കരഞ്ഞുകൊണ്ട് ജനിച്ചു; ഇനി ചിരിച്ചുമരിക്കുമോ?
'മനുഷ്യനെ നാം ആദരിച്ചിരിക്കുന്നു' എന്ന് ഖുര്‍ആന്‍ പറഞ്ഞു. എന്നാല്‍ അധികപേരും അതിന്റെ പൊരുള്‍ മനസ്സിലാക്കുന്നില്ല. ഒരാള്‍ ജീവിതത്തെ എങ്ങനെ കാണുന്നുവോ അതാണ് അയാള്‍ക്ക് ജീവിതം. സുഖലോലുപര്‍ക്ക് ജീവിതം കൂത്താടാനുള്ള അവസരമാണ്. മറ്റുള്ളവരുടെ കണ്ണീരൊപ്പാന്‍ മുന്നിട്ടിറങ്ങുന്നവര്‍ക്ക് ജീവിതം സേവനമാണ്.
സാഹചര്യമാണ് മനുഷ്യനെ രൂപപ്പെടുത്തുന്നത് എന്ന് പറയാറുണ്ട്. ഒരു പരിധിവരെ അത് ശരിയാണ്. എന്നാല്‍ എത്ര നല്ല സാഹചര്യത്തില്‍ വളര്‍ന്നാലും തെറ്റിലേക്ക് കൂപ്പുകുത്തുന്നവരുണ്ടാകാം. ചീത്ത സാഹചര്യത്തില്‍ ജനിക്കുന്നവര്‍ നല്ലവരായിത്തീര്‍ന്നതിന് ഉദാഹരണങ്ങളും കണ്ടെത്താം. സാഹചര്യങ്ങള്‍ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും അന്തിമമായി മനുഷ്യനെ രൂപപ്പെടുത്തുന്നത് അവന്റെ സ്വയം തെരഞ്ഞെടുപ്പാണ്. അതാണ് ഖുര്‍ആന്‍ പറഞ്ഞത്; 'മനുഷ്യന്റെ ഭാഗധേയം അവന്റെ പിരടിയില്‍തന്നെ ബന്ധിച്ചിരിക്കുന്നു' എന്ന്.
ജീവിതത്തെ വഴിതിരിച്ചുവിടുന്ന അതിശക്തമായ ചൂണ്ടുപലകകളാണ് വേദഗ്രന്ഥങ്ങളും പ്രവാചകന്മാരുടെ ജീവിതവും മഹാന്മാരുടെ വചനങ്ങളും. ഒരു ഗ്രന്ഥവും അതിനനുസൃതമായ ജീവിതവും ഒരു സമൂഹത്തെയാകെ വഴിതിരിച്ചുവിട്ട ചരിത്രമുണ്ട്; ഖുര്‍ആനും നബിചര്യയുമാണവ. ചരിത്രത്തെ ഗതിമാറ്റിയൊഴുക്കിയ ഗ്രന്ഥമാണ് ഖുര്‍ആനെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു ജനതയുടെ ജീവിതത്തെ അഗാധമായി സ്വാധീനിച്ച മുഹമ്മദ് നബിയെപ്പോലുള്ള വ്യക്തിത്വം ചരിത്രത്തില്‍ വേറെയില്ലെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്.
എല്ലാ കാലത്തെയും ജനമനസ്സുകളെ വെളിച്ചത്തിലേക്ക് നയിക്കാന്‍ പോന്നതാണ് ഉത്തമഗ്രന്ഥങ്ങള്‍. 'കാലമെന്ന ആഴക്കടലില്‍ നീന്തുന്നവര്‍ക്ക് ലക്ഷ്യത്തുറമുഖത്തെത്താന്‍ സഹായിക്കുന്ന വിളക്കുമാടങ്ങളാണ് അമൂല്യഗ്രന്ഥങ്ങള്‍' എന്ന് ബേക്കണ്‍. ഖുര്‍ആന്‍ ആരംഭിക്കുന്നത്, 'ഈ ഗ്രന്ഥം നിസ്സംശയം മനുഷ്യര്‍ക്ക് വഴികാട്ടിയാണ്' എന്ന വാക്യത്തോടെയാണ്. ഗ്രന്ഥങ്ങള്‍ക്ക് മനുഷ്യജീവിതത്തിലുള്ള സ്വാധീനത്തിന് കൂടിയാണ് ഖുര്‍ആന്‍ അടിവരയിടുന്നത്. പരിധിയില്ലാത്ത നന്മയുടെ ചക്രവാളമായാണ് ഗാന്ധിജി നല്ല പുസ്തകങ്ങളെ കാണുന്നത്. തന്റെ ജീവിതം രൂപപ്പെടുത്തുന്നതില്‍ ഉത്തമഗ്രന്ഥങ്ങള്‍ വഹിച്ച പങ്കിനെപ്പറ്റി ഗാന്ധിജി വ്യക്തമാക്കുകയുണ്ടായി.
പുസ്തകമില്ലാത്ത നാട് കാടന്മാരുടെ നാടാണ്. അതാണ് ചിന്തകനായ വോള്‍ട്ടയര്‍ ഇങ്ങനെ പറഞ്ഞത്: ''കാടന്മാരുടെ നാടുകളൊഴികെ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഭരിക്കപ്പെടുന്നത് പുസ്തകങ്ങളില്‍കൂടിയാണ്.'' ഒരു മനുഷ്യന് നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനം പണമോ വസ്തുക്കളോ അല്ല; പുസ്തകമാണ്. അബ്രഹാം ലിങ്കണ്‍ പറഞ്ഞു: ''ഞാന്‍ വായിച്ചിട്ടില്ലാത്ത ഒരു പുസ്തകം എനിക്ക് തരുന്ന വ്യക്തിയാണ് ഏറ്റവും നല്ല സുഹൃത്ത്.''
ലോകത്ത് ജീവിച്ചുമരിച്ച മഹാത്മാക്കളെ രൂപപ്പെടുത്തിയത് ഉത്തമഗ്രന്ഥങ്ങളാണ്. അവരെല്ലാം മറ്റുള്ളവര്‍ക്കു വേണ്ടി ജീവിച്ചവരുമാണ്. സ്വന്തം കാര്യം മാത്രം ചിന്തിക്കുന്നവരെക്കൊണ്ട് സമൂഹത്തിന് ഉപകാരമില്ല. അതുകൊണ്ടാണ് വിവേകാനന്ദന്‍ പറഞ്ഞത്: ''അന്യര്‍ക്കുവേണ്ടി ജീവിക്കുന്നവരേ ജീവിക്കുന്നുള്ളൂ. മറ്റുള്ളവരെല്ലാം ജീവിച്ചിരുന്നാലും മരിച്ചവര്‍ക്കു തുല്യമാണ്.''
ജീവിതവഴിയില്‍ പ്രഭ ചൊരിഞ്ഞുനില്‍ക്കുന്ന നക്ഷത്രങ്ങളാണ് നബിവചനങ്ങള്‍. നബിയുടെ വാക്കുകള്‍ കേള്‍ക്കാനും മനസ്സില്‍ കൊത്തിവെക്കാനും അനുചരന്മാര്‍ മത്സരിച്ചിരുന്നു. വെറുതെ ഓര്‍ത്തുവെക്കാനല്ല, ജീവിതത്തില്‍ പകര്‍ത്താനാണ് അവര്‍ നബിവചനങ്ങള്‍ തേടിയത്. ഉത്തമവചനങ്ങള്‍കൊണ്ട് ജീവിതത്തിന്റെ മൃദുലദളങ്ങള്‍ തീര്‍ത്ത ആ നല്ല മനുഷ്യര്‍ ചരിത്രത്തിലെ ഏറ്റവും നല്ല ജനതയായി വാഴ്ത്തപ്പെട്ടു.
തങ്ങള്‍ക്കും കുടുംബത്തിനും വേണ്ടി സമ്പത്ത് വാരിക്കൂട്ടാത്ത ത്യാഗിവര്യന്മാരായിരുന്നു അവര്‍. സംഭാവന നല്‍കാന്‍ 'ഇനിയെന്തുണ്ട് വീട്ടില്‍ ബാക്കി' എന്ന് നബി ചോദിച്ചപ്പോള്‍ അബൂബക്ര്‍ നല്‍കിയ മറുപടി നമ്മെ രോമാഞ്ചമണിയിക്കും; 'അല്ലാഹുവും റസൂലും മാത്രം.' അബൂബക്‌റിനെയും ഉമറിനെയും പോലുള്ള മഹാന്മാരായിരുന്നു മാനവചരിത്രത്തില്‍ നന്മയുടെ പൂങ്കാവനങ്ങള്‍ തീര്‍ത്തത്. അവരാകട്ടെ നബിയുടെ ശിക്ഷണത്തില്‍ വളര്‍ന്നവരായിരുന്നു. നബിയാകട്ടെ ഖുര്‍ആന്റെ ആള്‍രൂപവും.
ഇഹലോകത്ത് ഒരു വിദേശിയെപ്പോലെയോ വഴിപോക്കനെപ്പോലെയോ ജീവിക്കുക എന്ന് നബി പറഞ്ഞപ്പോള്‍ മറിച്ചൊരു വാദം ഉയര്‍ന്നില്ല; അനുസരിക്കുക മാത്രം, ജീവിതത്തില്‍ പകര്‍ത്തുക മാത്രം. തനിക്കു വേണ്ടി മാത്രം വാരിക്കൂട്ടുന്നവന് യഥാര്‍ഥ വിശ്വാസിയായിരിക്കാന്‍ കഴിയില്ല. തന്റെ പണപ്പെട്ടി നിറച്ചുവെക്കുകയും അയല്‍വാസിയായ സഹോദരന്റെ കാലിയായ വയര്‍ കാണാതിരിക്കുകയും ചെയ്യുന്നവനെ ഒരു മനുഷ്യരൂപം എന്നേ പറയാനാകൂ. 'കാണപ്പെടുന്ന നിന്റെ സഹോദരനെ സ്‌നേഹിക്കാത്ത നീ, കാണപ്പെടാത്ത ദൈവത്തെ എങ്ങനെ സ്‌നേഹിക്കും' എന്ന ബൈബിള്‍ വാക്യം വിശ്വാസികളായി നടിക്കുന്നവരുടെ കാപട്യം തുറന്നുകാട്ടുന്നുണ്ട്.
മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുമ്പോള്‍ പ്രയാസങ്ങളുടെ കടമ്പകള്‍ ഉയര്‍ന്നുവരിക സ്വാഭാവികം. പേടിച്ച് പിന്തിരിഞ്ഞോടുന്നവര്‍ക്ക് പറഞ്ഞതല്ല ജീവിതം. അതുകൊണ്ടാണ് 'ജീവധനാദികളുടെ നഷ്ടം കൊണ്ടും ജീവിത പ്രയാസങ്ങള്‍കൊണ്ടും മനുഷ്യന്‍ പരീക്ഷിക്കപ്പെടുമെ'ന്ന് ഖുര്‍ആന്‍ മുന്നറിയിപ്പു നല്‍കിയത്. 'വിഷമാവസ്ഥ കൂടാതെയുള്ള ജീവിതം ജീവിതമല്ല' എന്ന് സോക്രട്ടീസ്. 'കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെയുള്ള തേരോട്ടമാണ് ജീവിതം' എന്ന് കവി ഇടശ്ശേരിയുടെ ദര്‍ശനം. അദ്ദേഹം ആവേശത്തോടെ പാടി:
'എനിക്ക് രസമീ നിംന്നോന്നതമാം
വഴിക്കു തേരുരുള്‍ പായിക്കല്‍.'
എല്ലാ കുഞ്ഞുങ്ങളും കരഞ്ഞുകൊണ്ടാണ് പിറക്കുന്നത്. ക്രമേണ അവന്‍/അവള്‍ നേട്ടങ്ങള്‍ കൊയ്തുകൂട്ടുന്നു. ജനങ്ങള്‍ക്കിടയില്‍ എങ്ങനെ ജീവിക്കുന്നു എന്ന് ഓരോരുത്തരും വിലയിരുത്തപ്പെടുന്നുണ്ട്. കരഞ്ഞുകൊണ്ട് ജനിച്ചവന് സന്തോഷത്തോടെ തിരിച്ചുപോകാന്‍ കഴിയുമോ? കഴിയണമെങ്കില്‍ മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കണം. അപ്പോള്‍ അവന്റെ മരണത്തില്‍ മറ്റുള്ളവര്‍ കണ്ണീര്‍ വാര്‍ക്കും. തുളസീദാസിന്റെ വാക്കുകള്‍ ജീവിതത്തില്‍ പകര്‍ത്തുന്നവര്‍ക്ക് അത് കഴിയും. അദ്ദേഹം പറഞ്ഞു: 'നീ ലോകത്തേക്ക് വന്നപ്പോള്‍ ലോകം ചിരിക്കുകയും നീ കരയുകയും ചെയ്തു. നീ ലോകം വിട്ടുപോകുമ്പോള്‍ ലോകം കരയുകയും നീ ചിരിക്കുകയും വേണം. ആ വിധത്തില്‍ ജീവിക്കുക.'
മനുഷ്യത്വവും ജീവകാരുണ്യവും ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ വാക്കുകള്‍ക്കും മകുടം ചാര്‍ത്തുന്നു ഈ നബിവചനം: ''മണ്ണിലുള്ളവരോട് കരുണ കാണിക്കുക. എങ്കില്‍ വിണ്ണിലുള്ളവര്‍ നിങ്ങളോടും കരുണ കാണിക്കും.''
Comments