ഇസ്‌ലാമിക മുന്നേറ്റത്തിന്റെ ശുഭപ്രതീക്ഷയില്‍
ഇസ്‌ലാമിക ലോകം ഇന്ന് പുത്തനുണര്‍വുമായി മുന്നേറുകയാണ്. മുമ്പൊന്നും കാണാന്‍ കഴിയാത്ത തരത്തിലുള്ള മുന്നേറ്റമാണ് ഇപ്പോള്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. ഇത് അല്ലാഹുവിന്റെ ഒരു രീതിശാസ്ത്രമാണ്. ധിക്കാരികളെ അവരുടെ ചെയ്തികളുടെ മൂര്‍ധന്യത്തില്‍ എത്തുന്നത് വരെ അല്ലാഹു അവരെ പിടികൂടാതെ വിഹരിക്കാന്‍ വിടും. ലോക ചരിത്രം പരിശോധിക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നതും ഈയൊരു കാഴ്ച തന്നെയാണ്. ധിക്കാരം എവിടെയെത്തുമെന്ന് അവന്‍ നോക്കുകയാണ്. വിശ്വാസികളേ, ഇന്ന് നാം പ്രത്യാശയുടെയും പ്രതീക്ഷയുടെയും പുത്തന്‍ ഉണര്‍വിലാണ്. ഫറോവമാരുടെ ഈറ്റില്ലങ്ങളില്‍ നിന്ന് നാം കേള്‍ക്കുന്നത് സന്തോഷം പകരുന്ന വര്‍ത്തമാനങ്ങളാണ്. ആധുനിക ഫറോവമാര്‍ ഒന്നൊന്നായി ഭീകര ആഴികളില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്നു. തുനീഷ്യയും ഈജിപ്തും ലിബിയയും ഇന്ന് സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കുകയാണ്. മൂന്നും നാലും പതിറ്റാണ്ടിനു ശേഷമാണ് ഈ നാടുകളിലെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാന്‍ സാധിച്ചതെന്ന് ഓര്‍ക്കണം.
വിശ്വാസികളേ, 'സര്‍വലോകത്തിന്റെയും അനുഗ്രഹമായിട്ടാണ് താങ്കളെ നാം അയച്ചിരിക്കുന്നത്' എന്ന അല്ലാഹുവിന്റെ പ്രഖ്യാപനം നാം വിസ്മരിക്കരുത്. പ്രവാചകന്‍ മുഹമ്മദ് നബി(സ)യെക്കുറിച്ചാണ് ഈ പരാര്‍ശം നടത്തിയതെങ്കിലും, ആദ്യാവസാനം വരെയുള്ള മുസ്‌ലിം സമൂഹമാണ് അഭിസംബോധിതര്‍ എന്ന കാര്യം വിസ്മരിച്ചുകൂടാ. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സാധാരണ ജനങ്ങളുടെ രക്തം ചിന്താന്‍ അല്ലാഹു ഒരാളെയും അനുവദിച്ചിട്ടില്ല. ഇന്ന് സിറിയയിലും യമനിലും നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കുരുതികള്‍ എന്തിന്റെ പേരിലാണ്? ഒരു കുടുംബം അധികാരം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഫലമാണല്ലോ ഈ കൊടിയ അക്രമങ്ങളത്രയും.
യമനിലെ അലി സ്വാലിഹിനോടും സിറയയിലെ ബശ്ശാറിനോടും ഞാന്‍ ആവശ്യപ്പെടുന്നത്, അവര്‍ അധികാരം വിട്ടൊഴിയണമെന്നാണ്. നാല്‍പതിലധികം വര്‍ഷങ്ങളാണ് ബശ്ശാറും പിതാവും ഒരു രാജ്യത്തിന് മേല്‍ തങ്ങളുടെ ആധിപത്യം അടിച്ചേല്‍പിച്ചത്. ഖുര്‍ആനും സുന്നത്തും അനുസരിച്ചാണോ അവര്‍ ഭരിച്ചത്? അല്‍ ബഅ്‌സ് എന്ന പാര്‍ട്ടിയുടെ പേരില്‍ നടന്ന ഭരണത്തില്‍ ഇസ്‌ലാമിനോ ഇസ്‌ലാമിക ശരീഅത്തിനോ പങ്കുണ്ടായിരുന്നില്ല. കുടുംബാധിപത്യം നിലനിര്‍ത്താനുള്ള തീവ്ര ശ്രമത്തില്‍ അവര്‍ ജനങ്ങളെയും ഇസ്‌ലാമിനെയും മറന്നുകളയുകയായിരുന്നു. സിറിയന്‍ വിഷയത്തില്‍ ലോക പണ്ഡിതര്‍ ഒറ്റക്കെട്ടായി പ്രതികരിക്കണം. മൗനം അവലംബിക്കുന്നത് ധിക്കാരികള്‍ക്ക് കരുത്ത് പകരുമെന്ന കാര്യം പണ്ഡിതര്‍ വിസ്മരിക്കരുത്. സിറിയയിലെ പണ്ഡിതര്‍ ഭരണകൂട ഭീകരതക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ വൈകരുത്. നിസ്സഹായരായ ജനങ്ങളെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി കൊന്നൊടുക്കിയ ഒരു ഭരണാധികാരിക്കും അധികകാലം പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്ന ചരിത്രം ബശ്ശാറും സംഘവും തിരിച്ചറിയണം. ലിബിയയിലെ മുഅമ്മര്‍ ഖദ്ദാഫിയുടെ അവസ്ഥ വരുന്നതിന് മുമ്പ് വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന് നല്ലത്. പതിറ്റാണ്ടുകള്‍ അടിച്ചമര്‍ത്തപ്പെട്ട ജനം ഏത് രീതിയില്‍ പ്രതികരിക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല.
വിശ്വാസികളേ, അല്ലാഹുവിന്റെ ഭൂമിയില്‍ അവന് ചില രീതികളുണ്ട്. അതില്‍ പെട്ടതാണ് ഒരു സമുദായം സ്വയം മാറാന്‍ സന്നദ്ധമായില്ലെങ്കില്‍ അവര്‍ക്ക് പകരം മറ്റൊരു സമുദായത്തെ കൊണ്ടുവരുമെന്ന തത്ത്വം. ഇന്ന് നാം അറബ് ലോകത്ത് കണ്ടുവരുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ നല്‍കുന്ന സൂചനയും മറ്റൊന്നല്ല.
ഈജിപ്തില്‍ നാം പ്രതീക്ഷിക്കുന്നത് ഏറ്റവും ശുഭകരമായ പര്യവസാനമാണ്. ഭരണകൂട ഭീകരകതയുടെ പീഡനങ്ങള്‍ ഏറ്റു വാങ്ങിയ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ മുന്നേറ്റം നമുക്ക് ഏറെ ആവേശമാണ് നല്‍കുന്നത്. സൈനിക നേതൃത്വം എത്രയും വേഗം അധികാരം തെരഞ്ഞെടുക്കപ്പെടുന്ന സഭക്ക് കൈമാറണം. അവിടെ നടന്ന മുന്നേറ്റത്തിന് സൈന്യം നല്‍കിയ പിന്തുണ ലക്ഷ്യം നേടണമെങ്കില്‍ അങ്ങനെ ചെയ്‌തേ പറ്റൂ. സാധാരണ ജനതയെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കാന്‍ സൈനിക നേതൃത്വത്തിന് കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.
വിശ്വാസികളേ, ഇന്ന് നാം ഏറെ ശുഭപ്രതീക്ഷയിലാണ് ഉള്ളത്. അറബ് ലോകത്ത് നിന്ന് വീണ്ടും ഇസ്‌ലാമിക വെള്ളിവെളിച്ചം പ്രസരിക്കാന്‍ ആരംഭിച്ചിരിക്കുന്നു. ഏകാധിപതികള്‍ക്ക് ഇനി ഏറെ കാലം പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. ഇസ്‌ലാമിന് അന്യമായ കുടുംബാധിപത്യങ്ങള്‍ക്ക് ഇനി ഏറെനാള്‍ അടക്കി ഭരിക്കാനാകില്ല.
(2-12-2011-ന് ദോഹയിലെ ഉമര്‍ ബിന്‍ ഖത്വാബ് മസ്ജിദില്‍ നടത്തിയ ഖുത്വ്ബയില്‍ നിന്ന്).
തയാറാക്കിയത്: റഹീം ഓമശ്ശേരി
Comments