Prabodhanm Weekly

Pages

Search

2017 ജൂലൈ 07

3008

438 ശവ്വാല്‍ 13

ഫാഷിസത്തിന് പ്രതിരോധം തീര്‍ക്കുന്ന വിധം

ഹസനുല്‍ ബന്ന

ഇക്കഴിഞ്ഞ മാര്‍ച്ച് 29-ന് ദല്‍ഹിയിലെ ദേശീയ അന്വേഷണ ഏജന്‍സി ആസ്ഥാനത്തു നിന്ന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ കേരളത്തിലെ 'ഒമര്‍ അല്‍ഹിന്ദി ഐസിസ് മൊഡ്യൂള്‍' എന്ന് എന്‍.ഐ.എ പേരിട്ട കനകമല കേസിലെ കുറ്റപത്രം സമര്‍പ്പിച്ച വിവരമുണ്ട്. കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമുള്ള എട്ടു പേര്‍ ഇന്ത്യാ ഗവണ്‍മെന്റിനെതിരെ യുദ്ധം നയിക്കാന്‍ നടത്തിയ ഗൂഢാലോചനയെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2016 ഒക്‌ടോബര്‍ ഒന്നിന് ദേശീയ അന്വേഷണ ഏജന്‍സി സ്വമേധയാ എടുത്തതാണ് ഈ കേസെന്ന് വാര്‍ത്താകുറിപ്പില്‍ എന്‍.ഐ.എ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, തെക്കേ ഇന്ത്യയിലെ പ്രധാന വ്യക്തികളെയും പൊതുപ്രാധാന്യമുള്ള സ്ഥലങ്ങളെയും ലക്ഷ്യമിട്ട് ആക്രമണ വസ്തുക്കളും സ്‌ഫോടക വസ്തുക്കളും ശേഖരിച്ച് ഇനിയുമറിയാത്ത മറ്റു ചിലരെ കൂട്ടിയാണ് ഇന്ത്യാ ഗവണ്‍മെന്റിനെതിരെ യുദ്ധം നയിക്കാന്‍ ഇവരൊരുങ്ങിയത് എന്നാണ് കുറ്റപത്രത്തിലെ എന്‍.ഐ.എ ഭാഷ്യം.    

കണ്ണൂരിലെ മന്‍സീദ് മഹ്മൂദ് (30), കോഴിക്കോട്ടെ എന്‍.കെ റംശാദ് (24), എന്‍.കെ ജാസിം (25),  ഷജീര്‍ (35), മലപ്പുറത്തെ പി. സഫ്‌വാന്‍ (30), തൃശൂരിലെ സ്വാലിഹ് മുഹമ്മദ് (26), കോയമ്പത്തൂരിലെ റാശിദ് അലി (24) എന്നിവര്‍ക്കെതിരെ യു.എ.പി.എയുടെ ഏഴും ഐ.പി.സിയുടെ നാലും വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്ന് വാര്‍ത്താകുറിപ്പിലുണ്ട്. 

കോഴിക്കോട്ടെ ഷജീറിന്റെ നേതൃത്വത്തില്‍  '2016 ആഗസ്റ്റില്‍ അന്‍സാറുല്‍ ഖിലാഫ, കേരള' എന്ന പേരില്‍ ഉണ്ടാക്കിയ 'ഐസിസ് മൊഡ്യൂളി'ന്റെ  ഒരു രഹസ്യയോഗം ഒക്‌ടോബര്‍ രണ്ടിന് സംഘടിപ്പിക്കുന്നതിനിടയിലാണ് ഇവര്‍ അറസ്റ്റിലായതെന്നും ഷജീര്‍ അതിനു ശേഷം അഫ്ഗാനിസ്താനിലേക്ക് ഹിജ്‌റ പോയെന്നും എന്‍.ഐ.എ ആരോപിച്ചു. ഹൈകോടതി ജഡ്ജി, രാഷ്ട്രീയ നേതാക്കള്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിദേശ പ്രതിനിധികള്‍ തുടങ്ങിയ പ്രധാന വ്യക്തികളെ കൊല്ലാന്‍ ഇവര്‍ പദ്ധതിയിട്ടുവെന്നും  പ്രധാനമായും ഇന്‍സ്റ്റാഗ്രാമും പിന്നെ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് വിവിധ ഭീകരാക്രമണങ്ങള്‍ക്കായി രഹസ്യസംഘങ്ങളുണ്ടാക്കിയെന്നും കുറ്റാരോപണം തുടരുന്നു. കുറ്റാരോപിതര്‍ തങ്ങളുടെ കൂട്ടുകാരെ ഐസിസ് മൊഡ്യൂളിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുകയും ഭീകരസംഘടനക്ക് ഫണ്ട് ശേഖരണം നടത്തുകയും ചെയ്തുവെന്നും ഈ വാര്‍ത്താകുറിപ്പിലുണ്ടായിരുന്നു. 

വ്യത്യസ്ത സംഘടനാ പശ്ചാത്തലങ്ങളില്‍നിന്ന് വന്ന ഇവരെല്ലാവരും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെട്ടിരുന്നുവെന്ന് എന്‍.ഐ.എ പറയുന്നുണ്ടെങ്കിലും സമുദായ ചര്‍ച്ചകളില്‍ സജീവമായി ഇടപെടുന്നവരായി മന്‍സീദും ഫവാസുമൊഴികെയാരെയും കണ്ടിട്ടില്ല. ഇവരെ തന്നെയും മുമ്പ് പ്രവര്‍ത്തിച്ച സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെന്ന നിലയിലാണ് പലര്‍ക്കുമറിയുക. മറ്റുള്ളവര്‍ വല്ല അടച്ചിട്ട ഗ്രൂപ്പുകളിലും വല്ല ചര്‍ച്ചകളും നടത്തിയിട്ടുണ്ടോ എന്ന് സോഷ്യല്‍ മീഡിയയില്‍ സുതാര്യമായ ഇടപെടല്‍ നടത്തുന്നവരിലേറെ പേര്‍ക്കും അറിയുകയുമില്ല. 

രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ ഇതിനു മുമ്പ് പരിചയപ്പെടുത്തിയ ഇന്ത്യന്‍ മുജാഹിദ് മൊഡ്യൂളുകളെ ഓര്‍മിപ്പിക്കുന്ന ഈ കുറ്റപത്രത്തിലെ കുറ്റാരോപണങ്ങളില്‍ പുതുമയില്ലായിരുന്നുവെങ്കിലും ഈ കേസിലെ പ്രതികളായ ഒരാളെ പോലും സഹായിക്കാന്‍ ആരും പരസ്യമായി രംഗത്തുവന്നില്ല. ഇവരെല്ലാവരും പ്രതികളാണെന്ന ഉറപ്പുകൊണ്ടായിരുന്നില്ല, മറിച്ച് കേസില്‍ സഹായിച്ചവരെന്ന നിലയില്‍ പോലീസ് ബലിയാടാക്കുമോ എന്ന ഭീതിയിലാണിങ്ങനെ എല്ലാവരും മാറിനിന്നത്.

 

വേട്ടയാടപ്പെടുന്നവര്‍ക്കൊരു താങ്ങ്

സാമുദായിക വിഷയങ്ങളിലും തീവ്രവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും പരസ്പരം വിരുദ്ധ ചേരിയില്‍ എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച മന്‍സീദും ഫവാസും ഒരു പോലെ ഈ ഭീകരകേസില്‍ പ്രതികളായത് അവരെയറിയുന്ന പലരെയും ഞെട്ടിച്ചിരുന്നുവെന്നതാണ് വസ്തുത.  മുമ്പ് പോപ്പുലര്‍ ഫ്രിലുണ്ടായിരുന്നുവെങ്കിലും കടുത്ത തീവ്രവാദ ലൈന്‍ പലപ്പോഴും പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സംഘടനയില്‍നിന്ന് പുറത്തുപോകേണ്ടി വന്നയാളാണ് മന്‍സീദ്. മന്‍സീദിന്റെ അത്യന്തം കടുത്ത നിലപാടിനെതിരെ പോപുലര്‍ ഫ്രില്‍നിന്നുകൊണ്ട് എതിരഭിപ്രായം പ്രകടിപ്പിച്ചിരുന്നയാളാണ് ഫവാസ്. എന്നാല്‍ നേരത്തേ സംഘടന പുറത്താക്കിയ മന്‍സീദിനൊപ്പം എന്‍.ഐ.എ ഫവാസിനെ പ്രതിചേര്‍ത്തതോടെ  കുറ്റം തെളിയിക്കപ്പെടുന്നതുവരെ കാത്തിരിക്കാനാവില്ലെന്ന നിലപാട് സ്വീകരിച്ച് ഫവാസും പുറത്താക്കപ്പെടുന്നതാണ് പിന്നീട് കണ്ടത്. സമുദായത്തില്‍ ഇരകളാക്കപ്പെടുന്നര്‍ക്കു വേണ്ടി പോരാടാന്‍ കേരളത്തിലെ ഭീരുക്കളായ മുഖ്യധാരാ മുസ്‌ലിം സംഘടനകള്‍ക്ക് ത്രാണിയില്ലെന്ന് ഉറച്ചുവിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന, അതിനായി സംഘടനയുണ്ടാക്കിയ ഒരു വിഭാഗമാണ് തങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെ ഒരു പോലീസ് കേസിന്റെ പേരില്‍ പുറത്താക്കിയത്. ആരോപിക്കപ്പെടുന്ന കുറ്റകൃത്യം നടത്തിയെന്ന തോന്നല്‍ ഇല്ലാതിരുന്നിട്ടും ഇത്തരമൊരാളെ പുറത്താക്കാന്‍ സംഘടനയെ പ്രേരിപ്പിച്ചത് നിസ്സഹായാവസ്ഥ മാത്രമാണെന്നാണ് മനസ്സിലാവുന്നത്. വീര്യമേറിയ വാദങ്ങള്‍ നിരത്തി കേരളത്തിലെ മുസ്‌ലിം ചെറുപ്പക്കാരെ സ്വന്തം പക്ഷത്ത് നിര്‍ത്താന്‍ പാടുപെടുന്ന സംഘടന എത്തിപ്പെട്ട സഹതാപമര്‍ഹിക്കുന്ന നിസ്സഹായതയാണിത്. 

ഉത്തരം കിട്ടാത്ത ഗൗരവമേറിയ നിരവധി ചോദ്യങ്ങളാണ് ഈ കേസ് കേരളത്തിലെ മുസ്‌ലിം ചെറുപ്പക്കാര്‍ക്കും സംഘടനകള്‍ക്കും മുന്നില്‍ ഉയര്‍ത്തുന്നത്. ഏതെങ്കിലും ഒരു മുസ്‌ലിം സംഘടനാ പ്രവര്‍ത്തകന്‍ ഒരു ഭീകരക്കേസില്‍ പ്രതിയാക്കപ്പെട്ടാല്‍ ആ കേസിന്റെ മെറിറ്റ് നോക്കിയാണോ, സംഘടനയുടെ പ്രതിഛായ നോക്കിയാണോ ആ വ്യക്തിക്കെതിരെ സംഘടന നടപടി സ്വീകരിക്കേണ്ടത്? പ്രതിഛായയിലല്ല, ഇരകള്‍ക്കായുള്ള പോരാട്ടത്തിലാണ് ഒരു സംഘടനയുടെ ഊന്നലെങ്കില്‍ ആ സംഘടനയുടെ പ്രവര്‍ത്തകനെ കുടുക്കിയ കേസില്‍നിന്ന് അയാളെ രക്ഷിച്ചെടുക്കാനുള്ള വഴികളാലോചിക്കുകയും അതിനുള്ള നിയമസഹായം സംഘടന തന്നെ ചെയ്യുകയുമല്ലേ വേണ്ടത്? ഇത്തരം ഒരു കേസിലകപ്പെടും മുമ്പെ ഒരാളെ പുറത്താക്കേണ്ടിവരുന്നത് അയാള്‍ക്കെതിരായ കേസിനെ ബലപ്പെടുത്തുകയല്ലേ ചെയ്യുക? ഇനി അത്തരമൊരാള്‍ സംശയാതീതനാണെന്ന് ആ സംഘടനക്കും അതിന്റെ നേതാക്കള്‍ക്കും പോലും പൂര്‍ണമായ വിശ്വാസവും ബോധ്യവുമില്ലെങ്കില്‍ അത് സംഘടനാപരമായ അതിഗുരുതരമായ വീഴ്ചയായല്ലേ പരിഗണിക്കേണ്ടത്? കുറ്റം തെളിയിക്കപ്പെടുന്നതുവരെ പിടികൂടപ്പെട്ടവരെ നിരപരാധികളെന്ന നിലക്ക് കാണണമെന്ന മനുഷ്യാവകാശം പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വന്തം പ്രതിഛായയുടെ പ്രശ്‌നം വരുമ്പോള്‍ കൂടെ നടന്നവരെ കൈവിടുന്നത് ഒരു സമുദായം എത്തിപ്പെട്ട നിവൃത്തികേടിന്റെ ആഴവും പരപ്പുമാണ് കാണിക്കുന്നത്. 

 

ഖണ്ഡ്‌വയിലെ പാഠങ്ങള്‍

ഏതെങ്കിലും ഒരു കേസ് എടുത്ത് അതിനെ സാമാന്യവല്‍ക്കരിക്കുകയല്ല, പഠിച്ച കേസുകളിലെല്ലാം കണ്ട സമാന പാഠത്തിന് ഒരുദാഹരണം മാത്രമായി കനകമല കേസിനെ എടുത്തുകാണിച്ചുവെന്ന് മാത്രം. വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും ഭരണകുട ഭീകരതക്കും വിവേകമില്ലാത്തവര്‍ വൈകാരികമായി മറുപടി നല്‍കാന്‍ ശ്രമിച്ചതിന് മുസ്‌ലിം സമുദായം ഒടുക്കിക്കൊണ്ടിരിക്കുന്ന വിലയെന്താണെന്ന് അറിയാന്‍ മധ്യപ്രദേശിലെ ഖണ്ഡ്‌വയിലെ സന്ദര്‍ശനം തെല്ലൊന്നുമല്ല ഉപകരിച്ചത്. 

എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ 2001-ല്‍ സിമിയെ നിരോധിച്ചപ്പോഴാണ് സിമിയുടെ പേരില്‍ ഖണ്ഡ്‌വയില്‍ പോലീസ് വേട്ട തുടങ്ങുന്നത്. നിരോധിത സംഘടനയുടെ കലണ്ടറും ലഘുലേഖയും കണ്ടെത്തിയെന്ന് പറഞ്ഞായിരുന്നു അന്നൊക്കെ അറസ്റ്റ്. പലരുടെയും കേസിന് കനം കൂട്ടാനും ഭീകരക്കുറ്റങ്ങള്‍ ചുമത്താനും ആയുധങ്ങള്‍ കണ്ടെടുത്തുവെന്ന് ചേര്‍ക്കും. ഇത്തരം കേസുകളെ നിയമപരമായി നേരിടാന്‍ ഇവരുടെ കുടുംബങ്ങള്‍ തീരുമാനിച്ചതോടെ 2006 വരെ ഖണ്ഡ്‌വയില്‍ വര്‍ഗീയ വാദികളുടെയോ പോലീസിന്റെയോ ഭാഗത്തു നിന്ന് കാര്യമായ അതിക്രമങ്ങളൊന്നുമുണ്ടായിരുന്നില്ല. പിന്നീട് 2006-ല്‍ ഒരു കുടുംബം ബലിപെരുന്നാളിന് ബലി അറുക്കാനുള്ള ഒട്ടകത്തെ കൊണ്ടുവന്നത് തടഞ്ഞ് ബജ്‌റംഗ്ദളുകാര്‍ കുഴപ്പത്തിന് ശ്രമിച്ചു. ബജ്‌റംഗ്ദളുകാരുടെ പരാതിയില്‍ നിരവധി പേരെ അറസ്റ്റുചെയ്തു. ഇവരെല്ലാം ജാമ്യത്തിലിറങ്ങി കേസില്‍നിന്ന് രക്ഷപ്പെടാന്‍ പരക്കം പായുന്നതിനിടയില്‍ മീലാദുന്നബി ഘോഷയാത്രക്കിടയില്‍ ഖണ്ഡ്‌വയില്‍ വീണ്ടും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി. തുടര്‍ന്ന് കല്ലേറും ലാത്തിച്ചാര്‍ജുമായതോടെ ഒട്ടകക്കേസിലെ പ്രതികളടക്കം 40-ഓളം പേരെ പ്രതി ചേര്‍ത്തു. 

ഇവരെല്ലാം നിരോധിക്കപ്പെട്ട സിമിയുടെ പ്രവര്‍ത്തകരാണെന്നും അതിന്റെ പ്രവര്‍ത്തനം പ്രദേശത്ത് വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ആരോപിച്ച് തീവ്രവാദകേസിലെ പ്രതികളാക്കി മാറ്റി. ജയിലില്‍ കുടുങ്ങിയവര്‍ ഒരിക്കലും പുറത്തുവരാത്തവണ്ണം അവര്‍ക്കെതിരെ യു.എ.പി.എയും ഒന്നിന് പിറകെ ഒന്നായി കേസുകളും ചുമത്തിക്കൊണ്ടിരുന്നു. 

ഈ കേസുകളില്‍പെട്ടവരുടെ കുടുംബങ്ങളെല്ലാം അതിനു പിന്നാലെ നടക്കുന്നതിനിടയിലാണ് 2009-ല്‍ മധ്യപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡിലെ ഉന്നത ഉദ്യോഗസ്ഥന്‍ സീതാറാം യാദവിനെ ഖണ്ഡ്‌വയില്‍ വെച്ച് നാട്ടുകാരായ ചില സാമൂഹിക വിരുദ്ധര്‍ കൊലപ്പെടുത്തിയത്. കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ പോലും ആളുകളെ സിമി കേസില്‍പെടുത്തി പീഡിപ്പിച്ച യാദവിന്റെ വധത്തോടെ ആശ്വാസമായെന്ന് പറഞ്ഞവര്‍പോലും തിരിച്ചു പറയാന്‍ അധികം സമയം വേണ്ടിവന്നില്ല. പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ട സംഭവവും ഖണ്ഡ്‌വയിലെ സിമിയുമായി ബന്ധപ്പെടുത്തി. സീതാറാം യാദവ് കൊല്ലപ്പെട്ട കേസിലെ മുഖ്യ പ്രതിയായ അബൂഫൈസല്‍ മറ്റൊരു ക്രിമിനല്‍ കേസിലെ പ്രതികളുമായി ചേര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലാത്ത 12 അടി മാത്രം പൊക്കമുള്ള ഖണ്ഡ്‌വയിലെ ജയില്‍ ചാടുകയും ചെയ്തതോടെ ഖണ്ഡ്‌വയിലെ സിമി കേസിലകപ്പെട്ടവരുടെ ജീവന്‍ പോലും അപകടത്തിലായി. സിമി തടവുകാരെയെല്ലാം ഖണ്ഡ്‌വയില്‍നിന്ന് ഉജ്ജയിനിലെയും ഭോപാലിലെയും ജയിലുകളിലേക്ക് മാറ്റി ക്രൂരമായ പീഡനത്തിനിരയാക്കി. ഖണ്ഡ്‌വയില്‍നിന്ന് അബൂഫൈസലിനൊപ്പം രക്ഷപ്പെട്ട മഹ്ബൂബ്, അംജദ്, സാകിര്‍ എന്നിവരെ പിന്നീട് പിടികൂടി ഭോപാലിലെ ജയിലിലടച്ചു. അവശേഷിക്കുന്ന രണ്ട് പേരെ തെലങ്കാനയില്‍ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നാണ് പോലീസ് അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ഭോപാലിലെ വ്യാജ ഏറ്റുമുട്ടലില്‍ ഖണ്ഡ്‌വയിലെ നാല് പേര്‍ കൊല്ലപ്പെട്ടു. അബൂഫൈസലിനൊപ്പം രക്ഷപ്പെട്ട മഹ്ബൂബ്, അംജദ്, സാകിര്‍ എന്നിവരെ കൂടാതെ 2001-ല്‍ ആദ്യമായി സിമി കേസില്‍പെട്ട അഖീല്‍ ഖില്‍ജിയെയും പോലീസ് വെടിവെച്ചുകൊന്നു. ഖണ്ഡ്‌വയിലെ പൊക്കം കുറഞ്ഞ സുരക്ഷയില്ലാത്ത ജയില്‍ചാടിയെന്ന ന്യായത്തിലാണ് മനുഷ്യസാധ്യമല്ലെന്ന് അറിഞ്ഞിട്ടും ഭോപാലിലും ഇവര്‍ ജയില്‍ ചാടിയെന്ന് പോലീസ് പറഞ്ഞത്. 

ഖണ്ഡ്‌വ സെഷന്‍സ് അഡീഷനല്‍ കോടതി 2015 സെപ്റ്റംബര്‍ 30-ന് പുറപ്പെടുവിച്ച വിധിയില്‍ അഖീല്‍ ഖില്‍ജി അടക്കം 14 പേരെ സിമി അംഗങ്ങളാണെന്ന ആരോപണത്തില്‍നിന്ന് കുറ്റവിമുക്തരാക്കിയതായിരുന്നു. എന്നാല്‍ സിമിയെന്ന് പറഞ്ഞ് ഒരിക്കല്‍ പിടിച്ച അഖീലിനെ വെറുതെ വിട്ട വിധി വരുമ്പോഴേക്കും 2006-ലും 2008-ലും 2011-ലും സിമിയെന്ന് ആരോപിച്ച് വീണ്ടും കേസുകളില്‍ പ്രതിയാക്കിയതിനാല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ നീണ്ട വിചാരണകള്‍ക്കു ശേഷം കേസുകള്‍ ഓരോന്നോരോന്നായി ചുമലില്‍നിന്ന് മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അഖീല്‍ ഖില്‍ജിയെയും ഏറ്റുമുട്ടലിലൂടെ അവര്‍ ഇല്ലായ്മ ചെയ്തത്. ഇന്നിപ്പോള്‍ തീവ്രവാദികളെന്ന് ആരോപിച്ച് മധ്യപ്രദേശ് പോലീസ് ജയിലിലിട്ടവരും കോടതി പുറത്തുവിട്ടവരും ഏതുനിമിഷവും മരണത്തിന്റെ വിളിക്ക് കാതോര്‍ക്കേണ്ടിവരുമെന്നുറപ്പിച്ചു കഴിയുകയാണെന്നാണ് ഭോപാലില്‍ വെടിവെച്ചുകൊല്ലപ്പെട്ട എട്ടു തടവുകാര്‍ക്കൊപ്പം ഭോപാല്‍ ജയിലിലുണ്ടായിരുന്ന ഖലീല്‍ ചൗഹാന്‍ പറഞ്ഞത്. ഒട്ടകക്കേസും കലാപക്കേസുമെല്ലാം കഴിഞ്ഞ് ജയിലില്‍നിന്ന് പുറത്തുവന്ന് ഓട്ടോറിക്ഷ ഓടിച്ച് നാട്ടില്‍ കഴിയുന്നതിനിടയിലാണ് സഹോദരനെ കാണാനായി മഹാരാഷ്ട്രയിലെ വാഷിമിലെത്തിയ ഖലീലിനെ നാഗ്പൂര്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് കൊലപ്പെടുത്താന്‍ നോക്കിയത്. 

 

പോരാട്ടങ്ങള്‍ക്ക് വിഘ്‌നം തീര്‍ക്കരുത്

ഇത്തരം അനുഭവങ്ങളുടെയും പാഠങ്ങളുടെയും വെളിച്ചത്തിലാണ് അത്യധികം പ്രതികൂലമായ സാഹചര്യത്തില്‍ സ്വത്വപ്രതിസന്ധി നേരിടുന്ന ഇത്തരം സംഘടനകളോടുള്ള നിലപാടുകളെന്തായിരിക്കണമെന്ന ചര്‍ച്ച പോലും അപ്രസക്തമാണെന്ന് സമുദായത്തിലെ വിവേകമുള്ളവര്‍ പറയുന്നത്. സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍ സങ്കുചിതമായ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുകയും വൈകാരികാവേശം വാരിവിതറുകയും ചെയ്യുന്നതുകൊണ്ട് സംഘടനയുടെ തിണ്ണബലമേറ്റാനും സമുദായങ്ങള്‍ക്കിടയില്‍ മതിലുകള്‍ സൃഷ്ടിക്കാനും സഹായകമാകുമെന്നല്ലാതെ അതില്‍ അണിചേര്‍ന്നവരുടെ സുരക്ഷ പോലും ഉറപ്പിക്കാവില്ലെന്ന തിരിച്ചറിവാണ് ഇത്തരം സംഘടനകള്‍ എത്തിപ്പെട്ട പ്രതിസന്ധികള്‍ നമ്മോട് വിളിച്ചു പറയുന്നത്. തങ്ങള്‍ വികാരമുണര്‍ത്തി വിഭൃംജിതരാക്കിയ ആള്‍ക്കൂട്ടത്തോട് അരുതെന്ന് പറയാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ അവരെ നയിച്ച നേതൃത്വമാണ് പ്രതിക്കൂട്ടിലാവുക. മത-സാമുദായിക വിഭാഗീയതകള്‍ക്കതീതമായി മനുഷ്യസ്‌നേഹികളുടെ വിശ്വാസമാര്‍ജിക്കാതെ ഫാഷിസത്തിനെതിരായ പോരാട്ടം വിജയത്തിലത്തെിക്കുക സാധ്യമല്ലെന്നാണ് സമുദായത്തിനകത്ത് പരാജയപ്പെട്ട ഒടുവിലത്തെ പരീക്ഷണവും തെളിയിക്കുന്നത്. 

സാമുദായിക വികാരങ്ങളൊന്നുമുദ്ദീപിപ്പിക്കാതെ ഇരകള്‍ക്കായി മതവും ജാതിയും നോക്കാതെ രാജ്യത്തെ മനുഷ്യസ്‌നേഹികള്‍ ഉയര്‍ത്തുന്ന ശബ്ദവും നടത്തുന്ന പോരാട്ടവും നമുക്കു മുമ്പിലുണ്ട്. സമുദായം നിലവിളിച്ചു നടക്കുന്ന സമയത്തും ലാഭേഛയില്ലാതെ അവര്‍ക്കു വേണ്ടി വെയിലും മഴയും കൊണ്ട് ഭര്‍ത്സനവും കല്ലേറുമേറ്റുവാങ്ങിയ നിരവധി പേര്‍. ഭൂരിപക്ഷ സമുദായത്തിലെ ഇത്തരം മനുഷ്യസ്‌നേഹികള്‍ രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുടെ മതില്‍ സൃഷ്ടിക്കാന്‍ ഇടവരുത്തല്ലേയെന്ന് സ്വന്തം സമുദായാംഗങ്ങളെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുമ്പോള്‍ അവരുടെ ആത്മവീര്യം തകര്‍ക്കുന്ന തരത്തില്‍ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്നത് ആരു തന്നെയായാലും നന്ദികേടാണ്. മുഖ്യധാരാ ന്യൂനപക്ഷ സംഘടനകളോട് മുഖം തിരിച്ചു നടന്നിരുന്നവര്‍ പോലും കാലത്തിന്റെ തേട്ടം മനസ്സിലാക്കി ഫാഷിസത്തിനെതിരായ പോരാട്ടത്തിന് അവരുമായി കൈകോര്‍ക്കാന്‍ തയാറാകുമ്പോള്‍ അതിന് വിഘ്‌നം നില്‍ക്കുന്ന വികാരജീവികളോട് അരുതെന്ന് ഉറക്കെ പറയാന്‍ സമുദായ നേതൃത്വം ആര്‍ജവം കാണിക്കേണ്ട സമയമാണിത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (128 - 140)
എ.വൈ.ആര്‍

ഹദീസ്‌

പരസ്പരം ബഹുമാനിക്കുക
ജുമൈല്‍ കൊടിഞ്ഞി