അഖിലയുടെ അഛന്നും ഹാദിയക്കും ഒരു തുറന്ന കത്ത്
അഖിലയുടെ അഛന് (കാരണം ഒരു അഛന് മകളെ ഇഷ്ടമുള്ള പേരു വിളിക്കാന്‍ അവകാശമുണ്ടല്ലോ)
പ്രിയപ്പെട്ട സര്‍,
മറ്റൊരു പിതാവിന്റെ മകളായിട്ടാണ് ഞാന്‍ താങ്കള്‍ക്ക് ഈ കത്തെഴുതുന്നത്. സ്‌നേഹനിധിയായ ആ പിതാവ് ഇന്ന് ജീവിച്ചിരുന്നെങ്കില്‍ താങ്കളുടെ ഒരു ഗുണകാംക്ഷിയാകുമായിരുന്നു. മകളുടെ മുഖത്തെ പുഞ്ചിരി തിരിച്ചുകിട്ടാന്‍ ചെയ്യേണ്ടതെന്താണെന്ന് അദ്ദേഹം താങ്കള്‍ക്ക് ഉപദേശിച്ചുതരുമായിരുന്നു. അദ്ദേഹത്തിനും നിങ്ങളുടേതു പോലുള്ള സാഹചര്യം നേരിടേണ്ടിവന്നിട്ടുണ്ട്. അന്ന് താന്‍ ജീവനു തുല്യം സ്‌നേഹിച്ച മകളെ അരികെ നിര്‍ത്താന്‍ വേണ്ടി അദ്ദേഹം അവളെ തന്നില്‍നിന്നും വിട്ടയച്ചു. ആ അഛന്റെ മകളും കൂടിയായാണ് ഞാന്‍ ഈ കത്തെഴുതുന്നത്.
ഇന്ത്യയിലെന്നല്ല, ലോകത്തെവിടെയും താന്‍ സ്‌നേഹിക്കുന്നവരുടെ വിഷയങ്ങളില്‍ നിയമവും കോടതിയും ഇടപെടണമെന്ന് ഒരാളും ആഗ്രഹിക്കുകയില്ല. നിയമത്തിന്റെ സഹായം തേടാന്‍ തനിക്ക് എല്ലാ അവകാശവുമുണ്ടെന്ന് അറിവുണ്ടെങ്കിലും. പക്ഷേ നമ്മുടെ കോടതികളില്‍ ഇത് ദിവസവും അരങ്ങേറുന്നു; സഹോദരങ്ങള്‍ക്കിടയില്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍, ബന്ധുക്കള്‍ക്കിടയില്‍. നിയമവ്യവസ്ഥയുടെ അന്നമാണ് ഈ തര്‍ക്കങ്ങള്‍. ഇക്കൂട്ടത്തില്‍ കണ്ടുനില്‍ക്കാന്‍ ഏറ്റവും പ്രയാസകരം രക്ഷിതാവും കുട്ടിയും തമ്മിലുള്ള വഴക്കാണെന്നതില്‍ സംശയമില്ല. ഇതോടൊപ്പം രണ്ടു ഭാഗത്തു നിന്നും നിക്ഷിപ്ത താല്‍പര്യങ്ങളുള്ള സംഘങ്ങള്‍ കൂടി വിഷയത്തില്‍ ഇടപെടുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വേദനാജനകമാവുന്നു; സ്വകാര്യമായ അന്തരീക്ഷത്തില്‍ മുറിവുകളുണക്കാന്‍ അവസരം നല്‍കാതെ ജീവിതം നരകമാക്കി മാറ്റുന്നു. എല്ലാവരും സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടി ഈ വേദനയെ മുതലെടുക്കാന്‍ ശ്രമിക്കും. സമൂഹത്തിന്റെ നിരന്തരമായ നോട്ടം എല്ലാ സ്വകാര്യതയും സമാധാനവും നശിപ്പിക്കുകയും അനുരഞ്ജനത്തിന്റെ വാതിലുകള്‍ കൊട്ടിയടക്കുകയും ചെയ്യും.
പത്തു വര്‍ഷം മുമ്പ് ഏകദേശം അഖിലയുടെ അതേ പ്രായമുള്ളപ്പോള്‍ ഞാനവള്‍ നടത്തിയതുപോലുള്ള ഒരു കാല്‍വെപ്പ് നടത്തി. എന്റെ മനസ്സാക്ഷി എന്നോട് ശരിയെന്നു പറഞ്ഞ ഒരു തീരുമാനമായിരുന്നു അത്. ഭൗതികമായ ലോകത്തിനപ്പുറത്തേക്കുള്ള കാര്യങ്ങളില്‍ താല്‍പര്യം സൃഷ്ടിച്ച് എന്നെ വളര്‍ത്തിയ എന്റെ മാതാപിതാക്കളോട് തന്നെയാണ് ഞാന്‍ ആ തീരുമാനത്തിന് കടപ്പെട്ടിരിക്കുന്നത്. എന്റെ മാതാപിതാക്കളുടേതില്‍നിന്ന് വ്യത്യസ്തമെന്ന് തോന്നിക്കുന്ന ഒരു മതം സ്വീകരിക്കാന്‍ ഞാന്‍ സ്വമേധയാ തീരുമാനിച്ചു. ഇക്കാര്യം ആദ്യം അറിയിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടതും അവരെയാണ്. എന്റെ ജീവിതത്തിനു തന്നെ അര്‍ഥം നല്‍കിയ സുപ്രധാനമായ ഒരു ചുവടുവെപ്പായിരുന്നു അത് എന്നതായിരുന്നു കാരണം. അവരുടെ മകള്‍ ഈ ലോകത്തെയും പരലോകത്തെയും നോക്കിക്കാണുന്നത് എങ്ങനെയെന്നും അവള്‍ സത്യമെന്ന് മനസ്സിലാക്കുന്നതെന്താണെന്നും അവര്‍ തിരിച്ചറിയണമെന്നും ഒരുപക്ഷേ അവളുടെ കണ്ണിലൂടെ നോക്കിക്കാണാനും ആ നിമിഷത്തില്‍ അവളോടൊപ്പം പങ്കുചേരാനും അവരെ ക്ഷണിക്കണമെന്നും ഞാന്‍ ആഗ്രഹിച്ചു. എന്റെ തീരുമാനം അവരിലുണ്ടാക്കിയ ആശങ്കയും ഭയവും ആശയക്കുഴപ്പവും ഒരു രക്ഷിതാവ് എന്ന നിലയില്‍ ഇന്നും ഒരു മകളെന്ന നിലയില്‍ അന്നും എനിക്ക് മനസ്സിലാകുമായിരുന്നു. അവരെ കെട്ടിപ്പിടിച്ച് സമാധാനിപ്പിച്ചു കൊണ്ട് ഈ വാര്‍ത്ത അറിയിക്കണമെന്ന് ഞാന്‍ മോഹിച്ചിരുന്നു. എന്നാല്‍ ആ സമയം മറ്റൊരു രാജ്യത്തായിരുന്നതിനാല്‍ എനിക്കത് സാധിച്ചില്ല. പക്ഷേ പിന്നീട് കണ്ടുമുട്ടിയപ്പോഴും മാസങ്ങള്‍ വീട്ടില്‍ കഴിഞ്ഞപ്പോഴും ഞാനവരോട് വീണ്ടും വീണ്ടും പറയാന്‍ ആഗ്രഹിച്ചത് ഇതു തന്നെയാണ്- ഞാന്‍ ഇപ്പോഴും അവരുടെ മകളാണ്; ലോകത്തൊരു ശക്തിക്കും അതു മാറ്റാന്‍ സാധിക്കില്ല. ഉപാധികളില്ലാതെ ഞാന്‍ അവരെ സ്‌നേഹിച്ചു. ഒരിക്കലും, ഒരിക്കലും ഞാനവരെ വിട്ടുപോകില്ല.
അന്നു നടന്ന കാര്യങ്ങള്‍ മനോഹരമായി ചിത്രീകരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നില്ല. എന്റെ തീരുമാനം അവര്‍ക്ക് അത്യധികം വേദന സമ്മാനിച്ചു എന്നത് തന്നെയാണ് സത്യം. സമൂഹത്തില്‍നിന്ന് നേരിട്ട സമ്മര്‍ദം അസഹനീയമായിരുന്നു. തങ്ങളുടെ മകള്‍ സ്വീകരിച്ച പുതിയ മതത്തെക്കുറിച്ച് സമൂഹവും മാധ്യമങ്ങളും പറയുന്ന കാര്യങ്ങള്‍ അവരുടെ ഉറക്കം കെടുത്തി. എന്റെ സുരക്ഷയെക്കുറിച്ച് അവര്‍ വ്യാകുലപ്പെട്ടു. പക്ഷേ എന്റെ ഈ ചുവടുവെപ്പിലൂടെ എന്നെ തന്നെ നന്നാക്കിയെടുക്കാനും കുറേക്കൂടി ആഴത്തിലുള്ളതും അര്‍ഥപൂര്‍ണവുമായ രീതിയില്‍ അവരെ സേവിക്കാനുമാണ് ഞാന്‍ ആഗ്രഹിച്ചതെന്നും അതിന് ഞാന്‍ കണ്ടെത്തിയ ഏറ്റവും ഉചിതമായ മാര്‍ഗമാണിതെന്നും അവരോട് പറയാന്‍ മാത്രമാണ് ഞാന്‍ വെമ്പിയത്. അവിടെ വാക്തര്‍ക്കങ്ങളും മൗനവും കണ്ണീരും ആലിംഗനങ്ങളും വീണ്ടും കണ്ണീരുമുണ്ടായി. എന്നാല്‍ ഇതൊക്കെയും അരങ്ങേറിയത് ഞങ്ങളുടെ വീടിന്റെ സ്വകാര്യതയിലാണ്. പൊതുസമൂഹത്തിന്റെ നടുവിലോ ടി.വി ക്യാമറയുടെ മുന്നിലോ അല്ല.
ഞാന്‍ പൂര്‍ണ ഗൗരവത്തോടു കൂടിയാണ് ഈ തീരുമാനം എടുത്തതെന്ന് ഒരു ഘട്ടമെത്തിയപ്പോള്‍ അവര്‍ക്ക് മനസ്സിലായി. അന്ന് വിങ്ങുന്ന മനസ്സോടെ അവര്‍ എന്നെ വിട്ടു; എന്റെ വഴി തെരഞ്ഞെടുക്കാന്‍, എന്നെ തന്നെ മനസ്സിലാക്കാന്‍, എനിക്കിഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍, ഞാന്‍ ആഗ്രഹിച്ച രീതിയില്‍ ജീവിക്കാന്‍. ഞാന്‍ എന്നും അവരുടെ മകളാണെന്നും ഒരിക്കലും അവരെ ഞാന്‍ വിട്ടുപോകില്ലെന്നും മാത്രമാണ് അന്ന് ഞാന്‍ അവരോട് പറഞ്ഞത്. ഞാന്‍ പോവുകയും ചെയ്തില്ല. പക്ഷേ ഇതിനു ശേഷം അഞ്ചു വര്‍ഷത്തോളം എന്നെ നേരിട്ട് കാണാന്‍ എന്റെ അഛനു കരുത്തുണ്ടായിരുന്നില്ല. മനസ്സിന്റെ മുറിവുകളുണങ്ങാന്‍ അദ്ദേഹത്തിന് ഞാന്‍ ആ സമയം നല്‍കി. പക്ഷേ ജീവിതമെന്ന വൃത്തം പൂര്‍ണമാകുന്നതു കാണാന്‍ അദ്ദേഹം സ്വയം തിരിച്ചുവന്നു. തന്റെ പിറന്നുവീണ പേരമകളെ കൈയിലെടുത്തപ്പോള്‍ അദ്ദേഹത്തിന് കണ്ണീരടക്കാനായില്ല. ആ കണ്ണീരില്‍ വര്‍ഷങ്ങളുടെ വേര്‍പാടിന്റെ വേദന ഒലിച്ചുപോയി. ദൂരെയായിരുന്നെങ്കിലും ഒരിക്കലും പിരിഞ്ഞിട്ടില്ലായിരുന്ന ഹൃദയങ്ങളുടെ വേദനയുണങ്ങി.
അഞ്ചു മാസങ്ങള്‍ക്കു ശേഷം അദ്ദേഹം ഞങ്ങളെ വിട്ടുപോയി. അദ്ദേഹത്തിന്റെ സ്‌നേഹത്തിന്റെ കാല്‍പാട് മാത്രം അവശേഷിച്ചു. ആ സ്‌നേഹത്തെക്കുറിച്ചുള്ള കഥകള്‍ ഒരിക്കലും മടുക്കാതെ കണ്ടുമുട്ടുന്ന എല്ലാവരോടും ഞാനും എന്റെ ഭര്‍ത്താവും ആവര്‍ത്തിച്ചു വിവരിച്ചു.
ഒരു മകള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഉറപ്പോടെ ഞാന്‍ പറയുന്നു, അഖില എന്നും താങ്കളുടെ മകളായിരിക്കും. അവള്‍ വീണ്ടും നിങ്ങളോട് ചിരിക്കുന്നത് കാണാന്‍ താങ്കള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ അവളെ പോകാന്‍ അനുവദിക്കണം. നിങ്ങളുടെയും അവളുടെയും മുറിവുകളുണങ്ങാന്‍ സമയം നല്‍കുക. അവളെയും ഈ കൊടുങ്കാറ്റിലും അവളോടൊപ്പം നിലകൊണ്ട് അവളെ കാത്തിരിക്കാന്‍ തയാറായ ഭര്‍ത്താവിനെയും വിശ്വസിക്കാന്‍ താങ്കള്‍ തയാറാകണം. അവനു പകരം മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഈ അധ്യായം അടച്ച് സ്വന്തം ജീവിതവും കൊണ്ടു മുന്നോട്ടു പോയിട്ടുണ്ടാകുമായിരുന്നു. ഭയം കൊണ്ടും ആശങ്ക കൊണ്ടും വിദ്വേഷം കൊണ്ടും പ്രതികാരം കൊണ്ടും സംശയം കൊണ്ടും പ്രതികരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നിങ്ങളുടെ കതകില്‍ മുട്ടുന്ന ലോകത്തിനു മുന്നില്‍ വാതില്‍ ഭദ്രമായി അടക്കുക. അവള്‍ നിങ്ങളുടെയരികില്‍ തിരിച്ചുവരുന്നതു കണ്ട് നിങ്ങള്‍ അത്ഭുതപ്പെടും. മാധ്യമങ്ങളിലെ ചിത്രങ്ങളില്‍ ഞാന്‍ കണ്ട മനോഹരമായ പുഞ്ചിരി വീണ്ടും അവളുടെ മുഖത്ത് വിരിയും. ഇത് ഒരിക്കലും എളുപ്പമല്ല എന്നെനിക്കറിയാം. പക്ഷേ ഒരു രക്ഷകര്‍ത്താവാകുക എന്നത് എപ്പോഴാണ് എളുപ്പമായിട്ടുള്ളത്?
ഹൃദയപൂര്‍വം,
ഒരു മകള്‍
ഹാദിയക്ക് (കാരണം ആ പേരിലാണ് ലോകം അവളെ അറിയാന്‍ അവളാഗ്രഹിക്കുന്നത്)
പ്രിയ സുഹൃത്തേ,
നിങ്ങളുടെ ഹൃദയത്തെ പരിധികള്‍ക്കപ്പുറം വ്യാപിപ്പിക്കാനും മാതാപിതാക്കളെ ഉപാധികളില്ലാതെ സ്‌നേഹിക്കാനും ഇപ്പോഴും, ഇനിവരുന്ന ജീവിതത്തിലും നിങ്ങള്‍ക്ക് കരുത്തുണ്ടാവട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. ഇതിനപ്പുറം ഉപദേശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഉപദേശങ്ങള്‍ നിങ്ങള്‍ കേട്ടുമടുത്തിട്ടുണ്ടാകുമെന്ന് അറിയാം.
നിങ്ങളുടെ പിതാവ് ഈ കത്ത് വായിക്കാന്‍ അനുവദിക്കുമെന്ന് ഞാന്‍ പൂര്‍ണമനസ്സോടെ പ്രാര്‍ഥിക്കുന്നു.
ഹൃദയപൂര്‍വം
ഒരു സുഹൃത്ത്
(ലണ്ടനില്‍ താമസിക്കുന്ന ഇസ്‌ലാം സ്വീകരിച്ച ഒരു ഇന്ത്യന്‍ യുവതി എഴുതിയത്)
Comments