Prabodhanm Weekly

Pages

Search

2017 ജൂലൈ 07

3008

438 ശവ്വാല്‍ 13

റമദാനു ശേഷം പതിവാക്കേണ്ട പത്ത് കാര്യങ്ങള്‍

ഇബ്‌റാഹീം ശംനാട്

അറബി ഭാഷയില്‍ കുതിരയെ പരിശീലിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പദമായ സൗമ് എന്ന വാക്ക് വ്രതാനുഷ്ഠാനത്തിനും ഉപയോഗിക്കുന്നത് യാദൃഛികമല്ല. കുതിരയെ പരിശീലിപ്പിക്കലും ഇസ്‌ലാമിലെ വ്രതാനുഷ്ഠാനവും രണ്ടും തീവ്രമായ പരിശീലന മുറകളാണ് എന്നതാണ് അവയെ യോജിപ്പിക്കുന്ന പൊതു ഘടകം. പരിശീലന കാലയളവില്‍ മാത്രം സജീവമാവുകയും മറ്റു കാലങ്ങളില്‍ പഴയതുപോലെ നിര്‍ജീവമാവുകയാണെങ്കില്‍ അത്തരം പരിശീലനത്തിന് പ്രത്യേകിച്ച് പ്രസക്തിയൊന്നുമില്ല.

റമദാന്‍ നമ്മോട് വിടപറഞ്ഞിരിക്കുകയാണ്. റമദാനിലെ തീവ്ര പരിശീലന സമയത്ത് വ്രതാനുഷ്ഠാനത്തിലൂടെ എണ്ണമറ്റ സല്‍ക്കര്‍മങ്ങള്‍ ചെയ്യാനും ജീവിതത്തെയും സ്വഭാവചര്യകളെയും ചിട്ടപ്പെടുത്താനും നാം പരിശീലിച്ചു.  ശവ്വാല്‍മാസ ചന്ദ്രക്കല പ്രത്യക്ഷപ്പെടുന്നതോടെ അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിലച്ചുപോവുകയാണെങ്കില്‍, ആ കര്‍മങ്ങളത്രയും ചേമ്പിലയില്‍ ഒഴിച്ച വെള്ളം പോലെയല്ലാതെ മറ്റെന്തൊണ്?

ആധുനിക മനഃശാസ്ത്ര പഠന പ്രകാരം ഇരുപത്തിയൊന്ന് ദിവസം ഒരു വ്യക്തിക്ക് പരിശീലനം ലഭിച്ചാല്‍ അത് ജീവിതത്തിലുടനീളം നിലനിര്‍ത്താന്‍ അയാള്‍ക്ക് സാധിക്കും. റമദാനിലെ 30 ദിന പരിശീലനങ്ങള്‍ക്ക് പലപ്പോഴും എന്തുകൊണ്ട്  ഫലസിദ്ധി കിട്ടാതെ പോവുന്നു? കാരണം  ഉപരിതലത്തിലെ ബോധ മനസ്സുമായി മാത്രമാണ് അതിന് ബന്ധമുള്ളത്.  ഉപബോധ മനസ്സിനെ അത് സ്പര്‍ശിക്കുന്നില്ല. ഏതൊരു പരിശീലനവും ഫലപ്രദമാവാന്‍ ആ പരിശീലനത്തിന്റെ ആവശ്യകത മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കണം. അത് നേടിയെടുക്കണമെന്ന നിശ്ചയദാര്‍ഢ്യവും സര്‍വോപരി അല്ലാഹുവിനോടുള്ള പ്രാര്‍ഥനയും ഉണ്ടായാല്‍ എത്ര ഉയരത്തിലെത്താനും ഏതും കീഴടക്കാനും സാധിക്കും.

റമദാനില്‍ പതിവായി ചെയ്തിരുന്ന ചുവടെ പറയുന്ന പത്ത് കാര്യങ്ങള്‍ ഉപബോധ മനസ്സിലേക്ക് കൊണ്ടുവരികയും അതിന്റെ ലക്ഷ്യം കൃത്യമായി ഗ്രഹിക്കുകയും അചഞ്ചലമായ നിശ്ചയദാര്‍ഢ്യം പ്രകടിപ്പിക്കുകയും പഠിച്ച അറിവ് പ്രയോജനപ്രദമായിത്തീരാന്‍ അല്ലാഹുവിനോട് ഉള്ളുരുകി പ്രാര്‍ഥിക്കുകയും ചെയ്താല്‍ ജീവിതത്തില്‍  വലിയ മാറ്റങ്ങള്‍ കൈവരിക്കാന്‍ കഴിയും. 

 

1. ഖുര്‍ആന്‍ പഠനം: മുസ്‌ലിമിന്റെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത കര്‍മമാണിത്. ആശയം മനസ്സിലാക്കാതെ ലോകത്ത് ഒരാളും ഒരു തുണ്ട് പേപ്പര്‍ പോലും വായിക്കാറില്ല. അതില്‍ ഒരു പ്രയോജനവുമില്ല. വിചിത്രമെന്ന പറയട്ടെ,  അധിക പേരും ഖുര്‍ആന്‍  ഈ രൂപത്തിലാണ് പാരായണം ചെയ്യുന്നത്. നിരവധി ഖുര്‍ആന്‍  പരിഭാഷകള്‍, ശ്രുതി മധുരമായ ഖുര്‍ആന്‍ പാരായണ സി.ഡികള്‍ തുടങ്ങി ഖുര്‍ആന്‍ പഠനത്തിന് ധാരാളം സൗകര്യങ്ങള്‍ ഇക്കാലത്തുണ്ട്. 6236 സൂക്തങ്ങളുള്ള ഖുര്‍ആന്‍ ദിനേന 10 സൂക്തങ്ങള്‍ പഠിച്ചാല്‍ ഒന്നര വര്‍ഷം കൊണ്ട് ആ ദൗത്യം പൂര്‍ത്തിയാക്കാം. കുടുംബാംഗങ്ങള്‍ ഒത്തൊരുമിച്ച് അല്‍പ സമയം ഖുര്‍ആന്‍ പഠനത്തിന് സമയം കണ്ടെത്തിയാല്‍ അത് കുടുംബ ബന്ധങ്ങളെ ഊഷ്മളമാക്കുകയും ചെയ്യും.

2. നമസ്‌കാരം കൃത്യമായി നിര്‍വഹിക്കുക: വിശ്വാസിയെ പ്രത്യേകം ഉണര്‍ത്തേണ്ടതില്ലാത്ത കാര്യമാണ് നമസ്‌കാരം. അല്ലാഹുവുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് സ്വലാത്ത്. റമദാനില്‍ അത് നാം ധാരാളമായി നിര്‍ഹിച്ചു. മറ്റു ദിവസങ്ങളില്‍ അത് കൃത്യമായി തന്നെ നിര്‍വഹിക്കുമെന്ന ദൃഢനിശ്ചയം ചെയ്യുക. ഐഛികമായ നമസ്

കാരങ്ങളും പതിവായി ചെയ്യാന്‍ ശ്രമിക്കുക. അല്ലാഹുവിനോട് കൂടുതല്‍ അടുക്കാനുള്ള മാര്‍ഗമാണത്. എന്നാല്‍ റമദാനിലെ ആ ഉന്മഷേം മറ്റു മാസങ്ങളില്‍ കാണാറില്ല എന്നതത്രെ പരമാര്‍ഥം. 

3. ആഴ്ചയിലെ നോമ്പ്: റമദാന്‍ മാസത്തിലെ ഉപവാസത്തിന്റെ ചൈതന്യം പ്രതീകാത്മകമായി നിലനിര്‍ത്താന്‍ മറ്റു മാസങ്ങളില്‍ ഇടക്കിടെ പ്രത്യേകിച്ചും തിങ്കള്‍, വ്യാഴം ദിവസങ്ങളിലോ ചാന്ദ്രമാസത്തിലെ 13,14,15 ദിവസങ്ങളിലോ നോമ്പനുഷ്ഠിക്കുന്നത് ഉത്തമമാണെന്ന് നബി (സ)  പഠിപ്പിക്കുകയുണ്ടായി. കൂടാതെ മുഹര്‍റം മാസത്തിലെ നോമ്പും അറഫാ നോമ്പും വിസ്മരിക്കാതിരിക്കുക. നോമ്പിന്റെ ശാരീരികവും ആത്മീയവും സാമൂഹികവുമായ ഗുണങ്ങള്‍ നിലനിര്‍ത്താന്‍ ആഴ്ചയിലോ മാസത്തിലോ നോമ്പ് അനുഷ്ഠിക്കുന്നത് എല്ലാ നിലക്കും പ്രയോജനപ്രദമാണ്.

4. സ്വദഖ നല്‍കല്‍:  റമദാന്‍ മാസത്തിലൂടെ  ആര്‍ജിച്ച മറ്റൊരു സദ്ഗുണമാണ് ദാനധര്‍മം. പണമുള്ളവര്‍ മാത്രം കൊടുക്കേണ്ടതല്ല അത്.  പരസ്പരം ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യരെ സംബന്ധിച്ചേടത്തോളം എന്തെങ്കിലും കൊടുക്കുകയോ വാങ്ങുകയോ ചെയ്യേണ്ടിവരാത്ത അവസ്ഥ ആര്‍ക്കുമുണ്ടാവില്ല.  പണം കൊടുക്കാന്‍ കഴിയുന്നവര്‍ അത് കൊടുക്കട്ടെ. അറിവ്, ജനസേവനം തുടങ്ങി എന്താണോ കൊടുക്കാന്‍ കഴിയുന്നത് മറ്റു മാസങ്ങളിലും തുടരട്ടെ.

5. മാതാപിതക്കളോടുള്ള ബാധ്യത: ആധുനിക ജീവിതരീതി കൊണ്ട് ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നവരാണ് രക്ഷിതാക്കള്‍. അതിന് ചിലര്‍ പരിഹാരം കാണുന്നത് വൃദ്ധ സദനങ്ങള്‍ നിര്‍മിച്ചുകൊണ്ടാണ്. താങ്ങും തണലുമായി നിലകൊണ്ട അവരെ  കൈവിടാന്‍ പാടില്ല. നമ്മെയും അതുപോലുള്ള വൃദ്ധകാലം കാത്തിരിക്കുന്നുണ്ടെന്ന കാര്യം വിസ്മരിക്കാതിരിക്കുക. വൃദ്ധരായ രക്ഷിതാക്കള്‍ ഉണ്ടായിരിക്കെ അവര്‍ക്ക് സേവനം ചെയ്യാതെ സ്വര്‍ഗം നഷ്ടപ്പെടുത്തിയവരെ ജിബ്‌രീല്‍ ശപിക്കുകയും നബി ആമീന്‍ പറയുകയും ചെയ്ത ഹദീസ് പ്രസിദ്ധമാണ്.

6. കുടുംബ ബന്ധം ശക്തിപ്പെടുത്തുക: റമദാനില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചും നോമ്പുതുറക്ക് ക്ഷണിച്ചും പെരുന്നാളിന് ആശംസകള്‍ കൈമാറിയും   കുടുംബബന്ധം ശക്തിപ്പെടുത്തിയിരുന്നു. അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും സൗഹൃദം പങ്കിടുന്നതും മനസ്സിന് വലിയ ആശ്വാസം പകരും. കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസത്തെ കുറിച്ചും അവരുടെ ധാര്‍മിക നിലവാരം, തൊഴില്‍, വിവാഹം എന്നിവയെ കുറിച്ചുമെല്ലാം ധാരണയുണ്ടാവാന്‍ ഇത് സഹായകമാണ്. 

7. തഖ്‌വാപരമായ ജീവിതം: സുഗന്ധപൂരിതമായ അനുഭവമായിരുന്നു റമദാന്‍. ജീവിതം മുഴുവന്‍ ഇസ്‌ലാമീകരിക്കാനുള്ള പരിശീലനത്തിന്റെ കാലം. തഖ്‌വ നേടിയെടുക്കുക എന്നതായിരുന്നു ഉപവാസത്തിലൂടെ  ഉന്നം വെച്ചിരുന്നത്. അല്ലാഹു കല്‍പിച്ചത് അനുഷ്ഠിക്കുകയും വിരോധിച്ചതില്‍നിന്ന് വിട്ടുനില്‍ക്കുകയുമാണ് തഖ്‌വയുടെ വിവക്ഷ. അത് കേവലം ആരാധനകളില്‍ മാത്രം പരിമിതമല്ലല്ലോ? നോമ്പിന്റെ മുഖ്യ ലക്ഷ്യം തഖ്‌വ തന്നെ. റമദാനിന്റെ  ചൈതന്യം നഷ്ടപ്പെടാതെ മറ്റു മാസങ്ങളിലും പരിപാലിക്കുക. നാവ് ഉള്‍െപ്പടെയുള്ള എല്ലാ അവയവങ്ങളും സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക.

8. നന്മ കല്‍പിക്കുക, തിന്മ തടയുക: സര്‍വതലങ്ങളിലും നടക്കേണ്ട ഇസ്‌ലാമിക പ്രബോധനമാണ് നന്മ കല്‍പിക്കുക, തിന്മ തടയുക എന്നത്. അതിന്റെ അഭാവത്തില്‍ സമൂഹത്തില്‍ വ്യാപകമായ തോതില്‍ തിന്മ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം നിസ്സഹായരായി കണ്ടുകൊണ്ടിരിക്കുമ്പോള്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മൗനാനുവാദം നല്‍കുകയാണ് നാമും  ചെയ്യന്നത്.  മനസ്സില്‍ അവശേഷിക്കുന്ന ഈമാനിന്റെ വെളിച്ചം അണഞ്ഞുപോവാതിരിക്കാന്‍ സാധ്യമാവുന്ന രൂപത്തില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകല്‍ അനിവാര്യമാണ്. അല്ലാത്തപക്ഷം നബി (സ) മുന്നറിയിപ്പ് നല്‍കിയതു പോലെ നിങ്ങള്‍ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നില്ലെങ്കില്‍, വൃത്തികെട്ടവര്‍ നിങ്ങളുടെ മേല്‍ ആധിപത്യം വാഴുന്ന ഒരു കാലം വരുമെന്ന സത്യം ഓര്‍ത്തിരിക്കുക.

9. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നേറ്റം: ജീവകാരുണ്യത്തിന്റെ മാസമായിരുന്നുവല്ലോ റമദാന്‍. ആരും പട്ടിണി കിടക്കരുതെന്ന് എല്ലാ വിശ്വാസികളും കൊതിച്ചിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സജീവമായിരുന്നു. ഇതിനര്‍ഥം മറ്റു മാസങ്ങളില്‍ പട്ടിണി കിടക്കുന്നത് ശ്രദ്ധിക്കുകയില്ല എന്നല്ലല്ലോ. കൊടുക്കുന്തോറും അല്ലാഹുവിന്റെ അനുഗ്രഹം വര്‍ധിക്കുകയേയുള്ളൂ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് എന്റെ പള്ളിയില്‍ ഭജനമിരിക്കുന്നതിനേക്കാള്‍ ഉത്തമമെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്.

10. അയല്‍പക്ക ബന്ധം നന്നാക്കുക: പുതിയ കാലത്ത് നമുക്ക് നഷ്ടപ്പെട്ടുപോയ അയല്‍പക്ക ബന്ധങ്ങള്‍ തിരിച്ചു പിടിക്കേണ്ടത് ഈമാനിന്റെ താല്‍പര്യമാണ്. തൊട്ടടുത്ത വീട്ടില്‍ എന്തു സംഭവിച്ചാലും അതൊന്നും എനിക്കറിയേണ്ട എന്ന മട്ടിലുള്ള ജീവിതമാണ്  നാട്ടിന്‍പുറങ്ങളില്‍ പോലും. നല്ല അയല്‍പക്ക ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ കുറ്റകൃത്യങ്ങളെ കൂട്ടുത്തരവാദിത്ത്വത്തിലൂടെ കുറച്ചുകൊുവരാന്‍ സാധിച്ചേനെ.

റമദാന്‍ മാസത്തെ പരിശീലനം നീര്‍കുമിളകള്‍ പോലെ ഉപരിതലത്തില്‍ മാത്രം ചെറിയ ഓളങ്ങള്‍ ഉാക്കി മറഞ്ഞുപോകാന്‍ പാടില്ലാത്തതാണ്. റമദാനില്‍ നേടിയെടുത്ത ദൈവഭക്തിയും ആത്മീയതയും തുടര്‍ ജീവിതത്തിലും നിലനിര്‍ത്തേണ്ടതുണ്ട്. അതിനു സഹായകമായ കാര്യങ്ങളാണ് മുകളില്‍ പരാമര്‍ശിച്ചത്. അതിലൂടെ റമദാനിന്റെ സ്വാധീനം വര്‍ഷം മുഴുവന്‍ നിലനിര്‍ത്താന്‍ സാധിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (128 - 140)
എ.വൈ.ആര്‍

ഹദീസ്‌

പരസ്പരം ബഹുമാനിക്കുക
ജുമൈല്‍ കൊടിഞ്ഞി