'ഗോതങ്ക് വാദി'കള്‍ക്ക് രാജ്യം കീഴ്‌പ്പെടുമ്പോള്‍
ഹാഫിസ് ജുനൈദ് അടിയേറ്റു മരിച്ച രണ്ടാം നാളില്‍ വൃന്ദകാരാട്ടിനും മുഹമ്മദ് സലീമിനുമൊപ്പം അവന്റെ വീട്ടില്‍ ചെന്ന സ്‌നേഹിതനും ദേശാഭിമാനി ഫോട്ടോഗ്രാഫറുമായ വാസുദേവനാണ് ഈ ആക്രമണം കേവലം ബീഫിന്റെയോ സീറ്റിന്റെയോ തര്‍ക്കമല്ലെന്നും മുസ്‌ലിമെന്ന നിലയില്‍ നടന്ന ക്രൂരമായ ഹത്യയാണെന്നുമുള്ള വിവരം വിളിച്ചറിയിച്ചത്. മുസ്‌ലിമായത് കൊണ്ട് മാത്രം വര്‍ഗീയമായി നടന്ന ഈ ആക്രമണം കേട്ടറിഞ്ഞതിനേക്കാള്‍ ഗൗരവതരമാണെന്നും മലയാള മാധ്യമങ്ങള്‍ ഇതര്‍ഹിക്കുന്ന പ്രാധാന്യത്തിലെടുത്തിട്ടില്ലെന്നും നിങ്ങളെങ്കിലും ഈ വിഷയം പുറംലോകത്തത്തെിക്കാന്‍ ആവുന്നത് ചെയ്യണമെന്നും മനുഷ്യസ്‌നേഹിയായ ആ സുഹൃത്ത് ഫോണിലൂടെ കെഞ്ചിപ്പറയുകയായിരുന്നു. നേര്‍ക്കുനേര്‍ ലഭിച്ച വിവരങ്ങള്‍ പങ്കുവെക്കണമെന്ന് പറഞ്ഞപ്പോള്‍ ജുനൈദിന്റെയും മാതാപിതാക്കളുടെയും ഫോട്ടോ അടക്കം അയച്ചുതന്ന വാസുദേവന് എങ്ങനെയെങ്കിലും ഈ വിവരം കഴിയാവുന്നത്ര പുറംലോകത്തെ അറിയിക്കണമെന്ന വാശി മാത്രമേയുണ്ടായിരുന്നുള്ളൂ. ഇത്തരം ഘട്ടങ്ങളില്‍ സ്ഥലം സന്ദര്‍ശിക്കുന്ന ദല്‍ഹിയിലെ മുസ്‌ലിം നേതാക്കളില്‍നിന്നും വരുന്ന ഫോണ്‍വിളികളെ അനുസ്മരിപ്പിക്കുന്നതായിരുന്നു അവരേക്കാള്‍ വ്യാകുലതയോടെ ഹൃദയം തട്ടിയുള്ള ആ വിളി.
വാസുദേവവന്റെ വിളിക്ക് ശേഷം ബല്ലഭഗഢില്‍നിന്ന് ദല്‍ഹിയിലെത്തിയ വൃന്ദയും സലീമും വാര്‍ത്താസമ്മേളനം നടത്തിയതോടെ ദേശീയതലത്തില്‍ വിഷയം ചര്‍ച്ചയായി. അന്തര്‍ദേശീയ മാധ്യമങ്ങളടക്കം വിഷയം പഠിക്കാന്‍ ബല്ലഭഗഢിലേക്ക് തിരിച്ചു. സി.പി.എം പ്രതിനിധി സംഘം നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ പിറ്റേന്ന് ജമാഅത്തെ ഇസ്‌ലാമി, മുസ്‌ലിം മജ്‌ലിസെ മുശാവറ, വെല്‍ഫെയര്‍ പാര്‍ട്ടി, ദല്‍ഹി കെ.എം.സി.സി തുടങ്ങി നിരവധി സംഘടനകളുടെ പ്രതിനിധികള്‍ ജുനൈദിന്റെ വീട്ടിലേക്കൊഴുകി. മുഴുത്ത വര്‍ഗീയതയാല്‍ മനസ്സ് മരവിക്കാത്ത മനുഷ്യസ്‌നേഹികളെല്ലാം സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിനെ അപലപിച്ച് രംഗത്തുവന്നു. വിഷയമിങ്ങനെ മാലോകര്‍ അറിഞ്ഞതുകൊണ്ടാണ് എഫ്.ഐ.ആറും പിടിച്ചിരുന്ന മോദിയുടെ നിയന്ത്രണത്തിലുള്ള റെയില്‍വെ പോലീസും മനോഹര്‍ ലാല്‍ ഖട്ടറിന്റെ നിയന്ത്രണത്തിലുള്ള ജില്ലാ ഭരണകൂടവും അറസ്റ്റിനും അന്വേഷണത്തിനുമൊക്കെ സന്നദ്ധമായത്. തല്ലിക്കൊല്ലുന്ന സമയത്ത് ആര്‍ത്തുവിളിച്ച ജുനൈദിന് മുമ്പില്‍ നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ടിവന്ന സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിച്ചേര്‍ന്ന മനുഷ്യസ്‌നേഹികളും മാധ്യമങ്ങളും നല്‍കിയ പിന്തുണയുടെ കരുത്തിലാണ് കറുത്ത റിബണ്‍ കൈയില്‍ കെട്ടി ബല്ലഭഗഢിലുള്ളവര്‍ സെവയ്യയും ബിരിയാണിയും വെക്കാതെ തങ്ങളുടെ പ്രതിഷേധപ്പെരുന്നാള്‍ ആചരിച്ചത്.
മുസ്‌ലിംകള്‍ സാമുദായികമായി സംഘടിക്കുന്നതിനെയും മുസ്‌ലിം വിഷയങ്ങളെ സാമുദായികമായി നോക്കിക്കാണുന്നതിനെയും അതിശക്തമായി എതിര്‍ക്കുന്നവരും ജുനൈദിനായുള്ള പോരാട്ടത്തില്‍ മുമ്പിലുണ്ടായിരുന്നുവെന്നതാണ് നേര്. ആര്‍.എസ്.എസിനെയും ഐ.എസിനെയും സമീകരിക്കുന്നവരും ലിബറലുകളെന്ന് വിളിക്കപ്പെടുന്നവരും അടക്കം മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹിക സംഘടനാ നേതാക്കളും ഈ ക്രൂരഹത്യ രാജ്യനിവാസികള്‍ക്കും ഭരണകൂടത്തിനും മുമ്പില്‍ കൊണ്ടുവരാന്‍ പരിശ്രമിച്ചു. അത്തരം പ്രതിഷേധ സ്വരങ്ങളില്‍നിന്ന് രൂപം കൊണ്ടതായിരുന്നു 'നോട്ട് ഇന്‍ മൈ നെയിം' എന്ന് തലക്കെട്ടില്‍ ജൂണ്‍ 28-ന് ദല്‍ഹിയിലെ ജന്തര്‍ മന്തറിലും രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും അരങ്ങേറിയ പ്രതിഷേധം. ആള്‍ക്കൂട്ടം സ്വയം ശിക്ഷ വിധിച്ച് നടപ്പാക്കുന്ന കാടന്‍ സമ്പ്രദായത്തിനെതിരെ പ്രതിഷേധിക്കണമെന്നാഗ്രഹിച്ചവരെല്ലാം കക്ഷിത്വത്തിന്റെ കൊടികളേന്താതെ തന്നെ അതിനെ പിന്തുണച്ച് 'നോട്ട് ഇന്‍ മൈ നെയിം' എന്ന ബാനറിനെ അന്വര്‍ഥമാക്കി ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ തങ്ങളെക്കൊണ്ടെുമൊരു തള്ള് എന്ന നിലയില്‍ തങ്ങളുടെ ദൗത്യം നിറവേറ്റി. ഇസ്‌ലാമിക വിശ്വാസ സംരക്ഷണമോ മുസ്‌ലിം സാമുദായികതയോ അജണ്ടയിലില്ലാത്ത ശബ്‌നം ഹാശ്മി നോമ്പെടുത്ത് രക്തസാക്ഷിയായ ജുനൈദിന് വേണ്ടി തന്റെ പക്കലുള്ള ന്യൂനപക്ഷ കമീഷന്‍ അവാര്‍ഡ് മോദിയുടെ ശിങ്കിടിയായിത്തീര്‍ന്ന പ്രാക്ടീസിംഗ് മുസ്‌ലിമിന്റെ മുഖത്തേക്കെറിഞ്ഞുകൊടുക്കുന്ന കാഴ്ചക്കും ദല്‍ഹി സാക്ഷ്യം വഹിച്ചു. ഫണ്ടുകള്‍ തടഞ്ഞും ഓഫീസ് അടച്ചുപൂട്ടിയും അന്‍ഹദ് എന്ന സന്നദ്ധ സംഘടനയെ ശ്വാസം മുട്ടിച്ച് മൃതപ്രായമാക്കിയ ഘട്ടത്തിലായിരുന്നു ശബ്‌നം തന്റെ അവസാനത്തെ ആയുധം ജുനൈദിനായി പ്രയോഗിച്ചത്.
വംശഹത്യയുടെ പുതിയ ആവിഷ്‌കാരമാണിതെന്ന മുന്നറിയിപ്പുമായി ഈ കെട്ട കാലത്തും സഹവര്‍ത്തിത്വത്തിന്റെയും സഹാനുഭൂതിയുടെയും കൈത്തിരി കത്തിക്കാന്‍ ഇത്തരം വ്യക്തികളും കൂട്ടായ്മകളുമാണ് ഇനി രാജ്യത്ത് അവശേഷിക്കുന്നത് എന്നുകൂടി ജുനൈദിന്റെ രക്തസാക്ഷ്യം രാജ്യത്തോട് വിളിച്ചുപറയുന്നു. തലയെടുപ്പുള്ള നേതാക്കളെയെല്ലാം സി.ബി.ഐ, ആദായനികുതി, എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് എന്നീ ഭരണകൂട ഉപകരണങ്ങളെടുത്ത് പേടിപ്പിച്ച് മുഖ്യധാരാ പാര്‍ട്ടികളെ നാവനക്കാന്‍ കഴിയാത്ത വിധം നിശ്ശബ്ദരാക്കിയ ശേഷമാണ് ഇനിയൊരാളും ഒച്ചവെക്കാനില്ലെന്ന ആത്മവിശ്വാസത്തില്‍ സംഘ് പരിവാര്‍ ആള്‍ക്കൂട്ടത്തെ കൊണ്ട് രാജ്യത്തെ ന്യൂനപക്ഷ സമുദായത്തെ തല്ലിക്കൊല്ലിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ മുഖ്യധാരാ രാഷ്ട്രീയ സംഘടനകളെന്തുകൊണ്ട് ശബ്ദമുയര്‍ത്തുന്നില്ല എന്ന ചോദ്യം പോലും രാഷ്ട്ര വ്യവഹാരത്തെക്കുറിച്ചുള്ള അജ്ഞതയെയാണ് പ്രതിഫലിപ്പിക്കുന്നത്.
മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ നിസ്സഹായതക്കിടയിലാണ് നജീബിന്റെ തിരോധാനവും, ഗോതങ്ക്‌വാദികളുടെ ആക്രമണങ്ങളുമടക്കം രാജ്യത്തെ ഏറ്റവും തീക്ഷ്ണമായ രാഷ്ട്രീയ വിഷയങ്ങളെ പോലും ഇത്തരം വ്യക്തികളും കൂട്ടായ്മകളും ഏറ്റെടുക്കുന്നത്.
ഭരണകൂടത്തിന്റെ തണലില്‍ ഗോമാതാവിന്റെ പേരില്‍ തെരുവില്‍ അഴിഞ്ഞാടുന്ന ആതങ്കവാദികളെ (തീവ്രവാദികള്‍) അഥവാ ഗോതങ്കവാദികളെ നിലക്കുനിര്‍ത്താന്‍ നിയമനിര്‍മാണം ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രസ്ഥാനം ആരംഭിക്കാന്‍ ആഹ്വാനം ചെയ്ത് ദല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ ആഴ്ചകള്‍ക്ക് മുമ്പ് നടത്തിയ സംഗമത്തില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയാര്‍ക്കും സുപ്രീംകോടതി അഭിഭാഷകന്‍ സന്തോഷ് ഹെഗ്‌ഡെക്കുമൊപ്പം ഉറച്ച മതേതരവാദികളായ നിരവധി മുനഷ്യാവകാശ പ്രവര്‍ത്തകരാണ് അണിനിരന്നത്. ഇടതുപക്ഷത്തെ യുവനേതാക്കളായ കനയ്യകുമാറും ശഹ്‌ല റാശിദ് മസൂദും ദലിത് ആക്ടിവിസ്റ്റ് ജിഗ്‌നേഷ് മേവാനിയും വിവരാവകാശ പ്രവര്‍ത്തകന്‍ തഹ്‌സീന്‍ പൂനാവാലയും അണിനിരന്ന വേദിയിലേക്ക് എസ്.ഐ.ഒയുടെ പ്രതിനിധി എന്ന നിലയിലാണ് ജമാഅത്ത് സഹയാത്രികനായ നദീം ഖാനെ ജെ.എന്‍.യുവിലെ ഇടതുപക്ഷ ഐക്കണായ ശഹ്‌ല സംസാരിക്കാന്‍ ക്ഷണിച്ചത്. വരാനിരിക്കുന്ന ഇരുണ്ട ദിനങ്ങള്‍ മുന്‍കൂട്ടി കണ്ട് തങ്ങള്‍ തീണ്ടാപ്പാടകലെ മാറ്റി നിര്‍ത്തിയിരുന്ന മുസ്‌ലിം സംഘടനകളുമായുള്ള ചാര്‍ച്ച ഇടതുപക്ഷത്തെ യുവനേതൃത്വങ്ങളും ലിബറല്‍ ആക്ടിവിസ്റ്റുകളും ദേശീയ തലത്തില്‍ പുനര്‍നിര്‍വചിക്കുന്നത് ഇതാദ്യമല്ല. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുണ്ടായ നിസ്സഹായതയില്‍നിന്ന് ക്രമാനുഗതമായുണ്ടായ ഒരു തിരിച്ചറിവാണിത്. നജീബിന്റെ തിരോധാന വിഷയം മുസ്‌ലിം വിഷയമാക്കണോ മതേതര വിഷയമാക്കണോ എന്ന മസ്അലകളില്‍ സമുദായ സംഘടനകള്‍ കുടുങ്ങിപ്പോകുന്ന ഘട്ടത്തിലും ദല്‍ഹി പ്രസ് ക്ലബ് സ്വന്തം പേരിലും ചെലവിലും ബുക്ക് ചെയ്ത്, നജീബിന്റെ ഉമ്മയെയും സഹോദരിയെയും ജെ.എന്‍.യുവിലെ ഇടതുപക്ഷ നേതാക്കള്‍ക്കൊപ്പമിരുത്തി രാജ്യത്തിന്റെ ഒരു മനുഷ്യാവകാശ പ്രശ്‌നമാക്കി അവതരിപ്പിക്കാന്‍ എസ്.ഐ.ഒ ദേശീയ നേതൃത്വത്തിന് കഴിഞ്ഞത് പരുവപ്പെട്ടുവരുന്ന സാമൂഹിക സാഹചര്യത്തെക്കുറിച്ച ബോധ്യത്തില്‍നിന്നായിരുന്നു. ആരെയും കാത്തുനില്‍ക്കാന്‍ നേരമില്ലാത്ത ഈ ആപത്ഘട്ടത്തിലും ചങ്കൂറ്റത്തോടെ ശബ്ദമുയര്‍ത്തുന്ന മനുഷ്യസ്‌നേഹികളില്‍ അവശേഷിക്കുന്നവരെ ജാതിയുടെയും മതത്തിന്റെയും നിലപാടുകളുടെയും കളങ്ങളിലടയാളപ്പെടുത്തി അയിത്തം പ്രഖ്യാപിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് വാസുദേവനും ശബ്‌നവും കനയ്യയും ശഹ്‌ലയും തഹ്‌സീനും ജിഗ്‌നേഷുമൊക്കെ സമുദായത്തോട് പറയുന്നത്.
Comments