Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 08

3088

1440 ജമാദുല്‍ ആഖിര്‍ 02

അതുല്യം ഈ പ്രയത്‌നം

ഡോ. കെ. അഹ്മദ് അന്‍വര്‍

മൗലാനാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍  വിവര്‍ത്തനം വര്‍ഷങ്ങളോളം ഖണ്ഡശ്ശഃയായി പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ചത് (മൂന്നോ നാലോ പേര്‍ അതില്‍ ഭാഗഭാക്കായിരുന്നു; അവസാന അധ്യായങ്ങള്‍ മിക്കവയും ടി.കെ ഉബൈദ് - 'എ.വൈ.ആര്‍' എന്ന ചുരുക്കപ്പേരാണ് പിന്നീട് ഖുര്‍ആന്‍ ബോധനത്തില്‍ കാണാനിടയായത് - ചെയ്തതായിരുന്നു) അവസാനിച്ചപ്പോള്‍ മറ്റൊരു ഖുര്‍ആന്‍ വ്യാഖ്യാനം തുടങ്ങാന്‍ വായനക്കാരുടെ സമ്മര്‍ദം കൂടി വന്നു. ശ്രമിക്കാം എന്ന പത്രാധിപരുടെ ഉറപ്പിന്റെ ഫലമായിരുന്നു തുടര്‍ന്ന് ആരംഭിച്ച ഖുര്‍ആന്‍ ബോധനം.

വര്‍ഷങ്ങളായി പ്രബോധനം വായനക്കാരനായിരുന്ന ഈ ലേഖകനും കുതൂഹലത്തോടെയാണതിനെ വരവേറ്റത്; ചോദ്യങ്ങളും സന്ദേഹങ്ങളും മനസ്സിലുണ്ടായിരുന്നെങ്കിലും.  പക്ഷേ ആദ്യ വാള്യം പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ (ഫാത്തിഹയും അല്‍ബഖറയും) സന്ദേഹങ്ങള്‍ വഴിമാറി; ആസ്വാദനമാണ് ബാക്കിയായത്. കൊള്ളാം, തികച്ചും ന്യായീകരണമര്‍ഹിക്കുന്നത് എന്നിങ്ങനെ തുടങ്ങി വ്യത്യസ്തം, വ്യതിരിക്തം, പിന്നെ അതുല്യം എന്നിങ്ങനെ അഭിപ്രായം മാറി.

വാക്കര്‍ഥം ദ്യോതിപ്പിക്കുന്നതുപോലെ ഖുര്‍ആന്‍ വീണ്ടും വീണ്ടും വായനയും പുനര്‍വായനയും പുനര്‍വ്യാഖ്യാനവും അര്‍ഹിക്കുന്നതും ആവശ്യപ്പെടുന്നതുമാണ്. ആശയങ്ങളുടെയും നിലപാടുകളുടെയും  പുനര്‍നിര്‍മാണവും പുനര്‍വിന്യാസവും ഖുര്‍ആന്‍ പഠനം ആവശ്യപ്പെടും. മുമ്പ് വേണ്ടത്ര വ്യക്തമാകാത്ത പലതും കാലപ്രവാഹത്തില്‍, വിജ്ഞാനവര്‍ധനവില്‍ വ്യക്തമാകും. പുതിയ വെളിച്ചം എന്നും ലഭിച്ചുകൊണ്ടേയിരിക്കും. 

'ഖുറാന്‍' എന്ന് മലയാളത്തില്‍ എഴുതരുത്, 'ഖുര്‍ആന്‍' എന്നെങ്കിലും എഴുതിയാലേ ശരിയാകൂ എന്നു കരുതിയിരുന്ന എനിക്ക്, ഉദാഹരണത്തിന്, ഈയിടെ മാത്രം പ്രസിദ്ധീകൃതമായ സയ്യിദ് ഹുസൈന്‍ നസ്വ്‌റിന്റെ  'The Study Quran - A New Translation ....’  (The Study of Quran.... എന്നല്ല) എന്ന വ്യാഖ്യാന ഗ്രന്ഥത്തിലെ താഴെ കാണിച്ച ഉദ്ധീരണം ഒരു പുതിയ അറിവായിരുന്നു:

''ഹംസ ഇല്ലാതെ 'ഖുറാന്‍' എന്നോ ഹംസയോടു കൂടി 'ഖുര്‍ആന്‍' എന്നോ രണ്ടും വായിക്കാം. പണ്ഡിതരില്‍ ഒരു ന്യൂനപക്ഷം  അവരില്‍ പ്രശസ്തനായ ശാഫിഈയും  (മരണം ക്രി. 820) പെടും  അഭിപ്രായപ്പെടുന്നത്, തൗറാത്ത് എന്നോ ഇഞ്ചീല്‍ എന്നോ പോലെയുള്ള സംജ്ഞനാ നാമം (സാമാന്യ നാമം) ആണിതെന്നും, അല്ലാതെ മറ്റൊരു ധാതുവില്‍നിന്ന് നിഷ്പന്നമായതല്ലെന്നുമാണ്. ഇതേ അഭിപ്രായം തന്നെ അബ്ദുല്ലാഹിബ്‌നു മസ്ഊദിലേക്ക് ചേര്‍ത്തി പറയുന്നുണ്ട്.''

വിവിധ ഖുര്‍ആന്‍ വിവര്‍ത്തന-വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ ആകൃഷ്ടനായിരുന്നു ചെറുപ്പം മുതലേ ഈ ലേഖകന്‍. യൂസുഫലിയുടെ ഇംഗ്ലീഷ് വിവര്‍ത്തനം സ്‌കൂള്‍ കാലഘട്ടത്തില്‍ തുടങ്ങിവെച്ച് പ്രീ-ഡിഗ്രിയോടെ മുഴുവന്‍ വായിച്ചു; ഇന്നും അതാവര്‍ത്തിക്കുന്നു. കൂട്ടത്തില്‍, ആ കാലത്തു തന്നെ സി.എന്‍ അഹ്മദ് മൗലവിയുടേതും വായിച്ചിരുന്നു. അറബി മലയാളത്തിന്റെ ക്ലിഷ്ടത കാരണം ആ ലിപിയില്‍ പ്രസിദ്ധീകൃതമായവ വായിക്കാന്‍ അധികമൊന്നും താല്‍പര്യം തോന്നിയില്ല. ദര്‍സ് പഠനത്തിനിടയില്‍, ജലാലൈനി അവിടവിടെയായും വായിച്ചു (പിന്നീട് സുഊദിയില്‍ വെച്ച് അതിന്റെയും സമാനമായ ത്വബരിയുടെയും ഇംഗ്ലീഷ് വിവര്‍ത്തനം വായിച്ചു. മൂസാ നബിയുടെ വസ്ത്രാപഹരണം മുതല്‍ അവിശ്വസനീയമായ പല കഥകളും ഉള്‍ക്കൊള്ളുന്ന അവയില്‍ ചിലതെല്ലാം  ഒരുതരം ഇതികര്‍ത്തവ്യതാമൂഢത ഉണ്ടാക്കുകയും ചെയ്തു). ഇബ്‌നു കസീര്‍, പിക്താള്‍, സയ്യിദ് ഖുത്വ്ബ്, മൗലാനാ ആസാദ്, മുഹമ്മദ് അസദ്, ചെറിയമുണ്ടം, അമാനി, മൗദൂദി തുടങ്ങി പലരെയും വായിച്ചിട്ടുണ്ട്. ഇവയില്‍ ഏറ്റവും ആകര്‍ഷിച്ചത് യുസൂഫലിയുടേതാണ് (വിമര്‍ശനങ്ങള്‍ പലതുമുണ്ടെങ്കിലും). കാരണം ഭാഷാസൗകുമാര്യം തന്നെ. ഭാഷാശുദ്ധി, കൃത്യത, ചുരുക്കം വാക്കുകളില്‍ ധാരാളം ആശയം വ്യക്തമാക്കാവുന്ന പദവിന്യാസം ഇതെല്ലാം ഒരു വിവര്‍ത്തനത്തിന്റെ ആകര്‍ഷണീയതയുടെ മുഖ്യ ഘടകങ്ങളാണ്. തഫ്ഹീമുല്‍ ഖുര്‍ആന്‍ (മലയാളം) ഭാഷാശുദ്ധിയില്‍ ഒട്ടൊക്കെ മികവ് കാണിക്കുന്നുണ്ടെങ്കിലും, കുറിപ്പുകള്‍ പലതും പരന്നുകിടക്കുന്നവയായിരുന്നു.

പുതിയ ഒരു ഖുര്‍ആന്‍ വിവര്‍ത്തനത്തിന് തുനിയുമ്പോള്‍ ഉത്തരം കണ്ടെത്തേണ്ട പ്രധാന ചോദ്യം ഇതാണ്: ഇത് ആവശ്യമുണ്ടോ? ഇതിന്റെ സാംഗത്യമെന്ത്? ഉത്തരത്തില്‍ മേല്‍പറഞ്ഞ ഭാഷാപരമായ ഘടകങ്ങള്‍ തികച്ചും പ്രസക്തമാണ് ('അമൃതവാണി'യില്‍ കാണുന്ന ഭാഷാ സ്വാതന്ത്ര്യം അതിന്റെ ഭിന്ന സ്വഭാവം കാരണം അവഗണിക്കാം). രണ്ടാമത്തെ ഘടകം, മുമ്പ് പ്രസിദ്ധീകൃതമായവയില്‍നിന്ന് വ്യത്യസ്തമായി, ചിലയിടങ്ങളിലെങ്കിലും കൂടുതല്‍ വെളിച്ചം നല്‍കാന്‍ ഈ കൃതിക്ക് കഴിയുമോ എന്നതാണ്. ഈ അര്‍ഥത്തില്‍ ഖുര്‍ആന്‍ ബോധനത്തെ പരിശോധിക്കാനാണ് ഇവിടെ ശ്രമം. ഓര്‍മയില്‍ വരുന്ന ഒന്നോ രണ്ടോ മാത്രം സൂചിപ്പിക്കാനേ കഴിയൂ. വിശദമായ അവലോകനം സാധ്യമല്ല.

ഭാഷാശുദ്ധിയില്‍ ഖുര്‍ആന്‍ ബോധനം തികച്ചും വ്യതിരിക്തവും ആസ്വാദ്യകരവുമാണ്. വിന്യസിക്കുന്ന വാക്കുകള്‍ കൃത്യമാവണം; എങ്കിലോ ലളിതവും മനസ്സിലാക്കാന്‍ പ്രയാസമില്ലാത്തതും. പണ്ഡിത നാട്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത, വിനയാന്വിതനായ, പക്ഷേ തുളുമ്പാത്ത നിറകുടമായ ടി.കെ ഉബൈദ് ആ കാര്യത്തില്‍ വിജയിച്ചിരിക്കുന്നു എന്നു വേണം പറയാന്‍. ഉദാ: ഖുലൂബൂനാ ഗുല്‍ഫുന്‍ (ഞങ്ങളുടെ ഹൃദയങ്ങള്‍ ഭദ്രമാണ്- 2:88); 'ആദമിനു പഠിപ്പിച്ചുകൊടുത്ത നാമിതങ്ങളെ മലക്കുകളുടെ മുമ്പിലവതരിപ്പിച്ചുകൊണ്ട് അവയെ നാമങ്ങളിലൂടെ ആവിഷ്‌കരിക്കാന്‍ അല്ലാഹു ആവശ്യപ്പെട്ടപ്പോള്‍' ('നാമിതങ്ങളോ?' ഭാഷയില്‍ ഇങ്ങനെയും ഒരു വാക്കുണ്ടല്ലേ? ഇല്ലെങ്കില്‍ ഉണ്ടാക്കണം!). കൊള്ളാം (2:32). 'മാനുഷിക ഭാഷയില്‍ സുജൂദ് എന്നു വിളിക്കാവുന്ന ഒരു പ്രതിഭാസത്തിലൂടെ ആദമിന്റെ സ്വാതന്ത്ര്യത്തിനും അധികാരത്തിനും അല്ലാഹു മലക്കുകളെ വിധേയമാക്കി എന്നേ നമുക്ക് ഗ്രഹിക്കാനാകൂ' (2:32).

ഗ്രന്ഥകാരന്റെ 'മുന്‍മൊഴി'യില്‍നിന്ന് ചില വാക്യങ്ങളിതാ: ''പൂര്‍വിക മഹാന്മാരുടെ വീക്ഷണങ്ങളോടുള്ള ആദരവും ഖുര്‍ആനിനോടുള്ള പ്രതിബദ്ധതയും ഇണങ്ങാതെ വരുമ്പോള്‍ ഖുര്‍ആനിനോടുള്ള  പ്രതിബദ്ധതയാണ് ഞാന്‍ തെരഞ്ഞെടുക്കാറ്....'' ''അയത്‌നലാളിത്യം, വ്യാഖ്യാന വൈശദ്യം, മണ്ണിന്റെ മണം, പദാനുപദ തര്‍ജമ ഇതൊക്കെയാണ് ഉദ്ദേശിച്ച ഗുണങ്ങള്‍.'' ഇവ സാധിച്ചിട്ടുണ്ടെന്നു തന്നെ വേണം പറയാന്‍.

ഇനി ഏതെങ്കിലും പുതിയ കോണിലൂടെ വെളിച്ചം കാണിച്ച ഒരു സന്ദര്‍ഭം മാത്രം ഇവിടെ സൂചിപ്പിക്കട്ടെ: മുമ്പ് വേദം നല്‍കപ്പെട്ടവരോടാവട്ടെ, മറ്റു സന്ദര്‍ഭങ്ങളിലാവട്ടെ, ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്ന ഒരു പ്രയോഗമുണ്ട്. 'മുസ്വദ്ദിഖന്‍ ലിമാ ബൈന യദൈഹി' എന്നോ സമാനമായ മറ്റു വാക്കുകളിലോ ആണത് കാണാറ്.  ഉദാ: 2:41.  വിവിധ വിവര്‍ത്തകര്‍ കൊടുത്ത അര്‍ഥം ഇങ്ങനെ: 'Confirming the revelation with you' (യൂസുഫലി); 'അത് നേരത്തേ നിങ്ങളോടൊപ്പമുള്ള വേദത്തെ സത്യപ്പെടുത്തുന്നതാകുന്നു' (തഫ്ഹീം); 'നിങ്ങളുടെ കൂടെയുള്ളതിനെ സത്യമാക്കിക്കൊണ്ട്' (അമാനി). ഖുര്‍ആന്‍ ബോധനം പറയുന്നത് ഇങ്ങനെ:  'അത് നേരത്തേ നിങ്ങളോടൊപ്പമുള്ള വചനത്തിന്റെ സാക്ഷാല്‍ക്കാരമായിട്ടുള്ളതാകുന്നു.' ആശയസ്ഫുടതയുള്ള പരിഭാഷയായി തോന്നി ഇത്. 

സൂക്തം 2:184. വല്ലദീന യുഥീകൂനഹു ഫിദ്‌യതുന്‍ തആമു മിസ്‌കീന്‍ എന്നതിന്റെ വ്യാഖ്യാനത്തില്‍ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹിയെ ഉദ്ധരിച്ച് നല്ലൊരു വിശദീകരണമുള്ളതാണ് മറ്റൊരു ഉദാഹരണം. 4:34ലെ ഫദ്‌രിബൂഹുന്ന എന്നതിന്റെ വിശദീകരണമാണ് മറ്റൊന്ന്.

പരേതനായ ജമാല്‍ മലപ്പുറത്തെ (തുളുമ്പാത്ത മറ്റൊരു നിറകുടമായിരുന്നു അദ്ദേഹം) ഓര്‍മ വരുന്നു. ഒരു സംവാദത്തിനിടക്ക്, ഖുര്‍ആന്‍ വിവര്‍ത്തനത്തില്‍ പാലിക്കേണ്ട ഒരു മര്യാദയായി പ്രബോധനത്തില്‍ അദ്ദേഹം പറഞ്ഞു: ''മൂലത്തിലെ ഒരു വാക്ക് എവിടെയൊക്കെ വരുന്നുണ്ടോ, അവിടെയൊക്കെ വിവര്‍ത്തനത്തിലും ഒരേ വാക്കാകണം ഉപയോഗിക്കേണ്ടത്. അല്ലാതെ സന്ദര്‍ഭത്തിന്റെ തേട്ടമെന്നു പറഞ്ഞ്, അത് പല വാക്കുകളില്‍ വിവര്‍ത്തിതമാകരുത്. ഏതു വാക്കാണ് ഏറ്റവും അനുയോജ്യം എന്ന് വിവര്‍ത്തകന് തീരുമാനിക്കാം. ഉദാഹരണത്തിന്, 'റഹ്മാന്‍' എന്ന് ഒരിടത്ത്, 'പരമകാരുണികന്‍' എന്ന് വേറൊരിടത്ത്. 'കാരുണ്യവാന്‍' എന്നും 'കരുണാനിധി' എന്നും മാറിമാറി ഉപയോഗിക്കരുത്.'' ജമാല്‍ മലപ്പുറത്തിന്റെ അഭിപ്രായമാണ് എനിക്കും (തഫ്ഹീമുല്‍ ഖുര്‍ആന്‍ മലയാള വിവര്‍ത്തനം നോക്കുക:  സൂറഃ റഹ്മാനില്‍ 'ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ദിബാന്‍'  എന്നതിന് വിവിധ സ്ഥലങ്ങളില്‍ വിവിധ വാക്കുകളിലാണ് വിവര്‍ത്തനം കൊടുത്തിട്ടുള്ളത്. ന്യായം, 'സന്ദര്‍ഭത്തിന്റെ തേട്ടം!' ഇതിവിടെ ഓര്‍മിക്കാന്‍ കാരണം, റബ്ബ് എന്നതിന് ആദ്യമാദ്യം നാഥന്‍, രക്ഷകന്‍ എന്നു തുടങ്ങി പിന്നെ പിന്നെ 'വിധാതാവ്' എന്നായി മാറുന്നതു കണ്ടതാണ്.  സൂറഃ യൂസുഫില്‍ 41, 42, 50 പോലുള്ള ചില സൂക്തങ്ങളുണ്ട്. അതില്‍ ചില വ്യക്തികളെ ഉദ്ദേശിച്ച് 'റബ്ബ്' എന്ന് ഉപയോഗിച്ചിട്ടുള്ളിടത്തുപോലും മറ്റിടത്ത് കൊടുത്ത അതേ വാക്കു തന്നെ ഉപയോഗിച്ചാല്‍ പ്രയോഗത്തില്‍  അടങ്ങിയ 'ഐറണി' മനസ്സിലാകും. അതായത് അവിടെ പോലും 'യജമാനന്‍' എന്നതോ വേറെ ഏതെങ്കിലും വാക്കോ ആവശ്യമില്ല. 

സാദരം മറ്റൊരു അഭിപ്രായഭിന്നത രേഖപ്പെടുത്തട്ടെ. ഏതു ഭാഷയില്‍നിന്നും മറ്റൊരു ഭാഷയിലേക്ക് ഒരു മൂലകൃതി വിവര്‍ത്തനം ചെയ്യുന്ന ഒരു വിവര്‍ത്തകന് എത്രമാത്രം സ്വാതന്ത്ര്യമാകാം വിവര്‍ത്തനത്തില്‍? എത്ര കുറച്ചോ, അത്രയും നല്ലത്. കാരണം അദ്ദേഹം ഒരു വിവര്‍ത്തകന്‍ മാത്രമാണ്. വാക്കുകള്‍ സത്യത്തില്‍ മൂലകൃതിയിലേതാണ്. പക്ഷേ, ആശയം സ്പഷ്ടമായി പ്രകടിപ്പിക്കാനാകാതെ വരുന്ന അവസരങ്ങളില്‍ അത്യാവശ്യം തന്റെ സ്വന്തമായ പദങ്ങള്‍ ചേര്‍ക്കാം. 

വിവര്‍ത്തകന്റെ ന്യായം എന്തുമാകട്ടെ, ഖുര്‍ആന്‍ മൂലത്തിലില്ലാത്ത ഒരു വാക്ക് നേര്‍ക്കുനേരെയുള്ള തര്‍ജമയില്‍ കടന്നുകൂടുന്ന അരോചകത   അനേകം വിവര്‍ത്തനങ്ങളില്‍ കാണാറുണ്ട്. ഖുര്‍ആന്‍ ബോധനം ഏറക്കുറെ ഇതിന് ആഹ്ലാദകരമായ ഒരപവാദമാണ്.

ചില വിവര്‍ത്തകര്‍ മൂലത്തിലില്ലാത്ത, പക്ഷേ അര്‍ഥവ്യക്തതക്ക് അനിവാര്യമെന്ന് അവര്‍ക്ക് തോന്നിയ വാക്കുകള്‍ ബ്രാക്കറ്റുകളില്‍ കൊടുക്കാറുണ്ട്. ഇത് എത്രയും കുറവ് ആരുടെ വിവര്‍ത്തനത്തില്‍ കാണപ്പെടുന്നുവോ അത്രയും  കൂടുതല്‍ നല്ലത്. അവ പോലും ഒഴിവാക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നാശിച്ചു പോകും. ഇതിലും ഖുര്‍ആന്‍ ബോധനം മികവു പുലര്‍ത്തിയിരുന്നു; വിവര്‍ത്തന ഭാഷയില്‍ തെളിഞ്ഞ വ്യക്തത പുലര്‍ത്തിക്കൊണ്ട്. എത്ര നിരുപദ്രവകരമായ വാക്കാണെങ്കില്‍ പോലും മൂലത്തിലില്ലാത്ത ഒരു വാക്ക് വിവര്‍ത്തനത്തില്‍ കടന്നുകൂടുന്നതിന് ഒരേ ഒരു ന്യായമേയുള്ളൂ: അതില്ലെങ്കില്‍ അര്‍ഥം വ്യക്തമാകില്ല എന്നതു മാത്രം.

   ഉദാഹരണം: 'ഖുല്‍' എന്നതിന് 'പ്രവാചകന്‍ പറയുക' എന്ന് എന്തിനാണ് അര്‍ഥം കൊടുക്കുന്നത്? 'പറയൂ' എന്നോ 'പറയുക' എന്നോ പോരേ? 

സൂറഃ അല്‍ ഇസ്രാഅ് 7-ാം സൂക്തത്തിലെ, 'കമാ ദഖലൂഹു അവ്വല മര്‍റ' എന്നതിന് 'ആദ്യവട്ടം ബൈത്തുല്‍ മഖ്ദിസിലേക്ക് തള്ളിക്കയറിയപോലെ' എന്നാണ് തര്‍ജമ. എവിടെ മൂലത്തില്‍, 'ബൈത്തുല്‍ മഖ്ദിസിലേക്ക്' എന്ന്? 'ആദ്യവട്ടം അവരങ്ങോട്ട് ഇരച്ചുകയറിയ പോലെ' എന്നു പോരായിരുന്നോ? ന്യായീകരണങ്ങള്‍ തികച്ചും മനസ്സിലാക്കാവുന്നതാണെങ്കിലും മൂലത്തിലില്ലാത്ത വാക്കുകള്‍ തര്‍ജമയില്‍ (വ്യാഖ്യാനത്തിലല്ല) കടന്നുകൂടുന്നത് ഒഴിവാക്കാന്‍ ശുഷ്‌കാന്തി കാണിക്കുന്നത് നന്നാവില്ലേ എന്നൊരു തോന്നല്‍. അതുപോലെത്തന്നെയാണ് മൂലത്തിലുള്ള ഒരു പദം വിവര്‍ത്തനത്തില്‍ ഇല്ലാതാവുക എന്നതും, പ്രത്യേകിച്ച് ഖുര്‍ആന്‍ തര്‍ജമയില്‍. അങ്ങനെയുള്ള ചില്ലറ സ്ഖലിതങ്ങളാണ് ഇനി പറയാന്‍ പോകുന്നത്.

സൂറഃ യൂസുഫിലെ 41-ാം സൂക്തത്തിലെ 'സ്വന്തം യജമാനന് പാനീയം വിളമ്പാന്‍ പോകും' എന്നത് 'മദ്യം വിളമ്പാന്‍ പോകും' എന്നായിരുന്നു വേണ്ടത്.

പെട്ടിക്കകത്ത് പദാനുപദ അര്‍ഥങ്ങള്‍ കൊടുക്കുന്നത്  വ്യാകരണം മനസ്സിലാക്കാന്‍ സഹായകം തന്നെ. സൂറഃ യൂസുഫില്‍ 41-ാം സൂക്തത്തിന്റെ പദാനുപദ തര്‍ജമയില്‍, പക്ഷേ താഴെ പറയുന്നതു പോലെ കൊടുക്കാമായിരുന്നു (ആശയ വിവര്‍ത്തനത്തില്‍  ആ കണിശത  ഒഴിവാക്കിയാല്‍ പോലും):

 يا صاحبي السجن  (എന്റെ രണ്ടു ജയില്‍ സഖാക്കളേ).

അറബിമൂലത്തിലെ വാക്കുകളുടെ ഉല്‍പത്തിയും നിഷ്പന്നിത രീതിയും ചര്‍ച്ചചെയ്യുന്നത് സ്ഥൂലത ഉണ്ടാക്കുമെങ്കിലും ഒരു നല്ല കാര്യമാണ്; ഖുര്‍ആന്‍ ബോധനത്തിന്റെ ഒരു നല്ല ഗുണവുമാണത്. സൂറഃ യൂസുഫ് 48-ാം സൂക്തത്തിലെ أحصن-യുടെ വിവിധ രൂപങ്ങള്‍ പറഞ്ഞിടത്ത്  محصن , محصنات എന്നിവയും കൂടി ഉള്‍പ്പെടുത്താമായിരുന്നു. അതേ സൂറയില്‍ സൂക്തം 42-ല്‍ 'നിന്റെ യജമാനനോട് എന്റെ കാര്യം സംസാരിക്കണം' എന്നത് 'എന്നെ പരാമര്‍ശിക്കണം / ഓര്‍മിപ്പിക്കണം' എന്ന് മതി. വിവര്‍ത്തകന് ഉണ്ടാകാവുന്ന മറിച്ചൊരു അഭിപ്രായത്തെ മാനിക്കുന്നു; എങ്കിലും വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് തോന്നി. കാരണം, 'എന്റെ കാര്യം സംസാരിക്കണം' എന്നതില്‍, സാധാരണ നാം ഉപയോഗിക്കുന്ന സംസാര ഭാഷയില്‍  ശിപാര്‍ശയുടെ ധ്വനിയുണ്ട്. അത്തരം ഒരു ശിപാര്‍ശയോ ഔദാര്യമോ യൂസുഫ് നബിക്ക് ആവശ്യമില്ലാത്തതാണ്. സ്വപ്‌നം വ്യാഖ്യാനിക്കുന്നതിനിടെ യൂസുഫ് ഒരിക്കല്‍ പോലും ജയില്‍ സഖാക്കളോടുള്ള ദയാവായ്പിനാല്‍,  താന്‍ അവര്‍ക്ക്  എന്തെങ്കിലും ഗുണം ചെയ്യുന്നതായി ഭാവിക്കുന്നില്ല; സ്വന്തം കാര്യം പറയുന്നുമില്ല. പാനീയം സെര്‍വ് ചെയ്യുന്ന ആള്‍ മോചിതനാകുന്ന സമയത്ത് അയാള്‍ യൂസുഫിനോട് സ്‌നേഹാദരങ്ങളോടെയും കൃതജ്ഞതാഭരിതമായ മനസ്സോടെയും ആഹ്ലാദാതിരേകത്താലും വിടവാങ്ങുമ്പോള്‍, തനിക്ക് വല്ല പ്രത്യുപകാരവും ചെയ്യാനാകുമോ എന്ന് ചോദിച്ചിരിക്കാം. ഈ ഭൂമിയിലെ ഭൗതികമായ എന്തുണ്ട് അദ്ദേഹത്തിനാവശ്യം?! അതും രാജാക്കന്മാരില്‍നിന്ന് എന്ത് 'ഫേവര്‍'? അതില്‍നിന്നെല്ലാം അതീതനാണദ്ദേഹം. ദൈവിക സഹായം മാത്രം മതി അദ്ദേഹത്തിന്. പക്ഷേ ഭാരിച്ച, മഹത്തായ ഉത്തരവാദിത്തങ്ങള്‍ ഇനിയും അദ്ദേഹത്തിന് നിറവേറ്റാനുണ്ട്. ജയിലില്‍ തന്നെ കഴിഞ്ഞാല്‍ ആ ജോലി ചെയ്യാനാകില്ല  ഈജിപ്തിനു വേണ്ടി, അതിന്റെ രാജാവിനു വേണ്ടി, ലോകത്തിനു വേണ്ടിയുള്ള ജോലി. പാനീയക്കാരന്‍ തന്റെ പേര് രാജാവിനു മുന്നില്‍ പരാമര്‍ശിച്ചാല്‍ മതി; ശിപാര്‍ശ ആയല്ല, മറിച്ച് ഒരു നിരപരാധി ജയിലില്‍ കഴിയുന്നതിലൂടെയുള്ള നീതിനിഷേധം രാജാവിന് ചേര്‍ന്നതല്ല എന്നതിനാല്‍ അത് ചൂണ്ടിക്കാണിക്കാന്‍. താന്‍ അങ്ങനെ മോചിതനാവുകയാണെങ്കില്‍, രാജാവിന്റെയും ഈജിപ്തിന്റെയും ഗുണത്തിനായി ഭവിച്ചേക്കാം. അതിനാല്‍, 'നിന്റെ യജമാനനോട് എന്നെ ഒന്ന് പരാമര്‍ശിച്ചുനോക്ക്!'

സൂറഃ യൂസുഫില്‍ തന്നെ 35-ാം സൂക്തത്തിന്റെ വിവര്‍ത്തിത വാക്യത്തില്‍  'യൂസുഫിന്റെ നിരപരാധിത്വത്തിന്റെയും ആ സ്ത്രീകളുടെ അപരാധത്തിന്റെയും' എന്ന വാക്കുകള്‍ ഒഴിവാക്കാമായിരുന്നു; കാരണം അവക്കുള്ള പദങ്ങള്‍ മൂലത്തിലില്ല. അതില്ലാതെ തന്നെ അര്‍ഥം വ്യക്തമാണു താനും.

അര്‍റഅ്ദ് 40-ല്‍, 'പ്രവാചകാ' എന്നതിന് തുല്യമായി മൂലത്തില്‍ വാക്കില്ല; അതിനാല്‍ അത് വേണ്ടതില്ല. 41-ാം സൂക്തത്തില്‍, പക്ഷേ  أنا نأتى الأرض نَنْقُصُها منْ أطرَافها എന്നതിന് 'കാലിനടിയില്‍നിന്ന് മണ്ണ് ചോര്‍ന്നുപോവുക' എന്ന ആശയവിവര്‍ത്തനം കണിശവും കൃത്യവുമായി. ഇതിനു മുമ്പ് ഇങ്ങനെ ഭംഗിയായി ഇത്ര ചുരുങ്ങിയ വാക്കുകളില്‍ അവക്ക് വിശദീകരണം നല്‍കിക്കണ്ടിട്ടില്ല; അഭിനന്ദനങ്ങള്‍. 

സൂറഃ മര്‍യം 23: ഒറ്റപ്പെട്ട ഒരാളുടെ/ ഒരുവളുടെ രോദനമാണ്, 'യാ ലൈതനീ മിത്തു ഖബ്‌ല ഹാദാ വകുന്‍തു നസ്‌യന്‍ മന്‍സിയ്യാ' എന്നതിന് വാക്യാര്‍ഥം നല്‍കാന്‍ മുതിര്‍ന്ന വിവര്‍ത്തകനെക്കൊണ്ട്  'ഈ ഖുര്‍ആന്‍ വാക്യമുള്‍ക്കൊള്ളുന്ന ഭാവതീവ്രത അതേ അളവില്‍ മലയാളത്തിലേക്ക് പകര്‍ത്താന്‍ ഈയുള്ളവന്‍ അശക്തനാണ്' എന്ന്  എഴുതിച്ചത് ഇവിടെ ഓര്‍മിക്കുന്നു (ഇതിനു മുമ്പ് ഞാനങ്ങോട്ടൊടുങ്ങിയിരുന്നെങ്കില്‍! വിസ്മൃതിയുടെ അഗണ്യതയില്‍ തള്ളപ്പെട്ടിരുന്നെങ്കില്‍!). തന്റെ തൂലികയുടെ നിസ്സഹായാവസ്ഥ ഏറ്റുപറഞ്ഞ ആ സത്യസന്ധത തന്നെയാണതിന്റെ ഏറ്റവും നല്ല പരാവര്‍ത്തനവും. അഭിനന്ദനങ്ങള്‍. 

(താന്‍ വിസ്മൃതിയുടെ അഗണ്യതയില്‍ തള്ളപ്പെട്ടിരുന്നെങ്കില്‍ എന്ന് വിലപിച്ച മര്‍യമിന് അല്ലാഹു നല്‍കിയ മറുപടിയോ?  അന്ത്യദിനം വരെ കോടാനുകോടികള്‍ പാരായണം ചെയ്യാന്‍ പോകുന്ന തന്റെ അന്ത്യ വേദഗ്രന്ഥത്തില്‍ പേരെടുത്തു പരാമര്‍ശിക്കപ്പെടാന്‍ പോകുന്ന ഏക വനിതയാണവര്‍; അവരുടെ പരിശുദ്ധിയെ വാഴ്ത്തിക്കൊണ്ട് ആ ഗ്രന്ഥം വാചാലമാകും.  ദൈവതുല്യയായി ഗണിച്ച് അവരെ ആരാധിക്കാന്‍ തുനിയുക എന്ന മഹാപരാധം ചെയ്യാന്‍ ഒരു വിഭാഗം തുനിഞ്ഞതിനെയും ആ ഗ്രന്ഥം ഭര്‍ത്സിക്കും; അവരുടെ മഹത്വത്തിന് ഒട്ടും ഇകവ് വരുത്താതെത്തന്നെ).

15:98-ന്റെ തര്‍ജമയില്‍ 'അപ്പോള്‍ മനഃസ്വാസ്ഥ്യം നേടാന്‍' എന്നത് മൂലത്തില്‍ ഇല്ലാത്തതിനാല്‍ ഒഴിവാക്കാമായിരുന്നു. സൂറഃ 18:17: വഹും ഫീ ഫജ്‌വത്തിന്‍ മിന്‍ഹു 'അവരോ അതിനകത്ത്  വിസ്താരമുള്ള ഒരിടത്ത് മരുവുന്നു.' 'മരുവുന്നു'(?!) എന്നു പറഞ്ഞാല്‍?

33:125-ാം സൂക്തത്തിന്റെ നേര്‍ക്കുനേരെയുള്ള തര്‍ജമയില്‍ 'ഏറ്റവും വിശിഷ്ടമായ രീതിയില്‍ അവരോട് സംവദിക്കുക' എന്ന ഭാഗം  (وجادلهم بالتي هي أحسن) വിട്ടു പോയി. ചുവടെ വാക്കുകളുടെ അര്‍ഥം കൊടുത്തേടത്തും കുറിപ്പുകളിലും അതുണ്ടെന്നത് ശരി തന്നെയെങ്കിലും.

 

മലയാളത്തിലെ ഖുര്‍ആന്‍ വിവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍തന്നെ എണ്ണപ്പെടാന്‍ ഈ കൃതിക്ക് എന്തുകൊണ്ടും അര്‍ഹതയുണ്ട്. എന്റെ മുകളിലെ വിമര്‍ശനങ്ങള്‍ പോലും ആത്മനിഷ്ഠമാണ്. പലരും അതിനോടു യോജിക്കില്ലായിരിക്കും; ഗ്രന്ഥകര്‍ത്താവ് ഉള്‍പ്പെടെ.

അദ്ദേഹത്തിന് ഈ സംരംഭം പൂര്‍ത്തിയാക്കാന്‍ ആയുസ്സും ആരോഗ്യവും അല്ലാഹു പ്രദാനം ചെയ്യട്ടെ. വൈയക്തിക ജീവിതത്തിലെ പ്രയാസങ്ങള്‍ക്ക് ആശ്വാസം ലഭിക്കുമാറാകട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (43-51)
എ.വൈ.ആര്‍