Prabodhanm Weekly

Pages

Search

2012 ജനുവരി 14

മുല്ലപ്പെരിയാര്‍ സ്‌നേഹസംഭരണിയാവട്ടെ

1886-ല്‍ ബ്രിട്ടീഷുകാര്‍, അന്ന് തിരുവിതാംകൂര്‍ രാജാവിന്റെ കീഴിലായിരുന്ന ഇടുക്കി പ്രദേശത്തെ ശിവഗിരി മലമടക്കുകളില്‍ നിന്നുത്ഭവിക്കുന്ന പെരിയാറില്‍ പണിത അണക്കെട്ടാണ് മുല്ലപ്പെരിയാര്‍ ഡാം. പടിഞ്ഞാറോട്ടൊഴുകുന്ന പെരിയാറിലെ ജലം 8000 ഏക്കറില്‍ കെട്ടിനിര്‍ത്തി കിഴക്കോട്ടൊഴുക്കി തമിഴ്‌നാട്ടിലെ മദുരൈ ഉള്‍പ്പെടെയുള്ള അഞ്ചു  തെക്കന്‍ ജില്ലകളില്‍ പരന്നു കിടക്കുന്ന 170000 ഏക്കര്‍ തരിശുഭൂമി അവര്‍ കൃഷിയോഗ്യമാക്കി. പിന്നീട് ജലസേചന പ്രദേശത്തിന്റെ വിസ്തൃതി 229000 ഏക്കറായി വര്‍ധിപ്പിച്ചുവെന്നും പറയുന്നു. പച്ചക്കറികളുടെ അനായാസമായ ലഭ്യതയിലൂടെ കേരളവും ഒരര്‍ഥത്തില്‍ ഈ കൃഷിയുടെ ഗുണഭോക്താക്കളാണ്. തമിഴ്‌നാടും കേരളവും തമ്മിലുള്ള സഹകരണത്തിന്റെയും സ്‌നേഹത്തിന്റെയും സംഭരണിയാണ്, ആയിരിക്കണം മുല്ലപ്പെരിയാര്‍ ഡാം. നിര്‍ഭാഗ്യവശാല്‍ അടുത്ത കാലത്തായി ഈ സ്‌നേഹ സംഭരണി കലങ്ങിമറിഞ്ഞിരിക്കുകയാണ്.
ബ്രിട്ടീഷുകാര്‍ തിരുവിതാംകൂര്‍ രാജാവുമായി ഉണ്ടാക്കിയ മുല്ലപ്പെരിയാര്‍ കരാര്‍ യജമാനനും ആശ്രിതനും തമ്മിലുണ്ടാക്കിയ കരാറാണ്. സ്വാഭാവികമായും യജമാനന്റെ താല്‍പര്യങ്ങള്‍ക്കാണതില്‍ മുഖ്യ പരിഗണന ലഭിച്ചത്. ബ്രിട്ടന്‍ ഇന്ത്യ വിടുകയും ഐക്യകേരളം സ്ഥാപിതമാവുകയും ചെയ്ത ശേഷം വന്ന ഗവണ്‍മെന്റുകള്‍ ഇരു സംസ്ഥാനങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് തുല്യ പരിഗണന നല്‍കുംവിധം മുല്ലപ്പെരിയാര്‍ കരാര്‍ പുതുക്കിയെഴുതേണ്ടതായിരുന്നു. പക്ഷേ കരാറിന്റെ കാലാവധി 999 വര്‍ഷമായി നിശ്ചയിച്ചതിലെ അപ്രായോഗികത പോലും മാറി മാറി വന്ന സര്‍ക്കാറുകള്‍ ഗൗനിച്ചില്ല. 1970 മുതലാണ് മുല്ലപ്പെരിയാര്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയത്. ചര്‍ച്ചകള്‍ തുടര്‍ന്നുവെന്നല്ലാതെ പ്രായോഗിക നടപടികളൊന്നുമുണ്ടായില്ല. അണക്കെട്ടിന് 80 വയസ്സായപ്പോള്‍ തന്നെ അങ്ങിങ്ങ് ചോര്‍ച്ചകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 1979-ല്‍ അണക്കെട്ട് പരിശോധിച്ച ജലകമീഷന്‍ അടിയന്തരമായി നടത്തേണ്ട അറ്റകുറ്റപ്പണികളോടൊപ്പം പുതിയ ഡാം നിര്‍മിക്കേണ്ട ആവശ്യകതയും ചൂണ്ടിക്കാണിച്ചിരുന്നു. തമിഴ്‌നാട് അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും പുതിയ ഡാം എന്ന നിര്‍ദേശം അവഗണിച്ചു. അത് അവരുടെ മുഖ്യ പരിഗണനയില്‍ പെടുത്താന്‍ കേരളത്തിനു കഴിഞ്ഞതുമില്ല. പുതിയ അണക്കെട്ട് പണിയാന്‍ പുതിയ കരാറും വമ്പിച്ച മുതല്‍മുടക്കും വേണം. കരാര്‍ പുതുക്കുമ്പോള്‍, നിലവിലുള്ള കരാറിലെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കിക്കൊണ്ടുള്ള വ്യവസ്ഥകള്‍ തിരുത്തപ്പെടും. ഇതാണ് തമിഴ്‌നാടിനെ പുതിയ ഡാം എന്ന ആശയത്തില്‍നിന്നകറ്റുന്നത്.  പക്ഷേ, കേരളം ഈ അവഗണനക്കു നേരെ ഇതുവരെ ആലസ്യം കൈക്കൊണ്ടതെന്തുകൊണ്ടാണ്? കേരളത്തിലെ പല ഉന്നതന്മാര്‍ക്കും തമിഴ്‌നാട്ടിലുള്ള ആയിരക്കണക്കിനു ഏക്കര്‍ തോട്ടങ്ങളും കൃഷിഭൂമികളുമാണ് അതിനുത്തരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതൊക്കെ ഈ ആലസ്യത്തിനു ലഭിച്ച പാരിതോഷികങ്ങളാണത്രെ.
ഏഷ്യയിലെ തന്നെ ഏറ്റം പഴക്കം ചെന്ന അണക്കെട്ടായിരിക്കണം മുല്ലപ്പെരിയാര്‍. അക്കാലത്ത് ലഭ്യമായ സുര്‍ക്കിയും ചുണ്ണാമ്പുമാണ് നിര്‍മാണത്തിനുപയോഗിച്ചിട്ടുള്ളത്. നൂറു വര്‍ഷം പിന്നിട്ടിട്ടും ഈ ഡാം ഉപയോഗ യോഗ്യമായി നിലനില്‍ക്കുന്നു എന്നത് വാസ്തവത്തില്‍ ഒരത്ഭുതമാണ്. ഡാമിന്റെ സുരക്ഷിതത്വം പരിഗണിച്ചാണ് സുപ്രീം കോടതി ജലവിതാനം 142 അടിയില്‍നിന്ന് 136 അടിയാക്കി കുറച്ചത്. കാലം ചെല്ലുംതോറും ഈ അളവ് ക്രമാനുഗതയായി കുറക്കേണ്ടതാവശ്യമാകുന്നു. ഡാം തകര്‍ന്നാല്‍ കേരളത്തിലെ നാലു ജില്ലകളിലായി 40 ലക്ഷത്തോളം ജനങ്ങളുടെ ജീവന്‍ അപകത്തിലാവും, വല്ലാര്‍പാടം, ഏലൂര്‍ തുടങ്ങിയ വ്യാപാര-വ്യവസായ മേഖലകള്‍ മുങ്ങിപ്പോകും എന്നൊക്കെ കേരളം ഭയപ്പെടുന്ന അപകടങ്ങള്‍ ആസന്നമല്ലെങ്കിലും അസ്ഥാനത്താണെന്നു പറഞ്ഞുകൂടാ. ഡാമിന്റെ തകര്‍ച്ച തമിഴ്‌നാടിന്റെ നാലു ജില്ലകളിലെ ജലസേചനത്തെ തകിടം മറിക്കും. ഇതൊക്കെ കണക്കിലെടുത്ത് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സ്‌നേഹത്തിനും സഹകരണത്തിനും കോട്ടം തട്ടാതെ തമിഴ്‌നാടിന്റെ ജലലഭ്യതയും കേരളത്തിന്റെ സുരക്ഷയും ഉറപ്പാക്കുന്ന പരിഹാരമാര്‍ഗങ്ങള്‍ സമാധാനപരമായി ആരായുകയാണ് വേണ്ടത്.
ഇടുക്കി പ്രദേശത്ത് അടുത്തിടെയുണ്ടായ ഭൂചലനങ്ങളുടെ മറവില്‍, മുല്ലപ്പെരിയാറിനെ ഭരണപക്ഷവും പ്രതിപക്ഷവും പിറവം തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയായുധമാക്കിയപ്പോള്‍ ആ സ്‌നേഹസംഭരണിയില്‍ വിദ്വേഷത്തിന്റെ വിഷവും കലര്‍ന്നിരിക്കുന്നു. കേരളം തമിഴരെ കുടിവെള്ളം മുട്ടിച്ചു കൊല്ലാന്‍ നോക്കുന്നു എന്ന മട്ടിലായിരുന്നു തമിഴ്‌നാട്ടില്‍ പ്രചാരണം. തമിഴ്‌നാട് കേരളീയരെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ നോക്കുന്നു എന്ന മട്ടില്‍ കേരളത്തിലും പ്രചാരണമുണ്ടായി. തമിഴ്‌നാട്ടില്‍ കേരളീയര്‍ ആക്രമിക്കപ്പെട്ടു. കേരളത്തിലേക്കുള്ള റോഡുകള്‍ ഉപരോധിക്കപ്പെട്ടു. കേരളത്തിലും അങ്ങിങ്ങ് ചില തമിഴര്‍ ദ്രോഹിക്കപ്പെടുകയുണ്ടായി. കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരം പിന്നീട് യു.ഡി.എഫ് സംയമനം പാലിച്ചതോടെ രംഗം അല്‍പം ശാന്തമായിരിക്കുന്നു.
മുല്ലപ്പെരിയാര്‍ പ്രശ്‌നം സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതാണ്.പ്രശ്‌നം പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ സുപ്രീം കോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ട്. അവരെ സഹായിക്കാന്‍ വിദഗ്ധ സമിതിയുമുണ്ട്. ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടില്‍ പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചതായാണറിവ്. അത് കേരളത്തിന്റെ നേട്ടം തന്നെ. എന്നാല്‍ ഡാമിലെ ജലവിതാനം 120 അടിയായി കുറക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതിയും ഉന്നതാധികാര സമിതിയും തള്ളിയിരിക്കുന്നു. വാസ്തവത്തില്‍ ആസന്ന ഭാവിയില്‍ ഡാം തകര്‍ന്നേക്കുമെന്ന കേരളത്തിന്റെ ഉത്കണഠക്കടിസ്ഥാനമുണ്ടെങ്കില്‍ ആദ്യം വേണ്ടത് ജലവിതാനം താഴ്ത്തി കിട്ടുകയാണ്. ജലമര്‍ദം വര്‍ധിക്കുമ്പോഴാണല്ലോ ഡാമിന് അപകട സാധ്യതയേറുന്നത്. പുതിയ ഡാം അതിന്റെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി നിര്‍മിതമാകാന്‍ രണ്ട് പതിറ്റാണ്ടെങ്കിലുമെടുക്കും.അതുവരെ ഡാമിന്റെ നിലനില്‍പ് ഉറപ്പ് വരുത്താന്‍ ചെയ്യാവുന്ന ഒരേയൊരു കാര്യം ജലവിതാനം കഴിയുന്നത്ര താഴ്ത്തി നിര്‍ത്തുകയാണ്. ഈ ആവശ്യം സുപ്രീം കോടതിയെക്കൊണ്ടംഗീകരിപ്പിക്കാന്‍ കേരളത്തിനു കഴിയേണ്ടതുണ്ട്. ഇരു ജനതകള്‍ക്കുമിടയില്‍ ഇപ്പോഴുണ്ടായ ശാന്തതക്ക് ഭംഗം വരുന്ന ആത്യന്തിക നിലപാടുകളൊന്നും കൈക്കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. മുല്ലപ്പെരിയാര്‍ ഡാം കേരളത്തിനും തമിഴ്‌നാടിനുമിടയിലുള്ള ഒരു സ്‌നേഹ സംഭരണിയായിത്തന്നെ പരിലസിക്കട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം