Prabodhanm Weekly

Pages

Search

2012 ജനുവരി 14

പുതിയ അന്വേഷണങ്ങള്‍ക്ക് വഴിതുറക്കാന്‍ ഇസ്‌ലാമിക് അക്കാദമിക് കോണ്‍ഫറന്‍സ്

പി.കെ സാദിഖ്

യൂറോപ്യന്‍ നവോത്ഥാന ആധുനികതയുടെ അവിരാമായ മുന്നേറ്റത്തിന്റെ മുനയൊടിയുന്നത് കണ്ടുകൊണ്ടാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകം പിന്നിടുന്നത്. രാഷ്ട്രീയം, സാമ്പത്തികം, സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ പത്തി താഴ്ത്തിയ നവോത്ഥാന ആധുനികതയും അതിന്റെ ജ്ഞാനപരമായ അടിത്തറകളും നിശിതമായ വിമര്‍ശനങ്ങള്‍ക്കും പുനരാലോചനകള്‍ക്കും ഇന്ന് വിധേയമായിക്കൊണ്ടിരിക്കുന്നുണ്ട്. നവോത്ഥാന ആധുനികതയുടെ ജ്ഞാനശാസ്ത്രപരമായ ഹിംസക്ക് വിധേയമായ സമൂഹങ്ങളില്‍ നിന്നും സമുദായങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നും ഉയര്‍ന്ന് വന്ന പരികല്‍പനകളും സിദ്ധാന്തങ്ങളും വലിയൊരു വിമോചന സാധ്യതയെ തുറന്നിട്ടിട്ടുണ്ട്. ലോകത്തെ കാണാന്‍ ആധുനികത, മതേതരത്വം തുടങ്ങിയ പരികല്‍പനകള്‍ പര്യാപ്തമല്ല.
അറബ് പ്രക്ഷോഭങ്ങള്‍ പുതിയ രാഷ്ട്രീയ സാധ്യതകള്‍ മാത്രമല്ല, ഇതുവരെയുള്ള ജ്ഞാനശാസ്ത്ര കാഴ്ചപ്പാടുകളുടെയും വിമര്‍ശന ഉപാദാനങ്ങളുടെയും പരിമിതികളെയാണ് വെളിപ്പെടുത്തിയത്. ഇനിയും വികസിക്കേണ്ട അല്ലെങ്കില്‍ നവോത്ഥാന ആധുനികത അസന്നിഹിതമാക്കിയ അപര സമൂഹങ്ങളുടെ ജ്ഞാനശാസ്ത്രപരമായ അടിത്തറകളുടെ സാധ്യതകളെക്കുറിച്ചും വൈജ്ഞാനിക ലോകത്ത് വലിയ സംവാദങ്ങള്‍ നടക്കുന്നു. ആധുനിക സെക്യുലര്‍ വിജ്ഞാനീയങ്ങള്‍ക്ക് ഇസ്‌ലാം പോലുള്ള മതങ്ങളെ മനസ്സിലാക്കാന്‍ സാധ്യമല്ല. കാരണം, ആധുനികതയുടെ പടിഞ്ഞാറന്‍ ധാരണകള്‍ക്കപ്പുറമാണ് ഇസ്‌ലാം പോലുള്ള മതങ്ങളുടെ സാധ്യത എന്ന് തലാല്‍ അസദിനെപ്പോലുള്ള സാമൂഹിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അതിന്റെ തന്നെ പദാവലികളിലൂടെയും രീതിശാസ്ത്രങ്ങളിലൂടെയും മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെടുന്നുണ്ട്. അഥവാ ഒരു ജ്ഞാനശാസ്ത്രം എന്ന നിലയില്‍ ഇസ്‌ലാമിന് സ്വയം തന്നെ വിമര്‍ശനാത്മക സാന്നിധ്യമായി നിലകൊള്ളാന്‍ സാധിക്കുമെന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ സാങ്കേതികതകളും ചട്ടക്കൂടുകളും വികസിക്കുമ്പോഴാണ് ഇത്തരം ഒരു മാറ്റം സാധ്യമാകുന്നത്.
ആധ്യാത്മികത(ദിക്ര്‍), ജ്ഞാനാന്വേഷണം(ഫിക്ര്‍) എന്നിവയെ വിഭജിക്കാത്ത ജ്ഞാനസമീപനമാണ് ഇസ്‌ലാമിനുള്ളത്. മണ്ണ്, വിണ്ണ്, മനുഷ്യന്‍, നാഗരികത എന്നിവയെ സാകല്യത്തോടെ നോക്കാന്‍ സാധിച്ചതാണ് ഇസ്‌ലാമിക നാഗരികതയുടെ വലിയ സവിശേഷതകളിലൊന്ന്. ദൈവപ്രതിനിധി എന്ന നിലയില്‍ ഭൂമിയുടെ സംസ്‌കരണം എന്ന ഉത്തരവാദിത്വ നിര്‍വഹണത്തിന് ആവശ്യമായ സകല ജ്ഞാനങ്ങളെയും ആര്‍ജിച്ചെടുത്തതുകൊണ്ടാണ് നാമിന്ന് പറയുന്ന 'ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ സുവര്‍ണകാലം'  രൂപപ്പെട്ടത്. ഇന്ന് നിലവിലുള്ള ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ പലതും വ്യത്യസ്തമായ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്നത് ഇവയുടെ രചനാത്മകതയെയും ക്രിയാത്മകതയെയുമാണ് സൂചിപ്പിക്കുന്നത്. അഥവാ മദ്ഹബുകളോ ഫിഖ്ഹ് വിജ്ഞാനീയമോ രൂപപ്പെട്ടത് ഇസ്‌ലാമിക സമൂഹത്തിന്റെ വികാസത്തിനനുസരിച്ചാണ്. ജീവിതത്തിന്റെ നാനാ മേഖലകളിലും വഴികാട്ടിയാവുക എന്ന ധര്‍മം ഇസ്‌ലാമിക വിജ്ഞാനീയങ്ങളും പണ്ഡിതന്മാരും നിര്‍വഹിക്കുകയും ചെയ്തിരുന്നു. ഈ വൈജ്ഞാനിക പാരമ്പര്യമാണ് ആധുനിക സാമൂഹിക മുന്നേറ്റങ്ങളുടെ അസ്തിവാരം എന്നത് ഇന്ന് വ്യക്തമായിക്കൊണ്ടിരിക്കുന്നു. 
ഇസ്‌ലാമിക നാഗരികത യൂറോപ്യന്‍ നവോത്ഥാനത്തിന്റെ നിര്‍മാണത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും നവോത്ഥാന ആധുനികതയുടെ പ്രതാപകാലം ഇസ്‌ലാമിനെയും ഇസ്‌ലാമിക വിജ്ഞാനീയങ്ങളെയും സമീപിച്ചത് അപരിഷ്‌കൃതം, അധമം, പുരോഗമന വിരുദ്ധം തുടങ്ങിയ മുന്‍വിധികളോടെയായിരുന്നു. ഇസ്‌ലാമിക വിജ്ഞാനീയങ്ങളും പണ്ഡിതന്മാരും കൊളോണിയലിസത്തിനെതിരെ ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിക്കാനായിരുന്നു മതേതരവത്കരണ(secularisation) പ്രക്രിയ ഇസ്‌ലാമിക സമൂഹങ്ങളില്‍ അടിച്ചേല്‍പ്പിച്ചത്.   ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ വികാസത്തിന് വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിച്ചത്. സമ്പൂര്‍ണ നിരാകരണം, ഉപാധികളില്ലാത്ത സ്വീകരണം തുടങ്ങിയ സമീപനങ്ങളാണ് മതേതര ആധുനികതയോട് ആദ്യകാലങ്ങളില്‍ ഇസ്‌ലാമിക സമൂഹം കൈകൊണ്ടത്. അഥവാ അക്ഷരവാദവും ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ സാധ്യതകളുടെ സമ്പൂര്‍ണ നിരാകരണവുമാണ് ഇതിലൂടെ സംഭവിച്ചത്. ആധുനീകരിക്കുക, പാരമ്പര്യത്തെ മുറുകെ പിടിക്കുക എന്നീ രണ്ട് മുദ്രാവാക്യങ്ങളും ഇസ്‌ലാമിക ചിന്ത വൈജ്ഞാനിക പാരമ്പര്യത്തെ മതേതരാധുനികതയുടെ ആഗ്രഹം പോലെ സ്വകാര്യ ഇടങ്ങളിലേക്ക് പരിമിതപ്പെടുത്താന്‍ മാത്രമാണ് സഹായിച്ചത്. ഇത് സൃഷ്ടിച്ച നിശ്ചലാവസ്ഥയെ മറികടക്കാനായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക നവോത്ഥാന നായകര്‍ ശ്രമിച്ചത്. പാരമ്പര്യങ്ങളില്‍ ഊന്നി ആധുനികതയോട് ക്രിയാത്മകമായി സംവദിക്കാനായിരുന്നു ഇഖ്ബാല്‍, മൗദൂദി, ബദീഉസ്സമാന്‍ സഈദ് നൂര്‍സി തുടങ്ങിയവര്‍ ശ്രമിച്ചത്.
ആധുനികത / പാരമ്പര്യം തുടങ്ങിയ ദ്വന്ദ്വങ്ങള്‍ക്കപ്പുറം  ഇസ്‌ലാമിക സമൂഹത്തിന്റെ പുതിയ ജീവിത സാഹചര്യങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും പുരോഗമനാത്മകമായ സാമൂഹിക നിര്‍മിതിക്കാവശ്യമായ വൈജ്ഞാനിക അന്വേഷണങ്ങള്‍ പിന്നീട് നടക്കുകയുണ്ടായി. ഉദാഹരണത്തിന്, യൂറോപ്പിലും മറ്റിതര രാജ്യങ്ങളിലും പ്രവാസികളും ന്യൂനപക്ഷങ്ങളുമായി ജീവിക്കുന്ന മുസ്‌ലിം സമുദായാംഗങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്ന പുതിയ ചോദ്യങ്ങളും അന്വേഷണങ്ങളും ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ ചടുലമാക്കി നിര്‍ത്താന്‍ സഹായിച്ചു. താരിഖ് റമദാനെപ്പോലുള്ളവരുടെ ഇടപെടലുകള്‍ ഉദാഹരണമാണ്. ഫിഖ്ഹിലും പ്രമാണങ്ങളുടെ വ്യാഖ്യാനത്തിലും ഇത് പുതിയ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്നു. പുതുതായി രൂപം കൊണ്ട വൈജ്ഞാനിക ചിന്താ പരികല്‍പനകളെ ഇസ്‌ലാമിക ചിന്താപദ്ധതിയുമായി എന്‍ഗേജ് ചെയ്യിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുകയുണ്ടായി. എന്നാല്‍ ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ രീതിശാസ്ത്രങ്ങളെ പൂര്‍ണമായും നിരാകരിക്കാന്‍ ശ്രമിച്ചതിനാല്‍ ഇത്തരം ശ്രമങ്ങളുടെ ആധികാരികത പലപ്പോഴും വെല്ലുവിളിക്കപ്പെട്ടു. സിയാഉദ്ദീന്‍ സര്‍ദാര്‍, ആമിനാ വദൂദ് തുടങ്ങിയവര്‍ ഉയര്‍ത്തിയ വൈജ്ഞാനിക ചോദ്യങ്ങള്‍ പ്രസക്തമാവുമ്പോഴും അവരുടെ സ്വീകാര്യത പരിമിതപ്പെട്ടത് അതുകൊണ്ടാണ്. എന്നാല്‍ ഇത്തരം വൈജ്ഞാനിക അന്വേഷണങ്ങളെ ഉള്‍ക്കൊണ്ട് ഇസ്‌ലാമിക പ്രമാണങ്ങളിലൂന്നി പുതിയ സമീപനങ്ങള്‍ സ്വീകരിക്കാന്‍ ഖറദാവിയെ പോലുള്ള പണ്ഡിതന്മാര്‍ തയാറായത് വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചു.
ശരീഅത്തിനെ കേവല നിയമ സമാഹാരങ്ങളുടെ ചട്ടക്കൂട് എന്നതിലപ്പുറം ശരീഅത്തിന്റെ താല്‍പര്യങ്ങളെയും ലക്ഷ്യങ്ങളെയും (മഖാസിദുശ്ശരീഅഃ) പരിഗണിച്ചുകൊണ്ടുള്ള അന്വേഷണങ്ങള്‍ സജീവമായി. ഇത്തരം മാറ്റങ്ങള്‍ ഉയര്‍ത്തിയ ജ്ഞാനശാസ്ത്രപരമായ പുതിയ ഊര്‍ജം ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ലോകമെമ്പാടും ഇന്ന് പ്രകടമാണ്. 'പണ്ഡിതര്‍ പ്രവാചകപാരമ്പര്യത്തിന്റെ പിന്‍മുറക്കാ'രാണെന്ന പ്രവാചക വചനത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ സ്വകാര്യ മതാനുഭവങ്ങളുടെ ചട്ടക്കൂടുകളില്‍ നിന്ന് പുറത്തുകൊണ്ടുവരാനുള്ള ഇരുപതാംനൂറ്റാണ്ടിലെ ഇസ്‌ലാമിക നവോത്ഥാന നായകരുടെ ശ്രമങ്ങള്‍ക്ക് ഗുണകരമായ മാതൃകകള്‍ കണ്ടുകൊണ്ടിരിക്കുന്ന സാഹചര്യവും ഇന്ന് സംജാതമാണ്. എന്നാല്‍ ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ വലിയ പാരമ്പര്യം അവകാശപ്പെടുന്ന കേരളീയ മുസ്‌ലിം വൈജ്ഞാനിക മണ്ഡലം ഇത്തരം മാറ്റങ്ങളെ വലിയ അളവില്‍ സ്വീകരിച്ചിട്ടില്ല. എന്നു മാത്രമല്ല അക്ഷരവാദത്തിന്റെ മുഖങ്ങള്‍ പലഭാവങ്ങളില്‍ തെരുവുകളിലും കാമ്പസുകളിലും എന്തിന് ദീനീമദാരിസുകളിലെ സിലബസുകളില്‍ പോലും വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതും നമുക്ക് കാണാന്‍ സാധിക്കും. ഈ സാഹചര്യത്തിലാണ് ഇസ്‌ലാമിക വിജ്ഞാനീയങ്ങളെക്കുറിച്ച ആഴത്തിലുള്ള അന്വേഷണങ്ങളും പഠനങ്ങളും കേരളത്തില്‍ പരിചയപ്പെടുത്തേണ്ടത് അനിവാര്യമായി വരുന്നത്. എസ്.ഐ.ഒ സംഘടിപ്പിക്കുന്ന 'ഇസ്‌ലാമിക് അക്കാദമിക് കോണ്‍ഫറന്‍സ്' ഈ ദിശയിലുള്ള ആദ്യ ചുവടുവെപ്പാണ്.
ഇസ്‌ലാമിക ജ്ഞാന മണ്ഡലത്തിനെ പ്രമാണബദ്ധവും സാങ്കേതികബദ്ധവുമായി അവലംബിച്ചുകൊണ്ടുള്ള വിശകലന സംസ്‌കാരം വളര്‍ത്തുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇസ്‌ലാമിക ജ്ഞാനമണ്ഡലത്തിന്റെ പ്രസക്തി, വിവക്ഷ, സാധുത, സാധ്യത, പ്രാമാണികത എന്നിവ ശാസ്ത്രീയമായി ബോധ്യപ്പെടുന്ന വിധമാണ് സംവാദങ്ങള്‍ ഒരുക്കപ്പെടുക. ഫിഖ്ഹിന്റെയും ഉസ്വൂലുല്‍ ഫിഖ്ഹിന്റെയും വിശകലന മാതൃകകളെ കേരളീയ ബുദ്ധി വേണ്ടത്ര പരിചയിച്ചിട്ടില്ലാത്തതിനാലാണ് പ്രത്യേക മേഖലയായി തന്നെ അതിനെ വര്‍ഗീകരിച്ചിരിക്കുന്നത്. ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തെ കുറിച്ച അടിസ്ഥാന ബോധ്യങ്ങളില്‍ ഊന്നിക്കൊണ്ടുള്ള വൈജ്ഞാനിക വിശകലനത്തിന് ഫിഖ്ഹ് എങ്ങനെയാണ് സഹായകമാകുന്നത് എന്ന് സംവാദങ്ങളിലൂടെ തിരിച്ചറിയപ്പെടുമെന്ന് പ്രതീക്ഷിക്കാം. ജ്ഞാനശാസ്ത്രവും അതിനോടുള്ള സമീപനങ്ങളുമാണ് എല്ലാ വൈജ്ഞാനിക സംവാദങ്ങളുടെയും അടിത്തറ. അറിവിനെക്കുറിച്ചും വിജ്ഞാനീയങ്ങളെക്കുറിച്ചും ഇസ്‌ലാമിന് സവിശേഷമായ ധാരണകളുണ്ട്. ജ്ഞാന സ്രോതസ്സുകള്‍, പ്രമാണങ്ങള്‍, വ്യാഖ്യാനങ്ങള്‍, വ്യാഖ്യാന ശാസ്ത്രം(Hermenuetics), വിവിധ വിജ്ഞാനീയങ്ങള്‍, അവ ഉയര്‍ന്നുവന്ന ചരിത്രപരവും സാമൂഹികവുമായ സാഹചര്യങ്ങള്‍, നിയമ നിര്‍ധാരണ രീതികള്‍, ചിന്താ സരണികള്‍, ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ ആധുനികതയുടെയും ഉത്തരാധുനികതയുടെയും സാഹചര്യത്തില്‍, പാരമ്പര്യവും നവോത്ഥാനവും: സംഘര്‍ഷങ്ങളും സമന്വയവും തുടങ്ങി വിവിധ വിഷയങ്ങള്‍ ഇസ്‌ലാമിക ജ്ഞാനശാസ്ത്രം എന്ന മേഖലയില്‍ ചര്‍ച്ച ചെയ്യും. ഇസ്‌ലാമിക പ്രമാണങ്ങളും വ്യാഖ്യാന ശാസ്ത്രവും, സാമൂഹിക സിദ്ധാന്തങ്ങളും ഇസ്‌ലാമിക ചിന്താപദ്ധതിയും എന്നീ മേഖലകളിലായിരിക്കും അക്കാദമിക് സെഷനുകള്‍ നടക്കുക.
കര്‍മശാസ്ത്ര വിധികളുടെ സമാഹാരം എന്നതിനപ്പുറം മനുഷ്യ ജീവിത വ്യവഹാരങ്ങളെക്കുറിച്ച സമീപനങ്ങളാണ് ഫിഖ്ഹ് കൈകാര്യം ചെയ്യുന്നത്. സാമൂഹിക ബന്ധങ്ങള്‍, സാംസ്‌കാരിക വിനിമയങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവയാണ് ഫിഖ്ഹിന്റെ മേഖലകള്‍. ഫിഖ്ഹിനെക്കുറിച്ച ഈ വിശാലമായ കാഴ്ചപ്പാടിലൂന്നിയുള്ള ചര്‍ച്ചകളാണ് ഈ മേഖലയില്‍ നടക്കുക. പ്രാദേശിക സംസ്‌കൃതികളും ഇസ്‌ലാമിക സംസ്‌കാരവും, ഫിഖ്ഹിന്റെ നയ വികാസങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഈ തലക്കെട്ടിന് കീഴില്‍ ചര്‍ച്ച ചെയ്യും. അല്‍ മലകത്തുല്‍ ഫിഖ്ഹിയ, ഇജ്തിഹാദ്-മദ്ഹബ്-തഖ്‌ലീദ്, ഫിഖ്ഹ് സമകാലിക പ്രവണതകള്‍, ന്യൂനപക്ഷ കര്‍മശാസ്ത്രം: പ്രാദേശിക ഘടകങ്ങളും സാര്‍വ ലൗകിക മൂല്യങ്ങളും എന്നീ തലക്കെട്ടുകളിലായിട്ടാണ് അക്കാദമിക് സെഷനുകള്‍ നടക്കുക.
സൂക്ഷ്മമായ അധികാര ഘടനകളിലേക്ക് വരെ രാഷ്ട്രീയത്തിന്റെ അര്‍ഥതലങ്ങള്‍ മാറിയിരിക്കുന്ന ബഹു സാംസ്‌കാരികവും ബഹുവംശീയവും ബഹുസ്വരവുമായ സാഹചര്യത്തില്‍ ഇസ്‌ലാമിക രാഷ്ട്രീയ സിദ്ധാന്തത്തെ കുറിച്ച അന്വേഷണങ്ങളാണ് 'ഇസ്‌ലാമിക രാഷ്ട്രീയ സിദ്ധാന്തം' എന്ന തലക്കെട്ടിന് കീഴില്‍ നടക്കുക. പരമ്പരാഗതമായ സാങ്കേതിക പദാവലികളെ കുറിച്ചുള്ള പ്രാമാണികവും നവീനവുമായ വ്യാഖ്യാനങ്ങളും, പൗരത്വം, ദേശ രാഷ്ട്രം, അധികാര സ്വരൂപങ്ങള്‍ എന്നിവയുടെ പരിണാമങ്ങളോട് ഇസ്‌ലാമിക രാഷ്ട്രീയ സിദ്ധാന്തത്തിന്റെ സമീപനങ്ങള്‍, പൗരസമൂഹം, സ്വത്വരാഷ്ട്രീയം, നവ ലിബറല്‍ വാദം എന്നിവയെക്കുറിച്ചുള്ള സംവാദങ്ങളും ഈ തലക്കെട്ടിനു കീഴില്‍ നടക്കും. ത്വാഗൂത്ത് - ജാഹിലിയത്ത്: അര്‍ഥതലങ്ങള്‍, പ്രാമാണിക വിശകലനം, അല്‍ജമാഅത്ത്, ഉമ്മത്ത്, ഖിലാഫത്ത്, ഖൗം: പുതിയ സമീപനങ്ങള്‍, സ്വത്വരാഷ്ട്രീയവും ഇസ്‌ലാമിക രാഷ്ട്രീയവും, ഇസ്‌ലാമിക രാഷ്ട്രീയ ചിന്ത: മതേതരത്വത്തിനും ആധുനികതക്കും ശേഷം, ആഗോളീകരണം - നവ ഉദാരവാദം ഇസ്‌ലാമിക രാഷ്ട്രീയം എന്നീ തലക്കെട്ടുകളിലുള്ള അക്കാദമിക് സെഷനുകളാണ് നടക്കുക.
ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നും ദീനീമദാരിസുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളും പ്രമുഖ പണ്ഡിതരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. ഇസ്‌ലാമിന്റെ ബഹുസ്വരമായ വായനകള്‍ കക്ഷിത്വങ്ങള്‍ക്കപ്പുറം 'ഉമ്മ'ത്തിന്റെ രചനാത്മക ജീവിതത്തിനെയാണ് സഹായിക്കേണ്ടത്. ഈ കാഴ്ചപ്പാടിലൂന്നി വ്യത്യസ്ത വായനകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും സമ്മേളനം ഇടം നല്‍കും. വ്യത്യസ്ത മുസ്‌ലിം ചിന്താധാരകള്‍ തമ്മിലുള്ള സംവാദാത്മക ബന്ധത്തിലൂടെ രൂപപ്പെടുന്ന വൈജ്ഞാനിക ഉണര്‍വുകളെ അടയാളപ്പെടുത്താനുള്ള എളിയ തുടക്കം കൂടിയാണ് ഇത്.
മൂന്ന് മേഖലകളിലായി പത്തോളം അക്കാദമിക സെഷനുകളിലായി നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടും. ശൈഖ് വി.പി അഹമ്മദ് കുട്ടി ടൊറണ്ടോ, എറിക് വിംഗ്ള്‍, അസ്സാം തമീമി, ഡോ.ഹാമിദ് നസീം റഫീഅ ബാദി, മുഖ്തദിര്‍ ഖാന്‍ (യു.എസ്.എ), അമീന്‍ ഉസ്മാനി(ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി), അമീര്‍ അലി(ഓസ്‌ട്രേലിയ), ഡോ. ഉബൈദുല്ല ഫഹദ്(അലീഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി), പി.കെ അബ്ദുര്‍റഹ്മാന്‍ (മദ്രാസ് യൂനിവേഴ്‌സിറ്റി), അബ്ദുശ്ശുക്കൂര്‍ ഖാസിമി, എം.ടി അന്‍സാരി, ഡോ. മുഹമ്മദ് മുംതാസ് അലി (ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക യൂണിവേഴ്‌സിറ്റി, മലേഷ്യ), എം.എച്ച് ഇല്യാസ്(ജാമിഅ മില്ലിഅ ഇസ്‌ലാമിയ), ഡോ. ഹുസൈന്‍ രണ്ടത്താണി, അബ്ദുല്‍ ഹകീം ഫൈസി, യൂസുഫ് നദ്‌വി, ഡോ. ഫൈസല്‍ ഹുദവി (അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, മലപ്പുറം സെന്റര്‍) തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും. വിവിധ സര്‍വകലാശാലകളില്‍ നിന്നും മറ്റുമായി അഞ്ഞൂറോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമാപന ദിവസം വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തില്‍ ദേശീയ-അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം