Prabodhanm Weekly

Pages

Search

2012 ജനുവരി 14

വസന്തത്തിന്റെ സുഗന്ധം

കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

ഏകാധിപത്യത്തിന്റെ കളകള്‍ പിഴുതെറിഞ്ഞ് ജനാധിപത്യത്തിന്റെ വസന്തം വിരിയിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു അറബ് ജനത. നിണമണിഞ്ഞ കാല്‍പാടുകള്‍ ഒടുവില്‍ വിജയപീഠം കയറിയിരിക്കുന്നുവെന്നത് ആഹ്ലാദകരമാണ്. ഇസ്‌ലാമിസ്റ്റുകളും ഇടതുപാര്‍ട്ടികളും ക്രിസ്ത്യാനികളുമെല്ലാം പോരാട്ടത്തില്‍ കൈകോര്‍ത്തുവെന്നതാണ് പുതുവസന്തത്തിന്റെ സുഗന്ധം. അറബ് പ്രതിഭാസം പല കാര്യങ്ങളും വെളിപ്പെടുത്തുന്നുണ്ട്. ഇസ്‌ലാംപേടി ഒരു മിഥ്യയാണെന്ന് ജനങ്ങള്‍ തെളിയിച്ചിരിക്കുന്നുവെന്നതാണ് ഒന്നാമത്തേത്.
സാമ്രാജ്യത്വ ശക്തികളുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്നത് രണ്ടാമത്തേത്. സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ഇസ്‌ലാമിന്റെ ശക്തി അജയ്യമാണെന്നത് മൂന്നാമത്തേത്. ഇസ്‌ലാമിന്റെ അഗ്നി ആരു വിചാരിച്ചാലും ഊതിക്കെടുത്താന്‍ കഴിയില്ലെന്നത് നാലാമത്തേത്. മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ധൃതരാഷ്ട്രാലിംഗനം ജനം തിരിച്ചറിഞ്ഞുവെന്നത് അഞ്ചാമത്തേത്. ഇസ്‌ലാംപേടിയുടെ സാമ്രാജ്യത്വബോംബ് നനഞ്ഞ പടക്കമാണെന്നത് ആറാമത്തേത്. ഇസ്‌ലാമിന്റെ നീതിയിലും സഹിഷ്ണുതയിലും ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നത് ഒടുവിലത്തേത്. പറയുന്നത് ഒടുവിലെങ്കിലും പരിഗണിക്കേണ്ടത് പ്രഥമമായിത്തന്നെയെന്നത് ഗുണപാഠം.

 

മയ്യഴിയുടെ 'മദ്യാ'ഹ്നങ്ങള്‍
കെ.പി കുഞ്ഞിമ്മൂസ
കേരളത്തില്‍ മദ്യപ്രളയം സൃഷ്ടിക്കുന്ന ജനദ്രോഹ മദ്യനയം തിരുത്താന്‍ കേരള മദ്യനിരോധന സമിതി അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പുതിയ മദ്യനയം രൂപവത്കരിക്കാന്‍ എം.എം ഹസന്‍ അധ്യക്ഷനായുള്ള ഉപസമിതി രൂപവത്കരിച്ചുവെന്നും കേട്ടിരുന്നു. കേരളത്തിലെ രണ്ട് പ്രബല ജില്ലകളായ കണ്ണൂരിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന ഫ്രഞ്ചധീന പ്രദേശമായിരുന്ന മയ്യഴി മദ്യത്തില്‍ കുളിച്ചു നില്‍ക്കുന്നതിനെക്കുറിച്ച് ഇവരാരും ഉരിയാടാത്തത് അത്ഭുതമായി തോന്നുന്നു.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി സംസ്ഥാനത്തില്‍ പെട്ടതാണ് മയ്യഴി. അവിടെ മദ്യം കഴിക്കാനും കടത്താനും എത്തുന്നവര്‍ കേരളീയരാണ്. അക്ഷരാര്‍ഥത്തില്‍ മയ്യഴി മദ്യനഗരമായി മാറിയിരിക്കുന്നു. മയ്യഴി ഗാന്ധി എന്ന അപരനാമത്താല്‍ അറിയപ്പെട്ട ഐ.കെ കുമാരന്‍ മാസ്റ്ററുടെ സകല ചെറുത്തുനില്‍പും 'അബ്കാരി' തകര്‍ത്തുകളഞ്ഞു. സാത്വികനായ സ്വാതന്ത്ര്യ സമരസേനാനി പി.കെ ഉസ്മാന്‍ മാസ്റ്ററുടെ നാടിനാണ് ഭ്രാന്തമായ മദ്യലഹരി പിടിപെട്ടത്. മയ്യഴിക്കാര്‍ക്ക് മാനമര്യാദയായി ജീവിക്കാന്‍ പറ്റാത്ത അവസ്ഥ സൃഷ്ടിച്ചവര്‍ ഖദര്‍ ധാരികളാണെന്നതാണ് ദുഃഖ സത്യം.
അമ്പത് വര്‍ഷം മുമ്പിലെ ഒരു പകലിന്റെ സാന്ദ്രദുഃഖം വേദനയായി, കണ്ണീരായി, എരിയുന്ന കനലായി മയ്യഴിയുടെ നെഞ്ചകത്തുണ്ട്. ദേശീയ പതാക മാറോടടക്കി വിമോചന സമരത്തിന് നേതൃത്വം നല്‍കിയ ഉസ്മാന്‍ മാസ്റ്ററെ ഫ്രഞ്ച് ചോറ്റുപട്ടാളം അധികാരത്തിന്റെ പേശിബലത്തില്‍ തല്ലിച്ചതച്ച രംഗം. തിരുവായ്‌ക്കെതിര്‍വായ് പറഞ്ഞവരെ ചെറുകല്ലായിയില്‍ തോക്കിന്നിരയാക്കിയ കാട്ടുനീതിയായിരുന്നു മയ്യഴിയില്‍. ഇന്ത്യന്‍ പൗരന്മാരെ തളച്ചിട്ട് വിറപ്പിച്ച ഫ്രഞ്ച് പട്ടാളമെന്ന അക്രമിസംഘം എന്തെല്ലാം കാട്ടിക്കൂട്ടി.
ഒടുവില്‍ ബലി ആവശ്യപ്പെടുന്ന ദുര്‍ദേവതകള്‍ നാടുനീങ്ങി. ഫ്രഞ്ചുകാര്‍ കപ്പല്‍ കയറി. എന്നാല്‍ മയ്യഴിയില്‍ ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു. കഥയും കഥാപാത്രങ്ങളും മാറിയെങ്കിലും കഥാസാരം മറ്റൊന്നായില്ല. ഫ്രഞ്ച് സായ്പന്മാര്‍ വെള്ളം കണക്കെ മോന്തിയ ലിക്കര്‍ മഴവെള്ളം പോലെ ഒഴുകാന്‍ തുടങ്ങി. പ്രശസ്തമായ മാഹി ഹോട്ടലും പാരീസ് ഹോട്ടലും പൂട്ടി. തിരുനാള്‍ മഹോത്സവം നടക്കുന്ന സെന്റ് തെറീസാക്ക് സ്വാഗതമോതുന്ന കവാടങ്ങള്‍ക്കരികിലും പല നിറത്തിലുള്ള കുപ്പികള്‍ നിറഞ്ഞു. മൈതാനത്തും മദ്യം, കയറ്റത്തിലും ഇറക്കത്തിലും മദ്യം. പള്ളിക്കരികിലും ക്ഷേത്രത്തിന്നരികിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കിടയിലും മദ്യം.
അജ്ഞാത മൃതദേഹങ്ങള്‍ പുഴയിലൂടെ ഒഴുകുന്നു. ഫൂട്ട്പാത്തില്‍ ലഹരി പിടിച്ച് വീണുകിടക്കുന്നവന് ശ്വാസമുണ്ടോ എന്നാരും അന്വേഷിക്കാറില്ല. കുടിക്കാനിറങ്ങാന്‍ ഒരു റെയില്‍വേ സ്റ്റേഷന്‍. കുടിച്ച് പൂസായി മടക്കയാത്രക്കുമുണ്ട് തീവണ്ടി-കേരളം ഇന്നോളം കേട്ടിട്ടില്ലാത്ത ഞെട്ടിക്കുന്ന മദ്യക്കച്ചവടം കേരളത്തില്‍ ലയിപ്പിക്കേണ്ട പ്രദേശത്ത് ലാഭകരമായി നടക്കുന്നു. എന്തേ മദ്യനിരോധന സമിതിക്കാര്‍ ഇതൊന്നും കാണുന്നില്ല. കേരളീയ യുവത്വം മയ്യഴിത്തെരുവില്‍ കുടിച്ചു വീഴുന്ന സത്യം എത്രകാലം സമിതിക്ക് മൂടിവെക്കാനാവും? തലമുറകളിലേക്ക് പടരുന്ന ഈ തീ നൊമ്പരത്തിന് തടയിടാന്‍ ഇവര്‍ക്ക് എന്താണിത്ര പേടി?


എന്താണ് ജനാധിപത്യവിരുദ്ധത?
ടി.പി യൂസുഫലി ചേലക്കുളം
തൊണ്ണൂറുകളുടെ ആരംഭത്തില്‍ അള്‍ജീരിയയില്‍ മുഹമ്മദ് അബ്ബാസി മദനിയുടെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ട് എന്ന സംഘടന ബഹുഭൂരിപക്ഷത്തോടെ തെരഞ്ഞെടുപ്പില്‍ വിജയം നേടിയപ്പോള്‍ അവിടത്തെ പട്ടാളവും അമേരിക്കയും ചേര്‍ന്ന് അവരെ ഭരിക്കാന്‍ അനുവദിച്ചില്ല. അമേരിക്കയുടെ ഈ നീക്കത്തെ ന്യായീകരിക്കുന്ന തരത്തില്‍ ഇടതുപക്ഷ ബുദ്ധിജീവിയായ പി. ഗോവിന്ദപിള്ള എഴുതിയത്, തെരഞ്ഞെടുപ്പിലൂടെയാണെങ്കിലും 'ഫണ്ടമെന്റലിസ്റ്റു'കള്‍ അധികാരം കൈയാളുന്നത് അനുവദിച്ചുകൂടാ എന്നാണ്. ഒരു ജനതയുടെ ഭൂരിപക്ഷ ഹിതത്തിനനുസൃതമായി ഭരണകൂടത്തെ തീരുമാനിക്കാനുള്ള അവകാശത്തെയാണ് ജനാധിപത്യം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ അത് വകവെച്ചുകൊടുക്കുന്നേടത്ത് ഇസ്‌ലാമിക രാഷ്ട്രങ്ങളെ വിലക്കുന്നതിന്റെ യുക്തി എത്ര ശ്രമിച്ചിട്ടും പിടികിട്ടുന്നില്ല. അള്‍ജീരിയയിലെ ഈ സംഭവത്തിന് എത്രയോ ശേഷമാണ് ഹിന്ദുത്വഫാഷിസ്റ്റുകളുടെ നേതൃത്വത്തില്‍ എന്‍.ഡി.എ ഭരണകൂടം ഇന്ത്യയില്‍ നിലവില്‍ വന്നത്. അന്ന് ജനഹിതത്തെ മാനിച്ചുകൊണ്ട് സംഘ്പരിവാര്‍ നേതാക്കളെ മന്ത്രിസഭ രൂപവത്കരിക്കാന്‍ ക്ഷണിച്ചപ്പോള്‍ മതേതര നാട്യക്കാരായ ഒരു ബുദ്ധിജീവിയും പ്രതികരിച്ചുകണ്ടില്ല. മാത്രവുമല്ല, പ്രതിപക്ഷ നേതാവിന്റെയും പാര്‍ട്ടി ലീഡര്‍മാരുടെയും വേഷത്തില്‍ ഇടത്തും വലത്തും നിന്ന് ഫാഷിസത്തിന് അകമ്പടി സേവിക്കുകയായിരുന്നു അവര്‍. ഒപ്പം ദേശീയ മാധ്യമങ്ങളെന്ന് സ്വയം വിശേഷിപ്പിക്കപ്പെട്ടവര്‍ കുഴല്‍ വിളിക്കാരുടെ റോളിലും.
2011 ഡിസംബര്‍ 18-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന 'അറബ് വസന്തം ജനാധിപത്യവുമല്ല, സ്വാതന്ത്ര്യവുമല്ല' എന്ന പേരില്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ എഴുതിയ കവര്‍‌സ്റ്റോറി വായിച്ചപ്പോള്‍ ഇത്രയും കുറിക്കണമെന്ന് തോന്നി. മുരത്ത സാമുദായിക വാദത്തിനപ്പുറം പുരോഗമനപരവും ചിന്താപരവുമായ ഇസ്‌ലാമിന്റെ ഒരു ഉള്ളടക്കത്തെയും അനുവദിച്ചുകൂടായെന്ന് ഉറച്ച് തീരുമാനിക്കുകയും തദടിസ്ഥാനത്തില്‍ ബോധപൂര്‍വമായ നീക്കങ്ങള്‍ നടത്തുകയുമാണ് ഇതഃപര്യന്തമായി മാതൃഭൂമി ചെയ്തിട്ടുള്ളത്. മതേതരത്വത്തിന്റെ മൂടുപടമുള്ളപ്പോള്‍തന്നെ ഫാഷിസത്തിന് ദേശീയതയുടെ വര്‍ണം നല്‍കാനായിരുന്നു പത്രത്തിന്റെ എന്നത്തെയും ശ്രമം. പിന്നാക്ക ന്യൂനപക്ഷ പാര്‍ശ്വവത്കൃത സമൂഹങ്ങളുടെ കാര്യത്തില്‍ സവര്‍ണ നിലപാടുകളായിരുന്നു പത്രം എന്നും ഉയര്‍ത്തിപ്പിടിച്ചത്.
അലീഗഢ്-ശരീഅത്ത് വിവാദങ്ങള്‍, പൂന്തുറ-മാറാട് കലാപങ്ങള്‍, മണ്ഡല്‍, സച്ചാര്‍, നരേന്ദ്രന്‍, ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ടുകള്‍, ഏറ്റവും ഒടുവില്‍ ലൗ ജിഹാദ് ഇവയിലൊക്കെയും ന്യൂനപക്ഷവിരുദ്ധത പ്രകടമായിരുന്നു. തമസ്‌കരിക്കുക അല്ലെങ്കില്‍ വളച്ചൊടിക്കുക എന്നതിലപ്പുറം ഗുണകാംക്ഷാ പൂര്‍ണമായ ഒരു സമീപനം അനുഭവത്തിലില്ല.
മുതലാളിത്തത്തിനും സോഷ്യലിസത്തിനുമപ്പുറം ജനാധിപത്യത്തിലും ബഹുസ്വരതയിലുമൂന്നിയ മറ്റൊരു ദര്‍ശനം അറബ് നാടുകളില്‍ വളര്‍ന്നുവരുന്നത് അനുവദിക്കാനാവില്ല എന്ന ചിന്ത അത്യന്തം ജനാധിപത്യവിരുദ്ധവും വംശീയവുമാണ്. നീതീകരിക്കാനാവാത്ത അത്തരം നിലപാടുകള്‍ക്കെതിരെയുള്ള ചരിത്രത്തിന്റെ കാവ്യനീതിയാണ് അറബ് വസന്തം.
സംശയത്തിന്റെയും ചോദ്യങ്ങളുടെയും രൂപത്തില്‍ ലേഖകന്‍ അവതരിപ്പിച്ചതൊക്കെയും 22 കാരറ്റ് പച്ചപ്പരമാര്‍ഥമായി പത്രാധിപര്‍ പുറംചട്ടയില്‍ കോറിയിട്ടതിന്റെ ദുഷ്ടലാക്ക് വായനക്കാരന് നന്നായി തിരിയും. ലേഖകന്‍ ആരെന്ന് പുറംചട്ടയില്‍ വെളിപ്പെടുത്താത്തതിലെ കുതന്ത്രം 'വീരപുത്രനാ'നന്തരം സമൂഹത്തിലെ വായനക്കാരന്‍ തിരിച്ചറിയുന്നുണ്ട്.

 

നൃത്തം ശരീരപ്രദര്‍ശനത്തിന്റെ കല എന്ന ജമീല്‍ അഹ്മദിന്റെ ലേഖനത്തോട് തൊണ്ണൂറ് ശതമാനം യോജിക്കുന്നു. എന്നാല്‍ മറുവശത്തുള്ള ചില സാധ്യതകള്‍ കൂടി പരിഗണിക്കേണ്ടതായിരുന്നു. ക്ലാസിക്കല്‍ നൃത്തങ്ങളെ  സംബന്ധിച്ചേടത്തോളം കാര്യം ശരിതന്നെയെങ്കിലും സംസ്‌കാരങ്ങളുടെ പ്രധിനിധാനങ്ങളായ നാടോടി നൃത്തങ്ങളെ നാം മറ്റൊരു രീതിയില്‍ കാണേണ്ടതുണ്ട്. നൃത്തത്തെ സമരായുധമാക്കാം, മോഡിയുടെ ഏറ്റവും വലിയ എതിരാളിയായ മല്ലികാ സാരാഭായിയെ ഓര്‍ക്കുക.
Muhammed Shameem / facebook

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം