Prabodhanm Weekly

Pages

Search

2012 ജനുവരി 14

ആഫ്രിക്കയെ നെഞ്ചോട് ചേര്‍ത്ത് ഡോ. അബ്ദുര്‍റഹ്മാന്‍ അസ്സുമൈത്ത്

പി.കെ ജമാല്‍

ഇസ്‌ലാമിക പ്രബോധനത്തിനും ആതുര സേവനത്തിനും ജീവിതം സമര്‍പ്പിച്ച മഹദ് വ്യക്തിത്വമാണ് കുവൈത്തിലെ ഡോ. അബ്ദുര്‍റഹ്മാന്‍ ഹമൂദ് അസ്സുമൈത്ത്. ഒരു വ്യക്തി നമ്മുടെ ഹൃദയത്തില്‍ ഇടം നേടുന്നതിന് പല കാരണങ്ങളുമുണ്ട്. നിറഞ്ഞ പുഞ്ചിരി, സംസാരത്തിലെ ഹൃദ്യത, ഇടപെടലിലെ സൗമ്യത, സ്‌നേഹ പ്രകടനത്തിലെ ഊഷ്മളത, നിസ്വാര്‍ഥമായ കര്‍മങ്ങള്‍... ഇവയെല്ലാം ഒത്തുചേര്‍ന്ന ഒരു വ്യക്തിത്വമാണ് ഡോ. സുമൈത്ത്. എണ്‍പതുകളുടെ ആദ്യത്തില്‍ ഡോ. അബ്ദുര്‍റഹ്മാന്‍ സുമൈത്തിന്റെ നേതൃത്വത്തില്‍ 'ആഫ്രിക്കന്‍ മുസ്‌ലിം കമ്മിറ്റി' (ലജ്‌നത്തു മുസ്‌ലിമി അഫ്‌രീഖിയ) നിലവില്‍ വന്ന ഘട്ടത്തില്‍, കെ.എം അബ്ദുര്‍റഹീം സാഹിബിനോടൊപ്പം അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. കുവൈത്തിലെ സബാഹ് ഹോസ്പിറ്റലില്‍ ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തില്‍ ജനറല്‍ ഫിസിഷ്യനാണ് അന്ന് അദ്ദേഹം. ആഫ്രിക്കന്‍ മുസ്‌ലിം ഏജന്‍സിയുടെ ഓഫീസ് ഔഖാഫ് കൊമേഴ്‌സല്‍ കോംപ്ലക്‌സില്‍ ആരംഭിച്ചപ്പോള്‍ മിക്ക സായാഹ്നങ്ങളും അദ്ദേഹത്തോടൊപ്പമായി. ഡോ. സുമൈത്തിന്റെ ആഫ്രിക്കന്‍ അനുഭവങ്ങളിലൂടെ ആ സായാഹ്നങ്ങളില്‍ ഞങ്ങളും സഞ്ചരിച്ചു. 'വാരാദ്യമാധ്യമ'ത്തില്‍ തന്നെ കുറിച്ച ഫീച്ചര്‍ - ഹൃദയം നിറയെ ആഫ്രിക്ക- പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ ഏറെ കൗതുകത്തോടും സന്തോഷത്തോടും കൂടിയാണ് ഡോ. സുമൈത്ത് പേജുകള്‍ മറിച്ചുനോക്കി, അത് തന്റെ ഫയലില്‍ സൂക്ഷിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാണാനിട വന്നപ്പോള്‍ ആ ലേഖനം തന്റെ ഫയലില്‍ നിന്നെടുത്ത് കാണിച്ചുതന്നു. ദസ്മയിലെ ടീച്ചേഴ്‌സ് യൂനിയന്‍ ഹാളില്‍ കെ.ഐ.ജി സംഘടിപ്പിക്കുന്ന പൊതുസമ്മേളനങ്ങളില്‍ അദ്ദേഹം തന്റെ ആഫ്രിക്കന്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. പ്രൊജക്ടര്‍ ഉപയോഗിച്ച് സ്ലൈഡുകളിലൂടെ ഇരുണ്ട വന്‍കരയുടെ കരളലിയിക്കുന്ന കഥകള്‍ പറഞ്ഞുതന്നു. തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ദൃശ്യങ്ങള്‍ കാണിച്ചുതന്നു.
മുപ്പത് സംവത്സരങ്ങള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ജീവിച്ച് 11 മില്യന്‍ ആളുകളെ ഇസ്‌ലാമിലേക്ക് കൊണ്ടുവന്ന ഡോ. സുമൈത്തിന്, ജനിച്ചു വളര്‍ന്ന കുവൈത്ത് ഇടക്ക് സന്ദര്‍ശിച്ച് പോകുന്ന ഒരിടം മാത്രം. ആഫ്രിക്കന്‍ മുസ്‌ലിം കമ്മിറ്റിയുടെ സ്ഥാപകനും ചെയര്‍മാനുമാണ് അദ്ദേഹം.
ആഫ്രിക്കന്‍ മുസ്‌ലിം കമ്മിറ്റിയുടെ ഇപ്പോഴത്തെ പേര് ജംഇയ്യത്തുല്‍ ഔനില്‍ മുബാശിര്‍- ഡയറക്ടറ്റ് എയ്ഡ്. പ്രബോധന- ആതുര സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതിന് മുമ്പ് ഇന്റേണല്‍ ആന്റ് ഗ്യാസ്‌ട്രോ എന്‍ട്രോളജി സ്‌പെഷ്യലിസ്റ്റ് ഡോക്ടറായി കുവൈത്ത് സബാഹ് ഹോസ്പിറ്റലില്‍ സേവനം അനുഷ്ഠിച്ചു. ബഗ്ദാദ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് മെഡിസിനിലും സര്‍ജറിയിലും ബിരുദമെടുത്തു. ബ്രിട്ടനിലെ ലിവര്‍പൂള്‍ യൂനിവേഴ്‌സിറ്റിയിലും കാനഡയിലെ മാക്ഗില്‍ യൂനിവേഴ്‌സിറ്റിയിലും ഉപരിപഠനം പൂര്‍ത്തിയാക്കി. സുമൈത്തിനെ തേടിവന്ന പുരസ്‌കാരങ്ങള്‍ നിരവധിയാണ്. ഇസ്‌ലാമിക സേവനത്തിനുള്ള ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമായ ഫൈസല്‍ അവാര്‍ഡ് ഡോ. സുമൈത്തിന് ലഭിച്ചു. തനിക്ക് പുരസ്‌കാരമായി കിട്ടിയ അവാര്‍ഡ് തുക-750000 സുഊദി രിയാല്‍- ആഫ്രിക്കയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള വഖ്ഫിനായാണ് വിനിയോഗിച്ചത്. അതിന്റെ വരുമാനം ഉപയോഗപ്പെടുത്തി ലോകത്തെ വിവിധ യൂനിവേഴ്‌സിറ്റികളില്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ ആയിരക്കണക്കിനാണ്.
നിരവധി വധശ്രമങ്ങളില്‍ നിന്ന് ഡോ. സുമൈത്ത് അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട്. മൊസാംബിക്കിലും കെനിയയിലും മഗവിയിലും അദ്ദേഹത്തിനുണ്ടായ സര്‍പദംശനത്തിന്റെ കഥകള്‍ കേട്ടാല്‍ നമ്മുടെ ഉള്ള് പിടയും. നിരന്തര യാത്രക്കിടയിലും ജയില്‍വാസവും അനുഭവിച്ചു. ഏറ്റവും ദുരിതം നിറഞ്ഞ ജയില്‍വാസം സമ്മാനിച്ചത് ഇറാഖില്‍ സദ്ദാമിന്റെ ഭരണകൂടമായിരുന്നു.
ആഫ്രിക്കന്‍ വനാന്തരങ്ങളിലെ ദുരിതപൂര്‍ണമായ ജീവിതം സമ്മാനിച്ച ഒട്ടനവധി രോഗങ്ങളുടെ പിടിയില്‍ അമര്‍ന്ന് യാതന തിന്നുമ്പോഴും തളരാത്ത മനഷ്യ സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും ആ മനസ്സ് കര്‍മപഥങ്ങളില്‍ പുതിയ അധ്യായങ്ങള്‍ രചിച്ചുകൊണ്ടേയിരുന്നു. ക്ഷാമവും പട്ടിണിയും രോഗവും കാര്‍ന്നു തിന്ന ആഫ്രിക്കന്‍ ജീവിതങ്ങളെ ക്രൈസ്തവവത്കരിക്കാന്‍ ഇറങ്ങിത്തിരിച്ച മിഷനറി പ്രവര്‍ത്തകര്‍ക്ക് ആശയും ആവേശവും നല്‍കുന്നതായിരുന്നു ഇരുണ്ട വന്‍ കരയിലെ അനുഭവങ്ങള്‍. ഗ്രാമങ്ങളും നഗരങ്ങളും ക്രൈസ്തവവത്കരിക്കപ്പെട്ടു. ലക്ഷക്കണക്കായ പാരമ്പര്യ മുസ്‌ലിംകള്‍ മതപരിത്യാഗികളായി. അവരുടെ കണ്ണീരൊപ്പി, പ്രശ്‌നങ്ങളോട് സചേതനമായി പ്രതികരിച്ച് പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താതെ പ്രവര്‍ത്തിക്കുന്നതില്‍ അര്‍ഥമില്ലെന്ന് തിരിച്ചറിഞ്ഞ ഡോ. സുമൈത്ത് പ്രബോധന-ആതുര സേവന പ്രവര്‍ത്തനങ്ങളുടെ പുതിയ സരണി വെട്ടിത്തെളിയിച്ച് യാത്ര തുടങ്ങി. ഒരു കൈയില്‍ റൊട്ടിയും മറുകൈയില്‍ മുസ്ഹഫുമായി നീങ്ങിയ സുമൈത്തിനെ ആഫ്രിക്ക ഹൃദയത്തോട് ചേര്‍ത്തുവെച്ചു. അദ്ദേഹത്തിന്റെ പത്‌നി നൂരിയ്യയും വനാന്തരങ്ങളില്‍ മാസങ്ങളോളം കാട്ടിലെ പഴങ്ങള്‍ മാത്രം ആഹരിച്ച് സേവന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. അസ്ഥികൂടങ്ങളായിത്തീര്‍ന്ന ശിശുക്കള്‍  മെല്ലെ മെല്ലെ ജീവിതത്തിലേക്ക് നടന്നടുത്തു. ആ മുഖങ്ങളില്‍ പുഞ്ചിരി വിടര്‍ന്നു. ഇസ്‌ലാമിനെ പരിത്യജിച്ച് പോയ ഗ്രാമങ്ങളും നഗരങ്ങളും തിരിച്ചുവന്നു. പുതിയ അരുണോദയത്തിന് ഇരുണ്ട വന്‍കര സാക്ഷിയായി. 5000 പള്ളികള്‍, നൂറ് കണക്കില്‍ സ്‌കൂളുകളും അനാഥാലയങ്ങളും, 15000 -ല്‍ പരം അനാഥര്‍ക്ക് സംരക്ഷണ കേന്ദ്രങ്ങള്‍, 9500 കിണറുകള്‍, ഹയര്‍ സെക്കന്ററി സ്ഥാപനങ്ങള്‍, യൂനിവേഴ്‌സിറ്റികള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഹെല്‍ത്ത് സെന്ററുകള്‍, റേഡിയോ നിലയങ്ങള്‍ -  മൂന്ന് ദശാബ്ദം നീണ്ട ഡോ. സുമൈത്തിന്റെ ആഫ്രിക്കന്‍ ജീവിതത്തിന്റെ ബാക്കിപത്രമാണ് ഇവയൊക്കെ.
ആശുപത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കുന്നതിന് പകരം വാര്‍ഡുകളില്‍ കറങ്ങി ഓരോ രോഗിയെയും സന്ദര്‍ശിച്ച് അവസ്ഥകള്‍ പഠിച്ച് സാമ്പത്തിക സഹയാമുള്‍പ്പെടെ എല്ലാ സാന്ത്വനങ്ങളും നല്‍കുന്നത് ഡോ. സുമൈത്തിന്റെ പതിവായിരുന്നു. പാവങ്ങളോടും അശരണരോടുമുള്ള ദയാവായ്പും അലിവും സുമൈത്തില്‍ ചെറുപ്പം മുതല്‍ക്കേ ദൃശ്യമായിരുന്നു. കുവൈത്തില്‍, സെക്കന്ററി സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ വഴിയരികില്‍ വാഹനം കാത്ത് നില്‍ക്കുന്ന തൊഴിലാളികളുടെ സ്ഥിതിയില്‍ മനസ്സലിഞ്ഞ സുമൈത്ത് കുടുംബത്തില്‍ നിന്നും കൂട്ടുകാരില്‍നിന്നും പിരിച്ചെടുത്ത തുക കൊണ്ട് പഴയ വാഹനം വാങ്ങി തൊഴിലാളികളെ അവരുടെ പാര്‍പ്പിടങ്ങളില്‍ എത്തിച്ചുകൊടുക്കുമായിരുന്നു. തനിക്ക് കിട്ടുന്ന സ്‌കോളര്‍ഷിപ്പ് തുകയില്‍ നിന്നു പോലും മിച്ചം വെച്ച് സാധുക്കളെ സഹായിച്ച് സായൂജ്യമടഞ്ഞു അദ്ദേഹം. യു.കെയിലും കാനഡയിലും പഠിച്ചുകൊണ്ടിരുന്നപ്പോള്‍ വിദ്യാര്‍ഥികളില്‍ നിന്ന് മാസാന്തം ഓരോ ഡോളര്‍ ശേഖരിച്ച് സൗത്ത് ഈസ്റ്റ് ഏഷ്യയിലും ആഫ്രിക്കയിലും ഖുര്‍ആനും മറ്റ് അടിസ്ഥാന പ്രസിദ്ധീകരണങ്ങളും അയച്ചുകൊടുക്കുമായിരുന്നു.
എത്യോപ്യ, ഐരിത്രിയ, ജിബുട്ടി, മൊസാംബിക്, മലാവി, സാംബിയ, സിംബ്‌വാവേ, അംഗോള തുടങ്ങി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്ന വരള്‍ച്ചയുടെയും ക്ഷാമത്തിന്റെയും പട്ടിണിയുടെയും രോഗത്തിന്റെയും കെടുതികള്‍ നേരിട്ട് കണ്ട ഡോ. സുമൈത്ത്, തന്റെ കര്‍മമേഖല ആഫ്രിക്കയാണെന്ന് കണ്ടെത്തി ജീവകാരുണ്യ-മനുഷ്യ സേവന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ 1984-ല്‍ കുവൈത്ത് ഹോസ്പിറ്റലിലെ ജോലി രാജിവെച്ചു. പിന്നെ സുമൈത്ത് കുടുംബം മഡ്ഗാസ്‌കറിലേക്ക് മാറിത്താമസിച്ചു.
ആഫ്രിക്കയിലെ ദയനീയമായ സ്ഥിതിഗതികളില്‍ മനസ്സുരുകിയ സുമൈത്ത്, കുവൈത്തില്‍ തിരിച്ചുവന്ന് ഔഖാഫ് മന്ത്രാലയവുമായി ബന്ധപ്പെട്ട് തന്റെ സേവന സന്നദ്ധത അറിയിച്ച് സഹകരണം അഭ്യര്‍ഥിച്ചെങ്കിലും നിരാശയായിരുന്നു ഫലം. സുമൈത്തിന്റെ തന്നെ വാക്കുകളില്‍, ''ബ്യൂറോക്രസിക്ക് അത് മനസ്സിലാകുമായിരുന്നില്ല. ഉദ്യോഗസ്ഥന്മാര്‍ക്ക് നിയമത്തിന്റെയും ചട്ടങ്ങളുടെയും ഭാഷയാണ് പഥ്യം. ഹൃദയത്തിന്റെ ഭാഷ അവര്‍ക്കറിയില്ല. അവര്‍ക്ക് അതിന്റെ ആവശ്യവുമില്ല.''
നിരാശയില്‍ കഴിയുമ്പോഴാണ് ധര്‍മനിഷ്ഠയായ ഒരു കുവൈത്തി വനിത മലാവിയില്‍ ഒരു പളളി പണിയാനുള്ള തുക ഡോ. സുമൈത്തിനെ ഏല്‍പിക്കുന്നത്. മലാവിയയിലെ താമസത്തിനിടയില്‍, വിശപ്പിന്റെയും പട്ടിണിയുടെയും പിടിയിലമര്‍ന്ന് ആയിരങ്ങളെയാണ്  ഡോ. സുമൈത്ത് കണ്ടത്. ഗ്രാമങ്ങളെയും നഗരങ്ങളെയും ദത്തെടുത്ത് കൂട്ടത്തോടെ മത പരിവര്‍ത്തനം ചെയ്യിക്കുന്ന മിഷനറി പ്രവര്‍ത്തനത്തിന് അദ്ദേഹം സാക്ഷിയായി. ആശുപത്രികളെയും വിദ്യാലയങ്ങളെയും ആശ്രയിക്കേണ്ടിവരുന്ന കുടുംബങ്ങളും കുട്ടികളും അകപ്പെട്ട മതപരിത്യാഗത്തിന്റെ മലവെള്ളപ്പാച്ചില്‍ പ്രതിരോധിക്കാന്‍ ഒരു മണ്‍ചിറയെങ്കിലും കെട്ടണമെന്ന മോഹവുമായി തിരിച്ചെത്തിയ സുമൈത്ത് വര്‍ത്തക പ്രമുഖരെയും ധനാഢ്യരെയും സമീപിച്ചു നോക്കിയെങ്കിലും കഷ്ടിച്ച് ആയിരം ദിനാര്‍ സംഭരിക്കാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. പക്ഷേ അദ്ദേഹം ശ്രമം നിര്‍ത്തിയില്ല. കുവൈത്ത് പോലുള്ള ഒരു ക്ഷേമരാഷ്ട്രത്തില്‍, ആഫ്രിക്കയെ സഹായിക്കാന്‍ സന്മനുസ്സുള്ള ഏതെങ്കിലും മനുഷ്യസ്‌നേഹികളുണ്ടാവുമെന്ന പ്രതീക്ഷ വീണ്ടും അദ്ദേഹത്തെ മുന്നോട്ടുനയിച്ചു.
ധനാഢ്യരെയും കോടീശ്വരന്മാരെയും വിട്ട് ഇടത്തരക്കാരിലേക്കും സാധാരണക്കാരിലേക്കും സ്ത്രീകളിലേക്കും ഇറങ്ങിച്ചെന്ന് ആഫ്രിക്കയുടെ അടിയന്തരാവശ്യങ്ങള്‍ ഉണര്‍ത്തിയാല്‍ സചേതനമായ പ്രതികരിക്കുന്നവര്‍ ഉണ്ടാകുമെന്ന് ഉറച്ചുവിശ്വസിച്ച സുമൈത്തിന്റെ ധാരണകള്‍ പിഴച്ചില്ല. ഗവണ്‍മെന്റിന് സ്വപ്നം കാണാന്‍ പോലും കഴിയാത്ത തുക സാധാരണക്കാര്‍ സംഭാവന നല്‍കി സുമൈത്തിന്റെ കരങ്ങള്‍ക്ക് കരുത്തേകി. ഇടത്തരക്കാരുടെയും സാധാരണക്കാരുടെയും പിന്തുണയില്‍ വിശ്വാസമര്‍പ്പിച്ച ഡോ. സുമൈത്ത് വര്‍ധിത വീര്യത്തോടും കരുത്തോടും ആഫ്രിക്കയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചുതുടങ്ങി. ആഫ്രിക്കയില്‍ നിന്ന് വന്ന വാര്‍ത്തകള്‍ ഭരണകൂടത്തിന്റെയും സമ്പന്ന വിഭാഗത്തിന്റെയും കണ്ണ് തുറപ്പിച്ചു. ആഫ്രിക്കന്‍ അനുഭവങ്ങളുടെ വാര്‍ത്തകളാല്‍ പത്രങ്ങള്‍ നിറഞ്ഞു. സുമൈത്ത് ശ്രദ്ധാ കേന്ദ്രമായി. ആഫ്രിക്കന്‍ മുസ്‌ലിം കമ്മിറ്റി ചര്‍ച്ചാ വിഷയമായി. പിന്നീടങ്ങോട്ട് സഹായങ്ങളുടെ പെരുമഴയായി. ആഫ്രിക്കയില്‍ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധ ഭടന്മാരുടെ ഒഴുക്കായി. സുമൈത്ത് എന്ന വ്യക്തിയുടെ നിശ്ചയദാര്‍ഢ്യം ഒരു പ്രസ്ഥാനമായി വളരുകയായിരുന്നു.
ഒരു സംഭവം സുമൈത്ത് ഓര്‍ത്തു: ''ഞാനും കുടുംബവും ഒരു ഗ്രാമത്തില്‍ ചെന്നതാണ്. അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കി. ഇസ്‌ലാമിനെക്കുറിച്ച് പറഞ്ഞുകൊടുത്തു. വിട്ടേച്ചുപോയ മതത്തിന്റെ സവിശേഷതകള്‍ വിവരിച്ചു കൊടുത്തപ്പോള്‍ അവര്‍ ശഹാദത്ത് കലിമ ചൊല്ലി ഇസ്‌ലാമിലേക്ക് തിരിച്ചുവന്നു. കണ്ണീര്‍ വാര്‍ത്തുകൊണ്ട് അവരുടെ ചോദ്യം: ഇസ്‌ലാം ഉപേക്ഷിച്ച് മരിച്ചുപോയ ഞങ്ങളുടെ മാതാപിതാക്കളുടെ ഗതിയെന്താണ്? എവിടെയായിരുന്നു നിങ്ങളൊക്കെ ഇതേവരെ! ഇക്കണ്ട വര്‍ഷങ്ങളൊക്കെയും ഞങ്ങള്‍ക്ക് നിങ്ങള്‍ നഷ്ടപ്പെടുത്തിയില്ലേ? ഞങ്ങളുടെ പ്രിയപ്പെട്ടവര്‍ നിര്‍ഭാഗ്യത്തിന് നരകത്തില്‍ എത്തിപ്പെട്ടാല്‍ നിങ്ങളല്ലേ അതിന് കാരണക്കാര്‍? ഈ ചോദ്യം ഓരോ നിമിഷവും എന്റെ കാതുകളില്‍ മുഴങ്ങും. തടസ്സങ്ങളും രോഗപീഡകളും വകവെക്കാതെ ആഫ്രിക്കയില്‍ താമസിച്ചു പ്രവര്‍ത്തിക്കാന്‍ ഈ ചോദ്യമാണ് പ്രേരണ.''
കുവൈത്തിലെ സൗകര്യപ്രദമായ ജീവിതം ത്യജിച്ച് ഡോ. സുമൈത്തും അധ്യാപികയായ ഭാര്യ നൂരിയ്യയും മഡഗാസ്‌കറില്‍ എന്‍ടിമോര്‍ ഗോത്രങ്ങളുടെ ആവാസ കേന്ദ്രമായ മനാകരാ ഗ്രാമത്തില്‍ ഒരു കൊച്ചു വീട്ടില്‍ താമസം തുടങ്ങി. അതിനിടെ അധ്യാപകവൃത്തി ഉപേക്ഷിച്ച് ഭര്‍ത്താവിനോടൊപ്പം ആഫ്രിക്കന്‍ ഘോരവനങ്ങളില്‍ ജീവിക്കാന്‍ ഉറച്ച നൂരിയ്യ ഉമ്മു സ്വുഹൈബ് തനിക്ക് അനന്തരാവകാശമായി ലഭിച്ച ഭീമമായ സമ്പത്ത് ആഫ്രിക്കയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വഖ്ഫായി നല്‍കിക്കഴിഞ്ഞിരുന്നു. ആഫ്രിക്കയില്‍ അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും അവര്‍ തുടക്കമിട്ടു. ആഫ്രിക്കയുടെ മനസ്സറിയുന്ന സുമൈത്തും കുടുംബവും അവരുടെ ഹൃദയങ്ങളില്‍ കൂടുകൂട്ടി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം