Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 08

3088

1440 ജമാദുല്‍ ആഖിര്‍ 02

മുസ്‌ലിം സൗഹൃദവേദി പ്രതീക്ഷ പകര്‍ന്ന കാല്‍വെപ്പ്

ഒ. അബ്ദുര്‍റഹ്മാന്‍

(ജീവിതാക്ഷരങ്ങള്‍-13) 

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ അന്ത്യത്തിലായിരുന്നു സംഭവം. റമദാന്‍ മാസപ്പിറവിയെയും തുടര്‍ന്ന് പെരുന്നാള്‍ നിര്‍ണയത്തെയും ചൊല്ലി മുസ്‌ലിം സമുദായത്തില്‍ രൂപപ്പെട്ട ഭിന്നത സ്വാഭാവികതയുടെ സകല സീമകളും ലംഘിച്ച് മതപണ്ഡിത സംഘടനകളുടെയും മഹല്ല് ഖാദിമാരുടെയും ഈഗോ പ്രശ്‌നമായി മാറി സാധാരണ മുസ്‌ലിംകള്‍ക്ക് തലയുയര്‍ത്തി നടക്കാന്‍ വയ്യാത്ത പതനത്തിലെത്തിയ പരിസരം. ഇതിന് ഒരറുതിവരുത്താന്‍ തീരുമാനിച്ചുറച്ച് സമുദായസ്‌നേഹികളായ ഏതാനും വ്യവസായപ്രമുഖരും പൊതുപ്രവര്‍ത്തകരും രംഗത്തിറങ്ങി. വിവിധ മതസംഘടനാ നേതാക്കളെയും മുസ്‌ലിംലീഗ് നേതൃത്വത്തെയും അവര്‍ ചെന്നുകണ്ടു. മറ്റൊന്നിലും യോജിക്കാനായില്ലെങ്കിലും റമദാന്‍ മാസം തുടങ്ങുന്ന  കാര്യത്തിലും പെരുന്നാളുകള്‍ നിശ്ചയിക്കുന്നതിലും ഏകീകരണം സാധ്യമാവിേല്ല എന്നായിരുന്നു അവര്‍ക്കറിേയണ്ടത്. പ്രതികരണം പ്രോത്സാഹനജനകമായിരുന്നു. മൗലിക നിലപാടുകളിലെ ഭിന്നത ഒരുവേള ഒത്തുതീര്‍ക്കുക എളുപ്പമല്ലെങ്കില്‍തന്നെ ഏതെങ്കിലും തലത്തില്‍ പരസ്പരധാരണയുടെ സാധ്യതകളാരായാമെന്ന് ഒട്ടുമിക്കവരും പ്രതീക്ഷ പ്രകടിപ്പിച്ചു. അങ്ങനെയാണ് 1999 ഒക്േടാബര്‍ 21-ന് കോഴിക്കോട് ഹൈസണ്‍ ഹോട്ടല്‍ ഓഡിേറ്റാറിയത്തില്‍ പ്രവാസി വ്യവസായപ്രമുഖന്‍ ഗള്‍ഫാര്‍ പി. മുഹമ്മദലി മുന്‍കൈയെടുത്ത് വിവിധ മത-സാംസ്‌കാരിക സംഘടനാ പ്രതിനിധികളും മുസ്‌ലിംലീഗ് നേതാക്കളും സംഗമിച്ചത്. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ സമസ്ത ഗ്രൂപ്പ് മാത്രമേ വിട്ടുനിന്നുള്ളൂ. അവരും പക്ഷേ, ക്രിയാത്മക സഹകരണം ഉറപ്പുനല്‍കിയതായി സംഘാടകര്‍ അറിയിക്കുകയുണ്ടായി. മുസ്‌ലിംലീഗ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്‌ലാമി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, എം.ഇ.എസ്, എം.എസ്.എസ് എന്നീ സംഘടനകളുടെ പ്രതിനിധികളും ഏതാനും വ്യവസായപ്രമുഖരും ഉള്‍ക്കൊള്ളുന്ന കേരള മുസ്‌ലിം സൗഹൃദവേദിയുടെ രൂപവത്കരണത്തിലാണ് ഈ സംഗമം കലാശിച്ചത്. മൗലികമെന്നു തന്നെ തോന്നാവുന്ന വീക്ഷണ ഭിന്നതകളും നിലപാടുകളിലെ വൈരുധ്യങ്ങളും നിലനില്‍ക്കെ പൊതുതാല്‍പര്യവും ആശയപ്പൊരുത്തവുമുള്ള കാര്യങ്ങളില്‍ ഒന്നിക്കാനും സമുദായത്തിന്റെ ധാര്‍മികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പുരോഗതിക്കായി യോജിച്ചുപ്രവര്‍ത്തിക്കാനും തീരുമാനമെടുത്തുകൊണ്ടാണ് നേതൃസംഗമം പിരിഞ്ഞത്. സമാനമായ ഐക്യവേദികള്‍ പലതും ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞ പശ്ചാത്തലത്തില്‍ പുതിയതിനെക്കുറിച്ച് കരുതലോടുകൂടിയ ശുഭപ്രതീക്ഷ പങ്കിടാനേ സൗഹൃദവേദിയില്‍ ഒത്തുചേര്‍ന്നവര്‍ക്കും സാധിച്ചിരുന്നുള്ളൂ. എങ്കിലും നിരാശയോ അശുഭാപ്തിയോ ഒന്നിനും പരിഹാരമല്ലെന്ന തിരിച്ചറിവ് പുതിയ പരീക്ഷണത്തോട് സഹകരിക്കാന്‍ അവരെ പ്രേരിപ്പിച്ചു. പണക്കാരുടെ കാല്‍ക്കീഴില്‍ പണ്ഡിതന്മാരുടെ അടിയറവായി സൗഹൃദേവ ദിയെ ചിത്രീകരിക്കാന്‍ ചിലരുണ്ടായെങ്കിലും പൊതുവെ സമുദായത്തില്‍ പ്രത്യാശയുടെ കിരണങ്ങളാണ് അത് പ്രസരിപ്പിച്ചത്. വിശിഷ്യാ നോമ്പ്-പെരുന്നാളുകളുടെ ഏകീകരണം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. സുന്നീ സംഘടനകളോ മുജാഹിദുകളോ സ്വന്തം കാഴ്ചപ്പാടില്‍ ഒരു മാറ്റവും വരുത്താന്‍ ഒരുക്കമായിരുന്നില്ല. എന്നാല്‍, സൂര്യന്‍ അസ്തമിക്കുന്നതിനുമുമ്പ് ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ 29-ന് മാസപ്പിറവി കാണുകയില്ലെന്ന മുന്‍കൂര്‍ പ്രഖ്യാപനം ഒഴിവാക്കാന്‍ മുജാഹിദ് നേതൃത്വം സമ്മതിച്ചു. അതോടെ എങ്ങനെയും മാസപ്പിറവി കണ്ടേ തീരൂ എന്ന വാശി ഉപേക്ഷിക്കാന്‍ സുന്നീ മഹല്ല് ഖാദിമാരും തയാറായി. സന്ദിഗ്ധ ദിവസങ്ങളിലും ഘട്ടങ്ങളിലും സൗഹൃദവേദിയുടെ ശില്‍പികള്‍ വളരെ പണിപ്പെട്ടാണ് ധാരണ തകരാതെ നിലനിര്‍ത്തിപ്പോന്നത്.

വിദ്യാഭ്യാസമായിരുന്നു സൗഹൃദവേദിയുടെ സജീവ ശ്രദ്ധ ലഭിച്ച മറ്റൊരു മേഖല. പിന്നാക്ക ന്യൂനപക്ഷ സമുദായമായ മുസ്‌ലിംകള്‍ക്ക് കൂടുതല്‍ സ്‌കൂളുകളും കോളേജുകളും കോഴ്‌സുകളും അനുവദിച്ചുകിട്ടാന്‍ യോജിച്ചു പൊരുതണമെന്ന താല്‍പര്യം എല്ലാ സംഘടനകള്‍ക്കുമുണ്ടായിരുന്നു. മുസ്‌ലിംലീഗിന്റെ ഭരണപങ്കാളിത്തം ഈ രംഗത്ത് ഗുണകരമായി ഭവിക്കുകയും ചെയ്തു. അതേസമയം, മുസ്‌ലിം മാനേജ്‌മെന്റുകള്‍ അധ്യാപക നിയമനത്തിലും വിദ്യാര്‍ഥി പ്രവേശനത്തിലും മെറിറ്റ് അവഗണിച്ച് കോഴ വാങ്ങുന്നതും സമുദായത്തിലെ യോഗ്യരായ യുവാക്കളെ തഴയുന്നതും അവസാനിപ്പിക്കാന്‍ സൗഹൃദവേദിയിലെ ചര്‍ച്ചകള്‍ക്കായില്ല. ജസ്റ്റിസ് നരേന്ദ്രന്‍ കമീഷന്‍ പുറത്തുകൊണ്ടുവന്ന 7000-ത്തില്‍പരം സര്‍ക്കാര്‍ തസ്തികകളുടെ നഷ്ടം അഞ്ച് മുസ്‌ലിം മന്ത്രിമാരടങ്ങുന്ന യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് നികത്തിയെടുക്കുന്നതിനുള്ള സൗഹൃദവേദിയുടെ ശ്രമങ്ങളും സഫലമായില്ല. തന്നെയല്ല, വേദിയെ നിര്‍ജീവാവസ്ഥയിലേക്ക് നയിച്ച കാരണങ്ങളിലൊന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് പ്രഖ്യാപിച്ച സംവരണ പാക്കേജിനോടുള്ള വിവിധ സംഘടനകളുടെ സമീപനത്തിലെ വൈരുധ്യമായിരുന്നു. ബാക്ക്‌ലോഗ് നികത്തുക സാധ്യമല്ലെന്നും ഇനിമേല്‍ തസ്തികനഷ്ടം ഒഴിവാക്കാന്‍ പാക്കേജിലൂടെ നടപടികളെടുത്തിട്ടുണ്ടെന്നും മുസ്‌ലിംലീഗ് അവകാശപ്പെട്ടപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി അതിനോട് യോജിച്ചില്ല. യു.ഡി.എഫ് സര്‍ക്കാര്‍ മുന്നാക്ക ജാതി സംഘടനകളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ബാക്ക്‌ലോഗില്‍നിന്ന് തടിയൂരിയതല്ലാതെ പ്രഖ്യാപിച്ച പാക്കേജ് നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കലല്ലെന്ന് ജമാഅത്ത് ചൂണ്ടിക്കാട്ടി. മതസംഘടനകളാകട്ടെ ഇക്കാര്യത്തില്‍ കൃത്യതയില്ലാത്ത സമീപനം സ്വീകരിക്കുകയും ചെയ്തു.

സൗഹൃദവേദി തുടക്കത്തിലേ നടത്തിയ മറ്റൊരു നീക്കം മുസ്‌ലിം സംഘടനകളെക്കൊണ്ട് ഒരു പെരുമാറ്റച്ചട്ടം അംഗീകരിപ്പിക്കാനായിരുന്നു. ആശയപരവും വീക്ഷണപരവുമായ വൈവിധ്യങ്ങളോ വൈരുധ്യങ്ങളോ നിലനിര്‍ത്തിക്കൊണ്ടുതന്നെ പൊതുപ്രശ്‌നങ്ങളില്‍ സഹകരിക്കാനും ഭിന്നാഭിപ്രായങ്ങള്‍ പ്രതിപക്ഷ ബഹുമാനത്തോടെ പ്രകടിപ്പിക്കാനും നിഷ്‌കര്‍ഷിക്കുന്ന ഒരു പെരുമാറ്റച്ചട്ടത്തിന്റെ രൂപരേഖ സൗഹൃദവേദിയുടെ നിര്‍വാഹകസമിതി പല സിറ്റിംഗുകളിലായി ചര്‍ച്ച ചെയ്യുകയുണ്ടായി. പക്ഷേ, താത്ത്വികമായി അതിനോട് യോജിച്ചുകൊണ്ടുതന്നെ അന്തിമമായി അംഗീകാരം നല്‍കുന്നതില്‍നിന്ന് ചില സംഘടനകള്‍ വിട്ടുനിന്നു. പിന്നീട് സൗഹൃദാന്തരീക്ഷം തകരാന്‍ ഈ വൈമനസ്യം നിമിത്തമാവുകയും ചെയ്തു.

സൗഹൃദവേദിയുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവമായിരുന്നു 2003 ജനുവരി 4-ന് കോഴിക്കോട് ഹോട്ടല്‍ ഹൈസണില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ഒട്ടുമിക്ക മത-സാംസ്‌കാരിക സംഘടനകളുടെയും നേതാക്കള്‍ പെങ്കടുത്ത സമ്മേളനം. സംസ്ഥാനത്തെ മുസ്‌ലിം സമൂഹത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്ക് സമഗ്രമായ ഒരു രൂപരേഖയായിരുന്നു മുഖ്യ അജണ്ട. പ്രഫ. വി. മുഹമ്മദ് സാഹിബും ഞാനും ചേര്‍ന്നുണ്ടാക്കിയ കരടുരേഖ സാരമായ അഭിപ്രായ ഭിന്നതകളില്ലാതെ ചര്‍ച്ചകള്‍ക്കുശേഷം സമ്മേളനം അംഗീകരിച്ചു. ധാര്‍മികം, മതപരം, സാമുദായികം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം എന്നീ മേഖലകളില്‍ ഫലപ്രദമായ ഒരു കര്‍മപരിപാടി ഉള്‍ക്കൊള്ളുന്നതായിരുന്നു രൂപരേഖ. 'ധാര്‍മികമായി കെട്ടുറപ്പുള്ള, അല്ലാഹുവിന്റെ ശിക്ഷ ഭയക്കുന്ന സമുദായത്തിനു മാത്രമേ മുന്നോട്ടു ചലിക്കാനും പുരോഗതി പ്രാപിക്കാനും സാധിക്കുകയുള്ളൂ' എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട്  അസാന്മാര്‍ഗിക പ്രവൃത്തികള്‍, മദ്യപാനം, മയക്കുമരുന്നുപയോഗം, മോഷണം, തട്ടിപ്പ്, ബലാത്സംഗം, കൊലപാതകം, സാമ്പത്തിക ക്രമക്കേടുകള്‍ മുതലായവയില്‍നിന്ന് സമുദായാംഗങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ തടയുക എന്നത് കര്‍മപരിപാടിയിലെ മുഖ്യ ഇനമായി അംഗീകരിക്കപ്പെട്ടു. ലക്ഷ്യം നേടാന്‍ മഹല്ലുകളില്‍ വ്യവസ്ഥാപിതമായി ബോധവത്കരണ പരിപാടികള്‍, മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബോധവത്കരണ പരിപാടികള്‍, മാരക തിന്മകള്‍ക്കെതിരെ പ്രചാരണ പരിപാടികള്‍ തുടങ്ങിയവ നടത്തണമെന്നും തീരുമാനമായി. സംഘടനകളുടെ വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ മുസ്‌ലിം സമൂഹവും ഇസ്‌ലാമും നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ യോജിക്കാവുന്ന മേഖലകളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശിക്കപ്പെട്ടു. സൗഹാര്‍ദത്തിന്റെ സന്ദേശം പ്രാദേശിക യൂനിറ്റുകളില്‍ എത്തിക്കണമെന്നും തീരുമാനമായിരുന്നു. ഇന്ത്യ നേരിടുന്ന ഫാഷിസ്റ്റ് വെല്ലുവിളികളെ വര്‍ഗീയ ധ്രുവീകരണത്തിലൂടെയും തീവ്രവാദത്തിലൂടെയും പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്ന് വിലയിരുത്തിയ സൗഹൃദവേദി, ഭൂരിപക്ഷ സമുദായത്തിലെ മിതവാദികളും മതേതരവാദികളുമായ ബുദ്ധിജീവികളുമായും സാംസ്‌കാരിക പ്രവര്‍ത്തകരുമായും മറ്റും കൂട്ടുചേര്‍ന്ന് സാമുദായിക മൈത്രി വളര്‍ത്താനാണ് ശ്രമിക്കേണ്ടതെന്ന് വ്യക്തമാക്കി. മുസ്‌ലിം സമുദായത്തിന്റെ ലൗകികവും മതപരവുമായ വിദ്യാഭ്യാസ നിലവാരം പരമാവധി മെച്ചപ്പെടുത്താനുള്ള നടപടികള്‍ ആവിഷ്‌കരിക്കണമെന്നും രൂപരേഖ നിര്‍ദേശിച്ചു. സമുദായത്തിന്റെ അധഃസ്ഥിതിക്ക് മുഖ്യകാരണം ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണെന്ന യാഥാര്‍ഥ്യബോധത്തോടെ ബംഗ്ലാദേശ് ഗ്രാമീണ്‍ ബാങ്ക് മാതൃകയില്‍ മഹല്ല് അടിസ്ഥാനത്തില്‍ പലിശരഹിത സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുക, വിവരസാങ്കേതികവിദ്യയിലും വ്യവസായരംഗത്തും പരിശീലനം നല്‍കുക, ഗള്‍ഫ് പണം ഫലപ്രദമായി പ്രയോജനപ്പെടുത്തുക, സര്‍ക്കാര്‍ വക തൊഴില്‍ പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്തുക തുടങ്ങിയ വിവിധ പദ്ധതികള്‍ രൂപരേഖ വിഭാവനം ചെയ്തു. 'മുസ്‌ലിം സമുദായത്തിന് ഒരു കര്‍മരേഖ' എന്ന ശീര്‍ഷകത്തില്‍ മലയാള മനോരമ എഴുതിയ മുഖപ്രസംഗത്തില്‍ (2003 ജനുവരി 8) പുതിയ വെല്ലുവിളികള്‍ വിലയിരുത്തി മുസ്‌ലിം സമുദായം ഏറ്റെടുത്തിട്ടുള്ള ഈ ദൗത്യം ഫലപ്രദമാവുമ്പോള്‍ അത് മൊത്തം സമൂഹത്തിനുതന്നെ മുതല്‍ക്കൂട്ടാവും എന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. പ്രത്യാശ പൂവണിഞ്ഞില്ലെന്നത് പില്‍ക്കാല സത്യം.

മാറാട് സംഭവത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ സാമുദായികാന്തരീക്ഷം സ്‌ഫോടനാത്മകമായിത്തീരുകയും വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ ന്യൂനപക്ഷവിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ തുനിഞ്ഞിറങ്ങുകയും ചെയ്ത സന്ദര്‍ഭത്തിലായിരുന്നു മുസ്‌ലിം സൗഹൃദവേദിയുടെ മറ്റൊരു സജീവമായ ഇടപെടല്‍. ചില ഗാന്ധിയന്മാര്‍ രംഗത്തുവന്ന് ഹിന്ദു-മുസ്‌ലിം പക്ഷത്തെ നേതാക്കളെ ഒരു മേശക്കു ചുറ്റും ഇരുത്തി പ്രതിസന്ധിക്ക് പരിഹാരം തേടിയപ്പോള്‍ സൗഹൃദവേദിയുടെ ഘടകകക്ഷി പ്രതിനിധികള്‍ പരമാവധി സഹകരിക്കാന്‍ തയാറായി. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകളില്‍ മറ്റെല്ലാ കാര്യങ്ങളിലും ധാരണയിലെത്തിയ സംഘ് പരിവാറും മുസ്‌ലിം സംഘടനാ പ്രതിനിധികളും സി.ബി.ഐ അന്വേഷണത്തെ ചൊല്ലിയാണ് സ്തംഭനാവസ്ഥയെ നേരിട്ടത്. രാത്രി ഏറെ വൈകിയപ്പോള്‍ പക്ഷേ, ഭാഗികമായ സി.ബി.ഐ അന്വേഷണം വേണ്ടിവന്നാല്‍ ആവാമെന്ന നിലപാടില്‍ മുസ്‌ലിം സംഘടനകള്‍ എത്തിച്ചേരുകയായിരുന്നു; അരയസമാജം- സംഘ് പരിവാര്‍ പ്രതിനിധികള്‍ അതിനോട് യോജിക്കുകയും ചെയ്തു. പിറ്റേന്ന് മുഖ്യമന്ത്രി എ.കെ ആന്റണിയുെട സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചകള്‍ ഒത്തുതീര്‍പ്പില്‍ കലാശിച്ചതും നിയമോപദേശം ഭാഗികമായ സി.ബി.ഐ അന്വേഷണത്തിന് അനുകൂലമാണെങ്കില്‍ അതാവാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ്. അഡ്വക്കറ്റ് ജനറലുടെ ഉപദേശം പക്ഷേ, സി.ബി.ഐ അന്വേഷണത്തിനെതിരെയായിരുന്നു. വന്‍തുക നഷ്ടപരിഹാരം വാങ്ങി പ്രക്ഷോഭം അവസാനിപ്പിച്ച സംഘ് പരിവാര്‍ സി.ബി.ഐ അന്വേഷണത്തിന് ശഠിച്ചില്ലെന്നതും വസ്തുതയാണ്. 

ചുരുക്കത്തില്‍, പലരും ധരിച്ചപോലെ സ്റ്റാര്‍ ഹോട്ടലില്‍ ഇഫ്താറോ സദ്യവട്ടങ്ങളോ ഒരുക്കി ഏതാനും മുതലാളിമാര്‍ രാഷ്ട്രീയ-മത നേതാക്കളെ വിളിച്ചുവരുത്തി ഭംഗിവാക്ക് പറയിപ്പിച്ചുവിടുന്ന ഒരേര്‍പ്പാടായിരുന്നില്ല കേരള മുസ്‌ലിം സൗഹൃദവേദി. അത് നല്ലൊരു സംരംഭവും ശരിയായ ദിശയിലുള്ള കാല്‍വെപ്പുമായിരുന്നു. പ്രതീക്ഷയുളവാക്കുന്ന നടപടികളും അതിന്റെ ഭാഗത്തുനിന്നുണ്ടായി. പക്ഷേ, ജന്മസിദ്ധമായ ബലഹീനതകളും അവിചാരിതമായ തിരിച്ചടികളും സമുദായത്തിന്റെ ഈ കൂട്ടായ്മയെ തളര്‍ത്തുകയും നിര്‍ജീവമാക്കുകയും ചെയ്തുവെന്നതും ഖേദകരമായ വാസ്തവമാണ്. 

സൗഹൃദവേദി പൊട്ടിപ്പൊളിയാതിരിക്കണമെന്ന് അതിയായ താല്‍പര്യമുണ്ടായിരുന്ന ഗള്‍ഫാര്‍ മുഹമ്മദലി സാഹിബ് ഒരു ഘട്ടത്തില്‍ എ.പി അബൂബക്കര്‍ മുസ്‌ലിയാരുമായി സംസാരിച്ച അനുഭവം ഇവിടെ ഓര്‍ക്കുന്നത് കൗതുകകരമാവും. വിവിധ സംഘടനകളുടെ നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഗള്‍ഫാര്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അദ്ദേഹം വഴങ്ങി. സംഭാഷണം ജമാഅത്തെ ഇസ്‌ലാമിയുമായി തുടങ്ങാമെന്ന് കാന്തപുരം അഭിപ്രായപ്പെട്ടതനുസരിച്ച് അന്നത്തെ അമീര്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിനോട് മുഹമ്മദലി സാഹിബ് ബന്ധപ്പെട്ടു. എന്നെ കൂടെ കൂട്ടാനും അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചതു പ്രകാരം നിശ്ചിത ദിവസം വൈകീട്ട് കാലിക്കറ്റ് ടവറിലെ റൂമില്‍ കാന്തപുരവും സിദ്ദീഖ് ഹസനും ഞാനും ഗള്‍ഫാറിന്റെ  സാന്നിധ്യത്തില്‍ ഒത്തുകൂടി. ജമാഅത്തിനോട് സഹകരിക്കാന്‍ എന്താണ് തടസ്സമെന്ന് വിശദീകരിക്കാന്‍ ഗള്‍ഫാര്‍ കാന്തപുരത്തോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ഖണ്ഡിതമായി മറുപടി പറഞ്ഞില്ല. അപ്പോള്‍ താങ്കളുടെ സംഘടന, ജമാഅത്ത്-സലഫി സംഘടനകളില്‍ പെട്ടവരോട് സലാം പറയാന്‍ പാടില്ലെന്ന് പാഠപുസ്തകങ്ങളിലൂടെ കുട്ടികളെ പഠിപ്പിക്കുന്നതിന്റെ ന്യായീകരണമെന്താണെന്ന് ഗള്‍ഫാര്‍ ചോദിച്ചു. അങ്ങനെയൊന്നുമില്ലല്ലോ എന്നാദ്യം പറഞ്ഞൊഴിയാന്‍ ശ്രമിച്ച കാന്തപുരം, ഉണ്ടെന്ന് ഞങ്ങള്‍ തറപ്പിച്ചു പറഞ്ഞപ്പോള്‍ മുബ്തദിഉകള്‍ക്ക് സലാം ചൊല്ലാന്‍ പാടില്ലെന്നത് പൂര്‍വികരായ ഉലമാക്കളുടെ അഭിപ്രായമാണെന്ന് അവകാശപ്പെടുകയാണുണ്ടായത്. മുബ്തദിഅ് എന്നുപറഞ്ഞാല്‍ എന്താണ് അര്‍ഥമെന്ന് ചോദിച്ചു ഗള്‍ഫാര്‍. കാന്തപുരം അത് വിശദീകരിക്കാന്‍ ശ്രമിച്ചുവെങ്കിലും ശ്രമം  പരാജയപ്പെട്ടു. 'നിങ്ങളതൊന്ന് വിശദീകരിച്ചുകൊടുക്കൂ' എന്ന് മുസ്‌ലിയാര്‍ എന്നോടാവശ്യപ്പെട്ടപ്പോള്‍ ചിരിയടക്കിക്കൊണ്ട് ഞാന്‍ ബിദ്അത്തും മുബ്തദിഉം എന്താണെന്ന് വ്യക്തമാക്കിക്കൊടുത്തു. മുജാഹിദുകളും ജമാഅത്തുകാരും തബ്‌ലീഗുകാരുമെല്ലാം മുബ്തദിഉകളാണെന്നത് ഇവരുടെ മാത്രം വ്യാഖ്യാനമാണെന്നും ഞാന്‍ പറഞ്ഞു. ആ ചര്‍ച്ച അധികം നീണ്ടതുകൊണ്ട് പ്രയോജനമില്ലെന്ന് മനസ്സിലാക്കിയ ഗള്‍ഫാര്‍ സമുദായത്തെ ബാധിക്കുന്ന പൊതുവായ കാര്യങ്ങളില്‍ യോജിച്ചുകൂടേ എന്നാരാഞ്ഞു. ആവാം എന്ന് മുസ്‌ലിയാര്‍ സമ്മതിച്ചെങ്കിലും ഉദാഹരണം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒടുവില്‍ കശ്മീര്‍ പ്രശ്‌നമാണ് അഭിപ്രായസമന്വയത്തിന് അദ്ദേഹം നിര്‍ദേശിച്ചത്! 'അത് നാം തമ്മില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലല്ലോ. ഇന്ത്യയും പാകിസ്താനും തമ്മില്‍ തീര്‍ക്കേണ്ട കാര്യമാണ്. നമുക്കിടയില്‍ അക്കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ടാവേണ്ടതില്ലല്ലോ' എന്ന് ഞങ്ങള്‍ ചൂണ്ടിക്കാട്ടി. ഏതായാലും രണ്ടു മണിക്കൂറോളം നീണ്ട ഈ ചര്‍ച്ച പ്രത്യേകിച്ചൊരു ഫലവുമില്ലാതെ അവസാനിപ്പിക്കേണ്ടിവന്നു. മതപണ്ഡിതന്മാര്‍ക്കിടയിലെ ഭിന്നതയുടെ സ്വഭാവം മനസ്സിലാക്കാന്‍ ഗള്‍ഫാറിന് ഒരവസരം ലഭിച്ചത് മിച്ചം.

മറ്റൊരു തിക്തസത്യവും ഈയവസരത്തില്‍ തുറന്നുപറയാതെ വയ്യ. എം.എ യൂസുഫലി, ഗള്‍ഫാര്‍ മുഹമ്മദലി പോലുള്ള വന്‍ വ്യവസായികളും പ്രമുഖ സമ്പന്നരും ഇടപെട്ടാല്‍ വിട്ടുവീഴ്ചക്കും അനുരഞ്ജനത്തിനും സന്നദ്ധത പ്രകടിപ്പിക്കുകയും എന്നാല്‍ എത്ര വലിയ ദീനീസ്‌നേഹികള്‍ താണുകേണപേക്ഷിച്ചാലും ഒന്നിനും വഴങ്ങാതിരിക്കുകയും ചെയ്യുന്ന നമ്മുടെ മതപണ്ഡിതന്മാരുടെയും സംഘടനകളുടെയും നിലപാട് ആരിലും മതിപ്പുളവാക്കുന്നതല്ല. സങ്കുചിത വ്യക്തിതാല്‍പര്യങ്ങളും സംഘടനാ പക്ഷപാതിത്വവുമാണ് ഗൗരവതരമായ പ്രശ്‌നങ്ങളില്‍പോലും ഏകോപനമോ സമവായമോ ഉണ്ടാക്കിയെടുക്കുന്നതിനുള്ള തടസ്സം എന്ന് അനുഭവങ്ങള്‍ പഠിപ്പിക്കുന്നു. സമസ്തകള്‍ തമ്മില്‍ ഇനിയും പിണങ്ങിനില്‍ക്കുന്നതെന്തിനാണെന്നോ സലഫികള്‍ക്കിടയിലെ ശത്രുതക്കും സ്പര്‍ധക്കും എന്താണ് ന്യായീകരണമെന്നോ ഇരുകൂട്ടരുടെയും വാദമുഖങ്ങള്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ടും എനിക്ക് മനസ്സിലായിട്ടില്ല. രണ്ടോ മൂന്നോ ആയി പിളര്‍ന്നശേഷം പിളര്‍പ്പിനടിസ്ഥാനം ആദര്‍ശപരവും നയപരവുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ എല്ലാവരും പാടുപെട്ടിട്ടുണ്ടെന്നത് വേറെ കാര്യം. കാതലായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലുള്ള പിളര്‍പ്പ് മനസ്സിലാക്കാനാവും. എന്നാല്‍ തിരുകേശം, ജിന്ന്, സിഹ്‌റ് പോലുള്ള ബാലിശങ്ങളായ ഇഷ്യുകളുടെ പേരില്‍ പരസ്പരം പോരടിക്കുക മാത്രമല്ല പിന്നിലുള്ള മുസ്‌ലിം ജനസാമാന്യത്തെ അന്യോന്യം സലാം പറയുകപോലും ചെയ്യാത്ത പരുവത്തിലെത്തിച്ചത് കാണുേമ്പാള്‍ ഇവരൊന്നും പടച്ച തമ്പുരാനെ യഥാര്‍ഥത്തില്‍ പേടിക്കുന്നില്ലേ എന്നു തോന്നിപ്പോവാറുണ്ട്. ഈവക കാര്യങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി എന്തെങ്കിലും അഭിപ്രായപ്രകടനം നടത്തിയാല്‍ ഉടനെ അതിനെ തീവ്രവാദവും മതരാഷ്ട്രവാദവും ആരോപിച്ച് സ്വഭാവഹത്യ നടത്തുന്നതില്‍ എല്ലാവരും ഒറ്റക്കെട്ടാണുതാനും! എങ്കില്‍ പിന്നെ 'ജമാഅത്തെന്ന മഹാവിപത്തിനെ' നേരിടാനെങ്കിലും ഈ മതസംഘടനകള്‍ക്ക് യോജിക്കരുതോ? 'അജ്ഞാത കേന്ദ്രങ്ങളില്‍'നിന്നുള്ള സഹായവും പ്രതീക്ഷിക്കാം. അതിനിടെ കുപ്രസിദ്ധമായ 'കോട്ടക്കല്‍ കഷായ'ത്തിന്റെ ഗതിയും ഓര്‍ക്കുന്നത് നന്ന്. മുസ്‌ലിംലീഗ് നേതൃത്വം കോട്ടക്കലില്‍ വിളിച്ചുചേര്‍ത്ത ജമാഅത്തിതര സംഘടനകളുടെ സമ്മിറ്റ് ജമാഅത്തെ ഇസ്‌ലാമിക്കെതിരെ പ്രഖ്യാപിച്ച ഊരുവിലക്ക്, മുമ്പ് ശിഅ്ബ് അബീത്വാലിബില്‍ മുഹമ്മദ് നബി(സ)ക്കും ബനൂഹാശിം കുടുംബത്തിനുമെതിരെ ഖുറൈശികള്‍ ഏര്‍പ്പെടുത്തിയ ഊരുവിലക്കു പത്രിക രണ്ടുമൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ചിതല്‍ തിന്നുപോയ സംഭവമാണ് ഓര്‍മിപ്പിക്കുക. 

(തുടുരം)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (43-51)
എ.വൈ.ആര്‍