Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 27

3023

1439 സഫര്‍ 07

മുഹമ്മദ് കുട്ടി

ഷഹ് ല ജുമൈല്‍

കൊടിഞ്ഞി പുത്തുപ്രക്കാട്ട് മുഹമ്മദ് കുട്ടി (73) ജമാഅത്തെ ഇസ്ലാമി അംഗമായിരുന്നു. ഗൃഹനാഥന്‍ എന്ന നിലയില്‍ കുടുംബത്തിനുള്ളില്‍ പ്രാസ്ഥാനികാന്തരീക്ഷം നിലനിര്‍ത്താന്‍ ഉപ്പ ഏറെ ശ്രദ്ധിച്ചിരുന്നു. മക്കളുടെ പഠനം, വായന, ഖുര്‍ആന്‍ പാരായണം, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങി എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവെക്കുക നിര്‍ബന്ധമായിരുന്നു. 

മക്കള്‍ ഭൗതിക കാര്യങ്ങളില്‍ എത്ര ഉയര്‍ന്നു എന്ന് ഉപ്പ ഒരിക്കലും ഗൗരവത്തോടെ അന്വേഷിച്ചിരുന്നില്ല. എന്നാല്‍, പ്രാസ്ഥാനികമായി അവരെവിടെ നില്‍ക്കുന്നു എന്ന് എപ്പോഴും ശ്രദ്ധിക്കുകയും ചെയ്തു. പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് ഓരോരുത്തരും കഠിനമായി പരിശ്രമിക്കണമെന്ന് കുടുംബത്തെ ഉണര്‍ത്തി. മക്കള്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങളുടെ തിരക്കുകളിലായപ്പോള്‍, ഉപ്പ സുഖമില്ലാതിരുന്നിട്ടും തന്നെ പരിചരിക്കുന്നതിനേക്കാള്‍ പ്രസ്ഥാനത്തിന് സമയം നല്‍കാന്‍ ഉപദേശിക്കുമായിരുന്നു. പള്ളിയുമായി ഹൃദയബന്ധം സ്ഥാപിച്ചിരുന്നു. നമസ്‌കാരത്തിന് ഏറെ നേരത്തേ പള്ളിയിലെത്തും. സ്വന്തം ആവശ്യങ്ങള്‍ എപ്പോഴും പരിമിതമായിരുന്ന ഉപ്പ കുടുംബത്തില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 

കേരളത്തിനു പുറത്തും, രിയാദിലും ജോലിയാവശ്യാര്‍ഥം താമസിച്ചപ്പോള്‍ അവിടങ്ങളില്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം ചുരുങ്ങിയ കാലം ചില പള്ളികളില്‍ ഇമാമായും സേവനമനുഷ്ഠിച്ചു. ഔദ്യോഗിക വിദ്യാഭ്യാസം മൂന്നാം ക്ലാസ് മാത്രമായിരുന്നെങ്കിലും ഖുര്‍ആന്‍ കുറേ ഭാഗം മനഃപാഠമാക്കാനും പ്രസ്ഥാന സാഹിത്യങ്ങളും ആനുകാലികങ്ങളും വായിക്കാനും പ്രത്യേകം സമയം കത്തെി. പ്രസ്ഥാനത്തെയും നേതൃത്വത്തെയും അളവറ്റ് സ്നേഹിച്ച ഉപ്പ മക്കളെയും ആ വഴി തന്നെ നടത്തി. 

 

 

മുഹമ്മദലി മാസ്റ്റര്‍

കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്ലില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ നട്ടുവളര്‍ത്തുന്നതിന് ഏറെ പ്രയത്‌നിച്ച വ്യക്തിത്വമാണ് മുഹമ്മദലി മാസ്റ്റര്‍. കാന്തപുരം സമസ്ത ആശയക്കാരനായിരുന്ന അദ്ദേഹം നിരന്തര വായനയിലൂടെയാണ് പ്രസ്ഥാനത്തെ അറിയുന്നത്. ഇതോടെ, ഒരു വിശ്വാസി തീക്കനല്‍ കൈയില്‍ പിടിച്ചവനെ പോലെയാണ് എന്ന പ്രവാചക വചനത്തെ അന്വര്‍ഥമാക്കുന്ന രീതിയിലായി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഒരു നാടു മുഴുവന്‍ ബഹുമാനിക്കുന്ന മാതൃകാ വ്യക്തിയായി മുഹമ്മദലി മാഷ് മാറിയത് വിനയാന്വിതമായ പെരുമാറ്റത്തിലൂടെയാണ്. യാഥാസ്ഥിതിക കുടുംബത്തില്‍നിന്ന് ഇണയായെത്തിയ ഭാര്യ ഹസീനയും പ്രസ്ഥാന പ്രവര്‍ത്തനത്തില്‍ പങ്കാളിയായതോടെ ഇസ്‌ലാമിക പ്രവര്‍ത്തനരംഗത്ത് കൂടുതല്‍ സജീവമാകാന്‍ അദ്ദേഹത്തിന് സാധിച്ചു. 54-ാമത്തെ വയസ്സില്‍ അല്ലാഹുവിലേക്ക് തിരിച്ചുപോകുന്നതുവരെ ഇസ്‌ലാമിക പ്രബോധന രംഗത്ത് വേറിട്ടതും അനുകരണീയവുമായ മാതൃക സൃഷ്ടിച്ചു. സ്‌കൂള്‍ അധ്യാപനത്തിനിടെ വിദേശത്ത് ജോലിതേടി പോയപ്പോള്‍ കൂടെ ജോലി ചെയ്തവര്‍ക്ക് അദ്ദേഹം നല്ല അനുഭവങ്ങള്‍ സമ്മാനിച്ചു. ദുബൈയിലെ കല്‍ബയില്‍ തനിമ സാഹിത്യ സാംസ്‌കാരിക വേദിക്ക് കാര്‍മികത്വം വഹിച്ചു.

രോഗം കാര്‍ന്നുതിന്നുമ്പോഴും പ്രബോധന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. കണയന്നൂര്‍ മഹല്ല് സെക്രട്ടറി, ചക്കരക്കല്ല് സഫാ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍, ചക്കരക്കല്ല് പെയ്ന്‍ ആന്റ് പാലിയേറ്റീവ് വളന്റിയര്‍, ബൈത്തുസ്സകാത്ത്-എജ്യുകെയര്‍ ഇംഗ്ലീഷ് സ്‌കൂള്‍ കമ്മിറ്റിയംഗം, ചക്കരക്കല്ല് ഹല്‍ഖാ നാസിം തുടങ്ങി ഒട്ടനവധി സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിരുന്നു. പുഞ്ചിരിയോടെയും വിനയത്തോടെയുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തിലൂടെ വലിയ സുഹൃദ്‌വലയമുണ്ടായി. നാട്ടിലും പ്രവാസികള്‍ക്കിടയിലും ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ എന്നും മുന്നിലുണ്ടായിരുന്നു അലി മാഷ്. സുഹൃദ് ബന്ധങ്ങള്‍ കുടുംബബന്ധം പോലെ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഭാര്യ: ഹസീന. മക്കള്‍: നര്‍ജിസ് മുഹമ്മദ്, മുനീസ് മുഹമ്മദ്, അംറാസ് മുഹമ്മദ്, അഫീസ് മുഹമ്മദ്, അന്‍ഫസ് മുഹമ്മദ്.

ഇബ്‌റാഹീം മാസ്റ്റര്‍ ചക്കരക്കല്ല്

 

 

 

സിസ്റ്റര്‍ സൗജത്ത്

ആതുരശുശ്രൂഷ വ്രതമായി സ്വീകരിച്ച് മാറാരോഗികള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച സഹോദരിയായിരുന്നു സൗജത്ത്. നഴ്‌സിംഗ് ജോലിയിലെ സൗജത്തിന്റെ ആത്മാര്‍ഥത അവരുടെ ആദര്‍ശത്തിന്റെ ഭാഗം കൂടിയായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ടതോടെ രോഗീപരിചരണം ആശുപത്രിയില്‍ മാത്രമല്ല വീട്ടിലും അയല്‍പക്കത്തും നാട്ടിലും അവര്‍ തന്റെ ജീവിത ദൗത്യമായി ഏറ്റെടുത്തു. അവര്‍ സ്വയം ഒരു പാലിയേറ്റീവ് കെയര്‍ യൂനിറ്റാവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നഴ്‌സിംഗ് സൂപ്രണ്ടായിരിക്കെ സര്‍വീസില്‍നിന്ന് വിരമിച്ച സൗജത്ത് സേവനത്തിനായി പലപ്പോഴും കാന്‍സര്‍ വാര്‍ഡ് ചോദിച്ചു വാങ്ങുമായിരുന്നു. അശരണരായ രോഗികള്‍ക്കും കൂട്ടുനില്‍പുകാര്‍ക്കും മരുന്നും ഭക്ഷണവും ലഭ്യമാക്കാന്‍ ഓടിനടന്നു. താന്‍ ഏറെ പേര്‍ക്ക് സാന്ത്വനമേകിയ വാര്‍ഡില്‍തന്നെ രോഗിയായെത്തി ഒരു സ്വുബ്ഹ് സമയത്ത് മക്കളും ഭര്‍ത്താവും അടുത്ത ബന്ധുക്കളും നോക്കിനില്‍ക്കെ ഓക്‌സിജന്‍ മാസ്‌ക് എടുത്തുമാറ്റി നീണ്ടുനിവര്‍ന്ന് കിടന്ന് കലിമ ചൊല്ലി അല്ലാഹുവിലേക്ക് യാത്രയായി. മൂന്നു തവണ ഹജ്ജ് വളന്റിയറായി പുണ്യഭൂമിയിലെത്തി. ഹജ്ജ് കഴിഞ്ഞുള്ള മടക്കയാത്ര അസാധ്യമാംവിധം രോഗം മൂര്‍ഛിച്ച ഒരു ഹാജിയെ പരിചരിക്കാന്‍ രണ്ടുമാസത്തോളം അവര്‍ ഹറമില്‍ ചെലവഴിച്ചു.

മരണത്തിനു മൂന്നു മാസം മുമ്പ് താന്‍ മാരകമായ കാന്‍സര്‍ രോഗത്തിനടിപ്പെട്ടു എന്നറിഞ്ഞപ്പോള്‍ സൗജത്ത പറഞ്ഞതിങ്ങനെ: ''നമ്മള്‍ തുടങ്ങാനാഗ്രഹിച്ച പാലിയേറ്റീവ് കെയര്‍ യൂനിറ്റിന്റെ ഉത്തരവാദിത്തം ഇനി എനിക്ക് ഏറ്റെടുക്കാനാവില്ല. എന്റെ സമയം അടുത്തെത്തിയിരിക്കുന്നു.''

എല്ലാ തിരക്കുകള്‍ക്കിടയിലും മൗലവി ബശീര്‍ മുഹ്‌യിദ്ദീന്‍ നടത്തിയിരുന്ന ഖുര്‍ആന്‍ സ്റ്റഡിക്ലാസില്‍ പഠിതാവായിരുന്നു. ദീര്‍ഘനാള്‍ പ്രാദേശിക ഹല്‍ഖാ നാസിമത്ത്. ഒരു മീഖാത്തില്‍ ഏരിയാ കണ്‍വീനറായും പ്രവര്‍ത്തിച്ചു. മൂന്നു മക്കളില്‍ രണ്ടു പേര്‍ നഴ്‌സുമാരായി വിദേശത്താണ്. മകന്‍ എസ്.ഐ.ഒ ഏരിയാ പ്രസിഡന്റും ഭര്‍ത്താവ് കാര്‍കുനുമാണ്.

എം.എ അബ്ദു നെട്ടൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (17-19)
എ.വൈ.ആര്‍