Prabodhanm Weekly

Pages

Search

2017 ജൂലൈ 07

3008

438 ശവ്വാല്‍ 13

അബൂനസ്വ്ര്‍ അല്‍ ഫാറാബി

എ.കെ അബ്ദുല്‍ മജീദ്‌

തത്ത്വചിന്തയില്‍ രാജാവും ലൗകിക കാര്യത്തില്‍ ദരിദ്രനുമായിരുന്നു രണ്ടാം അരിസ്റ്റോട്ടില്‍ എന്നറിയപ്പെട്ട ഫാറാബി. തുര്‍ക്കിസ്താനിലെ ഫാറാബ് പ്രവിശ്യയിലുള്ള വസീജ് ഗ്രാമത്തില്‍ ഏകദേശം ഹി 258, ക്രി 870-ല്‍ ജനിച്ചു. മരണം 339/950-ല്‍. മുഹമ്മദു ബ്‌നു മുഹമ്മദു ബ്‌നു തര്‍ഖാനുബ്‌നു ഔസല്‍ഗ് എന്നാണ് ശരിക്കുള്ള പേര്. ഹിജ്‌റ നാലാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടക്ക് രചിക്കപ്പെട്ട അറബി ഗ്രന്ഥങ്ങളില്‍നിന്നാണ് ഫാറാബിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. ഒരു പട്ടാള ഓഫീസറുടെ മകനായിരുന്ന ഫാറാബി ചെറുപ്പത്തിലേ പിതാവിനൊപ്പം ബഗ്ദാദിലേക്ക് പോയി എന്നാണ് ജീവചരിത്രകാരന്മാര്‍ പറയുന്നത്. അവിടെ വെച്ചാണ് ഫാറാബി തര്‍ക്കവും തത്ത്വചിന്തയും അഭ്യസിച്ചത്. അരിസ്റ്റോട്ടിലിന്റെ കൃതികള്‍ അറബിയിലേക്ക് മൊഴിമാറ്റം ചെയ്ത യോഹന്നാന്‍ ഇബ്‌നു ഹൈമാന്‍, അബൂബിശ്ര്‍ മാത്ത, അബൂബക്‌റുബ്‌നു സര്‍റാജ്, ഖാളീ സഈദ് തുടങ്ങിയ പ്രഗത്ഭരായിരുന്നു ഗുരുനാഥന്മാര്‍. അബൂബക്‌റുബ്‌നു സര്‍റാജില്‍ നിന്ന് വ്യാകരണം പഠിച്ച ഫാറാബി തിരിച്ച് തര്‍ക്കശാസ്ത്രം പഠിപ്പിച്ചുകൊടുത്തു. ഹി 330/ക്രി 942-ല്‍ ബഗ്ദാദില്‍നിന്ന് സിറിയയിലേക്ക് പോയി. അലപ്പോയിലും ദമസ്‌കസിലും ഏതാനും വര്‍ഷങ്ങള്‍ ചെലവഴിച്ചതിനുശേഷം ഈജിപ്തിലേക്കു പോയി. ഒരു വര്‍ഷത്തിനകം ദമസ്‌കസില്‍ തിരിച്ചെത്തി. അവിടെ വെച്ചായിരുന്നു അന്ത്യം.

സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളിലൊന്നും ഇടപെടാതെ ശാന്ത ജീവിതമാണ് ഫാറാബി നയിച്ചിരുന്നത്. വായനയും ചിന്തയും എഴുത്തുമായിരുന്നു അദ്ദേഹത്തിന്റെ ലോകം. കുറച്ചു കാലം ഫാറാബി ന്യായാധിപനായി ജോലി ചെയ്തിരുന്നതായി ഇബ്‌നു അബീ ഉസൈ്വബ തന്റെ ഉയൂനുല്‍ അന്‍ബാഉ ഫീ ത്വബഖാതില്‍ അത്വിബ്ബാഅ് എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഖുര്‍ആന്‍, പ്രവാചകചര്യ, മതമീംമാംസ എന്നിവയില്‍ പരമ്പരാഗത രീതിയില്‍ പഠനം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഫാറാബി തര്‍ക്കവും തത്ത്വചിന്തയും വൈദ്യവും അഭ്യസിച്ചത്. അറബി, തുര്‍ക്കി, പാര്‍സീ ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. ഫാറാബിക്ക് ഗ്രീക്ക് അറിയാമായിരുന്നു എന്നതിനു തെളിവുകളില്ല. 'എഴുപത് ഭാഷകള്‍ അദ്ദേഹത്തിനു വശമുണ്ടായിരുന്നു' എന്ന് ഇബ്‌നു ഖല്ലിഖാന്‍ എഴുതിയിട്ടുെങ്കിലും അത് അതിശയോക്തിയാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. അന്വേഷണകുതുകിയായിരുന്ന ഫാറാബി വൈജ്ഞാനിക തൃഷ്ണ ശമിപ്പിക്കുന്നതിനാണ് സിറിയയിലും ഈജിപ്തിലും യാത്ര നടത്തിയത്. ധാരാളം ശിഷ്യന്മാരെ അദ്ദേഹം ആകര്‍ഷിച്ചു. പ്രമുഖ തര്‍ക്കശാസ്ത്രജ്ഞന്‍ യഹ്‌യ ഇബ്‌നു ആദി ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു.

ബഗ്ദാദ് വിട്ട് അലപ്പോയില്‍ എത്തിയ ഫാറാബി അവിടെ സൈഫുദ്ദൗലയുടെ കൊട്ടാര സദസ്സില്‍ സദസ്യനായി സ്വീകരിക്കപ്പെട്ടു. എന്നാല്‍ കൊട്ടാരത്തിന്റെ പറുദീസാ സമാനമായ പകിട്ടുകളൊന്നും ഫാറാബിയെ പ്രലോഭിപ്പിച്ചില്ല. ഒരു സൂഫി ഫഖീറിനെ പോലെയാണ് അദ്ദേഹം ജീവിച്ചത്. മരത്തണലിലിരുന്നാണ് അദ്ദേഹം ഗ്രന്ഥരചന നടത്തിയിരുന്നത്. തോട്ടം പണിക്കാരനായി ഫാറാബി ജോലി ചെയ്തിരുന്നതായും കാവല്‍ക്കാരന്റെ വിളക്കുപുരയില്‍നിന്നുള്ള വെളിച്ചത്തിലാണ് വായിച്ചിരുന്നതെന്നും ഇബ്‌നു അബീ ഉസൈ്വബ് എഴുതിയിട്ടുണ്ട്. സ്വന്തമായി കിടപ്പാടം ഉണ്ടായിരുന്നില്ല. ദാരിദ്ര്യമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ദമസ്‌കസിനും അസ്ഖലാനിനുമിടയില്‍ യാത്ര ചെയ്തുകൊണ്ടിരിക്കവെ പെരുവഴി കൊള്ളക്കാര്‍ ഫാറാബിയെ വധിച്ചു എന്ന് ചരിത്രകാരനായ ബൈഹഖി തന്റെ താരീഖു ഹുകമാഇല്‍ ഇസ്‌ലാം എന്ന കൃതിയില്‍ പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ശരിയാവണമെന്നില്ല എന്ന് മറ്റു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഫാറാബിയുടെ സംസ്‌കാരച്ചടങ്ങുകളില്‍ ഭരണാധികാരി നേരിട്ടു പങ്കെടുത്തത് കൊട്ടാരത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പദവി വളരെ വലുതായിരുന്നു എന്നു സൂചിപ്പിക്കുന്നു.

 

രചനകള്‍

ഫാറാബിയുടെ കൃതികളുടെ എണ്ണം നൂറില്‍പരം എന്നും എഴുപത് എന്നും വ്യത്യസ്ത രീതികളില്‍ രേഖപ്പെടുത്തിക്കാണുന്നുണ്ട്. ഗ്രന്ഥങ്ങളില്‍ പകുതിയും തര്‍ക്കശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രതിപാദിച്ചത്. ബാക്കി പകുതിയില്‍ മറ്റു പ്രധാന വിജ്ഞാന ശാഖകളിലെല്ലാമുള്ള കൃതികള്‍ ഉള്‍പ്പെടുന്നു. തര്‍ക്കശാസ്ത്രത്തില്‍ ഫാറാബിയുടെ പ്രത്യേക വൈഭവത്തെ സൂചിപ്പിക്കുന്നു് പ്രസ്തുത വിഷയത്തിലെ ഗ്രന്ഥാധിക്യം. അരിസ്റ്റോട്ടില്‍ കൃതികളുടെ വ്യാഖ്യാനമോ അനുബന്ധമോ ആണ് തര്‍ക്കശാസ്ത്ര കൃതികളില്‍ അധികവും. ഫാറാബിക്ക് തര്‍ക്കശാസ്ത്രത്തിലുണ്ടായിരുന്ന വിശേഷ പാണ്ഡിത്യമാണ് അദ്ദേഹത്തിന് 'അല്‍ മുഅല്ലിമു ഥാനീ' (രാമത്തെ ഗുരുനാഥന്‍) എന്ന അപരാഭിധാനം നേടിക്കൊടുത്തത് (ഒന്നാമത്തെ അധ്യാപകന്‍ അരിസ്റ്റോട്ടിലാണ്).

ഫാറാബിയുടെ മുഴുവന്‍ രചനകളും ലഭ്യമല്ല. ചില കൈയെഴുത്തു പ്രതികള്‍ സമീപകാലത്ത് മുദ്രണം ചെയ്യപ്പെടുകയുണ്ടായി. ഫാറാബിയുടെ പേരില്‍ പ്രചരിച്ച ചില കൃതികളുടെ കര്‍തൃത്വം സംശയാസ്പദമാണെന്ന് വിലയിരുത്തപ്പെടുന്നു. ഫുസൂലുല്‍ മസാഇല്‍, രിസാലതുന്‍ ഫില്‍ മന്‍ത്വിഖ്, രിസാലത്തുന്‍ ഫില്‍ ഖിയാസ്, രിസാലത്തുന്‍ ഫീ മാഹിയതിര്‍റൂഹ്, മബാദിഉ ആറാഇ അഹ്‌ലില്‍ മദീനത്തില്‍ ഫാളില, അസ്സിയാസതുല്‍ മദനിയ്യ, ഇഹ്‌സ്വാഉല്‍ ഉലും, അസ്സീറത്തുല്‍ ഫാളില, കിതാബുല്‍ ഹുറൂഫ്, കിതാബു അല്‍ഫാളില്‍ മുസ്തഅ്മല ഫില്‍ മന്‍ത്വിഖ്, തഹ്‌സ്വീലുസ്സആദ എന്നിവയാണ് ഫാറാബിയുടെ ലഭ്യമായ കൃതികളില്‍ പ്രധാനം.

അമ്പതു വയസ്സിനു ശേഷമാണ് ഫാറാബി ഗ്രന്ഥരചന ആരംഭിച്ചെതെന്ന് ജീവചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. അവസാനത്തെ മുപ്പതു വര്‍ഷങ്ങളിലാണ് അദ്ദേഹത്തിന്റെ എല്ലാ കൃതികളും രചിക്കപ്പെട്ടത് എന്നര്‍ഥം. തത്ത്വചിന്തകന്‍ എന്ന നിലക്ക് പൂര്‍ണ വളര്‍ച്ച എത്തിയതിനു ശേഷം രചിക്കപ്പെട്ടവ ആകയാല്‍ കൃതികളിലൊന്നും വൈരുധ്യങ്ങളോ ആശയപരമായ അവ്യക്തതയോ ഇല്ല. സൂക്ഷ്മമായി തെരഞ്ഞെടുത്ത വാക്കുകളും പ്രയോഗങ്ങളുമാണ് രചനകളില്‍ കാണുക. ആപ്തവാക്യങ്ങള്‍ പോലെ അര്‍ഥപൂര്‍ണമായ ലഘുവാക്യങ്ങളാണ് ഫാറാബിയുടേത്. അദ്ദേഹത്തിന്റെ ചെറുനിബന്ധമായ ഫുസ്വൂസ്വുല്‍ ഹികമിന് വളരെ വലിയ വ്യാഖ്യാനം രചിക്കേണ്ടിവന്നു മാക്‌സ്‌ഹോര്‍ട്ടന്. ആവര്‍ത്തനവും വൃഥാസ്ഥൂലതയും അദ്ദേഹം ഒഴിവാക്കി. കൃത്യതയും ഹ്രസ്വതയും ദീക്ഷിച്ചു. നല്ല ഗ്രാഹ്യമുള്ളവര്‍ക്ക് മാത്രം മനസ്സിലാവുന്ന രീതിയിലാണ് അദ്ദേഹം രചന നിര്‍വഹിച്ചത്. തത്ത്വം പഠിച്ചവര്‍ക്ക് മാത്രം മനസ്സിലായാല്‍ മതി എന്ന് നിഷ്‌കര്‍ഷ രചനാ വേളയില്‍ ഫാറാബിക്കുണ്ടായിരുന്നതായി ഊഹിക്കാവുന്നതാണ്. ആപ്തവാക്യസമാനമായ അദ്ദേഹത്തിന്റെ ചില വാക്യങ്ങളുടെ പൊരുള്‍ ഇന്നും ദുര്‍ഗ്രഹമാണെന്നു പറയപ്പെടുന്നു. വിഷയങ്ങളെയും ആശയങ്ങളെയും വര്‍ഗീകരിക്കുന്നതില്‍ സമര്‍ഥനായിരുന്നു അദ്ദേഹം. 'തത്ത്വചിന്ത പഠിക്കുന്നതിനു മുമ്പ് എന്തെല്ലാം പഠിക്കണം?' എന്ന ശീര്‍ഷകത്തില്‍ അദ്ദേഹമെഴുതിയ പ്രബന്ധം ഇതിനുദാഹരണമാണ്. ഗ്രീക്ക് വിജ്ഞാനീയത്തെ അദ്ദേഹം ഈ പ്രബന്ധത്തില്‍ വ്യക്തമായി വര്‍ഗീകരിച്ചിട്ടുണ്ട്.

അടിസ്ഥാന തത്ത്വങ്ങള്‍ വിശദീകരിച്ചതിനുശേഷം ആശയ വിപുലീകരണം നടത്തുന്ന രീതിയാണ് അദ്ദേഹം പിന്തുടര്‍ന്നത്. അരിസ്റ്റോട്ടിലിയന്‍ തത്ത്വങ്ങളെ വിശദീകരിക്കുകയോ സംഗ്രഹിക്കുകയോ ചെയ്യാതെ സ്വന്തമായ ശൈലിയില്‍ അവതരിപ്പിക്കുകയായിരുന്നു ഫാറാബി. തത്ത്വശാസ്ത്ര യുക്തികളെ സാധാരണ ഭാഷയുടെ വ്യാകരണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള കഠിനമായ ശ്രമങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. 'കിതാബുല്‍ ഹുറൂഫ്' (അക്ഷരങ്ങളുടെ പുസ്തകം), 'കിതാബുല്‍ അല്‍ഫാളില്‍ മുസ്തഅ്മല ഫില്‍ മന്‍ത്വിഖ്' (തര്‍ക്കശാസ്ത്രത്തില്‍ ഉപയോഗിച്ചുവരുന്ന വചനങ്ങളെ സംബന്ധിച്ചുള്ള പുസ്തകം) എന്നീ കൃതികള്‍ ഈ ദിശയിലുള്ളവയാണ്. തത്ത്വചിന്തയുമായി ബന്ധപ്പെട്ട പദങ്ങള്‍ക്ക് അനുയോജ്യമായ അറബി വാക്കുകള്‍ കണ്ടെത്തുക എന്ന വെല്ലുവിളി ഫാറാബിയുടെ മുമ്പിലുണ്ടായിരുന്നു. അറബി, ഗ്രീക്ക് ഭാഷകളുടെ വ്യാകരണത്തെ തര്‍ക്കശാസ്ത്രത്തിനനുയോജ്യമായ രീതീയില്‍ സമീകരിക്കുകയാണ് ഫാറാബി ചെയ്തത്. 'കിതാബുല്‍ ഹുറൂഫി'ന് മൂന്നു ഭാഗങ്ങളു്. ഒന്നാമത്തെ ഭാഗത്തില്‍ അറബി വ്യാകരണത്തെ അരിസ്റ്റോട്ടിലിയന്‍ സംവര്‍ഗങ്ങള്‍ക്കനുസരിച്ച് പുനര്‍നിര്‍വചിക്കുന്നു. രാം ഭാഗത്ത് തത്ത്വചിന്തയും മതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ചര്‍ച്ച. മൂന്നാം ഭാഗത്ത് തത്ത്വചിന്താപരമായ വാക്കുകളിലേക്കു തന്നെ തിരിച്ചുവന്ന് വിവിധ ദാര്‍ശനികന്വേഷണങ്ങളില്‍ അവയുടെ പ്രയോഗം വ്യക്തമാക്കുന്നു.

'ഇഹ്‌സ്വാഉല്‍ ഉലും' എന്ന ഗ്രന്ഥത്തില്‍ വിജ്ഞാനശാഖകളെ തരംതിരിച്ച് അപഗ്രഥിക്കുന്നു. ഓരോ വിജ്ഞാനശാഖയെയും നിര്‍വചിച്ച് അവയുടെ ലക്ഷ്യം, പ്രയോജനം എന്നിവ വിശദീകരിക്കുകയാണിതില്‍ ചെയ്യുന്നത്.

'കിതാബുല്‍ ജദലി'ല്‍  ഫാറാബി തര്‍ക്കശാസ്ത്രം എങ്ങനെയാണ് ജ്ഞാന നിര്‍മിതിയെയും തത്ത്വചിന്തയെയും സഹായിക്കുന്നത് എന്ന് വിശദീകരിക്കുന്നു. വാദസമര്‍ഥന ശേഷിയെ പരിപോഷിപ്പിക്കുക, സ്വതസ്പഷ്ടമായ വസ്തുതകളെ പുറത്തുകൊണ്ടുവരിക, ആശയവിനിമയത്തെ സുഗമമാക്കുക തുടങ്ങി തര്‍ക്കം കൊണ്ടുള്ള പ്രയോജനങ്ങള്‍ ഇതില്‍ അനാവരണം ചെയ്യുന്നു.

'തഹ്‌സ്വീലുസ്സആദ' (സൗഖ്യസാക്ഷാത്കാരം) എന്ന കൃതിയില്‍ ഫാറാബി തത്ത്വശാസ്ത്രപരമായ അന്വേഷണത്തില്‍ ഇതര കലകള്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്നു. തത്ത്വചിന്തകന്‍ മറ്റു ശാസ്ത്രങ്ങളിലും നിപുണനായിരിക്കണം. എങ്കിലേ തത്ത്വചിന്തയുടെ പ്രയോജനം ഇതര വിജ്ഞാന ശാഖകള്‍ക്കും അവ അനുസന്ധാനം ചെയ്യുന്നവര്‍ക്കും ലഭിക്കുകയുള്ളൂ എന്ന് ഈ കൃതി സമര്‍ഥിക്കുന്നു.

പ്ലാറ്റോയുടെ റിപ്പബ്ലിക്കിനെ അനുസ്മരിപ്പിക്കുന്ന ഫാറാബി കൃതിയാണ് 'അല്‍ മദീനത്തുല്‍ ഫാളില' (ശ്രേഷ്ഠ നഗരം). ഉത്തമ രാഷ്ട്രത്തിന്റെ സവിശേഷതകളാണ് പ്രതിപാദ്യ വിഷയം. നഗരങ്ങളെ അവയില്‍ മുന്തിനില്‍ക്കുന്ന ആശയങ്ങളുടെ  അടിസ്ഥാനത്തില്‍ അദ്ദേഹം ഇതില്‍ അഞ്ചായി വിഭജിക്കുന്നു. ഏറ്റവും ഉത്തമമായ അവസ്ഥയില്‍നിന്ന് രാഷ്ട്രങ്ങള്‍ക്ക് സംഭവിക്കാവുന്ന വ്യതിയാനങ്ങളും ചര്‍ച്ച ചെയ്യുന്നു. രാഷ്ട്രീയ ചിന്തയെ തത്ത്വശാസ്ത്രവുമായി മനോഹരമായി വിളക്കിച്ചേര്‍ക്കുന്ന കൃതിയാണിത്. 

ഹിജ്‌റ നാല്, അഞ്ച് (ക്രിസ്തു വര്‍ഷം പത്ത്, പതിനൊന്ന്) നൂറ്റാണ്ടുകളില്‍ ഫാറാബിയുടെ കൃതികള്‍ കിഴക്കന്‍ ദേശങ്ങളില്‍ വന്‍പ്രചാരം നേടുകയും തുടര്‍ന്ന് പടിഞ്ഞാറന്‍ ദിക്കുകളില്‍ എത്തിച്ചേരുകയും ചെയ്തു. മുസ്‌ലിം സ്‌പെയിനിലെ (അന്ദലൂസ്) പണ്ഡിതന്മാര്‍ അവയില്‍ ആകൃഷ്ടരാവുകയും ഫാറാബിക്ക് ധാരാളം വായനക്കാരുണ്ടാവുകയും ചെയ്തു. ഹീബ്രു, ലാറ്റിന്‍ ഭാഷകളിലേക്ക് ഫാറാബി കൃതികള്‍ തര്‍ജമ ചെയ്യപ്പെട്ടു. യഹൂദ, ക്രൈസ്തവ പണ്ഡിതന്മാരെ അവ ഹഠാദാകര്‍ഷിച്ചു. വിവിധ ആധുനിക യൂറോപ്യന്‍ ഭാഷകളില്‍ ഫാറാബി കൃതികളുടെ പരിഭാഷകളുണ്ടായി.

 

ദര്‍ശനത്തിന്റെ ഏകത്വം

ഫാറാബിയുടെ അഭിപ്രായത്തില്‍ ദര്‍ശനം ഒന്നേയുള്ളു. സത്യാന്വേഷണമാണ് എല്ലാ തത്ത്വചിന്തകരുടെയും ഏക ഉന്നം. പ്ലാറ്റോയാവട്ടെ, അരിസ്റ്റോട്ടിലാവട്ടെ, മറ്റാരെങ്കിലുമാവട്ടെ എല്ലാവരും അന്വേഷിക്കുന്നത് സത്യത്തെയാണ്. എല്ലാ തത്ത്വചിന്തയും സത്യാന്വേഷണമാകുന്നു. അതിനാല്‍ സത്യാന്വേഷണം എന്ന ഒരൊറ്റ തത്ത്വചിന്താപദ്ധതിയേ ഉള്ളൂ. പ്രത്യക്ഷത്തില്‍ അവ തമ്മില്‍ പല ഭിന്നതകളുമുണ്ടാവാം. അരിസ്റ്റോട്ടിലിയന്മാര്‍, പ്ലാറ്റോണിസ്റ്റുകള്‍, സ്റ്റോയിക്കുകള്‍, എപിക്യുറിയന്മാര്‍ എന്നിങ്ങനെ പല പേരുകളില്‍ പല വിഭാഗങ്ങളുമുണ്ടെങ്കിലും ഇവ തമ്മിലുള്ള വ്യത്യാസം പുറമേക്കു മാത്രമുള്ളതാണെന്ന് ഫാറാബി പറയുന്നു. തത്ത്വചിന്തയിലെ ഏതാദൃശ ചേരിതിരിവുകളെല്ലാം അപകടകരമാണെന്ന അഭിപ്രായവും ഫാറാബി പ്രകടിപ്പിക്കുന്നുണ്ട്. മഹാന്മാരായ തത്ത്വചിന്തകരുടെ പക്ഷപാതികളായ ശിഷ്യന്മാരാണ് ചേരിതിരിവുകള്‍ സൃഷ്ടിക്കുന്നത്. വ്യത്യസ്ത ദാര്‍ശനികരുടെ ചിന്തകളെ ഏകോപിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം വിടവുകള്‍ വര്‍ധിപ്പിക്കാനാണ് ഈ ശിഷ്യന്മാര്‍ ശ്രമിക്കുന്നത്. ഭിന്നിപ്പിന്റെ ആഴം വര്‍ധിപ്പിക്കും വിധമുള്ള വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നതിലാണ് ശിഷ്യന്മാര്‍ക്ക് ഉത്സാഹം. അതിനുവേണ്ടി ഗുരുവിന്റെ തത്ത്വങ്ങളെ വളച്ചൊടിക്കാന്‍ വരെ ശിഷ്യന്മാര്‍ തയാറാവുന്നു. 

അലക്‌സാണ്ട്രിയയിലെ ചിന്തകരുടെ ആശയങ്ങളാണ് ഫാറാബിയുടെ ഈ നിരീക്ഷണത്തില്‍ പ്രതിഫലിക്കുന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പ്ലാറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും സിദ്ധാന്തങ്ങളെ സംയോജിപ്പിക്കുന്നതിനു വേണ്ടി അനേകം നിബന്ധങ്ങള്‍ രചിച്ച അലക്‌സാണ്ട്രിയന്‍ ചിന്തകന്‍ പോര്‍ഫിറിയുടെ പാതയാവാം ഫാറാബിക്ക് പ്രചോദനം. ഫാറാബി പക്ഷേ ഒരു പടികൂടി കടന്ന് എല്ലാ തത്ത്വചിന്തകരെയും ഒരു കുടക്കീഴില്‍ അണിനിരത്താം എന്ന് ചിന്തിച്ചു.

 

മതവും ദര്‍ശനവും

മതപരമായ സത്യവും തത്ത്വചിന്താപരമായ സത്യവും ഒന്നുതന്നെയാണെന്ന് ഫാറാബി വിശ്വസിച്ചു. അവക്കിടയിലുള്ള വ്യത്യാസം ഔപചാരികം മാത്രമാണ്. മതത്തിന്റെ ഭാഷയോ രീതിയോ അല്ല ദര്‍ശനത്തിന്റേത്, മറിച്ചും. മതത്തെയും ദര്‍ശനത്തെയൂം തമ്മില്‍ പൊരുത്തപ്പെടുത്തുന്നതിനു മുഖ്യമായും രണ്ടു മാര്‍ഗങ്ങളാണ് ഫാറാബി അവലംബിച്ചത്:

ഒന്ന്, അരിസ്റ്റോട്ടിലിന്റെ തത്ത്വങ്ങളെ ഇസ്‌ലാമിക തത്ത്വങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിച്ചു. ഇതിന് പ്ലോട്ടിനസിന്റെ ആശയങ്ങള്‍ ഫാറാബിക്ക് സഹായകമായി.

രണ്ട്, മതതത്ത്വങ്ങള്‍ക്ക് ദാര്‍ശനിക വ്യാഖ്യാനം നല്‍കി. യുക്തിയുടെയും ന്യായത്തിന്റെയും അടിസ്ഥാനത്തില്‍ മതസത്യങ്ങളെ  സ്ഥാപിക്കാനുള്ള ശ്രമമാണ് ഇതുവഴി ഫാറാബി നടത്തിയത്.

തത്ത്വചിന്തയെ മതം കൊണ്ടും മതത്തെ തത്ത്വചിന്തകൊണ്ടും ബലപ്പെടുത്തുന്ന ബൗദ്ധിക തന്ത്രമാണ് ഫാറാബി അവലംബിച്ചതെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. മതവും ദര്‍ശനവും തമ്മിലുള്ള സമന്വയമാണ് ഫാറാബി ഇതിലൂടെ ലക്ഷ്യമാക്കിയത്. ഒരേ യാഥാര്‍ഥ്യത്തിന്റെ  വിവിധ തലങ്ങളെയാണ്  മതവും തത്ത്വചിന്തയും പ്രകാശിപ്പിക്കുന്നതെന്ന് 'തഹ്‌സ്വിലുസ്സആദ' എന്ന കൃതിയില്‍ ഫാറാബി എഴുതി. സിദ്ധാന്തങ്ങളെ പ്രയോഗത്തിലൂടെ പൂര്‍ണമാക്കാത്ത തത്ത്വചിന്തകര്‍ പ്രയോജനമില്ലാത്തവരാണെന്നായിരുന്നു ഫാറാബിയുടെ പക്ഷം. തത്ത്വങ്ങള്‍ ജീവിതത്തില്‍ പ്രയോഗിക്കാനുള്ളതാണ്. തത്ത്വചിന്ത സത്യം കണ്ടെത്തുകയും മതം നിയമങ്ങള്‍ ആവിഷ്‌കരിച്ച് അത് നടപ്പില്‍വരുത്തുകയും ചെയ്യുന്നു.

 

ബുദ്ധിയെ സംബന്ധിക്കുന്ന തത്ത്വവും ദശബുദ്ധി സിദ്ധാന്തവും

ഫാറാബി തന്റെ പല കൃതികളിലും ബുദ്ധിയെ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്. അരിസ്റ്റോട്ടിലിയന്‍ ദര്‍ശനത്തില്‍ ബുദ്ധി ഒരു പ്രധാന ചര്‍ച്ചാ വിഷയമായതിനാല്‍ ഇതു സ്വാഭാവികമാണ്. പലയിടങ്ങളില്‍ നടത്തിയ ആനുഷംഗിക പ്രസ്താവനകള്‍ക്കു പുറമെ ബുദ്ധിയുടെ നാനാര്‍ഥങ്ങളെ സംബന്ധിച്ച് രിസാലത്തുന്‍ ഫില്‍ അഖ്ല്‍ എന്ന പേരില്‍ ഒരു വിശേഷാല്‍ പ്രബന്ധവും ഫാറാബി രചിക്കുകയുണ്ടായി. വളരെ നേരത്തേതന്നെ ലാറ്റിനിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഈ കൃതിക്ക് പാശ്ചാത്യ ലോകത്ത് വന്‍പ്രചാരം നേടാന്‍ കഴിഞ്ഞു. ഈ പ്രബന്ധത്തില്‍ അദ്ദേഹം ബുദ്ധിയെ സൈദ്ധാന്തികം, പ്രായോഗികം എന്നിങ്ങനെ രണ്ടായി തരംതിരിക്കുന്നു. കാര്യങ്ങള്‍ എങ്ങനെ ചെയ്യണം എന്ന അറിവാണ് പ്രായോഗിക ബുദ്ധി. ആത്മാവിനു പൂര്‍ണത കൈവരിക്കാന്‍ സഹായിക്കുന്നതാണ് സൈദ്ധാന്തിക ബുദ്ധി. ഇത് മൂന്നു തരമുണ്ട്. (1) പ്രബല ബുദ്ധി (അല്‍അഖ്‌ലു ബില്‍ ഖുവ്വഃ), (2) യഥാര്‍ഥ ബുദ്ധി (അല്‍അഖ്‌ലു ബില്‍ ഫിഅ്ല്‍) (3) ആര്‍ജിത ബുദ്ധി (അല്‍ അഖ്‌ലുല്‍ മുസ്തഫാദ്).

വസ്തുക്കള്‍, വസ്തുതകള്‍, ഗുണങ്ങള്‍ മുതലായവ വ്യവഛേദിച്ച് മനസ്സിലാക്കുന്നതിന് ഒരു വ്യക്തിക്കുള്ള കഴിവാണ് പ്രബല ബുദ്ധി. അന്തഃസ്ഥമായ ഈ ബുദ്ധി പ്രയോഗതലത്തില്‍ വരുമ്പോള്‍ യഥാര്‍ഥ ബുദ്ധിയായി രൂപാന്തരപ്പെടുന്നു. ഉള്ളിലുള്ള ബുദ്ധി പ്രവര്‍ത്തനക്ഷമമാവുന്ന ഘട്ടമാണിത്. ക്രമാനുഗതമായ പ്രക്രിയയാണിത്. മനുഷ്യന് നേടാന്‍ കഴിയുന്ന അറിവുകളെയെല്ലാം സ്വായത്തമാക്കുകയാണ് അതിന്റെ ധര്‍മം. അറിവാര്‍ജിക്കുന്നതോടെ കാര്യങ്ങള്‍ മനസ്സിലാക്കാനും സ്വപ്‌നങ്ങള്‍ രൂപപ്പെടുത്താനും സാധിക്കുന്നു. ഇതാണ് ആര്‍ജിത ബുദ്ധി. ആര്‍ജിത ബുദ്ധിക്ക് കൂടുതല്‍ ഉയരങ്ങളിലേക്ക് വികസിക്കാന്‍ സാധിക്കും. അമൂര്‍ത്താശയങ്ങള്‍ ഗ്രഹിക്കാനും രൂപപ്പെടുത്താനുമുള്ള വൈഭവമാണ് ബുദ്ധിയുടെ ഏറ്റവും ഉയര്‍ന്ന തലം.

അരിസ്റ്റോട്ടിലിനെ പിന്തുടര്‍ന്ന് സക്രിയ ബുദ്ധി, കാരക ബുദ്ധി എന്നിവയെക്കുറിച്ചും ഫാറാബി പറയുന്നുണ്ട്. എന്നാല്‍ ആര്‍ജിത ബുദ്ധി എന്നത് ഫാറാബിയുടെ സ്വന്തം സംഭാവനയാണ്. ബുദ്ധിയെ പൂര്‍ണതയിലെത്തിക്കുന്നത് സക്രിയ ബുദ്ധിയാണ്. എന്നാല്‍ അത് എപ്പോഴും ക്രിയാത്മകം ആകണമെന്നില്ല. കാരക ബുദ്ധി ബുദ്ധിയുടെ എല്ലാ മാനങ്ങളെയും പ്രവര്‍ത്തനസജ്ജമാക്കുന്നു.

ദൈവവും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുന്നതിനുവേണ്ടി ഫാറാബി ആവിഷ്‌കരിച്ചതാണ് ദശബുദ്ധി സിദ്ധാന്തം. ദൈവം ഒന്നാമത്തെയും ഭൂമി പത്താമത്തെയും ബുദ്ധിയാണ്. ഇവക്കിടയില്‍, ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബുദ്ധികളുടെ ഒരു ശൃംഖലയുണ്ട്. ദൈവം ഭൂമിയെയും അതിലുള്ള ചരാചരങ്ങളെയും സ്വാധീനിക്കുന്നത് ഈ ശൃംഖല വഴിയാണ്.

മറ്റൊന്നിനെയും ആശ്രയിക്കാതെ സ്വയം നിലനില്‍ക്കാന്‍ കഴിവുള്ള ബുദ്ധിയാണ് ഒന്നാമത്തേത്. സ്വയം അറിയാനും മറ്റുള്ളവയെയെല്ലാം അറിയാനും അതിനു കഴിവുണ്ട്. മറ്റുള്ളവര്‍ക്ക് അതിനെ അറിയാനും കഴിയും. സത്തയില്‍ അനന്യമാണത്. അതായത് അതിനു സമാനമായ മറ്റൊന്നില്ല. അതിനു തുല്യമായതോ വിരുദ്ധമായതോ ആയ ഒരു വസ്തുവുമില്ല. ഇതാണ് ദൈവം.

ദൈവം എന്ന പ്രഥമ ബുദ്ധിയെ അംഗീകരിച്ചാല്‍ ദൈവം പ്രപഞ്ചത്തെ എങ്ങനെ സ്വാധീനിക്കുന്നു, ദൈവവും പ്രപഞ്ചവും തമ്മിലുള്ള ബന്ധം എന്താണ് എന്ന പ്രശ്‌നം ഉദിക്കുന്നു. ഈ ബന്ധം വിശദീകരിക്കുന്നതിനു വേണ്ടി ഫാറാബി നിസ്സരണം (Emanation) എന്ന ആശയത്തെ ആശ്രയിക്കുന്നു. ദൈവം എന്ന പ്രഥമ ബുദ്ധി അതിന്റെ സ്വയം അറിയാനുള്ള  കഴിവിനാലും നന്മയാലും പുറത്തേക്ക് ഒഴുകുന്നു. അങ്ങനെ പ്രഥമ ആകാശം രൂപംകൊള്ളുന്നു. ഈ നിസ്സരണമാണ് സൃഷ്ടിപ്രക്രിയ. ഒന്നാം ആകാശം ബഹുമുഖമായി നിസ്സരിക്കുന്നു. പത്ത് ഘട്ടങ്ങളിലായി നടക്കുന്ന ഈ നിസ്സരണ പ്രക്രിയയുടെ ഒടുവിലത്തെ ഘട്ടമാണ് ഭൂമി. ഭൂമിയിലെ മനുഷ്യനുള്‍പ്പെടെയുള്ള സൃഷ്ടിജാലങ്ങളുടെ പിറവിക്ക് നിമിത്തം ഈ പത്താമത്തെ ബുദ്ധിയാണ്. കാരക ബുദ്ധി എന്നാണ് ഫാറാബി ഇതിനെ വിളിക്കുന്നത്; സൃഷ്ടികള്‍ക്ക് കാരണമായിത്തീരുന്ന ബുദ്ധി എന്ന അര്‍ഥത്തില്‍.

ഈ പത്ത് ബുദ്ധികളും ആത്മാക്കളും ശ്രേണീബദ്ധമാണ്. ആദ്യത്തേതില്‍നിന്ന് അടുത്തത്, അതില്‍നിന്ന് അടുത്തത് എന്നിങ്ങനെയാണ് നിസ്സരണക്രമം. വാനലോകത്തുള്ളതെല്ലാം പരിശുദ്ധവും ഭൗമലോകത്തുള്ളവയെ പരിശുദ്ധമാക്കാന്‍ ത്രാണിയുള്ളതുമാണ്. ഭൂമിക്കുപരിയായുള്ള ഒമ്പതു മണ്ഡലങ്ങളായി ഈ ശ്രേണിയെ മനസ്സിലാക്കാവുന്നതാണ്. ഭൂമിയെ ചുറ്റുന്ന ഒമ്പതു ഗ്രഹങ്ങളെക്കുറിച്ചുള്ള ടോളമിയുടെ ഗോളശാസ്ത്ര വീക്ഷണവുമായി ഈ സങ്കല്‍പത്തിന് ബന്ധമുണ്ടാവണം. ഗോളങ്ങളെ ചലിപ്പിക്കുന്നത് അവയുടെ ബുദ്ധി അഥവാ ആത്മാവ് ആണെന്നാണ് ഗ്രീക്ക് സങ്കല്‍പം. ഓരോ മണ്ഡലത്തിനുമുണ്ട് അതതിന്റേതായ ബുദ്ധിയും ആത്മാവും. ഭൗമലോകത്തെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് പത്താമത്തെ ബുദ്ധിയാണ്. ബുദ്ധിയില്‍നിന്ന് ഊര്‍ജം സ്വീകരിച്ചാണ് ആത്മാവ് ഗോളമണ്ഡലത്തെ ചലിപ്പിക്കുന്നത്. ചലിക്കാനുള്ള ആഗ്രഹമാണ് ചാലകശക്തിയായി വര്‍ത്തിക്കുന്നത്. പൂര്‍ണത ലക്ഷ്യം വെച്ചാണ് ചലനം. അധോമണ്ഡലങ്ങള്‍ ഉപരിമണ്ഡലത്തെ ലക്ഷ്യമാക്കി ചലിക്കുന്നു. പ്രഥമ ഹേതുവായ ദൈവത്തെ പ്രാപിക്കുക എന്നതാണ് മൊത്തം പ്രപഞ്ചത്തിന്റെ ചലന ലക്ഷ്യം. അതായത് ദൈവത്തിലേക്കാണ് സകല ചരാചരങ്ങളും ചലിച്ചുകൊണ്ടിരിക്കുന്നത്.

ആത്മീയമായ ആകര്‍ഷണമാണ് ചലനം സാധ്യമാക്കുന്നത്. താഴെയുള്ള മണ്ഡലം മീതെയുള്ള മണ്ഡലത്തിലേക്ക് സദാ ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കും.

പത്താമത്തെ ബുദ്ധിയില്‍നിന്നാണ് മൂല പദാര്‍ഥം അഥവാ 'ഹൈല്‍' നിസ്സരിക്കുന്നത്. ചതുര്‍ഭൂതങ്ങള്‍ക്ക് ജന്മം നല്‍കുന്നത് ഈ 'ഹൈല്‍' ആകുന്നു. ഈ ചതുര്‍ഭൂതങ്ങള്‍ ചേര്‍ന്നതാണ് സൃഷ്ടിപ്രപഞ്ചം. രൂപവും ദ്രവ്യവും കൂടിച്ചേരുമ്പോള്‍ സൃഷ്ടി സംഭവിക്കുന്നു. രണ്ടും വേര്‍പെടുമ്പോള്‍ സംഹാരവും. ഭൗമലോകത്തിന്റെ നിലനില്‍പിനാവശ്യമായ ഘടകങ്ങള്‍ പ്രദാനം ചെയ്യുന്നത് ഇതര ബുദ്ധിമണ്ഡലങ്ങളാണ്. സൂര്യന്റെ ചലനം ചൂടിനും തണുപ്പിനും കാരണമാവുന്നു. ഭൗമ മണ്ഡലവും വാനമണ്ഡലവും ഇപ്രകാരം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

ഇസ്‌ലാമിന്റെ സൃഷ്ടിസങ്കല്‍പ്പത്തെയും അരിസ്റ്റോട്ടിലിന്റെ പദാര്‍ഥ ദര്‍ശനത്തെയും സമന്വയിപ്പിക്കുന്നതിനുള്ള വഴി എന്ന നിലയിലാവണം ഫാറാബി ഈയൊരു തത്ത്വം മുന്നോട്ടുവെച്ചതെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. പദാര്‍ഥം കാരക ബുദ്ധിയില്‍നിന്ന് നിസ്സരിക്കുന്നതാകയാല്‍ അത് സൃഷ്ടിക്കപ്പെട്ടതാണെന്നുവരുന്നു. ദൈവം ഒന്നാണ്, ആ ഒന്നില്‍നിന്നുള്ള നിസ്സരണങ്ങളാണ് ബാക്കിയുള്ളതെല്ലാം എന്നു സിദ്ധാന്തിക്കുക വഴി ഏകദൈവ സങ്കല്‍പ്പത്തെയും ഫാറാബി തത്ത്വചിന്തയുമായി യോജിപ്പിക്കുന്നു.

ഫാറാബിയുടെ ദശ ബുദ്ധി സിദ്ധാന്തത്തില്‍ അരിസ്റ്റോട്ടിലിന്റെയും പ്ലോട്ടിനസിന്റെയും അലക്‌സാണ്ട്രിയന്‍ ചിന്തകരുടെയും സിദ്ധാന്തങ്ങളുടെ സമന്വയം ദര്‍ശിക്കാവുന്നതാണ്. എല്ലാ തത്ത്വചിന്തകരും സത്യാന്വേഷണത്തിന്റെ പാതയിലാണെന്നും എല്ലാ സത്യങ്ങളും ഒരേ സത്യത്തിന്റെ വിവിധ വശങ്ങളാണെന്നുമുള്ള തന്റെ തത്ത്വത്തെ ബലപ്പെടുത്തുകയാണ് ഇത്തരമൊരു സംയോജനത്തിലൂടെ ഫാറാബി ചെയ്തത്. മതത്തെയും തത്ത്വചിന്തയെയും കൂട്ടിയിണക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിനും ഇത് തെളിവു നല്‍കുന്നു.

പ്രപഞ്ചത്തിലെ സംഭവവികാസങ്ങളെല്ലാം കാര്യകാരണ ബന്ധിതമാണെന്ന യവനചിന്തകരുടെ വാദത്തെ ഫാറാബി നിഷേധിക്കുന്നില്ല. എന്നാല്‍ കാരണങ്ങള്‍ എപ്പോഴും പ്രത്യക്ഷമാവണമെന്നില്ല എന്ന് ആദ്ദേഹം പറയുന്നു. പരോക്ഷ കാരണങ്ങളുമുണ്ടാവാം. പ്രത്യക്ഷ കാരണം കണ്ടുപിടിക്കാനും മനസ്സിലാക്കാനും എളുപ്പമാണ്. പക്ഷേ, പരോക്ഷ കാരണം മനസ്സിലാക്കാന്‍ സാധിച്ചുകൊള്ളണമെന്നില്ല.

നമുക്ക് കാരണം കണ്ടുപിടിക്കാന്‍ സാധിക്കാത്ത കാര്യങ്ങളെയാണ് നാം യാദൃഛികം എന്നു വിളിക്കുന്നത്. ആകസ്മിക സംഭവങ്ങള്‍ തമ്മിലുള്ള ബന്ധം പ്രത്യക്ഷമല്ലാത്തതിനാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയില്ല. ഒരു നക്ഷത്രത്തിന്റെ ചലനത്തിനും ഭൂമിയിലെ ഒരാളുടെ മരണത്തിനും ഇടയില്‍ എന്തു ബന്ധമാണുണ്ടാവുക? യാദൃഛിക സംഭവങ്ങളാലാണ് പ്രാപഞ്ചിക പരിണാമങ്ങള്‍ നടക്കുന്നതെന്ന വിശ്വാസം രാഷ്ട്രീയത്തിനും മതത്തിനും ഗുണം ചെയ്യുമെന്ന് ഫാറാബി അഭിപ്രായപ്പെടുന്നുണ്ട്. ആളുകളില്‍ ഒരു തരം ഭയം ഉണ്ടാവുകയും അതുവഴി അവര്‍ വഴിതെറ്റാതിരിക്കാന്‍ കാരണമാവുകയും ചെയ്യും എന്നതാണ് ഫാറാബി കാണുന്ന ഗുണം. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (128 - 140)
എ.വൈ.ആര്‍

ഹദീസ്‌

പരസ്പരം ബഹുമാനിക്കുക
ജുമൈല്‍ കൊടിഞ്ഞി