Prabodhanm Weekly

Pages

Search

2012 ജനുവരി 14

വാദപ്രതിവാദങ്ങളുടെ കലയും ശാസ്ത്രവും

ടി.കെ അബ്ദുല്ല / സദ്‌റുദ്ദീന്‍ വാഴക്കാട്

കേരളത്തിലെ മുസ്ലിം മതസംഘടനാ നേതാക്കള്‍ തമ്മിലുള്ള വാദപ്രതിവാദത്തിന്, അല്‍പം അതിശയോക്തിയോടുകൂടി നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്ന് പറയാം. 1920കള്‍ മുതല്‍, മുസ്ലിം ഐക്യസംഘവും കേരള ജംഇയ്യത്തുല്‍ ഉലമയും '26 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും സജീവമായ കാലം തൊട്ടേ, മതപണ്ഡിതര്‍ തമ്മിലുള്ള വാദപ്രതിവാദത്തിന് തുടക്കം കുറിച്ചു കാണും. കൃത്യമായ കൊല്ലവും നാളും കണ്ടെത്താന്‍ എളുപ്പമല്ലെങ്കിലും വളരെ പ്രമാദവും പ്രസിദ്ധവുമായിരുന്നു 'നാദാപുരം വാദപ്രതിവാദം.' സംഭവത്തിന് ദൃക്സാക്ഷികളായ ആരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
ഞാന്‍ കേട്ടറിഞ്ഞതുപ്രകാരം കേരള പ്രസിദ്ധമായ നാദാപുരം വാദപ്രതിവാദത്തില്‍ സലഫി-മുജാഹിദ് പക്ഷം 'തോറ്റു'പോവുകയാണ് ഉണ്ടായത്. യഥാര്‍ഥ പരാജയവും വാദപ്രതിവാദത്തിലെ തോല്‍വിയും ഒന്നല്ലെന്ന് മനസിലാക്കേണ്ടതുണ്ട്. വാദപ്രതിവാദത്തിലെ തോല്‍വിയെക്കുറിച്ചാണ് ഇവിടെ സൂചിപ്പിച്ചത്. ഞാന്‍ അറിഞ്ഞതുപ്രകാരം ബഹുജനമധ്യത്തിലെ മുജാഹിദ് തോല്‍വിക്ക് ആധാരം അറബി ഉദ്ധരണിയിലെ ഒരു 'ലാ' വിട്ടതാണ്. 'ലാ' -ഇല്ല- എന്നത് ഒഴിവാക്കി മുജാഹിദുകള്‍ അര്‍ഥം പറഞ്ഞപ്പോള്‍ സുന്നി പക്ഷത്തുനിന്ന് പ്രഗത്ഭനായ ഒരു പണ്ഡിതന്‍ എഴുന്നേറ്റുനിന്ന് 'ലാ' കട്ടതോ, വിട്ടതോ എന്ന് ഉറച്ച ശബ്ദത്തില്‍ ചോദിച്ചത്, സമ്മേളനഹാളില്‍ മുഴങ്ങി. അത് പിന്നെ ഒരു പ്രകമ്പനമാണ് സൃഷ്ടിച്ചത്. അതോടെ മുജാഹിദ് പക്ഷത്തിന് ഒന്നും വിശദീകരിക്കാന്‍ പറ്റുമായിരുന്നില്ല. അതായിരുന്നു അന്തരീക്ഷം. മുജാഹിദുകളുടെ പരാജയം അതോടുകൂടി ആണിയിട്ടുറപ്പിക്കുകയും ചെയ്തു. അതേക്കുറിച്ച് ആളുകള്‍ക്ക് ഇന്നും കേട്ടറിവുള്ള കാര്യം 'ലാ' കട്ട സംഭവം മാത്രമാണ്. ഒന്നുകില്‍, ആയഞ്ചേരി തറക്കണ്ടി അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍, അല്ലെങ്കില്‍ ഖുത്വ്ബി മുഹമ്മദ് മുസ്ലിയാര്‍- ഇവരിലൊരാളാണ് ചോദ്യകര്‍ത്താവെന്നാണ് കേട്ടിട്ടുള്ളത്.
ഒരു പണ്ഡിതന്‍ എന്നോട് പറഞ്ഞതനുസരിച്ച് ഇതിന്റെ സൂക്ഷ്മവശവും ബാഹ്യവശവും തമ്മില്‍ കാര്യമായ അന്തരമുണ്ട്. അഹ്ലുസ്സുന്നത്തിലെ പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം അമ്പിയാ-ഔലിയാക്കളുടെ കറാമത്ത് മരണശേഷവും മുറിഞ്ഞുപോവുകയില്ല. എന്നാല്‍ അഹ്ലുസ്സുന്നത്തിലെ, സുന്നികള്‍ ആദരിക്കുന്ന പണ്ഡിതന്മാരില്‍ തന്നെ ഒരു വിഭാഗം, അമ്പിയാ-ഔലിയാക്കളുടെ കറാമത്ത് മരണത്തോടെ മുറിഞ്ഞുപോകും എന്ന് അഭിപ്രായമുള്ളവരായുണ്ട്. ഇത് സമര്‍ഥിക്കുകയായിരുന്നു മുജാഹിദുപണ്ഡിതന്മാരുടെ ഉദ്ദേശ്യം. അതിന്, സുന്നിപണ്ഡിതപക്ഷത്തുനിന്നുള്ള ഒരു ഇബാറത്ത് മുജാഹിദുകള്‍ വായിച്ച് അര്‍ഥം പറയുകയായിരുന്നു. അതില്‍ കാണിച്ച ഒരു സാമര്‍ഥ്യമാണ് മുജാഹിദുകള്‍ക്ക് വിനയായത്. ഇബാറത്ത് ഏതാണ്ട് ഇപ്രകാരമാണ്: കറാമത്തുല്‍ ഔലിയാഇ ലാ തന്‍ഖത്വിഉ ബഅ്ദല്‍ മൌതി ഇന്‍ദ അക്സരി ഉലമാഇ അഹ്ലിസ്സുന്നത്തി വല്‍ജമാഅ (ഔലിയാക്കളുടെ കറാമത്ത് മരണശേഷം മുറിഞ്ഞുപോകില്ല എന്നാണ് അഹ്ലുസ്സുന്നത്തിലെ അധികപണ്ഡിതരുടെയും അഭിപ്രായം). ഇതാണ് വാചകത്തിന്റെ നേര്‍ക്കുനേരെയുള്ള അര്‍ഥം. ഇത് പറഞ്ഞ് മതിയാക്കാതെ മുജാഹിദ് പണ്ഡിതന്‍ ഇങ്ങനെ തുടര്‍ന്നു; 'ഔലിയാക്കളുടെ കറാമത്ത് മരണശേഷം മുറിഞ്ഞുപോകില്ല എന്നാണ് അഹ്ലുസ്സുന്നത്തിലെ ഭൂരിപക്ഷ പണ്ഡിതരുടെ അഭിപ്രായം എന്നുവരുമ്പോള്‍ അവരിലെ ന്യൂനപക്ഷം അമ്പിയാക്കളുടെ കറാമത്ത് മരണശേഷം മുറിഞ്ഞുപോകും എന്നാണ് അഭിപ്രായപ്പെടുന്നത്'- ഈ പോയിന്റാണ് മുജാഹിദ് പണ്ഡിതന്‍ സമര്‍ഥിച്ചത്. പക്ഷേ, 'ലാ തന്‍ഖത്വിഉ' എന്നതിന് 'മുറിഞ്ഞുപോകും' എന്ന് അര്‍ഥം പറഞ്ഞതായാണ് പ്രത്യക്ഷത്തില്‍ തോന്നുക. അതില്‍ പിടിച്ചുകൊണ്ടാണ് സുന്നിപക്ഷത്തെ പണ്ഡിതന്‍ 'ലാ' വിട്ടതോ കട്ടതോ എന്ന് ചോദിച്ചത്. യഥാര്‍ഥത്തില്‍ മുജാഹിദു പണ്ഡിതന്‍ കട്ടതുമല്ല, വിട്ടതുമല്ല, അദ്ദേഹം പെട്ടതായിരുന്നു. ഇതാണ് വാദപ്രതിവാദ തന്ത്രത്തിന്റെ കലയും ശാസ്ത്രവും.
ഇതേ നാദാപുരത്ത് ഇപ്പോഴും സുന്നി-മുജാഹിദ് വാദപ്രതിവാദം കൂടുതല്‍ രൂക്ഷമായും വികൃതമായും തുടര്‍ന്നുകൊണ്ടിരിക്കുകയാണ് (ആരോ ഇടപെട്ട് തല്‍ക്കാല ശമനം കണ്ടെത്തിയിട്ടുണ്ടത്രെ). ഏതാണ്ട് 80/90 വര്‍ഷമായി തുടരുന്ന ഈ പ്രക്രിയക്ക് ഇന്നോളം നമസ്കാരത്തിലെ കൈകെട്ട്, തറാവീഹിന്റെ റക്അത്തുകള്‍ മുതലായ ചെറിയ പ്രശ്നത്തില്‍ പോലും ഒരു നിഗമനത്തിലോ തീരുമാനത്തിലോ എത്താന്‍ കഴിഞ്ഞിട്ടില്ല. ഒരു നൂറ്റാണ്ട് കാലം തുടര്‍ച്ചയായി വാദപ്രതിവാദം നടത്തിയിട്ടും ഒരു പോയിന്റിലും ഒരു തീരുമാനത്തിലുമെത്താന്‍ കഴിയുന്നില്ല എന്നുവരുമ്പോള്‍ രണ്ടു കക്ഷികളുടെയും ഉദ്ദേശ്യശുദ്ധി വല്ലാതെ പരീക്ഷിക്കപ്പെടുകയാണ്. ഒന്നുകില്‍ രണ്ടു കൂട്ടരും സത്യത്തിലായിരിക്കണം. അല്ലെങ്കില്‍ ഒരു നൂറ്റാണ്ടുകൊണ്ടും എതിര്‍ കക്ഷിയെ ബോധ്യപ്പെടുത്താന്‍ മറുകക്ഷിക്ക് സാധിച്ചില്ല എന്നാകാം. രണ്ടായാലും അത്ഭുതകരമാണ്. തര്‍ക്ക വിഷയങ്ങളില്‍ ഇരുവിഭാഗവും സത്യത്തിലാണെന്ന് പറഞ്ഞാല്‍ അത് അസാധാരണമാണ്. ഒരു നൂറ്റാണ്ടുകൊണ്ടും ഒരു കാര്യം ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിഞ്ഞില്ല എന്നതും അപ്രകാരം തന്നെ. അതിനര്‍ഥം, എവിടെയോ കാര്യമായ ഒരു തകരാറുണ്ട് എന്നു തന്നെയാണ്. ആ രോഗം ചികിത്സിക്കപ്പെടേണ്ടതാണ്. അത്തരമൊരു രോഗം നിലവിലുള്ള കാലത്തോളം വാദപ്രതിവാദത്തിലൂടെ ഒരു ദീനീ വിഷയം പരിഹരിക്കാന്‍ സാധ്യമല്ല. നന്നെ കവിഞ്ഞാല്‍ ശ്രോതാക്കളില്‍ ചിലര്‍ക്ക് മനംമാറ്റമുണ്ടാക്കാന്‍ അത് സഹായകമാകാം. ആ മനംമാറ്റം ഏകപക്ഷീയമല്ല. ഒരിടത്ത് ഒരു ഭാഗത്താണെങ്കില്‍ മറ്റൊരിടത്ത് മറുഭാഗത്തായിരിക്കാം മനംമാറ്റം. ഇതുകൊണ്ടുതന്നെയാകണം വാദപ്രതിവാദം വഴി രണ്ടുകക്ഷികളും ശക്തിപ്രാപിക്കുന്നുണ്ട് എന്നാണ് പൊതു വിലയിരുത്തല്‍. ഇസ്ലാമിന്റെ പ്രകൃതമനുസരിച്ച്, ശിര്‍ക്കും തൌഹീദും തമ്മിലാണ് സംവാദമെങ്കില്‍ ശിര്‍ക്ക് തളരുകയും തൌഹീദ് വളരുകയും ചെയ്യേണ്ടതാണ്. ഇപ്പോള്‍ പക്ഷേ, രണ്ടും വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഈ വസ്തുത കേരളീയ മുസ്ലിം സമൂഹം മൊത്തം അംഗീകരിക്കുന്നുണ്ട്. ഈ പ്രതിഭാസം വേറെത്തന്നെ പഠിക്കേണ്ടതാണ്.
എന്റെ അനുഭവത്തിലുള്ള രസകരവും എന്നാല്‍ 'ക്രിമിനലു'മായ ഒരു വാദപ്രതിവാദത്തിന്റെ കഥ ഓര്‍മവരുന്നു. ഞാന്‍ മുജാഹിദ് സ്ഥാപനമായ മദീനത്തുല്‍ ഉലൂമില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് വടക്കേ മലബാറിലെ കടവത്തൂര്‍ പ്രദേശത്ത് പ്രമാദമായ ഒരു സുന്നി-മുജാഹിദ് വാദപ്രതിവാദം നടന്നു. പ്രദേശത്തെ പൌരപ്രമുഖനായ കൊട്ടന്‍കണ്ടി കുഞ്ഞമ്മദ് സാഹിബ്, രാഷ്ട്രീയമായ എന്തോ പ്രശ്നത്തില്‍ മുജാഹിദുകളുമായി ഇടഞ്ഞ് സുന്നി പക്ഷത്തു ചേര്‍ന്നു. വിഷയം രാഷ്ട്രീയമാണെങ്കിലും എതിരാളികളോട് പകരം വീട്ടാന്‍ നല്ലത് സുന്നിയില്‍ ചേരലാണെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം. അതിനിടയിലാണ് കടവത്തൂരിലെ എരഞ്ഞിന്റെ കീഴില്‍ പ്രദേശത്ത് മുജാഹിദ് സ്ഥാപനത്തിന്റെ ഒരു വലിയ പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിലെ പ്രമുഖ മുജാഹിദ് പണ്ഡിതന്മാരെല്ലാം അതില്‍ പങ്കെടുക്കുന്നു. അതിന്റെ നോട്ടീസില്‍ 'സുന്നി പണ്ഡിതന്മാര്‍ക്കും വാദപ്രതിവാദത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കുന്നതാണ്' എന്നൊരു വാചകം മുജാഹിദുകള്‍ അച്ചടിക്കുകയുണ്ടായി. ഇതില്‍പിടിച്ചാണ് സുന്നികള്‍ രംഗത്തുവന്നത്. കൊട്ടന്‍കണ്ടി കുഞ്ഞമ്മദ് സാഹിബിന്റെ നേതൃത്വത്തില്‍ സുന്നിപക്ഷം, പണ്ഡിതന്മാരെ തേടിപോയി. അക്കാലത്തെ സുന്നി ബ്രാന്റ് സ്റേജ് പ്രസംഗകനായിരുന്നു പതി അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍. അദ്ദേഹത്തെക്കാള്‍ വലിയ പണ്ഡിതന്മാരൊക്കെ ഉണ്ടാകുമ്പോഴും പതി മുസ്ലിയാരാണ് വിഷയം അവതരിപ്പിച്ച് വാചാലനായി സംസാരിക്കാറുള്ളത്. മുജാഹിദുകളുടെ പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് സുന്നി പണ്ഡിതന്മാരുടെ ഒരു കൂട്ടം തന്നെ അവിടെ സന്നിഹിതരായി. നിശ്ചിത സമയത്തിന് മുമ്പായതുകൊണ്ട് അവര്‍ സ്റേജ് മുഴുവന്‍ കൈയടക്കി. പരിമിതമായ സൌകര്യങ്ങളുള്ള മുജാഹിദ് സ്റേജില്‍ നിറയെ സുന്നി പണ്ഡിതന്മാര്‍! അവരാകട്ടെ, ആകാര പ്രകൃതംകൊണ്ടും വേഷഭൂഷകളും താടി-തലപ്പാവുകൊണ്ടും ബഹുജനത്തെ വല്ലാതെ ആകര്‍ഷിക്കുകയും വശീകരിക്കുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു. ബോധപൂര്‍വമല്ലാതെ തന്നെ സുന്നിപണ്ഡിതര്‍ അങ്ങനെയാണെന്നിരിക്കെ, മനപൂര്‍വം അല്‍പം ശ്രദ്ധിക്കുക കൂടി ചെയ്തോ എന്ന് തോന്നി. മുജാഹിദ് പണ്ഡിതന്മാര്‍ സ്ഥലത്തേക്ക് വന്നുകൊണ്ടിരിക്കെ, അവരെ സൌകര്യത്തില്‍ ഇരുത്താന്‍ പോലും ഭാരവാഹികള്‍ പ്രയാസപ്പെടുന്നുണ്ടായിരുന്നു. ഉള്ള സൌകര്യമൊക്കെ ഉപയോഗപ്പെടുത്തി അവരും സ്റേജില്‍ ഒരുവിധം ഇടം പിടിച്ചു. എന്നാല്‍ വാദപ്രതിവാദവേദിയില്‍ മുജാഹിദുകള്‍ക്ക് ആത്മബലം നല്‍കുന്ന പ്രമുഖപണ്ഡിതന്‍ എം.സി.സി അബ്ദുര്‍റഹ്മാന്‍ മൌലവി എത്തിച്ചേര്‍ന്നിരുന്നില്ല. അദ്ദേഹത്തിന്റെ അഭാവം അവരുടെ ആത്മവിശ്വാസം കെടുത്തി. ധാരാളം ആളുകളുള്ള സഭയില്‍ 'ചിലര്‍' പ്രത്യേക 'ഒരുക്ക'ത്തോടെത്തന്നെയാണ് വന്നിട്ടുള്ളത്. സുന്നി പണ്ഡിതര്‍ അവരുടേതായി ഒരു മൈക്കും കൂടെ കരുതിയിട്ടുണ്ട്. ആകെക്കൂടെ എന്തോ ഒരു പന്തികേട്.
പരിപാടി ആരംഭിക്കേണ്ട സമയമായി. ചാറല്‍മഴ മൂടിനില്‍ക്കുന്ന അന്തരീക്ഷം. എന്റെ അമ്മാവന്റെ മകന്‍ കൂടിയായ പ്രമുഖ മുജാഹിദ് യുവപണ്ഡിതന്‍ കെ.എന്‍ ഇബ്റാഹീം മൌലവി സ്വാഗതപ്രസംഗം ആരംഭിച്ചു. ഹംദ്-സ്വലാത്തിനുശേഷം അദ്ദേഹം പറഞ്ഞുതുടങ്ങി; "നമ്മുടെ പ്രതിപക്ഷത്തുള്ള ബഹുമാന്യനായ പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരും സഹപ്രവര്‍ത്തകരും...'' വാചകം തീര്‍ന്നില്ല, ഉടന്‍ വന്നു സുന്നി പക്ഷത്തുനിന്ന് ഒരു ഗര്‍ജനം. പതി അബ്ദുല്‍ഖാദിര്‍ മുസ്ലിയാരായിരുന്നു അത്. അദ്ദേഹം എഴുന്നേറ്റുനിന്ന്, സ്വന്തം മൈക്ക് ഉപയോഗിച്ച്, സദസിനെ ആകെ കിടിലം കൊള്ളിക്കുന്ന തരത്തില്‍ 'നിര്‍ത്തണം, നിര്‍ത്തണം' എന്ന് ഒരൊറ്റ ആക്രോശം! എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ സ്തംഭിച്ചു പോയത് സദസ് മാത്രമല്ല, സ്റേജും കൂടിയാണ്. എന്താണ് സംഭവിച്ചത്, എന്തിനാണ് നിര്‍ത്തുന്നത് എന്ന് മനസിലാകാതെ സ്വാഗതപ്രസംഗകനും തരിച്ചുനിന്നു. ഉടനെ പതി അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ പ്രസംഗം ആരംഭിച്ചു; "സദസ്സിലുള്ളവര്‍ ശ്രദ്ധിക്കണം. ഞങ്ങള്‍ സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്നവരാണെന്നാണ് ഇതുവരെ വഹാബികള്‍ വാദിച്ചിരുന്നത്. ശിര്‍ക്ക് ചെയ്യുന്നവരെന്ന് ആരോപിക്കപ്പെട്ട സംഘത്തിന്റെ നേതാവായ എന്നെ 'ബഹുമാനപ്പെട്ട' എന്ന് സ്വാഗതപ്രസംഗകന്‍ വിശേഷിപ്പിച്ചിരിക്കുന്നു. ശിര്‍ക്ക് ചെയ്യുന്ന ആളുകളെ 'നജസ്, രിജ്സ്' എന്നൊക്കെയാണ് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത്, അവര്‍ മ്ളേഛരാണ്, നജസാണ്. ഇവിടെ 'ബഹുമാനപ്പെട്ട' എന്നാണ് എന്നെ വിശേഷിപ്പിച്ചിട്ടുള്ളത്. 'ഞാന്‍ മ്ളേഛനാണെങ്കില്‍ എങ്ങനെ ബഹുമാനപ്പെട്ടവനാകും.' അതിനര്‍ഥം പ്രതിപക്ഷം അവരുടെ പ്രധാന വാദത്തില്‍നിന്ന് പരാജയപ്പെട്ട് പിന്‍വാങ്ങിയിരിക്കുന്നു എന്നാണ്. അല്ലാഹു അക്ബര്‍.....''! സദസിലെ സുന്നി ഭൂരിപക്ഷം 'അല്ലാഹു അക്ബര്‍...' ഏറ്റു വിളിച്ചു. ആസൂത്രിതമായ ഒരു പരിപാടിയുടെ ഭാഗമെന്നപോലെ. പിന്നെ അവരുടെ ലക്ഷ്യം പണ്ഡിതര്‍ ഇരിക്കുന്ന സ്റേജാണ്. പരിപാടിയുടെ സംഘാടകര്‍, മുജാഹിദു പണ്ഡിതന്മാരെ എങ്ങനെയൊക്കെയോ അവിടെനിന്ന് രക്ഷപ്പെടുത്തി, ഇടുങ്ങിയ കോണിയിലൂടെ കെട്ടിടത്തിന്റെ മുകളില്‍ എത്തിച്ചു. പിന്നെ നടന്നത് എന്തൊക്കെയാണെന്ന് കൃത്യമായി പറയാന്‍ പ്രയാസമുണ്ട്. സ്റേജ് അടിപൊളിയാക്കാന്‍ അല്‍പനേരമേ വേണ്ടിവന്നുള്ളൂ. അടുത്തദിവസം രാവിലെയാണ് മുജാഹിദ് പണ്ഡിതന്മാര്‍ നടന്ന് വാഹനംകിട്ടുന്ന സ്ഥലത്തെത്തിയത്. അക്കാലത്ത് കടവത്തൂരില്‍നിന്ന് വാഹനം കിട്ടുക അസാധ്യമായിരുന്നു. നാലുഭാഗവും കടവ് ഉള്ളതുകൊണ്ടാണ് കടവത്തൂര്‍ എന്ന പേരുവന്നത്. കുറേ ദൂരം നടന്നുവേണം വാഹനത്തില്‍ കയറാന്‍. ആ ദയനീയ യാത്രയില്‍ മുജാഹിദു പണ്ഡിതരോടൊപ്പം വിദ്യാര്‍ഥിയായ ഞാനും ഉണ്ടായിരുന്നു. അവരെല്ലാം തീര്‍ത്തും പരവശരായിരുന്നു. ഒരുതരം നിസഹായാവസ്ഥ അവരുടെ മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു. എന്റെ അമ്മാവന്‍ പറമ്പത്ത് ഇബ്റാഹീം മൌലവിയില്‍നിന്ന് പിന്നീട് ഞാന്‍ കേട്ട കാര്യമാണ് മുജാഹിദു പക്ഷത്തിന്റെ ആകെയുള്ള ആശ്വാസം; സുന്നികളില്‍നിന്ന് മുജാഹിദുപക്ഷത്ത് വന്ന, നല്ല കൈകരുത്തുള്ള ആളായിരുന്നു അമ്മാവന്‍. അദ്ദേഹം പറഞ്ഞു: "ആ ബഹളത്തിനിടയില്‍ സ്റേജിലുണ്ടായിരുന്ന ഒരാളുടെ വീതിയുള്ള പുറത്ത് നല്ല ഒരു അടി ഞാന്‍ കൊടുത്തിട്ടുണ്ട്. അതുമാത്രമാണ് ആ പരിപാടിയുടെ നേട്ടം''! ഞാന്‍ ചോദിച്ചു: അതാരായിരിക്കാം? "അത് നമ്മുടെ പതി മുസ്ലിയാരല്ലാതെ മറ്റാരാകാന്‍!'' അമ്മാവന്റെ മറുപടി. പതിയുടെ പ്രസംഗവും ഈ അടിയുടെ ചൂടും കൂട്ടിക്കിഴിച്ചാല്‍ ആ വാദപ്രതിവാദത്തില്‍ ആര് ജയിച്ചു, ആര് തോറ്റു എന്ന് വായനക്കാര്‍ക്ക് തീരുമാനിക്കാവുന്നതേയുള്ളൂ.!
നാം വിവരിച്ച രണ്ട് സംഭവങ്ങളിലും പ്രത്യക്ഷത്തില്‍ ജനങ്ങളുടെ മുമ്പില്‍ തോറ്റത് മുജാഹിദുകളായിരിക്കാം. എന്നാല്‍ അവര്‍ ജയിച്ച സംഭവങ്ങളും കുറവല്ല (ഉദാഹരണം പൂനൂര്‍ വാദപ്രദിവാദം). വാദപ്രതിവാദങ്ങള്‍കൊണ്ട് ഒരു ഗുണവുമില്ല എന്നും ഈ സംഭവങ്ങള്‍ ഉദ്ധരിച്ചതിന് അര്‍ഥമില്ല. ശ്രോതാക്കളില്‍ ചിലര്‍ക്കെങ്കിലും ശരിതെറ്റുകള്‍ മനസിലാക്കാന്‍ സാധിച്ചെന്നുവരാം. എന്നാല്‍ ഈ ഒരൊറ്റവശം മാത്രം മുന്‍നിറുത്തി ഇത്തരം വാദപ്രതിവാദങ്ങള്‍ ഒരു ഇസ്ലാമിക അജണ്ടയായികൊണ്ടുനടക്കാന്‍ പറ്റുമോ എന്നതാണ് വിഷയം. ഇന്ന് വാദപ്രതിവാദങ്ങള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണം, അന്യസമുദായങ്ങള്‍ക്ക് ഇതിന്റെ നേരെയുള്ള അവജ്ഞ, മതവാദപ്രതിവാദത്തില്‍ ഉപയോഗിക്കുന്ന അശ്ളീലത്തിനപ്പുറമെത്തുന്ന സഭ്യേതരമായ പ്രയോഗങ്ങളും സൂചനകളും, മറുപക്ഷത്തെ പരമാവധി ഇടിച്ചു താഴ്ത്തി വ്യക്തിഹത്യയും അവഹേളനവും നടത്തുന്ന രീതി, അതിനോടുള്ള കൂടുതല്‍ ശക്തമായ തിരിച്ചടി, ജനങ്ങളുടെ മുമ്പാകെ തോല്‍ക്കുന്നത് ഒഴിവാക്കാന്‍ കളവും കാപട്യവും മുതല്‍ കൈയാങ്കളിവരെയുള്ള കലാപരിപാടികള്‍, സത്യം സമ്മതിച്ചാല്‍ തോല്‍ക്കുമെന്ന് ഉറപ്പാകുമ്പോള്‍, കിട്ടാവുന്ന എല്ലാ കുതന്ത്രങ്ങളും ഉപയോഗിച്ച് ജനമധ്യത്തില്‍ ജയിച്ചു കയറാനുള്ള അടവും തടവും...... ഇതെല്ലാം കുടി ഒരു സമുദായത്തെ കൊണ്ടെത്തിക്കുന്ന ധാര്‍മികവും സാംസ്കാരികവുമായ നിസ്സഹായാവസ്ഥ. ഈ കാര്യങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് വാദപ്രതിവാദത്തെ വിലയിരുത്തേണ്ടത്. മദ്യത്തെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞപ്പോള്‍ അതിന് ചില നല്ല വശങ്ങളുമുണ്ട് എന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ മദ്യത്തിന്റെ ദൂഷ്യങ്ങള്‍ ഗുണത്തെക്കാള്‍ വളരെ കൂടുതലാണ്. ഈ മാനദണ്ഡത്തില്‍ മതവാദ പ്രതിവാദത്തെയും കാണേണ്ടതുണ്ട്. ഇതിന്റെ ഒരു പ്രധാന ദൂഷ്യമായി ഞാന്‍ കാണുന്നത്, പാമരന്മാരായ ബഹുജനത്തെ വിധികര്‍ത്താക്കളാക്കുന്നു എന്നതാണ്. അവരാണ് ജയവും പരാജയവും തീരുമാനിക്കുന്നത്. അതുകൊണ്ടാണ് അവരുടെ മുമ്പില്‍ ജയിക്കുന്ന ആയുധം പ്രയോഗിക്കേണ്ടി വരുന്നത്. ആശയസംവാദം, കാര്യക്ഷമവും ആരോഗ്യകരവുമായിരിക്കണമെങ്കില്‍ പണ്ഡിതന്മാര്‍ പണ്ഡിതന്മാരുമായി, പണ്ഡിതസദസില്‍ അവരെ മധ്യസ്ഥരാക്കി സംവാദം നടത്തണം. ശ്രോതാക്കളും മധ്യസ്ഥരും പണ്ഡിതന്മാരായിരിക്കണം. ഇത്തരം ഒരു പരിമിതമായ സദസില്‍, സുഹൃത്തുക്കളെപ്പോലെ മാന്യന്മാരായി ആരോഗ്യകരമായി സംവാദം നടത്തുന്നത് ഗുണകരമായേക്കാം. ഇത് മനസിലാക്കാനാണ് ചില ഉദാഹരണങ്ങള്‍ ഇവിടെ സൂചിപ്പിച്ചത്. മറ്റു ചില സംഭവങ്ങള്‍ സഭ്യതയുടെയും മാന്യതയുടെയും എല്ലാ അതിരുകളും ലംഘിക്കുന്നതാകയാല്‍ ഇവിടെ ഉദ്ധരിക്കാന്‍ കഴിയാതെ വന്നതില്‍ ഖേദമുണ്ട്.
വടക്കേ ഇന്ത്യയിലെ പണ്ഡിത പ്രമുഖന്‍ മൌലാനാ അബുല്‍ വഫാ സനാഉല്ല നല്ലൊരു വാദപ്രതിവാദ വിദഗ്ധനായിരുന്നു. ഇസ്ലാമിനെക്കുറിച്ച് ഒരു സ്വാമിയുമായി അദ്ദേഹം വാദപ്രതിവാദം നിശ്ചയിച്ചു. നിശ്ചിത സമയത്ത് രണ്ടുപേരും സ്റേജില്‍ സന്നിഹിതരായി. ഇരുസമുദായത്തിലും പെട്ട ആയിരക്കണക്കിന് ആളുകള്‍ തിങ്ങിനിറഞ്ഞ മഹാസദസാണ് മുമ്പില്‍. വാദപ്രതിവാദം ശരിയായ വിധത്തില്‍ നടന്നാല്‍ സ്വാമിക്ക് വിജയ പ്രതീക്ഷ കുറവായിരുന്നു. അതുകൊണ്ടുതന്നെ, സാങ്കേതിക പ്രശ്നങ്ങള്‍ എന്തെങ്കിലും ഉന്നയിച്ച് പരിപടി തടസപ്പെടുത്തണം എന്നായിരുന്നു സ്വാമിയുടെ മനസ്. തീര്‍ത്തും അപ്രതീക്ഷിതമായി സ്വാമിജി ഒരു തടസവാദമുന്നയിച്ചു. 'മൌലവി സാഹിബിനോട് ഇസ്ലാമിനെക്കുറിച്ച് വാദപ്രതിവാദം നടത്താമെന്ന് ഞാന്‍ സമ്മതിച്ചത് ശരിതന്നെ. പക്ഷേ, നിങ്ങളെ പറ്റി ഞാന്‍ പിന്നീട് പഠിച്ചപ്പോഴാണ്, ഇസ്ലാമിനെക്കുറിച്ച് ആധികാരികമായി പറയാന്‍ നിങ്ങള്‍ക്ക് അവകാശമില്ല എന്നു മനസിലായത്. ഇന്നയിന്ന മുസ്ലിം പണ്ഡിതനേതാക്കളെല്ലാം, നിങ്ങള്‍ ഇസ്ലാമില്‍ നിന്ന് വ്യതിചലിച്ച പണ്ഡിതനാണെന്ന് ഫത്വ നല്‍കിയിട്ടുണ്ട്. അതിന്റെ ആധികാരിക രേഖകളാണ് എന്റെ കൈയിലുള്ളത്. മുസ്ലിം സമൂഹത്തിലെ മഹാഭൂരിപക്ഷം നിങ്ങളെ ഇസ്ലാമിന്റെ പ്രതിനിധിയായി അംഗീകരിക്കാത്ത സാഹചര്യത്തില്‍ നിങ്ങളുമായി ഇസ്ലാമിനെ സംബന്ധിച്ച് വാദപ്രതിവാദം നടത്തുന്നതിന് എന്തര്‍ഥമാണുള്ളത്? 'വളരെ തന്ത്രപൂര്‍വം സ്വാമി ഇത് സമര്‍ഥിച്ചപ്പോള്‍ സദസിനെ വല്ലാതെ ആകര്‍ഷിച്ചു. മൌലവി സാഹിബിന്റെ സംഘം അന്ധാളിച്ചു നില്‍ക്കുകയായിരുന്നു; ഇപ്പറഞ്ഞതൊക്കെ സത്യമാണ്, എങ്ങനെയാണ് മൌലാന ഇതിനെ നേരിടുക? ഇതായിരുന്നു അവരുടെ ആധി! എന്നാല്‍ തികച്ചും അത്ഭുതകരമായിരുന്നു മൌലവി സാഹിബിന്റെ പ്രതികരണം. അദ്ദേഹം പ്രഖ്യാപിച്ചു: 'സ്വാമിജി പറഞ്ഞതെല്ലാം ശരിയാണ്! എന്നെ ഇസ്ലാമില്‍നിന്ന് പുറത്താക്കിക്കൊണ്ട് നിരവധി മുസ്ലിം പണ്ഡിതന്മാര്‍ ഫത്വ ഇറക്കിയിട്ടുണ്ട്. പക്ഷേ, ഞങ്ങളുടെ മതപ്രകാരം ഒരാള്‍ക്ക് ഇസ്ലാമില്‍ ചേരണമെങ്കില്‍, സത്യസാക്ഷ്യവചനം (ശഹാദത്ത് കലിമ) ഉരുവിട്ടാല്‍ മതി. 'അശ്ഹദു അല്‍ലാഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്. ഞാന്‍ വീണ്ടും ഈ വാചകം ചൊല്ലി മുസ്ലിമാവുകയാണ്. ഞാനിതാ ഇസ്ലാമില്‍ പ്രവേശിക്കുന്നു. ഞാനിത് പറഞ്ഞശേഷം ഒരു ഫത്വയും വന്നിട്ടില്ല, തുടങ്ങൂ വാദപ്രതിവാദം......'' സനാഉല്ലയുടെ വാക്കുകള്‍ കേട്ട് സദസ് കോരിത്തരിച്ചു പോയി. ഇതാണ് വാദപ്രതിവാദം!
യുദ്ധത്തില്‍ ആദ്യം വധിക്കപ്പെടുക സത്യമാണ് എന്നൊരു ചൊല്ലുണ്ട്. അത് പറഞ്ഞ മഹാന്‍ കേരളത്തിലെ മതസംഘടനകളുടെ വാദപ്രതിവാദം കണ്ടിട്ടില്ലാത്ത ആളാണ്. അദ്ദേഹം കേരളത്തില്‍ വന്നാല്‍ അത് ഇങ്ങനെ തിരുത്തേണ്ടി വരും; മതവാദപ്രതിവാദത്തില്‍ ആദ്യം വധിക്കപ്പെടുന്നത് സത്യമാണ്!
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം