Prabodhanm Weekly

Pages

Search

2012 ജനുവരി 14

ആതിഥ്യ മര്യാദകള്‍

ടി.കെ യൂസുഫ്

ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിന് മുമ്പ് തന്നെ അറബികള്‍ അതിഥികളുടെ ആഗമനത്തില്‍ സന്തോഷിക്കുകയും അവര്‍ക്ക് വേണ്ട സേവനം ചെയ്യുന്നതില്‍ അങ്ങേയറ്റം ഉത്സാഹം കാണിക്കുകയും ചെയ്തിരുന്നു. ഭാരതീയ ദര്‍ശനങ്ങളിലാകട്ടെ അതിഥിയെ ദൈവ തുല്യനായിട്ടാണ് കാണുന്നത്. മനുഷ്യ പ്രകൃതിയില്‍ രൂഢമൂലമായിട്ടുള്ള, സകല മതങ്ങളും പ്രത്യയശാസ്ത്രങ്ങളും വാഴ്ത്തിയിട്ടുള്ള ആതിഥ്യത്തിന് ഇസ്‌ലാം അത്യധികം പ്രാധാന്യം നല്‍കുന്നുണ്ട്.
ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവന്‍ തന്റെ അതിഥിയെ ആദരിക്കട്ടെ”എന്നാണ് തിരുമേനി പഠിപ്പിച്ചിട്ടുളളത്. ഒരു ഖുദ്‌സിയായ ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്. അല്ലാഹു പറയുന്നു:“''എന്റെ പേരില്‍ പരസ്പരം സന്ദര്‍ശിക്കുന്നവര്‍ക്ക് എന്റെ സ്‌നേഹം അര്‍ഹതപ്പെട്ടതായിത്തീരും.'' ഹദീസ് ഗ്രന്ഥങ്ങള്‍ പരതുകയാണെങ്കില്‍ ഈ വിഷയത്തില്‍ വേറെയും ഹദീസുകള്‍ കാണാന്‍ കഴിയും. നമ്മുടെ സൗഹൃദ സന്ദര്‍ശനങ്ങള്‍ പുണ്യകരമായിത്തീരാന്‍ അതിഥിയും ആതിഥേയനും ശ്രദ്ധിക്കേണ്ട ചില നിര്‍ദേശങ്ങളാണ് ഇവിടെ വിവരിക്കുന്നത്.
* അതിഥികളെ സ്വീകരിക്കുന്നതിന് വേണ്ടി അല്‍പ്പം ആകര്‍ഷകമായി അണിഞ്ഞൊരുങ്ങുന്നത് പ്രവാചക മാതൃകയില്‍ പെട്ടതാണ്. നബി (സ) ക്ക് നിവേദക സംഘങ്ങളെ സ്വീകരിക്കാനും വെള്ളിയാഴ്ചകളില്‍ ധരിക്കാനും പ്രത്യേക വസ്ത്രങ്ങളുണ്ടായിരുന്നു. നാം അതിഥികളായി പോകുമ്പോഴും ഈ ചര്യ പാലിക്കാവുന്നതാണ്. അവിചാരിതമായി ആരെങ്കിലും വീട്ടിലേക്ക് കയറിവരുമ്പോള്‍ അണിഞ്ഞൊരുങ്ങുക എന്ന നിര്‍ദേശം പാലിക്കാന്‍ അല്‍പം വിഷമമുണ്ടാകും. എന്നാല്‍ ജപ്പാന്‍കാര്‍ വീട്ടിലാരെങ്കിലും വന്നാല്‍ ആകര്‍ഷകമായി വസ്ത്രധാരണവും മറ്റും ചെയ്തതിനു ശേഷമേ അതിഥിയെ കണ്ടതായി പോലും ഭാവിക്കുകയുള്ളൂ എന്നാണ് പറയപ്പെടുന്നത്.
* അതിഥികള്‍ക്ക് വിശിഷ്ടമായ ആഹാര വസ്തുക്കള്‍ കഴിക്കാന്‍ നല്‍കുന്നതും പുണ്യകരമാണ്. ഇബ്‌റാഹീം നബി(അ)യുടെ അടുക്കല്‍ മലക്കുകള്‍ അതിഥികളായി വന്നപ്പോള്‍ ''അദ്ദേഹം ധൃതിയില്‍ ഭാര്യയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ഒരു തടിച്ച കാളക്കുട്ടിയെ വേവിച്ച് കൊണ്ട് വന്നു''(അദ്ദാരിയാത്ത് 6). ആതിഥ്യമര്യാദയുടെ ഒട്ടേറെ പാഠങ്ങള്‍ ഈ സംഭവത്തില്‍ നിന്ന് ഗ്രഹിക്കാന്‍ കഴിയും. ഇബ്‌റാഹീം നബി (അ) തന്റെ അതിഥികള്‍ക്ക് മതിയായ അത്രയും ഭക്ഷണം തയാറാക്കുകയും അത് സ്വയം അവര്‍ക്ക് കൊണ്ട് വന്ന് വെച്ച് കൊടുക്കുകയും ചെയ്തു. അതിഥികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അന്വേഷിക്കാതെയാണ് അദ്ദേഹം കാളക്കുട്ടിയെ പൊരിച്ച് നല്‍കിയത്. എന്നാല്‍ ഇന്ന് നമ്മുടെ അതിഥികളില്‍ അധികപേരും ഭക്ഷ്യജന്യ രോഗങ്ങള്‍ കാരണം ഭക്ഷണത്തിന്റെ കാര്യത്തില്‍ അതീവ ചിട്ട പാലിക്കാന്‍ ബാധ്യസ്ഥരായവരായിരിക്കും. അതുകൊണ്ട് തന്നെ ഔചിത്യപൂര്‍വം അതിഥികളുടെ താല്‍പര്യം ആരാഞ്ഞ് ഭക്ഷണം തയാറാക്കുന്നതായിരിക്കും അഭികാമ്യം.
* അതിഥികള്‍ക്ക് വലിയ പ്രയാസമില്ലെങ്കില്‍ ആതിഥേയന്‍ കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. കാരണം വീട്ടുകാര്‍ പണിപ്പെട്ടുണ്ടാക്കിയ വിഭവങ്ങള്‍ തിരസ്‌കരിക്കുന്നത് അവര്‍ക്ക് വിഷമമുണ്ടാക്കും. ആതിഥേയര്‍ക്ക് പ്രയാസമുണ്ടാക്കുന്നവിധം കൊണ്ടുവന്ന ഭക്ഷണം മാറ്റി പാചകം ചെയ്യണമെന്ന് ആവശ്യപ്പെടുന്നതും ഒഴിവാക്കേണ്ടതാണ്.
* സന്ദര്‍ശനത്തിന് അതിഥികള്‍ അനുയോജ്യമായ സമയം തെരെഞ്ഞെടുക്കുന്നത് വളരെ അനിവാര്യമായ ഒന്നാണ്. രാത്രി വളരെ വൈകിയോ ഭക്ഷണ സമയത്തോ, ഉച്ച ഉറക്കത്തിന്റെ സമയത്തോ കയറിച്ചെല്ലുന്നത് ഒഴിവാക്കേണ്ടതാണ്.
* മറ്റുളളവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നത് അനിവാര്യമാകുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. രോഗം, അപകടം പോലുളള വിഷമ ഘട്ടങ്ങളും, ജനനം, വിവാഹം പോലുള്ള സന്തോഷ വേളകളും അതില്‍ പെട്ടതാണ്. നബി(സ) പറഞ്ഞു. ''ആരെങ്കിലും ഒരു രോഗിയെ സന്ദര്‍ശിച്ചാല്‍ അല്ലെങ്കില്‍ അല്ലാഹുവിന്റെ പേരില്‍ ഒരു സഹോദരനെ സന്ദര്‍ശിച്ചാല്‍ അല്ലാഹു അവന്റെ വഴിയില്‍ ഒരു മലക്കിനെ നിയോഗിക്കും. നീയും നിന്റെ നടത്തവും നന്നാകട്ടെ എന്ന് ആ മലക്ക് പറഞ്ഞു കൊണ്ടിരിക്കും.''
* അതിഥിയായി പോകുന്നവന്‍ ആതിഥേയര്‍ക്ക് മറ്റു ജോലികളില്‍ തടസ്സമുണ്ടാകുന്നവിധം വളരെ കൂടുതല്‍ സമയം അവിടെ ചെലവഴിക്കരുത്.  എന്നു വെച്ച് ഒന്നും പറയാനും ഇരിക്കാനും എടുക്കാനും കുടിക്കാനും കൂട്ടാക്കാതെ വന്ന കാലില്‍ തന്നെ തിരിച്ച് പോരുന്നതും ഉചിതമല്ല.
* വീട്ടിലേക്ക് കയറിച്ചെല്ലുന്നവന്‍ വാതിലിന് അഭിമുഖമായി നില്‍ക്കാതെ അല്‍പം മാറി നില്‍ക്കണമെന്നാണ് തിരുമേനി നിര്‍ദേശിച്ചിട്ടുള്ളത്. അകത്ത് കയറിയതിനു ശേഷം വീടിന്റെ എല്ലാ മുക്കുമൂലയിലും കണ്ണ് പായിക്കുന്നതും, ആകര്‍ഷകമായ വസ്തുക്കളില്‍ കണ്ണ് വെക്കുന്നതും അഭിലഷണീയമല്ല. സന്ദര്‍ശനം കഴിഞ്ഞ് വീട്ടുകാരോട് വിടപറയുമ്പോള്‍ സന്തോഷവും മുഖപ്രസന്നതയും കാത്തുസൂക്ഷിക്കുകയും വേണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം