മൂസാ നബിയെ സഹായിച്ച ഖിബ്ത്വിയും ധിക്കാരിയായ ഖാറൂനും
വിശുദ്ധ ഖുര്‍ആന്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിച്ച പേര് മൂസാ നബിയുടേതാണ്, 136 തവണ. അതു കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ പ്രധാന പ്രതിയോഗി ഫറവോന്റേതാണ് 71 പ്രാവശ്യം. മൂസാ നബിക്ക് നിര്‍വഹിക്കാനുണ്ടായിരുന്ന ദൗത്യത്തിന്റെ വ്യാപ്തിയായിരിക്കാം ഇതിനു കാരണം. ഖുര്‍ആന്‍ പരാമര്‍ശിച്ച മറ്റു പ്രവാചകന്മാര്‍ക്ക് ഒന്നോ രണ്ടോ വശങ്ങളിലേ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കേണ്ടിയിരുന്നുള്ളൂ. എന്നാല്‍ മൂസാ നബിക്ക് അമുസ്‌ലിംകളായ ഖിബ്ത്വികളില്‍ ഇസ്‌ലാമിക പ്രബോധനം നടത്തേണ്ടതുണ്ടായിരുന്നു. അതോടൊപ്പം പാരമ്പര്യ മുസ്‌ലിംകളായ ഇസ്രാഈല്‍കാര്‍ക്ക് നേതൃത്വം നല്‍കി അവരെ സംസ്‌കരിക്കുകയും, അടിച്ചമര്‍ത്തപ്പെട്ട് അടിമകളാക്കപ്പെട്ട അവരെ മോചിപ്പിക്കേണ്ടതുമുണ്ടായിരുന്നു. ഏറെ ദീര്‍ഘവും പ്രയാസപൂര്‍ണവുമായ പ്രബോധന പ്രവര്‍ത്തനമാണ് അദ്ദേഹത്തിന് നടത്താനുണ്ടായിരുന്നത്. ഏറ്റവും കരുത്തുറ്റ വിമോചന പോരാട്ടം നയിച്ച പ്രവാചകനും അദ്ദേഹം തന്നെ. മൂസാ നബിയുടെ മുഖ്യനിയോഗവും അതായിരുന്നുവല്ലോ. അല്ലാഹു അറിയിക്കുന്നു:
''ഫറവോന്‍ നാട്ടില്‍ അഹങ്കരിച്ചുനടന്നു. അന്നാട്ടുകാരെ വിവിധ വിഭാഗങ്ങളാക്കി. അവരിലൊരു വിഭാഗത്തെ പറ്റേ ദുര്‍ബലരാക്കി. അവരിലെ ആണ്‍കുട്ടികളെ അറുകൊല ചെയ്തു. പെണ്‍മക്കളെ ജീവിക്കാന്‍ വിട്ടു. അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു; തീര്‍ച്ച.
എന്നാല്‍ ഭൂമിയില്‍ മര്‍ദിച്ചൊതുക്കപ്പെട്ടവരോട് ഔദാര്യം കാണിക്കണമെന്ന് നാം ആഗ്രഹിച്ചു. അവരെ നേതാക്കളും ഭൂമിയുടെ അവകാശികളുമാക്കണമെന്നും.
അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കണമെന്നും അങ്ങനെ ഫറവോന്നും ഹാമാന്നും അവരുടെ സൈന്യത്തിനും അവര്‍ ആശങ്കിച്ചുകൊണ്ടിരുന്നതെന്തോ അത് കാണിച്ചുകൊടുക്കണമെന്നും''(28:4-6).
ഈ ദൗത്യനിര്‍വഹണത്തിന് അല്ലാഹു ചുമതലപ്പെടുത്തിയത് മൂസാ നബിയെയും സഹോദരന്‍ ഹാറൂന്‍ പ്രവാചകനെയുമാണ്. അല്ലാഹു അവരോട് കല്‍പിച്ചു: ''നിങ്ങളിരുവരും അവന്റെയടുത്ത് ചെന്ന് പറയുക: തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ നാഥന്റെ ദൂതന്മാരാണ്. അതിനാല്‍ ഇസ്രാഈല്‍ മക്കളെ നീ ഞങ്ങളോടൊപ്പമയക്കുക. അവരെ പീഡിപ്പിക്കരുത്. നിന്റെയടുത്ത് ഞങ്ങള്‍ വന്നത് നിന്റെ നാഥനില്‍നിന്നുള്ള വ്യക്തമായ തെളിവുകളുമായാണ്. നേര്‍വഴിയില്‍ നടക്കുന്നവര്‍ക്കാണ് സമാധാനമുണ്ടാവുക''(20:47).
മൂസാ നബിയുടെ ഈ വിമോചന സമരം വിജയിച്ചു. ഫറവോന്റെ പിടിയില്‍നിന്ന് ഇസ്രാഈല്യരെ അല്ലാഹു മോചിപ്പിച്ചു. ''മര്‍ദിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയെ, നാം അനുഗ്രഹിച്ച കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളുടെ അവകാശികളാക്കി. അങ്ങനെ ഇസ്രാഈല്‍ മക്കളോടുള്ള നിന്റെ നാഥന്റെ ശുഭ വാഗ്ദാനം പൂര്‍ത്തിയായി. അവര്‍ ക്ഷമ പാലിച്ചതിനാലാണിത്. ഫറവോനും അവന്റെ ജനതയും നിര്‍മിച്ചുകൊണ്ടിരുന്നതും കെട്ടിപ്പൊക്കിയിരുന്നതുമായ എല്ലാം നാം തകര്‍ത്തുതരിപ്പണമാക്കുകയും ചെയ്തു'' (7:137).
കരുത്തരായ സഹായികള്‍
ഖിബ്ത്വികള്‍ കടുത്ത വംശീയവാദികളായിരുന്നു. ഫറവോന്‍ അവരുടെ നേതാവും. അദ്ദേഹമാണ് ആ വിനാശകരമായ വംശീയതക്ക് കാവലിരുന്നത്. മൂസാ നബി അതിന്റെ ഇരകളായ ഇസ്രാഈല്യരുടെ വിമോചനപ്പോരാളിയായിരുന്നു. എന്നിട്ടും മൂസാ നബിയെ പിന്‍പറ്റുകയും ശക്തമായി പിന്തുണ നല്‍കുകയും സഹായിക്കുകയും ചെയ്തതായി ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന രണ്ടു പേരും ഖിബ്ത്വികളാണെന്നത് ഏറെ ശ്രദ്ധേയമത്രെ. അവരിലൊരാള്‍ ഫറവോന്റെ പത്‌നി തന്നെ (66:11).
മൂസാ നബിയെ വധിക്കാന്‍ ഫറവോനും കൂട്ടാളികളും ഗൂഢാലോചന നടത്തി. ''അവന്‍ അവന്റെ നാഥനോട് പ്രാര്‍ഥിച്ചുകൊള്ളട്ടെ. അവന്‍ നിങ്ങളുടെ ജീവിതക്രമം മാറ്റിമറിക്കുകയോ നാട്ടില്‍ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്‌തേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു''(40:26).
ഈ സന്ദിഗ്ധ ഘട്ടത്തില്‍ മൂസാ നബിയുടെ രക്ഷക്കെത്തിയത് ധീരനായ ഒരു ഖിബ്ത്വിയാണ്. ഫറവോന്റെ തീരുമാനം മാറ്റാന്‍ മാത്രം അദ്ദേഹത്തിന്റെ മേല്‍ സ്വാധീനമുള്ള പ്രബലനായ വ്യക്തി കൂടിയായിരുന്നു അത്. ഫറവോന്റെ പിതൃവ്യപുത്രനായിരുന്നു അതെന്ന് സുദ്ദി അഭിപ്രായപ്പെടുകയും ഇബ്‌നു ജരീര്‍ ത്വബ്‌രി അതിനെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും ഫറവോന്റെ വംശത്തില്‍പെട്ട ഖിബ്ത്വിയായിരുന്നുവെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്:
''സത്യവിശ്വാസിയായ, ഫറവോന്റെ വംശത്തില്‍പെട്ട, വിശ്വാസം ഒളിപ്പിച്ചുവെച്ച 'ഒരാള്‍ പറഞ്ഞു: എന്റെ നാഥന്‍ അല്ലാഹുവാണെന്ന് പറഞ്ഞതിന്റെ പേരില്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങളുടെ നാഥനില്‍നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടുവന്നിട്ടും.' അദ്ദേഹം കള്ളം പറയുന്നവനാണെങ്കില്‍ ആ കളവിന്റെ ദോഷഫലം അദ്ദേഹത്തിനു തന്നെയാണ്. മറിച്ച് സത്യവാനാണെങ്കിലോ, അദ്ദേഹം നിങ്ങളെ താക്കീത് ചെയ്യുന്ന ശിക്ഷകളില്‍ ചിലതെങ്കിലും നിങ്ങളെ ബാധിക്കും. തീര്‍ച്ചയായും പരിധിവിടുന്നവനെയും കള്ളവാദിയെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
എന്റെ ജനമേ, ഇന്ന് നിങ്ങള്‍ക്കിവിടെ ആധിപത്യമുണ്ട്. നാട്ടില്‍ ജയിച്ചുനില്‍ക്കുന്നവരും നിങ്ങള്‍ തന്നെ. എന്നാല്‍ ദൈവശിക്ഷ വന്നെത്തിയാല്‍ നമ്മെ സഹായിക്കാന്‍ ആരാണുണ്ടാവുക'' (40:28,29).
തുടര്‍ന്ന് അദ്ദേഹം പൂര്‍വിക സമൂഹങ്ങള്‍ സമൂലം നശിപ്പിക്കപ്പെട്ട കാര്യം ഉദ്ധരിച്ച് അവരെ അതേക്കുറിച്ച് ബോധവാന്മാരാക്കി, അത്തരം ശിക്ഷകള്‍ അവരെയും പിടികൂടിയേക്കുമെന്ന് താക്കീത് ചെയ്തു (40:38-44).
ഇങ്ങനെ മൂസാ നബിയുടെ ജീവന്‍ രക്ഷിക്കാനായി ഫറവോന്റെ മേല്‍ വലിയ സ്വാധീനമുണ്ടായിരുന്ന അദ്ദേഹത്തിന്റെ അടുത്ത ബന്ധു കൂടിയായ അവിശ്വാസി ശക്തമായി വാദിച്ചു. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.
ഇത് സാധിതമായത് മൂസാ നബിയും ഹാറൂന്‍ പ്രവാചകനും ഫറവോനുമായുള്ള സംവാദത്തില്‍ സ്വീകരിച്ച സവിശേഷമായ ശൈലിയും നയവും കാരണമായാണ്. ഫറവോന്റെ അടുത്ത് ചെന്ന് സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന്റെ ശൈലി തീര്‍ത്തും സൗമ്യമായിരിക്കണമെന്ന് അല്ലാഹു നിര്‍ദേശിച്ചു: ''നിങ്ങളിരുവരും ഫറവോന്റെ അടുത്തേക്ക് പോവുക. തീര്‍ച്ചയായും അവന്‍ അതിക്രമിയായിരിക്കുന്നു. നിങ്ങളവനോട് സൗമ്യമായി സംസാരിക്കുക. ഒരുവേള അവന്‍ ചിന്തിച്ചു മനസ്സിലാക്കിയെങ്കിലോ? അല്ലെങ്കില്‍ ഭയന്ന് അനുസരിച്ചെങ്കിലോ''(20:43,44).
ഫറവോന്‍ സന്മാര്‍ഗം സ്വീകരിക്കുകയോ അക്രമങ്ങള്‍ക്ക് അറുതിവരുത്തുകയോ ചെയ്യില്ലെന്ന് അല്ലാഹുവിനറിയാമായിരുന്നു. മൂസാ നബിയും ഹാറൂന്‍ നബിയും അല്ലാഹുവിന്റെ നിര്‍ദേശം പാലിച്ച് ഫറവോനോട് സംവാദം നടത്തിയെങ്കിലും അദ്ദേഹത്തിലൊരു മാറ്റവുമുണ്ടായിട്ടില്ല. എന്നാല്‍ ഫറവോന്റെ പത്‌നിയെയും ഖിബ്ത്വിയായ ഫറവോന്റെ ബന്ധുവിനെയുമൊക്കെ സ്വാധീനിച്ചത് തീര്‍ച്ചയായും മൂസാ നബി സ്വീകരിച്ച സൗമ്യമായ ശൈലിയാണ്.
വംശീയതയും വര്‍ഗീയതയും ജാതീയതയും സാമുദായികതയും സമൂഹത്തില്‍ എത്രതന്നെ ശക്തമാണെങ്കിലും പ്രതിയോഗികള്‍ അവയുടെ കരുത്തരായ വക്താക്കളാണെങ്കിലും ഇസ്‌ലാമിക സമൂഹം ഒരിക്കലും അവക്ക് അടിപ്പെടരുതെന്നാണ് ഇത് അസന്ദിഗ്ധമായി വ്യക്തമാക്കുന്നത്. അഥവാ വംശീയതയെ വംശീയതകൊണ്ടോ ജാതീയതയെ ജാതീയതകൊണ്ടോ വര്‍ഗീയതയെ വര്‍ഗീയതകൊണ്ടോ അല്ല നേരിടേണ്ടത്. വംശീയതയുടെയും സാമുദായികതയുടെയും ജാതീയതയുടെയും അടിസ്ഥാനം ജന്മമാണ്. അത് തീരുമാനിക്കുന്നതില്‍ മനുഷ്യന് ഒരു പങ്കുമില്ല. എന്നാല്‍ ഇസ്‌ലാം അംഗീകരിച്ച അടിസ്ഥാനം വിശ്വാസവും ജീവിത വീക്ഷണവും സ്വഭാവവും പെരുമാറ്റവും ജീവിത രീതിയുമൊക്കെയാണ്. ഇതൊക്കെയും മനുഷ്യന് സ്വയം തെരഞ്ഞെടുക്കാനും സ്വീകരിക്കാനും സ്വാതന്ത്ര്യവും സാധ്യതയുമുള്ളവയാണ്. അഥവാ ജന്മമല്ല; കര്‍മമാണ് മാന്യതയുടെയും മഹത്വത്തിന്റെയും നന്മയുടെയും മേന്മയുടെയും മാനദണ്ഡം.
ധിക്കാരിയായ ഖാറൂന്‍
സത്യത്തിന്റെയും നീതിയുടെയും സന്മാര്‍ഗത്തിന്റെയും നന്മയുടെയും പക്ഷത്ത് ആളുകള്‍ നില്‍ക്കുന്നതും നില്‍ക്കാതിരിക്കുന്നതും വംശത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലല്ല. എന്നാല്‍ സമ്പത്തും അധികാരവും സ്വാധീനവുമുള്ളവര്‍ അവ നഷ്ടപ്പെടുമെന്നതിനാല്‍ സത്യത്തിന്റെ പക്ഷം ചേരാന്‍ വിസമ്മതിക്കുമെന്നു മാത്രമല്ല; പലപ്പോഴും എതിര്‍ ചേരിയില്‍ ചേര്‍ന്നു നില്‍ക്കുകയും ചെയ്യും. അതോടൊപ്പം മര്‍ദിതരും ചൂഷിതരും ദരിദ്രരും അശരണരും അടിയാളരും അവശരും അവരുടെ വിമോചനം സാധ്യമാക്കുന്ന സന്മാര്‍ഗ സരണി സ്വീകരിക്കാന്‍ മറ്റുള്ളവരേക്കാള്‍ സാധ്യതയുണ്ട്. അതിസമ്പന്നനായ ഖാറൂന്‍ മൂസാ നബിയുടെ ഗോത്രക്കാരനും വംശക്കാരനുമായിരുന്നിട്ടും അദ്ദേഹത്തെ ധിക്കരിക്കുകയും സത്യനിഷേധികളോടൊപ്പം നിലയുറപ്പിക്കുകയുമാണല്ലോ ചെയ്തത്.
''ഖാറൂന്‍ മൂസായുടെ ജനതയില്‍പെട്ടവനായിരുന്നു. അവന്‍ അവര്‍ക്കെതിരെ അതിക്രമം കാണിച്ചു''(28:76).
മേധാവിത്വം പുലര്‍ത്തുന്ന വിഭാഗത്തില്‍നിന്ന് സത്യപാത പിന്തുടര്‍ന്നവരാണ് പലപ്പോഴും അതിന് കരുത്ത് പകരുകയും വിമോചനപ്പോരാട്ടങ്ങളെ വിജയിപ്പിക്കുകയും ചെയ്യുക. മൂസാ നബിയെ പിന്തുണച്ച ഖുര്‍ആന്‍ പ്രത്യേകം പരാമര്‍ശിച്ച രണ്ടുപേരും അധികാരവും നായകത്വവുമുണ്ടായിരുന്ന കോപ്റ്റിക് വംശജരായിരുന്നുവെന്നതുപോലെത്തന്നെ മുഹമ്മദ് നബിയുടെ ദൗത്യം വിജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത് മക്കയിലെ പ്രമുഖ ഗോത്രങ്ങളില്‍നിന്ന് സന്മാര്‍ഗം സ്വീകരിച്ചവരായിരുന്നുവല്ലോ. അവിടത്തെ പ്രമുഖ ഗോത്രങ്ങളിലെ പ്രധാനികള്‍ വിശ്വാസികളല്ലാതിരുന്നിട്ടും നബിതിരുമേനിയുടെ രക്ഷക്കെത്തി. അബൂത്വാലിബും മുത്വ്ഇമുബ്‌നു അദിയ്യുമാണ് പതിമൂന്ന് കൊല്ലക്കാലം പ്രവാചകന് സംരക്ഷണം നല്‍കിയത്.
നീതിയുടെ പക്ഷം
ഇസ്‌ലാം എപ്പോഴും ചേര്‍ന്നുനില്‍ക്കുന്നതും ചേര്‍ത്തുനിര്‍ത്തുന്നതും സത്യത്തെയും സന്മാര്‍ഗത്തെയും നന്മയെയും നീതിയെയുമാണ്; അതിനായി നിലകൊള്ളാന്‍ ഇസ്‌ലാം ശക്തമായി ആവശ്യപ്പെടുന്നു. കുടുംബ ബന്ധമോ വംശവൈരമോ ആരോടെങ്കിലുമുള്ള അടുപ്പമോ അകല്‍ച്ചയോ അതിന്റെ സംസ്ഥാപന ശ്രമത്തില്‍ തടസ്സമാകരുതെന്ന് ഊന്നിപ്പറയുകയും ചെയ്യുന്നു.
''വിശ്വസിച്ചവരേ, നിങ്ങള്‍ നീതി നടത്തി അല്ലാഹുവിനു വേണ്ടി സാക്ഷ്യം വഹിക്കുക. അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനോ ദരിദ്രനോ എന്ന് നോക്കേണ്ടതില്ല, ഇരുകൂട്ടരോടും കൂടുതല്‍ അടുപ്പമുള്ളവന്‍ അല്ലാഹുവാണ്. അതിനാല്‍ നിങ്ങള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ നീതി നടത്താതിരിക്കരുത്. വസ്തുതകള്‍ വളച്ചൊടിക്കുകയോ സത്യത്തില്‍നിന്ന് തെന്നിമാറുകയോ അരുത്''(4:135).
''വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നേരാംവിധം നിലകൊള്ളുന്നവരാവുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി നടത്തുക. അതാണ് സൂക്ഷ്മതക്ക് ഏറ്റം പറ്റിയത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഉറപ്പായും അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം അറിയുന്നവനാണ്'' (5:8).
ഇസ്‌ലാമിക സമൂഹം ഏതു സാഹചര്യത്തിലും നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കാന്‍ ബാധ്യസ്ഥമാണ്. നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളെ പിന്തുണക്കുന്നവരെയൊക്കെ ചേര്‍ത്തുനിര്‍ത്താനും അത്തരക്കാര്‍ക്ക് കൂടെ വരാനും ചേര്‍ന്നു നില്‍ക്കാനും തടസ്സമോ പ്രയാസമോ ഉണ്ടാകുന്ന ഭാഷയോ ശൈലിയോ പ്രയോഗമോ ഇസ്‌ലാമിക സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാവതല്ല.
Comments