Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 27

3023

1439 സഫര്‍ 07

വിശ്വാസ വൈവിധ്യം സാമൂഹിക യാഥാര്‍ഥ്യമാണ്

പി.പി അബ്ദുര്‍റസാഖ്

ഈ ലോകത്ത് മാറ്റമില്ലാത്ത ഏക പ്രതിഭാസം 'മാറ്റം' മാത്രമാണ്. എല്ലാ മാറ്റങ്ങളെയും സ്വീകരിക്കുന്നവര്‍ക്കും എല്ലാതരം മാറ്റങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നവര്‍ക്കും 'മതംമാറ്റം', പ്രത്യേകിച്ചും അതു ഇസ്‌ലാമിലേക്ക് ആകുമ്പോള്‍ പ്രശ്‌നമായി മാറുന്നു. ഇതു പ്രാദേശിക-ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ എല്ലാം ഏറക്കുറെ ഇങ്ങനെത്തന്നെയാണ്. മുസ്‌ലിംകളാവട്ടെ, മറ്റെന്തൊക്കെ തകരാറുകള്‍ അവര്‍ക്കുണ്ടെങ്കിലും, മറ്റേതു മതസ്ഥരേക്കാളും കൂടുതല്‍ പ്രാദേശിക-ദേശീയ-അന്തര്‍ദേശീയ തലങ്ങളിലെല്ലാം ഇതര മതസ്ഥരും ചിന്താഗതിക്കാരുമായി പരസ്യമായി തന്നെ സൗഹൃദ ചര്‍ച്ചകളും സംഭാഷണങ്ങളും നടത്താന്‍ മുന്‍കൈയെടുക്കുന്നവരാണ്. 

മുസ്‌ലിംകള്‍ അവരുടെതന്നെ പിടിപ്പുകേടുകൊണ്ടും ശത്രുക്കളുടെ സമര്‍ഥവും ഗൂഢവുമായ നിരന്തരപ്രവര്‍ത്തനങ്ങള്‍ ഫലമായും രാഷ്ട്രീയമായും സാമൂഹികമായും സാങ്കേതികമായുമെല്ലാം ലോകത്തിലെ ഇതര ജനവിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ദുര്‍ബലരാണെങ്കിലും, ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ചിന്താപരമായി ആകര്‍ഷിക്കപ്പെടുന്നത് ഇസ്‌ലാമിലേക്കാണ്. ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേയുടെ ഒത്ത നടുക്കിരുന്നു അറിവിനെ തടയാനും തമസ്‌കരിക്കാനും ശ്രമിച്ചിട്ടും വെറുപ്പും വിദ്വേഷവും ഉണ്ടാക്കി കള്ളികളിലാക്കിനിര്‍ത്തി അകറ്റാന്‍ യത്‌നിച്ചിട്ടും, ഇസ്‌ലാമിനെ കരിവാരിത്തേക്കാന്‍ അധികാരവും ശക്തിയും ഉപയോഗിച്ച് സകലമാന കുതന്ത്രങ്ങള്‍ പയറ്റിയിട്ടും ജീവിതം എന്തെന്ന് അറിയാന്‍ ശ്രമിക്കുന്ന നിഷ്പക്ഷമതികളില്‍ ഇസ്‌ലാം എന്തെന്ന് അറിയാനുള്ള ജിജ്ഞാസ വര്‍ധിക്കുന്നതായാണ് മനസ്സിലാകുന്നത്. ഇസ്‌ലാമിന്റെ സ്ത്രീസമീപനം പോലുള്ള ഏതു വിഷയത്തിലാണോ ഇസ്‌ലാം ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത്, ആ മേഖലയില്‍ നിന്നാണ് ഇസ്‌ലാമിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നതും. അഖില/ഹാദിയയുടെയും ആതിര/ആഇശയുടെയും കേസും വ്യത്യസ്തമല്ല. 

മാറ്റത്തെ, അതു എന്തില്‍നിന്ന് ഏതിലേക്കുള്ളതാണെങ്കിലും, ഒരു യാഥാര്‍ഥ്യമായി ഉള്‍ക്കൊണ്ടു സ്വാതന്ത്ര്യത്തിനും സഹിഷ്ണുതക്കും നീതിക്കും വേണ്ടി നിലകൊള്ളുന്നതാണ് ഏറ്റവും കരണീയമായ സമീപനം. വിസ്‌ഫോടനാത്മകമായ വൈകാരികതലത്തില്‍നിന്നും വിശ്വാസാദര്‍ശങ്ങളെ മോചിപ്പിച്ച് ശാദ്വലമായ വൈചാരിക തലത്തിലേക്ക് കൊണ്ടുവരുക. ഒരാളുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ എന്തില്‍ വിശ്വസിച്ചാലും അതിനോട് നമുക്ക് യോജിപ്പില്ലെങ്കില്‍ പോലും മാതാപിതാക്കളായാലും മക്കളായാലും മറ്റാരായാലും അവരുടെ ബോധ്യത്തിനനുസരിച്ച് വിശ്വസിക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുക. വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങള്‍ ഉള്ള മാതാപിതാക്കളും കുട്ടികളും സഹോദരങ്ങളും ഒരേ കുടുംബത്തില്‍ സ്‌നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നതു പോലെയും പരസ്പരമുള്ള ആദരവോടെ സംവദിക്കുന്നതുപോലെയും വ്യത്യസ്ത മതവിശ്വാസമുള്ളവര്‍ക്കും ഒരേ കുടുംബത്തില്‍ സ്‌നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ സാധിക്കുന്ന സാഹചര്യം സൃഷ്ടിക്കാന്‍

വേണ്ടി പ്രവര്‍ത്തിക്കുക. അതാണ് നമ്മുടെ രാജ്യത്തിന്റെ ഉദ്ഗ്രഥനത്തിനും വിഭവചോര്‍ച്ച തടയുന്നതിനും ആരോഗ്യകരമായ വളര്‍ച്ചക്കും, ഭിന്നസമുദായങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകള്‍ ദൂരീകരിക്കുന്നതിനും സഹായകമാവുക. 

പോലീസിനെ ഉപയോഗിച്ച് കള്ളക്കേസുകള്‍ സൃഷ്ടിച്ചും, അന്വേഷണ ഏജന്‍സികള്‍ അപസര്‍പ്പക കഥകള്‍ ഉണ്ടാക്കി ജനങ്ങളെ ഭയപ്പെടുത്തിയും, വ്യാജ ഏറ്റുമുട്ടലുകളും സ്‌ഫോടനങ്ങളും നടത്തി മറ്റുള്ളവരുടെ മുതുകിലും തലയിലുമിട്ട് നിരപരാധികളെ ശിക്ഷിച്ചും, അധികാരത്തിലിരിക്കുന്നവര്‍ക്കും അവരെ പിന്തുണക്കുന്ന സങ്കുചിത വര്‍ഗീയശക്തികള്‍ക്കും വേണ്ടി ആരെയെങ്കിലും എവിടുന്നെങ്കിലും ഏജന്‍സികള്‍ തട്ടിക്കൊണ്ടുപോയി കൃത്രിമമായി പല കഥകളും സൃഷ്ടിച്ച്, അതു വിശ്വസിപ്പിച്ച് സിറിയ, ഇറാഖ്, അഫ്ഗാനിസ്താന്‍, ആട്, കോഴി എന്നൊക്കെ പറഞ്ഞും ഈ വിഷയത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്ന് കരുതുന്നത് ഇരുട്ടു കൊണ്ടു ഓട്ട അടക്കാന്‍ ശ്രമിക്കുന്നതിനു തുല്യമാണെന്നും ശുദ്ധവങ്കത്തമാണെന്നും അധികാരത്തിലിരിക്കുന്നവരും അല്ലാത്തവരുമൊക്കെ  മനസ്സിലാക്കണം. ഇത്രയൊന്നും വിവരസാങ്കേതികവിദ്യ വളര്‍ന്നിട്ടില്ലാത്ത മധ്യകാല നൂറ്റാണ്ടുകളില്‍ പോപ്പിന്റെ  സഹായമുണ്ടായിട്ടും പാശ്ചാത്യര്‍ക്ക് സാധിക്കാതിരുന്നത് ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേയില്‍ പൊതുജനം സഞ്ചരിക്കുന്ന ഈ കാലത്ത് സാധിക്കുമെന്ന് കരുതുന്നത് എന്തായാലും ചരിത്രത്തോടും വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളോടും യോജിച്ചുപോകുന്നില്ല. മാത്രവുമല്ല, ഈ സമീപനം നമ്മുടെ ആഭ്യന്തരഭദ്രതക്കും ശക്തിക്കും സുരക്ഷാബോധത്തിനും വളര്‍ച്ചക്കും വികാസത്തിനും നല്ലതുമല്ല. അതു നമ്മുടെ വിഭവങ്ങള്‍ ചോര്‍ത്താനും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാനും, എന്തൊന്നിനെയാണോ ഭയപ്പെടുന്നത്, അതിന്റെ പ്രചാരണത്തിനും മാത്രമേ സഹായിക്കൂ.

മനുഷ്യന്റെ സാംസ്‌കാരിക നാഗരിക ചരിത്രമെന്നു പറയുന്നത് എല്ലാ മേഖലകളിലെയും കൊള്ളക്കൊടുക്കകളുടേതാണ്.  തെറ്റില്‍നിന്നും ശരിയിലേക്കും ശരിയില്‍നിന്നു കൂടുതല്‍ നല്ലതും വലിയതുമായ ശരിയിലേക്കുമുള്ള നിരന്തരമായ ചിന്തായാത്രയാണ് മനുഷ്യന്റെ പുരോഗതിയായി നാം അടയാളപ്പെടുത്തുന്നത്.  ഇന്നലെ കണ്ടുപിടിച്ച കാര്‍ ശരിയായിരുന്നു.  പക്ഷേ ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ന് ഇറങ്ങുന്ന കാര്‍ അതിലേറെ വലിയ ശരിയാണ്. നാളെ ഇതിലും നല്ലതു ഇറങ്ങുന്നതുകൊണ്ട് ഇന്നത്തേത് തെറ്റാവുന്നില്ല.  കടന്നുവന്ന വഴികളെ കൃതജ്ഞതാബോധത്തോടും ആദരവോടുംകൂടി നോക്കിക്കാണാനുള്ള മനസ്സ് ഉണ്ടാവണമെന്നു മാത്രം. ശാസ്ത്ര-സാങ്കേതിക-വാണിജ്യരംഗങ്ങളിലെല്ലാം നാം ഇന്നും നിരന്തരമായി മാറിക്കൊണ്ടിരിക്കുന്നു. ഇത് മനുഷ്യന്റെ അസ്തിത്വത്തിന്റെ യാഥാര്‍ഥ്യത്തെ കൈകാര്യം ചെയ്യുന്ന  മതവിശ്വാസ  കര്‍മരംഗത്തും ബാധകമാണ്. ഒരുപക്ഷേ നമ്മുടെ ജീവിതം തന്നെ പാഴായിപ്പോകാന്‍ ഇടയുള്ള വിഷയമായതിനാല്‍ മറ്റെല്ലാ രംഗത്തേക്കാളും പ്രധാനമാണ് വിശ്വാസരംഗത്തെ ചിന്താസ്വാതന്ത്ര്യം. സ്വാതന്ത്ര്യവും അതില്‍നിന്നും ഉത്ഭൂതമാവുന്ന ഉത്തരവാദിത്തവുമാണ് മനുഷ്യനെ ഭൂമിയിലെ ഇതര ജീവജാലങ്ങളില്‍നിന്നും വ്യതിരിക്തനാക്കുന്നത് എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു (76:30; 34:72). നിര്‍ഭയത്വത്തിലേ സ്വാതന്ത്ര്യം പൂര്‍ണമായും പ്രവര്‍ത്തിക്കൂ.  ഒരു സമൂഹത്തെ അധികാരവും സ്വാധീനവും ഉപയോഗിച്ച് ഭയപ്പെടുത്തുന്നത് സ്വാതന്ത്ര്യം നിഷേധിക്കുന്നതിനു തുല്യമാണ്. സ്വാതന്ത്ര്യനിഷേധത്തിന്റെ സാമൂഹിക സാഹചര്യം ചിന്തയുടെ മുരടിപ്പിലേക്കും വന്ധീകരണത്തിലേക്കുമാണ് നയിക്കുക.  സ്വാഭാവികമായും അത്തരമൊരു സമൂഹത്തിന്റെ സര്‍വതോമുഖ പുരോഗതിയുടെ ചക്രംതന്നെ നിലച്ചുപോകുന്നു. ഇതാണ് നാം ഏകാധിപത്യ-സ്വേഛാധിപത്യ-രാജാധിപത്യ രാജ്യങ്ങളിലെല്ലാം കണ്ടുകൊണ്ടിരിക്കുന്നത്. സാമ്രാജ്യത്വശക്തികള്‍ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക  താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും, തങ്ങള്‍ക്കു ഭീഷണിയാകാനിടയുള്ള ജനതതികള്‍ ഒരിക്കലും വികസിക്കാതിരിക്കുന്നതിനും അവരുടെ മേല്‍ ഏകാധിപത്യ-സ്വേഛാധിപത്യ സ്വഭാവമുള്ള ഭരണകൂടങ്ങളെ അടിച്ചേല്‍പിക്കുന്നതിന്റെ പിന്നിലെ രഹസ്യം ഇത് അനാവരണം ചെയ്യുന്നുണ്ട്. ജനാധിപത്യ രാജ്യങ്ങളില്‍ സാമ്രാജ്യത്വം അവരുടെ ഇത്തരം സങ്കുചിത താപര്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ചങ്ങാത്ത മുതലാളിത്ത(ഇൃീി്യ ഇമുശമേഹശാെ)ത്തിലൂടെ ജനാധിപത്യത്തിന്റെ മുഖംമൂടി അണിഞ്ഞ ഫാഷിസ്റ്റ് കോര്‍പറേറ്റോക്രസിയെയാണ് അവരോധിക്കാന്‍ ശ്രമിക്കുക. നമ്മുടെ ജനാധിപത്യ ഇന്ത്യ അഭിമുഖീകരിക്കുന്ന ഭീഷണിയും ഇതുതന്നെ.     ഇതു പറയുമ്പോള്‍ സ്വാഭാവികമായും വിശ്വാസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഇസ്‌ലാമിന്റെ സമീപനത്തെ സംബന്ധിച്ച് ചോദ്യം ഉയര്‍ന്നുവരും.

ലോകാടിസ്ഥാനത്തില്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇസ്‌ലാംമതത്തില്‍നിന്നും ഇതര മതങ്ങളിലേക്കുള്ള പരിവര്‍ത്തനം വളരെ കുറവാണ് എന്നത് ചരിത്രപരമായ വസ്തുതയും വര്‍ത്തമാനകാല യാഥാര്‍ഥ്യവുമാണ്. മറ്റു മതവിശ്വാസികള്‍ക്കു തങ്ങളുടെ വിശ്വാസം മാറാന്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ മുസ്‌ലിംകള്‍ക്ക് അവരുടെ മതം മാറാന്‍ സ്വാതന്ത്ര്യമില്ലെന്നും അങ്ങനെ മാറുന്നത് ഭയപ്പെടുന്നതുകൊണ്ടാണ് ഇസ്‌ലാമില്‍നിന്നും ആരും മതംമാറാത്തതെന്നുമുള്ള  തെറ്റായ പ്രചാരണത്തില്‍ ചിലരെങ്കിലും വഞ്ചിതരായിട്ടുണ്ട്.  യഥാര്‍ഥത്തില്‍, ഇസ്‌ലാമിലെ ഏകദൈവ വിശ്വാസത്തിന്റെ ലാളിത്യവും യുക്തിപരതയും സമഗ്രതയും ജീവിതത്തെ അതിന്റെ പ്രകൃതിപരതയിലും സാകല്യത്തിലും കണ്ടുകൊണ്ട് ഓരോ കാര്യത്തിനും കൊടുക്കുന്ന അര്‍ഹിക്കുന്ന പ്രാധാന്യവും  അതുദ്‌ഘോഷിക്കുന്ന സാമൂഹിക സമത്വവും, അത് പ്രഘോഷിക്കുന്ന വിശ്വാസത്തിന്റെ ജ്ഞാനപരമായ അടിത്തറയും, അതിന്റെ സാധുതക്ക് തെളിവായി വിശുദ്ധ ഖുര്‍ആന്‍ മാറ്റമില്ലാതെ നിലകൊള്ളുന്നതും,  ചരിത്രത്തിന്റെ പൂര്‍ണ വെളിച്ചത്തിലുള്ള മുഹമ്മദ് നബിയുടെ ജീവിതവും,  പൂര്‍വിക  മതഗ്രന്ഥങ്ങളില്‍ മുഹമ്മദ് നബിയുടെ ആഗമനത്തെ സംബന്ധിച്ചു കാണുന്ന പ്രവചനങ്ങളുമൊക്കെയാണ് മറ്റു നിരവധി കാരണങ്ങള്‍ക്കിടയില്‍ ഇസ്‌ലാമിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.  ഇസ്‌ലാം മത വിശ്വാസിയായ ഒരു വ്യക്തിയെ ചിന്താപരമായി ഇതര മതസ്ഥര്‍ക്ക് അവരുടെ വിശ്വാസം ബോധ്യപ്പെടുത്താന്‍ സാധിക്കാത്തതാണ് ഇസ്‌ലാമില്‍നിന്നും ഇതര മതങ്ങളിലേക്കുള്ള പരിവര്‍ത്തനം കുറയാനുള്ള കാരണം.

ഇസ്‌ലാം മതത്തില്‍നിന്ന് മറ്റേതെങ്കിലും മതത്തിലേക്ക് ഒരു മുസ്‌ലിം മാറിയാല്‍ അവന്‍ വധിക്കപ്പെടുക എന്നത് ഇസ്‌ലാം നിശ്ചയിക്കുന്ന ശിക്ഷയാണോ? നമുക്ക് ഈ വിഷയത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആനും നബി ചരിത്രവും എന്ത് പറയുന്നുവെന്ന് നോക്കാം. ഈ വിഷയം ചര്‍ച്ചചെയ്യുമ്പോള്‍ ഖുര്‍ആന്‍ സൂക്തങ്ങളില്‍ ഒരു തരത്തിലുള്ള വ്യാഖ്യാനവും നടത്താന്‍ ഈ ലേഖകന്‍ ആഗ്രഹിക്കുന്നില്ല.  വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തെ വ്യക്തമായി വെളിപ്പെടുത്തുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ മാത്രം ഉദ്ധരിക്കാം. 

ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിച്ചു പ്രവാചകന്റെ  മദീനയിലെ ജീവിതത്തിന്റെ മധ്യാന്ത കാലത്തു അവതരിച്ചതാണ് ഇനി പറയാന്‍ പോകുന്ന സൂക്തങ്ങളൊക്കെയും.

'മതത്തിന്റെ കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധമേ പാടില്ല'  (2: 256) എന്ന  സൂക്തം മാത്രമല്ല ഖുര്‍ആനില്‍ ഇതു സംബന്ധമായി വന്നിട്ടുള്ളത്.   വിശുദ്ധ ഖുര്‍ആനിലെ 4: 137 സൂക്തം, വിശ്വാസത്തില്‍നിന്നും അവിശ്വാസത്തിലേക്കും അവിശ്വാസത്തില്‍നിന്നും വിശ്വാസത്തിലേക്കും പോകാനുള്ള ഏതൊരു മനുഷ്യന്റെയും സ്വാതന്ത്ര്യത്തെ  അസന്ദിഗ്ധമായി  പ്രഖ്യാപിക്കുന്നതാണ്. ''അതിനാല്‍ വിശ്വസിക്കുകയും പിന്നെ അവിശ്വസിക്കുകയും, പിന്നെ വീണ്ടും വിശ്വസിക്കുകയും  പിന്നെ അതിനെ തള്ളിപ്പറഞ്ഞു അവിശ്വസിക്കുകയും, ആ അവിശ്വാസത്തില്‍ അതിരു കവിയുകയും ചെയ്തവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കുകയോ അവരെ സന്മാര്‍ഗത്തില്‍ നടത്തുകയോ ചെയ്യില്ല.''  ഇവിടെ വിശ്വാസം, അവിശ്വാസം, വീണ്ടും വിശ്വാസം, ഒടുവില്‍ ഒരു വ്യക്തിയില്‍ ഉണ്ടാവാനിടയുള്ള അവിശ്വാസം എന്നിവ വ്യക്തമായി പരാമര്‍ശിച്ചിരിക്കുന്നു. ഇവ വ്യാഖ്യാനങ്ങള്‍ അല്ല. ഇത്  വിശ്വസിക്കാനും അവിശ്വസിക്കാനും ഒരു വ്യക്തിക്കുള്ള  സ്വാതന്ത്ര്യത്തെ കൃത്യമായും അടയാളപ്പെടുത്തുന്നുണ്ട്. ഇസ്‌ലാമിക വിശ്വാസം പരിത്യജിച്ചവര്‍ക്ക്  വധശിക്ഷ നിലവിലുണ്ടെങ്കില്‍, അയാള്‍ക്ക് വീണ്ടും വിശ്വാസവും നിഷേധവും സ്വീകരിക്കാനുള്ള അവസരമുണ്ടാവുകയില്ല. സൂക്തത്തിന്റെ അവസാനമാകട്ടെ, പരലോകശിക്ഷയെപ്പറ്റി അല്ലാതെ ഒന്നും പറയുന്നുമില്ല. ഹദീസുകളില്‍ കാണുന്ന രിദ്ദയും 'മുഫാറാഖത് അനില്‍ ജമാഅ'യും (അരാജകത്വം/അല്ലെങ്കില്‍ ആഭ്യന്തരകലഹം സൃഷ്ടിക്കാന്‍ വിഘടനവാദം ഉയര്‍ത്തുക) രാജ്യദ്രോഹ കുറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ആധുനിക രാഷ്ട്രമീമാംസയില്‍, സ്‌റ്റേറ്റ്  എന്ന സങ്കല്‍പത്തിന് തുല്യമാണ് അല്‍ജമാഅത്ത്.  ഇസ്‌ലാമിക നിയമശാസ്ത്രത്തില്‍ ഖുര്‍ആനുമായി പൊരുത്തപ്പെടാത്തതോ ഖുര്‍ആനിന് വിരുദ്ധമോ ആയ ഒരു   പാരമ്പര്യവും  അഭിപ്രായവും സ്വീകാര്യമല്ല.  ഇത് ഇസ്‌ലാമിലെ എല്ലാ ചിന്താ പ്രസ്ഥാനങ്ങളും ഐകകണ്‌ഠ്യേന   അംഗീകരിച്ചതാണ്. ഈ വിഷയത്തില്‍ പരമാവധി പറയാവുന്നത് ഒരൊറ്റ കാര്യമാണ്.  രാജ്യദ്രോഹത്തിനു ഇസ്‌ലാമിലുള്ള ശിക്ഷ ജുഡീഷ്യല്‍ പ്രക്രിയക്ക് വിധേയമായിക്കൊണ്ടുള്ള വധമാണ്. രാജ്യദ്രോഹത്തിന്, യൂറോപ്യന്‍ യൂനിയനും മറ്റു ചില രാജ്യങ്ങളും മാറ്റിനിര്‍ത്തിയാല്‍ എല്ലാ രാജ്യങ്ങളും വധശിക്ഷയാണ് നടപ്പിലാക്കുന്നത്.  യൂറോപ്യന്‍ യൂനിയനിലും വധശിക്ഷ നിരോധിച്ച ഇതര രാജ്യങ്ങളിലും  ഇത്തരം കുറ്റവാളികള്‍ ഒരു തരത്തിലുള്ള ജുഡീഷ്യല്‍ പ്രക്രിയക്കും വിധേയരാകാതെ പോലീസുമായും സുരക്ഷാ സേനയുമായുള്ള 'ഏറ്റുമുട്ടലുകളില്‍' കൊല്ലപ്പെടാറാണ് പതിവ്. 

ഈ വിഷയത്തില്‍ ഇനിയും ഏറെ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിക്കാന്‍ സാധിക്കും. അതേസമയം, വിശ്വാസ പരിത്യാഗത്തിന് മരണശിക്ഷ വിധിക്കുന്ന ഒരൊറ്റ സൂക്തവും ഖുര്‍ആനില്‍ ഇല്ലെന്ന കാര്യവും ശ്രദ്ധിക്കുക. ഇസ്‌ലാമികചരിത്രത്തില്‍ പ്രവാചകന്റെ കാലത്തോ സച്ചരിതരായ നാല് ഖലീഫമാരുടെ കാലത്തോ വ്യക്തിപരമായ വിശ്വാസപരിത്യാഗത്തിനു വധശിക്ഷ പോയിട്ട്  എന്തെങ്കിലും ശിക്ഷ നല്‍കിയതായി പോലും കാണാന്‍ സാധിക്കില്ല. അബ്ദുല്ലാഹിബ്‌നു സാദ് പ്രവാചകന്റെ എഴുത്തുകാരനായിരുന്നു. അദ്ദേഹം ഇസ്‌ലാം ഉപേക്ഷിക്കുകയുായി. നബി അദ്ദേഹത്തെ ശിക്ഷിച്ചില്ല.  ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു: ''വേദക്കാരില്‍ ഒരു വിഭാഗം (സ്വന്തം അനുയായികളോട്) പറഞ്ഞു: ഈ വിശ്വാസികള്‍ക്ക് അവതരിപ്പിക്കപ്പെട്ടതില്‍ പകലിന്റെ ആരംഭത്തില്‍ നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക. എന്നാല്‍ പകലിന്റെ അവസാനത്തില്‍ അത് തള്ളിക്കളയുക. അങ്ങനെ ചെയ്താല്‍ അവര്‍ സത്യത്തില്‍നിന്നും പിന്തിരിഞ്ഞ് നിങ്ങളുടെ കൂടെ കൂടിയേക്കാം'' (3:72).

മുസ്‌ലിംകള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ വേണ്ടി ഇന്നെന്ന പോലെ അന്നും ഒരു വിഭാഗം ആളുകള്‍ ഈ തന്ത്രം പ്രയോഗിച്ചു.  മതപരിത്യാഗത്തിന്നു വധശിക്ഷയുണ്ടെങ്കില്‍ ഇങ്ങനെയൊരു തന്ത്രം ആവിഷ്‌കരിക്കാന്‍  സാധിക്കുമോ?   

ഹിപ്പോക്രസി (നിഫാഖ്) ഏതാണ്ട് രാജ്യദ്രോഹത്തിന് തുല്യമാണ്, പ്രത്യേകിച്ച് അത് രാഷ്ട്രീയമായ കാരണങ്ങളാല്‍  സംഘടിതമായാണ് പ്രത്യക്ഷപ്പെടുന്നതെങ്കില്‍. നബിയുടെ കാലം മുതലേ രാഷ്ട്രീയമായ കാരണങ്ങളാല്‍ ഇസ്‌ലാമിക സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ആഭ്യന്തര പ്രശ്‌നമാണിത്.  ഈ സ്വഭാവത്തിലുള്ള സംഘടിത ഹിപ്പോക്രസിയുടെ നേതാവ് അബ്ദുല്ലാഹിബ്‌നു ഉബയ്യു ബ്‌നു സുലുലിനു പോലും പ്രവാചകന്‍ ഒരു ശിക്ഷയും നകിയിട്ടുണ്ടായിരുന്നില്ല. മുസൈലിമ എന്ന കള്ള പ്രവാചകന്‍ പ്രവാചകത്വത്തില്‍ തനിക്കും ഒരു പങ്കു ആവശ്യപ്പെട്ട് നബിക്ക് കത്തെഴുതി.  സ്വാഭാവികമായും മുസൈലിമ ഇസ്‌ലാമിക വീക്ഷണത്തില്‍ മതപരിത്യാഗിയായി മാറിക്കഴിഞ്ഞു. നബി മുസൈലിമക്ക് വധശിക്ഷയൊന്നും പ്രഖ്യാപിക്കുകയുണ്ടായില്ല. മറിച്ച് മറുപടിയായി കത്തു തന്നെ അയക്കുകയാണ് ഉണ്ടായത്. അബൂബക്‌റിന്റെ ഭരണകാലത്ത്  മുസൈലിമ തന്നെ തുടങ്ങിവെച്ച യമാമ യുദ്ധത്തില്‍ മുസൈലിമ കൊല്ലപ്പെടുകയായിരുന്നു. മുസൈലിമ മാത്രമല്ല പ്രവാചകത്വം അവകാശപ്പെട്ടു പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നത്. ഇസ്‌ലാമിലേക്ക് കടന്നുവന്നിരുന്ന അദ്ദേഹത്തിന്റെ ഭാര്യ സജയും തുലൈഹല്‍ അസാദിയും (ഇവരൊന്നും മതപരിത്യാഗത്തിന്റെ പേരില്‍ വധിക്കപ്പെട്ടിരുന്നില്ല) പ്രവാചകത്വം അവകാശപ്പെട്ട് മതപരിത്യാഗികളായവരാണ്. മുസൈലിമയുടെ മരണശേഷം സജ ഇസ്‌ലാമിലേക്ക് വരികയാണുായത്. തുലൈഹയും അദ്ദേഹത്തിന്റെ അനുയായികള്‍ തുടങ്ങിവെച്ച ഒരു യുദ്ധത്തില്‍ കൊല്ലപ്പെട്ടു.  ഇസ്‌ലാമില്‍ വിശ്വാസ സ്വാതന്ത്ര്യം ജീവവായു പോലെയാണ്. നിരവധി ചരിത്ര വസ്തുതകളുടെയും ഖുര്‍ആന്‍ സൂക്തങ്ങളുടെയും പിന്‍ബലമുണ്ട് ഈ വിശ്വാസ സ്വാതന്ത്ര്യത്തിന്.

ലോകത്തിന്റെ എല്ലാ ഭാഗത്തും പ്രത്യക്ഷമായും പരോക്ഷമായും ആശയതലത്തില്‍ ഒരു യുദ്ധം നടന്നുകൊണ്ടിരിക്കുന്നു.  ഈ ആശയയുദ്ധത്തില്‍ വിജയിക്കില്ല എന്ന് ഭയപ്പെടുന്ന പക്ഷപാതികളായ നിക്ഷിപ്ത താല്‍പര്യക്കാര്‍   അധികാരവും ആയുധവും ഉപയോഗപ്പെടുത്തി പല രൂപേണ ഭയത്തിന്റെ സാഹചര്യം സൃഷ്ടിക്കുകയും ആശയപരമായ മേല്‍ക്കൈയുള്ള വിഭാഗത്തെ തേജോവധം ചെയ്യുന്നതിനും  അതിന്റെ ധവളിമയാര്‍ന്ന ചരിത്രത്തെയും വിശ്വാസ ദര്‍ശനത്തെയും കരിവാരിത്തേക്കുന്നതിനും പല രൂപത്തിലുള്ള കുതന്ത്രങ്ങളില്‍ വ്യാപൃതരാവുകയും ചെയ്യുന്നു.  ഈ യുദ്ധത്തിന്റെ എതിര്‍പക്ഷത്തു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന 'ഇസ്‌ലാം' എന്ന പ്രത്യേക ആശയധാരക്കു 'ഭീകരത' എന്ന ലേബല്‍ ലഭിച്ചതിന്റെ സാഹചര്യം ഇതാണ്. പ്രചണ്ഡമായ പ്രചാരണത്തിന്നു വശംവദരാകുന്ന സാധാരണക്കാര്‍ വരെ എല്ലാവരുമായും സംഘര്‍ഷത്തിലുള്ളത് 'ഇസ്‌ലാം' എന്ന ആ ആശയധാരയാണ് എന്ന് കരുതി അത് തന്നെയാണ് പ്രശ്‌നമെന്ന് തെറ്റിദ്ധരിച്ചുപോകുന്നു. പക്ഷപാതരഹിത മനസ്സ് നേരെ തിരിച്ചാണ് മനസ്സിലാക്കുക. സത്യം ഒന്നേയുള്ളൂ. അസത്യം പലതാണ്. സത്യം ഏതെങ്കിലും ആളുടെയോ ദേശത്തിന്റെയോ ഗോത്രത്തിന്റെയോ പേരിലല്ല ഉണ്ടാവുക. അത് ഏക പരാശക്തി സംവിധാനിച്ച പ്രാപഞ്ചികതയുടെയും പ്രകൃതിയുടെയും താളം മനുഷ്യജീവിതത്തില്‍ വ്യവഹരിക്കുന്നതിന്റെ നാമമാണ്. അതാണ് ഇസ്‌ലാം. എല്ലാ വേദങ്ങളിലും പറഞ്ഞ ജീവിതവ്യവസ്ഥ. എല്ലാ അവതാര പുരുഷന്മാരും/പ്രവാചകരും പഠിപ്പിച്ച ഒരേയൊരു സത്യം. ആഗോള സാന്നിധ്യമുള്ള അതിനെതിരെ സകല ദുശ്ശക്തികളും ചേര്‍ന്ന് നടത്തുന്ന യുദ്ധത്തിന്റെ കേളികൊട്ടാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. സ്വാഭാവികമായും ഒരു ചോദ്യം ഉയര്‍ന്നുവരും; 'അപ്പോള്‍ ഇസ്‌ലാം ഭീകരതയോ'? ഇത് മനസ്സിലാക്കാന്‍ അല്‍പം ചരിത്രം മനസ്സിലാക്കണം. 

 

'ഇസ്‌ലാം ഭീകരത'യുടെ ചരിത്രം

ഈ 'ഇസ്‌ലാംഭീകരത' എന്നതിനു വെറും 25 വര്‍ഷം പ്രായമേ ആയിട്ടുള്ളൂ. കൃത്യമായി പറഞ്ഞാല്‍ ഈ പുതിയ സഹസ്രാബ്ദം പിറക്കുന്നതിന്റെ പത്തു വര്‍ഷം മുമ്പാണത് പ്രയോഗിച്ചു തുടങ്ങിയത്. അതില്‍പിന്നെ ഓരോ കാലത്തും ഓരോ പേരുകളിലാണ് ഇത് അറിയപ്പെട്ടുകൊണ്ടിരുന്നത്. പുതിയ അറബിപ്പേരില്‍ ഒരു ഭീകരസംഘടന പ്രത്യക്ഷപ്പെടുമ്പോള്‍ പഴയ പേരിലുള്ളത് നിഷ്‌ക്രമിക്കുന്നു. സോവിയറ്റ് യൂനിയന്‍ അഫ്ഗാന്‍ ആക്രമിച്ചകാലത്തുപോലും അഫ്ഗാന്‍ 'ഭീകരര്‍' എന്നല്ല പാശ്ചാത്യ മീഡിയ പ്രയോഗിച്ചത്, അഫ്ഗാന്‍ മുജാഹിദുകള്‍ എന്നായിരുന്നു. സോവിയറ്റ് യൂനിയന്റെ തകര്‍ച്ച  ഉറപ്പാക്കിയശേഷം മാത്രമാണ് ഇസ്‌ലാമിനു 'ഭീകരത'യുടെ മുദ്ര നല്‍കപ്പെട്ടു തുടങ്ങിയത്. അതിനു തക്കതായ കാരണവുമുണ്ടായിരുന്നു. കമ്യൂണിസത്തിന്റെ തകര്‍ച്ചയോടെ പാശ്ചാത്യര്‍ക്ക് ആശയതലത്തില്‍ ഭീഷണി ഉയര്‍ത്തിയത് ഇസ്‌ലാം മാത്രമായിരുന്നു. പാശ്ചാത്യര്‍ക്ക് മുമ്പും ഇസ്‌ലാം ഒരു പ്രശ്‌നം തന്നെയായിരുന്നു. മധ്യകാല നൂറ്റാണ്ടുകളില്‍ യൂറോപ്പും മുസ്‌ലിം ലോകവും തമ്മിലുായ സംഘര്‍ഷങ്ങള്‍ പഠിച്ചാല്‍ ഇത് മനസ്സിലാവും. 

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടു അടുത്തപ്പോള്‍ എല്ലാ തെറ്റായ പ്രചാരണങ്ങളെയും അതിജീവിച്ചുകൊണ്ട് യൂറോപ്പിലും അമേരിക്കയിലും ഏറ്റവും പ്രചാരമുള്ള ആശയധാര ഇസ്‌ലാം ആയിത്തീര്‍ന്നു. ഇതിനു തടയിടാനുള്ള ശ്രമത്തിന്റെ ഭാഗമായിക്കൂടിയാണ് ഇസ്‌ലാമിനെ 'ഭീകരത'യുമായി സമീകരിക്കുന്നതിനു വേണ്ടിയുള്ള ആസൂത്രണങ്ങളും പ്രചണ്ഡമായ പ്രചാരവേലകളും ആരംഭിച്ചതും തകൃതിയായി നടപ്പാക്കിത്തുടങ്ങിയതും. 

ഈ ഇസ്‌ലാം=ഭീകരത എന്ന സമീകരണത്തിന്നു സഹായകമാവുന്ന ഒത്തിരി കാര്യങ്ങള്‍ കോളോണിയലാനന്തര മുസ്‌ലിം രാജ്യങ്ങളില്‍ പാശ്ചാത്യര്‍ ചെയ്തുവെച്ചിട്ടുണ്ടായിരുന്നു. ഭാഷകൊണ്ടും മതംകൊണ്ടും സംസ്‌കാരംകൊണ്ടും ഭൂപ്രകൃതികൊണ്ടും ചരിത്രംകൊണ്ടും പൈതൃകംകൊണ്ടും ഒക്കെ ഒന്നായ ഒരു ജനവിഭാഗത്തെ തോന്നിയതുപോലെ വിഭജിച്ചു, ആഭ്യന്തരമായ വൈരുധ്യങ്ങള്‍ സൃഷ്ടിച്ചു, കൊച്ചുകൊച്ചു രാജ്യങ്ങളാക്കി. എന്നിട്ടു അവിടങ്ങളില്‍ തങ്ങളുടെ ഏറാന്‍ മൂളികളായ ഭരണാധികാരികളെ പ്രതിഷ്ഠിച്ചു. അവരെ എന്തു വിലകൊടുത്തും താങ്ങിനിര്‍ത്തുന്നതിനു പാശ്ചാത്യര്‍ തന്നെ പരിശീലനം നല്‍കിയ നിഷ്ഠുരപട്ടാളത്തെയും ചുമതലപ്പെടുത്തി. ആ ഭരണകൂടങ്ങളെ നിലനിര്‍ത്തുന്നതിന്റെ പേരില്‍ ഇപ്പോഴും അവരുടെ വിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ പാശ്ചാത്യര്‍ക്ക് സാധിക്കുന്നു. ജനങ്ങള്‍ ഇളകിയാല്‍ പട്ടാളത്തെ ഉപയോഗിച്ച് ക്രൂരമായി അടിച്ചമര്‍ത്തുന്ന സാഹചര്യം സൃഷ്ടിച്ചു. അങ്ങനെ അവരെ പരസ്പര സംഘട്ടനത്തില്‍ അകപ്പെടുത്തി നശിപ്പിക്കാനുള്ള ചതിക്കുഴികളിലും  ദൂഷിതവലയത്തിലും ഭിന്നിപ്പിച്ചു ഭരിക്കലിന്റെ  അപ്പോസ്തലന്മാര്‍ അവരെ അകപ്പെടുത്തുന്നു.  അധികാരത്തിന്റെ സുഖസൗകര്യങ്ങള്‍  അനുഭവിക്കുന്നവര്‍ക്ക് ഇതൊന്നും പ്രശ്‌നമാകില്ല.  അത് ആദ്യമേ മരവിപ്പിച്ചാണല്ലോ അവരെ സാമ്രാജ്യത്വം  അധികാരത്തില്‍ കുടിയിരുത്തുക.  കൊച്ചുകൊച്ചു രാജ്യങ്ങള്‍ക്കു ഓരോവര്‍ഷവും ശതബില്യണ്‍ കണക്കിന് ഡോളറുകളുടെ ആയുധങ്ങള്‍ വിറ്റു പാശ്ചാത്യര്‍ കൊഴുക്കുന്നു. പട്ടാളത്തിന്റെയും ഏകാധിപതികളുടെയും ഭരണത്തിനു കീഴില്‍ ചിന്താസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നതിനാല്‍ ഈ രാജ്യങ്ങള്‍ ഒരിക്കലും പുരോഗമിക്കാതിരിക്കുക എന്ന പാശ്ചാത്യ അജണ്ട കൃത്യമായും നടപ്പാക്കപ്പെടുന്നു. ജനാധിപത്യത്തിനു വേണ്ടി ശ്വാസംവിടാന്‍ പോലും സാധിക്കാത്ത സാഹചര്യം അങ്ങനെയാണ് ഈജിപ്തിലും സിറിയയിലും ഒക്കെ ഉണ്ടായത്. അതിനു ഉപയോഗിക്കുന്നത് ഇതേ ഏറാന്‍മൂളി രാജ്യങ്ങളിലെ ഭരണകൂടങ്ങളെ തന്നെ. ഏറെക്കാലത്തെ സ്വേഛാധിപത്യത്തിനുശേഷം തുര്‍ക്കിയിലുണ്ടായ മാറ്റത്തെ ഇതേ രാജ്യങ്ങളെ ഉപയോഗിച്ച് ഈജിപ്തില്‍ അട്ടിമറിച്ചതുപോലെ അട്ടിമറിക്കാന്‍ ശ്രമിച്ചതും ഈ അജണ്ട തുടര്‍ന്നും നടപ്പാക്കുന്നത് തടസ്സപ്പെടുമോ എന്ന ഭയം കാരണമാണ്.

ചുരുക്കിപ്പറയട്ടെ, ഭീകരതയും ഇസ്‌ലാമുമായി പദത്തിലോ ആശയത്തിലോ ഒരു ബന്ധവുമില്ല. ഇസ്‌ലാമിക സംസ്‌കാരവും അതിന്റെ ചരിത്രവും അടിസ്ഥാനപരമായി സമാധാനത്തിന്റേതും വിമോചനത്തിന്റേതുമാണ്. പാശ്ചാത്യരാജ്യങ്ങള്‍ ആസ്‌ത്രേലിയയിലും ന്യൂസിലാന്റിലും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും നടത്തിയതുപോലുള്ള വംശീയ ഉന്മൂലനങ്ങള്‍ ഇസ്‌ലാമിന് അപരിചിതമാണ്. 800-ലേറെ വര്‍ഷം സ്‌പെയിനും ഇന്ത്യയും ഭരിച്ചിട്ടും അങ്ങനെയൊരു ഉദാഹരണം കാണാന്‍ സാധിക്കാത്തത് അതുകൊണ്ടാണ്. ആയിരത്തിലേറെ വര്‍ഷം ലോകത്തിലെ വന്‍ശക്തിയായി നിലകൊണ്ടപ്പോഴും 300 വര്‍ഷത്തെ പാശ്ചാത്യ മേല്‍ക്കോയ്മയുടെ കാലത്തെ ക്രൂരതകളും ചൂഷണവും ഖിലാഫത്തിന്റെ കാലത്ത് നമുക്ക് കാണാന്‍ സാധിക്കില്ല. പിന്നെ ഇപ്പോള്‍ ഇസ്‌ലാമിന്റെ പേരില്‍ നടത്തപ്പെടുന്ന 'ഭീകര' പ്രവൃത്തികളുടെ നിജഃസ്ഥിതി ഇതിന്റെ വെളിച്ചത്തില്‍ പഠിക്കേണ്ടതായിട്ടുണ്ട്. നമുക്ക് വാര്‍ത്തകള്‍ നല്‍കുന്നത് ഇതേ നിക്ഷിപ്ത താല്‍പര്യക്കാരായ പാശ്ചാത്യരാണ്. 

പല രൂപത്തില്‍ പാശ്ചാത്യ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 160 കോടി വരുന്ന മുസ്‌ലിംകള്‍ മുഴുവന്‍ ഇസ്‌ലാമിക സംസ്‌കാരം പിന്തുടരുന്നവരല്ല. അവരില്‍ പാശ്ചാത്യവല്‍കൃതരും കപടരും നാമമാത്ര മുസ്‌ലിംകളും ഉണ്ടാവുക സ്വാഭാവികമാണ്. ഇവര്‍ ചാരന്മാരായി ഉപയോഗിക്കപ്പെട്ട ശേഷം, പിന്നീട് ചാവേറുകളാകാന്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ടോ? സംഘര്‍ഷഭൂമികളില്‍നിന്ന് പാശ്ചാത്യപട്ടാളം തട്ടിക്കൊണ്ടുപോകുന്നവര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ? ഇന്റലിജന്‍സ് ഏജന്‍സികള്‍ തന്നെ അറബി പേരുകളോട് കൂടിയ ഇത്തരം ഭീകരസംഘങ്ങള്‍ക്കു രൂപം നല്‍കുന്നുണ്ടോ? ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഇസ്‌ലാമിനെ തേജോവധം ചെയ്യാന്‍ മുസ്‌ലിം പേരുകളില്‍ ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോ? കൊടിയ അനീതിക്കും അക്രമത്തിനും മര്‍ദനത്തിനും വിധേയമാക്കപ്പെടുന്ന ഒരു സമൂഹത്തില്‍ കടുത്ത വികാര വിക്ഷുബ്ധതക്ക് അടിപ്പെട്ട് പ്രതികരണവാദം ഉയര്‍ത്തുന്നവരെ ആയുധം കൊടുത്തു സഹായിച്ച് തമ്മില്‍തല്ലിക്കുന്ന ചെന്നായയുടെ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കപ്പെടുന്നുണ്ടോ?  ചില അധിനിവിഷ്ട മുസ്‌ലിം രാജ്യങ്ങളില്‍ അധിനിവേശ ശക്തികള്‍ക്കെതിരെ  ആ രാജ്യക്കാര്‍ നടത്തുന്ന സ്വാതന്ത്ര്യസമരത്തെ ഭീകരതയായി ചിത്രീകരിക്കുന്നുണ്ടോ?  അത്തരം  സ്വാതന്ത്ര്യസമരങ്ങളെ ഭീകര  പ്രവര്‍ത്തനമായി മുദ്രയടിക്കുന്നതിനു അധിനിവേശ ശക്തികള്‍ സ്വാതന്ത്ര്യ സമരസേനാനികളുടെ പേരിലും കോലത്തിലും കിരാതവും ക്രൂരവുമായ അക്രമങ്ങള്‍ അതേ ജനതതിക്കുമേല്‍ നടത്തുന്നുണ്ടോ? പീഡിത മര്‍ദിത വിഭാഗങ്ങളിലെ  ഏതെങ്കിലും ചെറിയ വിഭാഗം നടത്തുന്ന തെറ്റും ഒറ്റപ്പെട്ടതുമായ സായുധപ്രതികരണം മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി അതിശയോക്തിപരമായി ചിത്രീകരിച്ച്  ആ പീഡിത മര്‍ദിത വിഭാഗത്തിന്റെ  ന്യായമായ ആവശ്യങ്ങളെയും അവകാശങ്ങളെയും നിഷേധിക്കാനും അവര്‍ പ്രതിനിധാനം ചെയ്യുന്ന വിശ്വാസാദര്‍ശങ്ങളെ കരിവാരിത്തേക്കാനും വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടോ? ചില ഇസ്‌ലാം വിരുദ്ധ നിഗൂഢ സംഘങ്ങള്‍ മുസ്‌ലിംകളെ തട്ടിക്കൊണ്ടുപോയി അവര്‍ തന്നെ തയാറാക്കിവെച്ച പ്രത്യേക സങ്കേതങ്ങളില്‍ പാര്‍പ്പിച്ചു, പീഡിപ്പിച്ചു, കൊന്നുകുഴിച്ചുമൂടി  പോലീസിലേക്കും ഇന്റലിജന്‍സ് ഏജന്‍സികളിലേക്കും, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളിലേക്കും 'അഫ്ഗാനില്‍ കൊല്ലപ്പെട്ടു',  'സിറിയയില്‍ കൊല്ലപ്പെട്ടു' എന്നൊക്കെ വിളിച്ചുപറഞ്ഞ് ഒരു ജനതയെ തെറ്റായ രൂപത്തില്‍ പ്രൊഫൈല്‍ ചെയ്യാനുള്ള ഗൂഢപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ? രാഷ്ട്രീയ കാരണങ്ങളാല്‍ ചില ഭരണകൂടങ്ങളും മാധ്യമങ്ങളും പോലീസും ഇന്റലിജന്‍സ് ഏജന്‍സികളും ഇതിന് സഹായം നല്‍കുന്നുണ്ടോ? എല്ലാ സാധ്യതകളും അന്വേഷിക്കപ്പെടേണ്ടതാണ്.

ഇന്ത്യയില്‍തന്നെ മാലെഗോവിലും അജ്മീറിലും ഹൈദറാബാദിലും സംജോതയിലുമൊക്കെ നടന്ന സ്‌ഫോടനങ്ങള്‍ ആദ്യം ആരോപിക്കപ്പെട്ടത് അറബി മുസ്‌ലിം പേരുകളിലുള്ള നിഗൂഢ സംഘടനകളുടെ പേരിലായിരുന്നു. പിന്നീടാണ് കുറ്റവാളികള്‍ സംഘ് പരിവാര്‍ ആണെന്ന് തെളിഞ്ഞത്. കേരളത്തില്‍ ഈ അടുത്ത കാലത്ത് മുസ്‌ലിം പേരുകളില്‍ നടന്ന നിരവധി വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പിന്നിലും സംഘ് പരിവാര്‍ ആയിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. പ്രാദേശിക തലത്തിലും ദേശീയ തലത്തിലുമൊക്കെ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെങ്കില്‍, അന്തര്‍ദേശീയതലത്തില്‍ എന്തൊക്കെ നടക്കുന്നുണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇപ്പോള്‍ കേരളത്തില്‍ ഇസ്‌ലാമിലേക്ക് സ്വാഭാവികമായിത്തന്നെ ആകര്‍ഷിക്കപ്പെടുന്നവരെ ഭയപ്പെടുത്താനും തടയാനും വേണ്ടി വളരെ ആസൂത്രിതമായി പലതും നടക്കുന്നുണ്ട് എന്നത് പകല്‍വെളിച്ചം പോലെ വ്യക്തമാണല്ലോ. മുസ്‌ലിംകളാവുന്ന ആളുകളെ തട്ടിക്കൊണ്ടുപോയി നിഗൂഢമായി വധിച്ച് പോലീസിനെയും ഇന്റലിജന്‍സ് ഏജന്‍സികളെയും ഉപയോഗപ്പെടുത്തി അഫ്ഗാനിലും സിറിയയിലും ഒക്കെ പോയി ഏറ്റുമുട്ടി മരിച്ചു എന്ന കിംവദന്തി പ്രചരിപ്പിക്കുന്നതും ഒരുപക്ഷേ ഇതിന്റെ തന്നെ ഭാഗമായിരിക്കാം. 

സോവിയറ്റ് യൂനിയനു എതിരെ അഫ്ഗാന്‍ മുജാഹിദുകള്‍ പോരാടിയപ്പോള്‍ ലോകത്ത് പലഭാഗത്തുനിന്നും ആളുകള്‍ അഫ്ഗാനിലേക്കു പോയിരുന്നു. ഇന്ത്യയില്‍നിന്നോ, കേരളത്തില്‍നിന്നോ ആരും പോയിരുന്നില്ല. ഫലസ്ത്വീനിലെ വിമോചന പോരാളികളോടും കേരളത്തിലെയും ഇന്ത്യയിലെയും എല്ലാവിഭാഗം മുസ്‌ലിംകളും അനുഭാവം പുലര്‍ത്തുന്നവരാണ്. പക്ഷേ ആരും അങ്ങോട്ടുപോയി എന്തെങ്കിലും സഹായം ചെയ്തിട്ടില്ല. ഇതുതന്നെയാണ് ചെച്‌നിയയിലെയും ബോസ്‌നിയയിലെയും റോഹിങ്ക്യയിലെയും മുസ്‌ലിംപ്രശ്‌നങ്ങള്‍ക്കു നേരെയും കേരളത്തിലെയും ഇന്ത്യയിലെയും മുഴുവന്‍ മുസ്‌ലിംകളുടേയും സമീപനം. പക്ഷേ ഇവിടേക്കൊന്നും ആരും പോയി പോരാടിയതായി കാണുന്നില്ല. പിന്നെ ലോകത്തിലെയും, ഇന്ത്യയിലെയും, കേരളത്തിലെയും ഒരു മുസ്‌ലിം സംഘടനയും അംഗീകരിക്കാത്ത, മുസ്‌ലിം പൊതുജനങ്ങള്‍ തള്ളിയ, നിഗൂഢമായ ഐസിസിന്റെ കൂടെ നിന്ന് ചാവേറാകാന്‍ കേരളത്തില്‍നിന്നൊക്കെ മുസ്‌ലിംകള്‍പോയി എന്നൊക്കെ പറഞ്ഞാല്‍, ആ പറയപ്പെടുന്ന മുസ്‌ലിംകളെ ചില നിഗൂഢ ശക്തികള്‍ വകവരുത്തി പോലീസ് ഇന്റലിജന്‍സ് ഏജന്‍സികളിലൂടെ ഇങ്ങനെ പ്രചരിപ്പിക്കുന്നതാണോ എന്ന് സംശയിക്കാനാണ് ന്യായം. ഒരിക്കല്‍കൂടി പറയുകയാണ്; സംഘടിതവും  ആസൂത്രിതവുമായ ഇത്തരത്തിലുള്ള ഒരു യുദ്ധം നടക്കുന്നുണ്ട്. അകമ്പടിയായി വന്‍നുണപ്രചാരണവും. കാര്യങ്ങളെ വ്യവഛേദിച്ചു, വിവേചിച്ചു, വിശകലനം ചെയ്ത് മനസ്സിലാക്കി ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ പ്രത്യേക ജാഗ്രത വേണം.

കേരളീയ പൊതുജീവിതത്തില്‍ മിശ്രവിവാഹവും, അതിനെതുടര്‍ന്ന് സ്വാഭാവികമായും മിശ്രവിവാഹത്തിലൂടെയല്ലാതെയും ഉാകുന്ന മതപരിവര്‍ത്തനങ്ങളും ഒരു സാമൂഹിക യാഥാര്‍ഥ്യമായിക്കഴിഞ്ഞു. എല്ലാ മതജാതി വിഭാഗങ്ങള്‍ക്കിടയിലും ഇതു നടക്കുന്നുണ്ട്. നിഗൂഢമായ ഉദ്ദേശ്യങ്ങളില്ലാതെ ആരോഗ്യകരമായി കൈകാര്യം ചെയ്താല്‍ ഇതു നമ്മുടെ മതേതര പാരമ്പര്യത്തെ ശക്തിപ്പെടുത്തുകയും ഭിന്ന മതസമൂഹങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകള്‍ ദൂരീകരിക്കുകയും വ്യത്യസ്ത സംസ്‌കാരങ്ങള്‍ക്കിടയില്‍ പാലം പണിയുകയും ചെയ്യും. ആ അര്‍ഥത്തില്‍ മുമ്പ് മതരഹിതമായ രൂപത്തില്‍ ഇടതുപക്ഷം പ്രോത്സാഹിപ്പിച്ചതിനേക്കാള്‍ ക്രിയാത്മകവും നിര്‍മാണാത്മകവുമാവുക മതബോധത്തോടുകൂടിയ മിശ്രവിവാഹങ്ങളാണ്. കാരണം ഭിന്നമതങ്ങള്‍ എന്നത് നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കാത്ത സാമൂഹിക യാഥാര്‍ഥ്യങ്ങളാണ്. ഓരോരുത്തരുടെയും ബോധ്യത്തിനനുസരിച്ചു വിശ്വസിക്കാനും ആചരിക്കാനും മാറാനും പിന്നെയും മാറാനുമെല്ലാമുള്ള അവകാശവും സ്വാതന്ത്ര്യവും വകവെച്ചുകൊടുക്കുക, യോജിക്കാന്‍ സാധിക്കില്ലെങ്കിലും ഭിന്ന വിശ്വാസാദര്‍ശങ്ങളെ പരസ്പരാദരവോടുകൂടി നോക്കിക്കാണുക, കൊള്ളാവുന്നതു കൊള്ളുക, തള്ളാനുള്ളത് തള്ളുക, വല്ലവനും തള്ളേണ്ടത് കൊള്ളുകയാണെങ്കിലോ, കൊള്ളേണ്ടത് തള്ളുകയാണെങ്കിലോ അവനു അതിനും സ്വാതന്ത്ര്യമുണ്ടെന്നു അംഗീകരിക്കുക, അങ്ങനെ ആരോഗ്യമുള്ള ഒരു ഉല്‍ഗ്രഥിത സമൂഹത്തെ സൃഷ്ടിക്കുന്നതിന് യത്‌നിക്കുക. ഇതാണ് കരണീയമായ മാര്‍ഗം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (17-19)
എ.വൈ.ആര്‍