Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 27

3023

1439 സഫര്‍ 07

വിശ്വാസ വൈവിധ്യം, ആശയ പ്രചാരണം ഇസ്‌ലാമിന്റെ നിലപാട്

ജാബിര്‍ വാണിയമ്പലം

മതങ്ങളുടെ ഉത്ഭവവും വികാസവും മതപ്രബോധങ്ങളുമായി കൂടി ബന്ധപ്പെട്ടതാണ്.  ഏത് മതാശയങ്ങളുടെയും പ്രബോധനങ്ങളെ പരസ്പരം ഉള്‍ക്കൊണ്ട ചരിത്രമാണ് മതങ്ങള്‍ക്കും, ശരിയായ മതമൂല്യങ്ങള്‍ ഉള്‍ക്കൊണ്ട സമൂഹങ്ങള്‍ക്കുമുള്ളത്. മതനിരാസം നിലനിന്ന ഭൂമികയില്‍ അല്ല, ഒരു മതം നിലനിന്ന സ്ഥലങ്ങളില്‍ തന്നെ പുതിയ മതങ്ങള്‍ ഉരുവം കൊണ്ടതാണ് ചരിത്രം. ഹൈന്ദവ, ബുദ്ധ, ജൈന, സിഖ്, ഇസ്‌ലാം, ക്രൈസ്തവ മതങ്ങള്‍ക്കെല്ലാം വിരുന്നൊരുക്കിയ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതമായി നിലകൊള്ളുന്നത് അതുകൊണ്ടാണ്. പുതിയ ഒരു മതത്തെയും ഉള്‍ക്കൊള്ളാന്‍ നിലവിലുള്ള മതങ്ങള്‍ക്ക് കഴിയുമായിരുന്നില്ലെങ്കില്‍ ഇങ്ങനെ സംഭവിക്കുകയില്ലല്ലോ.

മതസൗഹാര്‍ദത്തിന്റെ ചേതോഹരമാതൃകകള്‍ കാഴ്ചവെച്ച കോഴിക്കോട്ടെ സാമൂതിരി രാജാക്കന്മാരും സ്വന്തം കൊട്ടാരങ്ങളുടെ തൊട്ടടുത്ത് ഇന്നും തലയെടുപ്പോടെ ഉയര്‍ന്നുനില്‍ക്കുന്ന മഹാ ക്ഷേത്രങ്ങള്‍ക്ക്  സംരക്ഷണം നല്‍കിയ ടിപ്പു സുല്‍ത്താനും മതസ്വാതന്ത്ര്യം മതത്തില്‍തന്നെ ഉള്‍ച്ചേര്‍ന്നിട്ടുള്ള ദൈവിക ആശയമാണ് എന്ന് തെളിയിക്കുകയാണ് ചെയ്യുന്നത്. മതങ്ങള്‍, വിശ്വാസാചാരങ്ങളില്‍ വ്യത്യസ്തമായി നിലകൊള്ളുമ്പോഴും, 'മനുഷ്യന്‍' എന്ന ഏകകത്തില്‍ വിശ്വസിക്കുകയും മതസൗഹാര്‍ദവും മാനവസാഹോദര്യവും പരസ്പരം പ്രസരിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ, മതസ്വാതന്ത്ര്യം അടിസ്ഥാനപരമായി ഒരു മതാശയമാണ്, മതവിരുദ്ധ (സെക്യുലര്‍) ആശയമല്ല.

ഏതെങ്കിലും ഒരു മതം സ്വീകരിക്കാതിരുന്നതിന്റെ പേരില്‍ അക്രമങ്ങളോ നിര്‍ബന്ധ മതപരിവര്‍ത്തനങ്ങളോ നടത്തിയ ചരിത്രം മതങ്ങളുടെയല്ല, മറിച്ച് മതത്തിന്റെ പേരില്‍ കൊടിയ ചൂഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്വേഛാധിപതികളുടേതും സ്വേഛാധിപത്യ ഭരണകൂടങ്ങളുടേതുമാണ്. ഇതിന് മതവുമായല്ല, മതത്തിന്റെ പേരില്‍ കടത്തിക്കൂട്ടുന്ന വംശീയതയുമായാണ് ബന്ധം. ചരിത്രത്തിലെ ഏറ്റവും വലിയ വംശീയവാദിയായിരുന്ന ഫറോവ ഇസ്രാഈല്‍ സമുദായത്തോട് ചെയ്ത കൊടും ക്രൂരതകള്‍ക്ക് ന്യായം ചമക്കുന്നത് കോപ്റ്റിക്കുകളുടെ ദൈവങ്ങളെ സംരക്ഷിക്കാന്‍ എന്ന പേരിലാണ്. 'താനാണ് ദൈവം' എന്ന് പ്രഖ്യാപിച്ച അതേ ഫറോവ തന്നെയാണ് ഇസ്രാഈല്‍ വിരുദ്ധ വംശീയതക്ക് ജനങ്ങളുടെ പിന്തുണ ലഭിക്കുന്നതിന് തങ്ങളുടെ ദൈവങ്ങളെ കൂട്ടു പിടിക്കുന്നത്! ഫറോവമാരുടെയും നംറൂദുമാരുടെയും മാത്രം ചരിത്രമല്ല ഇത്. 'സെക്യുലരിസ'ത്തിന്റെ ഗര്‍ഭപാത്രമായ ആധുനിക യൂറോപ്പ് ഇന്ന് കാണുന്ന തലത്തില്‍ 'വളര്‍ന്നു  വികസിച്ചത്' ഇതേ വംശീയതയുടെ കൂടി ബലത്തിലാണ്. ഒരു സഹസ്രാബ്ദ കാലം സാമൂഹിക - വൈജ്ഞാനിക രംഗങ്ങളില്‍ ലോകത്ത് തലയുയര്‍ത്തി നിന്ന  ഇസ്‌ലാമിക നാഗരികതയുടെ ഈറ്റില്ലമായിരുന്ന മുസ്‌ലിം സ്പെയിന്‍, ഇസ്‌ലാമിക സംസ്‌കാരത്തിന്റേതായ ഒരു അടയാളം പോലും ബാക്കിവെക്കാതെ വേരോടെ  നശിപ്പിക്കപ്പെട്ടത്, കൊര്‍ദോവ യൂനിവേഴ്‌സിറ്റിയും പള്ളികളും തകര്‍ക്കപ്പെട്ടത്, മുസ്‌ലിംകള്‍ ക്രിസ്തുമതത്തിലേക്ക് നിര്‍ബന്ധിതമായി മതംമാറ്റം ചെയ്യപ്പെട്ടത്, എതിര്‍ത്തു നിന്നവര്‍ കൂട്ടത്തോടെ ഖനികളില്‍ കുഴിച്ചുമൂടപ്പെട്ടത് ഇവയൊന്നും മതത്തിന്റെ പേരിലല്ല, മതത്തെ ഉപയോഗപ്പെടുത്തി സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച ആധുനിക വംശീയ  കൊളോണിയലിസത്തിന്റെ  പേരിലാണ്  എഴുതപ്പെടുന്നത്.  

 

ഖുര്‍ആനിക നിലപാട്

സാമൂഹിക വൈവിധ്യം പ്രകൃതിയുടെ നിശ്ചയവും  അല്ലാഹുവിന്റെ ചര്യയുമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''അല്ലാഹു  ഇഛിച്ചിരുന്നുവെങ്കില്‍ നിങ്ങളെയാസകലം ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍, താനുദ്ദേശിക്കുന്നവരെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കുന്നു. താനുദ്ദേശിക്കുന്നവര്‍ക്ക്  സന്മാര്‍ഗ ദര്‍ശനമരുളുകയും ചെയ്യുന്നു. തീര്‍ച്ചയായും സ്വകര്‍മങ്ങളെക്കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതാകുന്നു'' (ഖുര്‍ആന്‍: 16:93-94). 'ഇസ്‌ലാം' മാത്രമേ ലോകത്ത് നിലനില്‍ക്കാന്‍ അര്‍ഹതയുള്ളൂ എന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ എന്തിന് ഇങ്ങനെ ഒരു വൈവിധ്യം അംഗീകരിച്ചു? വ്യത്യസ്ത മത - സാമുദായിക വിഭാഗങ്ങളുടെ അസ്തിത്വം അംഗീകരിക്കുക എന്നത് ഏതൊരു പ്രത്യയശാസ്ത്രത്തിന്റെയും പ്രാഥമിക ബാധ്യതയാണ്. പ്രകൃതിയുടെ ദര്‍ശനമായ ഇസ്‌ലാം ഈ ബാധ്യത മനസ്സിലാക്കുന്നതില്‍ ഒന്നാമത് നില്‍ക്കുന്നു. സാമൂഹിക വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഇസ്‌ലാം, ഇസ്‌ലാമിക പ്രബോധനം ചെയ്യേത് യുക്തിയോടെയും സദുപദേശത്തോടെയുമാകണമെന്ന് നിഷ്‌കര്‍ഷിക്കുന്നു.  സമാധാനപൂര്‍വമായ തെരഞ്ഞെടുപ്പുകള്‍ക്ക് സാധ്യതയുള്ള അന്തരീക്ഷത്തില്‍ മാത്രമേ ഇസ്‌ലാമിക പ്രബോധനത്തിന് പ്രസക്തിയുള്ളൂ. അല്ലാഹു പറയുന്നു: ''പ്രവാചകരേ, യുക്തിപൂര്‍വമായും സദുപദേശത്തോടെയും താങ്കളുടെ നാഥന്റെ വഴിയിലേക്ക് വിളിക്കുക, ഏറ്റവും നല്ല രീതിയില്‍ അവരോട് സംവദിക്കുക. തന്റെ മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ചവരാരെന്നും സന്മാര്‍ഗഗ്രസ്തരാരെന്നും നന്നായറിയുന്നവന്‍ താങ്കളുടെ നാഥന്‍ തന്നെയാകുന്നു''  (ഖുര്‍ആന്‍ 16:125). 'സമുദായത്തിലേക്ക് വിളിക്കുക' എന്നല്ല ഖുര്‍ആന്റെ പ്രയോഗം. 'ഇസ്‌ലാമിലേക്ക് വിളിക്കുക' എന്ന് പോലുമല്ല, 'നിന്റെ നാഥന്റെ വഴിയിലേക്ക് വിളിക്കുക' എന്നാണ്. നീ വിശ്വസിച്ച, നീ സത്യമെന്ന് മനസ്സിലാക്കിയ നിന്റെ നാഥന്റെ വഴിയിലേക്ക്..! മറ്റൊരിടത്ത് അല്ലാഹു പറയുന്നത് 'അല്ലാഹുവിലേക്ക് വിളിക്കുക' എന്നാണ്. അല്ലാഹുവിലേക്ക് വിളിക്കേണ്ടതാകട്ടെ, സല്‍ക്കര്‍മങ്ങളിലൂടെയും 'ശരിയായ മുസ്‌ലിം' (ദൈവത്തിന് സമര്‍പ്പിച്ചവന്‍) ആണ് എന്ന് പ്രഖ്യാപിച്ചുകൊണ്ടും ആയിരിക്കണം... ''അല്ലാഹുവിലേക്കു വിളിക്കുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും, ഞാന്‍ സമര്‍പ്പിതരില്‍ പെട്ടവനാകുന്നു എന്നു പ്രഖ്യാപിക്കുകയും ചെയ്തവന്റെ വചനത്തേക്കാള്‍ ഉത്കൃഷ്ടമായ വചനം ആരുടേതു്!'' (ഖുര്‍ആന്‍ 41:33).

സത്യവും അസത്യവും വേര്‍തിരിച്ചു മനസ്സിലാക്കി സത്യമാര്‍ഗം തെരഞ്ഞെടുക്കുകയും തെരഞ്ഞെടുത്ത വഴിയില്‍ ജീവിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യമായി അല്ലാഹു പരിചയപ്പെടുത്തുന്നത്. അതിനുള്ള പരമമായ സ്വാതന്ത്ര്യം നല്‍കി എന്നതാണ് അല്ലാഹുവിന്റെ നടപടിക്രമങ്ങളുടെ ഏറ്റവും സുന്ദരമായ വശം. തെരഞ്ഞെടുത്ത വിശ്വാസത്തിന്റെ  പരിണിതഫലം എന്ത് എന്നത് അല്ലാഹു പരലോകത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്. അല്ലാഹു പറയുന്നു: ''അളവറ്റ മഹത്വമുടയവനും അത്യുന്നതനുമത്രെ, ആധിപത്യം ആരുടെ ഹസ്തത്തിലാണോ അവന്‍. സകല സംഗതികള്‍ക്കും  കഴിവുള്ളവനുമാകുന്നു അവന്‍.  മരണവും ജീവിതവുമുണ്ടാക്കിയവന്‍-നിങ്ങളില്‍ ആരാണ് ഭംഗിയായി പ്രവര്‍ത്തിക്കുന്നതെന്ന് പരീക്ഷിക്കാന്‍.  അവന്‍ അജയ്യനാകുന്നു. ഏറെ മാപ്പരുളുന്നവനുമാകുന്നു'' (67:1-4). മറ്റൊരിടത്ത് പറയുന്നു: ''നാം അവന് വഴി കാട്ടിക്കൊടുത്തു. നന്ദിയുള്ളവനാകാം, നന്ദികെട്ടവനുമാകാം. നിഷേധികള്‍ക്ക്  നാം ചങ്ങലകളും വളയങ്ങളും ആളിക്കത്തുന്ന അഗ്നിയും ഒരുക്കിവെച്ചിരിക്കുന്നു'' (76:3,4). ഇതര മനുഷ്യര്‍ക്കോ ജീവജാലങ്ങള്‍ക്കോ പ്രകൃതിക്കോ അപകടം വിതക്കുന്ന വിധത്തില്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഒരാള്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമാണ് ഇസ്‌ലാമില്‍ ക്രിമിനല്‍ നിയമങ്ങള്‍ ഉണ്ടാകുന്നത്. ഒരാളുടെ വിശ്വാസം അത് വ്യക്തികളെ മാത്രം ബാധിക്കുന്നതാകയാല്‍, അതിന്റെ പരിണതി പരലോകത്താണ് എന്നതാണ് ഇസ്‌ലാമിന്റെ് നിലപാട്.

വ്യക്തികളുടെയോ സമൂഹങ്ങളുടെയോ ഇസ്‌ലാം സ്വീകരണങ്ങളെ കേവലം മതംമാറ്റമെന്നോ മതപരിവര്‍ത്തനമെന്നോ വിളിക്കുന്നതില്‍തന്നെ അബദ്ധമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ സംസാരിക്കുന്നത്, ഏതെങ്കിലും ഒരു മതവിഭാഗത്തോടോ സമുദായത്തോടോ അല്ല. മുഴുവന്‍ മനുഷ്യരോടും മനുഷ്യ മനസ്സുകളോടുമാണ്. 'ഇസ്‌ലാം' എന്നത് കറകളഞ്ഞ ദൈവിക സമര്‍പ്പണത്തിന് അറബി ഭാഷയില്‍ നല്‍കപ്പെട്ട സാങ്കേതിക പദമാണ്. മതങ്ങളുടെയോ സമുദായങ്ങളുടെയോ കുറിമാനങ്ങള്‍ക്കല്ല  ഇസ്‌ലാം പ്രാധാന്യം നല്‍കുന്നത്. ദൈവവിശ്വാസവും പരലോകബോധ്യവും ആണ് പ്രധാനം. അല്ലാഹു പറയുന്നു: ''വിശ്വസിച്ചവരോ ജൂതന്മാരോ ക്രിസ്ത്യാനികളോ സാബികളോ ആരുമാവട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക്  അവരുടെ രക്ഷിതാവിങ്കല്‍ പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടാനോ ദുഃഖിക്കാനോ ഇടയാകുന്നതല്ല'' (2:62). ഇവിടെ ദൈവബോധത്തോടും പരലോകബോധ്യത്തോടും അല്ലാഹു ചേര്‍ത്തുവെച്ചത് സല്‍ക്കര്‍മമാണ്. വിശ്വാസത്തോടൊപ്പം കര്‍മമാണ് പ്രധാനം, സമുദായമല്ല എന്ന് വ്യക്തമാക്കുകയാണ്. 

ഏതെങ്കിലും ഒരു സമുദായത്തിന്, അവര്‍ ഒരു പ്രത്യേക സമുദായം ആയി എന്നതിന്റെ  പേരില്‍ പരലോക മോക്ഷം വാഗ്ദാനം ചെയ്യുന്നത് അല്ലാഹുവിന്റെ രീതിയല്ല. എന്നാല്‍, സമുദായം എന്ന പരിഗണന നല്‍കാതെ അല്ലാഹു പ്രതിഫലം നല്‍കുന്നതിനെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. ക്രൈസ്തവ സമുദായത്തിന്റെ ഭാഗമായിരിക്കെത്തന്നെ, അല്ലാഹുവിന്റെ സൂക്തങ്ങള്‍ കേള്‍പ്പിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ നിറയുന്നവരെ കുറിച്ച് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു: ''ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍, സത്യബോധത്തിന്റെ ഫലമായി അവരുടെ കണ്ണുകളില്‍ കണ്ണുനീര്‍ വഴിഞ്ഞൊഴുകുന്നത് നിനക്കു കാണാം. അവര്‍ പറഞ്ഞുപോകുന്നു: 'നാഥാ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ നാമം നീ സാക്ഷികളുടെ ഗണത്തില്‍ രേഖപ്പെടുത്തേണമേ!' അവര്‍ പറയുന്നു: 'ഞങ്ങളുടെ നാഥന്‍ ഞങ്ങളെ സച്ചരിതരുടെ സമൂഹത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ കൊതിച്ചിരിക്കെ, അല്ലാഹുവിലും ഞങ്ങളിലാഗതമായ സത്യത്തിലും ഞങ്ങള്‍ എന്തിനു വിശ്വസിക്കാതിരിക്കണം?!' ഈവിധം പറഞ്ഞതിന്റെ ഫലമായി അല്ലാഹു അവര്‍ക്ക്  സ്വര്‍ഗീയാരാമങ്ങള്‍ സമ്മാനിക്കുന്നതാകുന്നു. അവയുടെ താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകിക്കൊണ്ടിരിക്കും. അവര്‍ അവിടെ നിത്യവാസികളായിരിക്കും. ഇതാകുന്നു നന്മയുടെ വഴി സ്വീകരിക്കുന്നവര്‍ക്കുള്ള പ്രതിഫലം. നമ്മുടെ സൂക്തങ്ങളെ നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവരോ, നരകാര്‍ഹരാകുന്നു'' (5:83).  

ഇസ്‌ലാം സ്വീകരിക്കുക എന്നത്, ഇതര മതത്തില്‍നിന്ന് പുതിയ ഒരു മതത്തിലേക്ക് ചേരുന്നതിന്റെ പേരല്ല. പ്രത്യക്ഷത്തില്‍ മതം മാറിയിട്ടില്ലെങ്കില്‍ പോലും മനസ്സും കര്‍മങ്ങളും മാറണമെന്നാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്. ഇബ്‌റാഹീം പ്രവാചകനോട്, 'താങ്കള്‍ ദൈവത്തിന് സമര്‍പ്പിക്കുക' എന്ന് പറയുന്നിടത്ത് അല്ലാഹു ഉപയോഗിച്ചത് 'ഇസ്‌ലാം' എന്ന പദമാണ്. 'ഇബ്‌റാഹീം, താങ്കള്‍ ഇസ്‌ലാം ആവുക' എന്നാണ് അല്ലാഹുവിന്റെ  ഉത്തരവ്. ഒരു കേവല വ്യക്തിയല്ലല്ലോ ഇബ്‌റാഹീം. അല്ലാഹു തന്റെ ആത്മമിത്രമായി സ്വീകരിച്ച പ്രവാചകനാണ്. വിശ്വാസികളെ പ്രത്യേകം അഭിസംബോധന ചെയ്ത് 'ഇസ്‌ലാമില്‍ പൂര്‍ണമായി പ്രവേശിക്കാന്‍' അല്ലാഹു ആവശ്യപ്പെടുന്നുണ്ട്: ''അല്ലയോ വിശ്വസിച്ചവരേ, ഇസ്ലാമില്‍ സമ്പൂര്‍ണമായി പ്രവേശിക്കുവിന്‍. പിശാചിന്റെ കാല്‍പാടുകളെ പിന്തുടരാതിരിക്കുവിന്‍. അവന്‍ നിങ്ങളുടെ തെളിഞ്ഞ ശത്രുവല്ലോ'' (2:208). എത്ര തന്നെ, മുസ്‌ലിം സമുദായത്തിന്റെ ഭാഗമായി ജീവിച്ചാലും, ശരിയായ ദൈവിക സമര്‍പ്പണം കൈക്കൊള്ളാത്ത വ്യക്തിയില്‍ ഇസ്‌ലാം കുറഞ്ഞിരിക്കും. അതുകൊണ്ട് വീണ്ടും വീണ്ടും ഇസ്‌ലാമില്‍ പ്രവേശിച്ചുകൊണ്ടിരിക്കുക എന്നാണ് വിശുദ്ധ ഖുര്‍ആന്‍ വിശ്വാസികളോട് ആവശ്യപ്പെടുന്നത്. ഇസ്‌ലാം എന്നത് ഒറ്റത്തവണ മെമ്പര്‍ഷിപ്പ് അല്ല എന്നര്‍ഥം.  ഇസ്‌ലാം ഒരു ആളെക്കൂട്ടല്‍ പ്രസ്ഥാനം ആയിരുന്നുവെങ്കില്‍, എന്തിനാണ് അല്ലാഹു മുസ്‌ലിംകളോട് ഇങ്ങനെ ഒരു ആഹ്വാനം നടത്തുന്നത് എന്ന് ആലോചിക്കേണ്ടതാണ്. 

ലോകത്ത് ഇന്ന് നിലനില്‍ക്കുന്നത് 'മതങ്ങള്‍' അല്ല, 'മതസമുദായങ്ങള്‍' ആണ്. മത സമുദായങ്ങള്‍ പലപ്പോഴും പ്രസരണം ചെയ്യുന്നത് മതമൂല്യങ്ങളല്ല, മത സാമുദായികതയാണ്. മതം മാറ്റങ്ങളെ വിമര്‍ശിക്കുന്നതും അസഹിഷ്ണുതയോടെ കാണുന്നതും യഥാര്‍ഥ മതങ്ങളോ മതാനുയായികളോ അല്ല, മതമൂല്യങ്ങളോട് ഒരു പ്രതിബദ്ധതയുമില്ലാത്ത കേവല 'സാമുദായിക' ബ്രോക്കര്‍മാരാണ്. 'മതേതരക്കാരില്‍'നിന്നുവരെ ഈ 'സാമുദായിക വംശീയത' അറിയാതെ പുറത്തുചാടും. മതങ്ങള്‍ക്ക് പരസ്പരം കൊള്ളാനും കൊടുക്കാനും ധാരാളമുണ്ട്. ക്രിസ്ത്യാനികളെ അഭിസംബോധന ചെയ്യുമ്പോഴുള്ള വിശുദ്ധ ഖുര്‍ആന്റെ ഒരു പ്രയോഗം 'ഞങ്ങളും നിങ്ങളും ഒരുപോലെ അംഗീകരിക്കേണ്ട പ്രമാണത്തിലേക്കു വരുവിന്‍' (2:64) എന്നാണ്. ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്നത് ഏതെങ്കിലും ഒരു സമുദായത്തിന്റെ മേല്‍ക്കോയ്മയല്ല, ഇസ്‌ലാമിക ആശയങ്ങളെയും മൂല്യങ്ങളെയുമാണ്. ഇസ്രാഈല്‍ സമുദായത്തെ ലോകത്തെ ഏറ്റവും ഉത്കൃഷ്ട ജനതയാക്കിയതായി പറയുന്ന അല്ലാഹു തന്നെ അവരുടെ വംശീയ മേല്‍ക്കോയ്മാ സിദ്ധാന്തത്തെ നിരാകരിക്കുന്നത് അതുകൊണ്ടാണ്. ''യഹൂദരും നസ്രായരും പറയുന്നു: 'ഞങ്ങള്‍ ദൈവത്തിന്റെ പുത്രന്മാരും അവന് പ്രിയപ്പെട്ടവരുമാണ്.' അവരോടു ചോദിക്കുക: 'എങ്കില്‍പിന്നെ നിങ്ങളുടെ പാപങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്ത്?' യഥാര്‍ഥത്തില്‍, നിങ്ങളും ദൈവം സൃഷ്ടിച്ച മറ്റു മനുഷ്യരെപ്പോലുള്ള മനുഷ്യര്‍തന്നെയാകുന്നു. അവനിഛിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കുന്നു, ഇഛിക്കുന്നവരെ ശിക്ഷിക്കുന്നു. വിണ്ണും മണ്ണും അവയിലുള്ളതൊക്കെയും അവന്റെ ഉടമയിലാകുന്നു. സകലതിന്റെയും മടക്കവും അവങ്കലേക്കുതന്നെ'' (5:18). അല്ലാഹുവിന് ഇഷ്ടമാകുന്നത് ഏതെങ്കിലും സമുദായത്തില്‍ പെടുന്നത് കൊണ്ടല്ല, മറിച്ച് അവര്‍ പാപവിമുക്തര്‍ ആകുമ്പോഴാണ് എന്നാണ് ഈ സൂക്തം മുന്നോട്ടുവെക്കുന്ന ആശയം.

കേരളം പോലെയുള്ള ധാരാളം സ്ഥലങ്ങളില്‍ ഇസ്‌ലാം കടന്നുവരുന്നത് കച്ചവടക്കാരിലൂടെയാണ്. അറേബ്യന്‍ കച്ചവടക്കാര്‍ ധാരാളമായി കടന്നുവന്നിരുന്ന കേരളീയ സാമൂഹിക ചരിത്രത്തില്‍, മുസ്‌ലിംകളുടെ മിഷനറി പ്രവര്‍ത്തനങ്ങളെ കുറിച്ച പരാമര്‍ശങ്ങള്‍ വിരളമാണ്. അവരുടെ സ്വഭാവമഹിമകളിലേക്ക് കേരളീയര്‍ ആകര്‍ഷിക്കപ്പെടുകയാണുണ്ടായത്. സാമൂഹിക ഉച്ചനീചത്വങ്ങള്‍ നിലനിന്നിരുന്ന കേരളീയ സമൂഹത്തില്‍ ഇസ്‌ലാമിന്റെ വിമോചന വശം കൂടുതല്‍ ഉയര്‍ത്തിക്കാട്ടപ്പെടുകയും ചെയ്തു.  രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ഭാഗമായി ഇസ്‌ലാം കടന്നുചെന്ന നാടുകളില്‍ ഇസ്‌ലാം സ്വീകരിക്കാതെയും സ്വീകരിച്ചും ജനങ്ങള്‍ ഇസ്‌ലാമിന്റെ രാഷ്ട്രീയ മേല്‍ക്കോയ്മയെ അംഗീകരിച്ചിട്ടുണ്ട്. വാള്‍ കൊണ്ടല്ല ഒരിടത്തും ഇസ്‌ലാം പ്രചരിച്ചത്. യുദ്ധങ്ങള്‍ ഉണ്ടായത് രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ഭാഗമായിട്ടായിരുന്നു. അതാകട്ടെ, ഇസ്‌ലാമുമായി മാത്രം ബന്ധപ്പെടുന്ന ഒന്നല്ല. ചരിത്രം എന്നതുതന്നെ വിവിധ രാഷ്ട്രീയ ശക്തികളുടെ മുന്നേറ്റങ്ങളിലൂടെ വളരുകയും തളരുകയും ചെയ്ത ഒന്നാണ്.   ഇസ്‌ലാമിന്റെ രാഷ്ട്രീയ മുന്നേറ്റങ്ങള്‍, ഇസ്‌ലാമില്‍ വിശ്വസിക്കാനും അവിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കപ്പെട്ടുകൊണ്ടാണ് സംഭവിച്ചിട്ടുള്ളത്. ഇത് വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ഫലമാണ്. കേവലം വിശ്വാസ സ്വാതന്ത്ര്യം എന്നതിനേക്കാള്‍, ഇതര വിശ്വാസങ്ങളുടെയും മതസ്ഥാപനങ്ങളുടെയും സംരക്ഷണം എന്നതുതന്നെ യുദ്ധങ്ങളുടെ ന്യായമായിട്ടാണ് അല്ലാഹു പരിചയപ്പെടുത്തുന്നത്: ''അല്ലാഹു ജനങ്ങളില്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണ്ടു തടഞ്ഞുകൊണ്ടിരിക്കുന്നില്ലായിരുന്നുവെങ്കില്‍ അല്ലാഹുവിന്റെ നാമം ധാരാളമായി സ്മരിക്കപ്പെടുന്ന മഠങ്ങളും ചര്‍ച്ചുകളും പ്രാര്‍ഥനാലയങ്ങളും പള്ളികളും തകര്‍ക്കപ്പെട്ടുപോകുമായിരുന്നു'' (22:40). മുസ്‌ലിം - ക്രിസ്ത്യന്‍ പള്ളികളും അമ്പലങ്ങളും സിനഗോഗുകളുമെല്ലാം ഒരുപോലെ സംരക്ഷിക്കപ്പെടുന്ന ഒരു ഭരണക്രമമാണ് ഇസ്‌ലാമിക സങ്കല്‍പ്പത്തിലുള്ള സ്റ്റേറ്റ് എന്ന് ഈ സൂക്തം സൂചന നല്‍കുന്നു. 

 

നിര്‍ബന്ധ മതപരിവര്‍ത്തനം 

നിര്‍ബന്ധ മതംമാറ്റങ്ങളെ ഇസ്‌ലാം ഒരു നിലക്കും അംഗീകരിക്കുന്നില്ല. ''മതത്തില്‍ ബലാല്‍ക്കാരമില്ല. സന്മാര്‍ഗവും ദുര്‍മാര്‍ഗവും ശരിയായി വേര്‍തിരിഞ്ഞിരിക്കുന്നു'' (2:256). വിശ്വാസ സ്വാതന്ത്ര്യത്തെ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്ന ഈ  സൂക്തം അവതരിക്കാന്‍ ഒരു പശ്ചാത്തലമുണ്ട്. ഇസ്‌ലാം മദീനയില്‍ കടന്നുവരുന്നതിനു മുമ്പ്, അന്‍സ്വാറുകളില്‍ പലരും അവരുടെ മക്കളെ ജൂതന്മാരുടെ കൂടെ താമസിപ്പിക്കുകയും, അവര്‍ ജൂതരായി വളരുകയും ചെയ്തിരുന്നു. ഇസ്‌ലാം മദീനയില്‍ ശക്തി പ്രാപിക്കുകയും ബനുന്നദീര്‍ എന്ന ജൂത ഗോത്രം പ്രവാചകനോട് കരാര്‍ ലംഘിക്കുകയും തുടര്‍ന്ന് അവര്‍ നാടുകടത്തപ്പെടുകയും ചെയ്ത സന്ദര്‍ഭത്തില്‍, ജൂതരായ തങ്ങളുടെ മക്കളെ തിരിച്ചു കൊണ്ടുവരുമെന്നും അവരെ ഇസ്‌ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുമെന്നും മുസ്‌ലിംകളായ മാതാപിതാക്കള്‍ പറയുകയുണ്ടായി. ഈ സന്ദര്‍ഭത്തിലാണ് പ്രസ്തുത സൂക്തം അവതരിക്കുന്നത് (അവലംബം: സമഖ്ശരി).

ഈ സൂക്തം വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്‌നു കസീര്‍ പറയുന്നു: ''ഒരാളെയും ഇസ്‌ലാമില്‍ പ്രവേശിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിക്കരുത്. കാരണം, ഇസ്‌ലാം അവതരിപ്പിക്കുന്ന തെളിവുകളും പ്രമാണങ്ങളുമെല്ലാം പകല്‍വെളിച്ചം പോലെ വ്യക്തമാണ്. അതിനാല്‍ അതില്‍ പ്രവേശിക്കാന്‍ ആരെയും തന്നെ നിര്‍ബന്ധിക്കേണ്ട ആവശ്യമില്ല. മറിച്ച് ആര്‍ക്ക് അല്ലാഹു മാര്‍ഗദര്‍ശനം നല്‍കുകയും ഹൃദയം വിശാലമാക്കിക്കൊടുക്കുകയും ഉള്‍ക്കാഴ്ചയെ പ്രശോഭിതമാക്കുകയും ചെയ്തുവോ അവന്‍ വ്യക്തമായ ന്യായത്തോടെ ഇസ്‌ലാമില്‍ പ്രവേശിക്കും. അതേസമയം ആരുടെ ഹൃദയത്തെ അല്ലാഹു അന്ധമാക്കുകയും കേള്‍വിയും കാഴ്ചയും താഴിട്ടുപൂട്ടി സീല്‍ വെക്കുകയും ചെയ്തുവോ, അവന്‍ നിര്‍ബന്ധിതനായി ഇസ്‌ലാമില്‍ പ്രവേശിച്ചതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല'' (ഇബ്‌നു കസീര്‍: സൂക്തം 256 വിശദീകരണം).

ഇസ്‌ലാം ഒരു ആത്മീയ വ്യവസ്ഥയും ജീവിത ദര്‍ശനവും ആകുന്നതോെടാപ്പം തന്നെ, ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം കൂടിയാണ്. അതുകൊണ്ട്, ഇസ്‌ലാമിക ആദര്‍ശത്തിന്റെ പ്രചാരണത്തിന് തടസ്സം നിന്ന അധികാരിവര്‍ഗത്തോട് മനുഷ്യന്റെ നാനാ തുറകളിലുമുള്ള  സ്വാതന്ത്ര്യത്തിനു വേണ്ടി ഇസ്‌ലാം അതിന്റെ രാഷ്ട്രീയ അധികാരം ഉപയോഗിച്ചു. ഇസ്‌ലാമിക ചരിത്രത്തില്‍ യുദ്ധങ്ങള്‍ സംഭവിക്കുന്നത് അങ്ങനെയാണ്. 'ഫിത്‌ന (കുഴപ്പം) കൊലയേക്കാള്‍ ഭീകരമാണ്' എന്നാണ് ഖുര്‍ആന്‍ പറയുന്നത്. മതസ്വാതന്ത്ര്യത്തിനു വേണ്ടി, അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി, അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കു വേണ്ടി ഒക്കെയാണ് ഇസ്‌ലാമില്‍ യുദ്ധം അനുവദിക്കപ്പെട്ടത്: ''പീഡിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ സ്ത്രീപുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും  വേണ്ടി നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടാതിരിക്കുന്നതിന് എന്തുണ്ട് ന്യായം? ആ ജനമോ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു: നാഥാ, മര്‍ദകരായ നിവാസികളുടെ ഈ നാട്ടില്‍നിന്ന് ഞങ്ങളെ മോചിപ്പിക്കേണമേ, നിന്റെ പക്കല്‍നിന്ന് ഞങ്ങള്‍ക്ക് ഒരു രക്ഷകനെ നിയോഗിച്ചുതരേണമേ, നീ ഞങ്ങള്‍ക്ക്  ഒരു സഹായിയെ നിയോഗിക്കേണമേ!'' (4:75). രാഷ്ട്രീയ മേല്‍ക്കോയ്മ സ്ഥാപിക്കപ്പെടുന്നതുവരെ മാത്രമേ യുദ്ധങ്ങള്‍ക്ക് ന്യായമുള്ളൂ. യുദ്ധം കഴിഞ്ഞാല്‍ വിശ്വാസം ഏത്, എന്ത് എന്നത് ഇസ്‌ലാം പരിഗണിക്കുന്ന വിഷയമേ അല്ല. 

 

ഇസ്‌ലാം ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യം

ഇസ്‌ലാം വിശ്വസിക്കുക നിര്‍ബന്ധമല്ലാത്തതുപോലെത്തന്നെ, ഇസ്‌ലാം വിട്ടുപോകുന്നതിനും ഇസ്‌ലാമില്‍ സ്വാതന്ത്ര്യം ഉണ്ട്. 'വിശ്വാസ സ്വാതന്ത്ര്യം' എന്നത് ഇസ്‌ലാമിനെ ഉപേക്ഷിക്കാന്‍  കൂടിയുള്ള സ്വാതന്ത്ര്യമാണ്. 'മതത്തില്‍ ബലാല്‍ക്കാരമില്ല' എന്ന സൂക്തം ഈ വശം കൂടി ഉള്‍ക്കൊള്ളുന്നു. ഇസ്‌ലാമിക വിശ്വാസം കൈവിടുന്നവരെ കുറിച്ച പരാമര്‍ശങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ ഒരുപാടിടങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്: ''നിങ്ങളിലാരെങ്കിലും സ്വമതത്തില്‍നിന്ന് പിന്മാറുകയും സത്യനിഷേധിയായി മരിക്കുകയും ചെയ്താല്‍, അവരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും പാഴായിപ്പോയതുതന്നെ'' (2:217). ''അല്ലയോ വിശ്വസിച്ചവരേ, നിങ്ങളില്‍ വല്ലവനും തന്റെ ദീനില്‍നിന്ന് മാറുന്നുവെങ്കില്‍ (മാറിക്കൊള്ളട്ടെ). അപ്പോള്‍ അല്ലാഹു അവന്‍ സ്നേഹിക്കുന്നവരും അവനെ സ്നേഹിക്കുന്നവരും വിശ്വാസികളോട് മൃദുലചിത്തരും സത്യനിഷേധികളോട് ദൃഢമനസ്‌കരും, ദൈവികസരണിയില്‍ സമരം ചെയ്യുന്നവരും ഒരാക്ഷേപകന്റെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായ മറ്റു ജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതാകുന്നു. ഇത് അല്ലാഹുവിന്റെ ഔദാര്യമാണ്. അവനിഛിക്കുന്നവര്‍ക്ക് അതു നല്‍കുന്നു. അല്ലാഹു വിപുലമായ സംവിധാനങ്ങളുള്ളവനാകുന്നു. അവന്‍ എല്ലാം അറിയുന്നു'' (5:54). ''സത്യവിശ്വാസം കൈക്കൊള്ളാന്‍ അനുഗ്രഹം സിദ്ധിച്ചിട്ടും നിഷേധികളായിത്തീര്‍ന്ന  ജനത്തിന് അല്ലാഹു മാര്‍ഗദര്‍ശനം നല്‍കുന്നതെങ്ങനെ; ഈ ദൈവദൂതന്‍ സത്യവാനെന്ന് അവര്‍ സ്വയം സാക്ഷ്യം വഹിച്ചിട്ടുള്ളതും അവര്‍ക്കായി തെളിഞ്ഞ അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതുമായിരിക്കെ?'' (3:86). വിശ്വസിച്ചതിനു ശേഷം സത്യനിഷേധം സ്വീകരിക്കുന്നവരെ സംബന്ധിച്ച് അവര്‍ക്ക്  അല്ലാഹു പരലോകത്ത് വെച്ച് നല്‍കുന്ന ശിക്ഷയെ കുറിച്ച് പറഞ്ഞിട്ടുണ്ട് എന്നല്ലാതെ ഒരു ക്രിമിനല്‍ നിയമവും വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്നില്ല.

ഇസ്‌ലാം വിട്ടു പോകുന്നവരോട് മുഹമ്മദ് നബി (സ) സ്വീകരിച്ച സമീപനം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഒരു ഗ്രാമീണ അറബി, പല തവണ പ്രവാചകന്റെ സന്നിധിയില്‍ വരികയും തന്റെ ബൈഅത്ത് (പ്രവാചകനിലുള്ള വിശ്വാസം) റദ്ദ് ചെയ്യാന്‍ ആവശ്യപ്പെടുകയുമുണ്ടായി. അദ്ദേഹത്തിന്റെ മനസ്സ് മാറിയേക്കാം എന്ന പ്രതീക്ഷയില്‍ അവിടുന്ന്  അതിന് അംഗീകാരം നല്‍കിയില്ല. ഒടുവില്‍, അയാള്‍ സ്വയം തന്നെ, ഇസ്‌ലാം ഉപേക്ഷിക്കുകയും മദീന വിട്ടു പോവുകയും ചെയ്തു. ഇസ്‌ലാം ഉപേക്ഷിക്കുന്നത് ഒരു ക്രിമിനല്‍ കുറ്റമായി ഇസ്‌ലാം കാണാത്തതുകൊണ്ടുതന്നെ പ്രവാചകര്‍ അയാള്‍ക്കെതിരെ വല്ല നടപടിയും സ്വീകരിച്ചതായി കാണുക സാധ്യമല്ല. രാജ്യദ്രോഹ ഭീഷണിയില്ലാത്ത,  സംഘടിതമായി വിശ്വാസം കൈവിടുന്ന വ്യക്തികളോടും അടിസ്ഥാനപരമായി ഇതേ സമീപനം തന്നെയാണ് ഇസ്‌ലാം അനുവര്‍ത്തിച്ചിട്ടുള്ളത്... ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ  കാലഘട്ടത്തില്‍ മദീനയിലെ ഒരു സംഘം ഇസ്‌ലാം ഉപേക്ഷിച്ചതായി അദ്ദേഹത്തിന് വിവരം ലഭിച്ചപ്പോള്‍, 'അവരെ അങ്ങനെ വിട്ടേക്കൂ, അവരില്‍നിന്ന് നികുതി (ജിസ്യ) ഈടാക്കൂ' എന്നാണ് ഖലീഫ ആവശ്യപ്പെട്ടത് (അവലംബം: വിശ്വാസ സ്വാതന്ത്ര്യം, ഡോ: ഇനായത്തുല്ല സുബ്ഹാനി).

ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭാഗമായിക്കൊണ്ടുതന്നെ, ഇസ്‌ലാം ഉപേക്ഷിച്ച് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയാണ് ഇസ്‌ലാം രാഷ്ട്രീയ നീക്കങ്ങളും ക്രിമിനല്‍ നടപടികളും കൈക്കൊണ്ടിട്ടുള്ളത്. ഇസ്‌ലാം കേവലം ഒരു മതമല്ലാത്തതുകൊണ്ടും, അതൊരു രാഷ്ട്രീയ ദര്‍ശനം കൂടി ആയത് കൊണ്ടും ചരിത്രത്തിലെ ഇസ്‌ലാമിന്റെ രാഷ്ട്രീയ നീക്കങ്ങളെയും ക്രിമിനല്‍ നടപടികളെയും രാഷ്ട്രീയ അളവുകോല്‍ വെച്ച് കൂടി കാണുന്നതാണ് ചരിത്ര പഠനത്തില്‍ കാണിക്കാവുന്ന നീതി. ഒരു ഇസ്‌ലാമിക രാഷ്ട്രത്തില്‍, വിധ്വംസക രാഷ്ട്രീയ ലക്ഷ്യങ്ങളോ രാജ്യദ്രോഹ ഭീഷണിയോ ഇല്ലാത്ത മതപരിവര്‍ത്തനത്തോട് അത് ഒരു വ്യക്തിയാകട്ടെ, സംഘമാകട്ടെ ഇസ്‌ലാം ഒരു നിലക്കും എതിരു നില്‍ക്കുന്നില്ല. ഒരു ദൈവിക വ്യവസ്ഥക്ക് അതിന് സാധ്യവുമല്ല. മതംമാറ്റത്തോടൊപ്പം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടി നടത്തുന്നുവെങ്കില്‍ തന്നെയും, ഭരണാധികാരിക്ക് അത്തരക്കാരോട് ക്രിമിനല്‍ നടപടി സ്വീകരിക്കാമോ എന്നത് വിവേചനാധികാരമുള്ള വിഷയവുമാണ്.  സാമൂഹിക സാഹചര്യങ്ങളുടെ വ്യത്യസ്തതകള്‍ പരിഗണിച്ച് ഭരണാധികാരിക്ക് ഓപ്ഷന്‍ നല്‍കപ്പെടുന്ന ഒരു നിയമപ്രശ്‌നം മാത്രം. ഇസ്‌ലാം ഉപേക്ഷിക്കുകയും രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതിന്റെ പേരില്‍ ഗവര്‍ണര്‍ അബൂ മൂസല്‍ അശ്അരി (റ) വധശിക്ഷ നല്‍കിയ വ്യക്തികളെ അങ്ങനെ ചെയ്യാതെ തടവുശിക്ഷ നല്‍കിയിരുന്നെങ്കില്‍ അതായിരുന്നു നന്നാകുമായിരുന്നത് എന്നാണ് ഖലീഫ ഉമര്‍ (റ) പറഞ്ഞത് (അവലംബം: വിശ്വാസ സ്വാതന്ത്ര്യം, ഡോ: ഇനായത്തുല്ല സുബ്ഹാനി). അതായത്, രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് നല്‍കപ്പെടുന്ന ശിക്ഷ പോലും, ഒരു ഖലീഫക്കും ഗവര്‍ണര്‍ക്കും രണ്ട് അഭിപ്രായം ഉണ്ടാകാവുന്ന വിഷയമാണ് എന്നര്‍ഥം. 

'മതപരിവര്‍ത്തനം' ഒരു സംവാദമായി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ആദര്‍ശമാറ്റത്തോടുള്ള തുറസ്സായ സമീപനങ്ങളും ചര്‍ച്ച  ചെയ്യപ്പെടണം. ഏതെങ്കിലും ഒരു മതത്തില്‍നിന്ന് മറ്റൊരു മതത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന വ്യക്തികള്‍ക്ക്  ഇസ്‌ലാം മുന്നോട്ടുവെക്കുന്നതും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതുമായ വിശ്വാസ സ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നിവയാണ് ചര്‍ച്ചയാക്കേത്. മതംമാറ്റം നടക്കുന്ന കുടുംബത്തിനകത്തെ ആഭ്യന്തരപ്രശ്‌നം മാത്രമാകേണ്ട ഒരു വിഷയം സമുദായങ്ങള്‍ പരസ്പരം ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. വളര്‍ന്നുവരുന്ന തലമുറകളില്‍ വിവിധ ആശയങ്ങള്‍ പഠിക്കാനുള്ള താല്‍പര്യം കൂടുതലു്. ഒരു മാതാവിനും പിതാവിനും തങ്ങളുടെ മക്കള്‍ മറ്റൊരു മതത്തിലേക്ക് മാറിപ്പോകുന്നത് ഇഷ്ടമാകാനുള്ള സാധ്യതയില്ല. പക്ഷേ, യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മാതാപിതാക്കള്‍ തയാറാവുക മാത്രമേ പോംവഴിയുള്ളൂ. തങ്ങളുടെ മക്കള്‍ തങ്ങളുടെതന്നെ വിശ്വാസത്തില്‍ നിലകൊള്ളണം എന്ന് ആഗ്രഹിക്കാനുള്ള സ്വാതന്ത്ര്യം എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ട്. മക്കളെ ബോധ്യപ്പെടുത്താനുള്ള ശ്രമവും അവര്‍ക്ക് നടത്താം. പക്ഷേ, അതിനു വേണ്ടി നിര്‍ബന്ധം ചെലുത്തുന്നതിനും പീഡിപ്പിക്കുന്നതിനും, സ്വന്തം വീട്ടില്‍തന്നെ വെളിച്ചം കാണാതെ തടവില്‍ വെക്കുന്നതിനും എന്ത് ന്യായമാണുള്ളത്? 'മതംമാറ്റങ്ങള്‍' കുടുംബ ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാക്കേണ്ട കാര്യമേയല്ല. ഏതെങ്കിലും ഒരു മതത്തില്‍നിന്ന് മറ്റൊരു മതത്തിലേക്ക് മാറുന്നതോടെ കുടുംബ ബന്ധം വിഛേദിക്കേണ്ടിവരുന്നു എന്ന് മാതാപിതാക്കളോ, മതം മാറുന്ന അവരുടെ മക്കളോ ചിന്തിക്കുന്നത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കും. ഇതാകട്ടെ, ഇഷ്ടപ്പെട്ടു സ്വീകരിക്കുന്ന മതത്തെ കുറിച്ച് തന്നെയുള്ള അജ്ഞത കൊണ്ടാണ് പലപ്പോഴും സംഭവിക്കുന്നത്. മക്കള്‍ വളര്‍ന്നു  വലുതാകുന്നതോടെ സ്വന്തമായ അസ്തിത്വവും ചിന്താശേഷിയുമുള്ള സ്വതന്ത്ര വ്യക്തികളായിത്തീരുന്നു എന്ന് മാതാപിതാക്കളും, വിശ്വാസമാറ്റത്തിലൂടെ രക്തബന്ധത്തിന് വിള്ളല്‍ ഏല്‍ക്കുന്നത് മതം തന്നെ നിരാകരിക്കുന്ന ഒന്നാണ് എന്ന് മക്കളും മനസ്സിലാക്കുന്നതോടെ തീരേണ്ടതാണ് ഈ പ്രശ്‌നം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (17-19)
എ.വൈ.ആര്‍