മാറ്റിവെച്ചേക്കൂ ആ ക്ഷേമസ്വപ്നങ്ങള്
എല്ലാ വര്ഷവും ജനുവരി മധ്യത്തിലോ അവസാനത്തിലോ സ്വിറ്റ്സര്ലാന്റിലെ ഡാവോസില്, ആല്പ്സ് പര്വതനിരകളിലെ ഒരു സുഖവാസ കേന്ദ്രത്തില് രാഷ്ട്ര നേതാക്കളും വമ്പന് ബിസിനസ്സുകാരും സാമ്പത്തിക വിദഗ്ധരും മാധ്യമ പ്രവര്ത്തകരുമെല്ലാമടങ്ങുന്ന രണ്ടായിരത്തിലധികം പേര് ഒന്നിച്ചിരിക്കാറുണ്ട്. വേള്ഡ് ഇക്കണോമിക് ഫോറം എന്നാണ് ഇതിന് പറയുക. ലോക രാഷ്ട്രീയത്തിനും സമ്പദ്ഘടനക്കുമൊക്കെ ദിശ കാണിക്കാനും അജണ്ട ഉണ്ടാക്കിക്കൊടുക്കാനുമൊക്കെയാണ് ഇവര് ഒത്തുകൂടുന്നത് എന്നാണ് സങ്കല്പം. അത്തരമൊരു ഒത്തുകൂടല് ഈ ജനുവരിയിലും ഉണ്ടായി. 'ജീവിതനിലവാരം ഉയര്ത്തുന്നതില് ആഗോളവത്കരണം നിരന്തരം പരാജയപ്പെടുന്നതു മൂലമുണ്ടാകുന്ന ന്യായമായ നിരാശ'യെക്കുറിച്ച് ചര്ച്ച ചെയ്യാനാണ് ഇത്തവണ യോഗം വിളിച്ചത്. വളച്ചുകെട്ടില്ലാതെ പറഞ്ഞാല്, ലോകരാഷ്ട്രങ്ങള് അഭിമുഖീകരിക്കുന്ന അതിഭീകരമായ സാമ്പത്തിക അസമത്വങ്ങളെക്കുറിച്ചും അതുാക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെക്കുറിച്ചും ചര്ച്ച ചെയ്യാന്. സാമ്പത്തിക അസമത്വങ്ങളെക്കുറിച്ചുള്ള ഓക്സ്ഫാം റിപ്പോര്ട്ട് പുറത്തുവന്നത് ഇതേ സന്ദര്ഭത്തിലായതും ഒട്ടും യാദൃഛികമല്ല. ഈ ഒത്തുകൂടുന്നവരില് അധികവും അന്യായ മാര്ഗങ്ങളിലൂടെ ഭീമമായ സമ്പത്ത് വാരിക്കൂട്ടുന്ന കച്ചവടക്കാരും വ്യവസായികളും, അവരെയതിന് 'ഔദ്യോഗികമായി' തന്നെ സഹായിക്കുന്ന ഭരണകര്ത്താക്കളുമൊക്കെയായതുകൊണ്ട്, ഇതില് നടക്കുന്ന ചര്ച്ചകളെ വെറും കാപട്യം എന്നല്ലാതെ മറ്റെന്തു പറയാന്!
കടിഞ്ഞാണില്ലാതെ മുക്രയിട്ടോടുന്ന ആഗോളവത്കരണമെന്ന ഭീകരജീവി ഒന്നിനും പാങ്ങില്ലാത്ത ദരിദ്ര രാഷ്ട്രങ്ങളെയാണ് കുത്തി മലര്ത്തുക എന്നായിരുന്നു ഇതുവരെയും കരുതിയിരുന്നത്. ഈ ഹിംസ്ര ജീവിയെ കെട്ടഴിച്ചുവിട്ടവര്ക്കു നേരെയും അത് തിരിയാന് തുടങ്ങിയിരിക്കുന്നു എന്ന് തിരിച്ചറിയാന് സുഖവാസ ഉച്ചകോടിയിലെ ഹാജര്നില തന്നെ പരിശോധിച്ചാല് മതിയാവും. അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല് മാക്രണും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയും ആബ്സന്റ്. 'വരേണ്യന്മാര് നമ്മെ തോല്പിച്ചിരിക്കുകയാണ്' എന്ന മുദ്രാവാക്യമുയര്ത്തി വെള്ളക്കാരായ തൊഴിലില്ലാ പടയെ തന്റെയൊപ്പം കൂട്ടിയ ട്രംപിന്റെ ഭരണ കാലത്ത് സാധാരണക്കാരുടെയും മധ്യവര്ഗങ്ങളുടെയും സാമ്പത്തികനില കൂടുതല് വഷളാവുകയാണ് ചെയ്തത്. ഫ്രാന്സിലാകട്ടെ ജീവിതം വഴിമുട്ടിയവര് സകല തെരുവുകളിലും രോഷാകുലരായി ഒഴുകിപ്പരക്കുകയാണ്. അവരെ നാം 'മഞ്ഞക്കുപ്പായക്കാര്' എന്ന് വിളിക്കുന്നു. യുവാവായ ഫ്രഞ്ച് പ്രസിഡന്റിന് തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില് ഒന്നു പോലും പാലിക്കാനായിട്ടില്ല. മാസങ്ങളായി ബ്രിട്ടന് കുരുങ്ങിക്കിടക്കുന്ന ബ്രെക്സിറ്റ് പ്രതിസന്ധി ആ നാട് അഭിമുഖീകരിക്കാന് പോകുന്ന സാമ്പത്തിക കുഴമറിച്ചിലേക്കുള്ള സൂചനയാണെന്ന് വ്യക്തം.
പ്രക്ഷോഭങ്ങളുടെ തീച്ചൂളയിലാണ് സുഡാന് നില്ക്കുന്നത്. കാരണങ്ങള് ഇതൊക്കെ തന്നെ. റൊട്ടിക്കും പെട്രോളിനും വര്ധിച്ച വിലയ്ക്ക് ഒരു കണക്കുമില്ല. ചില നഗരങ്ങളില് വൈദ്യുതി വിതരണം ഇല്ലാതായിട്ട് തന്നെ മാസങ്ങളായി. സുഡാനില് 1964-ലും 1985-ലും രണ്ട് വിപ്ലവങ്ങള് ഉണ്ടായപ്പോള് അത് തലസ്ഥാന നഗരമായ ഖാര്ത്തൂം കേന്ദ്രീകരിച്ചായിരുന്നുവെങ്കില് ഇപ്പോഴത്തെ പ്രക്ഷോഭത്തെ നയിക്കുന്നത് ഗ്രാമീണ ജനവിഭാഗങ്ങളാണ്. ജനജീവിതം അത്രയേറെ ദുസ്സഹമായിരിക്കുന്നു. സൃഷ്ടിക്കപ്പെടുന്ന ധനത്തിന്റെ എണ്പത്തി രണ്ട് ശതമാനവും ലോകജനസംഖ്യയുടെ ഒരു ശതമാനം അടിച്ചുമാറ്റുന്ന (2017-ലെ കണക്ക്) ഒരു ലോകക്രമത്തില് സുസ്ഥിതിയും സമാധാനവും സ്വപ്നം കാണുന്നത് വെറുതെ.
Comments