Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 08

3088

1440 ജമാദുല്‍ ആഖിര്‍ 02

ഖുര്‍ആനിക ദര്‍പ്പണത്തില്‍ ജീവിതത്തെ വായിക്കാനുള്ള ശ്രമം

ടി.കെ ഉബൈദ്

മലയാളക്കരയുടെ മുക്കുമൂലകളില്‍ വിശുദ്ധ ഖുര്‍ആനിന്റെ വെളിച്ചം പ്രസരിക്കുന്നതില്‍ അതുല്യമായ പങ്കുവഹിച്ച പ്രസിദ്ധീകരണമാണ് പ്രബോധനം. ആരംഭകാലം മുതലേ അതിന്റെ ഉള്ളടക്കത്തില്‍ മുഖ്യമായിരുന്നു ഖുര്‍ആന്‍ പഠന പംക്തി. പലരും ഖുര്‍ആന്‍ തര്‍ജമ ഹലാലോ ഹറാമോ എന്ന് തര്‍ക്കിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രബോധനം ഖുര്‍ആനിന്റെ അറബിമൂലത്തോടൊപ്പം മലയാള തര്‍ജമയും വ്യാഖ്യാനവും തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. ഉദ്ബുദ്ധരായ വായനക്കാര്‍ അത് സാവേശം സ്വാഗതം ചെയ്തു. കേരളത്തിലെ ഇസ്‌ലാമിക് സ്റ്റഡി സര്‍ക്കഌകള്‍ക്കും ഖുര്‍ആന്‍ ക്ലാസ്സുകള്‍ക്കും അത് ഊര്‍ജം പകര്‍ന്നു. ഖുര്‍ആന്‍ ക്ലാസ്സുകള്‍ നയിക്കാന്‍ പണ്ഡിതന്മാരില്ലാത്ത, സാധാരണക്കാരുടെ സദസ്സുകളില്‍ വരെ പ്രബോധനത്തില്‍ വരുന്ന ഖുര്‍ആന്‍ പംക്തി വായിച്ചു ചര്‍ച്ച ചെയ്യുക പതിവായി. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി രചിച്ച വിശ്വവിഖ്യാതമായ തഫ്ഹീമുല്‍ ഖുര്‍ആന്റെ തര്‍ജമയായിരുന്നു പ്രബോധനത്തില്‍ പ്രകാശിതമായ ഖുര്‍ആന്‍ പഠന പംക്തി.  1998 ഡിസംബറില്‍ ഇത് സമാപിച്ചു. അന്ന് വിശുദ്ധ ഖുര്‍ആന്റെ സമ്പൂര്‍ണ തര്‍ജമയും വ്യാഖ്യാനവും മലയാള വായനക്കാരിലെത്തിച്ച ഏക ഇസ്‌ലാമിക ആനുകാലികം എന്ന ചരിത്രം പ്രബോധനത്തിന്റെ പേരില്‍ കുറിക്കപ്പെട്ടു.

അപ്പോഴേക്കും ഖുര്‍ആന്‍ പംക്തി പ്രബോധനത്തിന്റെ പ്രധാന ഐഡന്റിറ്റി ആയിക്കഴിഞ്ഞിരുന്നു. അതില്ലാത്ത പ്രബോധനത്തെ മറ്റനവധി മത-സാമുദായിക പ്രസിദ്ധീകരണങ്ങളിലൊന്നായിട്ടേ അനുവാചകര്‍ വിലയിരുത്തൂ. അതുകൊണ്ട് പുതിയൊരു ഖുര്‍ആന്‍ പഠനം ആരംഭിക്കേണ്ടത് അനിവാര്യമായിരുന്നു. തഫ്ഹീമുല്‍ ഖുര്‍ആനിനെ കൃത്യമായി പിന്തുടര്‍ന്നു വന്ന വായനക്കാര്‍ അത് ശക്തിയായി ആവശ്യപ്പെടുകയും ചെയ്തു. അന്യഭാഷയില്‍നിന്ന് നല്ലൊരു തഫ്‌സീര്‍ തെരഞ്ഞെടുത്ത് മൊഴിമാറ്റം നടത്തുകയാണ് ആലോചനയില്‍ വന്ന ആദ്യപരിഹാരം. പക്ഷേ അറബിയില്‍നിന്നും ഉര്‍ദുവില്‍നിന്നുമായി പല തഫ്‌സീറുകളുടെ പരിഭാഷകള്‍ മലയാളത്തില്‍ വന്നുകഴിഞ്ഞിരുന്നു. ഇനിയും പ്രബോധനം ആ വഴി പോകണമോ എന്നൊരു ചിന്തയുമുണ്ടായി. വേണമെങ്കില്‍തന്നെ തഫ്ഹീം പോലെ സാമാന്യ വായനക്കാരെ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമായ മറ്റൊരു അന്യഭാഷാ തഫ്‌സീര്‍ കണ്ടെത്തുക എന്നതും എളുപ്പമായിരുന്നില്ല. സമകാലീന സാഹചര്യത്തിന്റെ സവിശേഷതകളോടും മണ്ണിന്റെ സ്വഭാവത്തോടും സംവദിക്കുന്ന ഖുര്‍ആന്‍ പഠനമാണ് വായനക്കാര്‍ തേടുന്നതെന്ന് അവരുടെ അഭിപ്രായപ്രകടനങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. പ്രാഥമിക വിദ്യാലയങ്ങളില്‍നിന്ന് അറബി അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിച്ചിട്ടുള്ളവര്‍ക്ക് ഖുര്‍ആന്റെ മൂലപദങ്ങളിലൂടെ തന്നെ, അല്ലാഹു പറയുന്നതെന്താണെന്ന് ഗ്രഹിക്കാന്‍ കഴിയണം. അത്തരമൊരു പാഠാവലി  അന്യഭാഷയില്‍നിന്ന് പകര്‍ത്തുക അസാധ്യമാണ്. അങ്ങനെയൊന്ന് മാതൃഭാഷയില്‍ ആര് തയാറാക്കും എന്ന ചോദ്യം ഒടുവില്‍ പത്രാധിപസമിതിയില്‍ തന്നെ തിരിച്ചെത്തുകയായിരുന്നു. ഗുരുസ്ഥാനീയരായ നേതാക്കളും സഹോദരനിര്‍വിശേഷരായ സഹപ്രവര്‍ത്തകരും ആ ഭാരം ഈ ലേഖകന്റെ  ദുര്‍ബലമായ ചുമലിലര്‍പ്പിച്ചു.

1999 ജനുവരി 16-ന് ഈ പംക്തി ആരംഭിച്ചപ്പോള്‍ ഏറെക്കാലം തുടരുമെന്ന് ഉറപ്പില്ലായിരുന്നു. എന്നെപ്പോലൊരാള്‍ ഈ സംരംഭത്തിലേര്‍പ്പെട്ടാല്‍ ഉയര്‍ന്നുവരാവുന്ന വിമര്‍ശനങ്ങളും എതിര്‍പ്പുകളും ചെറുതാവില്ല. അതിനിടെ കൂടുതല്‍ യോഗ്യരായ ആരെങ്കിലും ഈ പംക്തി ഏറ്റെടുത്തുകൊള്ളും. ഇല്ലെങ്കില്‍ വിവാദം മുറുകുമ്പോള്‍ പണി നിര്‍ത്താന്‍ സ്ഥാപനം തന്നെ തീരുമാനിച്ചേക്കും. അങ്ങനെ കരുതാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു സാഹചര്യം.

പംക്തി ആരംഭിച്ചപ്പോള്‍ വായനക്കാരില്‍നിന്ന് ഉണ്ടായത് പ്രോത്സാഹനജനകമായ പ്രതികരണമാണ്. തങ്ങളുടെ ആഗ്രഹത്തോടും പ്രതീക്ഷയോടും  വലിയൊരളവോളം നീതി പുലര്‍ത്താന്‍ 'ഖുര്‍ആന്‍ ബോധന'ത്തിനു കഴിയുന്നുവെന്ന് തുറന്നറിയിച്ച വായനക്കാര്‍ ഏറെയാണ്. മാറ്റമില്ലാതെ, തുടര്‍ന്നുവരുന്ന രീതിയില്‍ തന്നെ പംക്തി മുന്നോട്ടുപോകണമെന്നും അവര്‍ നിര്‍ദേശിച്ചു. ചില പ്രബോധനം വായനക്കാരെ പരിചയപ്പെടുമ്പോള്‍ പറയാറുണ്ട്: 'ഞാന്‍ ഖുര്‍ആന്‍ ബോധനത്തിന്റെ സ്ഥിരം വായനക്കാരനാണ്. തുടക്കം മുതലുള്ള പംക്തിയുടെ പേജുകള്‍ വാരികയില്‍നിന്ന് ചീന്തിയെടുത്ത് പ്രത്യേക ഫയലാക്കി സൂക്ഷിച്ചുവരുന്നു. നിങ്ങള്‍ക്കത് പൂര്‍ത്തീകരിക്കാന്‍ അല്ലാഹു ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ.'  അക്കൂട്ടത്തില്‍ സാധാരണക്കാര്‍ക്കു പുറമെ  ഉയര്‍ന്ന ഉദ്യോഗസ്ഥരും പ്രഫഷണലുകളും ബിസിനസ്സുകാരുമുണ്ട്. വിമര്‍ശനങ്ങളും ഭിന്നാഭിപ്രായങ്ങളും ഉണ്ടാകുന്നില്ലെന്നല്ല; തീര്‍ച്ചയായും ഉണ്ടാകുന്നുണ്ട്. അവയിലേറിയകൂറും നിഷേധാത്മകമോ വിദ്വേഷാധിഷ്ഠിതമോ അല്ല. ഖുര്‍ആന്‍ ബോധനം കൂടുതല്‍ മെച്ചപ്പെടണം എന്ന ആഗ്രഹമാണ് അവയുടെ പ്രേരകമെന്ന് മനസ്സിലാക്കി നന്ദിപൂര്‍വം പരിഗണിക്കുന്നു. സ്വീകരിക്കപ്പെടേണ്ട തിരുത്തുകള്‍ നിസ്സങ്കോചം സ്വീകരിക്കുന്നു. ആദ്യകാലത്ത് ഖുര്‍ആന്‍ ബോധനം അവതരിപ്പിക്കുന്ന വീക്ഷണങ്ങളോട് ഭിന്നിപ്പുള്ളവര്‍ കടുത്ത വിമര്‍ശനങ്ങളുന്നയിക്കാറുണ്ടായിരുന്നു. ഖുര്‍ആന്‍ ബോധനത്തിലൂടെ തന്നെ അതിന് മറുപടി നല്‍കാനും ശ്രമിച്ചിരുന്നു. അതിനോട് വായനക്കാരുടെ പ്രതികരണം പ്രതികൂലമായിരുന്നു. ഖുര്‍ആന്‍ ബോധനത്തിന്റെ താളുകള്‍ സംഘടനാ മാത്സര്യത്തിന്റെ ഭാഗമായ തര്‍ക്കവിതര്‍ക്കങ്ങള്‍ കൊണ്ട് കലുഷമാക്കരുത് എന്നാണവരാവശ്യപ്പെട്ടത്. ഞാനവരോട് യോജിച്ചു. വായനക്കാരുടെ ആഗ്രഹമനുസരിച്ച്, അവരാവശ്യപ്പെട്ട രീതിയില്‍ വിരചിതമാകുന്നതാണ് ഖുര്‍ആന്‍ ബോധനം. വ്യക്തിപരമായ അഭിനിവേശങ്ങള്‍ അവഗണിച്ചുകൊണ്ട് അവരഭിലഷിക്കുന്ന രീതിയില്‍ തന്നെ അത് മുന്നോട്ടുപോകട്ടെ എന്നു തീരുമാനിച്ചു. അവരായിരുന്നു ശരി. കുറച്ചുകാലം പ്രതികരിക്കാതായപ്പോള്‍ നിഷേധാത്മക വിമര്‍ശനങ്ങളുടെ വരവ് നിലച്ചു.

ഗൗരവബുദ്ധ്യാ സശ്രദ്ധം വായിക്കുന്ന ഒട്ടേറെ വായനക്കാര്‍ ഈ പംക്തിക്കുണ്ടെന്നാണ് പ്രതികരണങ്ങള്‍ പൊതുവില്‍ വെളിപ്പെടുത്തുന്നത്. രോഗശയ്യയും ദീര്‍ഘയാത്രയും പലപ്പോഴും പ്രതിബന്ധങ്ങളായി വന്നിട്ടും ഈ പംക്തി മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞത് അത്തരം വായനക്കാരുടെ പ്രാര്‍ഥന കൊണ്ടു കൂടിയാണെന്ന് വിശ്വസിക്കുന്നു. ചെറിയ സ്ഖലിതങ്ങള്‍ പോലും തക്ക സമയത്ത് ചൂണ്ടിക്കാട്ടാന്‍ ജാഗ്രത പുലര്‍ത്തുന്നവരാണവരില്‍ പലരും. മാന്യ സ്‌നേഹിതന്മാരില്‍ ചിലര്‍ ഞാന്‍ ആവശ്യപ്പെടാതെ തന്നെ ഈ സംരംഭത്തിന് സഹായകമായ റഫറന്‍സ് ഗ്രന്ഥങ്ങള്‍ എത്തിച്ചുതരികയുണ്ടായി. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനായ മര്‍ഹൂം കെ. ജമാല്‍ മുഹമ്മദ് മലപ്പുറം, പി.കെ നൗഷാദ് സാഹിബ് ചേനപ്പാടി, പി.കെ മുഹമ്മദ് സാഹിബ് വയനാട് തുടങ്ങിയവര്‍ അക്കൂട്ടത്തില്‍ പ്രത്യേകം അനുസ്മരണീയരാകുന്നു. ആഴ്ച തോറും പേജുകള്‍ നന്നായി ടൈപ്പ് ചെയ്ത്, തെറ്റുകള്‍ സൂക്ഷ്മതയോടെ തിരുത്തി, ഭംഗിയായി ലേ ഔട്ട് ചെയ്ത് അര്‍ഹിക്കുന്ന ഗൗരവത്തോടെ വെളിച്ചം കാണിക്കുന്നതില്‍ പ്രബോധനത്തിലെ എന്റെ എല്ലാ പ്രിയ സഹപ്രവര്‍ത്തകരും പുലര്‍ത്തുന്ന ഉത്സാഹവും ശ്രദ്ധയും ഇവിടെ എടുത്തോതേണ്ടതാണ്. 

കഴിഞ്ഞ ഇരുപതു വര്‍ഷമായി തുടരുന്ന ഈ പംക്തി ഒരൊറ്റ റഗുലര്‍ ഇഷ്യൂവില്‍ മാത്രമേ ഒഴിവായിട്ടുള്ളൂ. ഒരു പ്രത്യേക വിഷയത്തില്‍ കേന്ദ്രീകരിച്ച് ഇറക്കിയ ആ ലക്കത്തില്‍ സ്ഥലപരിമിതി മൂലം മറ്റു സ്ഥിരം പംക്തികളോടൊപ്പം ഖുര്‍ആന്‍ ബോധനം മാറ്റിവെക്കേണ്ടിവന്നു. അത് വായനക്കാരുടെ പ്രതിഷേധത്തിനിടയാക്കുകയുണ്ടായി. ഖുര്‍ആന്‍ മാറ്റിവെച്ച് പരിഗണിക്കേണ്ട ഒരു വിഷയവും പ്രബോധനത്തിനില്ല, ഉണ്ടായിക്കൂടാ എന്നായിരുന്നു അവരുടെ നിലപാട്. ഖുര്‍ആന്‍ ബോധനത്തിന്റെ ആദ്യ ഭാഗം 2002-ല്‍ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകൃതമായി. കോഴിക്കോട്ടെ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ആണ് പ്രസാധകര്‍. ഈ ഗ്രന്ഥത്തെയും അനുവാചകലോകം നന്നായി സ്വാഗതം ചെയ്തു. 2018-ല്‍ ഖുര്‍ആന്‍ ബോധനം എട്ടാം വാള്യം പുറത്തിറങ്ങിയിരിക്കുന്നു. സൂറഃ അന്നംല് (20-ാം ജുസ്അ്) ആണ് ഇതുവരെ ഗ്രന്ഥരൂപത്തിലായത്. ഒന്നാം വാള്യം പുറത്തിറങ്ങിയപ്പോള്‍ ചില പ്രവാസി സുഹൃത്തുക്കള്‍ വളരെ താല്‍പര്യപൂര്‍വം ഉന്നയിച്ച ഒരാവശ്യം ഓര്‍ക്കുകയാണ്. ഖുര്‍ആന്‍ ബോധനം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യണം. എങ്കില്‍ ഞങ്ങളുടെ മലയാളികളല്ലാത്ത മുസ്‌ലിം-അമുസ്‌ലിം സഹപ്രവര്‍ത്തകര്‍ക്ക് ധൈര്യമായി കൊടുക്കാവുന്ന കൃതിയായിരിക്കും അത്. ഈ ആവശ്യം മനസ്സിലാക്കിയ മറ്റു ചില പ്രവാസി സുഹൃത്തുക്കള്‍ പറഞ്ഞു: ആരെങ്കിലും പരിഭാഷ ഏറ്റെടുക്കാന്‍ തയാറാകുന്നുവെങ്കില്‍ ഒരു പ്രോജക്ട് ഉണ്ടാക്കി അറിയിക്കുക. അതിന്റെ സാമ്പത്തിക വശം ഏറ്റെടുക്കുന്നതിനെക്കുറിച്ച് തങ്ങളുടെ സംഘടനയില്‍ ആലോചിക്കാം. അങ്ങനെയൊരു സംരംഭത്തിലേര്‍പ്പെടാന്‍ ഇതുവരെ ആരും താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. 2015-ല്‍ ഖത്തറിലെ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഖുര്‍ആന്‍ ബോധനത്തിന് അവാര്‍ഡ് നല്‍കുകയുണ്ടായി. 2019-ല്‍ ഇരിക്കൂറിലെ പി.സി മാമുഹാജി ഫൗണ്ടേഷന്റെ പ്രഥമ അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത് ഖുര്‍ആന്‍ ബോധനത്തിനാണ്.

വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങള്‍ സാധാരണക്കാര്‍ക്ക് പകര്‍ന്നുകൊടുക്കുക എന്ന ലക്ഷ്യമാണ് ഈ എളിയ ശ്രമത്തിനുള്ളത്. അല്ലാഹു അവരോട് സംസാരിക്കുന്നത് എന്തിനെക്കുറിച്ചാണെന്നും വിധിക്കുന്നതും വിരോധിക്കുന്നതും എന്തൊക്കെയാണെന്നും മനസ്സിലാക്കിക്കൊടുക്കുക. അതിന്  ഉപയുക്തമെന്ന് കണ്ട അവതരണരീതിയും ഭാഷയും ശൈലിയുമാണ് സ്വീകരിച്ചിട്ടുള്ളത്. ഉദ്ദിഷ്ടലക്ഷ്യം എത്രത്തോളം പ്രാപിക്കുന്നുവെന്ന് വിധിക്കേണ്ടത് വായനക്കാരാണ്. ആധുനിക യുഗത്തില്‍ തീരെ പ്രസക്തമല്ലാത്ത ദുര്‍ഗ്രഹവും സങ്കീര്‍ണവുമായ ചര്‍ച്ചകളില്‍നിന്ന് മാറിനില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സ്വയം ആവിഷ്‌കരിച്ചതോ പുറമെനിന്ന് കടം കൊണ്ടതോ ആയ ദര്‍ശനങ്ങളും സിദ്ധാന്തങ്ങളും ഖുര്‍ആന്‍ സൂക്തങ്ങളിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുകയല്ല; ഖുര്‍ആനിക തത്ത്വങ്ങളും സിദ്ധാന്തങ്ങളും ഖുര്‍ആനില്‍നിന്നുതന്നെ ഉള്‍ക്കൊണ്ട് ഖുര്‍ആന്‍ കൊണ്ടുതന്നെ വിശദീകരീക്കുകയാണ് ചെയ്യുന്നത്. ഓരോ സൂക്തത്തിന്റെയും വിശദീകരണത്തിന് പ്രഥമമായി അവലംബിക്കുന്നത് തദ്‌വിഷയകമായി വന്നിട്ടുള്ള മറ്റു ഖുര്‍ആന്‍ സൂക്തങ്ങളാണ്. പിന്നെ സുന്നത്ത്. പ്രവാചകനെ(സ) ഖുര്‍ആന്റെ ആധികാരിക വ്യാഖ്യാതാവായി ഖുര്‍ആന്‍ തന്നെ നിയോഗിച്ചിട്ടുള്ളതാണല്ലോ. അതിനു ശേഷം പൂര്‍വസൂരികളുടെ വ്യാഖ്യാനങ്ങള്‍ പരിഗണിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ സ്വതന്ത്രമായ വീക്ഷണങ്ങളും അവതരിപ്പിക്കുന്നു. അവയുടെ ന്യായങ്ങളും പ്രമാണങ്ങളും അതതിടങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്.

പൂര്‍വകാല ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ മഹാന്മാരെയെല്ലാം ഖുര്‍ആന്‍ ബോധനം ബഹുമാനിക്കുന്നു. ഈ പംക്തി അവതരിപ്പിക്കുന്ന വ്യാഖ്യാനങ്ങളേറെയും പൂര്‍വികര്‍ നേരത്തേ വെളിപ്പെടുത്തിയിട്ടുള്ളതോ അതിന്റെ കാലികമായ വികാസപരിണാമമോ ആകുന്നു. വ്യാഖ്യാനഭേദങ്ങളോടുള്ള ബോധനത്തിന്റെ സമീപനം നിഷ്പക്ഷമാണ്. എന്നാല്‍ അവയെ വിലയിരുത്തേണ്ടിവരുമ്പോള്‍ ബലാബലങ്ങളും മുന്‍ഗണനാക്രമവും സൂചിപ്പിക്കാറുണ്ട്. പൂര്‍വസൂരികളോടുള്ള ആദരവും ഖുര്‍ആനിനോടുള്ള പ്രതിബദ്ധതയും ഏറ്റുമുട്ടുമ്പോള്‍ പ്രതിബദ്ധതയുടെ ഭാഗത്താണ് ഖുര്‍ആന്‍ ബോധനം. പഴയ തഫ്‌സീറുകളധികവും ചില പ്രത്യേക അധിഷ്ഠാനങ്ങളില്‍ ഊന്നിയതായി കാണാം. ഹദീസ്, ഫിഖ്ഹ്, ഇല്‍മുല്‍ കലാം, ഭാഷാ ശാസ്ത്രം, തസ്വവ്വുഫ്, ഫല്‍സഫ എന്നിങ്ങനെ. ഓരോ ഇനത്തില്‍പെട്ട തഫ്‌സീറുകളും ഇസ്‌ലാമിക ധൈഷണികതയുടെ അമൂല്യമായ ഈടുവെപ്പുകളാണ്. ഉപരിസൂചിത ആധാരങ്ങളെയെല്ലാം സമഞ്ജസമായി സംയോജിപ്പിച്ച് ഖുര്‍ആന്റെ ദര്‍പ്പണത്തില്‍ പ്രപഞ്ചത്തെയും ജീവിതത്തെയും ആത്മീയതയെയും സമഗ്രമായി ദര്‍ശിക്കുന്ന തഫ്‌സീറുകള്‍ വെളിച്ചം കണ്ടു തുടങ്ങിയത് പില്‍ക്കാലത്താണ്. ഈ പില്‍ക്കാല രീതിയാണ് ഖുര്‍ആന്‍ ബോധനം പിന്തുടരാന്‍ ശ്രമിക്കുന്നത്.

പഴയതും പുതിയതുമായ അനേകം തഫ്‌സീറുകളെ ഈ പംക്തി അവലംബിക്കുന്നുണ്ട്. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍, മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹിയുടെ തദബ്ബുറെ ഖുര്‍ആന്‍, ഉസ്താദ് വഹബ സുഹൈലിയുടെ തഫ്‌സീറുല്‍ മുനീര്‍, അല്ലാമാ മുഹമ്മദ് മുതവല്ലി ശഅ്‌റാവിയുടെ തഫ്‌സീറുശ്ശഅ്‌റാവി, ഉസ്താദ് മുഹമ്മദ് ബിന്‍ ത്വാഹിര്‍ ഇബ്‌നു ആശൂറിന്റെ അത്തഹ്‌രീറു വത്തന്‍വീര്‍, ഇമാം റാഗിബിന്റെ അല്‍ മുഫ്‌റദാത്തു ഫീ ഗരീബില്‍ ഖുര്‍ആന്‍ തുടങ്ങിയ മഹദ് ഗ്രന്ഥങ്ങള്‍ അക്കൂട്ടത്തില്‍ പ്രധാനങ്ങളാണ്.

ഈ പംക്തി കുറ്റമറ്റതാക്കാന്‍ കഴിവിന്‍പടി പരിശ്രമിക്കുന്നുണ്ട്. അതിനു വേണ്ടി ഈ ലേഖകനും സഹപ്രവര്‍ത്തകരും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിങ്കല്‍ വിലപ്പെട്ട സല്‍ക്കര്‍മങ്ങളായി സ്വീകരിക്കുമാറാകട്ടെ. ഖുര്‍ആന്‍ ബോധനത്തിന് വല്ല മെച്ചവുമുണ്ടെങ്കില്‍ അത് അല്ലാഹുവിന്റെ തൗഫീഖ് കൊണ്ടുണ്ടായതാണ്. കുറ്റങ്ങളും കുറവുകളും എന്റെ അറിവുകേടിന്റെയും കഴിവുകേടിന്റെയും ഫലവും. ഈ സംരംഭം തുടങ്ങിയ 1999-ലാണ് എനിക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ സൗകര്യപ്പെട്ടത്. അന്ന് വിശുദ്ധ കഅ്ബ തൊട്ട് പ്രാര്‍ഥിച്ചത് ഇങ്ങനെയായിരുന്നു: 'അര്‍ഹമുര്‍റാഹിമീനായ തമ്പൂരാനേ, ഞാന്‍ ഏര്‍പ്പെട്ട ഈ സംരംഭം നിനക്ക് തൃപ്തികരമാണെങ്കില്‍, നിന്റെ ദീനിനും സമുദായത്തിനും പ്രയോജനകരമാണെങ്കില്‍ മാത്രം, അത് തുടരാന്‍ എന്നെ അനുഗ്രഹിക്കേണമേ. ഇല്ലെങ്കില്‍ ഏതു വിധേനയും നീ എന്നെ അതില്‍നിന്ന് പിന്തിരിപ്പിക്കേണമേ.' പിന്തിരിയാന്‍ പ്രേരിപ്പിക്കുന്നതൊന്നും കഴിഞ്ഞ ഇരുപതു കൊല്ലത്തിനിടയില്‍ ഉണ്ടായിട്ടില്ല. ദൈവാനുഗ്രഹം കൂടെയുണ്ടെന്ന് വിശ്വസിക്കുന്നു. ആ വിശ്വാസം മുന്നോട്ടു നയിക്കുന്നു. നാളെ അവന്‍ എന്തു തീരുമാനിക്കുമെന്നറിഞ്ഞുകൂടാ.

  وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًاۖ  (31:34)

അവസാനമായി ഒരു കാര്യം കൂടി ഓര്‍മിപ്പിക്കട്ടെ. ഖുര്‍ആന്‍ ബോധനത്തിന് ലഭിക്കുന്ന പ്രചാരത്തിന്റെയും സ്വീകാര്യതയുടെയും രഹസ്യങ്ങളില്‍ ഒന്ന്, അത് വെളിച്ചം കാണുന്നത് മലയാളത്തിലെ പാരമ്പര്യത്തിലും പ്രചാരത്തിലും മുന്‍നിരയിലുള്ളതും, ഏറെ ഗൗരവപൂര്‍വം വായിക്കപ്പെടുന്നതുമായ പ്രബോധനത്തിന്റെ താളുകളിലൂടെയാകുന്നു എന്നതാണ്. ഈയുള്ളവന്‍ ഒരു നിമിത്തം മാത്രം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (43-51)
എ.വൈ.ആര്‍