Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 27

3023

1439 സഫര്‍ 07

വിവാഹമോചനം അഭികാമ്യമാവുന്നത്

ഡോ. ജാസിമുല്‍ മുത്വവ്വ

ഒരാള്‍ ജീവിതത്തില്‍ എടുക്കുന്ന ഏറ്റവും പ്രയാസകരമായ തീരുമാനമാണ് വേര്‍പിരിയാനുള്ള തീരുമാനം. കാരണം അത് അങ്ങേയറ്റം വേദനാജനകമാണ്, ആശങ്കയും പരിഭ്രമവും ഉളവാക്കുന്നതാണ്, ഭാവിഫലങ്ങളും പ്രത്യാഘാതങ്ങളും പ്രവചനാതീതമാണ്. ഇതൊക്കെയാണെങ്കിലും, വിവാഹബന്ധത്തില്‍നിന്ന് ഒഴിവാകുന്നതായിരിക്കും ബന്ധം തുടര്‍ന്നുപോകുന്നതിനേക്കാള്‍ നന്നാവുക.

വേര്‍പിരിയാനുള്ള തീരുമാനം അഭിലഷണീയമാവുന്ന ആറ് സന്ദര്‍ഭങ്ങള്‍ സൂചിപ്പിക്കാം:

ഒന്ന്: നിങ്ങളുടെ വിവാഹം നിങ്ങളെ സ്വന്തം കുടുംബത്തില്‍നിന്നും കൂട്ടുകാരില്‍നിന്നും നിങ്ങളില്‍നിന്നു തന്നെയും അകറ്റുന്ന അവസ്ഥ. ഈ അവസ്ഥയില്‍ വിവാഹജീവിതം ജയില്‍ ജീവിതമായിത്തീരും. വിവാഹമെന്നത് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ബന്ധപ്പെടുന്നതില്‍നിന്ന് തടയുന്ന ഒന്നല്ല. നിങ്ങള്‍ നിങ്ങളെത്തന്നെ മറക്കുകയോ നിങ്ങളുടെ സ്വന്തം താല്‍പര്യങ്ങളെ അവഗണിക്കുകയോ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതുമല്ല വിവാഹം. കുടുംബ ബന്ധം ചേര്‍ക്കാന്‍ പ്രോത്സാഹനം നല്‍കുകയാണ് വിവാഹത്തിന്റെ ഒരു ദൗത്യം. അത് യഥാര്‍ഥത്തില്‍ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ഗാഢമായ ബന്ധമാണ്. അത് കുടുംബത്തില്‍ സന്തോഷമുളവാക്കും. മനസ്സിന് ആനന്ദം പകരും. വിവാഹം കുടുംബത്തില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും തന്നില്‍നിന്നുതന്നെയും അകലാന്‍ നിമിത്തമാവുന്നു എന്ന് കണ്ടാല്‍ ദമ്പതിമാര്‍ വേര്‍പിരിയലിനെ കുറിച്ച് ആലോചിച്ചു തുടങ്ങണം.

രണ്ട്: ദമ്പതികളില്‍ ഒരാള്‍ മതം മാറണമെന്ന് ആവശ്യം ഉന്നയിക്കുമ്പോള്‍. ഈ അവസ്ഥയില്‍ വിവാഹം അപരന്റെ സ്വാതന്ത്ര്യം ഹനിക്കാനും അഭിപ്രായം അടിച്ചേല്‍പിച്ച് അടക്കിഭരിക്കാനുമുള്ള ഉപാധിയായിത്തീരും. ഇത്തരം ഒരവസ്ഥയില്‍ വേര്‍പിരിയലാണ് അഭികാമ്യം. 'മതകാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല' (ഖുര്‍ആന്‍) എന്നതാണ് ഇവിടെ അടിസ്ഥാന പ്രമാണം.

മൂന്ന്: നിരന്തരം ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന അവസ്ഥ. ദമ്പതികളില്‍ ഒരാള്‍ മറ്റെയാളെ എന്നും മാരകമായി പ്രഹരിച്ചുകൊണ്ടിരിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന അവസ്ഥ തുടരാന്‍ അനുവദിക്കരുത്. വിവാഹം എന്നത് ദമ്പതികള്‍ക്ക് സമാധാനവും ശാന്തിയും നല്‍കണം. എന്നും അടിയും ഇടിയും ആവുമ്പോള്‍ വിവാഹജീവിതം ഭീതിജനകമായിരിക്കും; ഒരു സ്വസ്ഥതയും സൈ്വര്യവും ഉണ്ടാവില്ല. ഭര്‍ത്താവിന്റെ അടിയും തൊഴിയും സഹിച്ച് മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ട നിരവധി ഭാര്യമാരെ എനിക്കറിയാം. പരസ്പരം ആദരവും അംഗീകാരവും തിരിച്ചറിവുമാണ് വിവാഹത്തിന്റെ അടിസ്ഥാനം. ഒന്നുകില്‍ നല്ല നിലക്ക് കൂടെ നിര്‍ത്തുക. അല്ലെങ്കില്‍ ഉദാരമനസ്സോടെ, നന്മ നിറഞ്ഞ ഹൃദയത്തോടെ മോചനം നല്‍കുക. വിവാഹബന്ധമില്ലാതെ സര്‍വാദരവും അനുഭവിച്ച് മാന്യമായി ജീവിക്കുക, അല്ലെങ്കില്‍ അടിയും അപമാനവും സഹിച്ച് വിവാഹിതരായി ജീവിക്കുക- ഇവയില്‍ ഒന്ന് തെരഞ്ഞെടുക്കാന്‍ സ്ത്രീകളോടാവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും അവര്‍ ഒന്നാമത്തെ മാര്‍ഗമായിരിക്കും തെരഞ്ഞെടുക്കുക.

നാല്: സങ്കീര്‍ണമായ ദാമ്പത്യപ്രശ്‌നങ്ങളുടെ പെരുപ്പത്താല്‍ മനസ്സിന്റെ സമനില തെറ്റി പതറിപ്പോവുകയും ഉത്കണ്ഠകള്‍ ഏറിവരികയും ചെയ്യുന്ന അവസ്ഥ. എന്നും ഏതു നേരവും പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ദമ്പതികളുടെ കാര്യത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒന്നുകില്‍ അവര്‍ യഥാര്‍ഥമായും പ്രശ്‌നങ്ങളില്‍ കഴിയുന്നവരാണ്. അല്ലെങ്കില്‍ ഏതു നിമിഷവും പ്രശ്‌നങ്ങള്‍ പ്രതീക്ഷിക്കുന്നവരാണ്. ഇത്തരം ഒരു മാനസികാവസ്ഥ പേറുന്ന ദമ്പതികള്‍ വിവാഹബന്ധം തുടരുന്നത് ഭൂഷണമല്ല.

അഞ്ച്: മദ്യം, മയക്കുമരുന്ന് എന്നിവക്ക് അടിമയാവുക, അവിഹിത ബന്ധങ്ങളില്‍ ഏര്‍പ്പെടുക. ഈ അവസ്ഥയില്‍ വിവാഹജീവിതം നരകമാവും, തീര്‍ച്ച. വേര്‍പിരിയുകയാണ് കരണീയം. ഇത്തരം കേസുകളില്‍ വിവാഹജീവിതം തുടരാന്‍ ദമ്പതികളെ ഞാന്‍ ഉപദേശിച്ച സന്ദര്‍ഭവും ഉണ്ടായിട്ടുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടവന്‍ മാറ്റത്തിന് ഉറച്ച തീരുമാനം എടുത്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ട സന്ദര്‍ഭത്തിലാണ് വിവാഹമോചനം വേണ്ടെന്ന് ഞാന്‍ ഉപദേശിച്ചത്. വിവാഹബന്ധം തുടര്‍ന്നപ്പോള്‍ വിജയിച്ച അനുഭവവുമുണ്ട്. പരാജയപ്പെട്ട അനുഭവവും ഉണ്ട്. അവ വിവാഹമോചനത്തില്‍ കലാശിക്കുകയും ചെയ്തു.

ആറ്: ദാമ്പത്യ ജീവിതത്തിലെ തുടരെത്തുടരെയുള്ള വഞ്ചന. വഞ്ചന പലവിധമുണ്ട്. ചില കേസുകളില്‍ വേര്‍പിരിയാന്‍ നിര്‍ദേശിക്കും. ചില കേസുകളില്‍ ക്ഷമിക്കാനും നന്നാവാനുള്ള സന്ദര്‍ഭങ്ങള്‍ നല്‍കാനും ഉപദേശിക്കും.

ദമ്പതികള്‍ ഒന്നിച്ചോ ഒറ്റക്കോ വേര്‍പിരിയാന്‍ ഉദ്ദേശിക്കുന്ന ആറ് അവസ്ഥകളാണ് നാം സൂചിപ്പിച്ചത്. നിസ്സാര കാരണങ്ങളെ മുന്‍നിര്‍ത്തി വിവാഹമോചനത്തിന് ഝടുതിയില്‍ തീരുമാനമെടുത്ത് മുന്നോട്ടു പോകുന്ന സര്‍വസാധാരണമായ ഇന്നത്തെ രീതി ഒട്ടും ആശാസ്യമല്ല.

എന്റെ ഈ നിരീക്ഷണങ്ങളെക്കുറിച്ച് നിരവധി പ്രതികരണങ്ങള്‍ ലഭിച്ചു. വായനക്കാരുടേതായി പുതിയ ചില അഭിപ്രായങ്ങളും കിട്ടി. പിശുക്ക്, ദാമ്പത്യജീവിതത്തില്‍ ഭാര്യാപിതാവിന്റെയും ഭാര്യാമാതാവിന്റെയും ഇടപെടല്‍- അങ്ങനെ പലതും. അതില്‍ രസകരമായിത്തോന്നിയത് ഒരു ഭാര്യയുടെ പ്രതികരണമാണ്: 'താങ്കള്‍ സൂചിപ്പിച്ച ആറ് സന്ദര്‍ഭങ്ങളില്‍ നാലും അഭിമുഖീകരിച്ച സ്ത്രീയാണ് ഞാന്‍. ഇതൊക്കെയായിട്ടും ഞാന്‍ ക്ഷമിച്ചു കഴിഞ്ഞുകൂടുകയാണ്, വിവാഹമോചനത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല.' അതിനെക്കുറിച്ചുമുണ്ടായി പല പ്രതികരണങ്ങളും. 'നിങ്ങള്‍ അങ്ങനെ ക്ഷമിച്ചു കഴിഞ്ഞുകൂടേണ്ട, വിവാഹമോചനം ആവശ്യപ്പെടൂ. അത് നിങ്ങളുടെ അവകാശമാണല്ലോ.' വേറെ ചിലര്‍ പ്രതികരിച്ചതിങ്ങനെ: 'ക്ഷമിക്കുക, ജീവിച്ചു പോവുക. നിങ്ങളുടെ ഭര്‍ത്താവിനെ അല്ലാഹു നേര്‍വഴിയില്‍ നടത്തട്ടെ. അഭിമുഖീകരിക്കുന്ന നാലു അവസ്ഥകളും തിരുത്തി നന്നാക്കിത്തരട്ടെ. നിങ്ങള്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം കരുതിവെച്ചിരിക്കും.'

ഈ ലേഖനത്തില്‍ ഞാന്‍ ഉന്നയിക്കുന്ന ചോദ്യം. ദമ്പതികള്‍ക്കിടയില്‍ തുടരെത്തുടരെയുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങളും വിവാഹമോചനം ആവശ്യപ്പെടുന്നതാണോ? വിവാഹമോചനത്തില്‍ കലാശിക്കേണ്ടതാണോ അവയുടെ പര്യവസാനം?

ഈ ചോദ്യത്തിനുളള മറുപടി: രണ്ടു കാര്യങ്ങളുണ്ട്. ശരിയായ തീരുമാനമെടുക്കാന്‍ അവ രണ്ടും വേര്‍തിരിച്ചു മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഒന്നാമത്തേത്, പ്രശ്‌നത്തിന്റെ സ്വഭാവവും ഗൗരവവും. അത് ഇപ്പോള്‍ ഉണ്ടായതാണോ? പണ്ടേയുണ്ടോ? രണ്ടാമത്തേത്, മറുകക്ഷിയുടെ സാമ്പത്തികവും ശാരീരികവും മാനസികവുമായ സാഹചര്യങ്ങള്‍. രണ്ട് വ്യത്യസ്ത വീടുകളിലും കുടുംബങ്ങളിലും ഇതേ പ്രശ്‌നങ്ങള്‍ സംജാതമാവുമ്പോള്‍ തികച്ചും ഭിന്നമായ രീതിയിലാവും തീരുമാനങ്ങള്‍ ഉരുത്തിരിഞ്ഞുവരിക. തീരുമാനങ്ങള്‍ ആ കുടുംബങ്ങളുടെ സാഹചര്യവും ദമ്പതികളുടെ പ്രകൃതിയും ആശ്രയിച്ചിരിക്കും. അതാണ് ശരിയും.

ഉദാഹരണം. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഭര്‍ത്താവ്. ചെറിയ കുഞ്ഞുങ്ങളുണ്ട്. തന്റെ ഭര്‍ത്താവ് എന്നും ലഹരിബാധിതനായി വീട്ടില്‍ കയറിവരുന്നത് മക്കള്‍ കാണുമോ എന്ന ഭീതിയില്‍ കഴിയേണ്ടിവരുന്ന ഹതഭാഗ്യയായ ഭാര്യ. അല്ലെങ്കില്‍ ലഹരി അയാള്‍ വീട്ടില്‍ ഉപയോഗിക്കുന്നു. സമൂഹത്തില്‍ അവള്‍ക്ക് സുസ്ഥിതിയും സല്‍പ്പേരുമുണ്ട്. അവളുടെ വീട്ടുകാര്‍ അവളോടൊപ്പമാണുതാനും. അവളുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുമുണ്ട്. അവള്‍ക്ക് ജീവിക്കാന്‍ സ്വന്തമായി വരുമാനമുണ്ട്. ഈയൊരവസ്ഥയില്‍ അവള്‍ വിവാഹമോചനം ആവശ്യപ്പെടുന്നത് ശരിയായ തീരുമാനമാണ്.

എന്നാല്‍ മറ്റൊരു ഭാര്യ. അവള്‍ക്ക് മക്കളില്ല. ഭര്‍ത്താവ് ലഹരി ഉപയോഗിക്കുന്നത് വീട്ടിന് പുറത്താണ്. വീട്ടില്‍ ഉപയോഗിക്കുന്ന ശീലമില്ല. അല്ലെങ്കില്‍ മക്കള്‍ മുതിര്‍ന്നവരാണ്. അവളുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. അവള്‍ക്കാണെങ്കില്‍ ജീവിക്കാന്‍ സ്വന്തമായി വരുമാനമില്ല. ഇത്തരം സാഹചര്യങ്ങളില്‍ വേര്‍പാടിനെക്കുറിച്ചാലോചിക്കാതെ ക്ഷമിച്ചു ജീവിക്കുകയാണ് അവള്‍ക്ക് കരണീയം. അവളുടെ പ്രകൃതിയോടും ജീവിത സാഹചര്യങ്ങളോടും ഇണങ്ങുന്നത് ദാമ്പത്യജീവിതം തുടരാനുള്ള തീരുമാനമാണ്.

ഇത്തരം സാഹചര്യങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ദമ്പതികളുടെ അവകാശങ്ങളെക്കുറിച്ചും ബാധ്യതകളെക്കുറിച്ചും നിയമത്തിന്റെ ആനുകൂല്യങ്ങളെക്കുറിച്ചുമല്ല നാം ആലോചിക്കുക. ദാമ്പത്യജീവിതം അവസാനിപ്പിക്കാനുള്ള ഉചിതമായ സമയവും സമര്‍ഥമായ രീതിയും ഏതെന്നതാണ് നമ്മുടെ മുഖ്യ ചിന്താവിഷയം. കാരണം കുടുംബത്തിന്റെ ഭദ്രതക്ക് ഊനമണയ്ക്കുന്ന അവസ്ഥ തുടരുന്നത് ഭൂഷണമല്ല. എല്ലാ വശങ്ങളും വിശദമായും സമഗ്രമായും വിലയിരുത്തിയാണ് വേര്‍പിരിയലിനുള്ള തീരുമാനം നാം കൈക്കൊള്ളുന്നത്. നല്ല നിലക്ക് വിവാഹമോചനം സാധ്യമാക്കുന്ന കുറ്റമറ്റ തീരുമാനങ്ങളിലാണ് എത്തിയതെന്ന് നമുക്ക് പൂര്‍ണ ബോധ്യം വേണം. ദാമ്പത്യ പ്രശ്‌നങ്ങള്‍ പഠിക്കുകയും അപഗ്രഥിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ മുമ്പില്‍ നിരവധി മാനദണ്ഡങ്ങളുണ്ട്. ദമ്പതികളുടെ പ്രായം, ഇരുവരുടെയും സാമ്പത്തികവും ശാരീരികവും മാനസികവുമായ സാഹചര്യങ്ങള്‍, മക്കളുടെ എണ്ണം, അവരുടെ പ്രായം, അവരുടെ പ്രശ്‌നങ്ങള്‍, വേര്‍പിരിഞ്ഞാലുള്ള പാര്‍പ്പിട സൗകര്യം, പ്രശ്‌നത്തിന്റെ സ്വഭാവവും പഴക്കവും, ദമ്പതികളിലും മക്കളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍, പരസ്പരം വിട്ടുവീഴ്ചക്കുള്ള സന്നദ്ധത, ഒരു സന്ദര്‍ഭവും കൂടി നല്‍കാനുള്ള മനസ്സ്- ഇവയെല്ലാം പരിഗണിച്ചാവണം തീരുമാനമെടുക്കാന്‍ ദമ്പതികളെ സഹായിക്കുന്നത്. ഒരു കാര്യം അപ്പോഴും ഓര്‍ക്കുക. അന്തിമ തീരുമാനം ദമ്പതികളുടേതാണ്. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (17-19)
എ.വൈ.ആര്‍