ജുനൈദിന്റെ പെരുന്നാള്‍ കുപ്പായം
കവിത
ഇത്
ജുനൈദിനു വേണ്ടി
സ്‌നേഹപ്പട്ടില്‍ നെയ്ത
സന്തോഷപ്പെരുന്നാള്‍ കുപ്പായം.
തുണിക്കടയില്‍
കവാടത്തിനരികില്‍
ആറ്റു നോറ്റും
നോമ്പു നോറ്റും
കുപ്പായം കാത്തിരിപ്പിലായിരുന്നു.
നീലാകാശ നിറത്തില്‍
താരത്തിളക്ക ഡിസൈനില്‍
ജുനൈദിന്റെ കരസ്പര്‍ശത്തില്‍
ഒരാലിംഗനം കിനാക്കണ്ട്
പെരുന്നാള്‍ കുപ്പായം കാത്തിരുന്നു.
തൊട്ടടുത്ത കടയിലെ
അത്തര്‍ കുപ്പിയില്‍നിന്നൊരു തുള്ളി
തിമര്‍ത്തുച്ചിയില്‍ തുള്ളിപ്പറഞ്ഞു;
'ജുനൈദിന്റെ പെരുന്നാള്‍ കുപ്പായത്തില്‍ ഞാന്‍
ആനന്ദമാരിയായി പെയ്തിറങ്ങും'.
അയല്‍പക്ക വീട്ടിലെ കൃഷ്ണന്റെ മകള്‍
കുസൃതിക്കുരുന്നാം
കമലക്ക്
സമ്മാനമായ് കണ്ടുവെച്ച ഭംഗിയുള്ള ബൊമ്മക്കുട്ടി
വിണ്ണില്‍ കണ്ണുയര്‍ത്തി കാത്തിരുന്നു
വേച്ചു വേച്ച്
ചിരിച്ചു ചിരിച്ചു നടക്കാന്‍
ജുനൈദിന്‍ താക്കോല്‍ തിരിക്കായി
കാത്തിരുന്നു.
ജുനൈദിന്‍ സ്വപ്‌നങ്ങള്‍
കയറ്റിയതിനാലാവാം
തീവണ്ടി ചക്രങ്ങള്‍
റെയില്‍ പാളത്തിലേക്ക്
കൂടുതല്‍ അമര്‍ന്നുനിന്നു.
അപ്പോഴാണവര്‍
ചൂളംവിളിയേക്കാളുച്ചത്തില്‍
കൊലവിളിയുമായോടിവന്നത്.
പെരുന്നാള്‍ കുപ്പായത്തിനു ബദല്‍
ശവക്കച്ച,
അത്തറിനു പകരം
ചുടു ചോരത്തുള്ളികള്‍,
ബൊമ്മയുടെ ചലനമറുത്ത്
ചിരിയെടുത്ത്
താക്കോലെടുത്തെറിഞ്ഞപ്പോള്‍
തീവണ്ടി കയറിയ ജുനൈദിന്‍ സ്വപ്‌നങ്ങള്‍
ആകാശത്തേക്കുയര്‍ന്നു.
ഒരായിരം പെരുന്നാള്‍ കുപ്പായത്തിനുമേല്‍
ജുനൈദിന്റെ പെരുന്നാള്‍ കുപ്പായം
രക്തചന്ദ്രനായി എന്നെന്നും
ഉദിച്ചുകൊണ്ടേയിരിക്കും.
Comments