Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 27

3023

1439 സഫര്‍ 07

സമുദായ മാറ്റമോ ആദര്‍ശ പരിവര്‍ത്തനമോ?

ജി.കെ എടത്തനാട്ടുകര

'മതംമാറ്റം' സംബന്ധമായി ധാരാളം വീക്ഷണങ്ങള്‍ അവതരിപ്പിക്കപ്പൈട്ടുകൊണ്ടിരിക്കുന്നു. 'എല്ലാ മതങ്ങളും സത്യമാണെന്നിരിക്കെ മതം മാറുന്നതെന്തിന്' എന്ന് തുടങ്ങി 'മതം മാറ്റം നിരോധിക്കണം' എന്നുവരെ അഭിപ്രായങ്ങളുണ്ട്. മതപ്രബോധനവും മതപരിവര്‍ത്തനവും ഭരണഘടന അനുവദിക്കുന്നതാണെന്നും അതില്‍ ഇടപെടുന്നത് വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നും മറുവാദമുണ്ട്.

'എല്ലാ മതങ്ങളും സത്യമാണെങ്കില്‍ മതം മാറുന്നതെന്തിന്' എന്ന മറുചോദ്യം പോലെ 'എല്ലാ മതങ്ങളും സത്യമാണെന്നിരിക്കെ മതം മാറിയാലെന്ത്' എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. തെറ്റില്‍നിന്ന് ശരിയിലേക്ക് പോകുന്നതും ശരിയില്‍നിന്ന് കൂടുതല്‍ ശരിയിലേക്ക് പോകുന്നതും ശരിയാണ്. അതേസമയം ശരിയില്‍നിന്ന് തെറ്റിലേക്ക് പോകുന്നത് തെറ്റാണ്. 

എല്ലാ നദികളും വിവിധ വഴികളിലൂടെ ഒഴുകി ഒടുവില്‍ സമുദ്രത്തിലെത്തുന്നതുപോലെ എല്ലാ മതങ്ങളും ഒരു ലക്ഷ്യത്തിലേക്കുള്ള വിവിധ മാര്‍ഗങ്ങളാണെന്ന സര്‍വമത സത്യവാദം അംഗീകരിച്ചാല്‍, ഒരോരുത്തരും തനിക്ക് ഇഷ്ടമുള്ള മാര്‍ഗത്തിലൂടെ ലക്ഷ്യത്തിലെത്തട്ടെ എന്ന് അനുവദിക്കല്‍ ആ വാദത്തോടുള്ള സത്യസന്ധതയാണ്; അനുവദിക്കാതിരിക്കല്‍ കാപട്യവും. അപ്പോള്‍ ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള അനുവാദം നല്‍കലാണ് വിശാലത. എല്ലാം ശരിയായതിനാല്‍ ജനിച്ച മതത്തില്‍നിന്ന് മാറാനനുവദിക്കില്ല എന്ന നിലപാട് കുടുസ്സാണ്. പ്രത്യക്ഷത്തില്‍ വിശാലമാണെന്ന് തോന്നുന്ന പല വാദങ്ങളും അന്തിമ വിശകലനത്തില്‍ കുടുസ്സാണ്.

വിശാലതയുള്ളതും സഹിഷ്ണുതാപരവുമാണെന്ന് പ്രത്യക്ഷത്തില്‍ ധരിച്ചു പോകുന്ന പല നിലപാടുകളും അന്തിമ വിശകലനത്തില്‍ കുടുസ്സും അസഹിഷ്ണുത നിറഞ്ഞതുമാണെന്ന് വ്യക്തമാവുന്ന പല സംഭവങ്ങളും പലപ്പോഴായി നാം അഭിമുഖീകരിക്കാറുണ്ട്. തനിക്ക് വിശ്വാസമില്ലാത്ത കാര്യമാണെങ്കിലും മറ്റൊരാളുടെ വിശ്വാസത്തെ സഹിക്കലാണ് സഹിഷ്ണുത. എന്നാല്‍, മറ്റൊരാളുടെ വിശ്വാസത്തെ സഹിക്കാതെ തന്റെ വിശ്വാസത്തെയും നിലപാടിനെയും അയാളില്‍ അടിച്ചേല്‍പിക്കല്‍ അസഹിഷ്ണുതയാണ്. ഇന്ന് നമ്മുടെ സാമൂഹികാന്തരീക്ഷത്തില്‍ ഇത്തരം അസഹിഷ്ണുതകള്‍ പല സ്വഭാവത്തില്‍ തിങ്ങിനിറഞ്ഞുനില്‍ക്കുന്നു. മതംമാറ്റം നിരോധിക്കണം എന്ന വാദം ഈ നിലപാടിന്റെ അങ്ങേയറ്റമാണ്. ഇത് ഏതെങ്കിലും മതസമുദായവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പ്രശ്‌നമല്ല; ഒരു മനുഷ്യാവകാശ പ്രശ്‌നമാണ്. ഇന്ന് 'മതം' എന്നത് 'സമുദായം' എന്നതിന്റെ പര്യായമല്ലെങ്കിലും സമുദായത്തിന്റെ പ്ലാറ്റ്‌ഫോമിലാണ് മതം നില്‍ക്കുന്നത്. മതസമുദായങ്ങള്‍ നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനമാകട്ടെ പാരമ്പര്യവുമാണ്. അതിനാല്‍ ഇന്ന സമുദായമാണ് സത്യത്തെ പ്രതിനിധീകരിക്കുന്നത് എന്ന് പറയാനാവില്ല. കാരണം, സത്യത്തിന്റെ പ്രതിനിധാനം ഒരു ജനിതക പാരമ്പര്യ പ്രക്രിയയല്ല.

സത്യാസത്യങ്ങള്‍ ഇടകലര്‍ന്ന് നില്‍ക്കുന്നിടത്ത് കണ്ടെത്തലും തെരഞ്ഞെടുപ്പുമാണ് സത്യത്തിലേക്ക് നയിക്കുക. നിലവിലെ മതസമുദായങ്ങളിലുള്ളവര്‍ അതില്‍ അംഗങ്ങളായത് കണ്ടെത്തലിലൂടെയോ തെരഞ്ഞെടുപ്പിലൂടെയോ അല്ല; ജനിച്ച മതസമുദായത്തില്‍ നിര്‍ബന്ധിതമായി അംഗമായിപ്പോയതാണ്. എന്നിരിക്കെ, താന്‍ ജനിച്ച മതസമുദായമാണ് ശരി എന്ന വാദം എന്റെ രാജ്യമാണ് ശരി, എന്റെ ജാതിയാണ് ശ്രേഷ്ഠം, എന്റെ ഭാഷയാണ് കേമം എന്നീ വാദങ്ങള്‍ പോലെ പക്ഷപാതപരവും വിഡ്ഢിത്തവുമാണ്. 

ഇനി മതങ്ങള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ദര്‍ശനങ്ങളെയാണെങ്കില്‍ ദര്‍ശനങ്ങളെ പ്രതിനിധീകരിക്കാന്‍ സമുദായങ്ങള്‍ക്കാവില്ല. അതിനാല്‍ മതസമുദായങ്ങളെ നോക്കി ദര്‍ശനങ്ങള്‍ വിലയിരുത്താനാവില്ല. ദര്‍ശനങ്ങളെ പഠിക്കേണ്ടത് അവയുടെ പ്രമാണങ്ങളില്‍നിന്നാണ്.

സ്വതന്ത്രമായി സൃഷ്ടിക്കപ്പെടുന്ന മനുഷ്യന്‍ സത്യത്തിലേക്കെത്തുന്നത് തെരഞ്ഞെടുപ്പിലൂടെയാണെന്നാണ് ഖുര്‍ആനിന്റെ അധ്യാപനം. അതുകൊണ്ടാണ് സത്യത്തെ പ്രതിനിധീകരിച്ച പ്രവാചകന്മാരെ മാത്രമല്ല, അവരുടെ കുടുംബങ്ങളില്‍ അസത്യത്തെ പ്രതിനിധീകരിച്ചവരെയും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. വിശുദ്ധ ഖുര്‍ആന്‍ ആകെ പേരെടുത്തു പറയുന്ന ഇരുപത്തഞ്ച് പ്രവാചകന്മാരില്‍ രണ്ട് മഹാപ്രവാചകന്മാരുടെ ഭാര്യമാരെ അസത്യത്തിന്റെ വക്താക്കള്‍ക്ക് മാതൃകയായി അവതരിപ്പിക്കുന്നു. എന്നാല്‍, മഹാ അക്രമിയായ, അസത്യത്തിന്റെ തലതൊട്ടപ്പനായ ഫറോവയുടെ ഭാര്യയെ സത്യവിശ്വാസികള്‍ക്ക് മാതൃകയായും അവതരിപ്പിക്കുന്നു. അതിനര്‍ഥം സത്യത്തിന്റെ പ്രതിനിധാനം നടക്കുന്നത് കുടുംബപരമോ സാമുദായികമോ ആയിട്ടല്ല എന്നാണ്.

മാനവസമൂഹം ഒന്നടങ്കം ഒരേ മാതാപിതാക്കളുടെ മക്കളാണെന്ന് പഠിപ്പിക്കുന്ന ഖുര്‍ആന്‍ മൗലികമായി അഭിസംബോധന ചെയ്യുന്നത് മുഴുവന്‍ മനുഷ്യരെയുമാണ്. ഖുര്‍ആന്‍ പറയുന്നു: ''അല്ലയോ മനുഷ്യരേ, നിങ്ങളുടെയും നിങ്ങള്‍ക്കുമുമ്പ് കഴിഞ്ഞുപോയ സകലരുടെയും സ്രഷ്ടാവായ ദൈവത്തിന് നിങ്ങള്‍ വഴിപ്പെടുവിന്‍. അതുവഴി നിങ്ങള്‍ രക്ഷപ്പെട്ടേക്കാം'' (2:21).

ഏതെങ്കിലും പ്രത്യേക സമുദായത്തിന്റെയോ കുലത്തിന്റെയോ ജാതിയുടെയോ ദൈവത്തെയല്ല, മുഴുവന്‍ മനുഷ്യരുടെയും സ്രഷ്ടാവായ ദൈവത്തെയാണ് വഴിപ്പെടേണ്ടതെന്നാണ് ഇവിടെ പറയുന്നത്. ഈ ദൈവവഴിയെ പ്രതിനിധീകരിച്ചവരാണ് പല കാലങ്ങളിലായി നിയോഗിതരായ പ്രവാചകന്മാര്‍. അവരിലൂടെ ലഭ്യമായ ദൈവിക വെളിപാടുകളാണ് വേദങ്ങള്‍. ഖുര്‍ആന്‍ പറയുന്നു: ''പരമകാരുണികനും ദയാപരനുമായ ദൈവത്തില്‍ നിന്ന് അവതീര്‍ണമായതാണിത്'' (41:2).

''പ്രവാചകരേ, ഈ ജനം താങ്കളെ കളവാക്കുന്നുവെങ്കില്‍ താങ്കള്‍ക്ക് മുമ്പും നിരവധി പ്രവാചകന്മാരെ അവര്‍ കളവാക്കിയിട്ടുണ്ട്. അവരൊക്കെയും വ്യക്തമായ തെളിവുകളും ഏടുകളും പ്രകാശം പരത്തുന്ന വേദപുസ്തകവുമായി വന്നവരായിരുന്നു'' (3:184).

ഈ പറഞ്ഞതിനര്‍ഥം ഖുര്‍ആന്‍ മാത്രമല്ല അതിനുമുമ്പും സത്യത്തെ പ്രതിനിധീകരിച്ച വേദഗ്രന്ഥങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ്. പ്രസ്തുത വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തിക്കൊണ്ട് ഖുര്‍ആനിലൂടെ ദൈവം വീണ്ടും പറയുന്നു:

''നാം താങ്കള്‍ക്ക് ബോധനമായി നല്‍കിയ വേദപുസ്തകം സത്യമാണ്. അതിനു മുമ്പുള്ള വേദങ്ങളെ ശരിവെക്കുന്നതും. നിശ്ചയം ദൈവം തന്റെ ദാസന്മാരെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്നവനും എല്ലാം കാണുന്നവനുമാണ്.''

ഈ വചനങ്ങള്‍ വ്യക്തമാക്കുന്നത് മുന്‍കാല സമൂഹങ്ങളിലേക്കും ദൈവിക വേദങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ടെന്നും അവയുടെ തുടര്‍ച്ച മാത്രമാണ് ഖുര്‍ആന്‍ എന്നുമാണ്. അതായത് ഖുര്‍ആന്‍ ബോധനം ചെയ്യുന്ന ദര്‍ശനം പുതിയതല്ല; ഏറ്റവും പഴയതാണ്. ഇവിടെ ഖുര്‍ആന്‍ വിരല്‍ ചൂണ്ടുന്നത് സര്‍വമത സത്യത്തിലേക്കല്ല; സര്‍വവേദ സത്യത്തിലേക്കാണ്. എല്ലാ കാലത്തും സത്യത്തെ പ്രതിനിധീകരിച്ചത് പ്രവാചകന്മാരും വേദങ്ങളുമാണ്, സമുദായങ്ങളല്ല. ഇതിനടിവരയിട്ടുകൊണ്ട് ഖുര്‍ആന്‍ വീണ്ടും: ''മനുഷ്യരാശി ഒരൊറ്റ സമുദായമായിരുന്നു. പിന്നീട് ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാനായി അവരോടൊപ്പം സത്യവേദ പുസ്തകവും അവതരിപ്പിച്ചു...'' (2:213)

എന്നാല്‍, സത്യവേദത്തെ അംഗീകരിക്കാന്‍ കൂട്ടാക്കാതെ മനുഷ്യന്‍ ചെയ്ത ചില വിക്രിയകളിലേക്കും ഖുര്‍ആന്‍ വിരല്‍ ചൂണ്ടുന്നു. ''അതിനാല്‍ സ്വന്തം കൈകൊണ്ട് പുസ്തകമെഴുതി അത് ദൈവത്തില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്നവര്‍ക്കു നാശം! തുച്ഛമായ വിലവാങ്ങാനാണ് അവരത് ചെയ്യുന്നത്. തങ്ങളുടെ കൈകൊണ്ട് എഴുതിയുണ്ടാക്കിയതിനാല്‍ അവര്‍ക്ക് കൊടിയ ശിക്ഷയുണ്ട്! അവര്‍ സമ്പാദിച്ചതു കാരണവും അവര്‍ക്കു നാശം!'' (2:79).

ഈ പറഞ്ഞതിനര്‍ഥം വേദങ്ങള്‍ എന്ന പേരില്‍ ദൈവികമായവയും മനുഷ്യനിര്‍മിതമായവയുമുണ്ട് എന്നാണ്. എന്നു മാത്രമല്ല, മറ്റൊരു ഭാഗത്ത് ഖുര്‍ആന്‍ പറയുന്നു: ''.... അവര്‍ വേദവാക്യങ്ങളില്‍ കൃത്രിമം കാണിക്കുന്നു. നാം നല്‍കിയ ഉദ്‌ബോധനങ്ങളില്‍ വലിയൊരു ഭാഗം മറന്നുകളയുകയും ചെയ്തു...'' (5:13).

വേദങ്ങള്‍ എന്ന പേരില്‍ മനുഷ്യ നിര്‍മിതമായവയും, യഥാര്‍ഥ വേദവാക്യങ്ങള്‍ വളച്ചൊടിച്ച് ചില ഭാഗങ്ങള്‍ വിട്ടുകളഞ്ഞ് തെറ്റായി പ്രചരിപ്പിക്കപ്പെട്ടവയുമുണ്ട് എന്നര്‍ഥം. അതിനാല്‍ ഖുര്‍ആന്‍ സത്യപ്പെടുത്തിയ മുന്‍കാല വേദങ്ങള്‍ ഇവയല്ല. എന്നാല്‍, അവയില്‍ ചില സത്യങ്ങള്‍ അവശേഷിക്കുന്നുണ്ടുതാനും. അതുകൊണ്ടാണ് ഇന്നും 'ഏകദൈവത്വം' ഉദ്‌ഘോഷിക്കാത്ത വേദഗ്രന്ഥങ്ങള്‍ വിരളമായിപ്പോയത്. ദൈവിക വെളിപാട് സംബന്ധമായി മിക്ക വേദഗ്രന്ഥങ്ങളും എന്തെങ്കിലും പറയുന്നുണ്ട്. മനുഷ്യന്റെ മരണാനന്തര ജീവിതത്തെ സംബന്ധിച്ചും വേദങ്ങളില്‍ പരാമര്‍ശങ്ങള്‍ ഇല്ലാതിരിക്കുന്നില്ല.

ആചാരാനുഷ്ഠാനങ്ങളില്‍ മുതല്‍ ധാര്‍മിക മൂല്യങ്ങളുടെ അധ്യാപനങ്ങളില്‍ വരെ വൈരുധ്യങ്ങളോടൊപ്പം ധാരാളം സമാനതകള്‍ വേദങ്ങളില്‍ കാണാം. ഈ സമാനതകളിലാണ് സത്യത്തെ കണ്ടെത്താനാവുക. അതുകൊണ്ടാണ് വേദക്കാരോട് ഇങ്ങനെ പറയാന്‍ പ്രവാചകനോട് ആജ്ഞാപിക്കുന്നത്: ''പറയുക, വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒന്നുപോലെ അംഗീകരിക്കുന്ന തത്വത്തിലേക്ക് വരിക'' (3:64).

തന്റെ സമുദായമാണ് ശരി എന്ന വാദത്തെ നിരാകരിച്ചുകൊണ്ട് ഖുര്‍ആന്‍ പറയുന്നു: ''സത്യവിശ്വാസം സ്വീകരിച്ചവരോ യഹൂദരോ ക്രൈസ്തവരോ സാബിഉകളോ ആരുമാവട്ടെ, ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ നാഥന്റെ അടുക്കല്‍ അര്‍ഹമായ പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടേണ്ടതില്ല, ദുഃഖിക്കേണ്ടതുമില്ല'' (2:62).

സത്യത്തിന്റെ അഥവാ സന്മാര്‍ഗത്തിന്റെ പ്ലാറ്റ്‌ഫോം ഏതെങ്കിലും മതസമുദായമല്ല, ശരിയായ വിശ്വാസവും ശരിയായ കര്‍മവുമാണ് എന്ന യാഥാര്‍ഥ്യത്തെയാണ് ഖുര്‍ആന്‍ ഇവിടെ അടിവരയിടുന്നത്. ഈ വസ്തുത മനസ്സിലാക്കി 'മനം മാറിയ' ഒരാളെ തടയാന്‍ ഏത് നിയമത്തിനാണ് കഴിയുക? 'മതംമാറ്റം' നിരോധിക്കാം, പക്ഷേ, 'മനംമാറ്റം' നിരോധിക്കാനാവില്ല.

മൂസാ നബിയെ നേരിടാന്‍ ഫറോവ നിയോഗിച്ച മായാജാലക്കാര്‍ സത്യം മനസ്സിലാക്കി മനംമാറിയതോടെ ജീവിതത്തോടും മരണത്തോടുമടക്കമുള്ള കാഴ്ചപ്പാടുകള്‍ അടിമുടി മാറുകയാണ് ചെയ്തത്. അതോടെ ഫറോവയുടെ വധഭീഷണിക്ക് അവര്‍ പുല്ലുവില കല്‍പിച്ചില്ല. ഫറോവ വാഗ്ദാനം ചെയ്ത ഭൗതിക സംരക്ഷണവും സൗകര്യങ്ങളും വേണ്ടെന്ന് വെച്ചു. ഈ ചരിത്രം പറഞ്ഞുതരുന്നത് അധികാരം കൊണ്ടും ശക്തികൊണ്ടും സത്യത്തെ അടിച്ചമര്‍ത്താനാവില്ല എന്നാണ്. ഇത്തരം 'ആദര്‍ശമാറ്റ'ങ്ങളെ 'കേവല മതംമാറ്റ'ങ്ങളായി കാണുന്നതാണ് അബദ്ധം. മായാജാലക്കാര്‍ 'ഇസ്രായേല്യര്‍' എന്ന പാരമ്പര്യ മതസമുദായത്തിലേക്ക് മതംമാറുകയല്ല ചെയ്തത്; മൂസാനബി പ്രബോധനം ചെയ്ത സത്യപാതയിലേക്ക് മാറുകയാണ് ചെയ്തത്.

പ്രവാചകന്മാരുടെ പ്രബോധനം സ്വീകരിച്ചവരൊക്കെയും അതാണ് ചെയ്തത്. അബൂദറുല്‍ ഗിഫാരി തന്റെ ഗിഫാര്‍ ഗോത്രപാരമ്പര്യത്തില്‍നിന്ന് പ്രവാചകന്റെ ഖുറൈശി ഗോത്ര പാരമ്പര്യത്തിലേക്ക് 'മതംമാറുക'യല്ല ചെയ്തത്; പ്രവാചകന്‍ പ്രബോധനം ചെയ്ത ആദര്‍ശത്തിലേക്ക് മാറുകയാണുണ്ടായത്. അതോടെ ഒരാളുടെ ജീവിതമാണ് മാറുന്നത്; മാറേണ്ടത്. ഒരു സമുദായത്തില്‍നിന്ന് മറ്റൊരു സമുദായത്തിലേക്കുള്ള മാറ്റത്തെയാണിന്ന് 'മതം മാറ്റം' എന്നതുകൊണ്ട് പൊതുവില്‍ മനസ്സിലാക്കുന്നത്. ഒരു ജീവിത വീക്ഷണത്തില്‍നിന്നും ജീവിതരീതിയില്‍നിന്നും ദൈവിക അധ്യാപന പ്രകാരമുള്ള മറ്റൊരു ജീവിത വീക്ഷണത്തിലേക്കും ജീവിത രീതിയിലേക്കുമുള്ള മാറ്റമാണ് ഖുര്‍ആന്‍ വിഭാവന ചെയ്യുന്ന പരിവര്‍ത്തനം. അത് തെരഞ്ഞെടുക്കാന്‍ ഏത് സമുദായത്തിലും ജാതിയിലും രാജ്യത്തും ജനിച്ചവര്‍ക്കും സ്വാതന്ത്ര്യമുണ്ട്.

പാരമ്പര്യമല്ല സത്യത്തെ പ്രതിനിധീകരിക്കുന്നതെന്ന യാഥാര്‍ഥ്യം പ്രവാചകന്മാരുടെ കുടുംബകഥകള്‍ പറഞ്ഞുകൊണ്ട് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. പാരമ്പര്യ കൂട്ടായ്മകളായ മതസമുദായങ്ങളില്‍ ഏറ്റക്കുറച്ചിലുകളോടെ അരുതായ്മകളും അക്രമങ്ങളും കാണാം. സാക്ഷാല്‍ കള്ളന്മാരും കൊള്ളക്കാരും കൊലയാളികളും എല്ലാ സമുദായങ്ങളിലുമുള്ളതുപോലെ പാരമ്പര്യ മുസ്‌ലിം സമുദായത്തിലുമുണ്ട്. കാരണം സമുദായം എന്നത് ഒരു പാരമ്പര്യ കൂട്ടായ്മയാണ്. എന്നാല്‍ മുഹമ്മദ് നബി പ്രബോധനം ചെയ്ത് വളര്‍ത്തിയെടുത്ത കൂട്ടായ്മയില്‍ കള്ളന്മാരും കൊള്ളക്കാരും കൊലയാളികളുമുണ്ടായിരുന്നില്ല. കാരണം അതൊരു പാരമ്പര്യ കൂട്ടായ്മ അല്ലായിരുന്നു. അവിടെ ഇസ്‌ലാം ആകുന്ന ദൈവിക ദര്‍ശനത്തെ തെരഞ്ഞെടുത്തവരുടെ ഒരു സമൂഹം രൂപപ്പെടുകയാണ് ചെയ്ത.് അതുകൊണ്ടുതന്നെ അവിടെ ഇസ്‌ലാം ഒരു സമൂഹത്തിനു തെളിവായി. ഒരു പ്രത്യേക സമുദായത്തില്‍ ജനിച്ചുപോയവരൊക്കെയും സത്യത്തെയും ധര്‍മത്തെയും പ്രതിനിധീകരിക്കും എന്ന് വന്നാല്‍ ഏറ്റവും നല്ല കര്‍മങ്ങള്‍ ചെയ്യുന്നവര്‍ ആരാണെന്ന് പരീക്ഷിക്കാനാണ് ദൈവം ജീവിതമരണങ്ങള്‍ സൃഷ്ടിച്ചതെന്ന ഖുര്‍ആന്റെ അധ്യാപനം അര്‍ഥശൂന്യമാകും.

സത്യം തെരഞ്ഞെടുത്തവരുടെ കൂട്ടായ്മയുടെ തുടര്‍ച്ചയില്‍ ക്രമേണ പാരമ്പര്യം കടന്നുവരുമ്പോള്‍ സ്വാഭാവികമായും ജീര്‍ണതകള്‍ വന്നു ചേരും. അപ്പോഴാണല്ലോ പ്രവാചകന്മാരോ നവോത്ഥാന നായകന്മാരോ കടന്നുവന്ന് സത്യത്തിന്റെ പ്ലാറ്റ്‌ഫോം ശക്തിപ്പെടുത്തുന്നത്. അന്ത്യ പ്രവാചകനുശേഷം തീര്‍ച്ചയായും നവോത്ഥാന നായകന്മാരും നവോത്ഥാന പ്രസ്ഥാനങ്ങളുമാണീ ദൗത്യം നിര്‍വഹിക്കുന്നത്. പാരമ്പര്യത്തിന്റെ ജീര്‍ണതകളെ പ്രമാണങ്ങളുടെ പിന്‍ബലത്തോടെ തിരുത്തി രൂപപ്പെടുന്ന കൂട്ടായ്മയിലെ അംഗത്വം പാരമ്പര്യമായി ഉണ്ടാവുന്നതല്ല, തെരഞ്ഞെടുപ്പിലൂടെ ഉണ്ടാവുന്നതാണ്. പ്രസ്തുത പ്ലാറ്റ്‌ഫോമിനെ ശക്തിപ്പെടുത്തലാണ് കാലഘട്ടത്തിന്റെ ആവശ്യം.

മുന്‍കഴിഞ്ഞ പ്രവാചകന്മാരുടെ കാലശേഷം നിലനിന്ന സമൂഹം ക്രമേണ പാരമ്പര്യത്തിന്റെ ജീര്‍ണതകള്‍ പേറുമ്പോള്‍ അതിലിടപ്പെട്ട് പുതുതായി കടന്നുവരുന്ന പ്രവാചകന്മാരെ ജനം കല്ലെറിഞ്ഞിട്ടുണ്ട്. അതുപോലെ, അന്ത്യപ്രവാചകനു ശേഷം മുസ്‌ലിം സമൂഹത്തിലുണ്ടായ പാരമ്പര്യ ജീര്‍ണതകളെ ചോദ്യം ചെയ്ത് രൂപപ്പെടുന്ന ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളെ കല്ലെറിയുന്നിടത്ത് ലോക തലത്തില്‍ തന്നെ മുസ്‌ലിം പാരമ്പര്യ സമുദായം മുന്‍പന്തിയിലുണ്ട് എന്നത് സ്വാഭാവികമാണ്. ഇസ്‌ലാമിനെ തെറ്റായി പ്രതിനിധീകരിക്കുന്ന ഒരു സമുദായം നിലനില്‍ക്കേ ഇസ്‌ലാമിലേക്കുള്ള മാറ്റത്തിലും കൈകാര്യത്തിലും ആ പിഴവുകള്‍ സംഭവിക്കാം. അത്തരം പിഴവുകള്‍ ഇസ്‌ലാമിനെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ ശക്തിപ്പെടാനേ ഉപകരിക്കൂ.

മതം മാറിയതിന്റെ പേരില്‍ ഇപ്പോള്‍ വിവാദമായി നില്‍ക്കുന്ന ആതിര ആയിഷയായി പിന്നെയും ആതിരയായതിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍, താന്‍ സ്വീകരിച്ച 'മതം' സ്വീകരിക്കാത്ത തന്റെ മാതാപിതാക്കളോട് വെറുപ്പ് തോന്നിയതായി പറയുന്നുണ്ട്. താന്‍ സ്വീകരിച്ച മതം സ്വീകരിക്കാത്തതിന്റെ പേരില്‍, സ്വന്തം മാതാപിതാക്കളോട് വെറുപ്പ് തോന്നിയ ആതിരയെ ഇസ്‌ലാമിന്റെ പേരില്‍ ഈ ചിന്താഗതി പഠിപ്പിച്ചതാരാണ്? ഇസ്‌ലാമിന്റെ ഏത് പ്രമാണമാണ് ഇതു പഠിപ്പിക്കുന്നത്?

തന്റെ സമൂഹം വിശ്വാസം സ്വീകരിക്കാതെ വഴിതെറ്റി ജീവിക്കുന്നതു കണ്ട് സ്വന്തം ജീവന്‍ കളയുമാറ് മനംനൊന്ത പ്രവാചകനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട് (26:3). തന്റെ ജന്മനാട്ടില്‍നിന്ന് ശത്രുക്കളുടെ എതിര്‍പ്പുകാരണം 'ദേശത്യാഗം' (ഹിജ്‌റ) ചെയ്യേണ്ടിവന്ന പ്രവാചകന്‍ മദീനയിലായിരിക്കെ മക്കയിലെ തന്റെ ജനത വരള്‍ച്ചമൂലം പ്രയാസമനുഭവിക്കുന്നു എന്നറിഞ്ഞപ്പോള്‍ റിലീഫ് സംഘങ്ങളെ മക്കയിലേക്കയക്കുകയാണ് ചെയ്യുന്നത്. ശത്രുക്കളോട് പോലും കാരുണ്യം കാണിക്കുന്ന ഇത്തരം നിരവധി സംഭവങ്ങള്‍ പ്രവാചക ജീവിതത്തിലുണ്ട്. ശത്രുക്കളോടു പോലും കാരുണ്യം കാണിക്കുന്ന പ്രവാചകന്‍ പഠിപ്പിച്ച ഇസ്‌ലാമും, താന്‍ സ്വീകരിച്ച മതം സ്വീകരിക്കാത്തതിന്റെ പേരില്‍ സ്വന്തം മാതാപിതാക്കളോട് വെറുപ്പ് തോന്നിയ ആതിര പഠിച്ച ഇസ്‌ലാമും തമ്മില്‍ അന്തരമുണ്ട്. വിശ്വാസം സ്വീകരിക്കുന്നതോടെ വീട് വിടാനും നാട് വിടാനുമൊക്കെ ആതിരമാരെ പഠിപ്പിക്കുന്നതാരാണ്?

ഇസ്‌ലാം സ്വീകരിക്കുന്നതോടെ മാതാപിതാക്കളുമായും മറ്റു ബന്ധുക്കളുമായുള്ള മാനസിക ബന്ധങ്ങള്‍ എങ്ങനെയായിരിക്കണം എന്ന് ഖുര്‍ആനും പ്രവാചകനും പഠിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കളോട് രണ്ട് കാര്യങ്ങളിലൊഴിച്ച് എല്ലാ കാര്യങ്ങളിലും ഏറ്റവും നല്ല നിലയില്‍ സഹവസിക്കണം എന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. അതിലൊന്ന് വിശുദ്ധ ഖുര്‍ആനില്‍ ഇങ്ങനെ കാണാം:

''വിശ്വസിച്ചവരേ, നിങ്ങള്‍ നീതി നടത്തി ദൈവത്തിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക. അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായിരുന്നാലും ശരി. കക്ഷി ധനികനോ ദരിദ്രനോ എന്നു നോക്കേണ്ടതില്ല'' (4:135).

നീതി നടപ്പാക്കുന്നിടത്ത് കുടുംബബന്ധങ്ങളുടെ പേരില്‍ പക്ഷപാതിത്തം പാടില്ല. അതുകൊണ്ടാണ്, 'മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് മോഷ്ടിക്കുന്നതെങ്കില്‍ അവളുടെ കരം ഞാന്‍ ഛേദിക്കുക തന്നെ ചെയ്യും' എന്ന് നബി പ്രഖ്യാപിച്ചത്. മാതാപിതാക്കളെ അനുസരിക്കേണ്ടതില്ലാത്ത രണ്ടാമത്തെ കാര്യം ഖുര്‍ആനിലൂടെ ദൈവം പഠിപ്പിക്കുന്നത് ഇങ്ങനെയാണ്: ''മാതാപിതാക്കളോട് നന്മ ചെയ്യണമെന്ന് നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു. നിനക്കറിയാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ അവന്‍ നിന്നെ നിര്‍ബന്ധിക്കുകയാണെങ്കില്‍ നീ അവരെ അനുസരിക്കരുത്. എന്റെ അടുത്തേക്കാണ് നിങ്ങളുടെയൊക്കെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റിയെല്ലാം നിങ്ങളെ നാം വിശദമായി വിവരമറിയിക്കും'' (29:8).

വിശ്വാസം സ്വീകരിക്കുന്നവരെ കുടുംബങ്ങളില്‍ നിന്നടര്‍ത്തിമാറ്റി നാട് വിടാനല്ല, കുടുംബങ്ങളോട് ചേര്‍ന്നു നിന്ന് മാനവിക ബാധ്യതകള്‍ നിറവേറ്റാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇസ്‌ലാം സ്വീകരിക്കുന്നതോടെ സ്വന്തം മാതാപിതാക്കളെ ഹൃദയത്തോട് ചേര്‍ത്ത് സംരക്ഷിക്കാനാണ് ഇസ്‌ലാമിന്റെ ആഹ്വാനം.

ഖുര്‍ആന്‍ വീണ്ടും പറയുന്നു: ''ദീനിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ, നിങ്ങളുടെ വീടുകളില്‍നിന്ന് ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതികാണിക്കുന്നതും ദൈവം വിലക്കുന്നില്ല. നീതി കാട്ടുന്നവരെ തീര്‍ച്ചയായും ദൈവം ഇഷ്ടപ്പെടുന്നു'' (60:8).

നൊന്ത് പ്രസവിച്ച മാതാവിനെയും പോറ്റിവളര്‍ത്തിയ പിതാവിനെയും ഇട്ടെറിഞ്ഞ് വീടും നാടുംവിട്ട് പോകാന്‍ പഠിപ്പിക്കുന്ന ഇസ്‌ലാം ഏതാണ്? മാനവികതയുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണ് ഞാന്‍ നിയോഗിതനായത് എന്ന് പഠിപ്പിക്കുന്ന നബിയുടെ പാത പിന്‍ പറ്റുന്നവര്‍ സകല മാനവിക മൂല്യങ്ങളെയും ബന്ധങ്ങളെയും കാത്ത് സൂക്ഷിക്കേണ്ടവരാണ്. ഇസ്‌ലാമിന്റെ ഈ അടിസ്ഥാന മാനവികാധ്യാപനങ്ങളെ മറന്നുകൊണ്ട് നടക്കുന്ന 'കേവല മതംമാറ്റങ്ങള്‍' സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതല്ല.

'ജനങ്ങള്‍ക്ക് വേണ്ടി നിയോഗിക്കപ്പെട്ട ഒരു ഉത്തമ സമൂഹമാണ് നിങ്ങള്‍' (3:110) എന്ന് വിശ്വാസികളെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത്, ഇസ്‌ലാമിക സമൂഹം വലിയൊരു ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവരാണെന്ന അര്‍ഥത്തിലാണ്. സമുദായത്തിന്റെ കേവല അവകാശങ്ങള്‍ക്ക് വേണ്ടി എന്നതിനേക്കാള്‍, ജനങ്ങളോടുള്ള ബാധ്യതകള്‍ നിറവേറ്റാന്‍ കടപ്പെട്ടവരാണ് വിശ്വാസികള്‍.

ഏതൊരു ദര്‍ശനത്തെക്കാളും മനുഷ്യനെ മനുഷ്യനായി ജീവിക്കാന്‍ പ്രാപ്തനാക്കുന്ന ദര്‍ശനമാണ് ഇസ്‌ലാം എന്ന യാഥാര്‍ഥ്യം ആര്‍ക്കും നിഷേധിക്കാനാവുകയില്ല. മതംമാറ്റ സംബന്ധമായ ചര്‍ച്ചകള്‍ക്കിടയില്‍ 'ഇസ്‌ലാമില്‍ എന്തോ ഒരു ആന്തരിക ചൈതന്യമുണ്ടെന്ന്' മന്ത്രി ജി. സുധാകരന്‍ പറഞ്ഞതു വെറുതെയല്ല എന്നര്‍ഥം. ഇസ്‌ലാമിന്റെ ഈ മാനവികമായ ആന്തരിക ചൈതന്യത്തെ വീണ്ടെടുത്ത് ജീവിതത്തിന്റെ നിഖില മേഖലകളിലും പ്രതിനിധീകരിക്കലാണ് ഇസ്‌ലാമിക സമൂഹത്തിന്റെ പ്രാഥമിക ദൗത്യം. അതുകൊണ്ടുതന്നെ 'മുസ്‌ലിം ഐക്യം' എന്ന വര്‍ത്തമാനത്തേക്കാള്‍ 'മുസ്‌ലിം ദൗത്യം' എന്ന വര്‍ത്തമാനത്തിന് പ്രസക്തി ഏറിയ സന്ദര്‍ഭമാണിത്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (17-19)
എ.വൈ.ആര്‍