനെ സംഭവിച്ചെന്നു വരാം, പലപ്പോഴും സംഭവിച്ചില്ലെന്നും വരാം. ഒരാള്‍ താന്‍ കൂടുതല്‍ കൂടുതല്‍ പഠിക്കുന്ന മുറക്ക് അല്ലാഹുവിലേക്ക്, തന്റെ സ്രഷ്ടാവിലേക്ക്, തന്റെ വിശ്വാസികളായ സഹോദരീ സഹോദരന്മാരിലേക്ക്, ഇസ്‌ലാമിന്റെ മൗലികാധ്യാപനങ്ങളിലേക്ക് ക്രമപ്രവൃദ്ധമായി അടുക്കുന്ന ഒരു പ്രക്രിയയാണിത്. എന്റെ പ്രഭാഷണങ്ങളില്‍ പങ്കെടുക്കാറുള്ള പലരും ചോദിക്കാറുള്ള ചോദ്യങ്ങള്‍ ഇവയാണ്:
1. മുസ്‌ലിമാവണമെങ്കില്‍ ഞാന്‍ അറബി സംസാരിക്കണമെന്നുണ്ടോ?
2. മുസ്‌ലിമാവണമെങ്കില്‍ ഞാന്‍ ഒരു അറബി ആയിത്തീരേണ്ടതുണ്ടോ?
3. ഒരു മുസ്‌ലിമാവുമ്പോള്‍ എനിക്ക് യേശുവിലും കന്യാമറിയമിലുമുള്ള വിശ്വാസം ഉപേക്ഷിക്കേണ്ടിവരുമോ?
ഈ ചോദ്യങ്ങള്‍ക്കൊക്കെയുള്ള ഉത്തരം നിഷേധാത്മകമാണ്. അങ്ങനെയാവേണ്ട ഒരു കാര്യവുമില്ല. ഇസ്‌ലാം ഒരു ആഗോള ദര്‍ശനമാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മുസ്‌ലിംകളുണ്ട്. ഭാഷ ഒന്നിനും ഒരു തടസ്സമേയല്ല. ഒരാള്‍ മുസ്‌ലിമാവണമെങ്കില്‍ അയാള്‍ മഹാന്മാരായ ദൈവദൂതരില്‍ ഒരാളാണ് യേശു എന്ന് വിശ്വസിച്ചേ മതിയാവൂ. മറ്റേതൊരു സ്ത്രീയേക്കാളും അല്ലാഹു പരിഗണനയും സ്ഥാനവും നല്‍കിയിട്ടുള്ളത് അദ്ദേഹത്തിന്റെ മാതാവ് മര്‍യമിനാണുതാനും.
മുസ്‌ലിമാകാനുള്ള ആദ്യപടി വളരെ ലളിതവും എളുപ്പവുമാണ്. യാതൊരുവിധ സങ്കീര്‍ണതകളുമില്ല. പ്രത്യേക പൂജകളോ ചടങ്ങുകളോ ഒരാള്‍ക്ക് താങ്ങാനാവുന്നതിനപ്പുറമുള്ള മറ്റു വല്ല നിബന്ധനകളോ ഒന്നുമില്ല. വളരെ ആത്മാര്‍ഥമായി ഇസ്‌ലാമിനെ പുല്‍കുക എന്നതു മാത്രമാണ് ആവശ്യമായിട്ടുള്ളത്. അതായത് നമ്മുടെ സ്രഷ്ടാവും പ്രപഞ്ച പരിപാലകനുമായ ദൈവം ഏകനാണെന്ന് അടിയുറച്ചു വിശ്വസിക്കുക. അവന്റെ കൈകളിലാണ് നമ്മുടെ ജീവിതവും മരണവും. സകലതും അവന്റെ നിയന്ത്രണത്തില്‍. ആ മഹാശക്തിക്ക് മാത്രമേ നാം കീഴ്‌വണങ്ങാവൂ, ആരാധനകള്‍ അര്‍പ്പിക്കാവൂ. വളരെ മനോഹരമായ പേരുകളും വിശേഷണങ്ങളും അവനു സ്വന്തം. യാതൊന്നിലും അവന് യാതൊരു തരത്തിലുള്ള പങ്കുകാരും ഇല്ല. അവന് സന്തതിയില്ല, പിതാവില്ല, മാതാവില്ല. അവനെ യാതൊന്നുമായും താരതമ്യം ചെയ്യാനേ പറ്റില്ല. പ്രാകൃത വിശ്വാസാചാരങ്ങള്‍ പാടേ ഉപേക്ഷിക്കണം.
കീഴ്‌വണക്കത്തിനും ആരാധനക്കും അല്ലാഹുവല്ലാതെ മറ്റൊരാളും അര്‍ഹനല്ലെന്ന് സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞാല്‍, ഈ സത്യസന്ദേശവുമായി അല്ലാഹു അയച്ച ദൂതനാണ് മുഹമ്മദ് നബി എന്നും സാക്ഷ്യപ്പെടുത്തണം. ബാക്കിയൊക്കെ ക്ഷമയോടെയും അര്‍പ്പണബോധത്തോടെയും ക്രമേണ പഠിച്ചെടുത്താല്‍ മതി. ഈ ദൃഢവിശ്വാസം ഒരാള്‍ക്ക് ഉണ്ടായിക്കഴിഞ്ഞ ഉടനെയാണ് അയാള്‍ മരിക്കുന്നതെങ്കിലും അയാള്‍ മുസ്‌ലിമാണ്. അല്ലാഹുവിന്റെ കാരുണ്യം കൊണ്ടും അനുഗ്രഹം കൊണ്ടും അയാള്‍ സ്വര്‍ഗാവകാശിയുമായിത്തീരാം.
മുഹമ്മദ് ദൈവദൂതനാണ് എന്ന് ഒരാള്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ അദ്ദേഹം മാത്രമേ ദൈവപ്രവാചകനായി ഉള്ളൂ എന്ന് ഒരിക്കലും അര്‍ഥമാക്കുന്നില്ല. ആദം മുതല്‍ക്കുള്ള പ്രവാചക പരമ്പരയുടെ അവസാന കണ്ണി മാത്രമാണ് മുഹമ്മദ് നബി എന്നേ അതുകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ.
(തുടരും)
Comments